ഞാൻ പരിചയപ്പെടുമ്പോൾ
അവന് കർഷകൻ എന്നു പേർ.
പകലന്തിയോളം ചേറിൽ കുഴഞ്ഞ്
ഉഴുതും വിത്തിട്ടും ഞാറുനട്ടും വെള്ളം തിരിച്ചും.
അവൻ എന്നോടു പറഞ്ഞു:
ഞാൻ കർഷകൻ രാജ്യത്തിന്റെ രക്ഷകൻ.
ഞാൻ ഉപചാരം പറഞ്ഞു:
ജയ് ജവാൻ ജയ് കിസാൻ.
അതൊക്കെ ഒരുപാട് കേട്ടിട്ടുണ്ട്.
കൃഷിഭൂമി കർഷകന് എന്നും കേട്ടിട്ടുണ്ട്.
അപ്പനപ്പൂപ്പന്മാർ അതു കേട്ട് പാടിയിരുന്നു:
ഞങ്ങൾ കൊയ്യും വയലെല്ലാം ഞങ്ങടേതെൻ പൈങ്കിളിയേ.
ആരുടേതായിരുന്നു ആ മുദ്രാവാക്യം?
കോൺഗ്രസ്സുകാരോ കമ്യൂണിസ്റ്റുകാരോ
ആരാണത് നെഞ്ചിൽ കുറിച്ചു തന്നത്?
നെഞ്ച് പിളർന്ന് എങ്ങോട്ടാണത് മാഞ്ഞുപോയത്?
അപ്പോൾ നേതാവ് വന്നു തിരുത്തി.
അവന് ഓർമ്മപ്പിശകുണ്ട്,
അവന്റെ പേര് കർഷകത്തൊഴിലാളി.
അവനിപ്പോൾ മിനിമം കൂലിയുടെ അവകാശി.
പണ്ടു വായിച്ചത് ഓർമ്മവന്നു.
പ്രമേയങ്ങളിൽ അവൻ ദരിദ്ര ഭൂരഹിത കർഷകൻ.
വിയർപ്പു വീണ കൃഷിഭൂമിക്ക് നേരവകാശി.
വിജയിക്കേണ്ട അവകാശസമരത്തിലെ പോരാളി.
അവന്റെ ഭൂമി ആരാണ് കവർന്നു കൊണ്ടുപോയത്?
അവന്റെ മുദ്രാവാക്യം ആരാണ് കുഴിച്ചു മൂടിയത്?
നേതാവ് വീണ്ടും വന്നു വിശദീകരിക്കുന്നു
കൃഷിഭൂമി കർഷകനല്ലേ, അവൻ വെറും തൊഴിലാളി!
വിളിപ്പേരുകൊണ്ടു വഞ്ചിക്കപ്പെട്ടവരുടെ
യോഗത്തിൽ
സംസാരിക്കാനെത്തിയതായിരുന്നൂ ഞാൻ.
അവന്റെ ഛായയുള്ള ഓരോരുത്തരും പരിചയപ്പെട്ടു:
ഗസ്റ്റ്, ഗോസ്റ്റ്, ഗിഗ്, എംപാനൽ, സന്നദ്ധ സേവകൻ.
സ്വതന്ത്രർ, താൽക്കാലികർ, പദ്ധതിക്കാർ, നിത്യവൃത്തിക്കാർ.
എത്ര സർഗാത്മകം സുന്ദരം പേരുകൾ!
(പേരാൽ മറയ്ക്കുന്നു വേലയെ, കാലത്തെ.
പേരുകൊണ്ടമരുമോ വിശപ്പും രോഗവും?)
എങ്കിലും ആരാവും ഈ പേരുകൾ നൽകിയത്?
ജിജ്ഞാസ തൂവി മറിഞ്ഞെന്റെ കൂർപ്പൻ നോട്ടം.
അവൻ ചോദിച്ചു: പേരിടാൻ ആർക്കാണ് മിടുക്കില്ലാത്തത്?
ഒളിച്ചുവെക്കാൻ കാണില്ലേ ഗൂഢമായ ആർത്തികൾ?
പേരുകളെല്ലാം വികസനത്തിന്റെ ഉപലബ്ധികൾ.
ഉയരുന്ന പതാകകളെല്ലാം ഒരിടത്തു നെയ്തത്.
മുദ്രാവാക്യങ്ങളെല്ലാം ഒരച്ചിൽ വാർത്തത്.
ഇരകൾക്കെല്ലാം ഭംഗിയാർന്ന വിളിപ്പേരുകൾ!
വിളിപ്പേരുകൊണ്ടു വഞ്ചിക്കപ്പെട്ടവരുടെ യോഗം
ഉദ്ഘാടനംചെയ്ത് വികസനനേതാവ് മടങ്ങി.
അപ്പോൾ അവർ ഒറ്റയൊറ്റയായ് പറഞ്ഞു.
വിളിപ്പേരെല്ലാം അവരുടെ കളിപ്പേരുകൾ.
തൊഴിലാളികൾ എന്നും തൊഴിലാളികൾ.
ഭൂരഹിത കർഷകർ കർഷകരും.
ഞങ്ങൾ ആദ്യം നേടേണ്ട മോചനം ഏതിൽനിന്നാണ് ?
വിശപ്പിൽനിന്നോ വിളിപ്പേരിൽനിന്നോ?
****
No Comments yet!