1990 കൾക്ക് ശേഷമുള്ള മലയാളത്തിലെ പുതു കവിതാപരിസരങ്ങളിൽ ഭാവപരമായും രൂപപരമായും ഏറെ വൈവിധ്യം പുലർത്തിയ കവിതകളാണ് എൽ. തോമസ് കുട്ടിയുടേത്. ചിത്രകലയിലും സിനിമയിലും ത്വരിതഗതിയിൽ സംഭവിക്കുന്ന വിചാര മാതൃകാ വ്യതിയാനങ്ങൾ ( Paradigm Shift)കവിതയുടെ രംഗത്ത് പലപ്പോഴും ഉണ്ടാകുന്നില്ല എന്നതാണ് നേര്. ക്ലാസിക് സങ്കല്പങ്ങളോടും ഒരുതരത്തിൽ ശുദ്ധ സൗന്ദര്യം എന്ന് വിളിക്കുന്ന ശീലവഴക്കങ്ങളോടും ചേർന്ന് നിന്നാണ് മലയാള കവിതയും സഞ്ചരിച്ചിട്ടുള്ളത്. കാലാകാലങ്ങളിൽ ആഘോഷിക്കപ്പെടുന്നതും ജനകീയമായി സ്വീകരിക്കപ്പെടുന്നതുമായ ആഖ്യാനപദ്ധതികളിൽ തളയ്ക്കപ്പെട്ട് ഒതുങ്ങാനായിരുന്നു കവിതയുടെ വിധി. ഭാവ- ബിംബ സംവിധാനത്തിൽ സ്വീകാര്യമായ പൊതുവഴി അപ്രമാദിത്വത്തോടെ ഇടം പിടിച്ചതും അങ്ങനെയാണ്. ഭാഷയിലും ആഖ്യാനത്തിലും ആശയ സ്വീകരണത്തിലും കവിതയുടെ സമഗ്ര ശരീരത്തിലും വിധ്വംസകമായ രീതിയിൽ നാളിതുവരെ കാണാത്ത രൂപ-ഭാവ വ്യതിയാനങ്ങൾ സാധ്യമാക്കിയ എൽ. തോമസ് കുട്ടിയുടെ കവിതകൾക്ക് സ്വതന്ത്രമായ അസ്തിത്വവും പ്രാബല്യവും ഉണ്ട്. സിനിമ – നാടക സങ്കേതങ്ങളും ചരിത്ര പ്രതിനിധാനങ്ങളും കമ്പ്യൂട്ടർ -ഗണിത -എ ഐ ഭാഷാക്രമങ്ങളും അധോതല ജീവിതങ്ങളുടെ ഗ്രാമ്യഭാഷണങ്ങളും ഫാഷൻ നിർമ്മിത മൊഴിമാറ്റങ്ങളും സ്വീകരിച്ച് കാവ്യഭാഷ ഭാവതലങ്ങളിൽ ഒരു അട്ടിമറി സാധ്യതയും ആഹ്വാനവും ഉള്ളടക്കി. അധീശ സംസ്കൃതവും കൊളോണിയൽ ഇംഗ്ലീഷും സങ്കട ഫലിതത്തിന്റെയും വിധ്വംസക നർമ്മത്തിന്റെയും ഇരയായി കവിതയിൽ അർത്ഥങ്ങളുടെ, ആശയങ്ങളുടെ ആഴങ്ങളും മാനങ്ങളും സൃഷ്ടിച്ചു. കാലക്കഠിന മാപിനി, ശ്വാനകുലാത്മജൻ, സീ സീ സംഭവാഖ്യോപി മയാ ടിക വിതന്യതേ , ഷീറ്റുമാടങ്ങൾ, പോപു (ലാർ) ല്ലേ! , ഓ-ഫീസ് തുടങ്ങി എത്രയോ അസംസ്കൃത ചേരുവകൾ കവിതകളിൽ നിന്ന് ഉദാഹരിക്കാൻ കഴിയും. ഓരോ കവിതയും നവീകരിക്കപ്പെടുന്നതും അതുകൊണ്ടുതന്നെ ക്ഷിപ്രസ്വീകാര്യമാകാത്തതും അവാങ്ഗാദ് ശൈലിയെ അനുസ്മരിപ്പിക്കുന്നതും ആണ്. ക്ഷ-റ, ഭൂപടം ഭൂമിയല്ല, വരുന്ന, ഉയിർപ്പ്, ഇൻസിലിക്ക എന്നീ കവിത സമാഹാരങ്ങളിലെ ഓരോ കവിതയ്ക്കുംവേറിട്ട ചെത്തവും മുഖവുമുണ്ട്. എന്നുടെയൊച്ച വേറിട്ട് കേട്ടുവോ എന്ന് പാരമ്പര്യ ശൈലിയിൽ ചോദിച്ച് സ്വയം അപഹാസ്യമാകുന്നുമില്ല. ഗദ്യസാഹിത്യത്തിൽ വി.കെ. എൻ നും കവിതയിൽ അയ്യപ്പപ്പണിക്കരും ആവിഷ്കരിച്ച ഭാഷ – ഭാവ പരീക്ഷണങ്ങൾക്ക്ഹൈടെക് ലാബ് സജ്ജീകരിച്ച് കാവ്യശാസ്ത്ര യുക്തിക്കനുസരിച്ച് സൂക്ഷ്മ നിരീക്ഷണ അപഗ്രഥനവും വിശകലനവും സാധ്യമാക്കുകയാണ് എൽ.തോമസ് കുട്ടിയുടെ കവിതകൾ.
പരീക്ഷണ വ്യഗ്രമായ മനസ്സിൽനിന്ന് സമൂഹ മനസ്സിന്റെ ആന്തരാർത്ഥങ്ങൾ വ്യവച്ഛേദിക്കാനുള്ള താല്പര്യം ചോർന്നു പോകുന്നില്ല എന്നതും പ്രത്യേകം പരാമർശിക്കേണ്ടതാണ്. “എനിക്കു രസമീ നിമ്നോന്നതമാം വഴിക്കു ഹർത്താൽ വായിക്കാൻ … ” ( …. ങ്ങനെ പോണു ) കുതികൊൾക ശക്തിയിലേക്കെന്ന് ആഹ്വാനം ചെയ്ത കവിയുടെ വരികൾ മധ്യവർഗ മലയാളിയുടെ ദൈനം ദിന ഉളുപ്പില്ലായ്മയെ നേരിടാൻ പാരഡി കെട്ടി ചൊല്ലുന്നിടത്ത് സാമൂഹ്യമായ ഒരു തിരുത്തൽ ശക്തിയായി കവിത ഇടപെടുന്നു.
“ക്ലാസ്സില്ല
ഓ-ഫീസില്ല
പാലും പത്രോം
മുടക്കമില്ല
കാണാനുണ്ട്
ക്രിക്കറ്റ്,
റിയാലിറ്റി ഷോ,
ഫലിതോം
പരസ്യാം …ണ്ട്
വീട്ടിലെല്ലാരും
ഒത്തിരിക്കും
ഹോളിഡേ..
നല്ല കാലം.
(…ന്താ പ്പ പറയ്യ …)
(…ങ്ങനെ പോണു – ഇൻസിലിക്ക )
കോവിഡ് കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച തോമസ് കുട്ടിയുടെ ‘പുര-വഴി -പാട് ! ‘എന്ന കവിത സമൂഹ മനസ്സിലേക്കും ദൈനംദിന ജീവിത പരിസരങ്ങളിലേക്കുമുള്ള കവിയുടെ ഉൾക്കാഴ്ചയെ അറിയിക്കുന്നു. പുതു കവിതയിലെ ഭാവ-രൂപാർത്ഥങ്ങൾക്ക് സാമൂഹ്യമായ നൈതിക സ്ഥാനമുണ്ടെന്ന നിരീക്ഷണത്തിൽ എൽ. തോമസ് കുട്ടി എഴുതിയ കവിതാ വിശകലന ഗ്രന്ഥത്തിന്റെ പേര് ‘പരിസര കവിത ‘ എന്നാണെന്നും ഇത്തരുണത്തിൽ ഓർക്കാം.
രോഗവും ഭീതിയും മനുഷ്യ സമൂഹത്തെ പുറത്തുനിന്ന് പൂട്ടിയിട്ട കോവിഡ്കാലം നമ്മുടെ കൺമുന്നിലെന്നപോൽ ഇപ്പോഴുമുണ്ട് .ഓരോ വ്യക്തിക്ക് ചുറ്റും ഉയർന്ന മതിൽക്കോലം. മരണ ചിഹ്നങ്ങളുടെ അക്കങ്ങളും സ്വയംരക്ഷയുടെ ഉടുത്തു കെട്ടുകളും. ശരീരോഷ്മാവിലും ഹൃദ്സ്പന്ദനങ്ങളിലും ഉൾ വ്യഥയോടെ ജാഗരൂകമായ അസ്വസ്ഥഭരിതമായ ദിനരാത്രങ്ങൾ. അന്ന് പലകാലങ്ങളിൽ ,പല ദേശങ്ങളിൽ നിന്ന് ഉപജീവനത്തിന് വന്ന അസംഘടിതരും പലതരം ചൂഷണങ്ങൾക്ക് വിധേയരുമായ തൊഴിലാളികൾ. അവരെ നാം അതിഥിയെന്ന് ആദരവോടെ വിളിക്കുമ്പോഴും നമ്മുടെയൊക്കെ മാന്യതകളുടെ മാലിന്യ വണ്ടി വഹിക്കാനും അതിൽ കിടന്ന് ഉഴലാനും മടിയില്ലാത്ത സാധുജന്മങ്ങൾ. കിട്ടിയത് പെറുക്കിയും അല്ലാതെയും ഭാണ്ഡമാക്കി സ്വന്തം ഇടങ്ങളിലേക്ക് കാലുവെന്ത് ഓടിയ ആ ജീവിതങ്ങൾക്ക് പിറകെ ഉൾവേദനയുടെ ഭാരവും പേറി കിതയ്ക്കുന്ന ഒരു മനസ്സിനെ നീതിബോധത്തോടെ സ്ഥാപിക്കുന്നു
‘പുര- വഴി -പാട് ! ‘ എന്ന കവിതയിൽ.
“കാലു വെന്ത് നടക്കുന്നു
ഇന്ത്യ
അതിരുകൾക്കുള്ളിലെ എണ്ണമറ്റ വേലികളിൽ
തടഞ്ഞ്
കടമ്പയിൽ
കുടുങ്ങി “ അതിരുകൾക്കുള്ളിലെഎണ്ണമറ്റ വേലികളിൽ തടഞ്ഞ് കടമ്പയിൽ കുടുങ്ങിക്കിടക്കുകയും കാലുവെന്ത് നടക്കുകയും ചെയ്യുന്ന ഇന്ത്യയുടെ നേർചിത്രം ചില പ്രതിനിധാനങ്ങളോടെ കടന്നുവരുന്നു. നമുക്കായി വീടുണ്ടാക്കിയവരും ഗോതമ്പും നെല്ലും വിളയിച്ചവരും അക്കൂട്ടത്തിലുണ്ട്. പാൻ ഇന്ത്യൻ അവസ്ഥയുടെ ആഖ്യാനമായി മർത്ത്യജീവിതത്തിന്റെ നട്ടെല്ലുകൾ വിലകെട്ട് കുനിഞ്ഞു പോകുന്നതാണ് കവിതയുടെ പ്രമേയം. ഗ്രാമങ്ങളുടെ ആത്മാവും ഭാരതത്തെ ഇന്ത്യയാക്കിയവരും അവരാണ്. പുതുകാലത്തെ പ്രോലിറ്റേറിയൻ ജീവിതാഖ്യാനങ്ങൾ –
“ചാന്ദ്നി ചൗക്കിലെ
റിക്ഷാ വാലകൾ
പാലികാബസാറിലെ വഴിയോര വാണിഭക്കാരികൾ അമദാബാദിൽ വഡാ പാവും
ഇൻഡോറിൽ പാവ് ബജിയും വിളമ്പിയോർ
ധാനാപൂരിൽ
ചാർ സൗ ബീസ് വിറ്റവർ
ഔറാംഗാബാദിലെ ഫാക്ടറിപ്പണിക്കാർ ഹൂഗ്ളിയിലെ തെരുവ് ബാർബർ
ആന്ധ്രയിലെ കടുക് പാടങ്ങളിൽ
മഞ്ഞപ്പൂക്കളാ –
യെരിഞ്ഞവർ
പഞ്ചാബിന്റെ വിളകളിലേക്ക്
അഞ്ചു നദിയായി വിയർത്തവർ
അജ്‌മീറിൽ
കാലിഗ്രാഫിയിലുയിരൂതിയവർ
മുംബൈയെ ഊട്ടിയ ഡബ്ബാവാലകൾ “
എൽ. തോമസ് കുട്ടി
ട്രെയിനിൽ കയറാനാകാതെ കയറിയാലും കൂലി കൊടുക്കാനില്ലാതെ ആട്ടിയോടിക്കപ്പെട്ട ഈ ജീവിതങ്ങൾക്ക് മേൽ മാരി നീച മരീചികയാകുന്നു എന്നാണ് കവിതയിലെ മൊഴി. കാലികളെപ്പോലെ നടന്നിട്ടും നാൽക്കാലിയേക്കാൾ വിലകെട്ടവർ, ഹൈവേകളിലും റെയിലുകളിലും അരഞ്ഞുതീരുന്നവർ, മധ്യവർഗ ജീവിതത്തിന്റെ എ.സി ചത്വരങ്ങളിൽ മൂകഭാഷ മരണ നൃത്തമാടുമ്പോൾ നട്ടംതിരിയുന്നു.
“ഒരിറ്റു നീരിറക്കാതെ
ഒക്കത്തിരുന്ന് ഉണങ്ങിപ്പോയ കൈക്കുഞ്ഞുമായി കൂട്ടുകാരി. കരയാൻപോലും ഒച്ചയില്ലാതെ കണ്ണീരില്ലാതെ ഉറ്റവരില്ലാതെ
ബധിര വിജനതയിൽ “
പുരമെരിയുമ്പോൾ ഗീതം വായിക്കുന്ന ,കാലിലെ ചൂളച്ചൂടിൽ നിന്നും കേക്ക് ചുട്ടെടുക്കുന്ന, വാഴവെട്ടാൻ പുര വീണ്ടും വീണ്ടും കത്തിക്കുന്ന, കൈ കഴുകുന്ന, അധീശവും നിർദയവുമായ എല്ലാ സ്വരൂപങ്ങളോടും കലഹിച്ച് നിസ്വരുടെ ഒപ്പം നിൽക്കുന്നു കവിത. നിർഭയ-ദുരധികാര ചിഹ്നങ്ങളെ പുരാവൃത്ത പരാമർശമല്ലാതെ ചരിത്രപരതയോടെ കവിതയിൽ സ്ഥാപിക്കുന്നതും ശ്രദ്ധേയം .
കവിതയുടെ ശീർഷകത്തിലെ ത്രിമാന വ്യവസ്ഥ കൃത്രിമമായി ഉൾച്ചേർത്തതല്ല എന്നുകൂടി കവിതയുടെ വായനയിൽ ലഭിക്കും. ദേശവും ഗ്രാമവും കുടി കിടപ്പും ഉൾക്കൊള്ളുന്ന ഇടമാണ് പുര എന്ന ചിഹ്നം. വഴി, ജീവിതത്തിലെ ഉപജീവനമാർഗങ്ങളും മനുഷ്യേച്ഛയുടെ സ്വച്ഛന്ദവും ധാർമികവും നൈതികവുമായ അന്തസ്സിന്റെ സൂചനയുമാണ്. പാട്, അസ്തിത്വവും അടയാളവും ആണ് ; ഒപ്പം മുറിവേറ്റ പാടുമാണ്. ഇടവും ജീവിത വഴികളും ഐഡന്റിറ്റിയും റദ്ദ് ചെയ്യപ്പെട്ട ജീവിതങ്ങളെ കവിതയിലേക്ക് ഉൾവഹിച്ച് മധ്യവർഗ മാന്യതയെയും ഭരണകൂട- സാംസ്കാരിക ദേശീയ – ദുരധികാര വാഴ്ചകളെയും വിമർശിക്കുന്ന പ്രത്യാഖ്യാനങ്ങൾക്ക് ശ്വാസം കൊടുക്കുകയാണ് ഈ കവിത.
*****
No Comments yet!