Skip to main content

പട്ടത്തുവിള കരുണാകരന്‍ നട്ടെല്ലുള്ള കഥാകാരന്‍

മലയാള കഥാലോകത്ത് തികച്ചും ഒറ്റയാനായിരുന്നു പട്ടത്തുവിള കരുണാകരന്‍. രാഷ്ട്രീയകഥകളിലൂടെ ഉന്നതശീര്‍ഷമായ ഭാവനയും ചിന്തയും പ്രസരിപ്പിക്കുകയായിരുന്നു എഴുപതുകള്‍ മുതല്‍ അദ്ദേഹം ചെയ്തത്. എം. സുകുമാരന്‍, യു.പി ജയരാജന്‍ തുടങ്ങിയവരുടെ രചനകള്‍ ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ അവരില്‍നിന്ന് തികച്ചും വ്യത്യസ്തമായ വഴിയാണ് പട്ടത്തുവിള തെരഞ്ഞെടുത്തത്. ആധുനികതയുടെ കാലത്ത് തന്നെ ഉത്തരാധുനിക സ്വഭാവമുള്ള കഥകള്‍ എഴുതാന്‍ പട്ടത്തുവിളക്ക് സാധിച്ചു. 1925 ജൂലൈ 31നാണ് പട്ടത്തുവിളയുടെ ജനനം. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വേളയിലൂടെയാണ് മലയാള കഥ കടന്നുപോകുന്നത്. രാഷ്ട്രീയകഥകളിലൂടെ സ്‌തോഭജനകമായ ഒരുകാലത്തെ പുനരാവിഷ്‌കരിക്കാന്‍ സാധിച്ചു എന്നതിന് പുറമെ ആക്ഷേപഹാസ്യത്തിന്റെ പ്രത്യേകമായ വിതാനം കഥകള്‍ക്ക് നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഒ.വി.വിജയന്‍, വി.കെ.എന്‍, എം.ടി.വാസുദേവന്‍നായര്‍, മാധവിക്കുട്ടി തുടങ്ങിയവരുടെ കാലത്താണ് പട്ടത്തുവിളയുടെ കഥകളും നമുക്ക് ലഭിക്കുന്നത്. എന്നാല്‍ അവരില്‍നിന്ന്‌ തികച്ചും വ്യത്യസ്തമായ നിരീക്ഷണങ്ങളും രാഷ്ട്രീയനിലപാടുകളും ആഖ്യാരീതിയും മറ്റുമായി പട്ടത്തുവിള സ്വന്തം വഴി വെട്ടിതുറന്നു. ആര്‍ക്കും അനുകരിക്കാനാവാത്ത ഒരു ശൈലി അദ്ദേഹം വളര്‍ത്തിയെടുത്തു. ചാട്ടുളി പോലെ തുളച്ചുകയറുന്നതാണ് അദ്ദേഹത്തിന്റെ പല കഥകളും. ലളിതമായ വായനയിലൂടെ പിടിച്ചെടുക്കാവുന്ന ഘടനയായിരുന്നില്ല ആ കഥകള്‍ക്ക് ഉണ്ടായിരുന്നത്. സാര്‍വലൗകികമായ രാഷ്ട്രീയവും സാമൂഹിക സങ്കല്‍പങ്ങളും നിറഞ്ഞ കഥകള്‍ എളുപ്പത്തില്‍ വായനക്കാരന് വഴങ്ങുന്നതായിരുന്നില്ല. വിപ്ലവപ്രസ്ഥാനങ്ങളുടെ അരിക് പറ്റി നടക്കുമ്പോഴും സന്ദേഹിയുടെ മനസ്സായിരുന്നു പട്ടത്തുവിളയുടെ കഥാപാത്രങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ഈ സന്ദേഹങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധാരണ വായനക്കാര്‍ക്ക് എളുപ്പം സാധിക്കുകമായിരുന്നില്ല. ബൗദ്ധികമായ ഉന്നത നിലവാരവും പൊതുവെ വായനക്കാരെ പട്ടത്തുവിളയുടെ കഥകളില്‍നിന്ന് അകറ്റിനിര്‍ത്തി എന്നുവേണം അനുമാനിക്കാന്‍. കാല്‍പനികമായ ശൈലിയും ഭാഷയും നിരാകരിച്ചുകൊണ്ടുള്ള എഴുത്തും വായനക്കാരെ ആകര്‍ഷിക്കാതിരിക്കാന്‍ കാരണമായി. എന്നാല്‍, അപൂര്‍വമായ പ്രതിപാദനവും പ്രമേയവും ചേര്‍ന്നുള്ള പട്ടത്തുവിളയുടെ കഥകള്‍ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം വായനക്കാര്‍ എന്നും ഉണ്ടായിരുന്നു അഥവാ ഉണ്ട് എന്ന വസ്തുത വിസ്മരിക്കാവുന്നതുമല്ല. അവര്‍ക്കുവേണ്ടിയായിരിക്കാം അദ്ദേഹം എഴുതിയത്.

ദേശീയവും അന്തര്‍ദേശീയവുമായ വിപ്ലവസ്പന്ദനങ്ങള്‍ എത്രയോ സൂക്ഷ്മമായി അന്വേഷിക്കാനും കണ്ടെത്താനുമുള്ള കഴിവ് പട്ടത്തുവിളയ്ക്ക് ഉണ്ടായിരുന്നു. ലെനിന്‍, സ്റ്റാലിന്‍, തുടങ്ങിയവരൊക്കെ കഥകളിലൂടെ ഉയര്‍ത്തെഴുന്നേറ്റു. രാഷ്ട്രീയ ആക്ഷേപഹാസ്യം ഇതിലെല്ലാം മുറ്റിനില്‍ക്കുന്നു. വിപ്ലവം സ്വപ്നം കണ്ടുനടന്നവരുടെ അധികാരക്കൊതിയും അതിലെ ഫലിതവും ചര്‍ച്ചയാക്കിയതിനും ഉദാഹരണങ്ങളുണ്ട്. സംഗീതം, ചിത്രകല, സിനിമ, ഫോട്ടോഗ്രാഫി, തത്വശാസ്ത്രം, ചരിത്രം, ഹിപ്പിയിസം, ബുദ്ധദര്‍ശനം എന്നിവയെല്ലാം കഥകളില്‍ ഉപയോഗിക്കുകയുണ്ടായി. ഇതിന് പുറമെ കുടുംബബന്ധങ്ങളും സഹോദരങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പവും കഥകളില്‍ തെളിഞ്ഞുനില്‍ക്കുന്നു. രാഷ്ട്രീയ കഥകള്‍ സമര്‍ത്ഥമായി അവതരിപ്പിച്ചു എന്നതാണ് പട്ടത്തുവിളയുടെ പ്രധാന സംഭാവനയായി വിലയിരുത്തപ്പെടുന്നത്.

കഥയില്‍ മാത്രം ശ്രദ്ധചെലുത്തിയ എഴുത്തുകാരന്‍

പട്ടത്തുവിള കഥകള്‍ മാത്രമെ എഴുതിയിട്ടുളളു. നോവലിലേക്ക് കടന്നില്ല. എന്നാല്‍ കഥാലോകത്ത് സ്വന്തം വ്യക്തിത്വം സ്ഥാപിക്കുകയും ചെയ്തു. അതിന്റെ പേരില്‍ ഒരു അവകാശവാദവും അദ്ദേഹം ഉന്നയിച്ചില്ല എന്നതും ഓര്‍ക്കേണ്ടതുണ്ട്. പബ്ലിസിറ്റി അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. കഥകളുടെ മേന്മകൊണ്ടുമാത്രം വായനക്കാര്‍ അദ്ദേഹത്തിലേക്ക് എത്തിചേര്‍ന്നു. നിരൂപകരുടെ ലാളനയും പ്രശംസയും പരിഗണനയും അദ്ദേഹം ആഗ്രഹിച്ചതുമില്ല. എന്നിട്ടും അദ്ദേഹത്തിന്റെ രചനകള്‍ ചര്‍ച്ചചെയ്യാന്‍ സാഹിത്യരംഗം നിര്‍ബന്ധിതമായി.

1950 മുതല്‍ 1985 വരെയുള്ള മൂന്നര പതിറ്റാണ്ടിലാണ് പട്ടത്തുവിളയുടെ കഥകള്‍ നമുക്ക് ലഭിക്കുന്നത്. കൂടുതലൊന്നും എഴുതിയിട്ടുമില്ല. ആകെ 72 കഥകളാണ് പ്രസിദ്ധീകരിച്ചുവന്നിട്ടുള്ളത്. കണ്ണേ മടങ്ങുക എന്ന സമാഹാരം 1957ലാണ് പ്രസിദ്ധീകരിച്ചത്. ചിറ്റാട്ടുമുക്ക് ജനതാ ബുക്‌സ് ആയിരുന്നു പ്രസാധകര്‍. പട്ടത്തുവിളയുടെ ജന്മദേശമായ കൊല്ലം കടപ്പാക്കടയിലെ കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബ് ബൂര്‍ഷ്വാസ്‌നേഹിതന്‍ പ്രസിദ്ധീകരിച്ചത് 1958ലാണ്. തൃശൂര്‍ കറന്റ് ബുക്‌സ് 1970ല്‍ സത്യാന്വേഷണം പ്രസിദ്ധീകരിച്ചു. മുനി എന്ന കഥാസമാഹാരം സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ് പ്രസിദ്ധീകരിച്ചത്. ഈ സമാഹാരത്തിന് സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. നട്ടെല്ലികളുടെ ജീവിതം എന്ന പേരില്‍ 23 കഥകളുടെ സമാഹാരവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിച്ചു. 1984ല്‍ ശിഖ പബ്ലിഷേഴ്‌സ് കഥ: പട്ടത്തുവിള എന്ന സമാഹാരം പുറത്തിറക്കി. 40 കഥകളാണ് അതില്‍ ഉണ്ടായിരുന്നത്. 1999ല്‍ പട്ടത്തുവിളയുടെ സമ്പൂര്‍ണ സമാഹാരം എന്ന നിലയില്‍ ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ചു. ഇതില്‍ പട്ടത്തുവിളയുടെ സഹധര്‍മ്മിണി സാറയുടെ ഓര്‍മ്മക്കുറിപ്പും ചേര്‍ത്തിരുന്നു. പിന്നീട് അഭിനവ കഥകള്‍ പട്ടത്തുവിള എന്ന പേരില്‍ എന്‍. സന്തോഷ്‌കുമാറിന്റെയും കിരണ്‍ പ്രഭാകരന്റെയം പഠനം സഹിതം ചില കഥകള്‍ കൂട്ടിചേര്‍ത്ത് സമാഹാരം 2023 നവംബറില്‍ പുറത്തുവന്നു.

ബൂര്‍ഷ്വാസ്‌നേഹിതന്‍ എന്ന ആദ്യകാലകഥയില്‍ തന്നെ രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ ചന്ദ്രനും സമ്പന്ന കുടുംബത്തിലെ കൗമാരക്കാരനായ ആഖ്യാതാവും തമ്മിലുള്ള അസാധാരണമായ സൗഹൃദമാണ് കഥക്ക് ആധാരം. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ കഴിയുന്ന ചന്ദ്രന് ധാരാളം ഉത്തരവാദിത്വങ്ങളുണ്ട്. പല കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കണം. പലരുടെയും ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടണം. അതുമാത്രമല്ല, സമരം നയിക്കുകയും പോലീസിന്റെ അടി വാങ്ങുകയും ജയിലില്‍ കിടക്കുകയും വേണം. അങ്ങനെ ചന്ദ്രന്റെ ജീവിതം അപകടം പിടിച്ചതും ത്യാഗപൂര്‍ണവുമാണ്. പഴകി ജീര്‍ണിച്ച പാലത്തിന്റെ വശങ്ങളിലുള്ള കമ്പിയില്‍ ഇരുന്നാല്‍ നടുവിന്റെ എല്ലുകള്‍ കഴയ്ക്കും. അതിനാല്‍ കമ്പിയില്‍ ചാരിനില്‍ക്കുകയാണ് ആഖ്യാതാവിന്റെ പതിവ്. ചന്ദ്രനെ കാത്തുനില്‍ക്കുകയാണ്.
ചന്ദ്രനെ ഒരു ദിവസം പോലും കാണാതിരിക്കാനാവില്ല. ചന്ദ്രനും കൂട്ടര്‍ക്കും ഇടയ്ക്ക് പ്രകടനം നടത്തി ജനശ്രദ്ധ ആകര്‍ഷിക്കേണ്ടിവരും. പ്രകടനം ആഖ്യാതാവിന്റെ വീട്ടുകാര്‍ കാണും. ആഖ്യാതാവിന്റെ സഹോദരിമാര്‍ അപ്പോള്‍ പുച്ഛത്തോടെ പറയും. ‘തൊഴിലില്ലാത്ത വായിനോക്കികളാണ് ഈ ഇങ്കിലാബുകാര്’ – അതൊരു വിധിപ്രസ്താവം പോലെ കടുത്തതാണ്. ചന്ദ്രനെ അവമതിക്കുന്ന ഇതിനോട് പ്രതികരിക്കാതിരിക്കാന്‍ ആഖ്യാതാവിന് സാധിക്കുന്നില്ല. ‘അവര് പറയുന്നതിലും കുറേയൊക്കെ നേരുണ്ട്’. ആഖ്യാതാവിന്റെ ദുര്‍ബലമായ പ്രതികരണം അങ്ങനെ പുറത്തുവരുന്നു. അതുകേട്ട് സഹോദരിമാര്‍ പുച്ഛത്തോടെ പറയുന്നു: ഓ! ഇയാളൊരു തൊഴിലാളി പ്രേമി!
പ്രതികരണം പരിഹാസത്തിലേക്ക് നീങ്ങുകയാണ് ‘സഖാവ് കൊച്ചനുജന്‍!’ കോപവും സങ്കടവും വന്നെങ്കിലും അവന് ഒന്നും പറയാന്‍ പറ്റുന്നില്ല. ഇക്കാര്യം ചന്ദ്രനോട് പറഞ്ഞില്ലെങ്കിലും തനിക്ക് പാര്‍ട്ടിയില്‍ ചേരണമെന്ന ആഗ്രഹം അവന്‍ പ്രകടിപ്പിക്കുക തന്നെ ചെയ്യുന്നു. ചന്ദ്രന്റെ മറുപടി ഇങ്ങനെയാണ് : ‘ദൈനംദിന ജീവിതത്തില്‍ സാമ്പത്തികമായ നിന്ദ അനുഭവിക്കുന്ന ഒരുവന് മാത്രമേ ആത്മാര്‍ത്ഥതയുള്ള ഒരു രാഷ്ട്രീയപ്രവര്‍ത്തകനാകാന്‍ സാധിക്കൂ’ ഏതോ പുസ്തകം സംസാരിക്കുന്നതുപോലെയാണ് ആഖ്യാതാവ് അത് കേള്‍ക്കുന്നത്. കൃത്രിമമായ പാര്‍ട്ടിരീതികള്‍ അങ്ങനെ അയാള്‍ ആദ്യമായി മനസ്സിലാക്കുകയാണ്. എന്നാല്‍ ചന്ദ്രനോടുള്ള അനുഭാവം അവസാനിക്കുന്നില്ല. ചന്ദ്രന്‍ ആകാശത്തേക്ക് മുഷ്ടി ചുരുട്ടി പ്രകടനത്തില്‍ പോകുമ്പോള്‍ അത് താനാണെന്ന് ആഖ്യാതാവിന് തോന്നും. ചന്ദ്രന്‍ പ്രസംഗിക്കുമ്പോള്‍ വാക്കുകള്‍ കിട്ടാതാവുമോ എന്ന വിമ്മിട്ടം അവന് അനുഭവപ്പെടും.

ചന്ദ്രനുമായുള്ള ആഖ്യാതാവിന്റെ ബന്ധം സ്വവര്‍ഗരതിയുടെ തലത്തിലേക്ക് മാറുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മുകളില്‍ പറഞ്ഞ വിമ്മിട്ടം അതിന്റെ തെളിവാണ്. ഒരു സന്ധ്യയില്‍ പതിവുസന്ദര്‍ശനത്തിന്റെ ഒടുവില്‍ ചന്ദ്രന്‍ പുതിയൊരു കാര്യം വെളിപ്പെടുത്തുന്നു. ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്നു. അതു പാര്‍ട്ടി തീരുമാനമാണ്. ആ വാര്‍ത്ത ആഖ്യാതാവിന് അസുഖകരമായി അനുഭവപ്പെടുകയാണ്. അതോടെ ചന്ദ്രനില്‍ നിന്ന് അകലുകയാണ്. എന്താണ് പറയേണ്ടതെന്ന് അവന് അറിയില്ല. സന്തോഷിക്കണോ ഖേദിക്കണോ എന്ന് രൂപം കിട്ടുന്നില്ല. ഈ സന്ദേഹത്തിന്റെ നിസ്സഹായത അവനെ തളര്‍ത്തുന്നു. സ്വവര്‍ഗരതിയുടെ സാന്നിധ്യത്തോടൊപ്പം രാഷ്ട്രീയമായ സന്ദേഹവും ആഖ്യാതാവ് നേരിടുന്നുണ്ട്. പോലീസ് മര്‍ദ്ദനത്തില്‍പോലും പതറാതെ ചിരിച്ചു നില്‍ക്കുന്ന ചന്ദ്രന്‍ ആഖ്യാതാവിനെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതമാണ്. താന്‍ എവിടെയാണ് നില്‍ക്കേണ്ടത് എന്ന സന്ദേഹം അവനെ പ്രയാസത്തിലാക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് എന്ത് നിലപാട് സ്വീകരിക്കണം എന്നത് സമ്പന്ന കുടുംബത്തിലെ അംഗങ്ങള്‍ക്ക് തലവേദനയാണ്. പാര്‍ട്ടിക്ക് തിരിച്ചും അങ്ങനെ തന്നെ. അതുകൊണ്ടാണ് സമ്പന്നരെ ബൂര്‍ഷ്വകളായി ചിത്രീകരിച്ച് കൈകഴുകുന്നത്. സാര്‍വദേശീയതലത്തില്‍ ബൂര്‍ഷ്വ എന്ന വാക്കിന് ഉദ്ദേശിക്കുന്ന അര്‍ത്ഥമല്ല ഇവിടെ പ്രയോഗിക്കുന്നത്. കൃഷിയും മറ്റുമായി കഴിഞ്ഞുകൂടാന്‍ സാധിക്കുന്നവരെയെല്ലാം ബൂര്‍ഷ്വയെന്ന് വിശേഷിപ്പിക്കുന്നു. ചന്ദ്രനെ കാണാന്‍ എത്തുന്ന വലിയ കുടുംബത്തിലെ അംഗത്തെ ബൂര്‍ഷ്വാസ്‌നേഹിതന്‍ എന്ന് വിശേഷിപ്പിക്കുന്നത് പാര്‍ട്ടിസഖാവ് തന്നെയാണ്. എഴുത്തുജീവിതത്തില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും പട്ടത്തുവിള ഇത്തരം സന്ദിഗ്ധതകള്‍ അനുഭവിച്ചിട്ടുണ്ടാവണം. നക്‌സലൈറ്റ് പ്രസ്ഥാനത്തിലുള്ള പലര്‍ക്കും അദ്ദേഹം സഹായം ചെയ്തു. എന്നാല്‍ അത് പരസ്യപ്പെടുത്താന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ബൂര്‍ഷ്വാസ്‌നേഹിതനില്‍ സൂചിപ്പിക്കുന്ന സന്ദേഹവും നിസ്സഹായതയും ആദിതാളം, കണ്ണേ മടങ്ങുക തുടങ്ങിയ കഥകളിലും കാണാം.

കഥകളില്‍ ആവര്‍ത്തിച്ചുവരുന്ന ത്രിമൂര്‍ത്തികള്‍

പ്രതാപന്‍, രൂപ, രാമൂ എന്ന ആഖ്യാതാവ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ഒരുപറ്റം കഥകള്‍ പട്ടത്തുവിള എഴുതിയിട്ടുണ്ട്. വിപ്ലവം സംബന്ധിച്ച് ബുദ്ധിജീവികള്‍ നടത്തുന്ന ചര്‍ച്ചയാണ് ഇതില്‍ ശക്തമാകുന്നത് ഗവേഷകന്‍, സത്യാന്വേഷണം, ആദിതാളം, എഴുതാത്ത മറുപടി, നട്ടെല്ലികളുടെ ജീവിതം, വരാന്തയില്‍ നിന്നുള്ള കാഴ്ചകള്‍ എന്നീ കഥകളില്‍ പ്രതാപനെയും രൂപയെയും രാമു എന്ന രാമൂട്ടിയെയും കാണാം. ഇവരിലൂടെയാണ് ആധുനിക രാഷ്ട്രീയകഥകള്‍ പുതിയ മാനം തേടുന്നത്. സത്യാന്വേഷണം എന്ന കഥ 1961ലാണ് മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുന്നത്. പട്ടത്തുവിള കഥകള്‍ നേരിട്ട് രാഷ്ട്രീയ സംവാദത്തിലേക്ക് വരുന്നത് ഇതിലൂടെയാണ്. വര്‍ഗരാഷ്ട്രീയവും സായുധവിപ്ലവവും കഥയില്‍ നിറയുകയാണ്. പ്രതാപന്‍ എന്ന വിപ്ലവകാരിയുടെ തിരിച്ചുവരവാണ് കഥയുടെ തുടക്കത്തില്‍ കാണുന്നത്. രാമു എന്ന ആഖ്യാതാവ് പാതിരാത്രിയില്‍ പ്രതാപനെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുകയാണ്.തുടര്‍ച്ചയായ മഴ കൊണ്ട് നനഞ്ഞ അന്തരീക്ഷം മടുപ്പുളവാക്കുന്നതാണ്. വടക്കുനിന്നുള്ള വണ്ടിയില്‍ എത്തുന്ന പ്രതാപനെ കാണുക എന്നത് രാമുവിനെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്ത ഉത്തരവാദിത്വമാണ്. ഈ കാത്തിരിപ്പില്‍ രാമുവിന് അവനോട് തന്നെ സഹതാപമുണ്ട്. പ്രതാപനോട് അമര്‍ഷവും. പ്രതാപന്റെ കത്തില്‍ രൂപയെപ്പറ്റിയുള്ള സൂചനയുണ്ടായിരുന്നു. അവള്‍ ഇന്ന് രണ്ടു കുട്ടികളുടെ അമ്മയാണ്. ട്രോട്‌സ്‌കിയെ സ്‌നേഹിച്ച രൂപയെ പ്രതാപന്‍ ആഗ്രഹിച്ചതായി ഈ കഥയില്‍ സൂചനയുണ്ട്. മങ്കൂസ് എന്നാണ് രൂപയെ പ്രതാപന്‍ വിളിക്കുന്നത്. സ്ത്രീയുടെ ബുദ്ധിയും ചിന്തയും നിലവാരമില്ലാത്തതാണ്  എന്ന്‌ കരുതുന്നവരുടെ കൂട്ടത്തില്‍ പ്രതാപനെ പോലുള്ള വിപ്ലവകാരികളും ഉള്‍പ്പെടുമെന്നാണ് കഥ നല്‍കുന്ന സൂചന.

പ്രതാപനും രൂപയും രാമുവും കോളജില്‍ ഒന്നിച്ചായിരുന്നു. ഹിപ്പിയിസത്തിന്റെ അംശങ്ങള്‍ പേറുന്ന സ്വഭാവവിശേഷങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മറ്റു കുട്ടികള്‍ ഇവരുമായി അടുത്തില്ല. ജ്ഞാനത്തിന്റെ കാര്യത്തില്‍ അധീശത്വം പുലര്‍ത്തിയ ആളായിരുന്നു പ്രതാപന്‍. പിലോസഫി പ്രഫസര്‍പോലും പ്രതാപന്റെ അറിവിന് മുന്നില്‍ മുട്ടുകുത്തി. ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രതാപനെ തനിക്ക് പകരം ക്ലാസെടുക്കാന്‍ ക്ഷണിച്ച പ്രഫസര്‍ ഒരിക്കലും തമാശ പറയുകയായിരുന്നില്ല. രാമുവിനും രൂപയ്ക്കും പ്രതാപന്റെ ജ്ഞാനത്തിന് മുന്നില്‍ അടിയറവ് പറയേണ്ട സന്ദര്‍ഭങ്ങളുണ്ട്. പ്രതാപന്‍ കാവി വസ്ത്രധാരിയായി വേഷപ്രച്ഛന്നന്‍ എന്ന നിലയ്ക്കാണ് തീവണ്ടിയിലെ വെളിച്ചക്കുറവുള്ള കമ്പാര്‍ട്ട്‌മെന്റില്‍ കാണപ്പെടുന്നത്. ഓര്‍മകളുടെ ചില വേലിയേറ്റങ്ങള്‍ രാമുവിന്റെ മനസ്സിലൂടെ കടന്നുപോകുന്നുണ്ട്. അതില്‍ പ്രതാപനും രൂപയും ഉണ്ട്. പ്രതാപന്റെയും രൂപയുടെയും തമ്മിലുള്ള ബന്ധം എപ്രകാരമായിരുന്നു എന്ന അന്വേഷണവും പ്രധാനമാണ്. അതിനെ പ്രേമം എന്നു വിളിക്കാന്‍ ആഖ്യാതാവായ രാമു തയാറാവുന്നില്ല. സോഷ്യലിസ്റ്റിനെ വിവാഹം ചെയ്ത രൂപയെ പ്രതാപന്‍ പരിഹസിക്കുന്നുണ്ട്. ഭാരതനാട്ടില്‍ ജെ. നെഹ്്‌റുവിന് മാത്രമെ സോഷ്യലിസ്റ്റാസനത്തില്‍ ഇടമുള്ളൂവെന്ന് മങ്കൂസിന് അറിഞ്ഞുകൂട-എന്നാണ് അവന്റെ പരിഹാസം.

ഗവേഷകന്‍ എന്ന കഥയില്‍ പ്രതാപന്‍ രൂപയെ വിവാഹം ചെയ്യുകയും പിന്നീട് ബന്ധം വേര്‍പിരിയുകയുമാണ്. സത്യാന്വേഷണം, എഴുതാത്ത മറുപടി, ആദിതാളം എന്നീ കഥകളില്‍ രൂപ സോഷ്യലിസ്റ്റായ സിനിമാ നിര്‍മാതാവിനെ വിവാഹം കഴിക്കുകയാണ്. ആദിതാളം എന്ന കഥയിലാകട്ടെ പോലീസിന്റെ വരവിനെ ഭയപ്പെടുന്ന രാമുവിനെയാണ് കാണുന്നത്. പ്രതാപന്റെയും രൂപയുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞ നാളുകളെപ്പറ്റിയുള്ള ഓര്‍മകള്‍ രാമുവിന്റെ മനസ്സില്‍ ചിതറിക്കിടപ്പുണ്ട്. പാര്‍ട്ടിയുടെ നയവ്യതിയാനം തുടങ്ങിയ സമയമാണത്. പാര്‍ട്ടി ക്ലാസുകളില്‍ പ്രതാപന്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. രൂപയെയും രാമുവിനെയും അതില്‍ നിന്ന് വിലക്കുകയും ചെയ്യുമായിരുന്നു. തൊഴിലാളികള്‍ക്ക് കൂലി കൂടുതലും ആനുകൂല്യങ്ങളും വാങ്ങി കൊടുക്കാനുള്ള ദല്ലാളായി പാര്‍ട്ടി അധ:പതിച്ചു എന്നായിരുന്നു പ്രതാപന്റെ വിമര്‍ശനം. വിപ്ലവപാര്‍ട്ടികളുടെ അപചയം കഥാകൃത്ത് ചൂണ്ടിക്കാട്ടുന്നു. നിര്‍ദേഷികളെ കൊലചെയ്യാനും കൊള്ളയടി്ക്കാനും നേതൃത്വം നല്‍കി എന്നതാണ് പ്രതാപന്റെ പേരില്‍ പോലീസ് ആരോപിക്കുന്ന കുറ്റം. ദാനം കിട്ടിയ മണ്ണില്‍ അടിയാളരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്ന ജന്മി അത്ര നിര്‍ദോഷിയാണോ എന്ന ചോദ്യം ഇവിടെ ഉന്നയിക്കപ്പെടുന്നു. എഴുതാത്ത മറുപടി എന്ന കഥയില്‍ പ്രതാപന്‍ കൊല്ലപ്പെടുകയാണ്. ദുര്‍ഗയുടെ ചോരക്കൊതിക്ക് പാത്രമാവുകയാണ് പ്രതാപന്‍. ദുര്‍ഗ ഇന്ദിരാഗാന്ധി തന്നെ. ഭരണകൂടഭീകരതയുടെ ഇരയായി പ്രതാപന്‍ മാറുകയാണ്.

എ. വര്‍ഗ്ഗീസ്‌

പോലീസ് വെടിവെച്ചു കൊല്ലുകയും പിന്നീട് ഏറ്റമുട്ടല്‍ മരണമായി ചിത്രീകരിക്കുകയും ചെയ്ത നക്‌സല്‍ നേതാവ് വര്‍ഗീസിന്റെ വിപ്ലവജീവിതം ഹരേകൃഷ്ണ എന്ന കഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. ശ്രീകാകുളത്ത് അന്നപൂര്‍ണയെ ബലാല്‍സംഗം ചെയ്താണ് പോലീസ് കൊന്നത്. ‘സത്യാന്വേഷണ’ത്തിലെ പ്രതാപന്‍ ഹരേകൃഷ്ണയിലും പ്രത്യക്ഷപ്പെടുന്നു. തീവണ്ടിമുറിയില്‍ ചമ്രം പടിഞ്ഞിരിക്കുന്ന സന്യാസിയുടെ രൂപത്തില്‍. ആ മാറ്റം ഞാന്‍ എന്നില്‍ പ്രതീക്ഷിച്ചതാണ് എന്ന് രാമു പറയുമ്പോള്‍ പ്രതാപന്റെ വ്യക്തിത്വത്തിന്റെ അംശം തന്നിലുമുണ്ടെന്ന് സമ്മതിക്കുകയാണ്.
ബുദ്ധിപരമായ ഔന്നിത്യം പുലര്‍ത്തുന്നവരുടെ ബന്ധങ്ങളില്‍ വിള്ളല്‍ സംഘര്‍ഷമാണ് നട്ടെല്ലികളുടെ ജീവിതം എന്ന കഥ പ്രതിപാദിക്കുന്നത്. ഉന്നത ബിരുദധാരിയും ഉന്നത ഉദ്യോഗസ്ഥനുമായ രാമന്‍ സീതയെ വവിാഹം ചെയ്തതുമുതല്‍ സംശയവും പിരിമുറുക്കവും പതിവാണ്. സീതയുടെ കുടുംബക്കാര്‍ക്ക് ബന്ധം ഇഷ്ടമായിരുന്നില്ല. രാമന്‍ താണജാതിക്കാരനാണ് എന്നതായിരുന്നു പ്രശ്‌നം. സീതയുടെ അനുജന്‍ കണ്ണന്‍ മാത്രം സീതയുടെ വിവരങ്ങള്‍ തിരക്കുമായിരുന്നു. സീതയുടെ അച്ഛന് രാമനോട് അതൃപ്തിയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പരസ്യമായി രാമനെ അംഗീകരിക്കാന്‍ മടിയായിരുന്നു. രാമന്‍ സീതയെയും സീത രാമനെയും സംശയിച്ച് മുന്നോട്ടുപോയി. അവര്‍ സംസാരിക്കുന്നത് പരസ്പരം കുറ്റപ്പെടുത്താന്‍ മാത്രമായി. ഇത് പറയുമ്പോള്‍ തന്നെ ആഖ്യാതാവായ രാമു യാക്കോ മാലിക് എന്ന റഷ്യന്‍ രാഷട്രീയ നേതാവ് യാക്കോവ് മാലിക്കിനെപ്പറ്റി പറയുന്നു. യാക്കോവ് യു.എന്‍. അസംബ്ലി ഹാളില്‍ എത്തിയ ദിവസമാണ് രാമു ലാബില്‍ സീതയെ കാണാന്‍ എത്തുന്നത്. യാക്കോവിന് പ്രായം തികഞ്ഞില്ല എന്ന കാരണത്താല്‍ ഒക്ടോബര്‍ വിപ്ലവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. വിഷ്ന്‍സ്‌കിയുടെ പിറകില്‍ ആന്ദ്രേ ഗ്രൊമിക്കാവിനൊപ്പം റഷ്യന്‍ ഡെലിഗേറ്റുകളുടെ ഇടയില്‍ യാക്കോവ് ഇരിക്കുന്നത് കാണുന്നു.
രാമനും സീതയും വേര്‍പിരിയുന്നതിന്റെ ഭാഗമായി വസ്തുവകകള്‍ പങ്കുവെക്കുകയാണ്. ജോണ്‍ സക്കറി യങിന്റെ ജീവശാസ്ത്രപുസ്തകമായ ‘ദി ലൈഫ് ഓഫ് വെര്‍ട്ടെ ബ്രേറ്റ്‌സ്’ രാമന്‍ സീതയ്ക്ക് വിട്ടുകൊടുക്കുകയാണ്. കശേരുക്കളുടെ ജീവിതവും അവയുടെ പരിണാമവുമാണ് ആ പുസ്തകത്തിന്റെ ഉള്ളടക്കം എന്നത് ശ്രദ്ധേയമാണ്. നട്ടെല്ലികളുടെ ജീവിതം എന്ന കഥയുടെ തലക്കെട്ട് ജോണ്‍ സക്കറിയ യങിന്റെ പുസ്തകവുമായി ബന്ധപ്പെട്ട് കിടക്കുന്നു. രാമനും സീതയ്ക്കും പരസ്പരം വിട്ടീവീഴ്ച ചെയ്യാന്‍ സാധിക്കുന്നില്ല. കാരണം അവര്‍ നട്ടെല്ലുള്ള ജീവികളാണ്. രാമനും സീതക്കും ഇടയില്‍ മധ്യസ്ഥനായി നില്‍ക്കേണ്ട അവസ്ഥയും രാമുവിന് വന്നുചേരുന്നു. സീത പുനര്‍വിവാഹത്തിന് തയാാറാവുന്നു. ഭരതനെയാണ് വരനായി കാണുന്നത്. പുരാണസന്ദര്‍ഭത്തിന്റെ വ്യര്‍ത്ഥമായ അനുകരണമായി അത് മാറുന്നു. സീതയുടെ പ്രതീക്ഷ അസ്ഥാനത്തായിരുന്നുവോ എന്നറിയില്ല. അസുഖം മൂലം വിവശയായ സീതയെയാണ് പിന്നീട് കാണുന്നത്. ഏതായാലും സീതയുടെ ആത്മഹത്യയിലാണ് കഥ അവസാനിക്കുന്നത്. വീണ്ടും ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള സീതയുടെ ആഗ്രഹം അതിരുകവിഞ്ഞ ആത്മവിശ്വാസത്തിന്റെ അടയാളമായി പരിണമിക്കുകയാണ്. പ്രതാപനും രൂപയും തമ്മിലുളള അടുപ്പം ഇവിടെ രാമു ഓര്‍ക്കുന്നുണ്ട്. അവര്‍ വിവാഹിതരാകാതെ തന്നെ ഒരുമിച്ചു ജീവിക്കാനിടയുണ്ട് എന്നാണ് കണക്കുകൂട്ടല്‍.

രാമന്റെ ആദ്യഭാര്യയുടെ മരണം സംബന്ധിച്ച് സംശയങ്ങളുണ്ട്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തുകയുണ്ടായില്ല. ആ വിവരണത്തിന്റെ തുടര്‍ച്ചയായി ചേഗുവേരയുടെയും പ്രതാപന്റെയും സമാനതകളോടെയുള്ള മരണമാണ് പരാമര്‍ശിക്കുന്നത്. ചെഗുവരേക്ക് ആസ്്തമയുടെ ശല്യം ഉണ്ടായിരുന്നു. അത്ര തോതിലില്ലെങ്കിലും പ്രതാപനും ഇതേ അസുഖം ഉണ്ട്. പ്രതാപന്‍ കാര്‍ഡിയാക് ആസ്ത്്മ മൂലം മരിച്ചു എന്നാണ് പോലീസ് രേഖപ്പെടുത്തിയത്. ഇതിനെ ആരും ചോദ്യം ചെയ്തില്ല. രൂപ ഡോക്ടറുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പി. അത് പെട്ടെന്നുള്ള വികാരപ്രകടനായി ആരും കണക്കാക്കില്ല എന്നാണ് രാമു ഓര്‍ക്കുന്നത്. ഇത്തരത്തില്‍ ചരിത്രവും വിപ്ലവവും സാധാരണമായ ദാമ്പത്യപ്രശ്നങ്ങളും കൂടിക്കുഴഞ്ഞുകിടക്കുകയാണ് നട്ടെല്ലികളുടെ ജീവിതത്തില്‍.

മുനി

പട്ടത്തുവിളയുടെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട കഥകളില്‍ ഒന്നാണ് മുനി. അന്യവല്‍ക്കരണം, കുടുംബബന്ധങ്ങളോടുളള നിരാസം, അരാജകത്വത്തെ തോളിലേറ്റാനുള്ള അഭിനിവേശം എന്നിവയെല്ലാം ഈ കഥയെ വേറിട്ട വായനാനുഭവമായി മാറ്റുന്നു. ബുദ്ധദര്‍ശനത്തിന്റെ അംശങ്ങളും ഇതിലുണ്ട്. മുനി എന്ന പേരുതന്നെ അതിന്റെ സൂചനയാണ്. പട്ടത്തുവിളയുടെ വ്യക്തിജീവിതത്തിന്റെ അടരുകള്‍ ചേര്‍ന്നതാണ് മുനി. ഉന്നതസ്ഥാപനത്തില്‍ ജോലിയുള്ള ആഖ്യാതാവ് വീട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. അസുഖം കാരണം അവധിയെടുത്താണ് വന്നിരിക്കുന്നത്. ആഖ്യാതാവിനെ ചികിത്സിക്കുന്ന ഡോക്ടര്‍ വരുന്നുണ്ട്. ഡോക്ടറോടുള്ള ആഖ്യാതാവിന്റെ സമീപനവും വ്യത്യസ്തമല്ല. അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. ഡോക്ടര്‍ നിര്‍ദേശിച്ച അവധി നീളുമ്പോള്‍ കമ്പനിയില്‍ നിന്നുള്ള കത്തിന്റെ സ്വരം മാറുന്നത് അറിയുന്നുണ്ട്. വീട്ടിലെ മുതിര്‍ന്നവരെല്ലാം ആഖ്യാതാവിന്റെ കാര്യത്തില്‍ ഉല്‍കണ്ഠ പുലര്‍ത്തുന്നവരാണ്. ആഖ്യാതാവ് വീട്ടുകാര്‍ക്ക് ഒരു പ്രഹേളികയായി മാറുന്നു. പണം എത്ര കിട്ടിയിട്ടും തികയുന്നില്ല. നേരിട്ട് പലരോടും കടം ചോദിക്കുന്നു. പിന്നീട് കത്തുകളിലൂടെയായി കടം ചോദിക്കല്‍. സംഗതി രൂക്ഷമായപ്പോള്‍ ഏട്ടന്‍ ഇടപെടുന്നു. ഒരു സാധാരണശിപായിക്ക് എത്ര ശമ്പളം ഉണ്ടാവും. അയാള്‍ കുടുംബം പോറ്റുന്നില്ലേ എന്നൊക്കെയുള്ള ഏട്ടന്റെ ചോദ്യം ആഖ്യാതാവ് നേരിടുന്നു. എന്നാല്‍ ഏട്ടന്‍ പറയുന്നതെല്ലാം അതിശയോക്തിയാണെന്നും അത് അസത്യത്തിന്റെ സൂചനയാണെന്നും ആഖ്യാതാവ് വിലയിരുത്തുന്നു.

ആഖ്യാതാവ് യുക്തിയുടെ ബലത്തിലാണ് കാര്യങ്ങള്‍ കാണുന്നതും വിലയിരുത്തുന്നതും. പറയുന്നതില്‍ ന്യായം ഇല്ലാതാവുമ്പോള്‍ ‘അച്ഛനെ ഓര്‍ത്തെങ്കിലും’ എന്നൊരു പ്രയോഗം കുടുംബാംഗങ്ങള്‍ പരസ്പരം നടത്തും. എന്നാല്‍ ആഖ്യാതാവിന് അത് സ്വീകാര്യമല്ല. അയാള്‍ യുക്തിയുടെ ലോകത്താണ് ജീവിക്കുന്നത്. കുടുംബചരിത്രം ചികഞ്ഞ് മന:ക്ഷോഭം ഉണ്ടാക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. ബുദ്ധന്റെ വാക്കുകള്‍ അയാളുടെ മനസ്സിലേക്ക് കടന്നുവരികയാണ്’ ഹേ ആനന്ദാ, ആഴിവൃത്തത്തിലെ അഗാധതയില്‍ എപ്രകാരം ഒരു ചെറിയ തരംഗം പോലും ജനിക്കുന്നില്ല. അതുപോലെ ഒരു ഭിക്ഷുവിന്റെ മനസ്സിലും ഒരു ചൃലനവും ഉണ്ടാവാന്‍ പാടില്ല’. എല്ലാവരോടും കടം വാങ്ങുന്ന ആഖ്യാതാവ് ഭിക്ഷുവായി സ്വയം അവരോധിക്കുകയാണ്. ബോധിസത്വന്റെ വാക്യം കഥയുടെ തുടക്കത്തിലും ആഖ്യാതാവിന്റെ മനസ്സിലേക്ക് കടന്നുവരുന്നുണ്ട്. ഇഹലോകത്തെ അറിഞ്ഞ് പരമാര്‍ത്ഥത്തെ ദര്‍ശിക്കുന്നവനും നദിയെയും സമുദ്രത്തെയും കടന്നു താദൃശഭാവത്തെ ദര്‍ശിക്കുന്നവനും ആശ്രിതനും ആശ്രയവും അല്ലാതിരിക്കുന്നവനുമാണ് മുനി എന്ന് പറയുന്നുണ്ട്. പനിയാണോ മുനിഗാഥയാണോ ആദ്യം ബാധിച്ചതെന്ന് തീര്‍ച്ചയില്ല.

ഗൃഹത്തില്‍ നിന്നാണ് മാലിന്യങ്ങള്‍ ഉത്ഭവിക്കുന്നത്. അതുകൊണ്ട് വീട് എന്ന സങ്കല്‍പത്തെ ഉപേക്ഷിക്കുകയാണ് ഉചിതം സ്നേഹരാഹിത്യവും ഗൃഹത്തിന്റെ അഭാവവും മുനിയുടെ തത്വജ്ഞാനമായി അറിയണം എന്ന് പറയുമ്പോള്‍ വീടുവിട്ടിറങ്ങിയ സിദ്ധാര്‍ത്ഥനെ വായനക്കാര്‍ക്ക് ഓര്‍മ്മ വരും. ലഹരിക്കും അരാജകത്വം നിറഞ്ഞ ജീവിതത്തിനും വേണ്ടി വരുമാനം മുഴുവന്‍ കളഞ്ഞുകുളിക്കുന്ന ഒരാളാണ് കഥയിലെ ആഖ്യാതാവ്. അയാളുടെ രോഗം തന്നെ ഒരു പ്രഹേളികയാണ്. തലക്കകത്ത് നിന്ന് സൂചികൊണ്ടു കുത്തുന്ന വേദന. ഇടക്ക് പിന്‍വലിയുന്നു, വീണ്ടും കുത്തുന്നു. ഡോക്ടര്‍പോലും ഈ രോഗത്തെ സംശയത്തോടെയാണ് കാണുന്നത്. ‘ഇന്നെങ്ങനെ നമ്മുടെ രോഗി’ എന്ന ചോദ്യം തന്നെ അതിന് തെളിവാണ്.

1965 ജനുവരിയിലാണ് ഈ കഥ പുറത്തുവരുന്നത്. അന്യതാബോധത്തിന്റെയും അനാസക്തിയിടെയും മര്‍മ്മരം ഇതിലുണ്ട്. ബന്ധങ്ങളിലെ വൈകാരികത തീര്‍ത്തും ചോര്‍ത്തിക്കളയുകയാണ്. വീട്ടിലെ സ്വന്തം മുറിയിലേക്ക് ഉള്‍വലിയുന്ന നായകന്‍ ചുറ്റുപാടുകളെ നിരാകരിക്കുകയാണ്. സ്ഥാനഭ്രംശം എന്ന കഥയും സമാനസ്വഭാവമുള്ളതാണ്. സോഹദരിയുടെ വീട്ടില്‍ വിരുന്നുകാരനായി എത്തുന്ന ആഖ്യാതാവിന് പുതിയ തലമുറയെയാണ് നേരിടേണ്ടിവരുന്നത്. ചുമരിലെ കാറല്‍മാര്‍ക്സിനെ അവര്‍ എടുത്തുമാറ്റിയിരുന്നു. പകരം ഗാന്ധി, നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരെ പ്രതിഷ്ഠിച്ചു. ചമ്രം പടിഞ്ഞിരുന്നു നൂല്‍നൂല്‍ക്കുന്ന വിരുതന്‍, നെഞ്ചത്ത് റോസാപ്പൂ വച്ച കുട്ടികളുടെ ചാച്ച, ഉറക്കം മതിയാവാത്ത കണ്ണുകളും സല്‍സ്വഭാവിയായ യക്ഷിയുടെ മുക്കുമുള്ള ചാച്ചയുടെ ഓമനമകള്‍-എന്നിങ്ങനെയാണ് വിവരണം. പുതിയ തലമുറയോട് തര്‍ക്കിക്കാന്‍ വീട്ടമ്മയ്ക്കും വയ്യ. മക്കള്‍ വലുതായി അവര്‍ അവരുടെ ദൈവങ്ങളെ പ്രതിഷ്ഠിക്കുന്നു എന്നാണ് ന്യായം. ആ വീട്ടില്‍ നിന്ന് ഇറങ്ങാതെ നിവൃത്തിയില്ല ആഖ്യാതാവിന്.
ഡിംപിള്‍ സ്‌കോച്ച്, ത്രോമ്പോസിസ് എന്നീ കഥകളിലും മധ്യവര്‍ഗ കുടുംബത്തിന്റെ അവസ്ഥ കാണാം. ഡിംപിള്‍ സ്‌കോച്ചിലെ നായകന്‍ എപ്പോഴും സാമ്പത്തിക പരാധീനതയിലാണ്. വിവാഹനാളുകളില്‍ ഭാര്യയുടെ വീട്ടില്‍ നിന്ന് കടം വാങ്ങിയ പണം ഇതുവരെ തിരിച്ചുകൊടുത്തിട്ടില്ല. അതേ സാമ്പത്തിക അരാജകത്വം ഇപ്പോഴും തുടരുന്നു. ഭാര്യ നല്‍കിയ സ്വര്‍ണവള പണയം വെക്കാന്‍ പോകുമ്പോള്‍ അപകര്‍ഷതാബോധം അയാളെ പിന്തുടരുന്നുണ്ട്. എന്നാല്‍ വകവെക്കുന്നില്ല. ബാങ്കില്‍ നിന്ന് പണം കിട്ടിയപ്പോള്‍ പക്ഷെ മട്ടുമാറി. നഗരത്തില്‍ ആദ്യമായി എത്തിയ ഡിംപിള്‍ സ്‌കോച്ച് ഉപയോഗപ്പെടുത്തി. വീട്ടില്‍ ഒളിപ്പിച്ചുവെച്ച കഞ്ചാവ് ഇടക്കിടെ ഉപയോഗിക്കുമ്പോള്‍ അയാള്‍ക്ക് തല ചുറ്റും. ഇത് ത്രോമ്പോസിസ് എന്ന അസുഖമാണെന്ന് ഭാര്യയെ തെറ്റിദ്ധരിപ്പിക്കുന്നു. ഒടുവില്‍ കഞ്ചാവ് കണ്ടെത്തി നശിപ്പിക്കുമ്പോള്‍ അയാളുടെ ഭാവന പൊളിയുകയാണ്. പട്ടത്തുവിള കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സാറ തന്റെ കുറിപ്പില്‍ പറയുന്നുണ്ട്. അവിടെയാണ് ത്രോമ്പോസിസ് എന്ന കഥയുടെ വേരുകള്‍. കഞ്ചാവ് എന്ന പേരില്‍ മറ്റൊരു കഥയും എഴുതിയിട്ടുണ്ട്. അല്ലോപനിഷത്ത്, നിര്‍വാണമാര്‍ഗം എന്നീ കഥകള്‍ വിപ്ലവത്തെ പരിഹസിക്കുന്നതാണ്. റഷ്യയിലെ ഒക്ടോബര്‍ വിപ്ലവവും മറ്റും വായിക്കുന്ന ആഖ്യാതാവ്. വേദം പഠിക്കുന്ന ഭാര്യാസഹോദരി. അവരുടെ സംഭാഷണങ്ങളില്‍ വര്‍ത്തമാനവിപ്ലവത്തിന്റെ അവസ്ഥയും പഴയ വിപ്ലവത്തിന്റെ ഓര്‍മകളും മാറി മാറി കടന്നുവരുന്നു.

ഒക്ടോബര്‍ വിപ്ലവം

‘ഏട്ടാ നമ്പൂതിരിപ്പാട് അധികാരമേല്‍ക്കുന്നതിന് മുമ്പ് വയലാറിലെ രക്തസാക്ഷികളൈ കണ്ട് നന്ദി പറഞ്ഞില്ലേ?’ അവളുടെ ചോദ്യം.. പറഞ്ഞു, ആദ്യം തൊഴിച്ചത് മന്ദാകിനിയെയാണ്. ഏട്ടന്റെ മറുപടി. വിപ്ലവപാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ അക്ബറിന്റെ കാലത്ത് രചിക്കപ്പെട്ട അല്ലോപനിഷത്ത് പോലെ നിഷ്ഫലമായിരുന്നു എന്നാണ് ഇ്ക്കഥ സൂചിപ്പിക്കുന്നത്. പരാശരന്‍, വയലാര്‍ എന്നീ കഥകള്‍ ബാറിന്റെ പശ്ചാത്തലത്തിലാണ് നടക്കുന്നത്. ഇന്ദിരാഗാന്ധിയുടെ പുത്രന്‍ സഞ്ജയ് ഇവിടെ ഓര്‍മിക്കപ്പെടുന്നു. ഒറിജിനല്‍ ഗാന്ധിയുമായി സഞ്ജയിന്റെ അച്ഛന് വല്ല ബന്ധവും ഉണ്ടോ എന്നാണ് അന്വേഷണം. സ്വാതന്ത്ര്യത്തെ തള്ളിപ്പറയുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പരിഹസിക്കുന്നുണ്ട്. ഇന്ദിരാഗാന്ധി റഷ്യയുടെ ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചും വിമര്‍ശനം കാണാം. വയലാര്‍ എന്ന കഥയില്‍ വയലാറിന്റെയും ഒ.എന്‍.വി കുറുപ്പിന്റെയും ചലച്ചിത്രഗാനങ്ങളുടെ വശ്യത ചര്‍ച്ചയാകുമ്പോള്‍ പ്രസിദ്ധമായ വയലാര്‍ സമരം വിസ്മരിക്കപ്പെടുന്നതിനെയാണ് പരാമര്‍ശിക്കുന്നത്. ‘രാഷ്ട്രപിതാവും രാഷ്ട്രശില്‍പിയും’ എന്ന കഥയും രാഷ്ട്രീയ ആക്ഷേപഹാസ്യം നിറഞ്ഞതാണ്. ഗാന്ധി പോര്‍ബന്തറില്‍ ജനിച്ചു എന്ന മുഖവുരയോടെ അധ്യാപകന്‍ ക്ലാസെടുക്കുമ്പോള്‍ ക്ലാസിന്റെ പിന്‍ബെഞ്ചില്‍ ഇരിക്കുന്നവര്‍ പ്രസവവേദനയുടെ ഞെരക്കം അഭിനയിക്കുന്നു. ഗാന്ധി പിന്നോക്കവിഭാഗക്കാരെ ഹരിജന്‍ എന്ന് വിളിച്ചു.ആരാടാ നിന്റെ ഹരിജന്‍, ഞാന്‍ ചെറുമനാടാ- എന്ന പ്രതികരണവുമായി ചിലര്‍ എത്തുന്നു. ഇണ്ടി എന്ന കഥ പട്ടത്തുവിളയുടെ സഹോദരിയുടെ കഥ തന്നെയാണ്. ചെറുപ്പത്തില്‍ ഭര്‍ത്താവ് മരിച്ച ഇണ്ടി സഹോദരങ്ങളെ സ്നേഹിച്ചും ശുശ്രൂഷിച്ചും ജീവിതം പോക്കി. ഒടുവില്‍ അസുഖം ബാധിച്ച് മരണമടയുന്ന ഇണ്ടി സ്നേഹത്തിന്റെയും സേവനത്തിന്റെയും പ്രതീകമായി മനസ്സില്‍ നില്‍ക്കുന്നു.

ചോദ്യങ്ങളുടെ തുടര്‍ച്ച

പട്ടത്തുവിളയുടെ കഥകള്‍ പരിശോധിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുന്നത് കാണാം. ചില ഉദാഹരണങ്ങള്‍ നോക്കാം. ‘ജനക്കൂെട്ടത്തോട് ഒത്തുചേരാന്‍ ഇഷ്ടപ്പെട്ടില്ല. എന്താണ് കാരണം?, ധനസ്ഥിതിയുള്ള കുടംബത്തില്‍ ജനിച്ചത് എന്റെ തെറ്റാണോ? (ഒരിക്കല്‍ക്കൂടി), എന്തുകൊണ്ട് വെല്ലൂര്‍ക്ക് കൊണ്ടുപോയില്ല? (ചരമവാര്‍ഷികം), വായനക്കാരോടുള്ള നേരിട്ടുള്ള ചോദ്യങ്ങളും ഉണ്ടാവും. ഇണ്ടി എന്ന കഥയുടെ തുടക്കം തന്നെ അത്തരത്തിലുള്ള ഒരു ചോദ്യമാണ്. ‘ചന്ദനത്തിരിയുടെ മണം നിങ്ങള്‍ക്ക് ഇഷ്ടമാണോ? ദേവന്റെ മുന്നില്‍ കത്തിക്കുന്നത്? ബൂര്‍ഷ്വാസ്നേഹിതനും ഒരു ചോദ്യത്തോടെയാണ് അവസാനിക്കുന്നത്.’ ഇനി… ഇനി… നമ്മള്‍ തമ്മില്‍ കാണുമോ? സ്ഥാനഭ്രംശം എന്ന കഥയും ചോദ്യത്തില്‍ അവസാനിക്കുന്നു. ആഖ്യാതാവ് വിരുന്നുവന്ന് തങ്ങുന്ന വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ അതുവരെയുള്ള വീട്ടമ്മയുടെ മ്ലാനത മാറി… ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത അവരുടെ ചോദ്യം അയാള്‍ കേള്‍ക്കുന്നു: ‘ഇനി എന്നു വരും?’ നചികേതന്‍ യമദേവനോട് ചോദിച്ചത് എന്ന കഥയുടെ ഒടുവിലും ചോദ്യങ്ങളാണ്.’ എന്താണ് തെറ്റിനും ശരിക്കും മറുപുറത്ത്? എന്താണ് ഹേതുവിനും ഫലത്തിനും മീതെ? എന്താണ് ഭൂതത്തിനും ഭാവിക്കും വര്‍ത്തമാനത്തിനും അപ്പുറത്ത്?’ ഈ ചോദ്യങ്ങളാണ് പ്രധാനം. ഉത്തരം വിഷയമല്ല.

ഇപ്രകാരം വ്യത്യസ്തമായ കഥകളിലൂടെ മലയാളത്തെ സമ്പന്നമാക്കിയ പട്ടത്തുവിള ഒരിക്കലും പ്രശസ്തി ആഗ്രഹിച്ചില്ല. സ്വയംപ്രദര്‍ശനത്തിന് ഒട്ടും നിന്നുകൊടുത്തില്ല. അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ പോലും വന്നില്ല എന്നാണ് അറിയുന്നത്. പഠനങ്ങളും അപൂര്‍വമായിരുന്നു. ഇന്നിപ്പോള്‍ അദ്ദേഹത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമല്ല. എന്നാല്‍, വൈകാരികതയുടെയും അതുമായി ബന്ധപ്പെട്ട അനുഭൂതികളുടെയും ലോകം സൃഷ്ടിച്ച കഥാകാരന്മാര്‍ക്കിടയില്‍ വേറിട്ട ആഖ്യാനവും രാഷ്ട്രീയചിന്തകളും കൊണ്ടുവന്നു എന്നതാണ് പട്ടത്തുവിളയുടെ മേന്മ. അദ്ദേഹത്തിന്റെ കഥകളുടെ വായനയിലൂടെ പുതിയ ആശയലോകങ്ങള്‍ ഉയര്‍ന്നുവരികയാണ്. ഓരോ വായനയിലും പുതിയ ആശയങ്ങളും ചിന്തകളും മുള പൊട്ടുന്നു. ആ നിലയ്ക്ക് പട്ടത്തുവിള ഇനിയും വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും വേണം. സഹൃദയരും സാഹിത്യവിദ്യാര്‍ത്ഥികളും അതിന് തയാറാവുമെന്ന് പ്രതീക്ഷിക്കാം…

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.