
സ്പെയിനിലെ സാൻ സെബാസ്റ്റ്യനിൽ ജനനം. ബാസ്ക് കന്യാസ്ത്രിയും പര്യവേഷകയുമായിരുന്നു. കന്യാശ്രമത്തിൽ നിന്ന്, കോൺവന്റിൽ നിന്ന്, പുരുഷവേഷത്തിൽ രക്ഷപ്പെട്ടു. അലോൺസൊ ഡയസ് എന്ന പേരിൽ പുരുഷ വേഷത്തിൽ സഞ്ചരിച്ചു. പിന്നെയും പല പേരുകളും സ്വീകരിച്ചു. അതിൽ പ്രധാനം അന്റോണിയൊ ദെ എറൗസൊ എന്നതായിരുന്നു. ദ നൺ ലഫ്റ്റനന്റ് എന്നതു മറ്റൊരു പേരാണ്. പുരുഷവേഷത്തിൽ തന്നെ സ്പെയിനിലും സ്പാനിഷ് അമേരിക്കയിലും സഞ്ചരിച്ചു. ഇവരുടെ പല കൃതികളും പ്രസിദ്ധങ്ങളാണ്.
ഞാൻ തീരത്തുകൂടി യാത്ര തുടർന്നു. ക്ളേശകരമായിരുന്നു ആ യാത്ര. പ്രത്യേകിച്ചും അവിടെയൊന്നും കുടിവെള്ളം കിട്ടാനില്ലായിരുന്നത് ക്ളേശങ്ങൾ വർദ്ധിപ്പിച്ചു. ദാഹം സഹിക്കവയ്യാതായി. നാഴികകളോളം ചുറ്റളവിൽ ശുദ്ധജലം ലഭ്യമല്ലായിരുന്നു. യാത്രക്കിടയിൽ ഞാൻ മറ്റു രണ്ടു പടയാളികളെകൂടി കണ്ടുമുട്ടി. അവരും പട്ടാളത്തിൽ നിന്നു പാലായനം ചെയ്തവരായിരുന്നു. ഞങ്ങളൊന്നിച്ച് യാത്ര തുടർന്നു. അറസ്റ്റ് ചെയ്യപ്പെടുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണെന്നുറപ്പിച്ച് യാത്ര തുടർന്നു. ഞങ്ങളുടെ കൈവശം ഞങ്ങളുടെ കുതിരകളും, വാളും, തോക്കുമുണ്ടായിരുന്നു. അതിനൊപ്പം ദൈവത്തിന്റെ മാർഗ്ഗദർശനവുമുണ്ടായിരുന്നു. ഞങ്ങൾ മലമുകളിലേക്ക് കയറി. മുപ്പതു ലീഗിലധികം ഉയരത്തിലേക്ക്. മൂന്നൂറിൽ പരം ലീഗ് ഞങ്ങൾ യാത്ര ചെയ്തിട്ടുണ്ടാകും. അതിനിടയിൽ ഒരു വായ നിറയെ ആഹാരം ലഭിച്ചില്ല. ചിലപ്പോൾ കുറ്റിച്ചെടികൾക്കിടയിൽ നിന്ന് കുറച്ചു ശുദ്ധജലം ലഭിച്ചു. ചില ചെറുജീവികളെ ലഭിച്ചു. അതല്ലെങ്കിൽ ഭക്ഷ്യയോഗ്യമായ കിഴങ്ങുകൾ കണ്ടെത്തി. അതെല്ലാം ഞങ്ങളിലെ ജീവൻ നിലനിർത്തി. ഇടക്ക് ഞങ്ങളേക്കാൾ മുന്നേ പാലായനം ചെയ്ത ഇന്ത്യക്കാരെ കണ്ടു. കുതിരകളിലൊന്നിനെ കൊന്ന് അതിന്റെ മാംസം ഉണക്കാൻ ഞങ്ങൾ നിർബന്ധിതരായി. പക്ഷേ അതിന് എല്ലും തോലുമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ഞങ്ങളങ്ങനെ അടിവച്ചടിവച്ച് മുന്നോട്ട് നീങ്ങി. ഓരോ നാഴികയായി മുന്നോട്ട് നീങ്ങി. മറ്റു കുതിരകൾക്കും അതേ വിധി നേരിടേണ്ടി വന്നു. അവസാനം യാത്രയ്ക്ക് സഹായിക്കാൻ ഞങ്ങളുടെ പാദങ്ങളല്ലാതെ മറ്റൊന്നുമില്ലാതായി. ഞങ്ങൾക്കാകട്ടെ അപ്പോൾ ഒന്നു നിവർന്ന് നിൽക്കാൻ പോലുമാകുന്നില്ലായിരുന്നു.
ഭൂമിയാകെ തണുത്തു തുടങ്ങി. അതിനാൽ ഞങ്ങളും മരവിച്ചു. ഒരു ദിവസം കുറച്ചകലെ ഒരു പാറയിൽ ചാരി നിൽക്കുന്ന രണ്ടുപേരെ കണ്ടു. അതു ഞങ്ങളിൽ കുറച്ച് സന്തോഷമെത്തിച്ചു. ഞങ്ങൾ അവരെ ലക്ഷ്യമിട്ട് നടന്നു. അവർ കേൾക്കാനായി വിളിച്ചുകൂവി. അവരെന്താണു ചെയ്യുന്നതെന്ന് ചോദിച്ചു. പക്ഷേ മറുപടിയൊന്നും വന്നില്ല. അവർക്കരികിലെത്തിയപ്പോഴാണവർ മരിച്ചിരിക്കുന്നു എന്ന് തിരിച്ചറിയുന്നത്. മരിച്ച് മരവിച്ചിരിക്കുന്നു. ചിരിക്കുകയാണെന്നതുപോലെ വായ് തുറന്നു വച്ചാണവർ നിൽക്കുന്നത്. ആ കാഴ്ച ഞങ്ങളെ ഭയപ്പെടുത്തി.
പിന്നെയും മൂന്ന് രാവുകൾ മുന്നോട്ടു നീങ്ങി. മൂന്നാം രാവിൽ ഒരു പാടക്കെട്ടിൽ ചാരിയിരുന്നു വിശ്രമിക്കെ ഞങ്ങളിൽ ഒരാൾ മരിച്ചു. ബാക്കിവന്ന ഞങ്ങൾ ഇരുവരും പിറ്റേന്ന് യാത്ര തുടർന്നു. ഉച്ചകഴിഞ്ഞ് ഏകദേശം നാലുമണിയോടെ എന്റെ കൂട്ടുകാരൻ തേങ്ങിക്കരഞ്ഞുകൊണ്ട് നിലത്തു വീണു. അയാൾക്ക് ഒരടിപോലും നടക്കാനാകുന്നില്ലായിരുന്നു. അയാൾ അവിടെ കിടന്ന് മരിച്ചു. അയാളുടെ കീശയിൽ നിന്നെനിക്ക് എട്ട് പെസോസ് ലഭിച്ചു. വീണ്ടും നടത്തമാരംഭിച്ചു. തോക്ക് മുറുകെപ്പിടിച്ച് നടന്നു. ഉണക്കിയ ഇറച്ചിയുടെ അവസാന തുണ്ടിലും മുറുകെ പിടിച്ചു. ഏതു നിമിഷത്തിൽ വേണമെങ്കിലും എന്റെ കൂട്ടുകാരുടെ വിധി എന്നെയും തേടിയെത്താം എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എന്റെ ഹീനവും പീഡിതവുമായ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാനാകും. നഗ്നപാദനായി, എപ്പോൾ വേണമെങ്കിലും കുഴഞ്ഞുവീഴാവുന്നയത്ര ക്ഷീണത്തോടെ, കാലുകൾ വിണ്ടുകീറി ഞാൻ മുന്നോട്ടരിച്ചു നീങ്ങി. ഒരു മരത്തിൽ ചാരി നിന്ന് കുറേ കരഞ്ഞു. ജീവിതത്തിൽ ആദ്യമായെന്നു തന്നെ പറയാം ഞാൻ കന്യാമറിയത്തിനോടും അവരുടെ ഭർത്താവായ സെയിന്റ് ജോസഫിനോടും എന്നെ സഹായിക്കണേ എന്നു പ്രാർത്ഥിച്ചു. കുറച്ചു സമയം കൂടി വിശ്രമിച്ചു. പിന്നെ എഴുന്നേറ്റ് നടത്തമരംഭിച്ചു. കാലാവസ്ഥ കണ്ടപ്പോൾ ഞാൻ ചിലിയിൽ നിന്നു പുറത്തു കടന്നിരിക്കുന്നതായി തോന്നി. ടൂകുമാനിലേക്കെത്തിയിരിക്കുന്നതായി.
പിറ്റേന്ന് പ്രഭാതം വരെ ഞാൻ നടന്നു. പിന്നെ വിശപ്പും ക്ഷീണവും സഹിക്കവയ്യാതെ നിലത്തു കിടന്നു. കുതിരപ്പുറത്തപ്പോൾ രണ്ടുപേർ വരുന്നതു കണ്ടു. ആ കാഴ്ചയിൽ ആനന്ദിക്കണോ ഭയക്കണോ എന്നെനിക്കറിയില്ലായിരുന്നു. അവർ നരഭോജികളാണോ ക്രിസ്ത്യാനികളാണോ എന്നറിയില്ലായിരുന്നു. ഒന്നുന്നം വയ്ക്കാനുള്ള കരുത്തില്ലായിരുന്നു എങ്കിലും തോക്കെടുത്തു.
അവർ എനിക്കരികിലെത്തി. ഈ നശിച്ച സ്ഥലത്ത് എന്തു ചെയ്യുന്നു എന്നു ചോദിച്ചു. അവർ ക്രിസ്ത്യാനികളാണെന്ന് അപ്പോൾ എനിക്കു മനസിലായി. എനിക്കെന്റെ മുന്നിൽ സ്വർഗ്ഗവാതിൽ തുറന്നതുപോലെയായി. വഴി തെറ്റിയതാണെന്നും എവിടെയാണെത്തിപ്പെട്ടിരിക്കുന്നതെന്നറിയില്ലെന്നും ഞാനവരോടു പറഞ്ഞു. വിശപ്പും ദാഹവും ക്ഷീണവും സഹിക്കാനാകുന്നതിനപ്പുറത്താണെന്നും അറിയിച്ചു. എനിക്കൊന്ന് നിവർന്ന് നിൽക്കാൻ പോലുമാകുന്നില്ലെന്നു പറഞ്ഞു. എന്റെ അപ്പോഴത്തെ അവസ്ഥ അവരുടെ മനസ്സലിയിപ്പിച്ചു. അവർ കുതിരപ്പുറത്തുനിന്നിറങ്ങി. എനിക്ക് അവരുടെ കൈവശമുണ്ടായിരുന്ന ആഹാരം തന്നു. ഒരു കുതിരപ്പുറത്തേക്കെന്നെ കയറ്റിയിരുത്തി. അവരുടെ യജമാനത്തിയുടെ കൃഷിക്കളമെന്നവർ പറഞ്ഞ ഒരിടത്തെത്തിച്ചു. മൂന്നു ലീഗ് ദൂരമുണ്ടായിരുന്നു അവിടേക്ക്. സായാഹ്നത്തിൽ അഞ്ചുമണിയോടെയാണ് ഞങ്ങൾ അവിടെയെത്തിയത്.
ആ വനിത പാതി സ്പെയിൻ കാരിയാണ്. സ്പെയിനിൽ നിന്നുള്ള ഒരാൾക്ക് ഇന്ത്യക്കാരി സ്ത്രീയിൽ ജനിച്ചവൾ. വിധവയാണവർ. നല്ലവളും. എന്റെയവസ്ഥ കണ്ട് അവർക്കും കരുണ തോന്നി. എനിക്ക് ഉറങ്ങാനൊരു മെത്ത തന്നു. നല്ല ഭക്ഷണം തന്നു. വിശ്രമിക്കാനാവശ്യപ്പെട്ടു. ഭക്ഷണവും ഉറക്കവും കഴിഞ്ഞപ്പോൾ എനിക്കിത്തിരി സുഖം തോന്നി. പിറ്റേന്ന് പ്രഭാതത്തിലും അവർ എനിക്ക് ആഹാരം തന്നു. നല്ല വസ്ത്രമുടുക്കാൻ തന്നു. എന്നോട് നല്ല രീതിയിൽ തന്നെ പെരുമാറി. ഇടയ്ക്ക് ചില സമ്മാനങ്ങളും നൽകി. ധനികയാണവർ. ധാരാളം കാലികളൊക്കെയുണ്ട്. രാജ്യത്തിന്റെ ആ ഭാഗത്ത് സ്പെയിനിൽ നിന്നുള്ളവർ കുറവായതിനാൽ എന്നെ അവരുടെ മകൾക്ക് ഭർത്താവാക്കാനാകും എന്നവർ ചിന്തിച്ചു തുടങ്ങിയോ എന്ന ശങ്ക എന്നിലുണ്ടായി.
ഞാനവിടെ എട്ടു ദിവസം ചിലവഴിച്ചു. അപ്പോഴാണ് നല്ലവളായ ആ സ്ത്രീ എന്നോട് ഞാനവിടെ തന്നെ താമസിച്ച് അവിടത്തെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യണം എന്നാവശ്യപ്പെട്ടത്. എനിക്കതിനോടുള്ള നന്ദിയും കടപ്പാടും ഞാനവരെ അറിയിച്ചു. എന്റെ കയ്യിൽ പണമൊന്നുമില്ല എന്നെനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതിനാൽ തന്നെ എന്റെ കഴിവിന്റെ പരമാവുധി സേവനങ്ങൾ ചെയ്തു തരാം എന്നു പറഞ്ഞു. ഒന്നു രണ്ട് ദിവസങ്ങൾ പിന്നിട്ടപ്പോൾ ഞാൻ അവരുടെ മകളെ വിവാഹം കഴിക്കുന്നതിനോട് തനിക്ക് എതിർപ്പൊന്നുമില്ലെന്നായി അവർ. കറുത്ത് വിരൂപയായിരുന്നു ആ പെൺകുട്ടി. ചെകുത്താനെപ്പോലെയുള്ള രൂപം. എന്റെ അഭിരുചിക്കു നേരെ എതിരായിരുന്നു അത്. എന്റെ മനസ്സിൽ വന്നിരുന്നത് എപ്പോഴും സുന്ദരങ്ങളായ മുഖങ്ങളാണ്. എങ്കിലും എനിക്ക് സന്തോഷമടക്കാനാകുന്നില്ല എന്ന് അഭിനയിച്ചു. അർഹിക്കത്ത സൗഭാഗ്യങ്ങളാണെന്നെത്തേടി വന്നിരിക്കുന്നതെന്നും പറഞ്ഞു. ഞാനവരുടെ കാൽക്കൽ വീണു. എന്നെ അവരുടെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കാം എന്നു പറഞ്ഞു. വിനാശത്തിന്റെ വായിൽ നിന്ന് എന്നെ രക്ഷപ്പെടുത്തിയത് അവരാണെന്നറിയിച്ചു. ഞാൻ എന്റെ സേവനങ്ങൾ തുടർന്നു.
ആ സ്ത്രീ എനിക്ക് വീടിന്റേയും അവരുടെ കൈവശമുള്ള ഭൂമികളുടേയും പരമാധികാരം തന്നു. രണ്ടു മാസങ്ങൾക്ക് ശേഷം ഞങ്ങൾ ടൂകൂമാനിലേക്ക് ഒരു വിവാഹത്തിനു പോയി. അവിടെ ഞാൻ രണ്ടു മാസം ചിലവിട്ടു. മടക്കയാത്ര ഒന്നല്ലെങ്കിൽ മറ്റൊരു കാരണം പറഞ്ഞ് വൈകിച്ചു. അവസാനം ഞാനൊരു കോവർക്കഴുതയെ മോഷ്ടിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടു. അതിനു ശേഷം അവർ എന്നെ കണ്ടിട്ടില്ല.
ടൂകുമാനിൽ ഞാനുണ്ടായിരുന്ന ഇക്കാലത്തു തന്നെ സമാനമായ മറ്റൊരു സാഹസവുമുണ്ടായി. രണ്ടുമാസക്കാലം ഞാൻ ആ ഇന്ത്യക്കാരിക്കരികിൽ കഴിയുന്നതിനിടയിൽ അവിടത്തെ ബിഷപ്പിന്റെ സെക്രട്ടറിയുമൊത്ത് എനിക്ക് സൗഹൃദം പങ്കിടാനായി. അയാൾ ഒന്നിലേറെത്തവണ എന്നെ അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചു. ഞങ്ങൾ അവിടെയിരുന്ന് ചീട്ടു കളിച്ചു. സഭയുമായി ബന്ധപ്പെട്ട ചിലരെ പരിചയപ്പെട്ടു. ബിഷപ്പിന്റെ വികാർ ജനറലായ ഡോൺ അന്റോണിയൊ ദെ സെർവാന്റിസിനെ പരിചയപ്പെട്ടു. വികാർ ജനറിലനും എന്നിൽ താത്പര്യം തോന്നി. എനിക്ക് സമ്മാനങ്ങൾ നൽകി. വീഞ്ഞും ഭക്ഷണവും നൽകി. അവസാനം അയാൾ കാര്യത്തിലേക്ക് കടന്നു. തനിക്കൊപ്പം തന്റെ അനന്തിരവൾ താമസമുണ്ടെന്നും, അവർക്ക് ഏകദേശം എന്റെ അതേ പ്രായമാണെന്നും പറഞ്ഞു. സുന്ദരിയാണവർ, നല്ല സ്ത്രീധനവും ലഭിക്കും. ഞങ്ങൾ ഇരുവരും വിവാഹിതരായി കാണാൻ അയാൾ ആഗ്രഹിക്കുന്നു. അവളും ആഗ്രഹിക്കുന്നു.
എന്നെപ്പുകഴ്ത്തുന്ന വാക്കുകളും അതിന്റെ ലക്ഷ്യങ്ങളും കേട്ട് ഞാൻ വിനയം കാണിച്ചു. അവളെനിക്ക് നല്ല വെൽവറ്റിന്റെ ഒരു സ്യൂട്ടു കൊടുത്തയച്ചു. പന്ത്രണ്ട് ഷർട്ടും ആറു കാലുറകളും, നല്ല ഡച്ച് ലിനൻ കൊണ്ടുണ്ടാക്കിയ ഒരു കോളറും ഒരു ഡസൻ ഉറുമാലും കൂടാതെ ഒരു വെള്ളിത്തളികയിൽ ഇരുന്നൂറു പെസോസും കൊടുത്തയച്ചു. ഇതെല്ലാം സമ്മാനങ്ങളായിരുന്നു. ഒരു ലളിത പാരിതോഷികം. ഇതിനു സ്ത്രീധനവുമായി യാതൊരു ബന്ധവുമില്ലായിരുന്നു.
ഞാനതെല്ലാം നന്ദിപൂർവ്വം സ്വീകരിച്ചു. അവളുടെ കയ്യിൽ ചുംബിച്ച്, കാല്പാദങ്ങളിൽ വീഴാനാകുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നറിയിച്ചു. എനിക്കു ലഭിച്ച സമ്മാനങ്ങളിൽ മിക്കതും ആ ഇന്ത്യക്കാരിയിൽ നിന്ന് രഹസ്യമാക്കി സൂക്ഷിച്ചു. ബാക്കിയുള്ളത് ഡോൺ അന്റോണിയൊ തന്ന സമ്മാനമാണെന്ന് അവരെക്കൊണ്ട് വിശ്വസിപ്പിച്ചു. അവരുടെ മകളും ഞാനുമായി നടക്കാനിരിക്കുന്ന വിവാഹത്തിനയാൾ സമ്മാനമായി തന്നതാണെന്ന്. അവരുടെ മകളെക്കുറിച്ച് അയാൾ കേട്ടിട്ടുണ്ടെന്നും അങ്ങനെയൊരാളെ വിവാഹം കഴിക്കാൻ എനിക്കു ഭ്രാന്തായിരിക്കണമെന്നയാൾ കരുതിയതിനാലാണിങ്ങനെ ഇത്തരം സമ്മാനങ്ങൾ തന്നതെന്നും പറഞ്ഞു.
ഞാൻ അപ്രത്യക്ഷയാകുമ്പോഴത്തെ അവസ്ഥ ഇങ്ങനെയൊക്കെയായിരുന്നു. ആ കറുത്ത പെൺകുട്ടിയ്ക്കോ പുരോഹിതന്റെ അനന്തിരവൾക്കോ പിന്നെ എന്തു സംഭവിച്ചു എന്നെനിക്കറിയില്ല.
***

വിവ : സുരേഷ് എം.ജി







No Comments yet!