തബല ഇനിയൊരിക്കലും പഴയതുപോലെ ശബ്ദിക്കയില്ല: ശങ്കർ മഹാദേവൻ (ഗായകൻ)
സത്യമാണത് കഴിഞ്ഞ അര നൂറ്റാണ്ടുകാലം തബല എന്ന സംഗീതോപകരണം സക്കീർ ഹുസൈൻ എന്ന സംഗീതജ്ഞനുമായിചേർന്നല്ലാതെ ഇന്ത്യക്കാർ കണ്ടിട്ടില്ല. തബല സക്കീറിന് ഒരു ഉപകരണമായിരുന്നില്ല, തന്റെ തന്നെ ശബ്ദമായിരുന്നു. സക്കീർ തബലയിലൂടെ തന്റെ കാഴ്ചകളെ, അനുഭവങ്ങളെ, അനുഭൂതികളെ, വികാരവിക്ഷോഭങ്ങളെ ആവിഷ്കരിക്കുകയായിരുന്നു. ഗംഗയുടെ ഘനസാന്ദ്രമായ ഒഴുക്കും, ഹിമാലയത്തിന്റെ ഉത്തുംഗ ഹിമശൃംഖങ്ങളും പഞ്ചാബിൽ ഉലഞ്ഞാടുന്ന ഗോതമ്പുപാടങ്ങളുടെ കനകകാന്തിയും അലയടിച്ചാർക്കുന്ന അനന്തസാഗര നീലിമയും സക്കീറിന്റെ വിരലുകൾ തബലയിൽ വരച്ചിട്ടു. ആയിരം ദേശാടകപ്പക്ഷികളുടെ ചിറകടിയൊച്ചകളും -(ഗസൽ -ബാലചന്ദ്രൻ ചുള്ളിക്കാട്) വേട്ടക്കാരനെ പേടിച്ചോടുന്ന പേടമാനിന്റെ പിടക്കുന്ന ഹൃദയവും (ഹിരൺ പരൺ-സക്കീർ ഹുസൈന്റെ കമ്പോസിഷൻ) സക്കീറിന്റെ മാസ്മരികമായ വിരലുകളിൽ ധിനിധിനിച്ചു. ഗസലിന്നോരം ചേർന്നും ഘയാലുകളിൽ ഇണചേർന്നും, ജാസ് സംഗീതത്തിൽ ചടുലാവേഗമാർന്നും ജുഗൽബന്ദികളിലൂടെ താളപ്രപഞ്ചത്തിന്റെ വിരാട് രൂപമാർന്നും സക്കീറിന്റെ വിരലുകൾ സംഗീതാസ്വാദകരെ വിസ്മയിപ്പിച്ചു. ഓരോ സദിരിനു ശേഷവും “വാ താജ് ” എന്ന് നമ്മൾ ആർത്തു വിളിച്ചു. തബലയും ഡഗ്ഗയും സൂര്യചന്ദ്രന്മാരായി സക്കീർ ഭായിയെ വലംവച്ചു. സക്കീർ ഹരിത ശാന്തിയാർന്ന ഭൂമിയായി.
1976 ൽ ലോക പ്രശസ്ത ഗിറ്റാർ വാദകൻ ജോൺ മക്ലാഫ്ളിനും, വയലിനിസ്റ്റ് എ എൽ ശങ്കറും ഘടം വാദകൻ വിക്കു വിനായക്റാമുമായി ചേർന്ന് സക്കീർ രൂപം കൊടുത്ത ബാൻഡിന്റെ പേരു തന്നെ “ശക്തി ” എന്നായിരുന്നു. ആദ്യത്തെ ആൽബമാകട്ടെ “എ ഹാൻഡ്ഫുൾ ഓഫ് ബ്യൂട്ടിയും”. അതെ സക്കീറിന് സംഗീതം കരതലാമലകമായ ഒന്നായിരുന്നു. കിഴക്കിന്റെ സംഗീതത്തേയുംപാശ്ചാത്യ സംഗീതധാരയേയും തബലയുടെ താളപ്പെരുക്കലിൽ തുന്നിചേർത്തു. തബല എന്ന സംഗീതസാന്ദ്രമായ ഇന്ത്യയുടെ സ്വന്തം തുകൽ വാദ്യത്തെ ലോക സംഗീതവേദിയിൽ സക്കീർ ഒരു വിസ്മയാനുഭവമാക്കി. അതു മാത്രമല്ല സക്കീർ ചെയ്തത്. സാധ്യമായ എല്ലാ പെർക്കഷൻ വാദ്യങ്ങളുമായി ചേർന്ന് ജുഗൽബന്ദികൾ നടത്തി. ജാസ് ഡ്രംസിനോടൊപ്പം മാത്രമല്ല, യശ:ശരീരനായ കരുണമൂർത്തിയുടെ തകിലിനോടൊപ്പം, പത്രി സതീഷ് കുമാറിന്റെ മൃദംഗധ്വനികൾക്കൊപ്പം നവീൻ ശർമ്മയുടെ ധോലക് വാദനത്തോടൊപ്പം മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ ചെണ്ടപ്പെരുക്കങ്ങൾക്കൊപ്പം എല്ലാം സക്കീറിന്റെ വിരലുകൾ തബലയിൽ നൃത്തം ചെയ്തു. ഓരോ ഉപകരണത്തിന്റെയും വാദന രീതിയും താളഘടനയും മനസ്സിലാക്കിയ ശേഷമാണ് സക്കീർ ഹുസൈൻ താളവാദ്യ സദിരുകൾ നടത്തിയത്. തബലയുടെ അപ്രമാദിത്തമാർന്ന വാദനകലയും രീതിയും ഉറപ്പിക്കുവാനല്ല മറിച്ച് താള പ്രപഞ്ചത്തിന്റെ ഉള്ളറകളിലേക്കും അനുഭൂതികളിലേക്കുമുള്ള സംഗീത സഞ്ചാരങ്ങളായാണ് ജുഗൽബന്ദികൾ രൂപപ്പെട്ടത്.
തബല ശ്രുതി ചേർത്ത് വായിക്കുന്ന സംഗീത പ്രധാനമായ ഉപകരണമാണ്. ആ ഉപകരണത്തേയും തികച്ചും പരുക്കനും ശ്രുതിമധുരമായ് ചേർത്തു വായിക്കുവാൻ പ്രയാസമുള്ളതുമായ തുകൽ വാദ്യങ്ങളോട് ചേർത്തുവച്ച് സംഗീതത്തിന്റെ നൂലിഴ പാകി എന്നതാണ് സക്കീറിന്റെ മഹത്വം. ജാതിമതഭേദങ്ങൾക്കതീതമായി, വർണ്ണ വ്യവസ്ഥകൾക്കതീതമായി സംഗീതമെന്ന വിശ്വസധാരയിൽ കിഴക്കിനെയും പടിഞ്ഞാറിനെയും തെക്കിനേയും വടക്കിനേയും ചേർത്തു വച്ച സക്കീർ പറഞ്ഞത് “എന്നെ ഉസ്താദ് എന്ന വിളിക്കരുത് സക്കീർ ഭായ് എന്നു വിളിച്ചോളു” എന്നാണ് ‘ അതെ സക്കീർ ഇന്ത്യക്കാരുടെ മാത്രമല്ല ലോക ജനതയുടെ സഹോദരനാണ്. അള്ളാ രഖാ എന്ന അച്ഛൻ ജനിച്ചു വീണ കുഞ്ഞിന്റെ കാതിൽ മന്ത്രിച്ചത് ഈശ്വര നാമമായിരുന്നില്ല മറിച്ച് തബലയുടെ ചൊൽക്കെട്ടുകളായിരുന്നു. ചോദിച്ചവരോട് അള്ളാ രഖാ പറഞ്ഞു തന്റെ ദൈവം സംഗീതമാണ് എന്ന്. ആ സംഗീത ദൈവത്തിന്റെ പുത്രൻ സദാ പ്രസന്നവദനനായ സക്കീർ ഹുസൈൻ നമ്മോട് യാത്രാമൊഴി ചൊല്ലി വിടവാങ്ങിയിരിക്കുന്നു. ലോക പ്രശസ്ത ഗിറ്റാറിസ്റ്റ് ജോൺ മക്ലാഫ്ളിൻ പറഞ്ഞതു പോലെ “ആരുടെ കയ്യിലാണോ താളം ഒരു മാസ്മരിക ഭാവമാർന്നത് ആ രാജാവ് നമ്മെവിട്ടുപിരിഞ്ഞിരിക്കുന്നു.. RIP പ്രിയ സക്കീർ , നമ്മൾ വീണ്ടും കണ്ടുമുട്ടും ”
****
No Comments yet!