
ജിംനോസ്‌പേമുകള്‍ (Gymnosperms) പ്രാചീന സസ്യങ്ങളാണ്. അതിന്റെ പ്രത്യുല്‍പാദന അവയവങ്ങള്‍ക്ക് ആവരണമില്ല. ( Gymno = നഗ്‌നന്‍, ആവരണമുള്ളവരാണ് Angiosperms, Angio നെഞ്ചുതന്നെ).
ഈന്തും( Cycas ) തൊണ്ടിപ്പഴവുമേ ( Gnetum ) കേരളത്തില്‍ സുലഭമായുള്ളൂ. ശേഷമൊക്കെ ഉദ്യാന വിരുന്നൊരുക്കിയവരും. Cycas എന്നാല്‍ ഗ്രീക്കില്‍ പന. അവ വക്രപന്ഥാവിലാണ്, എത്യോപ്യ വഴിയാണ് ബോട്ടണിയിലെത്തിയത്. അലങ്കാരത്തിന് ഒരുകാലത്ത് ഈന്തിലകള്‍ വേണ്ടിയുരുന്നു. ഈന്തിന്റെ ഉപയോഗം എന്ത് എന്ന ചോദ്യത്തിന്, ഡക്കറേഷന്‍ എന്ന് തോന്നാത്ത ഒരു ചങ്ങാതി അയ്യപ്പന്‍ വിളക്‌സ് എന്ന് എഴുതി. ശാന്തസമുദ്ര ദ്വീപുകളിലെ ഗുവാമില്‍ വര്‍ണ്ണാന്ധത ഈന്ത് അമിതമായി ഭക്ഷിക്കുന്നുമായി ബന്ധപ്പെടുത്തി പഠനങ്ങള്‍ ഉണ്ട് (Oliver Sacks, Island of the colour blind എന്ന പുസ്തകം അതിവിശിഷ്ടമാണ്).


താജ്മഹലിന്റെ മുന്നില്‍ ഇരുവശവും ഓരോനിര ഈന്തുകള്‍ ഉണ്ടായിരുന്നു, ഷാജഹാന്റെ കാലത്ത് നട്ടതാണ്. അവയെല്ലാം പെണ്‍മരങ്ങളും. ആഗ്രയില്‍ ഗവേഷകനായിരിക്കെ എച്ച് വൈ മോഹന്റാം ഈ ഈന്തുകള്‍ക്ക് ജന്മസാഫല്യം ഒരുക്കുവാന്‍ തീരുമാനിച്ചു. നാട്ടില്‍നിന്നും ഒരു മൂത്ത ആണ്‍ പൂക്കുല ചാക്കില്‍കെട്ടി തീവണ്ടിമാര്‍ഗ്ഗം യാത്രയായി. നാറ്റം അസഹ്യം. കംപാര്‍ട്ട്‌മെന്റില്‍ ബഹളമായി. ഒരുവിധം ഗ്വാളിയോര്‍ എത്തി. ഇറങ്ങാനുള്ള തയ്യാറെടുപ്പില്‍ ശുചിമുറിയില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ ചാക്ക് കാണാനില്ല. തന്റെ തലപ്പാവിനോട് മത്സരിക്കുന്നതൊന്നും അനുവദിക്കാത്ത ഒരു സഹയാത്രികന്‍ ചാക്ക് പുറത്തേക്കിട്ടു. പിന്നെയെന്താ! ആ ഈന്തുകള്‍ കന്യകമാരായി ജീവിതം തുടര്‍ന്നു.
കരയാമ്പൂ നാട്ടുകാരനായ മൊളൂക്കായിലെ വിളിപ്പേരാണ് നീറ്റം. അന്നാട്ടിലെ മരത്തിന് Gnetum gmenone നീറ്റം നീമോണ്‍, ഗേറ്റ്പടി, ഷര്‍ട്ട് കുപ്പായം പോലെ. അയ്യായിരം വര്‍ഷത്തിലേറെ വയസ്സായവരും, ഭീമാകായരും ജിംനോസ്‌പേമിലുണ്ട്*. ചക്കരക്കൊല്ലി Gymnema sylvestre ആണല്ലോ. അതില്‍ വേണ്ടത്ര പൊതിഞ്ഞതല്ല കേസരങ്ങരങ്ങളത്രേ.
ജീംനേഷ്യവും ജീംനാസ്റ്റിക്കും നഗ്‌നരായി വ്യായാമം ചെയ്യുന്ന ഇടവും, നഗ്‌നരായി അഭ്യാസം നടത്തലുമാണ്. പില്‍ക്കാലത്ത് വസ്തധാരണം വന്നപ്പോള്‍ ആന്‍ജിംനീഷ്യം ആന്‍ജിമ്‌നാസ്റ്റിക് എന്ന് പേര് മാറ്റുവാന്‍ ആരും ഓര്‍ത്തില്ല. ഇന്ന് അതിലൊരു അശ്ലീലം ഉണ്ടന്ന് ആരും ഓര്‍ക്കാറുമില്ല.

പക്ഷേ, നമ്മുടെ ഉത്തരേന്ത്യന്‍ ജിംഖാന പേഴ്‌സ്യന്‍ ജേഡ്ഖാനയാണ് (പന്ത് + വീട്). ജിംഖാനാ ഹാളു**കള്‍ പേരുദോഷം വരുത്താതെ മദ്യപാനകേന്ദ്രങ്ങളായി തുടരുന്നു. ജേഡ്മല്ലിയാണ് ചെണ്ടുമല്ലിയായി, നമ്മുടെ ‘നവ-ഓണപ്പൂ’വായി.

* Jarad Farmer (2022), Elder flora, Picador.
** Hall പുരുഷന്മാരുടെ മദ്യപാന കേന്ദ്രം







No Comments yet!