രാമനെ അറിയില്ല
എന്തു പറയുന്നു എന്നതിനപ്പുറം എവിടെ പറയുന്നു എവിടെ ഇരുന്നു പറയുന്നു എന്നത് കൂടെ വലിയ പ്രാധാന്യമുള്ള കാര്യമാണ് എന്ന് തോന്നുന്നു. ഇന്ന് റിപ്പോര്‍ട്ടര്‍ ടി.വിയില്‍ ഒരു അള്‍ട്രാ മോഡേണ്‍ സ്റ്റുഡിയോവില്‍ ഇരുന്നാണ് വേടന്‍ വന്‍ പൊളി പൊളിച്ചത്. അദ്ദേഹം പറഞ്ഞ വിഷയങ്ങളെക്കാള്‍ അദ്ദേഹം പറയാന്‍ എടുത്ത റിപ്പോര്‍ട്ടര്‍ ടിയവിയുടെ ആ സ്‌പേസ് ആണ് എന്നെ അതിലേക്ക് അടുപ്പിച്ചത്. മീഡിയയില്‍ പട്ടിക ജാതിക്കാര്‍ക്ക് ഇടമില്ല എന്ന് പറയുന്ന ഇടത്ത് നിന്ന് അയാളൊരു രാജാവായി അതേ മീഡിയയില്‍ ഇരുന്നു. അത്യധികം സ്‌റ്റൈലിഷ് ആയ ഒരു സ്റ്റുഡിയോവില്‍ വേടന്റെ ഇമേജുകളുള്ള ബാക്‌ഡ്രോപ്പില്‍ ലോ അങ്കിളില്‍ പലപ്പോഴും പാന്‍ ചെയ്യുന്ന, മൂവ് ചെയ്യുന്ന ക്യാമറയില്‍ സിനിമാറ്റിക് ആയാണ് ”എനിക്ക് രാമനെ അറിയില്ല”, ”ഇന്ത്യയില്‍ ജയ് ശ്രീറാം വിളിക്കുന്നത് ആളുകളെ കൊല്ലാന്‍ വേണ്ടി ആണെ”ന്ന് വേടന്‍ പറഞ്ഞ് പൊളിച്ചടുക്കുന്നത്. അതുപോലെ ജന്മം കൊണ്ട് പുണ്യം നോക്കുന്ന സുരേഷ് ഗോപി ഒക്കെ എന്തൊരു ദാരിദ്ര്യമാണ് എന്ന് വിളിച്ചു പറയുന്നത്.
വേടന്റെ മ്യൂസിക് വീഡിയോകള്‍ ആയ ‘കടലമ്മ കരഞ്ഞല്ലേ പെറ്റത്’, ‘വിയര്‍പ്പ് കൊണ്ട് തുന്നിയിട്ട കുപ്പായം’, ‘വാടാ വേടാ’ എന്നീ മൂന്നു വീഡിയോകളിലും വേടന്‍ ദലിത് സമുദായങ്ങളെ ചേര്‍ത്ത് വെക്കുന്ന, കേരളം ഉണ്ടാക്കിയ ‘നാടന്‍’ എന്ന ഒരു ഇമേജറിയെ പൊളിച്ചു ദൂരെ കളയുന്നുണ്ട്. നാടന്‍ പാട്ട് സമം കലാഭവന്‍ മണി സമം പട്ടികജാതിക്കാര്‍ എന്ന വായന തന്നെ എടുത്തു തോട്ടില്‍ എറിയുന്നുണ്ട്. ‘കടലമ്മ പെറ്റത്’ എന്ന വീഡിയോയില്‍ മോഡേണിറ്റിയുടെ ഒരു എക്വിപ്‌മെന്റ് ആയ ബോട്ടിന്റെ ഡ്രൈവിങ് സീറ്റില്‍ അയാള്‍ ബോട്ട് ഓടിച്ചുകൊണ്ടാണ് പാട്ട് പാടുന്നത്. ‘വിയര്‍പ്പ് കൊണ്ട് തുന്നിയിട്ട കുപ്പായം’ എന്ന ഇടത്ത് കൊച്ചിയിലെ വ്യവസായികമായ ഇടങ്ങളില്‍ ഹൂഡി ഒക്കെ ഇട്ട് സുഷിന്‍ ശ്യാമിന്റെ കൂടെ ഒക്കെ പൊളിക്കുകയാണ്. കൊച്ചിയില്‍ രൂപപ്പെട്ട സുഷിന്‍ ശ്യാമിന്റെ തലമുറകള്‍ സിനിമാക്കാര്‍ വേടനോടും തിരിച്ചും സാഹോദര്യം കാണിക്കുന്നത് ഒരു മോഡേണിറ്റിയില്‍ സംഭവിക്കുക എന്നത് മെട്രോ നഗരങ്ങളിലെ ഒരു മാറ്റം കൂടെ ആണ്. മറ്റു സമുദായങ്ങളെ അപര/ശത്രു പക്ഷത്ത് വെച്ച് അല്ല വേടന്‍ ഇടപെടുന്നത്. ‘വാടാ വേടാ’ എന്ന വീഡിയോയിലും ഇതുപോലെ മോഡേണ്‍ ആയ കോസ്റ്റ്യൂമുകള്‍ വഴി തോക്കുകള്‍ക്കിടയില്‍ നിന്നും വേടന്‍ അലക്കുന്നു. ഇന്നത്തെ പോസ്റ്റ് മോഡേണ്‍ ഡിജിറ്റല്‍ മീഡിയയില്‍ അങ്ങനെ ആണ് വേടന്‍ ഒരു ഐക്കണ്‍ ആയി മാറുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം വേടന്‍ പറയുന്ന രാഷ്ട്രീയത്തെക്കാളും ഫാന്‍സി ചെയ്യിക്കുന്നത് ഇത്തരം പോസ്റ്റ് മോഡേണ്‍ ആയ ഇടങ്ങളെ സൃഷ്ടിച്ചു അത് സമ്പത്താക്കി മാറ്റുന്ന വേടനെ ആണ്. പുരോഗമന മലയാളിയുടെ നാടന്‍/നാലുകെട്ട് സെറ്റ് അപ്പുകള്‍ക്കും പുറത്താണ് ഇതൊക്കെ സംഭവിക്കുന്നത്.
ഈ ഇന്റര്‍വ്യൂവില്‍ അദ്ദേഹം സാമ്പ്രദായികമായ അപര വിഭാഗങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന പരമ്പരാഗത ജാതിവിരുദ്ധ രാഷ്ട്രീയത്തിനും അപ്പുറം സംഗീതത്തിന്റെ ടെക്നിക്കാലിറ്റിയെ കുറിച്ചും തന്റെ മ്യൂസിക് പ്രൊഡ്യൂസേഴ്‌സിനെക്കുറിച്ചും പറയുന്നു. തന്റെ മ്യൂസിക്കിന്റെ ശബ്ദങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ മ്യൂസിക് മിക്‌സ് ചെയ്യുന്ന ചേട്ടന്റെ എഫോര്‍ട്ടിനെ കുറിച്ചും സംസാരിക്കുന്നു. അതായത്, പുതിയ കാലത്ത് രാഷ്ട്രീയ വിക്ഷേപണങ്ങളിലെ പോസ്റ്റ്മോഡേണ്‍ ആയ ടെക്‌നോളജിയെ എങ്ങനെ ഉപയോഗിക്കണം എന്നൊരു നല്ല കൃത്യമായ ധാരണ ഈ മനുഷ്യനുണ്ട്. അതുകൊണ്ടുതന്നെ, ഏറ്റവും പോസ്റ്റ്മോഡേണ്‍ ആയ മീഡിയയുടെ ഡിജിറ്റല്‍ വിഷ്വാലിറ്റിയുടെ ഒരു സ്പേസില്‍ നിന്നും വേടന്‍ മലയാളിത്തത്തെ, ഹിന്ദുത്വത്തെ, കേരള പുരോഗമനത്തെ തന്നെ തകര്‍ത്ത് തരിപ്പണം ആക്കുന്നു. ഇന്ന് മുതല്‍ ചിലപ്പോള്‍ ഇന്സ്റ്റാഗ്രാമിലും അത് പോലുള്ള പോസ്റ്റ് മോഡേണ്‍ ഇടങ്ങളില്‍ എല്ലാം ചിലപ്പോള്‍ വേടന്‍ ഒരു ഓറ ആയി തുടങ്ങുമായിരിക്കാം. ഏറ്റവും വലിയ തമാശ ഈ പോസ്റ്റ് മോഡേണ്‍ കാലത്തും അരുണ്‍ എന്ന മലയാളി ഇടതുപക്ഷ പുരോഗമന കീലേരി അച്ചു ജേര്‍ണലിസ്റ്റിന്റെ ഇന്റലക്ച്വല്‍ ദാരിദ്ര്യവും ഈ അഭിമുഖം പുറത്തുകൊണ്ടുവരുന്നുണ്ട്.
ഒരൊറ്റ പ്രാര്‍ഥനയെ ഉള്ളൂ. നന്മ നിഞ്ഞ പുരോഗമന മലയാളികള്‍ക്കും ഹിന്ദുത്വ വാദികള്‍ക്കും ഇതൊക്കെ താങ്ങാനുള്ള ശേഷി നല്‍കീടണമേ!
No Comments yet!