Skip to main content

‘ബാല്യകാലസഖി’ നെയ്ത ഭാവനാലോകങ്ങള്‍

 

‘ഉമ്മിണി വല്യ സ്‌നേഹത്തിന്റെ ഒരേട്’ ആയ ബാല്യകാലസഖി നോവല്‍ എഴുതുമ്പോള്‍, തന്റെത്തന്നെ അനുഭവലോകത്തെയും ആശയലോകത്തേയും ആവിഷ്‌കരിക്കുകയായിരുന്നു എന്ന് വൈക്കം മുഹമ്മദ്ബഷീര്‍, പ്രസ്താവിച്ചിട്ടുണ്ട്. 1944-ഏപ്രിലില്‍ ആണിത് വായനാലോകത്തേക്ക് എത്തിയത്. നീണ്ട, എണ്‍പതുവര്‍ഷങ്ങളുടെ വൈവിധ്യമാര്‍ന്ന സഹൃദയസഞ്ചാരം അതിനെ ഒരു ക്ലാസിക് കൃതിയാക്കിത്തീര്‍ത്തിരിക്കുന്നു. ഇനിയും ഏറെക്കാലം അതങ്ങനെ തുടരും. കാരണം, സഹൃദയര്‍ക്കിടയില്‍ വലിയ ഭാവനാലോകങ്ങള്‍ ആദ്യന്തം സൃഷ്ടിച്ചുകൊണ്ടാണ് ബഷീര്‍ അതിന്റെ രചന നിര്‍വ്വഹിച്ചിട്ടുള്ളത്. സഹൃദയന്റെ അനുഭൂതി മണ്ഡലത്തെ നവ്യമാക്കിത്തീര്‍ക്കുന്ന ഒരു രസതന്ത്രം ബഷീര്‍ ഇവിടെ പ്രയോഗിച്ചിട്ടുണ്ട്. ആഖ്യാനത്തിനിടയില്‍ സമകാലികജീവിതത്തെ പുതുക്കിപ്പണിയുന്ന നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഓരോരോ ചോദ്യവും ഭാവനയുടെ ആകാശവിസ്മയങ്ങള്‍ സഹൃദയരില്‍ തീര്‍ക്കുന്നതാണ്. ബാല്യകാലസഖാക്കളായാണ് മജിദും സുഹ്‌റയും തങ്ങളുടെ സമത്വസുന്ദരമായ ഭാവനാലോകത്തേയ്ക്കുള്ള സഞ്ചാരം ആരംഭിച്ചത്. ബദ്ധശത്രുക്കള്‍ ആയിരുന്നവര്‍ അതിഭൗതികമായ നവ്യാനുരാഗത്തിന്റെ ഉദാത്താവിഷ്‌കാരങ്ങളായും, അവിടെനിന്ന് അത്യുദാത്തമായ മാനവികസ്‌നേഹത്തിന്റെ നിദര്‍ശനമായും അതു പരിണമിക്കുന്നു. പ്രണയകഥയാണെങ്കിലും അത്യസാധാരണമായ ലാവണ്യാനുഭവമായിത്തന്നെ അതു പരിണമിച്ചിരിക്കുന്നു.

മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികളില്‍ അനുരാഗമുണ്ടാകുന്നത് ഈ നോവലിനുമുമ്പ് ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ടോ? ഇല്ല എന്ന ഉത്തരത്തിനു മാത്രമേ സാധ്യതയുള്ളൂ. വിദ്യാഭ്യാസം പോലും നിഷിദ്ധമായ കാലമാണത്. അതിനാല്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെടുന്നത് സമുദായനേതൃത്വം വിലക്കിയിരുന്നു. ഭൂസ്വത്തുകൊണ്ടും, ധനം കൊണ്ടും, പ്രതാപം കൊണ്ടും സമ്പന്നനായ മരക്കച്ചവടക്കാരന്റെ മകന്‍, അന്നത്തിന് മുട്ടുണ്ടാവാതിരിക്കാന്‍വേണ്ടി അടയ്ക്കാക്കച്ചവടം നടത്തുന്നവന്റെ മകളെ പ്രണയിക്കുന്നതിന്റെ പരിണതി 1940കളില്‍ എന്തായിരിക്കുമെന്ന് വളരെ സുവ്യക്തമാണ്. ബാപ്പ നഷ്ടപ്പെട്ട സുഹ്‌റയെ ഹൈസ്‌കൂളില്‍ അയയ്ക്കാന്‍ മജിദും, ഉമ്മയും പറയുമ്പോള്‍ കരുണയറ്റ ബാപ്പയുടെ മുരട്ടുസ്വഭാവം ദൃശ്യമാണ്. ആ നികൃഷ്ട മനോഭാവത്തിന്റെ പരുഷത, കഥയില്‍, ചെടികളെ ലക്ഷ്യമാക്കിയുള്ള അദ്ദേഹത്തിന്റെ നീട്ടിത്തുപ്പലിലുണ്ട്. ”അമന്റെ ഉമ്മാടെ ശെടി” എന്ന പരിഹാസവും ആ സന്ദര്‍ഭത്തിന്റെ നാടകീയപ്രകൃതത്തെ തീവ്രമാക്കുന്നുണ്ട്. തുടര്‍ന്നദ്ദേഹം പറയുന്നു, ”എടീ, ഇവനു കിട്ടിപ്പോയതു നിന്റെ ബുദ്ധിയാ.” വഴക്ക് മൂര്‍ച്ഛിക്കുമ്പോള്‍ അദ്ദേഹം ഇത്രേംകൂടി വിളിച്ചു പറയുന്നുണ്ട്. ”അവടെ തൊലിഞ്ഞ ആയിരം തൂഫാ! എടീ, നിന്നോളംതൂക്കത്തി തൂഫാ കൊടുത്താലും, നിന്നെപ്പോലത്തെ ബുദ്ദീല്ലാത്തതിനെ വല്ലോരും കെട്ടുവോടീ?” മജിദിന്റെ തോട്ടത്തിലെ ചെടികള്‍, അതിലെ ചെമ്പരത്തിപൂവൊക്കെ ബാപ്പയുടെ ജീവിതലോകത്ത് അലോസരങ്ങളാണെന്നും ആ സന്ദര്‍ഭം വിസ്തരിക്കുന്നുണ്ട്. സുഹ്‌റയും ചേര്‍ന്നു മജീദ് നിര്‍മ്മിച്ച തോട്ടമാണിത് എന്നും ഓര്‍ക്കുക.

ബഷീര്‍ പറയുന്നത്: ”മജീദ് ഭാവനയുടെ അടിമയാണ്” എന്നാണ്. അതിന്റെ പ്രത്യക്ഷീകരണം കൂടിയാണ് ക്ലാസുമുറിയിലെ കണക്കുപഠനം. മജീദ് കണക്കില്‍ മോശക്കാരനായതിന് അധ്യാപകന്റെ അതിക്രൂരമായ പരിഹാസത്തിന് വിധേയനായി. ഒന്നും, ഒന്നും രണ്ടാണെന്ന് പറയുന്നതിനു പകരം, ‘ഉമ്മിണി വല്യ ഒന്ന്’ എന്നു കണ്ടുപിടിച്ചവനാണ് മജീദ്. എന്നാല്‍, സുഹ്‌റയാകട്ടേ കണക്കില്‍ മിടുക്കിയാണ്. ”ഉമ്മിണി വല്യ ഒന്ന്” എന്ന പേരില്‍ മജീദിനുമേല്‍ പതിഞ്ഞ പരിഹാസപ്പേര് മാറ്റിയെടുത്തത് സുഹ്‌റയുടെ ക്ലാസ്മുറിയിലെ ആസൂത്രിതമായ ഇടപെടല്‍ മൂലമാണ്. മജിദ് അങ്ങനെ കണക്ക് മാഷുടെ ക്ലാസില്‍ ഒന്നാമനായി. അടി കൊള്ളാതായി. അപമാനത്തില്‍നിന്ന് രക്ഷനേടി. സുഹ്‌റയുടെ നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും സഹനത്തിന്റെയും നിദര്‍ശനമാണിത്.
പക്ഷേ, ഗ്രാമത്തിലെ സ്‌കൂളിലെ പഠനം കഴിഞ്ഞപ്പോള്‍ ഹൈസ്‌കൂളിലെത്താന്‍ സുഹ്‌റക്കു കഴിഞ്ഞില്ല. ഉപ്പയുടെ അകാലമരണം ആ കുടുംബത്തെ അനാഥമാക്കി. ആ ഗ്രാമത്തിലുള്ള മുസല്‍മാന്മാരുടെ അന്ധവിശ്വാസത്തെപ്പറ്റിയും ഹൃദയകാഠിന്യത്തെപ്പറ്റിയും സുഹ്‌റയുടെ ബാപ്പ മജീദിനോട് പറഞ്ഞിട്ടുണ്ട്. മജീദ് ഹൈസ്‌കൂളിലെ വിശേഷങ്ങള്‍ പറയുമ്പോള്‍ സുഹ്‌റയുടെ കണ്ണുനീര്‍ മജീദിന്റെ പുസ്തകത്തില്‍ വീഴുന്നു. അവള്‍ പറഞ്ഞു, ”എനിക്കു പഠിക്കണം.” അതിന് എന്തുവഴി എന്നു മജീദ് ചുഴിഞ്ഞ് ചിന്തിച്ചു. എന്നിട്ട് മജീദ് പറഞ്ഞു. ”ഞാന്‍ പഠിക്കുന്നതു ദിവസവും സുഹ്‌റായ്ക്കു പറഞ്ഞുതരാം.”
അതിനേക്കാള്‍ ഉത്തമമായ മാര്‍ഗത്തെപ്പറ്റിയും മജീദ് ചിന്തിച്ചു. ”മജീദിന്റെ വീട്ടില്‍ ധാരാളം സ്വത്തുണ്ടല്ലോ. സുഹ്‌റയേയും കൂടി പള്ളിക്കൂടത്തില്‍ അയച്ചു പഠിപ്പിച്ചാലെന്താണ്?” മജീദിന്റെ ബാപ്പയുടെ നിന്ദ്യമായ മനോഭാവം വെളിപ്പെട്ടത് ആ സന്ദര്‍ഭത്തിലാണല്ലോ. മജീദിന്റെ ബാപ്പയേക്കാള്‍ മജീദിനു സ്‌നേഹിക്കാന്‍ കഴിഞ്ഞിരുന്നത് സുഹ്‌റായുടെ ബാപ്പയെ ആണ് എന്നറിയുക. ഇത്മജീദിന്റെ വ്യക്തിത്വത്തിലെ സഹാനുഭൂതിയുടെ സംസ്‌കാരത്തെ വെളിപ്പെടുത്തുന്നു. വല്യനോമ്പുകാലത്ത് മജീദ് നോമ്പ് എടുത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഉജ്ജീവനചിന്തകളും ഉല്‍കൃഷ്ടാദര്‍ശങ്ങളുമാണ് മജീദിനെ നയിച്ചിരുന്നത്. മര്‍ത്ത്യാഭിമാനത്തിന്റെ കാതലാണ് മജീദ്. സഹോദരിമാരുടെ വിവാഹത്തെപ്പറ്റി ആരായുമ്പോള്‍ അദ്ദേഹം പറയുന്നുണ്ട്. സഹോദരിമാരുടെ നാലു കാതുകളിലും കൂടി നാല്‍പ്പത്തിരണ്ടു തുളകളുണ്ട്. ”അതൊക്കെ എന്തിനു കുത്തിത്തുളച്ചു? കഴുത്തിലും, അരയിലും ഒന്നും സ്വര്‍ണം ഇട്ടില്ലെങ്കിലെന്ത്? സ്ത്രീധനയേര്‍പ്പാടുതന്നെ ഇല്ലായിരുന്നുവെങ്കില്‍! ഉമ്മാ ഈ കാതുകുത്തും മറ്റും ഇല്ലായിരുന്നെങ്കില്‍! നമ്മുടെ സമുദായത്തിനുമാത്രം എന്തിനാണ് ഈ വൃത്തികെട്ട ഏര്‍പ്പാടുകള്‍? വൃത്തികെട്ട വസ്ത്രധാരണവും, വൃത്തികെട്ട ആഭരണങ്ങളും…” ആരുടെയും അഭിപ്രായം സ്വീകരിക്കാത്ത സ്വേച്ഛാധിപതിയായ ബാപ്പയെ മജീദിനു ഭയമാണ്. അതുകൊണ്ട് പ്രതിഷേധത്തിന്റെ നിശബ്ദഗര്‍ജ്ജനങ്ങളാണ് എപ്പോഴും മജീദില്‍ നിന്നുയര്‍ന്നത്. ബാപ്പയുമായി കലഹിച്ച് നാടുവിട്ടുപോയ മജീദ് മനസ്സിലാക്കുന്നുണ്ട്; ”മനുഷ്യര്‍ എവിടെയും ഒരുപോലെ. ഭാഷയ്ക്കും വേഷത്തിനും മാത്രം വ്യത്യാസം” മജീദിന്റെ സമ്പാദ്യം പുസ്തകങ്ങളായിരുന്നു. കുറേ അധികം പുസ്തകങ്ങള്‍. ബഷീറിന് അക്കാലത്ത് ചെമപ്പിനോട് ആരാധന ഉണ്ടായിരുന്നുവോ? അങ്ങനെ ചിന്തിക്കാനുള്ള ന്യായങ്ങള്‍ ആ രചനാലോകത്തുണ്ട്. 1940കള്‍ ചുവന്ന ദശകത്തിന്റെ തുടര്‍ച്ചയാണിത്.
വിവാഹം കഴിഞ്ഞുപോയ സുഹ്‌റ, ദാമ്പത്യത്തിന്റെ പരുഷമായ ഭര്‍ത്സനങ്ങളും ഭേദ്യങ്ങളും അതുമൂലമുള്ള സംഘര്‍ഷങ്ങളും യാതനകളും ഏറ്റുവാങ്ങി. അതുപേക്ഷിച്ചുപോന്നു. അടിമയായ വേലക്കാരിയുടെ സ്ഥാനമേ ഭര്‍ത്താവ് സുഹ്‌റയ്ക്ക് നല്‍കിയിരുന്നുള്ളൂ. മജീദ് നാട്ടില്‍ വന്നിട്ടുണ്ടെന്നറിഞ്ഞ് അവര്‍ പ്രേമപാരവശ്യത്തോടെ ഓടിക്കിതച്ചുവന്നു. ഗ്രാമീണമായ പ്രേമഗാനം ആ അന്തരീക്ഷത്തിലേയ്ക്ക് ഒഴുകിവന്നു.
”താമരപ്പൂങ്കാവനത്തില്
താമസിക്കുന്നോളേ
പഞ്ചവര്‍ണ്ണപ്പൈങ്കിളിയില്
പങ്ക് റങ്ക് ള്ളോളേ”
ഭൂതകാലക്കുളിരുണര്‍ന്നു. മജീദും സുഹ്‌റയും തമ്മില്‍ സംസാരിക്കുന്നത് നാട്ടുകാര്‍ക്ക് രുചിച്ചില്ല. ‘സദാചാരവിരുദ്ധം’ എന്നവര്‍ മുദ്രയടിച്ചു. കെട്ടിയോന്‍ തല്ലിയാലും, അതില്‍ പല്ലുപോയാലും ക്ഷമിച്ച്, സഹിച്ച് കഴിയാന്‍ സ്ത്രീക്കു ബാധ്യതയുണ്ടെന്ന് പൊതുവില്‍ സ്ത്രീലോകം ചിന്തിക്കുന്ന കാലമാണത്. സ്ത്രീയെ വ്യക്തിയായി പരിഗണിക്കാത്ത കാലം. ഭോഗവസ്തുവായും, അടുക്കളക്കാരിയായും മാത്രം കാണുന്ന കാലം. ബഹുഭാര്യാത്വത്തിന്റെ കാലം.
മജീദ് സുഹ്‌റയുടെ ശ്രദ്ധയില്‍പ്പെടുത്തി-
”നമ്മെപ്പറ്റി അയല്‍പക്കക്കാര്‍ എന്തൊക്കെയോ പറയുന്നുണ്ട്.”
അവള്‍ ചോദിച്ചു: ”അതിന്?”
”ഒന്നുമില്ല; സുഹ്‌റ സൂക്ഷിക്കണം. സ്ത്രീയാണ്; പേരിനു കളങ്കം പറ്റാതെ-
”ഓ കളങ്കം പറ്റട്ടേ! എന്റെ ആത്മാവിനുകൂടി കളങ്കം പറ്റട്ടേ. മറ്റെങ്ങുന്നുമല്ലല്ലോ?”
സുഹ്‌റ എന്ന കഥാപാത്രം അത്രമേല്‍ ധീരതയും, ആര്‍ദ്രയും സ്വന്തം നിലപാടുള്ളവളുമാണ്. ആദ്യന്തം, ഉല്‍പതിഷ്ണുതയുടെ ആവിഷ്‌കാരമാണ്. നോവല്‍ അവസാനിപ്പിക്കുന്നത്, മജിദ് യാത്രപറഞ്ഞ് തുടങ്ങിയപ്പോള്‍, സുഹ്‌റ പറയാന്‍ ബാക്കിവെച്ച വാക്കുകളെ വിചിന്തന വിധേയമാക്കിക്കൊണ്ടാണ്;
”നിറഞ്ഞ നയനങ്ങളോടെ ചെമ്പരത്തിയില്‍ പിടിച്ചുകൊണ്ട് പൂന്തോട്ടത്തില്‍ – സുഹ്‌റ.
പറയാന്‍ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സില്‍ ഉണ്ടായിരുന്നിരിക്കണം.

എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്‌റ പറയാന്‍ തുടങ്ങിയത്?” ചെമ്പരത്തിയില്‍ ആണ് സുഹ്‌റ പിടിച്ചത് എന്നത് വ്യാഖ്യാനക്ഷമമായ ഒരു വാക്യമല്ലേ? പ്രത്യാശ കൈവെടിയുന്നില്ല.
നിഷ്‌കളങ്കവും, നിസ്വാര്‍ത്ഥവും സമസൃഷ്ടി സ്‌നേഹത്തില്‍ അധിഷ്ഠിതവുമായ സ്‌നേഹത്തിന്റെ അനസ്യൂതിയാണ് ഇവിടെ പ്രണയത്തിന്റെ അന്തര്‍ദ്ധാര. കല്‍പ്പറ്റ നാരായണന്‍, ‘എന്റെ ബഷീര്‍’ എന്ന പുസ്തകത്തില്‍ (മനുഷ്യന്‍ എങ്ങോട്ടാണ് വളരുന്നത്?) പ്രസ്താവിക്കുന്നു. ”മറ്റാര്‍ക്കുമുള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു സൗന്ദര്യം അവര്‍ പങ്കിട്ടിരുന്നു. മധുരമായ അദ്വൈതം അവരനുഭവിച്ചു… സഖിയേക്കാള്‍ വലുതാണ് ബാല്യകാലസഖി. അതിരറ്റ ഒരു ലോകത്തിലെ സഖിയാണവള്‍. അവള്‍ ഭര്‍ത്താവൊരുമിച്ച് ഒരു വര്‍ഷത്തിലേറെക്കാലം ജീവിച്ചിരുന്നുവെന്നോ, അവളുടെ സൗന്ദര്യം ക്ഷയിച്ചുവെന്നോ, ആ സുന്ദരിയുടെ ഒരു പല്ലിനു പകരം ഇപ്പോള്‍ കൂരിരുട്ടാണെന്നോ അയാള്‍ ഓര്‍മിക്കുന്നില്ല. ഓര്‍മ്മയിലെ ആ തിളങ്ങുന്ന രാജകുമാരിയോടൊപ്പമാണയാള്‍. ഭാവനയ്ക്ക് അടികൊണ്ടയാളായിരുന്നല്ലോ മജീദ്. മുന്നോട്ടുപോകാന്‍ പിന്നിട്ട വഴികള്‍ മാത്രമുള്ള ഒരു ലോകത്തില്‍ അയാളിരിക്കുകയാണ് നോവലവസാനത്തില്‍.”

സുഹ്‌റയെ വിവാഹം കഴിക്കണം. അതിനുമുമ്പേ, സഹോദരിമാര്‍ക്ക് ജീവിതപങ്കാളികളെ കണ്ടെത്തണം. നൈരാശ്യങ്ങളെ അഭിമുഖീകരിക്കുമ്പോഴും മജീദ് ഉത്തരവാദിത്തങ്ങളെക്കുറിച്ച് തന്നെയാണ് ചിന്തിച്ചത്. വിശ്രാന്തിയില്ലാതെ വേല ചെയ്ത് മുന്നേറുമ്പോഴാണ് അപ്രതീക്ഷിതമായ അത്യാഹിതത്തിന് ഇരയായത്. ഒരു തിങ്കളാഴ്ചയാണത് സംഭവിച്ചത്. തിങ്കള്‍, കറുപ്പിന്റെ ദിനമായിത്തീര്‍ന്നു. ഓര്‍മ്മകള്‍ വളരെ ദൂരത്തായി. ആശുപത്രിക്കിടക്കയില്‍വെച്ച് ദിവസങ്ങള്‍ക്കുശേഷം ഓര്‍മ്മ വീഴുമ്പോള്‍ തന്നില്‍നിന്ന് വലതുകാലിന്റെ പകുതി വേര്‍പ്പെട്ടിരിക്കുന്നു. കഠിനവും രൂക്ഷവുമായ വേദനയുടെ സന്ദര്‍ഭത്തിലും ജീവിക്കണം എന്ന ആവശ്യമാണ് മജീദിനെ നയിച്ചത്. ഒരു കാലു നഷ്ടപ്പെട്ടപ്പോള്‍, മജീദ് രണ്ടുകാലുകള്‍ നഷ്ടപ്പെട്ടുപോയവരെക്കുറിച്ച് ആണ് ചിന്തിച്ചത്. കണ്ണുകള്‍ തന്നെ പോയവരെക്കുറിച്ച്. ഈയൊരു സഹാനുഭൂതിയുടെ മഹാദര്‍ശനമാണ് ബഷീറിന്റെ ആഖ്യാനത്തെ സവിശേഷമാക്കിയത്.

”സുഹ്‌റ, തന്നെ കാണുമ്പോള്‍ എന്തുവിളിക്കും?” മജീദിന്റെ ചിന്തകള്‍ ഭാവനയിലൂടെ ഇങ്ങനെ സഞ്ചരിക്കുന്നു; ”ഒന്നരക്കാലന്‍ മജീദ്!” സുഹ്‌റാ അങ്ങനെ വിളിക്കുമോ? ഒരിക്കലും വിളിക്കില്ല. ബാക്കിയുള്ള അരക്കാലിന്റെ കഷണത്തില്‍ കണ്ണീരോടെ ചുംബിക്കും.” ദുരന്തനായകന്റെ ഭാവനകളില്‍ ഇരുട്ട് പരക്കുകയല്ല സംഭവിക്കുന്നത്. മജീദിന്റെ ചുറ്റുപാടുമുള്ള മനുഷ്യര്‍ക്കെല്ലാം ചിരിക്കാനുള്ള വിഭവങ്ങള്‍ മജീദ് നല്‍കുന്നു. സഹവാസികളില്‍ മിക്കവരും ഉറക്കത്തിലേയ്ക്ക് വീഴുന്നതുതന്നെ ചിരിച്ചുകൊണ്ടാണ്. എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ മജീദ് സുഹ്‌റായോടു വര്‍ത്തമാനങ്ങള്‍ പറയും. ഇന്നത്തെ രീതിയില്‍ സോഷ്യല്‍മീഡിയയിലൂടെയല്ല. മനോരാജ്യങ്ങള്‍ മാത്രം. അപ്പോള്‍ 1500 മൈല്‍ അപ്പുറമുള്ള സുഹ്‌റായുടെ ചുമ, മജീദ് കേള്‍ക്കുന്നു. ”ഉറങ്ങുറങ്ങെന്‍ സുഹൃത്തേ ഉറങ്ങൂ! പക്ഷേ, മജീദ് കാണുന്നതു നക്ഷത്രങ്ങള്‍ നിറഞ്ഞ വിശാലവാനമാണ്.” ദുഃഖത്തിന്റെ സമുദ്രത്തില്‍ ആശ്വാസത്തിന്റെ ദ്വീപ് കണ്ടെത്താനാണ് മജീദ് എപ്പോഴും ശ്രമിച്ചത്.

ഭാവനയുടെ പുതുലോകം സഹൃദയര്‍ക്കു സമ്മാനിച്ചുകൊണ്ടാണ് കഥാഗതി വികസിക്കുന്നത്. സമകാലികപ്രസക്തമായ, ജീവിതവ്യവഹാര സന്നിഹിതമായ ഒരു കൂട്ടം ചോദ്യങ്ങളിലൂടെയാണ് ഒരു സാധാരണ പ്രണയകഥയെ അസാധാരണ ജീവിതകഥയാക്കി മാറ്റുന്നത്. സ്വയം സംസാരിക്കുന്ന ചോദ്യങ്ങളുടേതായ ഒരു ക്രിയാത്മക ഭൂപടം നിര്‍മ്മിച്ചുകൊണ്ടാണ് ഈ ആഖ്യാനം പുരോഗമിക്കുന്നത് എന്നതിന്റെ സാക്ഷ്യപത്രമാണ് ”ജീവിതം പ്രകാശമുള്ള സൗന്ദര്യം തന്നെ” എന്നുള്ളത്. ജീവിതത്തിന്റെ മുഖത്ത് ചേറും, ചെളിയും പറ്റിയിരിക്കുമ്പോഴും ജീവിതം പ്രകാശമുള്ള സൗന്ദര്യംതന്നെ എന്ന വിചിത്രത ഇവിടെ അര്‍ത്ഥഗര്‍ഭമാകുന്നു. മജീദിന്റെ ഏതെങ്കിലും പ്രാര്‍ത്ഥന ദൈവം കേട്ടുവോ? കണക്കു ക്ലാസിലെ പരിഹാസങ്ങള്‍ സഹിക്ക വയ്യ. സങ്കടത്തോടെ മജീദ് ഉമ്മയുടെ മുന്നില്‍ അവതരിപ്പിച്ചു. ഉമ്മ പറഞ്ഞതു പ്രകാരം മജീദ് പ്രാര്‍ത്ഥിച്ചു. ”എന്റെ റബ്ബേ, എന്റെ കണക്കുകളെല്ലാം ശരിയാക്കിത്തരണേ! അതായിരുന്നു മജീദിന്റെ ആദ്യപ്രാര്‍ത്ഥന. രാവും, പകലും പ്രാര്‍ത്ഥിക്കും. എന്നിട്ടും കണക്കുകള്‍ എല്ലാം തെറ്റി.” മജീദിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ലെങ്കിലും സുഹ്‌റ കേട്ടു. തുടര്‍ന്ന് അത്തരമൊരു ദിശയില്‍ ബഷീര്‍ വസ്തുതകളൊന്നും അപഗ്രഥിക്കുന്നില്ലെങ്കിലും, സഹൃദയമനസ്സില്‍ ചില ചോദ്യങ്ങള്‍ നിശ്ചയമായും കഥാഗതി ഉയര്‍ത്തുന്നുണ്ട്.

ഓരോരോ സന്ദര്‍ഭത്തിലും ഉയര്‍ത്തുന്ന ചോദ്യങ്ങളാണ് ഈ നോവലിനെ കാലാതിവര്‍ത്തിയാക്കി നിലനിറുത്തിയ ഒരു ഘടകം. ഈ നോവലിന്റെ ആഖ്യാനത്തിലുടനീളം ബഷീര്‍ സഹൃദയരെ പങ്കാളികളാക്കി നിറുത്തുകയാണ് ചെയ്തിട്ടുള്ളത്. ധ്വന്യാത്മകമായ ഒരു കഥനരീതിയാണ് അതിലൂടെ സൃഷ്ടിച്ചത്. വെറും ഭാവനാത്മകം മാത്രമല്ല ആ ചോദ്യങ്ങള്‍. സമകാലികലോകത്തും ഭാവികാലത്തിലും അതിന്റെ വികസ്വരമാനങ്ങള്‍ സ്വയംസൃഷ്ടമാണ്. ഒരുവേളയില്‍ ചോദിക്കുന്നുണ്ട് ”മരണത്തോടെ എല്ലാം കഴിയുമോ?” മറ്റൊരു വേളയില്‍ ചോദിക്കുന്നു;” ശാന്തസുന്ദരമായ ജീവിതം ഉണ്ടോ?” ഇതുപോലെ ദാര്‍ശനികമായ ചില അന്വേഷണങ്ങളിലേക്ക് നീളുന്ന ചോദ്യങ്ങള്‍ ഒട്ടേറെയുണ്ടിവിടെ. ആചാരങ്ങളുടെ അയുക്തികതയും, സ്ത്രീധനത്തിന്റെയും മറ്റും സ്വാര്‍ത്ഥഭോഗപരതയും ഇവിടെ പ്രശ്‌നവല്‍ക്കരിച്ചിട്ടുണ്ട്.
സുഹ്‌റയുടെയും മജീദിന്റെയും ദുരന്തപൂര്‍ണമായ ജീവിതപരിണിതകള്‍ എങ്ങനെയാണ് സഹൃദയര്‍ ഏറ്റുവാങ്ങിയത്? അതിനുമുമ്പേ ഒരു ട്രാജിക് നോവല്‍ എന്ന നിലയില്‍ ബാല്യകാലസഖിയുടെ സവിശേഷതകള്‍ പരിശോധിക്കേണ്ടതുണ്ട്. ട്രാജഡി എന്നു കേള്‍ക്കുമ്പോള്‍ സഹൃദയരുടെ ചിന്ത സഞ്ചരിക്കുക, ഗ്രീക്ക് നാടകസാഹിത്യചരിത്രത്തിലേക്ക് ആകുന്നത് വളരെ സ്വാഭാവികം. പിന്നയതു ചെന്നെത്തുക വില്യം ഷേക്‌സ്പിയറില്‍ ആയിരിക്കും. ഇവിടെ നോവലാണ് മാധ്യമം. നിഷ്‌ളങ്കമായ ബാല്യകാലസൗഹൃദം, പ്രണയലോകത്തെ തീര്‍ക്കുകയും, അതു യദൃച്ഛയാ ദുരന്താനുഭവങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നതാണ് ബാല്യകാലസഖിയില്‍ സംഭവിക്കുന്നത്.

പ്രൊഫ. എം.കെ. സാനു, ”ഈഡിപ്പസ് രാജാവ് മഹത്തായ നാടകം” എന്ന പ്രബന്ധത്തില്‍ ട്രാജഡിയുടെ സവിശേഷതയെ പറ്റിവിശദീകരിച്ചിട്ടുണ്ട്. അതിവിടെ പ്രസക്തമാണ്. ”നായകന്‍ തൂങ്ങിമരിക്കുന്നതില്‍ ചെന്നവസാനിക്കുന്നതു കൊണ്ടുമാത്രം ഒരു നാടകം ട്രാജഡി ആവുകയില്ല. ജീവിതത്തിലുണ്ടാകുന്ന യാദൃച്ഛികമായ അപകടങ്ങളുടെ ആവിഷ്‌ക്കരണവും ട്രാജഡിയല്ല. ട്രാജഡിയില്‍ ഇതെല്ലാം കണ്ടുവെന്നുവരാം. എന്നാല്‍ ജീവിതത്തിന്റെ ഉത്ക്കടമായ വേദനയും, ദാരുണമായ തകര്‍ച്ചയും ട്രാജഡിയില്‍ ചിത്രീകരിക്കപ്പെടുന്നത് മാനവാത്മാവിന്റെ സഹനശക്തിയെയും ഔന്നത്യത്തെയും വെളിവാക്കിക്കാണിക്കുന്നതിനുവേണ്ടിയാണ്. അത്ര അന്യാദൃശമായ വേദനയുടെ ഭാരം താങ്ങുമ്പോഴും, നട്ടെല്ലു നിവര്‍ത്തിനില്‍ക്കുന്ന അസാമാന്യസത്ത്വരായ ഉന്നതാത്മാക്കളെയാണ് നാം, അവിടെ കണ്ടുമുട്ടുന്നത്. അവരെ നോക്കുമ്പോള്‍ മനുഷ്യന്‍ എന്തൊരു അത്ഭുതസൃഷ്ടി എന്നു പറഞ്ഞ്, ആദരഭാവത്തോടെ കൈ കൂപ്പുവാന്‍ നമുക്ക് തോന്നും. അതുകൊണ്ടാണ് വേദനയുടെ ആധിക്യത്തെ ആഴമുള്ളതായി സങ്കല്പിക്കുന്ന നാം ട്രാജഡിയെക്കുറിച്ചു പറയുമ്പോള്‍ ഔന്നത്യമെന്ന സങ്കല്പത്തിനു മാത്രം സ്ഥാനം കൊടുക്കുന്നത്. വേദന ആഴമേറിയതാവാം;’പക്ഷേ, ട്രാജഡിക്ക് ഉയര്‍ച്ചയേയുള്ളൂ. ഇക്കാരണത്താലായിരിക്കാം, ട്രാജഡി മനുഷ്യാത്മാവില്‍ കഥാര്‍സിസ് (വികാരവിരേചനം) ഉണ്ടാക്കുന്നുവെന്ന് അരിസ്റ്റോട്ടില്‍ തൊട്ടിങ്ങോട്ടുള്ള പല നിരൂപകന്മാരും പറഞ്ഞുപോന്നിട്ടുള്ളത്. ഇതു കണ്ടിട്ടാവണം, കലകളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് ട്രാജഡിയാണ് എന്നു ബര്‍ട്രാന്‍ഡ് റസ്സല്‍ എഴുതിയതും.”

ദുരന്തസാഹചര്യത്തിലൂടെ ജീവിതം കടന്നുപോകുമ്പോഴും, മജീദിലും സുഹ്‌റയിലുമുള്ള ഹൃദയൈക്യം, മനസ്സിജഭാവം എന്നിവ ഉദാത്തമായ മാനവികതയുടേതാണ്. അത് നിസ്വാര്‍ത്ഥമായ കാമനകളാലും ഭാവനകളാലും അന്തര്‍ഭാവിതമാണ്. ധാന്യസ്ഥമാണ്. മജീദിന്റെ ബാപ്പയുടെ ദുഷ്‌കൃതവും സാമ്പത്തികത്തകര്‍ച്ചയും ദാരിദ്ര്യവും ആണ് ഇവിടെ വില്ലന്‍. അതുകൊണ്ടുതന്നെ പ്രേമദുരന്തമായി ഈ ജീവിതകഥയെ വിലയിരുത്താനാകില്ല. പ്രണയകഥയാണിതെങ്കിലും കാല്‍പ്പനികതയുടെ വികാര-വിചാരങ്ങളല്ല നോവല്‍ ഉണര്‍ത്തുന്നത്. ദുരന്തവാഹിയായി കഥ മുന്നോട്ടു നീങ്ങുമ്പോഴും കരുണാര്‍ദ്രമായ മനസ്സിന്റെ പ്രതിപ്രവര്‍ത്തനങ്ങളാണ് സഹൃദയനില്‍ സംഭവിക്കുന്നത്. ഇതുതന്നെയാണ് ഈ നോവലിന്റെ ഒരു സവിശേഷത. ഉത്തരം കിട്ടാത്ത വലിയ ചോദ്യം സഹൃദയരില്‍ സന്നിവേശിപ്പിച്ചാണ് ആഖ്യാതാവ് കഥാന്ത്യത്തില്‍ പിന്മാറുന്നത് എന്നതു വളരെ ശ്രദ്ധേയം. ”എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്‌റാ പറയാന്‍ തുടങ്ങിയത്?” നോവലിന് എണ്‍പതു പിന്നിടുമ്പോഴും ഓരോരോ സഹൃദയന്റെ ചങ്കിലും അതൊരു ഇടിമുഴക്കമായി നിലകൊള്ളുന്നില്ലേ?

ജീവിതത്തില്‍നിന്ന് വലിച്ചു ചിന്തിയ ഏടുകളില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. എം.പി. പോള്‍ ഈ നോവലിനു എഴുതിയ അവതാരിക വളരെ പ്രസിദ്ധമാണ്. അവതാരികക്കാരന്‍ ഇങ്ങനെക്കൂടി പ്രസ്താവിച്ചിട്ടുണ്ട്- ”ഈ കഥയിലെ പാത്രങ്ങള്‍ക്ക് അനാദൃശമായവ്യക്തിവിശേഷവും സ്ഫുടതയുമുണ്ട്… ഉന്നതമായ ഭാവനയും വിസ്തൃതമായ ലോകാനുഭവവും സൂക്ഷ്മമായ മനുഷ്യഹൃദയജ്ഞാനവും ഇക്കഥയില്‍ സഞ്ചയിക്കുന്നു.” ബാലകാലസഖിയുടെ വായനാചരിത്രവും, ബഷീര്‍കൃതികളുടെ സഹൃദയസന്നിവേശവും സാക്ഷ്യപ്പെടുത്തുന്നത് ”സമുദായത്തിന്റെ ഹൃദയത്തില്‍ പ്രവേശിക്കാനുള്ള മാര്‍ഗം സാഹിത്യം” ആണെന്ന വസ്തുതയാണ്.”
സാഹിത്യത്തിലെ പ്രമേയ സ്വീകരണത്തില്‍ ആഭിജാത്യം ദീക്ഷിച്ച അക്കാലത്തിന്റെ സംസ്‌കാരശൂന്യതയെ, ബാല്യകാലസഖിയിലൂടെ ബഷീര്‍ എന്ന എഴുത്തുകാരന്‍ വെല്ലുവിളിക്കുകയാണ് ചെയ്തത്.
ഈ നോവലിന്റെ പ്രസാധനത്തെ സംബന്ധിച്ച വിഷമതകളും വിശേഷങ്ങളും ഒത്തിരിയുണ്ട്. എറണാകുളത്തെ വിശ്വനാഥന്റെ പ്രസിലാണ് ഇത് ആദ്യമായി അച്ചടിച്ചത്. അച്ചടിച്ചുവന്ന കോപ്പി നോക്കി, ബഷീര്‍ അന്തംവിട്ടുപോയി. നാട്ടുഭാഷാമൊഴികളെല്ലാം മാനകീകരിച്ചെഴുതിയിരിക്കുന്നു. എന്തു കഷ്ടം?

ബഷീറുമായുള്ള ഒരഭിമുഖത്തില്‍ (1983) പറഞ്ഞ വസ്തുത കൂടി ബാല്യകാലസഖിയെപ്പറ്റി അറിയാന്‍ വായിച്ചിരിക്കേണ്ടതാണ്. അതിതാണ്-”അതു നടന്ന കഥയാണ്. മജീദ് ഞാന്‍ തന്നെയാണ്. അങ്ങനെ ആളുകള്‍ക്ക് തോന്നാതിരിക്കാന്‍ കാലുമുറിച്ചെന്നു മാത്രം. അക്കാലത്ത് സൈക്കിള്‍ അപകടത്തില്‍പ്പെട്ട് എന്റെ കാലിനൊരു മുറിവു പറ്റുകയും ചെയ്തിരുന്നു. സുഹ്‌റ എന്റെ അയല്‍ക്കാരിയായിരുന്നു. അവള്‍ മരിക്കുമ്പോള്‍ ഞാന്‍ കല്‍ക്കത്തയിലാണ്. അവിടെ, ലോവര്‍ ചിറ്റ്പൂര്‍ റോഡിലെ ആറുനില കെട്ടിടത്തിന് മുകളില്‍ ഏകാകിയായി ഞാന്‍ കിടക്കുമ്പോള്‍ സുഹ്‌റ സ്വപ്നത്തില്‍ വന്ന് എന്നോടു പറയുകയാണ്- ”ഞാന്‍ മരിച്ചുപോയി. എന്നെ തലയോലപ്പറമ്പ് മുസ്ലിം പള്ളിയുടെ ഖബര്‍സ്ഥാനില്‍ ഒരു പ്ലാവിന്റെ ചുവട്ടിലാണ് അടക്കിയിരിക്കുന്നത്.” ബാല്യകാലസഖി ആദ്യം എഴുതിയപ്പോള്‍ ബഷീര്‍ ഇങ്ങനെത്തന്നെയാണ് തുടങ്ങിയത്. മരിച്ച സുഹ്‌റയുടെ ഈ വാക്കുകളില്‍ തുടങ്ങിയ ചരിത്രം, മുഴുവന്‍ തന്നെ എഴുതി. ആളുകള്‍ അത് വിശ്വസിക്കുകയില്ല എന്നു തോന്നിയതുകൊണ്ട് മാറ്റിയെഴുതിയതാണ്.

”അതിലെ ബാപ്പയും ഉമ്മയുമൊക്കെ?” എന്ന ഒരു ചോദ്യവും അഭിമുഖം നടത്തിയ ജോര്‍ജ്ജ് ഇരുമ്പയം ഉന്നയിച്ചു. ചോദ്യത്തോട്ബഷീര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. ”എന്റെ ബാപ്പയുടെയും ഉമ്മായുടെയും അതേ ചിത്രം തന്നെയാണ്. ബാപ്പ മരക്കച്ചവടക്കാരനായിരുന്നു. ഒരുപാട് പണം ഉണ്ടാക്കി. എല്ലാം നശിച്ചു.” ഒരുകാര്യം കൂടി വളരെ ശ്രദ്ധേയമാണ്-അത് എഴുതിയപ്പോള്‍ ഇന്നു കാണുന്നതിനേക്കാള്‍ അഞ്ചിരട്ടി വലിപ്പം ഉണ്ടായിരുന്നു എന്നും ബഷീര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആ നോവല്‍ കാച്ചിക്കുറുക്കിയെടുത്തതാണ് ഇന്നത്തെ രൂപം. മലയാളസാഹിത്യവിമര്‍ശനത്തിലെ ഉല്‍പതിഷ്ണുവായ എം.പി.പോള്‍ ആയിരുന്നു അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശകന്‍.

ഗാന്ധിയെപ്പോലെ ബഷീറില്‍ അത്യഗാധമായൊരു ജനാധിപത്യസംസ്‌കാരം അന്തര്‍ധാരയായി വര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് വായനക്കാരെ, ബഷീര്‍ കീഴാളരായി കണ്ടിട്ടില്ല. അതായത് ഒരിക്കലും തനിക്കു കീഴെ കണ്ടിട്ടില്ല. എഴുത്തിലെ ലാളിത്യവും ലഘുത്വവുംകൊണ്ട്, സാഹിതിയെ എല്ലാ മനുഷ്യരിലേക്കും പകര്‍ന്നുവെക്കലാണ് നടത്തിയത്. അതിലൂടെ മഹത്തായ മനുഷ്യനന്മയെ പകര്‍ന്നുവെയ്ക്കുന്നു. അതുപോലെ മഹത്തായ കമ്മ്യൂണിസ്റ്റുസാഹോദര്യത്തിന്റെ ഭാവനകളും ബഷീറില്‍, നന്നേ, ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.സഹാനുഭൂതിയുടെ സംസ്‌കാരം, സമത്വസുന്ദരമായ ലോകം; വിശുദ്ധപ്രണയത്തിന്റെ ലോകം. അതുകൊണ്ട്, ബാല്യകാലസഖി എന്ന നോവലില്‍ ദുരന്തകഥാപരിണതിയുണ്ടെങ്കിലും, അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന തരത്തില്‍ അതീവശക്തി സൗന്ദര്യമുള്ള ഒരു ജീവിതസംസ്‌കാരമുണ്ട്. ബഷീര്‍കൃതികള്‍ ഇന്നും പുതിയ തലമുറയുമായി സംവദിക്കുന്നതിന്റെ പൊരുള്‍ മറ്റൊന്നല്ല.

 

******

3 Replies to “‘ബാല്യകാലസഖി’ നെയ്ത ഭാവനാലോകങ്ങള്‍”

  1. ഗോപാലകൃഷ്ണൻ നടുവത്തേരി,

    ബാല്യകാല സഖി ഹൃദയതന്ത്രികളിൽ മണിവീണമീട്ടുന്ന ഹൃദയരാഗമാണ്, കാലാകാലങ്ങളോടെ മനുഷ്യഹൃദയങ്ങളിൽ പ്രേമത്തിന്റ വികാര തരംഗങ്ങൾ സൃഷ്ടിക്കുന്ന അഖ്യാന കാവ്യാമാണ്, മനുഷ്യ ഹൃദയങ്ങൾ തുടിക്കുന്നെടത്തോളം അതിനു നാശമില്ല, അമരത്വം വരിച്ച ബഷീറിനും നാശമില്ല.

  2. ഡോ: തോമസ് വി. പുളിക്കൽ,

    പ്രഥമ പ്രണയാതുരവും വേദനാ നിർഭരവുമായ കഥ. ഹൃദയങ്ങളിൽ നീറ്റലും ആർദ്രതയും സൃഷ്ടിക്കുന്ന ബഷീറിമൻ ഭാഷാമായികതയുടെ നിത്യനൂതന സൃഷ്ടി സൗന്ദര്യം : ബാല്യകാല സഖി!
    പ്രൊഫ : (Dr.) തോമസ് വി. പുളിക്കൽ

Your Email address will not be published.