ചൂടോടെ പ്രതികരിക്കുന്നവർ എന്ന
ഗ്രൂപ്പിലേക്ക് ഞാൻ ക്ഷണിക്കപ്പെട്ടു.
ഒരാൾ,
ഇത്രയേറെ അനീതി നടന്നിട്ടും
തെരുവുകൾ കത്താത്തതെന്ത്
എന്നാശ്ചര്യപ്പെട്ടു.
ഒരാൾ,
കുഞ്ഞുങ്ങളുടെപോലും
ഉടുതുണിയുരിയുന്ന നാടായല്ലോ
എന്നുറക്കെ വിലപിച്ചു.
ഒരാൾ,
വെറുപ്പിനെയും വിവേചനത്തെയും
ചൂഷണത്തെയും ഹിംസയെയും
യുദ്ധത്തെയും കുറിച്ച് ആകുലനായി.
ഒരാൾ,
എല്ലാറ്റിനും മറുപടിയായി
വരാനൊരു കാലമുണ്ടെന്ന്
നക്ഷത്രങ്ങളെച്ചൂണ്ടി നെടുവീർപ്പിട്ടു.
ഒരാൾ,
തീപ്പെട്ട ദർശനങ്ങളുടെ ഭസ്മംപൂശി
ജപിച്ചിരിക്കുന്നവരെന്ന്
ഉറക്കെയുറക്കെ ചിരിച്ചു.
പേരറിയാത്ത ഒരാൾ
പതുക്കെ ചോദിച്ചു:
നാമെന്തു ചെയ്യണം?
മുനകൂർത്ത ആ ഒറ്റച്ചോദ്യം
എല്ലാവരെയും കോർത്ത് കടന്നുപോയി.
കുത്തേറ്റപോലെ പിടഞ്ഞവർ
ഒറ്റ നിമിഷംകൊണ്ട്
ശാന്തത വീണ്ടെടുത്തു.
ആളുകൾ നിശ്ശബ്ദരായി
അവർക്ക് അവരുടെ വാക്കുകൾ
തണുത്തു തുടങ്ങിയിരുന്നു
അവരുടെ വിങ്ങലുകൾ
ശമിച്ചു തുടങ്ങിയിരുന്നു.
അതാ ഒരു പച്ചമനുഷ്യൻ കത്തുന്നു
എന്നലറി നോക്കൂ
അവർ അതു കേൾക്കുകയില്ല.
ഇന്നലെ ഇവിടെയൊരു പച്ചമനുഷ്യൻ
എരിഞ്ഞമർന്നു എന്നു പറഞ്ഞുനോക്കൂ.
അനേകരുടെ നീതിബോധമുണരും.
വാക്കിൽ ക്ഷോഭം കത്തും
വാക്കിൽ സങ്കടം കിനിയും
വാക്കിൽ തെരുവുകൾ കത്തും
സ്വന്തം ചുടലപ്പറമ്പിൽ
വാക്കുകളുടെ കനൽ മിന്നും.
ഇപ്പോൾ എന്തു ചെയ്യണം?
പച്ച മനുഷ്യർ നിന്നു കത്തുമ്പോൾ
എന്തു ചെയ്യണം?
ഭൂതകാലപ്രത്യയം ചേരുംവരെ
വെറും കാഴ്ച്ചക്കാരാവുക!
നിശ്ശബ്ദരാവുക! ഉറങ്ങുക!
അതു മതിയാവില്ലേ സഹോദരാ?
നിർത്തൂ,
തൽക്കാലം
ചൂടോടെ പ്രതികരിക്കുന്നവർ
എന്ന പേരിന്റെ ചൂടുമതി
അല്ലെങ്കിൽ
ചത്തവരുടെ വീടെന്ന് പേരു മാറ്റിക്കോളൂ.
*****
No Comments yet!