Skip to main content

എം.സി.ജോസഫ് : യുക്തിവാദി പ്രസ്ഥാനത്തിന്റെ അമരക്കാരൻ

 

അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, അന്ധമായ മതഭക്തി, അജ്ഞത തുടങ്ങിയ മാനസികരോഗങ്ങൾക്കെതിരെ പൊരുതിയ യുക്തിവാദി പ്രസ്ഥാനത്തിന്റെ തേരാളിയായിരുന്നു എം.സി.ജോസഫ്. ഭൂതപ്രേത വിശ്വാസങ്ങളും അജ്ഞതകളും ഇരുൾകെട്ടിക്കിടന്ന മനസ്സുകളെ യുക്തിചിന്തയുടെ വെളിച്ചത്തിലേക്ക് നയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. യുക്തിയുടെ വെളിച്ചം പ്രസരിക്കുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും കേരളീയ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തി. 1887 ജനുവരി 6-ന് തൃപ്പൂണിത്തുറയിൽ ജനനം. 1913-ൽ ചേർത്തല മുൻസിഫ് കോടതിയിൽ അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.1915-ൽ പ്രവർത്തനരംഗം ഇരിങ്ങാലക്കുടയിലേക്ക് മാറ്റി. 1952-ൽ വിരമിച്ചു.

1929-ൽ സഹോദരൻ അയ്യപ്പന്റെ മുൻകൈയിൽ പുറത്തിറങ്ങിയ ‘യുക്തിവാദി’ മാസികയിൽ മിതവാദി കൃഷ്ണൻ, സി.വി.കുഞ്ഞിരാമൻ, എം.രാമവർമ്മ തമ്പാൻ എന്നിവരോടൊപ്പം പത്രാധിപസമിതിയിൽ അംഗമായിരുന്നു. 1931-ൽ ഈ മാസിക ഏറ്റെടുത്ത് സ്വന്തം പത്രാധിപത്യത്തിൽ ഇരിങ്ങാലക്കുടയിൽ നിന്നും പ്രസിദ്ധീകരിച്ചു. മിശ്രവിവാഹസംഘം, യുക്തിവാദിസംഘം തുടങ്ങിയ സംഘടനകളുടെ മുഖപത്രമായിരുന്നു കേരള നവോത്ഥാനത്തിന്റെ ദീപശിഖകളിൽ ഒന്നായ യുക്തിവാദി മാസിക. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുമായി ഉണ്ടായ പരിചയമാണ് എം.സി.ജോസഫിന്റെ വ്യക്തിത്വത്തിന് തീക്ഷണരൂപം നൽകിയത്. 1967ല്‍ ഡിസംബര്‍ 24-ന് തൃശൂര്‍ റീജിണല്‍ തീയറ്ററിൽ നടന്ന ഇപ്പോഴത്തെ കേരള യുക്തിവാദി സംഘത്തിന്റെ രൂപീകരണത്തിൽ എം.സി. ജോസഫായിരുന്നു പ്രസിഡന്റ്. വി.ടി.ഭട്ടതിരിപ്പാട്, കുറ്റിപ്പുഴ കൃഷ്ണപിള്ള എന്നിവരായിരുന്നു വൈസ് പ്രസിഡന്റുമാര്‍.
കൃതികൾ: പ്രബോധനം, യുക്തിപ്രകാശം, ആശയസമരം, തിരഞ്ഞെടുത്ത കുറിപ്പുകൾ, ചിന്താവിപ്ലവം, നാസ്തികചിന്ത, സ്വതന്ത്ര ചിന്ത, കുട്ടിച്ചാത്തൻ, എം.സിയുടെ ലേഖനങ്ങൾ (ഉപന്യാസങ്ങൾ), എം.സിയുടെ ദർശനങ്ങൾ, ജ്യോത്സ്യം ഒരു കപട ശാസ്ത്രം, പുനർജന്മ സ്മരണകൾ, കാലത്തിനു മുൻപെ നടന്നവർ.

കേരളത്തിൽ യുക്തിചിന്തയുടെ മുഖമായിരുന്ന എം.സി.ജോസഫ് 1981 ഒക്ടോബർ 26-ന് അന്തരിച്ചു. കേരളത്തിൽ ‘യുക്തിവാദി’എന്ന പേരിൽ അറിയപ്പെടുന്ന ഏക വ്യക്തിയാണ് എം.സി.ജോസഫ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആധിപത്യം ചെലുത്തിയ യാഥാസ്ഥിതികമായ കേരള സമൂഹത്തെ പ്രബുദ്ധതയിലേയ്ക്ക് ഉണര്‍ത്തുന്നതിൽ യുക്തിവാദ പ്രസ്ഥാനത്തിന്റെ ആചാര്യനായ എം.സി.ജോസഫിന്റെ സ്വാധീനം ചെറുതല്ല. ജീവിതകാലം മുഴുവന്‍ യുക്തിബോധവും ശാസ്ത്രവീക്ഷണവും സ്വാതന്ത്രവും ഉയര്‍ത്തിപ്പിടിച്ച നവോത്ഥാന ശില്പിയായിരുന്നു അദ്ദേഹം. നിരവധി കർമരംഗങ്ങളുണ്ടായിരുന്നെങ്കിലും എം.സി.ജോസഫിന് ചരിത്രത്തിൽ ഇടം നേടിക്കൊടുത്തത് ‘യുക്തിവാദി’ മാസികയുടെ പത്രാധിപത്യമാണ്. മതനിരപേക്ഷ-ശാസ്ത്രീയ ജീവിത വീക്ഷണം മുന്നോട്ടുവയ്ക്കാനാണ് ‘യുക്തിവാദി’യിലൂടെ അദ്ദേഹം ശ്രമിച്ചത്. അതിനുവേണ്ടി നിരവധി ലേഖനങ്ങളും കുറിപ്പുകളും അദ്ദേഹം എഴുതി. ഒരു ലാഭവും ഇല്ലാതെ 46 വർഷമാണ് അദ്ദേഹം ഈ മാസിക മുന്നോട്ടു കൊണ്ടുപോയത്. വാർദ്ധക്യത്തിൽ അദ്ദേഹം അതിന്റെചുമതല ഒഴിഞ്ഞപ്പോൾ പിന്നീട് മാസിക നിലയ്ക്കുകയും ചെയ്തു.

കുറ്റിപ്പുഴ കൃഷ്ണപിള്ള എം.സി. ജോസഫിനെ വിശേഷിപ്പിച്ചത് ‘യുക്തിവാദികളുടെ മാർപ്പാപ്പ’ എന്നാണ്. അതതുകാലത്ത് മതം കൊട്ടിഘോഷിക്കുന്ന ദിവ്യാത്ഭുതങ്ങളെ വെല്ലുവിളിക്കുകയും പലതിന്റെയും പൊള്ളത്തരം തുറന്നുകാണിക്കുകയും ചെയ്ത എം.സി.ജോസഫിന്റെ ജീവിതം സ്വതന്ത്രചിന്തയും ശാസ്ത്രീയവീക്ഷണവും വച്ചു പുലർത്തുന്നവർക്ക് എന്നും മാതൃകയാണ്.

 

00000—–0000

 

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

2 Replies to “എം.സി.ജോസഫ് : യുക്തിവാദി പ്രസ്ഥാനത്തിന്റെ അമരക്കാരൻ”

  1. “1967ല്‍ ഡിസംബര്‍ 24-ന് തൃശൂര്‍ റീജിണല്‍ തീയറ്ററിൽ നടന്ന ഇപ്പോഴത്തെ കേരള യുക്തിവാദി സംഘത്തിന്റെ രൂപീകരണത്തിൽ എം.സി. ജോസഫായിരുന്നു പ്രസിഡന്റ്. വി.ടി.ഭട്ടതിരിപ്പാട്, കുറ്റിപ്പുഴ കൃഷ്ണപിള്ള എന്നിവരായിരുന്നു വൈസ് പ്രസിഡന്റുമാര്‍.” എന്ന് ആരാണ് പറഞ്ഞത്? എന്താണ് ഇതിൻറെ റെഫറൻസ്?

Your Email address will not be published.