ഇന്ത്യന്‍ ദേശീയത (Nationalism) രൂപപ്പെടുന്നത് ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യത്തിനെതിരെയുള്ള സവര്‍ണ്ണ പ്രതിരോധം എന്ന നിലയില്‍ ആയിരുന്നു. ബ്രാഹ്മണ ഹിന്ദുത്വത്തെ, ആര്‍ഷഭാരത സംസ്കാരമെന്ന ഒരു ഭാവനയില്‍ ഉറപ്പിച്ചുകൊണ്ടും, ശ്രീരാമനെ വടക്കെ ഇന്ത്യയെയും തെക്കെ ഇന്ത്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അത്മീയ കണ്ണിയായി വളര്‍ത്തിക്കൊണ്ടും ഉയര്‍ന്നുവന്ന സങ്കുചിത സവര്‍ണ്ണ ദേശീയതാ വാദത്തിനകത്ത് ഇടം കിട്ടാതെ പോയ അംബേദ്‌കറുടെ നേതൃത്വത്തിലുള്ള അസ്പ്രശ്യജനതകളും, തമിഴ്നാട്ടിലെ ദ്രാവിഡ ജനതകളും ബദല്‍ ദേശീയതയുടെ സാദ്ധ്യതകള്‍ പരീക്ഷിച്ചവരായിരുന്നു. ദ്രാവിഡ നാടെന്ന രാഷ്ട്രീയ സ്വപ്നം മുന്നോട്ട് വെച്ച പെരിയാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം ‘’ഉടല്‍ മണ്ണുക്ക് ഉയിര്‍ തമിഴുക്ക്’’എന്നായിരുന്നു. ബ്രാഹ്മണ ദേശീയതയ്ക്ക് എതിരെ ദ്രാവിഡ ദേശീയതയെ പ്രതിഷ്ഠിക്കാന്‍ ആണ് ദ്രാവിഡ നാട് സങ്കല്‍പ്പം മുന്നോട്ട് വെച്ചത്. തമിഴകത്തെ ജാതി ലെന്‍സില്‍ കൂടി നോക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുക ദ്രാവിഡ രാഷ്ട്രീയം ഒരു വശത്ത് ‘’ബ്രാഹ്മണവിരുദ്ധം’’ ആയി നില്‍ക്കുമ്പോള്‍ തന്നെ അതേ അളവില്‍ അത് ‘’ദലിത് വിരുദ്ധവും’’ ആണെന്ന വൈരുദ്ധ്യം ആണ്. ബ്രാഹ്മണ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതിലൂടെ പുരോഗമന സ്വഭാവം കാണിക്കുകയും എന്നാല്‍ കടുത്ത ദലിത് വിരുദ്ധ നിലപാടുകള്‍ യാതൊരു ലജ്ജയും കൂടാതെ പാലിക്കുന്നതിലൂടെ അങ്ങേയറ്റം മനുഷ്യവിരുദ്ധമായ തലത്തിലേക്കും ദ്രാവിഡ രാഷ്ട്രീയം പതിക്കുന്നു. പുരോഗമനത്തിന്റെ ഉത്തുംഗ ശൃംഗത്തില്‍ വിരാജിക്കുമ്പോഴും രണ്ടു കാലുകളും ജാതി ദുര്‍ഗന്ധം വഹിക്കുന്ന ചാണകക്കുണ്ടില്‍ ആണ്ടുകിടക്കുന്ന അവസ്ഥയിലുള്ള ദ്രാവിഡ രാഷ്ട്രീയത്തെ ഏറ്റവും സൂക്ഷ്മമായി, യാതൊരു വിധ വൈകാരിക മെലോഡ്രാമയുടെ അകമ്പടിയുംഇല്ലാതെ ചിത്രീകരിക്കുന്ന സിനിമയാണ് തമിഴരശന്‍ പച്ചമുത്തു സംവിധാനം ചെയ്ത ലബ്ബര്‍ പന്ത് (2024) എന്ന സിനിമ. തത്വശാസ്ത്രം കൊണ്ടോ വൈകാരികത കൊണ്ടോ താന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കഥയെ പൊലിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നില്ല എന്നത്, തന്റെ ആദ്യ സിനിമ ആയിട്ട് പോലും, ഒരു സംവിധായകന്‍ എന്ന നിലയില്‍ തമിഴ് സിനിമയ്ക്ക് ഇനിയും വലിയ കലാമൂല്യമുള്ള നല്ല സിനിമകള്‍ അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാം എന്ന ശുഭ സൂചനയാണ് നല്‍കുന്നത്.
തമിഴരശന്‍ പച്ചമുത്തു
സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയാണ് ലബ്ബര്‍ പന്ത്. ജാതിബദ്ധമായ ഒരു തമിഴ് ഗ്രാമത്തിലെ ജോളി ഫ്രണ്ട്സ് എന്ന ഒരു ക്രിക്കറ്റ് ക്ലബ്ബിന്റെ അതിജീവനം, അതില്‍ കളിക്കുന്ന ആളുകളുടെ കളി ജീവിതവും കുടുംബ ജീവിതവും, അവര്‍ക്കിടയിലെ ജാതിയുടെ വിനിമയങ്ങളും അതിനകത്ത് ഉണ്ടാകുന്ന സംഘര്‍ഷങ്ങളും, ഒപ്പം ജോളി ഫ്രണ്ട്സ് നിലനില്‍ക്കുന്ന ദേശത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ വികാസത്തെയും പരിവര്‍ത്തനത്തെയും, ജാതി-ലിംഗ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന Intersectional Spaces നെ critical caste theory യുടെ സൂക്ഷ്മമായ രീതീശാസ്ത്രം ഉപയോഗിച്ച് ആഴത്തില്‍ വിലയിരുത്തുന്ന സിനിമയാണ് ലബ്ബര്‍ പന്ത്. എന്നാല്‍ സൈദ്ധാന്തികതയുടെ ഭാരം കാണികള്‍ക്ക് എവിടെയും തോന്നാത്ത തരത്തിലാണ് സംവിധായകന്‍ സിനിമയെ നിര്‍മ്മിച്ചിട്ടുള്ളത് എന്നതാണ് അദ്ദേഹത്തിന്റെ മിടുക്കും സിനിമയുടെ മുഖ്യ വിജയഘടകവും. സിനിമയുടെ കഥാപരിസരത്തിലേക്ക് ആഴത്തില്‍ പോകാതെ സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തെ വായിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.
രണ്ടു പുരുഷ കഥാപാത്രങ്ങളിലൂടെയും രണ്ടു പ്രധാന സ്ത്രീ കഥാപാത്രങ്ങളിലൂടെയും ആണ് സിനിമ മുഖ്യമായും മുന്നോട്ട് പോകുന്നത്. ഗെത്ത് എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന പൂമലയും ഭാര്യ യശോദയും മകള്‍ ദുര്‍ഗ്ഗയും ആണ് ഒരുവശത്തുള്ളത്. ദുര്‍ഗ്ഗയെ സ്നേഹിക്കുന്ന ദുര്‍ഗ്ഗ സ്നേഹിക്കുന്ന അന്‍പ് എന്ന ചെറുപ്പക്കാരന്‍ ആണ് രണ്ടാമത്തെ മുഖ്യ പുരുഷ കഥാപാത്രം. ഈ നാല് കഥാപാത്രങ്ങളെയും കേന്ദ്ര സ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് സിനിമ കഥ പറയുന്നത്. എന്നാല്‍ സിനിമയിലെ ഏറ്റവും ചെറിയ കഥാപാത്രത്തിന്റെ പോലും വൈകാരിക വികാസത്തെ രാഷ്ട്രീയമായി അടയാളപ്പെടുത്താന്‍ സിനിമയ്ക്ക് കഴിയുന്നത് ഏറ്റവും സൂക്ഷ്മമായി കഥയെയും കഥാപാത്രങ്ങളെയും സമീപിക്കുന്ന സൂക്ഷ്മ വിശദാംശ വിവരണമെന്ന (Micro detailed narration) എഴുത്ത് സങ്കേതംസംവിധായകന്‍ ധാരാളിത്തം ഒട്ടും ഇല്ലാതെ അതിമനോഹരമായി ഉപയോഗപ്പെടുത്തിയതിലൂടെയാണ്.
സിനിമ നടക്കുന്ന ഗ്രാമത്തിലെ, ഒരു ഇതിഹാസ നായകന്റെ താര പരിവേഷം ആര്‍ജ്ജിച്ച ക്രിക്കറ്റ് ബാറ്റ്സ്മാന്‍ ആണ് ഗെത്ത്. സെവാഗ് മോഡലില്‍ സനത് ജയസൂര്യ മോഡലില്‍ ക്രിസ് ഗെയില്‍ മോഡലില്‍ റബ്ബര്‍ ക്രിക്കറ്റ് പന്തിനെ മൈതാനത്തിന്റെ അതിര്‍ത്തി കടത്തി കാണികളുടെ ഹീറോയും പന്തെറിയുന്നവര്‍ക്ക് വില്ലനും ആണ് ഗെത്ത്. ഗെത്ത് പ്രണയിച്ചു വിവാഹം കഴിച്ച യശോദ അയാളെക്കാള്‍ സാമൂഹ്യമായി താണ നിലയില്‍ ഉള്ള കുടുംബത്തില്‍ നിന്നുള്ള സ്ത്രീയാണ്. ജാതിയെ മറികടന്നവരാണ് ഗെത്തും യശോദയും അവരുടെ മകള്‍ ദുര്‍ഗ്ഗയും. യശോദയെ അംഗീകരിക്കാന്‍ ഗെത്തിന്റെ അമ്മയുടെ ജാതി ബോധം അനുവദിക്കുന്നില്ല എന്നത് മക്കള്‍ ആര്‍ജ്ജിക്കുന്ന ജാതി വിരുദ്ധ ബോധത്തെ, സ്ഥായിയായ ഒരു സമൂഹ്യബോധമായി, ജനാധിപത്യ ബഹുസ്വര ജീവിത പ്രയോഗമായി വളര്‍ത്തിയെടുക്കുന്നതില്‍ നമ്മള്‍ എന്തുകൊണ്ടാണ് പരാജയപ്പെടുന്നത് എന്നതിലേക്കുള്ള സൂചകമാണ്. ‘’ഓ അവരൊക്കെ പഴയ ആളുകള്‍ അല്ലെ’’ എന്ന പ്രയോഗത്തിലൂടെ ജാതിയുടെ ദുര്‍ഗന്ധം ഇന്നും പേറുന്നതിനെ നമ്മളും ന്യായീകരിക്കുന്നു.
ഗെത്തിന്റെ യൗവനത്തിലെ കളി കണ്ട് ആരാധനമൂത്ത് അദ്ദേഹത്തിന്റെ ഒപ്പം ജോളി ഫ്രണ്ട്സില്‍ കളിയ്ക്കാന്‍ ആഗ്രഹിക്കുന്ന, അതി ഗംഭീരമായി പന്തെറിയുന്ന ബൗളര്‍ ആണ് അന്‍പ്. എന്നാല്‍ അസ്പ്രശ്യ കോളനിക്കാരന്‍ ആണെന്ന് പറഞ്ഞ് ജോളി ക്ലബ്ബിലെ കളിക്കാര്‍ അന്‍പിനെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഗെത്ത് പ്രായത്തില്‍ നാല്‍പതിലേക്ക് എത്തുകയും അപ്പോഴും റബ്ബര്‍ ബോളില്‍ ഒരു അത്ഭുത ബാറ്റ്സ്മാന്‍ ആയിത്തന്നെ തുടരുകയും, എന്നാല്‍ റബ്ബര്‍ പന്തിന്റെ സ്ഥാനത്ത് കോര്‍ക്ക് ബോള്‍ വരികയും ആ പന്തുകൊണ്ട് എറിയുന്നതില്‍ അന്‍പ് ഒരു വിദഗ്ധന്‍ ആകുകയും ചെയ്യുന്നു. കോര്‍ക്ക് പന്തിന്റെ ഭീകരമായ വേഗത ഗെത്തിനെ കുഴപ്പിക്കുന്നു. കാണികളുടെ രോമാഞ്ചമായിരുന്ന, കമന്ററിക്കാരുടെ ഇഷ്ടതാരമായിരുന്ന ഗെത്ത് കളത്തില്‍ നിലയുറപ്പിക്കാന്‍ പറ്റാത്ത തരത്തില്‍ അന്‍പിന്റെ കോര്‍ക്ക് പന്തുകള്‍ക്ക് മുന്‍പില്‍ പകച്ചുനില്‍ക്കുകയാണ്. ദേശം മുഴുവന്‍ വാഴ്ത്തിയ ഒരു കളിക്കാരന്‍ എന്ന പദവിയ്ക്ക് ഏല്‍ക്കുന്ന ആഘാതം താങ്ങാന്‍ ഗെത്തിനു കഴിയുന്നില്ല. കാണികള്‍ക്ക് മുന്‍പില്‍ അനുഭവിക്കുന്ന അപമാനവും നിസ്സഹായതയും ഗെത്തില്‍ അബോധമായി അന്‍പിനോടുള്ള അമര്‍ഷമായി കൂടി വളരുന്നു. ഗെത്തിന്റെ മകള്‍ ദുര്‍ഗ്ഗ അന്‍പുമായി പ്രണയത്തിലാണ്. അന്‍പും ഗെത്തും കളിക്കളത്തില്‍ ഏറ്റുമുട്ടുന്നു. കളത്തിനു പുറത്ത് അന്‍പും ദുര്‍ഗ്ഗയും തമ്മിലുള്ള പ്രണയം പൂത്തുലയുന്നു. കഥ സംഘര്‍ഷഭരിതം ആകുന്നു.
രണ്ടു പ്രധാന സ്ത്രീ കഥാപാത്രങ്ങളും തങ്ങളുടെ പ്രണയത്തെ അവരുടെ രാഷ്ട്രീയനിലപാടിനെ വെളിപ്പെടുത്താനുള്ള ഉപാധിയായിട്ട് കൂടി ഉപയോഗപ്പെടുത്തുന്നുണ്ട് സിനിമയില്‍. വീട്ടുകാര്യങ്ങള്‍ നോക്കാതെ കൊച്ചുപിള്ളേരുടെ കൂടെ ക്രിക്കറ്റും കളിച്ചു നടക്കുന്ന മുതുക്കന്‍ എന്ന് ഭര്‍ത്താവിനെ കളിയാക്കുകയും അയാളുടെ ഉത്തരവാദിത്തമില്ലായ്മകളെ ചോദ്യം ചെയ്യുമ്പോഴും ഭര്‍ത്താവിന് വേണ്ടി എന്നും അയാളുടെ ഇഷ്ടവിഭവങ്ങള്‍ ഒരു പ്രത്യേക പാത്രത്തില്‍ വിളമ്പി മാറ്റി വയ്ക്കുന്ന യശോദ സ്നേഹിക്കുകയും ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ആധുനീക സ്ത്രീ പങ്കാളിയിലേക്കുള്ള പരിവര്‍ത്തനഘട്ടത്തെ അടയാളപ്പെടുത്തുന്നു. ഭര്‍ത്താവിന്റെ ജാതി മഹത്വം സംരക്ഷിക്കാന്‍ കുടുംബത്തിന്റെ അന്തസ്സ് സംരക്ഷിക്കാന്‍ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിക്കേണ്ടി വന്നിരുന്ന ‘’സതിമാരുടെ’’ ദൈന്യതയെ നിസ്സഹായതയെ പേറേണ്ട ബാധ്യതയൊന്നും യശോധയ്ക്ക് ഇല്ല; അവളതിന് തയ്യാറും അല്ല. താന്‍ ആഗ്രഹിക്കുന്ന ഒരു കുടുംബത്തെ ഉണ്ടാക്കാന്‍ ഭര്‍ത്താവിന്റെ മേല്‍ നിര്‍ബന്ധം ചെലുത്താന്‍ അവള്‍ക്ക് കഴിയുന്നുണ്ട്. പുരുഷാധിപത്യത്തെ ചെറുക്കാനുള്ള പ്രണയത്തിന്റെ രാഷ്ട്രീയ സാധ്യതയെ ആണ് യശോദ പ്രതിനിധാനം ചെയ്യുന്നത്. കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കേണ്ട ഒരു ഭര്‍ത്താവിനെ ആണ് യശോദ ആഗ്രഹിക്കുന്നത്. അങ്ങനെയൊരാള്‍ ആകാത്ത ഗെത്തിനെ ആണ് അവള്‍ എതിര്‍ക്കുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ സ്വന്തം ഇഷ്ടമായ ക്രിക്കറ്റിനെ പിന്തുടരാന്‍ ഭാര്യയും കുടുംബവും ഗെത്തിന് തടസ്സം നില്‍ക്കുന്നു. കുടുംബത്തിനു വേണ്ടി വ്യക്തിഗതമായ ഇഷ്ടങ്ങള്‍ മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതന്‍ ആകുന്ന ഗെത്തിനെ ആണ് യശോദയ്ക്ക് ഇഷ്ടം.
എന്നാല്‍ മകളുടെ പ്രണയത്തിലേക്ക് എത്തുമ്പോള്‍ ഒരു പങ്കാളി എന്ന നിലയില്‍ ദുര്‍ഗ്ഗ ആധുനിക മൂല്യബോധത്തിലേക്ക് വളരുന്നത് കാണാം. സ്വന്തം പങ്കാളിയുടെ വ്യക്തിഗത ഇഷ്ടങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന തരത്തില്‍ കുടുംബത്തിനകത്തെ വിനിമയങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ദുര്‍ഗ്ഗയ്ക്ക് കഴിയുന്നുണ്ട്. കുടുംബം എന്നത് വ്യക്തികളുടെ ഇഷ്ടങ്ങള്‍ക്ക് കൂടി ഇടമുള്ള ഒന്നായിട്ടാണ് ദുര്‍ഗ്ഗ നിര്‍വചിക്കുന്നത്. അതുകൊണ്ടാണ് കല്യാണം നിശ്ചയിക്കുന്ന ദിവസം തന്റെ വീട്ടില്‍ നിര്‍ബന്ധമായും വരണമെന്ന്അന്‍പിനോട് ദുര്‍ഗ്ഗ പറയുന്നതും എന്നാല്‍ എത്തിയ ഉടന്‍ തന്നെ ‘ഇനി നീ പോയി കളിച്ചു ജയിച്ചു വാ’ എന്ന് പറയുന്നതും കുടുംബവും വ്യക്തിയും തമ്മിലുള്ള പരസ്പര ബഹുമാനത്തെ ആണ് സിനിമ സൂചിപ്പിക്കുന്നത്. സ്വതന്ത്രരായി പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുന്ന ഇടങ്ങളില്‍ അവര്‍ എങ്ങനെയാണ് പുരുഷന്മാരെ തന്നെ പുതുക്കിപ്പണിയുന്നത് എന്നാണ് യശോദയിലൂടെയും ദുരഗ്ഗയിലൂടെയും സിനിമ പറയുന്നത്.
റബ്ബര്‍ പന്തില്‍ കോര്‍ക്ക് പന്തിലേക്കുള്ള മാറ്റത്തിനെടുക്കുന്ന സമയത്തിലൂടെയാണ് സിനിമ, കഥയിലെ കാലത്തെ രേഖപ്പെടുത്തുന്നത്. ഈ സമയം കൊണ്ട് അന്‍പ് സ്പോര്‍ട്സ് സാധനങ്ങള്‍ വില്‍ക്കുന്ന കടയുടമസ്ഥന്‍ ആകുന്നു. മികച്ച കളിക്കാരന്‍ ആയിട്ടും ജാതി ബദ്ധമായ ജോളി ഫ്രണ്ട്സ് ക്ലബ്ബ് അന്‍പിനെ ടീമില്‍ എടുക്കുന്നില്ല. ജാതിയില്‍ താഴ്ന്നവന്‍ ആയതുകൊണ്ടും കോളനിയില്‍ കഴിയുന്നവന്‍ ആയതുകൊണ്ടും ഒരു ടീമിലും അവന് ഇടം കിട്ടുന്നില്ല. പകരം ഓരോ ടീമിന്റെയും ആവശ്യത്തിനനുസരിച്ച് അയാളെ വാടകയ്ക്ക് എടുക്കുകയാണ്. പകരക്കാരന്‍ ആകാന്‍ മാത്രമേ അന്‍പിന് കഴിയുന്നുള്ളൂ. ഏറ്റവും മികച്ച കളിക്കാരന്‍ ആണെങ്കിലും അയാള്‍ക്ക് പകരക്കാരന്റെ വേഷം മാത്രമേ കെട്ടാന്‍ കഴിയുന്നുള്ളൂ. ഹിന്ദു ഗ്രാമങ്ങള്‍ക്ക് വെളിയിലെ വിഭവരഹിത പുറമ്പോക്കുകളില്‍ മനുസ്മൃതി തളച്ചിട്ട മനുഷ്യരുടെ ചരിത്രപരമായ വിധി തന്നെയാണ് അന്‍പിനും ജോളി ഫ്രണ്ട്സ് വിധിച്ചത്. ജാതിയുടെ നിയമങ്ങളെ പൊളിക്കാന്‍ ജോളി ഫ്രണ്ട്സിന്റെ മാനേജര്‍ തന്നെ ശ്രമിക്കുന്നുണ്ടെങ്കിലും അയാളും പരാജയപ്പെടുകയാണ് ചെയ്യുന്നത്. ജാതി എന്നത് ഒരാള്‍ക്ക് ഒറ്റയ്ക്ക് ഉണ്ടാക്കാനോ നശിപ്പിക്കാനോ കഴിയുന്ന ഒന്നല്ല എന്നാണ് സിനിമ നമ്മളോട് പറയുന്നത്. നമുക്ക് ജാതിയില്ല എന്ന് ഗുരു പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ജാതി അപ്രത്യക്ഷം ആകില്ലെന്ന് ചുരുക്കം. സിനിമയുടെ അവസാനത്തിലേക്ക് എത്തുമ്പോള്‍ ജോളി ഫ്രണ്ട്സ് എല്ലാ ജാതിക്കാര്‍ക്കും കളിക്കാന്‍ പറ്റുന്ന ഒരു ക്ലബ്ബ് ആയി മാറുന്നു എന്നത് സംസ്കാരത്തെ പുതുക്കിപ്പണിയാനുള്ള ഒരു സാധ്യതയെ ആണ് കാണിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ ജോളി ഫ്രണ്ട്സില്‍ കളിക്കാന്‍ അന്‍പ് വരുമ്പോള്‍ ടീമിന്റെ ക്യാപ്റ്റന്‍ പറയുന്നത് ‘ഇന്നവര് ഗ്രൗണ്ടില്‍ വരും നാളെയവര്‍ വീട്ടില്‍ക്കയറിവരും’ എന്നാണ്. ഇന്ത്യയില്‍ ഇപ്പോഴും നടക്കുന്ന ദുരഭിമാനക്കൊലകള്‍ സൂചിപ്പിക്കുന്നത് ഭഗവദ്ഗീതയില്‍ അര്‍ജ്ജുനന്‍ ഉന്നയിച്ച വര്‍ണ്ണ സങ്കര ഭീതി ഇന്നും തുടരുന്നു എന്നാണ്. അതേ വര്‍ണ്ണ സങ്കരഭീതി തന്നെയാണ് ജോളി ഫ്രണ്ട്സ് അന്‍പിനെ വിലക്കുന്നതിലൂടെപങ്കു വയ്ക്കുന്നത്. ജാതി നിയമങ്ങള്‍ മാറുന്നു എന്ന ശുഭാപ്തി ചിന്തയോടെയാണ് സിനിമ അവസാനിക്കുന്നത്.
കീഴാള സമൂഹങ്ങളുടെ അകത്തേക്ക് ചെന്ന് അവര്‍ എങ്ങനെയാണ് ജീവിതത്തെ കാണുന്നത്, എന്താണ് അവര്‍ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നത് എന്ന തരത്തിലുള്ള അന്വേഷണങ്ങള്‍ തമിഴ് സിനിമയില്‍ നിരന്തരം നടക്കുന്നുണ്ട്. മാരിസെല്‍വരാജിനെ പോലെ പാ രഞ്ജിത്തിനെ പോലുള്ളവര്‍ അത്തരം ശ്രമങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നുണ്ട്. രജനീകാന്തിനെ പോലുള്ള ഒരു സൂപ്പര്‍സ്റ്റാര്‍ പോലും അത്തരം സിനിമകളിലേക്ക് കടന്നുവരുവാന്‍ തയ്യാറാകുന്നു എന്നത് എണ്‍പതുകളില്‍ ദലിത് ഗ്രാമങ്ങള്‍ തീയിട്ട് ആളുകളെ ചുട്ടുകൊന്ന ഒരു കാലത്തില്‍ നിന്നും തമിഴകം മാറുന്നു എന്ന രാഷ്ട്രീയ വായനയാണ് ലബ്ബര്‍ പന്ത് സിനിമ നമുക്ക് തരുന്നത്. മലയാളത്തില്‍ ഇന്നും ജാതി മുഖ്യ പ്രമേയമായുള്ള സിനിമകള്‍ വരുന്നില്ല എന്നത് സവര്‍ണ്ണ കുറ്റബോധം (Upper Caste Guilt) രാഷ്ട്രീയമായിപ്പോലും മലയാളിക്ക് ഇല്ല എന്നതിനാല്‍ ആണ്. തലപ്പുലയനെ സംരക്ഷിച്ച സ്നേഹവാനായ ജന്മി ആണ് മലയാളിയുടെ ഹീറോ. അതുകൊണ്ട് കോളനികള്‍ എന്ന് പറഞ്ഞാല്‍ ഗുണ്ടകളും മയക്കുമരുന്ന് കച്ചവടക്കാരും വേശ്യകളും മോഷ്ടാക്കളും വിലസുന്ന ഇടങ്ങളാണ് സവര്‍ണ്ണ മലയാളി പൊതുബോധത്തിന് ഉള്ളത്. സ്വന്തം മക്കള്‍ വീട്ടില്‍ പച്ചത്തെറി പറഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്തം നാട്ടിലെവിടെങ്കിലും ഉള്ള ഒരു കോളനിയുടെ മേല്‍ കെട്ടിവെച്ച് അവര്‍ തങ്ങളുടെ സവര്‍ണ്ണത്വവും മക്കളുടെ ജനിതക ഗുണവും സംരക്ഷിക്കും. കേരളത്തിലെ 26196 ഓളം വരുന്ന പട്ടികജാതി കോളനികളെ പറ്റി പോസ്റ്റ് ഡോക്ടറല്‍ ചെയ്യുന്ന ശ്രീജേഷ് ഒരിക്കല്‍ പറഞ്ഞത് ‘പട്ടികജാതി കോളനികളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുക അവിടെ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന നിരാശയാണ്’ എന്നാണ്. ആ നിരാശയ്ക്ക് അടിയിലും സ്വാഭിമാനത്തോടെ ജീവിക്കാന്‍ വെമ്പുന്ന ഒരു ജനതയെ ആണ് ലബ്ബര്‍ പന്ത് പോലുള്ള സിനിമകള്‍ കാഴ്ച്ചക്കാര്‍ക്ക് മുന്‍പില്‍ എത്തിക്കുന്നത്. അത്തരം പരിശ്രമങ്ങളാണ് മലയാള സിനിമയില്‍ കാണാത്തത്.
വളരെ ചെറുതും സിനിമകളില്‍ പറഞ്ഞു പഴകിയ ഒരു തീം ആണെങ്കില്‍ പോലും മനുഷ്യ ജീവിതത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും, അതിനകത്ത് എങ്ങനെയാണ് സ്ത്രീ പുരുഷന്മാര്‍ ഇടപ്പെടുന്നതെന്നും, അത്തരം ഇടപ്പെടലുകളില്‍ ലിബറല്‍ ആധുനീകതയും ജാതി പഴമയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ എങ്ങനെയാണ് മനുഷ്യരെ രൂപപ്പെടുത്തുന്നത് എന്നാണ് ലബ്ബര്‍ പന്ത് പറയാന്‍ ശ്രമിക്കുന്നത്. സിനിമയിലെ മിക്കവാറും എല്ലാ നിര്‍ണ്ണായക തീരുമാനങ്ങളും എടുക്കുന്നത് സ്ത്രീ കഥാപാത്രങ്ങള്‍ ആണെന്നുള്ളതുംപുരുഷന്മാര്‍ സ്ത്രീകളുടെ അത്തരം തീരുമാനത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് സമൂഹത്തെ അലോസരപ്പെടുത്താതെ അത്രമേല്‍ സ്വാഭാവികമായി സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. അന്തരീകമായി ശക്തിയുള്ള, കര്‍തൃത്വമുള്ള സ്ത്രീകഥാപാത്രങ്ങളാണ് ലബ്ബര്‍ പന്തിനെ ഓജസ്സുള്ള ഒരു സിനിമയാക്കി മാറ്റുന്നത്. ജീവിതത്തിലെ വ്യക്തിഗത ആഘോഷങ്ങള്‍ എന്ത് തന്നെ ആണെങ്കിലും മനുഷ്യരെ തമ്മില്‍ കൂട്ടിയിണക്കുന്നത് സ്നേഹവും പ്രണയവും വാത്സല്യവും കരുതലും ആണെന്നാണ് സിനിമ നമ്മളെ ഓര്‍മ്മിപ്പിക്കുന്നത്. അമ്മയുടെ പ്രണയവും മകളുടെ പ്രണയവും കൂടുതല്‍ ഊഷ്മളം ആകുന്നത് തങ്ങളുടെ പ്രണയത്തിനകത്ത് അവര്‍ നിഷ്ക്രിയ പങ്കാളിത്തമല്ല അനുഭവിക്കുന്നത് മറിച്ച് അവര്‍ തന്നെയാണ് പ്രണയത്തിന്റെ യാത്രയെ അതിന്റെ വഴികളെ എത്തിച്ചേരേണ്ട ഇടങ്ങളെ ഒക്കെ നിര്‍ണ്ണയിക്കുന്നത് എന്നതാണ്. നിലവിലുള്ള സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ തോറ്റുപോകാനല്ല അന്‍പ് ശ്രമിക്കുന്നത് മറിച്ച് അവന്റെ മുന്‍പില്‍ തുറന്നുകിട്ടുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്തി തന്റെ ലക്ഷ്യങ്ങളിലേക്ക് എത്താനാണ്. സ്ത്രീകള്‍ക്ക് സ്വതന്ത്രരായി തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനും കഴിയുന്ന ഇടങ്ങളില്‍ ആയിരിക്കും പുരുഷന്മാരും കൂടുതല്‍ സന്തോഷമായി ജീവിക്കുക എന്ന ലിബറല്‍ ഫെമിനിസത്തിന്റെ ഒരു പാഠമായിക്കൂടി നമുക്ക് ലബ്ബര്‍ പന്തിനെ വായിക്കാവുന്നതാണ്. ജാതിക്കകത്തെ വന്യമായ വിനിമയങ്ങളെ രക്തരൂക്ഷിതമായ വിനിമയങ്ങളെ ലബ്ബര്‍ പന്തില്‍ നമുക്ക് കാണാന്‍ കഴിയില്ല. ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന നിയമവാഴ്ചയ്ക്ക് അകത്ത് ഒരല്‍പം പതുങ്ങി നില്‍ക്കുന്ന ജാതിയെ ആണ് ലബ്ബര്‍ പന്തില്‍ കാണാന്‍ കഴിയുന്നത്.
******
No Comments yet!