‘ഓർമ്മകൊണ്ടു തുറക്കാവുന്ന വാതിലുകൾ’ എന്ന സമാഹാരത്തെ മുൻനിറുത്തി ഒരു കെജിഎസ്സ് കാവ്യസഞ്ചാരം
തൊണ്ണൂറുകളിലെ കാവ്യചർച്ചയെ ചലിപ്പിച്ച ഒരു നിരീക്ഷണമായിരുന്നു ”ആഴത്തിലെ ദേശത്തെ എഴുതുന്നതാണ് എഴുത്ത്” (കെ.ജി.എസ് എൻ.ശശിധരനോടു പറഞ്ഞത് -സുകൃതം മാസിക) ന്യായമായും ഒരാൾക്കു സംശയിക്കാം. വിയോജിക്കാം. ദേശത്തെ എഴുതുന്നതു മാത്രമാണോ എഴുത്ത്? അവനവനെ എഴുതുന്നതും എഴുത്തല്ലേ? കാല്പനികർ എഴുതിയത് അതല്ലേ? അവർ ദേശത്തെ എഴുതിയാലും അതിന്റെ കേന്ദ്രത്തിൽ അവനവനുണ്ടാകും. അവനവനുചുറ്റും കറങ്ങുന്ന ദേശവും കാലവും ലോകവുമാണവരുടേത്. അതേ, പലതരത്തിലുള്ള എഴുത്തുകളുണ്ട്. ഈ കവിയുടെ കണ്ണുകൾ എപ്പോഴും ആഴത്തിലെ ദേശത്തിലും കാലത്തിലുമാണ്. അവിടെ കവി കാണുന്നുണ്ട് അവനവനെയും മറ്റുള്ളവരെയും-പ്രത്യക്ഷവും പരോക്ഷവുമായ ദേശമുദ്രകളും കാലമുദ്രകളും പേറിയവർ. അറുപതുകളിലെ ആധുനികർ എഴുതിയത് മുഖ്യമായും മനുഷ്യാസ്തിത്വത്തിന്റെ ആഴങ്ങളെയാണ്. എഴുപതുകളിൽ എഴുതിയത് ഇന്ത്യ എന്ന രാഷ്ട്രീയദേശത്തിന്റെ ആഴങ്ങളെയാണ്. എൺപതുകളിലും തൊണ്ണൂറുകളിലും എഴുതിയത് കേരള ദേശീയതയുടെ ആഴങ്ങളെയാണ് എന്നു സാമാന്യമായി പറയാം. രണ്ടായിരത്തിലെത്തുമ്പോൾ, ആഗോളവത്കരണ കാലത്തെത്തുമ്പോൾ ദേശം ആഗോള ദേശമായി മാറുന്നു. ദേശമുദ്രകൾ സാംസ്‌കാരിക അധിനിവേശത്തിലൂടെ മായ്ച്ചുകളയപ്പെടുന്നു. എഴുതാൻ പഴയ ദേശവും അവനവനുമില്ലാതായി. എന്തിനെയാണ് എഴുതേണ്ടത് എന്നു തിരിച്ചറിയാനാകാത്ത എഴുത്തായി എഴുത്തുമാറി. ഇതാണ് ഏറ്റവും പുതിയ തലമുറയിലെ എഴുത്തിന്റെ ഒരു പ്രശ്‌നം.
പുതിയ വിദ്യാഭ്യാസം നല്കുന്നത് വിവരസാങ്കേതികവിദ്യയാണ്. പക്ഷേ കവിക്കു വേണ്ടത് ജ്ഞാനസാങ്കേതിക വിദ്യയാണ്. മനോവേഗത്തിൽ പായുന്ന തേരിലിരുന്ന് വഴിയരികിലെ താന്നിമരത്തിലെ ഇലയും പൂവ്വും കായും ഗണിച്ചെടുക്കുന്ന ഋതുപർണ്ണന്റെ അക്ഷഹൃദയമന്ത്രം പോലുള്ള സിദ്ധിയാണ് കവിക്കുവേണ്ടത്. പുതിയ കാലദേശങ്ങളിൽ, അതിന്റെ മരണവേഗങ്ങളിൽ, മാരക മത്സരങ്ങളിൽ കണ്ണഞ്ചിപ്പോകാതെ അതിന്റെ ഗ്രഹപ്പിഴകളെ ഗണിച്ചെടുക്കാനുള്ള ജ്ഞാനസാങ്കേതികവിദ്യ കെ.ജി.എസിന്റെ കൈമുതൽ. അതിൽ വിളഞ്ഞവയാണ് ‘ഓർമ്മകൊണ്ടു തുറക്കാവുന്ന വാതിലുകൾ’ എന്ന സമാഹാരത്തിലെ കവിതകൾ.
ഒരുദേശം മറുദേശങ്ങളുടെയെല്ലാം ദിശയെ പരോക്ഷമായി നിർണ്ണയിക്കുന്ന ലോകരാഷ്ട്രീയ സ്ഥിതിഗതിയാണ് ചുരുക്കത്തിൽ ആഗോളവത്കരണം. ആഗോളവത്കരണകാലത്തെ രാഷ്ട്രീയ കവിതകളാണ് ഈ സമാഹാരത്തിൽ അധികം: വരൂ കാണൂ ഈ രക്തത്തിലെ തെരുവ്, ഉച്ചകാറ്റ് വഴിപോക്കൻ, ഓർമ്മകൊണ്ട് തുറക്കാവുന്ന വാതിലുകൾ, ഹമുക്ക്, നർമ്മദ/നിഥാരി/നന്ദിഗ്രാം, ആവാദി ഈവാദി ഏവാദി, കരിന്തേൾ, ചെഗുവേര, പൊട്ടൻ തെയ്യം, പിടികിട്ടാപ്പുള്ളി…. അന്ന് കെ.ജി.എസ്. എഴുതിയ രാഷ്ടീയ കവിതകളുടെ പുതിയ തുടർച്ചയാണിവ. ബംഗാളിലെ ധൃതരാഷ്ട്രർക്ക് ഇന്ന് അത്ര പരിഭ്രാന്തിയില്ല. അയാൾ പിന്നിൽ മറഞ്ഞിരിക്കുകയാണ്. സഞ്ജയൻ ആഖ്യാനം നിർവ്വഹിക്കുന്നു. ധൃതരാഷ്ട്രർ വ്യക്തിയല്ല; ഹിംസാത്മകമായ രാഷ്ട്രീയ അധികാര വ്യവസ്ഥയാണ്. രാഷ്ട്രം ആയിരം മദയാനയുടെ കരുത്താർജ്ജിക്കുകയും സത്യത്തിന്റെയും നീതിയുടെയും നേരെ അന്ധമായിരിക്കുകയും ശക്തി എവിടെ എങ്ങനെ എപ്പോൾ പ്രയോഗിക്കണമെന്ന വിവേകം നഷ്ടപ്പെടുകയും അതു സ്വന്തം ജനതയുടെ നെഞ്ചത്തുതന്നെ പ്രയോഗിക്കുകയും ചെയ്യുമ്പോൾ….. അതേ രാഷ്ട്രം ധൃതരാഷ്ട്രമായി മാറുന്നു. (ധൃതരാഷ്ട്രം എന്നതിന് ഉത്തമനായ രാജാവിനാൽ ഭരിക്കപ്പെടുന്ന രാജ്യം എന്ന് ശബ്ദതാരാവലിയിൽ കൊടുത്തിരിക്കുന്ന അർത്ഥം രാഷ്ട്രീയ ചരിത്രത്തിൽ കാണില്ല. അത് അർത്ഥത്തിന്റെ ഒരു ഫലിതം മാത്രമാണ്.).
എഴുപതുകളിൽ അത്തരം ധൃതരാഷ്ട്രീയത്തെ തകർത്ത് നൈതികരാഷ്ട്രത്തെ നിർമ്മിക്കാൻ പുറപ്പെട്ടവരുണ്ട്. അവർക്കു പിന്നീടെന്തു സംഭവിച്ചു എന്ന് കാണുന്ന കവിതയാണ് ‘ഉച്ചകാറ്റ് വഴിപോക്കൻ’. ചോരച്ച ഒരു കാലത്തെയാണ് കവി വിളറിയ ഈ കാലത്തേയ്ക്കു പുനരാനയിക്കുന്നത്. കൊടിയ വിപ്ലവങ്ങൾ കൊടുമകൾ ഏറ്റുവാങ്ങി കൊടിയിറങ്ങിപ്പോയി. പുതിയ പെരുവഴിയുണ്ടാക്കാൻ പുറപ്പെട്ടവൻ പെരുവഴിയാധാരമായി. അവശേഷിക്കുന്നത് അകവും പുറവും ചതഞ്ഞ അവനും അനുഭവങ്ങളുടെ പൊക്കണവുംമാത്രം. അതിൽ നിന്നെടുത്താണ് ഇപ്പോളവൻ ഉടുക്കുന്നതും ഉണ്ണുന്നതും. അതാണ് ഉറക്കത്തിനും സ്വപ്നത്തിനുമിടയിൽ വാനരൻ പൊക്കിയത്. പൊക്കണം പൊക്കി വാനരൻ മരപ്പൊക്കത്തിലിരിക്കുകയാണ്. നരൻ താഴെ കിടക്കുകയാണ്. ഗതികെട്ടവന്റെ അന്നമെടുത്ത് വാനരൻ ആർക്കുമില്ലാതെ തൂവിക്കളിക്കുകയാണ്. ഈ വാനരൻ ആരാണെന്നുപറയേണ്ടതില്ലല്ലോ. കൊള്ളാവുന്നതെല്ലാം കൊള്ളയടിച്ച് ഇപ്പോൾ കൊള്ളരുതാത്തതും കൊള്ളയടിക്കുകയാണ്. ദിശതെറ്റിക്കപ്പെട്ട ദേശത്തെയാണ് കവി ഇവിടെ എഴുതുന്നത്. ഇത് എഴുപതുകളുടെ ‘ഗൃഹാതുരക്കുപ്പ’യോ പ്രകീർത്തനമോ അല്ല. എഴുപതുകളുടെ വിവേക കീർത്തനമാണ്.
കൊള്ളാത്ത ജനം
കൊള്ളയടിക്കപ്പെടും – ഉച്ചകാറ്റ് വഴിപോക്കൻ- വാനരനാണ് മുകളിലിരുന്ന് താഴെക്കിടക്കുന്ന നരനെ ഈ പാഠം പഠിപ്പിക്കുന്നത്. തീർച്ചയായും പൂർവ്വികന് അതിനുള്ള യോഗ്യതയും സീനിയോറിറ്റിയുമുണ്ട്.’എഴുന്നേല്ക്കാൻ ധൃതിപിടിക്കേണ്ട സമയമുണ്ടല്ലോ വേണ്ടുവോളം’
അന്ന് എഴുതിയ ‘ബംഗാളി’നെ ഇന്ന് രണ്ടടിയിൽ അളക്കുന്നു ഇങ്ങനെ:
ഫാസിസം നാടുവാണീടും കാലം
പാവങ്ങളെല്ലാരുമൊന്നുപോലെ- നർമ്മദ/നിഥാരി/നന്ദിഗ്രാം
ആധുനികോത്തര കവിതയിലെ ആവിഷ്‌കാര തന്ത്രങ്ങളിലൊന്നായ പാരഡിയുടെ മാരകമായ അടിയാണിത്. ആദി സോഷ്യലിസ്റ്റായ മഹാബലിയെ വാഴ്ത്തുന്ന (ചരിത്രകാരന്മാർക്കിടയിൽ വിയോജിപ്പുണ്ട്) പാട്ടിനെത്തന്നെ ഹാസ്യാനുകരണം നടത്തി ഫാസിസത്തെ ആക്രമിക്കാനുപയോഗിക്കുന്നതിൽ രാഷ്ട്രീയ ചരിത്ര വിവേകാനന്ദമുണ്ട്. ‘ ബംഗാൾ’ ഒരു ബൃഹദാഖ്യാനമാണെങ്കിൽ ‘നർമ്മദ/നിഥാരി/നന്ദിഗ്രാം’ ഹ്രസ്വാഖ്യാനമാണ്. അവിടെ ഗൗരവം. ഇവിടെ ലാഘവം. ദേശത്തിന്റെ ചുരുക്കെഴുത്ത് ഉത്തരാധിനകതയുടെ മുഖമുദ്രകളിലൊന്നായ അണുകവിത്വം.
എഴുപതുകളിലെ കവിതകൾ എഴുതുമ്പോൾ കവി അനുഭവത്തിന്റെ തിരയിലാണ്. ഈ സമാഹാരത്തിലെ കവിതകൾ എഴുതുമ്പോൾ അനുഭവത്തിന്റെ കരയിലാണ്. തിരയിലായവനെപ്പോലെ കരയില്ല, ആക്രോശിക്കില്ല കരയിലായവൻ. അനുഭവത്തെ നിർമമ്മതയോടെ നർമ്മത്തോടെ കാണാം. എഴുതാം. എഴുപതുകളിൽ ഈ കവി എഴുതിയത് സ്ഥൂലമായ അസന്ദിഗ്ദ്ധമായ, ആയുധത്താൽ ആസന്ന മോചിതമായ രാഷ്ട്രത്തെയാണ്. അന്നു കാണാതെപ്പോയ സൂക്ഷ്മരാഷ്ട്രത്തെ, അതിന്റെ ബഹുലതയെയാണ് മാറിയ സാഹചര്യത്തിൽ എഴുതുന്നത്.
രാഷ്ട്രത്തെ പദാർത്ഥമായി സങ്കല്പിക്കാമെങ്കിൽ വീട് അതിന്റെ തന്മാത്രയാണ്. സൂക്ഷ്മരാഷ്ട്രം തന്നെയാണ് വീട്. സ്ഥൂലഗൃഹം രാഷ്ട്രവും. അതുകൊണ്ട് രാഷ്ട്രീയകവിത കുടുംബകവിതയും, കുടുംബകവിത രാഷ്ട്രീയകവിതയുമാകും. അണുരാഷ്ട്രമായ വീടിനെ, വീടിനെ സംഗീതവും സ്വാതന്ത്ര്യവുമാക്കുന്ന സ്‌നേഹത്തെ, പ്രേമത്തെ ഹൈലൈറ്റുചെയ്യുന്ന കവിതകളുണ്ട്- ആദ്യ പ്രേമം, ഏതുവീട്ടിലും, പ്രേമസംരക്ഷണസമിതിയുടെ സെമിനാർ- ഒരു റിപ്പോർട്ട്, കൂട്ടുകാരും തിരകളിൽ വൈകുന്നേരത്തെ സൂര്യനും….’
‘വീടെത്തിലോകത്തെപ്പുറത്തിട്ടടയ്ക്കാം’ എന്നു ‘കുടമറ’ യിൽ കണ്ട വീടിന്റെ ഇടർച്ചയും തുടർച്ചയും ഈ കവിതകളിലുണ്ട്.
വീടുകൾ കൊണ്ടുണ്ടാക്കിയ
മനസ്സിലെപ്പോഴും
അടഞ്ഞുനില്ക്കുന്നു
ചില കനത്ത വാതിലുകൾ
കിലുങ്ങുന്നു മറന്ന താക്കോലുകൾ – ഏതുവീട്ടിലും.
മനുഷ്യൻ വീടുപണിയുമ്പോൾ വീട് മനുഷ്യനെയും പണിയുന്നുണ്ട്. വീട് സ്വസ്ഥതയുടെ അമ്പലമാണ്. സ്വകാര്യതയുടെ ഉദ്യാനമാണ്. സംസ്‌കാരത്തിന്റെയും പരിഷ്‌കാരത്തിന്റെയും അടയാളമാണ്. വാസനകളുടെ സെമിത്തേരിയാണ്. കാമം എന്ന വാസനയെ കടഞ്ഞു കടഞ്ഞു സ്‌നേഹമാക്കുന്നതിൽ കുറേയൊക്കെ വിജയിക്കുകയും പ്രണയമാക്കുന്നതിൽ മിക്കവാറും പരാജയപ്പെടുകയും ചെയ്ത സ്ഥാപനമാണ് വീട്. സ്ഥാപനങ്ങളുടെയെല്ലാം ആദിമാതാവുമാണ്. വീടിന് ഒരു മറുപുറവുമുണ്ട്. തന്മയീഭാവം മൂലം അതുകാണുക വിഷമം. വീട് എല്ലാത്തരം ആധിപത്യത്തിന്റെ ആദിരൂപമാണ്. മനുഷ്യനെ ഇത്ര ഭീരുവും സ്വാർത്ഥനും പ്രകൃതിവിരുദ്ധനുമാക്കിയത് ഈ സ്ഥാപനമാണ്. സ്‌നേഹം എന്ന ഒർഗാനിക് വികാരത്തെ കണ്ടീഷൻ ചെയ്തു ചെയ്ത് അഭിനയമാക്കിയതും. ഒരുപ്രണയവും വീടിനകത്ത് സാധ്യമല്ല. സാധ്യമായാൽ അവർ വീടിനു പുറത്തെ പുകഞ്ഞ കൊള്ളിയാകും. കാരണം പ്രണയം ഒരു തീപ്പിടുത്തമാണ്. അതു താങ്ങാനുള്ള ശേഷി വീടിനില്ല. വീടിന്റെ വ്യവസ്ഥയും വ്യാകരണവും വേറെയാണ്. പ്രണയികളെ പൊറുപ്പിക്കണമെങ്കിൽ നിലവിലുള്ള വീടുകളെ പൊളിച്ചു പണിയണം. അത് എളുപ്പമല്ലാത്തതുകൊണ്ടാണ് അവർ എളുപ്പത്തിൽ ചെറുപ്പത്തിൽ ഒളിച്ചോടുന്നത്.
അകത്തായാലും പുറത്തായാലും വീടുതൊട്ടവനെ വിടില്ല വീടെന്ന് – വേണം എനിക്കാനും നിലവിലില്ലാത്ത ദാമ്പത്യത്തെയും സ്ത്രീപുരുഷബന്ധത്തെയും സദാചാരത്തേയും നിലവിലാക്കാൻ ഈ കവിതകൾ ശ്രമിക്കുന്നു. ലൈംഗികത നമ്മുടെ ജനാധിപത്യത്തെ ആഗ്രഹിക്കുന്നു. ലോകത്തെ പുറത്തിട്ടടയ്ക്കാത്ത, അകത്ത് ലോകത്തിനും ഇടമുള്ള പുതിയ വീടാണ് ഈ കവിതകൾ പണിയുന്നത്.
വീട് എന്ന സ്ഥാപനം നിലവിൽ വന്നതോടുകൂടിയാണ് മനുഷ്യന്റെ നൊമാഡുജീവിതം അവസാനിച്ചത്. സുസ്ഥിരവാസം ആരംഭിച്ചത്. സുരക്ഷിതത്വം എന്ന മായയിൽ പെട്ടത്. അരക്ഷിതത്വം താങ്ങാൻ പറ്റാതായത്. കൃഷി ചെയ്യാൻ തുടങ്ങിയതോടെ അന്നന്നുവേണ്ട ആഹാരം ഷുവറായി. പക്ഷേ ഉള്ളിലെ പഴയ നൊമാഡ് അവന് ഇരിക്കപ്പൊറുതി കൊടുത്തില്ല. കൂടുതൽ വളക്കൂറുള്ള കൃഷിയിടം തേടി, കൂടുതൽ നല്ല വ്യവസ്ഥ തേടി, പ്രകൃതി സൗന്ദര്യം തേടി, ആത്മീയാനുഭൂതി തേടി, എന്നിട്ടും ബാക്കിയായ രോഗദാരിദ്ര്യമരണ ദുഃഖങ്ങൾക്കു പരിഹാരം തേടി അവൻ അലഞ്ഞുകൊണ്ടിരുന്നു. വലഞ്ഞുകൊണ്ടിരുന്നു. അങ്ങനെയാണ് സിദ്ധാർത്ഥ രാജകുമാരൻ കൊട്ടാരം എന്ന വീടു വിട്ടത്.
ഇങ്ങനെയുള്ള വീടല്ല മനുഷ്യൻ ഉണ്ടാക്കേണ്ടിയിരുന്നത്. ഈ വീടുകളിൽ മനുഷ്യന് ഒരു സുഖം കിട്ടാൻ വീട് ശരിയായില്ലെങ്കിൽ നാടും ശരിയാകില്ല. അതുകൊണ്ട് ഒരു സമ്യക് വീടുവേണം. സമ്യക് മനുഷ്യനാകണം. സമ്യക് ജീവിതമുണ്ടാകണം. എന്നു തഥാഗമിച്ചു അവൻ. ബുദ്ധാന്വേഷണം കെ.ജി.എസിന്റെ കാവ്യലോകത്ത് അന്നേയുണ്ട്.ഇതന്ന് കൂടിയിട്ടുണ്ട്. സഞ്ചാരങ്ങളോട് വലിയ ആഭിമുഖ്യമുണ്ട് ഈ കവിക്ക്. സഞ്ചരിക്കുന്ന ബുദ്ധൻ ഈ കവിതകളിൽ ഉടനീളമുണ്ട്. സ്ഥൂലസഞ്ചാരമല്ല; സൂക്ഷ്മസഞ്ചാരമാണ്. ഭാഷയിലൂടെയും അവബോധത്തിലൂടെ സംസ്‌കാരത്തിലൂടെയും ഒരുപാട് സഞ്ചരിച്ചാണ് കെ.ജി.എസ്. ഓരോ കവിതയിലുമെത്തുന്നത്. സഞ്ചാരത്തിന്റെ ദൈർഘ്യം വളരെ കൂടുതലായിരുന്നതുകൊണ്ടാണ് മുൻകാലങ്ങളിൽ ഈ കവിയുടെ രണ്ടു കവിതകൾക്കിടയിൽ വലിയ കാലതാമസമുണ്ടായിരുന്നത്. നടന്നെത്തണ്ടെ? വായനക്കാരാനും സഞ്ചരിക്കണം ഒരുപാടുദൂരം ആ കവിതകളുടെ കേന്ദ്രത്തിലെത്താൻ. അത്ര ഉത്സാഹികൾക്കേ അതു പറ്റൂ. വലിയ ഇറക്കങ്ങളും, കയറ്റങ്ങളും, കാടും, പടലും താണ്ടണം. ബുദ്ധനുള്ള ഇടം കൂടിക്കൂടി വരുന്നു സമീപകാലത്ത് ഈ കാവ്യലോകത്ത്: വെയിലിനേക്കാൾ, ശ്രാവസ്തി, ആവാദി ഈവാദി ഏവാദി….. എഴുപതുകളിലെ ബുദ്ധനല്ല ഈ കവിതകളിൽ എഴുന്നേറ്റുനടക്കുന്നത്. ഒമർഖയാം ഒപ്പമുണ്ട്. ഭാര്യയെ വെടിയാതെ ബോധോദയം നേടാമെന്നു കരുതുന്ന ബുദ്ധനാണിത്. വിചിത്രം തന്നെ ബുദ്ധനുണ്ടായ ഇന്ത്യയിൽ ബുദ്ധനില്ല. ബുദ്ധൻ പരദേശത്തും ധർമ്മം പ്രസംഗത്തിലും ശരണം ശബരിമലയിലുമായി. സംഘം മാത്രം നാട്ടിൽ ബാക്കി, തർക്കവിഷം തീണ്ടി! പരിഹാരം തേടി സംഘം എത്രദൂരമാണ് സഞ്ചരിക്കുന്നത്. ‘ആവാദി ഈവാദി ഏവാദി’ എന്ന കവിതയിൽ ആറ്റൂരിന്റെ പിതൃഗമനത്തോളം ഗമിക്കുന്നുണ്ട് ശ്രാവസ്തി മലയാളത്തിലെ ഏറ്റവും നല്ല ബുദ്ധിസ്റ്റു ഫെമിനിസ്റ്റു കവിതയാണ്. കുമാരനാശാന്റെ കവിതകളിലെ ബുദ്ധപൗർണ്ണമിയെ വാറ്റിയെടുത്തത്. ബുദ്ധന്റെ സഞ്ചാരം പിന്നെയും തുടർന്നുകൊണ്ടേയിരുന്നു.
വർദ്ധിച്ചു വർദ്ധിച്ചാണ് ഒരാൾ വാർദ്ധക്യത്തിലെത്തുന്നത്. എന്നിട്ടും അനുഭവത്തിൽ അത് ഏറ്റവും വലിയ കുറയലാണ്. വിറയലാണ് അതിന്റെ ഏറ്റവും വലിയ ലക്ഷണം. വർദ്ധിക്കുമ്പോൾ വാസ്തവത്തിൽ എല്ലാം കുറയുകയാണു ചെയ്യുകയെന്ന് പറഞ്ഞുതരാൻ വാർദ്ധക്യത്തോളം മറ്റൊന്നിനുമാകില്ല. വാർദ്ധക്യം അടഞ്ഞവാതിലല്ല; പുതിയ സാദ്ധ്യതയിലേയ്ക്കു തുറക്കുന്ന വാതിലാണ് എന്നുകണ്ടെത്തുന്ന കവിതയാണ് ‘സ്വപ്നവാർദ്ധക്യ’വും ‘ദാനപ്രമാണ’വും. മുന്നിലേയ്ക്കുള്ള ദൂരം അതിവേഗം ചുരുങ്ങിച്ചുരുങ്ങി ഇനി മുന്നോട്ടല്പമേയുള്ളു എന്നമ്പരപ്പാണ് വാർദ്ധക്യം. അതുവരെ മുന്നിലായിരുന്ന ദൂരകാലങ്ങളെല്ലാം പിന്നിലായിക്കഴിഞ്ഞു! സ്വാഭാവികമായും നോട്ടം മുഴുവനും പിന്നിലേയ്ക്കാകും. നോക്കി നോക്കി നെടുവീർപ്പിട്ടുകൊണ്ടേയിരിക്കും. കുട്ടികൾക്കു പിൻഭാരമില്ല. ഭാരം മുഴുവൻ മുന്നിലാണ്. മുന്നിലേയ്ക്കു നോക്കി കുതിക്കുന്ന യുവത്വവും പിന്നിലേയ്ക്കുനോക്കി നെടുവീർപ്പിടുന്ന വാർദ്ധക്യവും കൂട്ടിമുട്ടുന്ന കവിതകളാണിവ. ആയുസ്സിന്റെ രാഷ്ട്രത്തിൽനിന്നു ഒരു മുന്നറിയിപ്പുമില്ലാതെ (ചിലപ്പോൾ) വിചാരണയുമില്ലാതെ നാടുകടത്തലാണ് മരണം. ഇവിടെയുണ്ടായിരുന്നു താനെന്ന് ഓർമ്മിപ്പിക്കാൻ ഒരു കൂവലോ തൂവലോ താഴെയിട്ടുപോകാൻ ആരും കൊതിക്കും. കവിതയുടെ ചരിത്രത്തിൽ ഈ കവി താഴെയിട്ട അടയാളങ്ങൾ മാഞ്ഞുപോകില്ലതന്നെ. പുതിയ മലയാള കവിത മുൻതലമുറയിൽനിന്ന് എന്തെങ്കിലും സ്വാംശീകരിച്ചിട്ടുണ്ടെങ്കിൽ അതിൽ കെ.ജി.എസിന്റെ ഉപ്പും മുളകും പുളിയും നിർണ്ണായകം തന്നെ. ‘ഭാവിയുടെ ദൂരത്തായമ്പക’ ആ കവിതയിൽ കേൾക്കാം.
പഴയതാണെങ്കിലും ഓരോ നിമിഷവും പുതുതായിക്കൊണ്ടിരിക്കുന്നതാണ് ഒഴുകുന്ന പുഴ. അതിനാൽ പുഴയെ എഴുതാത്ത കവികളില്ലെന്നു പറയാം. 44 പുഴകളെഴുതുന്ന മലയാളത്തിൽ പ്രത്യേകിച്ചും, അത്രയേറെ സ്വാധീനിച്ചിട്ടുണ്ട് പുഴ ജീവിതത്തെയും കവിതയേയും. വെള്ളത്തിൽ നിന്നുണ്ടായതാണ് നമ്മുടെ പല വൃത്തങ്ങളും വൃത്തികളും. 44 നദീതടങ്ങളാൽ സൃഷ്ടിക്കപ്പെട്ടതാണ് മലയാളിയുടെ സംസ്‌കാരം. പ്രത്യക്ഷവും പരോക്ഷവുമായ പുഴകളുണ്ട് കെ.ജി.എസിന്റെ കവിതകളിൽ. കവിതയിലേക്ക് ഒഴുകുന്ന പുഴകളും കവിതയിൽനിന്ന് ഒഴുകുന്ന പുഴകളും. ‘പട്ടാമ്പി 71-72’ ഒരു അനുഭവക്കുറിപ്പാണ്. മണലും, കുളിരും, ഒഴുക്കും, സന്ധ്യയും, രാത്രിയും, നിലാവും, കവിതയും നിറയുന്ന നിളയനുഭവം. മെല്ലെ മെല്ലെ മരണച്ചുഴിയിലേയ്ക്കു വിളിച്ചുകൊണ്ടുപോയ നിള ഒടുവിൽ ജീവിതത്തിന്റെ കരയിലേയ്ക്കു വീണ്ടും അടുപ്പിച്ചു. ‘കഥ കടന്നു പുഴയിലേയ്ക്ക്’ സാംസ്‌കാരിക വിമർശനമൊഴുകുന്ന അപൂർവ്വജനുസ്സിൽപ്പെട്ട കവിതയാണ്.
ഭരണകൂടത്തിന്റെ നോട്ടുപുസ്തകത്തിൽ വികസനത്തിന്റെ അടയാളമായ അണക്കെട്ടുകൾ ആദിവാസികളുടേയും, പരിസ്ഥിതിയുടേയും, കാടിന്റേയും നോട്ടുപുസ്തകത്തിൽ സങ്കോചത്തിന്റെ അടയാളമാണ്. ‘പ്രബലരായവർ’ ഇത് നിസ്സങ്കോചം കണ്ടില്ലെന്നു നടിക്കുന്നു. അങ്ങനെയാണ് സർദാർ സരോവർ അണക്കെട്ട് വികസനത്തിന്റെ ഗോപുരമായത്. അതിൽ മുങ്ങുന്നവരെ താങ്ങാൻവേണ്ടി മുങ്ങുന്ന ചിലരുണ്ട്. അവരിലൊരാൾ മേധപട്ക്കർ. ‘അണക്കെട്ടിനേക്കാൾ മനക്കട്ടിയുള്ള പെണ്ണ്’ പുരോഗതിയുടെ പ്രളയത്തിൽ മുങ്ങിച്ചാകുന്നവരെ കരകയറ്റാൻ കവിത തോണിയായി തുഴഞ്ഞു ചെല്ലുന്നു. പരിസ്ഥിതിയുടെ രാഷ്ട്രീയമാണിവിടെ പങ്കായം.
‘ആദിയിൽ വചനമുണ്ടായി’ എന്ന വചനത്തിന്റെ അർത്ഥം ആദിയിൽ ശബ്ദമുണ്ടായി, കേൾവി എന്ന അനുഭവമുണ്ടായി എന്നു കൂടിയാണ്. ആദിയിലുണ്ടായത് ദൃശ്യാനുഭവമല്ലത്രേ!
നാദത്തിന് ദൃശ്യത്തെപ്പോലെ ഭാവനയെ ഉണർത്താൻ കഴിയുമെന്ന് ‘കെ.ജി.എസ്. കേട്ടത്’ എന്ന അനുബന്ധത്തിൽ കേൾക്കാം. എഴുപതുകളിൽ ആ കവിതയിൽ കേട്ടത് വസന്തത്തിന്റെ ഇടിമുഴക്കമായിരുന്നു. പിന്നെ അത്ര സ്ഥൂലമല്ലാത്ത സൂക്ഷ്മശബ്ദങ്ങൾ ഒരു പാടുകേട്ടു. ‘പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ’ എന്ന കവിതയിൽ ഉച്ചഭാഷിണിയുടെ അലർച്ച ആദ്യം കേൾക്കുന്നുണ്ട്. അതിൽ കേൾക്കാതെ പോയ ആദിമ ജൈവശബ്ദങ്ങൾ പിന്നെ കേൾക്കുന്നുണ്ട്. അരി ഭാരമായ ഉറുമ്പിന്റെ ആത്മഭാഷണം, ചീവീടിന്റെ സദിര്, പകൽ താഴുന്ന മൂകപാതാളം, ഭാവിയുടെ ദൂരത്തായമ്പക. ‘ഇത്തിരി വെയിലിൻ സപ്തസ്വരം’ എന്നു കാഴ്ചയും മൂകതയുമായ വെയിലിനെ നാദമാക്കുന്നുണ്ട് മറ്റൊരു കവിതയിൽ. നിശ്ശബ്ദതയുടെ അമ്പലമുണ്ട് ‘കിണറിൽ’. നാദമല്ലാത്ത പലതിനേയും നാദമാക്കുന്നുണ്ട്. ഇന്ദ്രിയാനുഭവങ്ങളെ തിരിച്ചും മറിച്ചുമിടുന്ന സ്വഭാവമുണ്ട് ഈ കവിക്ക്. ഒരു കർണ്ണ സംസ്‌കാരമുണ്ട് ആ കവിതകളിൽ. അത് കടമ്മനിട്ടയിൽ നിന്ന് വ്യത്യസ്തമായ കർണ്ണസംസ്‌കാരമാണ്. നാദോപാസനപോലെ മൂകോപാസനയുമുണ്ട്. നിരർത്ഥകമായ ശബ്ദത്തെക്കാൾ നല്ലത് മൗനമാണെന്ന് കവി കരുതുന്നു. ധ്യാനമാണ് ഈ കവിയുടെ ശബ്ദാർത്ഥങ്ങളുടെ അടിക്കല്ല്. നാഗരികത ‘ശബ്ദാസുരനാ’ണെന്ന വിവേകം മൂക്കുന്നുണ്ട്. പുസ്തകത്തിലെ ഈ അനുബന്ധം വാസ്തവത്തിൽ ആ കവിതകളുടെപൂർവ്വബന്ധമാണ്. തന്റെ കവിതയുടെയും, ജീവിതത്തിന്റെയും ചരിത്രത്തെ കേൾവികൊണ്ടെഴുതലാണിത്. മറ്റൊരു കവിയും എഴുതികണ്ടിട്ടില്ലാത്തത്. ഉടനീളം കവിതയാണിത്, കിളിഗദ്യം, ഖരഖര, ആഞ്ഞാഞ്ഞ് സ്വന്തം നെഞ്ഞ് തൊണ്ടുതല്ലിത്തകർക്കൽ, കടലാട്ടം, ഇരുട്ടിൽ ശബ്ദചക്രവാളം വരച്ചുപടരുന്ന നായ്ക്കുര, ഒച്ച ഇഷ്ടപ്പെടാത്ത ഉച്ചവെയിൽ, നാടൊച്ച….” എഴുത്തിനെക്കുറിച്ചുള്ള കുറച്ചമ്പരപ്പിക്കുന്ന ദർശനത്തിലാണത് അവസാനിക്കുന്നത്. ”എഴുതുമ്പോൾ എഴുത്തുകാരൻ കഴുകനാകും. കോലാഹലങ്ങളിൽ നിന്നുള്ള നിശ്ശബ്ദമായ ഉയർന്നു പറക്കലിന്റെ ആഴക്കാഴ്ചയുടെ, വ്യാസക്കാഴ്ചയുടെ കഴുകൻ.” വീഴ്ചയിലെ വിത്തുകളെ സൂക്ഷിച്ചുവെച്ച് മരങ്ങളായി എഴുന്നേല്പിക്കുന്ന, ജീവിതത്തിന്റെ പുറംപോക്കുകളെയും, അകംപോക്കുകളെയും കാണുന്ന ബോധോദയം പൂക്കുന്ന വേറെയും കവിതകൾ ഈ സമാഹാരത്തിൽ കവിഞ്ഞുനില്ക്കുന്നു. അനുഭവം ഒരു വീടാണ്. അതിനകത്ത് ഒരു നാടുണ്ട്. അടഞ്ഞുകിടക്കുന്ന അതിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് ഓർമ്മകൾ. സാംസ്‌കാരികമായ ഓർമ്മത്താക്കോലുകൾ കിലുങ്ങുന്നുണ്ട് ഈ കൈവശം. കവിവശം.
*****
No Comments yet!