അവള്‍ അവളുടെ കണ്ണുകളില്‍
ഒരു കവിതയൊളിച്ചു വെക്കുന്നു.
ഞാനെന്റെ ചുണ്ടുകളിലും.
അവയാരും കാണാതിരിക്കാന്‍
ഞങ്ങള്‍ ബദ്ധപ്പെടുന്നു.
ചിലപ്പോഴൊക്കെ അവ
തുളുമ്പിപ്പോകാറുണ്ട്.
അപ്പോളവളുടെ കവിത
ചുണ്ടുകളിലേക്കും
എന്റേത് കണ്ണുകളിലേക്കും
പടരും.
ആരുമില്ലാത്തിടങ്ങളില്‍
കണ്ണുകളിലും ചുണ്ടുകളിലും
ദേഹമാസകലം തുളുമ്പി
ഞങ്ങളെ വിസ്മിതരാക്കും.
ഞങ്ങളറിയാതെ അവ
പരസ്പരമൊന്നാകാന്‍
വെമ്പല്‍കൊള്ളും.
അങ്ങനെയങ്ങനെ
വെമ്പി വെമ്പി
ഒരിക്കല്‍ അവ ഒന്നായി.
വാക്കുകളലിഞ്ഞ്
അതീവരഹസ്യമായൊരീണമായി.
ഒന്നു ചേര്‍ന്ന കവിതയില്‍ നിന്ന്
ഒന്നൂരിമാറാനാവാതെ
കാലമൊട്ടു പോകെ
എന്റെ കവിതയിലേതെന്ന്
ചില വാക്കുകള്‍ അവളും
അവളുടെ കവിതയിലേതെന്ന് ഞാനും
പരസ്പരമെറിഞ്ഞ്
കവിത കലഹിയായി.
എന്റെ കവിത
അവളുടെ കവിതയില്‍ നിന്ന്
അങ്ങനെയാണ് മുക്തമായത്.
എങ്കിലും
എന്റെ കവിത അവളിലും
അവളുടെ കവിത എന്നിലും
വെച്ചു മറന്ന ചില ഇഷ്ടവരികള്‍
എത്രയകന്നിട്ടും
ഞങ്ങളില്‍ത്തന്നെയായി.
അതാണ് യഥാര്‍ത്ഥകവിതയെന്നും
അതിലാണ് തങ്ങളുടെ
ജീവിതമെന്നും
ഇപ്പോഴറിഞ്ഞിട്ടെന്ത്,
ഒരു കവിത പോലുമെഴുതാനാവാതെ?
****
No Comments yet!