Skip to main content

കന്യകയുടെ കഥ

പോപോള്‍ വൂ എന്നത് ഗ്വാട്ടിമാലയിലെ ജനങ്ങളുടെ പുരാണങ്ങളും ചരിത്രങ്ങളുമാണ്. ഗ്വാട്ടിമാലയിലെ ആദിമവര്‍ഗ്ഗക്കാരായ മായ എന്ന ജനവിഭാഗത്തിന്റെ ഉപവിഭാഗമെന്നു വിളിക്കാവുന്ന കീചെകളുടെ ചരിത്രവും പുരാണവും. മായ എന്ന ജനവിഭാഗത്തെ സ്‌പെയിന്‍ പൂര്‍ണ്ണമായും കീഴടക്കുന്നതിനു മുമ്പ് പോപോള്‍ വൂ ഈ ജനവിഭാഗത്തിനു വിശുദ്ധ ഗ്രന്ഥമായിരുന്നു. ”സമുദായത്തിന്റെ പുസ്തകം” എന്നാണ് പോപോള്‍ വൂ എന്നതിന്റെ ഏകദേശ വിവര്‍ത്തനം.

ഒരു പെണ്‍കുട്ടി ഈ വൃക്ഷത്തെക്കുറിച്ചു കേട്ടു, കാണാനെത്തി. അധോലോക നായകരില്‍ ഒരാളായ ഗാതറെഡ് ബ്‌ളഡിന്റെ മകളാണവര്‍. ക്‌സ്‌ക്വി എന്നാണവളുടെ പേര്. അവളിലുള്ളത് സ്ത്രീരക്തം തന്നെയായിരുന്നു. അവള്‍ വൃക്ഷത്തിനരികില്‍ വന്നു നിന്ന് അതിന്റെ ശാഖകളിലേക്ക് നോക്കി. ”എന്തൊരു വിചിത്രമായ പഴങ്ങള്‍. ഇതിലൊന്നു ലഭിക്കാന്‍ ഞാന്‍ മരിക്കാനും തയ്യാറാകും” എന്നു മന്ത്രിച്ചു.

അപ്പോള്‍ ശാഖകളുടെ ശ്മശാനത്തില്‍ കൂടുകെട്ടിയിരുന്ന ഒരു തലയോട്ടി സംസാരിക്കാനാരംഭിച്ചു.

”നിനക്കെന്താണു വേണ്ടത്? ഈ വൃക്ഷത്തിന്റെ ഫലങ്ങള്‍ തലയോട്ടികളാണ്. അതാണോ നിനക്കു വേണ്ടത്? ഒരു തലയോട്ടിയാണോ വേണ്ടത്?”

”അതെ. എനിക്കൊരെണ്ണം തരൂ.”

”ശരി. ഇതെത്തിപ്പിടിച്ചെടുത്തോളൂ.”

പെണ്‍കുട്ടി കയ്യുയര്‍ത്തി ആ പഴമെടുക്കാനൊരുങ്ങി. തലയോട്ടി ഏതാനും ഉമിനീര്‍ തുള്ളികള്‍ അവളുടെ കയ്യിലേക്ക് വീഴുന്നതിനനുവദിച്ചു. അവളുടന്‍ അതു വീണിടത്തേക്കു നോക്കി. പക്ഷേ ആ ഉമിനീര്‍ അവളുടെ മാംസത്തില്‍ അലിഞ്ഞു കഴിഞ്ഞിരുന്നു. അപ്രത്യക്ഷമായിട്ടുണ്ടായിരുന്നു.

”അതെന്റെ ഉമിനീരാണ്. തുപ്പല്‍.” വൃക്ഷത്തില്‍ നിന്നാ സ്വരം വന്നു.

”ഞാനെന്റെ അനന്തിരാവകാശികളെ നിങ്ങള്‍ക്ക് തന്നിരിക്കുന്നു. എന്റെ തലയില്‍ മാംസമില്ലാത്തതിനാല്‍ അതിനിപ്പോള്‍ മറ്റൊരു രൂപമായിരിക്കുന്നു. മനുഷ്യരുടെ സൗന്ദര്യമിരിക്കുന്നത് അവരുടെ മാംസത്തിലാണല്ലോ. സുന്ദരനായ ഒരു രാജകുമാരനെ മരണം കൊണ്ടുപോയാല്‍ അയാളുടെ അസ്ഥികള്‍ കണ്ട് ജനം ഭയക്കും. അവര്‍ മരിച്ചാല്‍ അവരുടെ സാധനങ്ങള്‍ സൂക്ഷിക്കും. രാജാവോ ദൈവജ്ഞനോ വക്കീലോ തന്റെ രൂപം, ചിത്രം, തന്റെ മകന് അല്ലെങ്കില്‍ മകള്‍ക്കായി ഉപേക്ഷിക്കും. നിനക്കായി ഞാന്‍ ഇതുപേക്ഷിക്കുന്നു. ഇനി ലോകത്തിന്റെ ഉപരിതലത്തിലേക്കു പോകുക. നിന്റെ ജീവിതം ജീവിക്കുക. എന്റെ വാക്കുകള്‍ വിശ്വസിക്കുക. അവയെന്നും സത്യമാകും.”

ഇതെല്ലാം അവര്‍ ചെയ്തത് ഹുരാകാന്‍, ചിപി-കാകുല്‍ഹ, റാക്‌സ് കാകുല്‍ഹ എന്നിവരുടെ നിര്‍ദ്ദേശാനുസരണമായിരുന്നു. ആ ബാലിക വീട്ടിലേക്ക് മടങ്ങി. അവളുടെ ഉദരത്തിലുണ്ടായിരുന്ന ഹുനാഹ്പു, ക്‌സ്ബാലാങ്ക്വു, എന്നീ പുത്രന്മാര്‍ ആ ഉമിനീര്‍ വിഴുങ്ങി. അങ്ങനെ അവര്‍ അവളുടെ ഉദരത്തില്‍ വളരാനാരംഭിച്ചു. ഒരു ദിവസം അവളുടെ ഉദരം വീര്‍ത്തിരിക്കുന്നത് അവളുടെ പിതാവിന്റെ ശ്രദ്ധയില്‍ പെട്ടു.

അയാള്‍ പ്രഭുക്കന്മാര്‍ക്കരികിലെത്തി. ”എന്റെ മകള്‍ ഗര്‍ഭിണിയാണ്. അവള്‍ ഒന്നിനും കൊള്ളാത്ത വേശ്യയായിരിക്കുന്നു” എന്നു പരാതിപ്പെട്ടു.

”അവളെയൊന്ന് ചോദ്യം ചെയ്യ്” എന്നായി പ്രഭുക്കന്മാര്‍.

”അവളുടെ വായില്‍ സത്യമുണ്ടോ എന്നറിയ്. അവള്‍ കുമ്പസാരിച്ചില്ലെങ്കില്‍ മാത്രം ശിക്ഷിക്ക്. കുന്നുകളില്‍ കൊണ്ടുപോയി ബലികൊടുക്ക്.”

ഗാതറെഡ് ബ്‌ളഡ് വീട്ടിലേക്ക്, മകളെ ചോദ്യം ചെയ്യാനായി തിരിച്ചു.

”എനിക്ക് വളച്ചുകെട്ടില്ലാത്ത ഉത്തരം വേണം.” അയാള്‍ അവളോട് പറഞ്ഞു.

”നിന്റെ ഉദരത്തിലുള്ള കുട്ടികളുടെ പിതാവാരാണ്?”

”എന്റെ ഉദരത്തില്‍ കുട്ടിയില്ലല്ലോ അച്ഛാ” എന്നായി അവള്‍. ”ഞാനിതുവരെ ഒരു പുരുഷന്റെ മുഖം കണ്ടിട്ടില്ല.”

”നീ സത്യമായും വേശ്യ തന്നെ” പിതാവ് പൊട്ടിത്തെറിച്ചു.

”ഇനിയെനിക്കൊന്നും പറയാനില്ല.” അയാള്‍ പ്രഭുവിന്റെ സന്ദേശവാഹകനെ അറിയിച്ചു.

അയാള്‍ കൂമന്മാരെ വിളിച്ചു. ”ഇവളെ കൊണ്ടുപോയിക്കോളൂ. അവളുടെ വഞ്ചന നിറഞ്ഞ ഹൃദയം ഒരു പാത്രത്തില്‍ നിറച്ച് തിരിച്ചെത്തിക്കൂ.”

നാലു കൂമന്മാര്‍ ഒരു പാത്രവും ബലി നല്‍കാനുപയോഗിക്കുന്ന കത്തിയുമെടുത്തു. (കൂമന്മാര്‍ എന്നാല്‍ വിഡ്ഢികള്‍) അവര്‍ അവളെ എടുത്തുയര്‍ത്തി അവിടെനിന്നും യാത്രയായി.

വഴിയില്‍ വച്ച് അവള്‍ ആ വിഡ്ഢികളുമായി സംസാരിക്കാന്‍ തുടങ്ങി. ”എന്റെ പ്രിയപ്പെട്ട സന്ദേശവാഹകരെ. നിങ്ങളെന്നെ ഈ കത്തികൊണ്ടു കൊല്ലും എന്നെനിക്ക് വിശ്വസിക്കാനാകുന്നില്ല. ഞാന്‍ നിഷ്‌കളങ്കയാണ്. എന്റെ ഉദരത്തിലുള്ളത് ഒരു അപമാനമൊന്നുമല്ല. അതൊരു അത്ഭുതമാണ്. ഒരു മാന്ത്രിക വൃക്ഷത്തിനരികില്‍ ചെന്നു നിന്നപ്പോഴാണെനിക്ക് ഗര്‍ഭമുണ്ടായത്. നിങ്ങള്‍ എന്നെ ബലി നല്‍കും എന്നെനിക്ക് വിശ്വസിക്കാനാകുന്നില്ല.”

”പക്ഷേ അങ്ങനെയെങ്കില്‍ നിന്റെ ഹൃദയത്തിനു പകരം ഞങ്ങളെന്തു കൊടുക്കും?” അവര്‍ ചോദിച്ചു.

”നിന്റെ പിതാവിന്റെ ഉത്തരവ് നീയ്യും കേട്ടതല്ലേ? ഒഴിഞ്ഞ പാത്രവുമായി ഞങ്ങള്‍ക്ക് തിരികെ പോകാനാകില്ല. നിന്നെ കൊല്ലാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അതല്ലാതെ എന്തു ചെയ്യാനാകും.”

”എന്റെ ഹൃദയം അവരുടെ ഉടമസ്ഥതയിലുള്ളതല്ല” എന്നായി ബാലിക. ”അതെടുക്കാന്‍ നിങ്ങളെ നിര്‍ബന്ധിക്കാന്‍ അവര്‍ക്കാകില്ല. നിങ്ങള്‍ സ്വമേധയാ ഇവിടെക്കെത്തിയവരുമല്ല. പിന്നെ മറ്റുള്ളവരെ കൊല്ലാന്‍ നിങ്ങളെ എങ്ങനെ നിര്‍ബന്ധിക്കാനാകും? മരണ ദേവനെ ഞാന്‍ പരാജയപ്പെടുത്തുന്ന ഒരു സമയം വരും. യഥാര്‍ത്ഥ കുറ്റവാളികള്‍ നിങ്ങളോട് ദയയ്ക്ക് യാചിക്കുന്ന ഒരു സമയം വരും. എനിക്കൊപ്പം വരൂ. ഭൂമിയില്‍ നിങ്ങളുടേതായതെല്ലാം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളെ അവര്‍ സ്‌നേഹിക്കും.”

അവരപ്പോള്‍ ചുവന്ന നീരൊഴുകുന്ന ഒരു വൃക്ഷത്തിനരികിലൂടെ കടന്നുപോകുകയായിരുന്നു. ആ കാഴ്ച കണ്ട് ആ ബാലിക നിന്നു. ”ഇതാ ഈ ചുവന്ന നീരുകൊണ്ട് ആ പാത്രം നിറച്ചോളൂ” എന്ന് അവള്‍ അവരോട് പറഞ്ഞു. ”അത് പ്രഭുക്കന്മാരെ തൃപ്തരാക്കും.”

”ഞങ്ങളതു ചെയ്യാം. നിനക്കൊപ്പം മറുലോകത്തിലേക്ക് വരികയും ചെയ്യാം.” അവര്‍ സമ്മതിച്ചു.

ആ വൃക്ഷത്തില്‍ നിന്ന് ചുവന്ന നീരൊഴുകിക്കൊണ്ടിരുന്നു. വിഡ്ഢികള്‍ പാത്രം നിറച്ചു. ആ നീരു കണ്ടാല്‍ രക്തമല്ല എന്നാരും പറയില്ലായിരുന്നു. അത് ചുവന്നു തിളങ്ങുന്നുണ്ടായിരുന്നു. പാത്രത്തില്‍ ഒഴുകി നിറഞ്ഞ് അതിനൊരു ഹൃദയത്തിന്റെ രൂപം ലഭിച്ചു. ആ വിഡ്ഢികളും പെണ്‍കുട്ടിയും അതു ശേഖരിച്ചുകൊണ്ടിരിക്കെ ആ വൃക്ഷവും തിളങ്ങാനാരംഭിച്ചു. അന്നു മുതല്‍ ആ വൃക്ഷത്തെ രക്തവൃക്ഷം എന്നു വിളിക്കപ്പെട്ടു. പെണ്‍കുട്ടി യാത്ര തുടര്‍ന്നു. മുകളിലേക്കുള്ള യാത്ര. വിഡ്ഢികള്‍ മരണദേവനു മുന്നില്‍ ആ വൃക്ഷത്തിന്റെ നീരു സമര്‍പ്പിച്ചു.
അവിടെ പ്രഭുക്കന്മാര്‍ ഒത്തു ചേര്‍ന്നിരുന്നു. അവര്‍ കാത്തിരിക്കുകയായിരുന്നു.

”എല്ലാം ഭംഗിയായി കഴിഞ്ഞോ?” അവര്‍ ചോദിച്ചു.

”കഴിഞ്ഞു. ഇതാ ഹൃദയം” അവരറിയിച്ചു.

”ഞങ്ങളൊന്നു നോക്കട്ടെ” എന്നായി ഹണ്‍-കെയ്ം.

അയാള്‍ തിടുക്കത്തില്‍ പാത്രം വാങ്ങാന്‍ ശ്രമിച്ചതും അതുടഞ്ഞു. ചുവന്ന രക്തമൊഴുകി.

”തീ കത്തിക്കൂ. ഇതെല്ലാം കത്തുന്ന കരിക്കട്ടകളിലിടൂ.” അയാള്‍ ആവശ്യപ്പെട്ടു.

അവര്‍ തീ കത്തിച്ചു. പുകയയുയര്‍ന്നു. അപ്പോള്‍ അധോലോകത്തിലെ നായകരിലേക്കതിന്റെ ഗന്ധമെത്തി. അവര്‍ ആ ഗന്ധം കൂടുതല്‍ വലിച്ചെടുത്തു. ഹൃദയത്തിന്റെ സുഗന്ധം അവര്‍ക്ക് അതിമധുരതരമായി തോന്നി. മരണ ദേവന്മാര്‍ ചിന്തയിലാണ്ടു. വിഡ്ഢികളായ കൂമന്മാര്‍ ഒരൊറ്റ ശരീരമായി പാതാളത്തിലേക്ക് പറന്നു. അവരുടെ പുതിയ യജമാനത്തിയെ സേവിക്കാനായി ഭൂമിയിലേക്ക് പറന്നു.

No Comments yet!

Your Email address will not be published.