Skip to main content

ഛോട്ടാ മുംബൈ അന്യായ കൊച്ചി വൈബ് ആണ്

കൊച്ചി എന്ന ഭൂപടത്തില്‍ നിന്നുമുണ്ടാകുന്ന സിനിമകളെ കുറിച്ച് ഒരു അന്വേഷണം നടത്തുവാന്‍ ഗൂഗിള്‍ ചെയ്തപ്പോള്‍ നൂറിലധികം സിനിമകള്‍ ആണ് ഈ ജിയോഗ്രഫിയില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകള്‍ (ചിലപ്പോള്‍ അതിനും മുമ്പ്) ഉള്ള ഒരുപാട് സിനിമകള്‍. പക്ഷേ മലയാളം സിനിമ/മലയാളിത്തം ഉള്ള സിനിമ എന്ന രീതിയില്‍ ഒരു കാലത്ത് ആഘോഷിക്കപ്പെട്ട സിനിമകള്‍ കൊച്ചിക്ക് പുറത്തുള്ള (ഒറ്റപ്പാലം) സിനിമകളായിരുന്നു എന്നതാണ്. കൊച്ചിക്ക് അത്തരം മലയാളിത്തം ഒരുപക്ഷേ ആവശ്യവുമില്ലായിരിക്കാം. കൊച്ചിക്ക് പുറത്തുള്ള വിഷയങ്ങള്‍, എഴുത്തുകാര്‍, നായര്‍ മാഹാത്മ്യങ്ങള്‍, സംവിധായകര്‍ തുടങ്ങിയവരുടെ സിനിമകളെ ഒക്കെ ആഘോഷിക്കപ്പെട്ടു. പിന്നീട് മലയാളം സിനിമയുടെ ജിയോഗ്രഫി മലപ്പുറത്തേക്കും പൊള്ളാച്ചിയിലേക്കും ഒക്കെ മാറിയിട്ടുണ്ട്. പക്ഷേ മലയാളിയുടെ മലയാളിത്തം ചാര്‍ത്തിക്കിട്ടിയത് കേരളത്തിലെ (ഒറ്റപ്പാലം ലെവല്‍/സത്യന്‍ അന്തിക്കാട്) ഗ്രാമീണ സിനിമകളിലൂടെയാണ് എന്നു തോന്നുന്നു.

പുതിയ നൂറ്റാണ്ടില്‍ ഇറങ്ങിയ ചില കൊച്ചി സിനിമകളെ കുറിച്ച് ഒന്ന് കൂടി നാരോ സെര്‍ച്ച് ചെയ്തപ്പോഴാണ് പ്രേമം, ഈ മാ യൗ, അങ്കമാലി ഡയറീസ്, കമ്മട്ടിപ്പാടം, ബിഗ് ബി, അന്നയും റസൂലും പോലുള്ള സിനിമകളുടെ ലിസ്റ്റ് കിട്ടുന്നത്. ഈ സിനിമകളില്‍ ഒക്കെ കൊച്ചി നഗരം പുതിയ നൂറ്റാണ്ടില്‍ രൂപപ്പെടുത്തിയ വ്യത്യസ്തങ്ങളായ മസ്‌കുലിനിറ്റികളെയാണ് കാണുവാന്‍ കഴിയുന്നത്. വരിക്കാശ്ശേരി മന സിനിമകളിലെ ഒരേ അച്ചില്‍വച്ച് വാര്‍ത്ത പ്ലോട്ടുകളില്‍ നിന്നുമുള്ള ആണത്തങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഈ കൊച്ചി സിനിമകളിലെ പുരുഷന്മാര്‍. അങ്കമാലി ഡയറീസിലെ പെപ്പെ, പ്രേമം സിനിമയിലെ നിവിന്‍ പോളി, ഈ മാ യൗ, കമ്മട്ടിപ്പാടം, സ്റ്റോപ്പ് വൈലന്‍സ് സിനിമകളിലെ വിനായകന്‍, ഈ മാ യു വിലെ ചെമ്പന്‍, പ്രേമം സിനിമയിലെ യുവാക്കള്‍, കമ്മറ്റിപ്പാടത്തിലെ ബാലന്‍, ബിഗ് ബി സിനിമയിലെ മമ്മൂട്ടി, അന്നയും റസൂലും സിനിമയിലെ ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ഇത്തരം പുതിയ നൂറ്റാണ്ടില്‍ രൂപപ്പെട്ട വിഘടിച്ചു നില്‍ക്കുന്ന ആണത്തങ്ങളുടെ പുതിയ രൂപങ്ങള്‍ ആയാണ് എനിക്ക് തോന്നുന്നത്. പുതിയ നൂറ്റാണ്ട് വരെ രൂപപ്പെടുത്തിയ മലയാള സിനിമയിലെ പലതരം താരശരീരങ്ങളെ ഇവരൊക്കെ അട്ടിമറിക്കുന്നുമുണ്ട്.

വിനായകനെ പോലെ ഒരു മലയാള നടനെ രൂപപ്പെടുത്തുന്നതില്‍ കൊച്ചി എന്ന മെട്രോ നഗരം അയാള്‍ക്ക് വലിയ സാധ്യതകള്‍ നിര്‍മ്മിച്ച് കൊടുത്തിരുന്നു എന്നതാണ്. മറ്റ് ഇടങ്ങളിലെ ഗ്രാമീണ നാട്ടുകൂട്ടങ്ങളില്‍ നിന്നു വ്യത്യസ്തമായി കൊച്ചിയിലെ പുറമ്പോക്കില്‍ ജീവിച്ച വിനായകന് കൊച്ചി നഗരത്തിലെ പല ഇടങ്ങളിലേക്കും പിടിച്ചുകയറാനായി. അത്തരം ഒരു സാധ്യത കൊച്ചി നഗരത്തിന് ഉണ്ടായിരുന്നു. അങ്ങനെ പിടിച്ചു കയറിയ ഒരു നടനാണ് എംപുരാന്‍ എന്ന സിനിമയിലെ മുരുകന്‍. തമിഴ്‌നാട്ടില്‍ നിന്നു വന്നു കൊച്ചിയില്‍ ജീവിച്ച മുരുകന്‍ മലയാളം തമിഴ സിനിമയിലെ ഒരു വേറിട്ട ഒരു മസ്‌കുലിനിറ്റി ആയി മാറി. പ്രേമം എന്ന സിനിമയില്‍ ഒരു ടെലിഫോണ്‍ ബൂത്തിലൂടെ പ്രേമിക്കാന്‍ ശ്രമിക്കുന്ന ആലുവക്കാരന്‍ നിവിന്‍ പോളിയും അന്നത്തെ ടെക്നോളജിക്കല്‍ ടൂള്‍ (അത് കൊച്ചിയില്‍ മാത്രമല്ല) ഉപയോഗിക്കുകയും ചെയ്യുന്നു. അന്നയും റസൂലും പോലുള്ള സിനിമകളില്‍ കൊച്ചിയില്‍ വ്യാപകമായ ടെക്‌സ്‌റ്റൈല്‍ വ്യവസായങ്ങളുമായി ബന്ധപ്പെട്ട ഒരു സെയില്‍സ് ഗേള്‍സിന്റെ ജീവിതത്തില്‍ രൂപപ്പെടുന്ന പ്രണയവും തിരൂരില്‍ വേരുകള്‍ ഉള്ള ഒരു മുസ്ലിം യുവാവിന്റെ കൊച്ചി ജീവിതവും അവതരിപ്പിക്കുന്നു.

 

വിനായകന്‍ എന്ന നടന്‍ സ്റ്റോപ്പ് വൈലന്‍സ് എന്ന സിനിമയിലൂടെ മലയാളത്തില്‍ വേറൊരു മസ്‌കുലിനിറ്റി പതിപ്പിച്ചു വെക്കുകയുമായിരുന്നു. അതേ സിനിമയിലെ വിജയ രാഘവനും പൃഥ്വിരാജും അത്തരത്തില്‍ വേറെ ഒരു കൊച്ചിയെ കാണിച്ചിട്ടുണ്ട്. പിന്നീട് ലിജോ ജോസ് പല്ലിശേരിയുടെ സിറ്റി ഓഫ് ഗോഡ് എന്ന സിനിമയിലും വേറെ ഒരു കൊച്ചിയെ രൂപപ്പെടുത്തുന്നുണ്ട്. ഓരോ ദിവസവും ഹപ്പെനിങ്‌സ് ഉണ്ടാകുന്ന കൊച്ചിയെ ഫോളോ ചെയ്യുവാന്‍ ഇത്തരം സിനിമകള്‍ ശ്രമിച്ചിട്ടുണ്ട്. ഒരുപക്ഷേ പ്രേക്ഷകര്‍ ഒരു രണ്ടാം ഭാഗത്തിനായി ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ബിഗ് ബി എന്ന സിനിമയും കൊച്ചിയുടെ ജിയോഗ്രഫിയുടെ ഗ്രാമറും അതുപോലെ സിനിമയുടെ ഗ്രാമറും ഉടച്ചുവാര്‍ത്തു. ഇത് ജോഷിയെ പോലുള്ള സംവിധായകര്‍ മുമ്പ് തുടങ്ങിയിട്ടുള്ളതുമാണ്. കലൂര്‍ ടെന്നീസിന്റെ പല സിനിമകളും കൊച്ചിയിലെ എണ്‍പതുകളില്‍ രൂപപ്പെടുന്ന ജീവിതങ്ങളെ കാണിക്കുന്നുണ്ട്. (വളരെ വിശദമായി പഠിക്കേണ്ട ഒരു വിഷയം കൂടിയാണ് ഇത്)

 

ഇത് എഴുതുന്നത് ഛോട്ടാ മുംബൈ എന്ന സിനിമ വീണ്ടും റിലീസ് ചെയ്യുന്ന ഒരു സാഹചര്യത്തിലാണ്. ഒരുപക്ഷേ കൊച്ചി എന്ന ജിയോഗ്രഫിക്ക് പുറത്തുള്ള അനേകം മസ്‌കുലിനിറ്റികള്‍ അവതരിപ്പിച്ച മോഹന്‍ലാല്‍ എന്ന നടന്‍ കൊച്ചിയിലെ വളരെ റോ ആയ സബാല്‍ട്ടേണ്‍ ലൈഫിനെ ആഘോഷപൂര്‍വം അവതരിപ്പിച്ചു എന്ന ഒരു ചരിത്രപരമായ പ്രാധാന്യം മലയാള സിനിമയില്‍ ഛോട്ടാ മുംബൈ എന്ന സിനിമയ്ക്ക് ഉണ്ടെന്ന് തോന്നുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഒരു കോളനിയിലെ കീഴാള ജീവിതങ്ങളെ ഇത്രയും അധികം ആഘോഷിച്ച മറ്റൊരു സിനിമ മലയാളത്തില്‍ ഉണ്ടാവാന്‍ സാധ്യതയില്ല.

ദളിതരുടെ/കീഴാളരുടെ/സബാല്‍ട്ടേണിറ്റിയുടെ ജീവിതങ്ങള്‍ പൊളിറ്റിക്കല്‍ പ്രീച്ചിങസ് ഇല്ലാതെ രസകരമായി പൊളിച്ചു പാട്ടും ഫൈറ്റും ഡാന്‍സിന് ആഘോഷങ്ങളും ഒക്കെ ആയി ആഘോഷിച്ച അന്യായ വൈബ് ഉള്ള സിനിമ. മോഹന്‍ലാലിന്റെ മസ്‌കുലിനിറ്റിയെ കൊച്ചിയിലെ കീഴാള ജീവിതങ്ങളിലേക്ക് ചേര്‍ത്തുവച്ച സിനിമ. ഭാവനയൊക്കെ ”വെള്ളത്തില്‍ തുപ്പിയത് ഞാന്‍ ക്ഷമിക്കയില്ല” എന്നു പറയുന്ന ഓട്ടോറിക്ഷാക്കാരിയായി അവതരിപ്പിക്കപ്പെട്ടത് തൊലി കറുപ്പിക്കാതെ ആണെന്നത് വേറൊരു രസം.

അതുപോലെ സായി കുമാര്‍, വിനായകന്‍, സിദ്ധിക്ക്, മണിക്കുട്ടന്‍, ജഗതി ശ്രീകുമാര്‍, കീഴാളമായ ഒരു ജീവിതത്തില്‍നിന്ന് മലേഷ്യയിലേക്ക് ജീവിതം തേടി പോയി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കൊച്ചിന്‍ ഹനീഫ് വരെ ഈ സിനിമയില്‍ പൊളിയാണ്. കലാഭവന്‍ മണിയുടെ താരശരീരത്തില്‍ രൂപപ്പെട്ട നടേശന്‍ എന്ന ഐക്കോണിക് വില്ലന്‍ ഒരിക്കലും ആ സിനിമ കണ്ടവര്‍ മറക്കാന്‍ സാധ്യതയില്ല. കൊച്ചിയിലെ അത്തരം സാംസ്‌കാരികതയിലെ ആഘോഷങ്ങള്‍ ‘തെച്ചി കുളങ്ങര’, ‘വാസ്‌കോ ഡ ഗാമ’ തുടങ്ങിയ പാട്ടുകളിലും, കീഴാള സ്ത്രീകളുടെ കാമനകളും പ്രണയവും ചതിയുമൊക്കെ ലതയുടെ (ഭാവനയുടെ) ഓട്ടോറിക്ഷ ജീവിതത്തിലൂടെയും ദൃശ്യവല്‍ക്കരിച്ചു. ഷക്കീല എന്ന നടിയുടെ പ്രസന്‍സും ഓളം ഉണ്ടാക്കുന്നു. ഒരു പക്ഷേ ഇത്രയും കീഴാളത്തെ ആഘോഷമാക്കിയ ഒരു മലയാള സിനിമയും, ഇത്തരത്തില്‍ ഐക്കോണിക് ആയ ഒരു പൊളിറ്റിക്കല്‍ സിംബളായ സിനിമയും ഛോട്ടാ മുംബൈ ആയിരിക്കും.
ഛോട്ടാ മുംബൈ ആഘോഷമാണ്… അന്യായ വൈബ് ആണ്!

No Comments yet!

Your Email address will not be published.