പെണ്ണിനെ വെറും ഉടലായോ ഉപഭോഗ വസ്തുവായോ ആണ് പുരുഷാധിപത്യ സമൂഹം അടയാളപ്പെടുത്തുന്നത്. ഒരു ലൈംഗിക തൊഴിലാളിയാണെങ്കിൽ പിന്നെ പറയാനുമില്ല. അവൾ വില കൊടുത്ത് വാങ്ങാവുന്ന മാംസപിണ്ഡമോ വെറും ലൈംഗികോപകരണമോ ആകുന്നു. ആണാധികാര സമൂഹത്തിൻ്റെ ധാർഷ്ട്യങ്ങളുടേയും ഹൃദയ ശൂന്യമായ കാപട്യങ്ങളുടേയും അതിലുപരി സ്ത്രീയുടെ വികാര-വിചാരങ്ങളുടേയും ശരീരകാമനകളുടേയും സ്വതന്ത്ര വാഞ്ഛയുടെയുമൊക്കെ അനുഭവലോകത്തെ സരളമായും ദൃശ്യചാരുതയോടെയും ആവിഷ്ക്കരിക്കുന്ന ചലച്ചിത്രമാണ് മണിലാൽ രചനയും സംവിധാനവും നിർവ്വഹിച്ച ഭാരതപുഴ. ലൈംഗിക തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് നിരവധിയായ സിനിമകൾ ഉണ്ടായിട്ടുണ്ട്. അവ മിക്കവാറും പുരുഷന്റെ അധീശത്വത്തേയും സ്ത്രീയുടെ വിധേയത്വത്തേയും ആഘോഷിക്കുന്ന സിനിമകളായിരുന്നു. വ്യക്തി സ്വത്വമുള്ളവരായി സ്ത്രീകൾ അതിൽ ചിത്രീകരിക്കപ്പെടാറില്ല. പലപ്പോഴും പുരുഷന്മാരുടെ കാഴ്ചപ്പാടിലൂടെയായിരുന്നു അവയിലെ സ്ത്രീ അഭിമുഖീകരണം.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികത നിരുപാധികമായ ആനന്ദം പങ്കിടൽ കൂടിയാണ്. എന്നാൽ പുരുഷന് അത് ഒരു യുദ്ധത്തിന് തയ്യാറെടുക്കുന്നതു പോലുള്ള ഒന്നാണ്. പുരുഷന്മാരുടെ ഇത്തരം ചേഷ്ടകൾ പല കഥാപാത്രങ്ങളിലൂടേയും ഭാരതപുഴയിൽ ആവർത്തിക്കുന്നുണ്ട്. സ്ത്രീകൾ കീഴടക്കപ്പെടേണ്ടവരാണെന്ന ആൺകോയ് വിചാരങ്ങളിൽ നിന്നാണ് ഇത്തരം ധാരണകൾ ഉരുവം കൊള്ളുന്നതെന്ന് ഈ ചലചച്ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. പുരുഷകേന്ദ്രീത സമൂഹങ്ങളിലെല്ലാം ലൈംഗിക തൊഴിലാളികളു ണ്ടായിരുന്നു. സംഘകാലത്തും അത് നിലനിന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ആ സമൂഹങ്ങളിലെല്ലാം അവർ സ്വാതന്ത്ര്യത്തോടെ ജീവിച്ചതായും മനസ്സിലാക്കാനാവും . ആധുനിക സമൂഹത്തിലേക്ക് വരുമ്പോൾ അതെല്ലാം ഗോപ്യമായും സദാചാര വിലക്കുകൾക്കുള്ളിലും അനുഷ്ഠിക്കേണ്ട പ്രവൃത്തിയായി മാറുന്നു. ഇത് ഒരു സമൂഹം കപട സദാചാര സമൂഹമായി മാറിയിരിക്കുന്നതിൻ്റെ ലക്ഷണങ്ങൾ കൂടിയാകുന്നു. പലപ്പോഴും ലൈംഗിക തൊഴിലിലേക്ക് സ്ത്രീകൾ വരുന്നത് സാഹചര്യങ്ങളുടെ സമ്മർദ്ദത്താലാണ്. എന്നാൽ പൊതുസമൂഹം അവരെ ബഹിഷ് കൃതരാക്കുകയും സദാചാര പോലീസിങ്ങിന് വിധേയമാക്കുകയും ചെയ്യുന്നു.
സിജി പ്രദീപ് അവതരിപ്പിക്കുന്ന സുഗന്ധിയിലൂടെയാണ് ഭാരത പുഴ ആഖ്യാനം ചെയ്യപ്പെടുന്നത്. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ലൈംഗിക തൊഴിലിലേക്ക് എടുത്തെറിയപ്പെട്ടവളാണ് സുഗന്ധി. നിസ്സഹായവും പീഡിതവുമായ ബാല്യമായിരുന്നു അവളുടേത്. നിലനിൽപ്പിന് വേണ്ടി അവൾ ഓട്ടുകമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. അവിടെ വെച്ചാണ് അവൾ ആദ്യമായി പീഢനത്തിനിരയാകുന്നത്. സുഗന്ധി തൻ്റെ ആദ്യപീഢനകഥ സാബുവിനോട് പറയുമ്പോൾ ദൃശ്യതലത്തിൽ തെളിഞ്ഞു വരുന്നത് പുരുഷത്വത്തിന്റെ പ്രതീകമെന്ന നിലയിൽ ആകാശത്തോളം ഉയർന്ന് നിൽക്കുന്ന പുകക്കുഴലിന്റെ ഇമേജാണ്. പുരുഷൻ എപ്പോഴും ഉദ്ധതനാണ്. അവന്റെ ദ്വജവീര്യം ആകാശത്തോളമുയരുന്ന പുകക്കുഴലായി ഭീതി പടർത്തുന്നു.
കേന്ദ്ര കഥാപാത്രമായ സുഗന്ധിയുടെ നിഴലോ സാരഥിയോ ആണ് സാബു എന്ന കഥാപാത്രവും അയാളുടെ ഒട്ടോറിക്ഷയും. സുഗന്ധി ക്കെപ്പോഴും അൽപമൊരാശ്വാസമാകുന്നത് സാബുവിൻ്റെ സാന്നിദ്ധ്യമാണ്. പക്ഷെ അയാൾ മുഴുക്കുടിയനും ഉത്തരവാദിത്വ രഹിതനുമാണ്. അയാളുടെ ഉപേക്ഷിക്കപ്പെട്ട ഭാര്യയുടെ ദൃശ്യങ്ങൾ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അവൾ അടുക്കളയിലെ ഒരു ഉപകരണം മാത്രമാകുന്നു. മീൻ നന്നാക്കു ന്നതിന്റെ ആവർത്തിച്ചുവരുന്ന ദൃശ്യം അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. സാബുവിനോട് സുഗന്ധിക്കടുപ്പം തോന്നുന്നുണ്ട്. അയാളൊടൊപ്പം ജീവിക്കാനാവുമെങ്കിൽ സ്വാതന്ത്ര്യത്തേടെ ജീവിക്കാമെന്നവൾ കരുതുന്നു. എന്നാൽ അയാൾ ജാഡ്യത്തിൽ നിന്ന് ഒരിക്കലും ഉണരുന്നതേയില്ല . അതവൾ മനസ്സിലാക്കുന്നുമുണ്ട്. അവളുടെ വാലായി എപ്പോഴും കൂടെ യുള്ളതുകൊണ്ട് സമൂഹത്തിൽ നിന്നും സാബുവിന് പരിഹാസം ഏറ്റു വാങ്ങേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ അയാളുടെ കോമാളിച്ചിരി കപട സദാചാര സമൂഹത്തിന് നേരെയുള്ള കറുത്ത ചിരിയായി മാറുന്നു.
സുഗന്ധിയെ നിരവധി പുരുഷന്മാർ പ്രാപിക്കുന്നുണ്ട്. അവർക്കൊന്നും അവളുടെ പേരൊ ഊരോ ഒന്നും അറിയേണ്ടതില്ല. അവൾക്കത് പറയേണ്ടി വരുന്നുമില്ല. ശരീരിക വിതാനത്തിനപ്പുറം ലൈംഗിക തൊഴിലാളികളെ പുരുഷന്മാർ കണക്കിലെടുക്കാറില്ല. പുരുഷന്മാർക്ക് പകലിൽ അവർ നിഷിദ്ധവും രാത്രിയിൽ മാത്രം സ്വീകാര്യവുമാണ്. പുരുഷന്മാരുടെ ഇത്തരം കാപട്യവും അവരാടുന്ന സദാചാര നാടകവുമൊക്കെ സുഗന്ധിയെ അസ്വസ്ഥമാക്കുന്നുണ്ട്. ഇത് കേരളീയ കുടുംബ സദാചാര ജീവിതത്തിലേക്കുള്ള ഒരെത്തിനോട്ടമായി മാറുന്നുണ്ട്.
പുരുഷലോകം പരിമിതപ്പെടുത്തിയ ലോകത്തിലൂടെ സ്വതന്ത്രയായി ഒഴുകാൻ സുഗന്ധി ശ്രമിക്കുന്നുണ്ട്. സാബു മദ്യപിച്ച് ബോധരഹിതനാകുന്ന സന്ദർഭത്തിലൊക്കെ സ്വയം ഒട്ടോ ഓടിച്ച് ലക്ഷ്യത്തിലെത്തുന്നുണ്ട് അവൾ .എങ്കിലും ശൂന്യമായ പള്ളിപ്പറമ്പുകളിലും പാറക്കെട്ടുകളിലും അങ്ങനെ ഇരുണ്ട വഴികളിലൂടെ മാത്രമാണ് അവൾക്ക് സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാനാവുന്നത്. ഇതിനിടയിൽ ഒരേ തൊഴിൽ ചെയ്യുന്ന അവളുടെ കൂട്ടുകാരി ആത്മഹത്യ ചെയ്യുന്നു. അവൾക്ക് ഒരാലംബവും ഇല്ലാതാകുന്നു. ഏകാകിതാ യാത്രകളുടെ ഒരോ അന്ത്യത്തിലും ശൂന്യജീവിതത്തിന്റെ ആഴങ്ങളെ അവൾ ഭീതിയോടെ തിരിച്ചറിയുന്നു. ആൺകോയ്‌മയുടെ ഹീന പ്രതീകവും ഒരിക്കൽ തന്റെ ഭർത്താവുമായിരുന്നയാൾ അവളുടെ പേടി സ്വപ്നമായി മാറുന്നു. തന്റെ വഴികൾ ശരിയായിരുന്നോ എന്നവൾ ആലോചിക്കുന്നുണ്ട്. അവൾ പള്ളിയിലെ കുമ്പസാര കൂട്ടിലെത്തുന്നു. സദാചാരം നിന്നിലൂടെ മാത്രം സംരക്ഷിക്കപ്പെടേണ്ടതല്ലെന്നും വീണ്ടും വീണ്ടും തെറ്റാവർത്തിക്കാൻ വേണ്ടി മാത്രം വ്യഖ്യാനിക്കപ്പെട്ടതാണ് മതത്തിൻ്റെ കുമ്പസാരപ്രകടന ങ്ങളെന്ന് പുരോഹിതനിലൂടെ അവൾ മനസ്സിലാക്കുന്നു. ഇവിടെ മതങ്ങളുടെ പൊള്ളത്തരങ്ങളാണ് മണിലാൽ ധ്വനിപ്പിക്കുന്നത്.
സാമൂഹ്യ വിമർശനത്തിന്റേതായ അനുരണനങ്ങൾ പലയിടത്തും ഈ ചലച്ചിത്രത്തിൽ ഈ ചേർന്ന് കിടക്കുന്നുണ്ട്. പള്ളിപ്പറമ്പിലെ പ്രേതങ്ങളെക്കുറിച്ച് പറയുമ്പോൾ പ്രേതങ്ങൾക്ക് ഞങ്ങളെപ്പോലെ ജാതിയും മതവുമൊന്നും ഇല്ലെന്ന് സുഗന്ധി പറയുന്നതും മലകൾ ഇനി എത്ര കാല മുണ്ടാകുമെന്നതും അടിയിൽ നിന്ന് അത് തുരന്നു തുടങ്ങിയിട്ടുണ്ടെന്ന് സാബു പറയുന്നതുമൊക്കെ ഇതിൻ്റെ നിദർശനങ്ങളാകുന്നു. ജീവിതാനുഭവം നൽകുന്ന വേദനയും വ്യർത്ഥതയും സുഗന്ധിയെ മഹായാനത്തിലേക്ക് നയിക്കുന്നു. ചലച്ചിത്രത്തിന്റെ അന്ത്യത്തിൽ നഗരരാവിൽ സ്വയം ഒട്ടോ ഒടിച്ച് സ്വാതന്ത്ര്യം കൊണ്ടാടുന്നതുപോലുള്ള ദൃശ്യങ്ങൾ അതാണ് അനുഭവവേദ്യമാക്കുന്നത്. വൈകാരിക മുഹൂർത്തങ്ങളൊന്നും ഈ ചലച്ചിത്രത്തിലില്ല. അതേസമയം ഒരു ചിത്രമെഴുത്തിലേതുപോലെ തോന്നുന്ന നഗരദൃശ്യം പോലുള്ള നിരവധി ഫ്രെയിമുകൾ ഇതിലുണ്ട്. ഒരർത്ഥത്തിൽ സൗന്ദര്യാത്മകമായ ദൃശ്യങ്ങളും സുന്ദരമായ സംഗീത ശകലങ്ങളും കോർത്തിണക്കി ചലച്ചിത്രത്തെ ഭാവാത്മകമാക്കാനുള്ള ശ്രമമാണ് ഭാരതപുഴയിൽ മണിലാൽ നടത്തുന്നത്.
*****
No Comments yet!