
ഫ്രിദ കലോ എന്ന മെക്‌സിക്കന്‍ ചിത്രകാരി ജീവിച്ച നാല്പത്തിയേഴു വര്‍ഷങ്ങളാണ് ദുരന്തമയമായ ചിത്രകഥകളായി അവര്‍ കാന്‍വാസുകളില്‍ എഴുതിചേര്‍ത്തിട്ടുള്ളത്. ഏട്ടാമത്തെവയസ്സില്‍ പോളിയോ ബാധിച്ചു വലതുകാല്‍ നഷ്ടപ്പെട്ട ഫ്രിദയുടെ ജീവിതം പിന്നീട് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ ബസ്സപകടത്തിന്റെ തുടര്‍ശസ്ത്രക്രിയകള്‍ ഏറ്റുവാങ്ങിയത് മുപ്പത്തഞ്ചു തവണയാണ്. ശേഷിച്ച ഇരുപത്തേഴ് വര്‍ഷം വര്‍ണങ്ങളും രൂപങ്ങളും അവരുടെ കാന്‍വാസുകളില്‍ പ്രവര്‍ത്തിച്ചത് വേദനസംഹാരികളുടെ പ്രതിരൂപങ്ങളായിട്ടായിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ ചിത്രകലാ ചരിത്രങ്ങളെ പൊളിച്ചെഴുതാനുതകുന്ന ഒരു ശക്തിയായി ഫ്രിദയുടെ ചിത്രങ്ങള്‍ക്ക് രൂപമാറ്റം സംഭവിച്ചത് ചിത്രകലാ ചരിത്രത്തിലെ സ്വാഭാവികപ്രതിഭാസമായി അവരുടെ മരണശേഷമായിരുന്നു. 1907 ല്‍ ജനിച്ച ഫ്രിദ 1910 ലാണ് തന്റെ ജനനമുണ്ടായതെന്ന് സ്വയം വിശ്വസിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനും ശ്രമിച്ചിരുന്നു.
1910 ലുണ്ടായ മെക്‌സിക്കന്‍ വിപ്ലവത്തിന്റെ ഭാഗമായുണ്ടാകുമായിരുന്ന ജനനത്തിന്റെ രാഷ്ട്രീയ തീവ്രത അത്രമേല്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഫ്രിദ അങ്ങിനെ സ്വയം പറിച്ചുനട്ടുകൊണ്ടിരുന്നത്. രണ്ടാമത്തെ ആഘാതമായ ബസ്സപകടാനന്തരമുണ്ടായ ശാരീരികമായുള്ള തളര്‍ച്ചകളെ മറികടക്കാന്‍ ഫ്രിദ തിരഞ്ഞെടുത്തത് ചിത്രമെഴുത്തിലൂടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ്. കാലിഫോണിയയിലെ കോളേജ് വിദ്യാര്‍ഥികള്‍ രൂപീകരിച്ച ബ്ലാക്ക്പാന്തര്‍ പാര്‍ട്ടി, മെക്‌സിക്കന്‍ അമേരിക്കന്‍ യൂത്ത് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ വ്യാപ്രിതയായി.

അക്കാലങ്ങളിലാണ് തന്റെ കോളേജിലേക്ക് ഗസ്റ്റ് ഫാകല്‍റ്റയായി വന്ന, അന്ന് മെക്‌സിക്കോയിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരന്‍ ഡീഗോ റിവേരക്ക് സ്വന്തം ചിത്രങ്ങള്‍ കാണിക്കാന്‍ ഫ്രിഡക്ക് അവസരം ലഭിച്ചത്. തുടര്‍ച്ചയായ സമാഗമങ്ങളിലൂടെ പിന്നീടത് പ്രണയമായി രൂപാന്തരപ്പെടുകയും ഒരിക്കലും അവസാനിക്കാത്ത ശരീരവേദനയാണ് തനിക്കുള്ളതെന്ന സത്യത്തെ മറികടന്നുകൊണ്ടുള്ള കലാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുതകുന്നത്രക്കും തീക്ഷണമായ ഒരു ചികിത്സയായി ആ പ്രണയം ഫ്രിദയെ ആവാഹിച്ചെടുത്തതും.

റിവേറയുമായുള്ള വിവാഹശേഷം ഫ്രിദയുടെ സൃഷ്ടികളില്‍ സാങ്കേതികമായും സൗന്ദര്യപരമായുമുണ്ടായ മാറ്റങ്ങളിലനുഭവിച്ചുകൊണ്ടിരുന്ന ആനന്ദത്തിനിടയിലാണ് സ്വന്തം സഹോദരി ക്രിസ്റ്റിനയുമായി റിവേരക്കുണ്ടായ ബന്ധം ഒരിടിത്തീ പോലെ സ്വന്തം ജീവിതത്തിലേക്ക് ഇറങ്ങി വന്നത്. ജീവിതത്തിലേറെ സ്‌നേഹിച്ച സഹോദരിയും റിവേരയും ബസ്സപകടവുമാണ് തന്റെ ജീവിതത്തിന് ദുരന്തനിറങ്ങള്‍ ചാര്‍ത്തിത്തന്നതെന്ന് പല അഭിമുഖങ്ങളിലും ഫ്രിദ തുറന്നു പറഞ്ഞു.
സ്വവര്‍ഗ്ഗനുരാഗത്തിന്റെ അനുരണനങ്ങള്‍ പിന്നീട് അവരുടെ ജീവിതത്തില്‍ നമുക്ക് അനേകം വായിച്ചെടുക്കാനാവും. കലാചരിത്രത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘ടു ഫ്രിഡാസ്’എന്ന ചിത്രം വരച്ചത് ആ കാലയളവിലാണ്.

ഒട്ടനവധി വ്യാഖ്യാനങ്ങള്‍ക്ക് പാത്രീഭവിച്ച ചിത്രങ്ങളിലൊന്നാണിത്. 1938 ല്‍ ന്യൂയോര്‍ക്കിലെ ജൂലിയന്‍ ലെവി ഗാലറിയിലുണ്ടായ പ്രദര്‍ശനത്തില്‍ ഒരു മെക്‌സിക്കന്‍ ചിത്രകാരി പങ്കെടുക്കുന്നത് ചരിത്രത്തിലാദ്യമായിരുന്നു.
ദ ഫ്രെയിം എന്ന ഫ്രിദയുടെ ചിത്രത്തേക്കുറിച്ച് കാന്റിന്‍സ്‌കി സുഹൃത്തായ ആനിക്ക് എഴുതിയ കത്തില്‍ ഫ്രിഡയുടെ ചിത്രങ്ങളെക്കുറിച്ചും ദേശസ്‌നേഹത്തെ കുറിച്ചും പുകഴ്ത്തിപറയുന്ന ഒരു ഭാഗം ചരിത്രത്തിലുണ്ട്.

The Frame – ഫ്രാന്‍സിലെ ലുവ്റേ മ്യൂസിയം ആദ്യമായി വാങ്ങിച്ച ഒരു പെണ്‍ നിര്‍മ്മിത ചിത്രമാണ്
ദ ഫ്രെയിം. തീക്ഷണമായ ജീവിതാനുഭവങ്ങള്‍ പലതരത്തില്‍ വായിച്ചെടുക്കാവുന്ന അമ്പതോളം സെല്‍ഫ് പോര്‍ട്രൈറ്റുകളാണ് ഫ്രിദയുടെയായുള്ളത്. പല കാലങ്ങളിലെ മാനസിക വ്യഥകള്‍ എഴുതിവെച്ചിട്ടുള്ള ആ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ ഉപയോഗിച്ച ലാറ്റിന്‍ അമേരിക്കന്‍ ഫോക് ലറുകള്‍ ഇഴപിരിഞ്ഞുകിടക്കുന്ന കാത്തെലിക് സംഞ്ജകളായിരുന്നു ആന്‍ഡ്രേ ബ്രട്ടന്‍ എന്ന സര്‍റിയലിസ്റ്റ് ചിത്രകാരനെ വല്ലാതെ സ്വാധീനിച്ചത്.,
ജീസസിന്റെ പരിശുദ്ധ ഹൃദയം ഫ്രിഡയുടെ പോര്‍ട്രൈറ്റില്‍ ഒട്ടും പരിശുദ്ധമല്ലാതെയാവുന്നതും യാഥാര്‍ഥ്യങ്ങളുടെ പിന്‍ബലമുള്ള കഥപറച്ചിലുകള്‍ ഫാന്റസികളായി പരിണമിക്കുന്നതും ഫ്രിദ ഉപയോഗിച്ചിരുന്ന കഥാശകലങ്ങളും രീതികളും വിഭ്രാത്മകമാവുകയും ചെയ്തത്തോടെ ഫ്രിദയെ സര്‍റിയലിസത്തിനോട് ചേര്‍ത്ത് വെക്കാനാണ് അന്നത്തെ കലാനിരൂപകര്‍ താല്പര്യപ്പെട്ടത്.

മാനസികമായും ശാരീരികമായുമുള്ള കഠിന വേദനകളുടെ പാരമ്യതകളില്‍ വീണ്ടും നടന്ന തുടര്‍ ശസ്ത്രക്രിയകളില്‍ എഴുനേല്‍ക്കാനാവാതെയായ ഫ്രിദക്ക് ഹോസ്പിറ്റല്‍ അധികൃതരും അമ്മയും ചേര്‍ന്ന് കിടന്നു ചിത്രം വരക്കാവുന്ന തരത്തില്‍ ഈസില്‍ ബെഡിനോടൊപ്പം ക്രമീകരിച്ചു. 1953 ല്‍ മുന്‍മ്പേ നിശ്ചയിച്ചിരുന്ന ആദ്യത്തെ ചിത്രപ്രദര്‍ശനം എന്ന സ്വപ്നനഷ്ടം താങ്ങാവുന്നതിലും അധികമായിരുന്നു ഫ്രിദക്ക്. അതുകൊണ്ട്തന്നെ പ്രിയപ്പെട്ടവരുടെ എതിര്‍പ്പുകള്‍ വകവെക്കാതെ ഹോസ്പിറ്റല്‍ കിടക്കയോടൊപ്പമായിരുന്നു അവര്‍ പ്രദര്‍ശന ഹാളില്‍ തന്റെ സാനിധ്യമുറപ്പിച്ചത്.

തൊട്ടടുത്ത വര്‍ഷം നാല്പത്തേഴ് വയസ്സിലെ തീവ്ര യൗവ്വനം എന്നു പറയാവുന്ന ഫ്രിദയുടെ ശരീരം നിശ്ചലമാകുന്നതും അതെ കിടക്കയിലായിരുന്നു. വേദനയോടും ജീവിത നഷ്ടങ്ങളോടും കലഹിച്ചു ക്ഷീണിച്ച ഫ്രിദയുടെ തിരിച്ചറിവ് ആത്മഹത്യയിലേക്ക് വഴിമാറുകയായിരുന്നു. ഫ്രിദ ബാക്കിവെക്കുന്ന പ്രണയത്തിന്റെയും രാഷ്ട്രീയത്തിന്റെയും കടുത്ത വര്‍ണങ്ങള്‍ ഉള്‍കൊണ്ട് ഉര്‍വരമായ ഒരു കലാസമൂഹമായിരുന്നു പിന്നീട് ലാറ്റിന്‍ അമേരിക്കന്‍ കലാസംസ്‌കാരങ്ങളില്‍ ആധിപത്യമുറപ്പിച്ചത്.

FRIDA KAHLO
1907-1954







No Comments yet!