1863 -ൽ നോർവേയിൽ ഒരു ഡോക്ടറുടെ മകനായി ജനിച്ച എഡ്വേർഡ് മങ്ക് (Edvard Munch) നന്നേ ചെറുപ്പത്തിൽത്തന്നെ ഒരു മുഴുവൻസമയ ചിത്രകാരനായിത്തീർന്നു. ആദ്യകാല രചനകളിൽ ഫ്രഞ്ച് ഇംപ്രഷനിസ്റ്റുകളുടെ സ്വാധീനം പൊതുവിൽ കാണാനുണ്ട്. എന്നാൽ ചിത്രകലയിൽ താൻ ആഗ്രഹിക്കുന്നതരത്തിലുള്ള ആവിഷ്കാരത്തിന് ഇംപ്രഷനിസ്റ്റു രീതി പര്യാപ്തമല്ലെന്ന് അദ്ദേഹം വേഗത്തിൽത്തന്നെ തിരിച്ചറിഞ്ഞു. വൈകാരികമായ ഉള്ളടക്കവും ആഴവും ഊർജ്ജവും ആവിഷ്കരിക്കാൻ ശ്രമിക്കുന്നതരത്തിലുള്ള പോസ്റ്റ് ഇംപ്രഷനിസ്റ്റുകളുടെ രീതിയാണ്, പേരുകൾ എടുത്തുപറയുകയാണെങ്കിൽ വിൻസെന്റ് വാൻഗോഗ്, പോൾ ഗോഗിൻ, ടുലോസ് ലോത്രെ (Toulouse Lautrec) തുടങ്ങിയ ചിത്രകാരന്മാരുടെ രചനകളാണ്, മങ്കിനെ താരതമ്യേന കൂടുതൽ ആകർഷിച്ചത്.
1890 -കളുടെ തുടക്കത്തോടെ മങ്ക് തീർത്തും തന്റേതായ, വ്യക്തിത്വമുള്ള, ഒരു ചിത്രരചനാരീതി കണ്ടെത്തുന്നുണ്ട്. ‘സിംബലിസ്റ്റ് ‘ എന്നോ അല്ലെങ്കിൽ ‘എക്സ്പ്രഷണിസ്റ്റ്’ എന്നോ ഒക്കെയുള്ള സാധാരണ വിളിപ്പേരുകളിൽ ആ രീതിയെ ചുരുക്കിക്കാണുന്നത് ശരിയാണെന്നു തോന്നുന്നില്ല. ആ കാലഘട്ടം മുതൽക്കുതന്നെ മങ്കിന്റെ ജീവപര്യന്തമുള്ള കലാരചനകളുടെ അടിസ്ഥാനഭാവമായി തിരിച്ചറിയപ്പെട്ടിട്ടുള്ള ഏകാന്തതയുടെയും വിഷാദത്തിന്റെയും മാനസിക ആകുലതകളുടെയും വാക്കുകൾകൊണ്ട് വിശദീകരിക്കാൻ കഴിയാത്ത മറ്റു പലതരം ഭാവങ്ങളുടെയും സാന്നിധ്യം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ആവർത്തിച്ചു കടന്നുവരുന്നുണ്ട്.
‘Young girls on a bridge’ എന്നറിയപ്പെടുന്ന ഇവിടെ എടുത്തുചേർത്തിട്ടുള്ള പെയിന്റിങ് 1880 -കളുടെ അവസാനം മുതൽ പലപ്പോഴായി മങ്ക് വരച്ച സമാനപശ്ചാത്തലമുള്ള പന്ത്രണ്ടോളം പെയിന്റിംഗുകളിൽ ഒരെണ്ണമാണ്. ഈ പ്രത്യേക പെയിന്റിങ് 1901-ൽ വരച്ചതാണ്. മങ്ക് അനവധി വേനൽക്കാലങ്ങൾ ചിലവഴിച്ചിട്ടുള്ള നോർവേയിലെ ‘Asgardstrand’ എന്ന ചെറിയ പട്ടണത്തിലെ ഒരു പാലവും അതിന്റെ പരിസരവുമാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്ന് സാമാന്യമായി പറയാം. ഈ ചിത്രം എന്താണ് ധ്വനിപ്പിക്കുന്നതെന്ന് വാക്കുകളിൽ വിശദീകരിക്കാൻ വലിയ പരിമിതിയുണ്ട്. കലാനിരൂപകർക്കിടയിൽ അത്തരം പല ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ശ്രമങ്ങളെ നമുക്ക് സാമാന്യം ദീർഘമായ ഒരൊറ്റ വാചകത്തിൽ ഇങ്ങനെ ചുരുക്കി അവതരിപ്പിക്കാമെന്നു തോന്നുന്നു:
“it depicts a seemingly simple scene of three young women standing on a bridge, but through the use of bold colours, expressive brush strokes, and a mysterious composition, it conveys a strong sense of psychological tension and unspoken emotions, characteristic of Edvard Munch’s artistic style, which often explores anxiety and the human condition in a very personal way” ഇനി ചിത്രം സ്വയം സംസാരിക്കട്ടെ……..
എഡ്വേർഡ് മങ്ക്
ജനനം: 1863
മരണം: 1944
****
No Comments yet!