Skip to main content

മാര്‍ച്ച് 21: ബ്രാഹ്‌മണ്യത്തോട് കവിതകൊണ്ടു കലഹിച്ച കവി മൂലൂര്‍ എസ് പത്മനാഭപ്പണിക്കര്‍ ഓര്‍മ്മദിനം

നായും നരിയും നടക്കുന്ന പന്ഥാവില്‍നിന്ന് അവര്‍ണനെ ആട്ടിയോടിക്കാന്‍ ‘ഹോയി’ മുഴക്കുന്ന പാഷാണ്ഡന്മാരുടെ ദുര്‍മദത്തെ അമര്‍ച്ചചെയ്യാന്‍ വെമ്പല്‍ കൊള്ളുന്നതായിരുന്നു മൂലൂരിന്റെ മനസ്സ്. അതുകൊണ്ടവര്‍ മൂലൂരിനെ ആക്ഷേപിച്ചിരുന്നത് ”മുതു മരഞ്ചാടി” എന്നാണ്. മൂലൂരാകട്ടെ ഇതൊന്നും വകവെക്കാതെ ബ്രാഹ്‌മണ്യത്തോട് കവിതകൊണ്ടു കലഹിച്ചുകൊണ്ടുമിരുന്നു. ‘സരസകവി’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. പതിമൂന്ന് വയസ്സു മുതല്‍ കവിതയെഴുത്ത് തുടങ്ങിയ ആളാണ് മൂലൂര്‍. കേരളവര്‍മ വലിയകോയിത്തമ്പുരാനാണ് അദ്ദേഹത്തെ ‘സരസകവി’ എന്നു വിശേഷിപ്പിച്ചത്.
‘പ്രബുദ്ധസിംഹളന്‍’ എന്ന ഒരു മാസിക മൂലൂര്‍ സ്വന്തമായി നടത്തിയിരുന്നു എങ്കിലും 1920 August മുതല്‍ ചേര്‍ത്തലയില്‍ നിന്നും ചീരപ്പന്‍ചിറ കൃഷ്ണപ്പണിക്കര്‍ പത്രാധിപരായി ‘കരപ്പുറം’ എന്നൊരു ഒരു മാസിക നടത്തിയിരുന്നു. അഞ്ചോ ആറോ ലക്കം ഇറങ്ങിക്കഴിഞ്ഞശേഷം അത് പിന്നീട് കെസി കുട്ടനാണ് നടത്തിയിരുന്നത്. അതോടെ അത് സഹോദര സംഘത്തിന്റെ മറ്റൊരു പ്രസിദ്ധീകരണമായി മാറി. ഈ മാസികയിലൂടെയാണ്. മൂലൂരിന്റെ അക്കാലത്ത് വിവാദമായി മാറിയ മിക്കവാറും എല്ലാ കവിതകളുംപുറത്തുവന്നിട്ടുള്ളത്.
ഇതിലെ എഴുത്തുകാര്‍ സഹോദരന്‍ അയ്യപ്പന്‍, മൂര്‍ക്കോത്ത്കുമാരന്‍, എംസി ജോസഫ്, കെപി കറുപ്പന്‍, ആര്‍. സുഗതന്‍, പി.വേലു, എ.ഗോവിന്ദപ്പിള്ള, മുതുകുളം പാര്‍വതിയമ്മ തുടങ്ങിയവരായിരുന്നു. ഇവരുടെ ലേഖനങ്ങള്‍ കൂടാതെ അന്നത്തെ പ്രശസ്തരായസാഹിത്യകാരന്മാരുടെ കവിതകള്‍, ചെറുകഥ, ഗ്രന്ഥ നിരൂപണങ്ങള്‍ എന്നിവയുമുണ്ടായിരുന്നു. ഈ മാസികയെക്കുറിച്ച് മൂലൂര്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്:

”നിരപ്പിലിക്കേരള സമ്പ്രദായം
ശരിപ്പെടുത്താനുപദേഷ്ടിപോലെ
കരപ്പുറം മാസിക വഞ്ചിഭൂവില്‍
സ്ഥിരപ്രതിഷ്ഠാ പ ഭ മാര്‍ന്നിടേണം.”

ചേര്‍ത്തലയിലെ സഹോദര സംഘത്തിന്റെ ആവശ്യപ്രകാരം മൂലൂര്‍ എഴുതിയ കവിതയാണ് ‘സാഹോദര്യം’. 32 വരികള്‍ ഉള്ള ഈ കവിതയിലെ ഏറെ പ്രസിദ്ധമായ വരിയാണ്-
”കണ്ടോ വേമ്പനാട്ടുകായല്‍ തന്നില്‍ മുങ്ങിമരിക്കാനു-
`മിണ്ടന്‍ തുരുത്തി ` തന്‍ ചീട്ടുകിട്ടണം പോലും !”

വൈക്കത്തു കൂടി സഞ്ചരിച്ച ഗുരുവിനെ ഒരു ബാഹ്‌മണന്‍ റിക്ഷാ വണ്ടിയില്‍ നിന്നും ഇറക്കിവിട്ട സംഭവത്തെ കുറിച്ചും മൂലൂര്‍ കരപ്പുറം മാസികയില്‍ ഇങ്ങനെ എഴുതിയിരുന്നു:
”വൈയ്ക്കത്തു വച്ചു മുന്നം റിക്ഷാ വണ്ടിയില്‍ മുനി
മുഖ്യനാം നാരായണ സ്വാമികള്‍ പോയീടവേ
മുഷ് കെഴു മഹീദേവന്‍ നേരേ വന്നു
ചക്ര വാഹക നടു മാറുകയെന്നു ചൊല്ലി
തൃക്കഴലപ്പോള്‍ താഴെ വച്ചു താന്‍ സഞ്ചരിച്ചാന്‍”

ഈ സംഭവത്തിന് എതിരെ ബ്രാഹ്‌മണര്‍ക്കിട്ട് ഒരു കൊട്ടു കൂടി ആയിരുന്നു ‘സാഹോദര്യം’ എന്ന കവിത. അതിലെ ചില വരികള്‍ ചുവടെ-
‘വ്യാഘ്രി പെറ്റുകിടക്കും വാര്‍കാനനമെന്നര്‍ത്ഥമുള്ള
വ്യാഘ്രാലയം വൈക്കത്തിന്റെ പര്യായമത്രേ .
ദുര്‍ഘടമവിടെ സഞ്ചരിക്കുവാനുണ്ടെന്നാകിലും
വാഘ്രികണ്ടീരവത്തിനും താഴെയാണല്ലേ .
കള്ളുകുടിച്ചീടും ഭ5കാളിക്കുമുണ്ടല്ലോ തീണ്ടല്‍
പുള്ളിയെ ത്തെറികള്‍ പാടി നിങ്ങള്‍ പൂജിപ്പൂ .
ശ്രീനാരായണഗുരുസ്വാമി തിരുവടി
വിതതാനുഗ്രഹം ചെയ്യും പ്രത്യഗ്ര ബുദ്ധന്‍…’

ധര്‍മ്മപദം വിവര്‍ത്തനം ചെയ്തതുപോലെ, ‘സാഹോദര്യം’ എന്ന കവിതയും അയ്യപ്പന്‍മാഷ് പറഞ്ഞിട്ട് സഹോദരസംഘത്തിന് വേണ്ടി എഴുതിയതാണ്. അത് ആദ്യമായി അച്ചടിച്ചു വന്നതും ‘കരപ്പുറം’ മാസികയിലാണ്. വര്‍ത്തമാനകാലത്ത് എന്തുകൊണ്ടും പ്രസക്തമായ മൂലൂരിന്റെ ”മുറജപം” എന്ന കവിതയില്‍ നമ്പൂരിമാരെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്-

”നായും നരിയും നടക്കുന്ന പന്ഥാവില്‍
”ഹോയി” മുഴക്കുന്ന പാഷണ്ഡന്‍മാര്‍

ഈയുള്ള പാവങ്ങള്‍ കണ്ടം കിളച്ചുമി-
ക്കായം വിയര്‍ത്തും കരിഞ്ഞുമേറ്റം

ഭൂയോപി നല്‍കുന്ന ചോറുണ്ടു ഭാരത –
ത്തായെ മറക്കുന്ന നിര്‍ഘൃണന്‍മാര്‍

സോമലത ചെത്തിച്ചാരായമുണ്ടാക്കി
ത്തൂമധുപോലെയതാശ്വസിച്ചു

സോമയാജിത്വമാം ഭാഷ ദുഷിപ്പിച്ച
ചോമാതിരിപ്പട്ടം വച്ചുകെട്ടി

വ്യാമോഹം പൂണ്ടു സാധുക്കളെ മര്‍ദ്ദിച്ചു
ഭൂമിയില്‍ ചാഞ്ചാടും ദേവതകള്‍

ഉണ്ണുമ്പോള്‍ സ്വന്തം തനയരെക്കണ്ടെന്നാല്‍
കണ്ണടച്ചീടുന്ന കശ്മലന്‍മാര്‍

മൂത്തവന്‍ വേള്‍ക്കണം മറ്റവന്‍ വൈദിക_
വൃത്തിയായ് കാലം കഴിച്ചിടേണം

എന്നുള്ള പൂര്‍വിക ശാസനം പുല്ലാക്കി_
ത്തമ്പഗിമാരെ ദുഷിപ്പിക്കുന്നോര്‍

ഓട്ടു വളയും മറക്കുടയും പിന്നെ
മുട്ടു മറക്കും പുടവകളും

വീട്ടുമുറ്റത്തുമിറങ്ങാന്‍ പാടില്ലാത്ത
ശട്ടവുമന്തര്‍ജനത്തിനേകി

ചൂട്ടുമെടുത്തുണിച്ചക്കിയെ പ്രാപിച്ച
കഷ്ടമേ മന്‍മഥക്കൂത്തേടിപ്പോര്‍

ബ്രാഹമണ്യമീവിധം തീരെ ദുഷിപ്പിച്ച
ദുര്‍മ്മദന്‍മാരെയീ വഞ്ചിനാട്ടില്‍…’

മൂലൂര്‍ എസ് പത്മനാഭപ്പണിക്കര്‍

1914-ല്‍ ശ്രീമൂലം പ്രജാസഭാംഗമായ അദ്ദേഹം പന്ത്രണ്ട് വര്‍ഷം അതില്‍ അംഗമായിരുന്ന കാലഘട്ടത്തില്‍ ഈഴവ സമുദായത്തിന്റെ അവകാശങ്ങള്‍ക്കും ഇലവുംതിട്ടയുടെ വികസനത്തിനും യത്‌നിച്ചു. എസ്.എന്‍.ഡി.പി യോഗം ആരംഭിക്കുന്നതിനു മുമ്പേ ശ്രീനാരായണ ഗുരുവിന്റെ ആശയ പ്രചാരകനായ അദ്ദേഹമാണ് പത്മനാദോദയം ഇംഗ്ലീഷ് സ്‌കൂള്‍ ആരംഭിച്ചത്.

1893-ല്‍ മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മലയാള കവികളെ മഹാഭാരതത്തിലെ കഥാപാത്രങ്ങളോടു താരതമ്യം ചെയ്ത് രചിക്കാന്‍ പോകുന്ന ‘കവിഭാരതം’ എന്ന കാവ്യത്തില്‍ സ്ഥാനം നേടാന്‍ ശ്രമിച്ചെങ്കിലും ഈഴവനെന്ന കാരണത്താല്‍ തഴയപ്പെട്ടു. ഇതിനെതിരെ പകരം വീട്ടി മൂലൂര്‍ രചിച്ച കൃതിയാണ് ‘കവിരാമായണം’. ഇത് വലിയ വിവാദം സൃഷ്ടിക്കുകയും പലവിധ ആക്രമണങ്ങളും നേരിടുകയും ചെയ്തു. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം അന്നു സാഹിത്യത്തില്‍ നിലനിന്നിരുന്ന ജാതിഭേദത്തെ ഇല്ലാതാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. പിന്നീടും അദ്ദേഹം സാഹിത്യത്തില്‍ ജാതിവിവേചനത്തിന്റെ പേരില്‍ വിവാദങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്.

കിരാതം അമ്മാനപ്പാട്ട്, കുചേലശതകം മണിപ്രവാളം, കവിരാമായണം, ആസന്നമരണചിന്താശതകം, പാലാഴി മഥനം അമ്മാനപ്പാട്ട്, കോകില സന്ദേശം, കൃഷ്ണാര്‍ജുന വിജയം ആട്ടക്കഥ, ബാലബോധനം, മേല്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ ‘കോടിവിരഹം’, ബുദ്ധമത കൃതിയായ ‘ധര്‍മപദം’ തുടങ്ങിയ വിവര്‍ത്തനങ്ങളും ചേര്‍ന്നതാണ് മൂലൂര്‍ കൃതികള്‍.

‘ധര്‍മപദം’ പാലില്‍ നിന്നും മലയാളത്തിലേക്ക് മൂലൂര്‍ വിവര്‍ത്തനം ചെയ്തതും സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞിട്ടാണ്. അത് ആ കൃതിയുടെ അവസാന വരിയില്‍ ഉണ്ട്. അദ്ദേഹം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്-
”വാഗ്മികള്‍ മകുടമാം അയ്യപ്പന്‍ ബിഎ യുടെ
വാക്കിനെ അനുസരിച്ചാദരാല്‍ ഞാനിങ്ങനെ
കൊളംബമായിരത്തൊരുനൂറാമതാണ്ടില്‍
മേളിക്കും കുംഭമാസം ഇരുപത്തൊമ്പതാം നാള്‍
ഘടികായന്ത്രം ഒന്നേകാല്‍ അടിക്കവേ
ധര്‍മ്മഘടിത യന്ത്രത്തിന്റെ തര്‍ജ്ജിമ പൂര്‍ത്തിയാക്കി.”

ഗുരുവിലും മൂലൂരിലും എല്ലാം പ്രായം കൊണ്ട് ഒരുപാട് ജൂനിയര്‍ ആണെങ്കിലും സഹോദരന് എത്രമാത്രം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു എന്ന് വ്യക്തമല്ലേ? ജാതി സങ്കടങ്ങള്‍ അനുഭവിക്കുന്ന ഈഴവര്‍ തങ്ങളേക്കാള്‍ ഉയര്‍ന്ന സമുദായങ്ങളോടല്ല താണ സമുദായങ്ങളെന്നു ഗണിക്കപ്പെടുന്നവരോടാണ് സമത്വം കാണിക്കേണ്ടതെന്ന ?ഗുരുവിന്റെയും സഹോദരന്റെയും നിര്‍ദേശത്തെ പ്രാവര്‍ത്തികമാക്കുന്നതായിരുന്നു മൂലൂരിന്റെ എഴുത്തും വാക്കും പ്രവൃത്തിയും എല്ലാം.1932 മാര്‍ച്ച് 21ന് മൂലൂര്‍ ഓര്‍മ്മയായി.

 

******

 

No Comments yet!

Your Email address will not be published.