Skip to main content

ഈ കെട്ട കാലത്തിന് ഇത് മതിയാകും

സൗരവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍
പാതി അന്ധരുടെ മുരളുന്ന പഴയ അങ്ങാടിയില്‍ വെച്ച്
കുറഞ്ഞ പക്ഷം ഈ രണ്ട് കോങ്കണ്ണുകള്‍ കണ്ടുമുട്ടിയിട്ടുണ്ട്.
ഈ കെട്ട കാലത്തിന് ഇതു മതിയാകും.

ഈ ഉടയുന്ന വസന്തത്തില്‍
ചാണകത്തിനു പോലും നിശ്ചിത വിലയുള്ളപ്പോള്‍
ഏകാന്തമായ ഇടവഴിയില്‍
പശുക്കളുടെ തൊഴുത്തിലെ കഥ കേള്‍ക്കാന്‍
ഈച്ച പോലും തയ്യാറാവാത്തപ്പോള്‍
ഒന്നുമില്ലെങ്കിലും ഈ
രണ്ടു ചെവി കേള്‍ക്കാത്ത മനുഷ്യര്‍
പരസ്പരം കേള്‍ക്കുന്നുണ്ടല്ലോ

ഈ കെട്ട കാലത്തിന് ഇത് മതിയാകും.

എനിക്ക് ഒരു രാഖി തരൂ സഹോദരാ
എനിക്ക് ഒരു താലി തരൂ ഭര്‍ത്താവേ
എന്ന് അലറിയ ഈ വര്‍ഷത്തില്‍
രണ്ട് തത്തകള്‍ എങ്കിലും ചിലക്കുന്നുണ്ടല്ലോ
ഈ കെട്ട കാലത്തിന് ഇത് മതിയാകും.

മറുപടിയായി പരസ്യ കമ്പനികളുടെ
പുതുവത്സര ആശംസകള്‍.

പരദൂഷണം ആസ്വദിക്കുന്നവരുടെ മൂടല്‍മഞ്ഞില്‍
ഇലകള്‍ എങ്കിലും കൈ വീശി കാണിക്കുന്നുണ്ട്.
ചെവി കേള്‍ക്കാത്ത രണ്ട് പേരുടെ
അംഗവിക്ഷേപങ്ങള്‍.
ഈ കെട്ട കാലത്തിന് ഇത് മതിയാകും.

പഞ്ചാങ്കം അനുസരിച്ചു
പ്രണയിക്കാതിരിക്കാന്‍ ഉള്ള കല്പന വായിച്ച്

എന്റെ കണ്ണുകള്‍ പൂര്‍ണ അന്ധതയിലായി.
കരച്ചിലുകള്‍ കേട്ട് ഒന്നുമില്ലെങ്കിലും
രണ്ട് തെരുവ് നായ്ക്കള്‍ എന്റെ കാല് നക്കാന്‍ തുടങ്ങി

ഈ കെട്ട കാലത്തിന് ഇത് മതിയാകും.

ഉത്സവങ്ങള്‍ അലറുന്ന ഉച്ചഭാഷിണികളായി
തരം താഴുന്ന ഈ നിര്‍ണ്ണായക ഋതുവില്‍
ഗ്രാമ പഞ്ചായത്തില്‍ ഒരു സെന്റിമീറ്റര്‍
ഭൂമിക്ക് വേണ്ടി
തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍
ആണ്‍കുട്ടി മുകളിലേക്ക് എറിഞ്ഞ പന്ത്
കുറഞ്ഞ പക്ഷം ആകാശം തിരികെ കൊടുത്തല്ലോ

ഈ കെട്ട കാലത്തിന് ഇത് മതിയാകും.

ഉറുമ്പുകള്‍ ഒരിക്കലും ഭിക്ഷയായി അരി ചോദിച്ചിരുന്നില്ല.
നോക്കൂ ഉറുമ്പുകള്‍ക്ക് പഞ്ചസാര കൊടുക്കുന്നവര്‍ക്കിടയില്‍
ഒന്നും വിളക്കി ചേര്‍ക്കാത്ത ഒരാള്‍ക്ക്
രണ്ട് പടയാളികളുടെ പിന്‍ബലം ലഭിച്ചു

ഈ കെട്ട കാലത്തിന് ഇത് മതിയാകും.

ഈ നഗരത്തിന്റെ അലര്‍ച്ചകള്‍
പുത്തന്‍ ഇലകളുടെ തോരണങ്ങളാല്‍
അലങ്കരിക്കപ്പെടുമ്പോള്‍
ടെന്റ്റുകള്‍ക്കുള്ളില്‍ നിന്ന്
പ്രതിഷേധ ശബ്ദങ്ങള്‍ പ്രതിധ്വനിക്കുമ്പോള്‍
രണ്ട് വിരലുകള്‍ എങ്കിലും ഒരുമിച്ച് ചേരുന്നുണ്ട്
ഈ കെട്ട കാലത്തിന് ഇത് മതിയാകും

കരിമ്പും വേപ്പിലകളും ഉള്ള
പുതുവത്സര ദിനത്തില്‍
യാചകന്മാര്‍ നിറഞ്ഞ തെരുവുകള്‍ക്കും
ഭിക്ഷ നല്‍കുന്നവരുടെ ഇടവഴികള്‍ക്കും ഇടയില്‍
ഒരു കോഴിമുട്ട എങ്കിലും വിരിഞ്ഞല്ലോ
ഈ കെട്ട കാലത്തിന് ഇത് മതിയാകും.

***


വിവ : ബിന്ദു ജഗദീഷ്

No Comments yet!

Your Email address will not be published.