Skip to main content

മാധ്യമങ്ങള്‍ക്ക് പാപ്പയുടെ സന്ദേശം

54-ാമത് ലോക മാധ്യമ ദിനത്തില്‍ പരിശുദ്ധ പിതാവ് പാപ്പാ ഫ്രാന്‍സിസിന്റെ സന്ദേശം

 

‘അതിനാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളോടും
ചെറുമക്കളോടും പറയാനാകും’ (പുറപ്പാട് 10:2)

ഈ വര്‍ഷത്തെ സന്ദേശം കഥപറച്ചില്‍ എന്ന വിഷയത്തിനായി സമര്‍പ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കാരണം, നല്ല കഥകളില്‍ അടങ്ങിയിരിക്കുന്ന സത്യത്തെ നമ്മുടേതാക്കി മാറ്റിയാല്‍ മാത്രമേ നമ്മുടെ സമചിത്തത നഷ്ടപ്പെടാതിരിക്കൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. പടുത്തുയര്‍ത്തുന്ന കഥകള്‍ അല്ലാതെ പൊളിച്ച് താഴെയിടുന്നവയല്ല നമ്മുടെ വേരുകളെയും ഒരുമിച്ച് മുന്നോട്ട് നീങ്ങുവാന്‍ ആവശ്യമായ കരുത്തിനെയും വീണ്ടെടുക്കുന്ന കഥകള്‍. നമ്മെ വലയം ചെയ്തിരിക്കുന്ന ശബ്ദകോലാഹലത്തിന് നടുവില്‍, നമുക്ക് ചുറ്റുമുള്ള സൗന്ദര്യത്തെക്കുറിച്ചും നമ്മളെക്കുറിച്ച് തന്നെയും സംസാരിക്കുന്ന മാനുഷികമായ കഥകള്‍ നമുക്ക് ആവശ്യമുണ്ട് ആര്‍ദ്രമായ കടാക്ഷത്തോടെ നമ്മുടെ ലോകത്തെയും അതിലെ സംഭവവികാസങ്ങളെയും പരിഗണിക്കുന്ന ആഖ്യാനമായിരിക്കണം അത്. പരസ്പരബന്ധമുള്ള, സജീവമായ ഒരു ശീലയുടെ ഭാഗമാണ് നമ്മള്‍ എന്ന് പറയാന്‍ കഴിയുന്ന ഒരു ആഖ്യാനം നമ്മെ ഓരോരുത്തരെയും പരസ്പരം ബന്ധിപ്പിക്കുന്ന നൂലുകളുടെ ഇഴപാകലിനെ വെളിവാക്കാന്‍ കഴിയുന്ന ഒരു ആഖ്യാനം’

A. കഥകള്‍ നെയ്‌തെടുക്കുമ്പോള്‍

1. മനുഷ്യജീവികള്‍ കഥപറച്ചിലുകാരാണ്. ആഹാരത്തിനായി നാം വിശക്കുന്നതുപോലെ കഥകള്‍ക്കായി നാം ചെറുപ്പം മുതലേ വിശക്കുന്നു. എല്ലായ്പ്പോഴും അറിയുന്നില്ലെങ്കിലും മുത്തശ്ശിക്കഥകളുടെയോ നോവലുകളുടെയോ സിനിമകളുടെയോ ഗാനങ്ങളുടെയോ വാര്‍ത്തകളുടെയോ രൂപത്തില്‍ കഥകള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ സ്വന്തമാക്കിത്തീര്‍ക്കുന്ന കഥകളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് മിക്കവാറും നാം തെറ്റോ ശരിയോ എന്തെന്ന് തീരുമാനിക്കുന്നത്. കഥകള്‍ അവയുടെ മുദ്ര നമ്മില്‍ പതിപ്പിക്കുന്നു; നമ്മുടെ സ്വഭാവത്തെയും ബോധ്യങ്ങളെയും അവ രൂപപ്പെടുത്തുന്നു. നാം ആരാണെന്ന് മനസ്സിലാക്കുവാനും പ്രകടമാക്കുവാനും അവയ്ക്ക് നമ്മെ സഹായിക്കുവാനാകും.

2. നമ്മുടെ ബലഹീനതകള്‍ മറയ്ക്കുവാന്‍ വസ്ത്രം ആവശ്യമുള്ള ഒരേയൊരു ജീവികള്‍ നമ്മള്‍ മാത്രമല്ല (ഉല്‍പ്പത്തി 3-21)നമ്മുടെ ജീവിതങ്ങളെ സംരക്ഷിക്കുവാന്‍ കഥകളുടെ ‘ഉടുപ്പ’ണിയേണ്ട ഒരു കൂട്ടരും നമ്മളാണ്. വസ്ത്രങ്ങള്‍ മാത്രമല്ല നാം നെയ്തെടുക്കുന്നത്; കഥകള്‍ കൂടിയാണ്. നെയ്തെടുക്കാനുള്ള മനുഷ്യരുടെ കഴിവ് (ലത്തീനില്‍ ലേഃലൃ) തീര്‍ച്ചയായും നമുക്ക് നല്‍കിയത് തുണി (ടെക്സ്റ്റൈല്‍) എന്ന പദം മാത്രമല്ല, എഴുത്ത് (ടെക്സ്റ്റ്) കൂടിയാണ്. വ്യത്യസ്ത കാലഘട്ടങ്ങളിലുള്ള കഥകള്‍ക്കെല്ലാം തന്നെ പൊതുവായ ഒരു തറി (ഹീീാ) ഉണ്ട്. ഒരു സ്വപ്നത്തെ പിന്തുടര്‍ന്ന് വിഷമകരമായ സാഹചര്യങ്ങളോട് പൊരുതി, തിന്മയോട് പോരാടുന്ന നിത്യജീവിതത്തിലെ നായകന്മാര്‍ ഉള്‍പ്പെടെ വീരാളികള്‍ ചേര്‍ന്നതാണ് ആ കഥനത്തിലെ നൂലുകള്‍. സ്നേഹമാണ് അവര്‍ക്ക് ധൈര്യം നല്‍കുന്ന പ്രേരകശക്തി. ജീവിതത്തിലെ വെല്ലുവിളികളെ സുധീരമായി നേരിടാന്‍ കാരണങ്ങള്‍ കണ്ടെത്താന്‍ ഈ കഥകളില്‍ സ്വയം മുങ്ങിത്താഴ്ന്നുകൊണ്ട് നമുക്ക് കഴിയും.

3. മനുഷ്യജീവികള്‍ കഥപറച്ചിലുകാരാണ്. കാരണം, നമ്മുടെ ജീവിതത്തിലെ ദിനങ്ങളുടെ ശീലയില്‍ കസവുകള്‍ പോലെ സ്വയം ഇഴചേര്‍ന്ന് സമ്പന്നമാകുന്നത് കണ്ടെത്തുന്ന വളര്‍ച്ചയുടെ ഒരു നിരന്തര പ്രക്രിയയില്‍ മുഴുകിയിരിക്കുന്നവരാണ് നാം. എങ്കിലും ആരംഭം മുതല്‍ തന്നെ നമ്മുടെ കഥയെ ഭീഷണിപ്പെടുത്തുന്നുണ്ട,് ചരിത്രത്തിലൂടെ ഇഴഞ്ഞെത്തുന്ന തിന്‍മ.

B. നല്ല കഥകളല്ല എല്ലാ കഥകളും

4. ‘നിങ്ങള്‍ അത് ഭക്ഷിക്കുമ്പോള്‍… നിങ്ങള്‍ ദൈവത്തെ പോലെയാകും’ (ഉല്പത്തി 3:4): അഴിക്കാനാവാത്ത ഒരു കുരുക്കായാണ് ചരിത്രത്തിന്റെ ശീലയിലേക്ക് സര്‍പ്പത്തിന്റെ പ്രലോഭനം അവതരിപ്പിക്കപ്പെടുന്നത്. ‘നിങ്ങള്‍ കൈവശപ്പെടുത്തുകയാണെങ്കില്‍, നിങ്ങള്‍ക്ക് ആയിത്തീരാം, നിങ്ങള്‍ക്ക് കൈവരിക്കാം: ചൂഷണം ലക്ഷ്യമാക്കി ഇന്നുപോലും കഥപറച്ചില്‍ ഉപയോഗിക്കുന്നവര്‍ മന്ത്രിക്കുന്ന സന്ദേശം ഇതാണ്. നേടുകയും കൈവശപ്പെടുത്തുകയും ഉപയോഗിക്കുകയും ചെയ്താല്‍ നമുക്ക് നിരന്തരമായി സന്തോഷവാന്മാരായിരിക്കാന്‍ കഴിയൂ എന്ന് നമ്മെ ബോധ്യപ്പെടുത്താനും മയക്കാനും ശ്രമിക്കുന്ന എത്രയോ കഥകള്‍ വിളമ്പുന്നുണ്ട്. സൊറ പറച്ചിലിനും പരദൂഷണത്തിനും എന്തുമാത്രം ആര്‍ത്തിപിടിച്ചവരായി നാം മാറിത്തീര്‍ന്നു എന്ന് നാം തന്നെ അറിയുന്നുണ്ടാവില്ല. അല്ലെങ്കില്‍ എന്തുമാത്രം അക്രമങ്ങളും അപവാദങ്ങളുമാണ് നാം വിഴുങ്ങുന്നത്. മിക്കവാറും, ആശയവിനിമയ വേദികളില്‍, സാംസ്‌കാരിക ശീലങ്ങളുടെയും സാമൂഹ്യബന്ധങ്ങളുടെയും ഇഴയടുപ്പിച്ച് ശക്തമാക്കുന്ന ക്രിയാത്മകമായ കഥകള്‍ക്കു പകരം, സമൂഹം എന്ന നിലയില്‍ നമ്മെ ചേര്‍ത്തുനിര്‍ത്തുന്ന ലോലമായ നൂലുകളെ ദ്രവിപ്പിക്കുകയും ഒട്ടിപ്പിക്കുകയും ചെയ്യുന്ന ഹിംസാത്മകവും പ്രകോപനപരവുമായ കഥകളാണ് നാം കാണുന്നത്. സംശോധന ചെയ്യാത്ത വിവരങ്ങളുടെ തുണ്ടുകളെ ഒട്ടിച്ചുചേര്‍ത്തും ദൂഷിതവും വഞ്ചനാത്മകമായി പ്രേരണാശക്തിയുള്ളതുമായവ ആവര്‍ത്തിച്ചും, വെറുപ്പുളവാക്കുന്നതും മുറിപ്പെടുത്തുന്നതുമായ സന്ദേശങ്ങള്‍ അയച്ചും നാം മനുഷ്യചരിത്രം നെയ്തെടുക്കുകയല്ല, മറിച്ച് മറ്റുള്ളവരുടെ അന്തസ്സിനെ വലിച്ചു കീറുകയാണ് ചെയ്യുന്നത്.

5. അധികാരത്തിനും ചൂഷണത്തിനുമായി ഉപയോഗിക്കപ്പെടുന്ന കഥകള്‍ക്ക് അല്‍പായുസ്സായിരിക്കുമ്പോള്‍, നല്ലൊരു കഥയ്ക്ക് കാലത്തിന്റെയും ദൂരത്തിന്റെയും പരിമിതികളെ അതിലംഘിക്കാന്‍ കഴിയും. ജീവിതത്തെ പരിപോഷിപ്പിക്കുന്നത് കാരണം നൂറ്റാണ്ടുകള്‍ക്ക് ശേഷവും അത് കാലികമായി തുടരുന്നു. മിഥ്യാവല്‍ക്കരണം വര്‍ദ്ധിച്ച രീതിയില്‍ പരിഷ്‌കൃതമാകുന്ന ഒരു യുഗത്തില്‍, അത് കണ്ടമാനം തലങ്ങളില്‍ എത്തിച്ചേരുമ്പോള്‍, സുന്ദരവും സത്യവും നന്മയുമായ കഥകളെ സ്വാഗതം ചെയ്യാനും സൃഷ്ടിക്കാനുമുള്ള വിവേകം നമുക്ക് ഉണ്ടാകണം. ദുഷ്ടവും വ്യാജവുമായ കഥകളെ നിരാകരിക്കാനുള്ള ധൈര്യം നമുക്ക് വേണം. ഇന്നത്തെ നിരവധി കാലുഷ്യങ്ങള്‍ക്ക് നടുവില്‍ ചരട് നഷ്ടപ്പെടാതിരിക്കാന്‍ നമ്മെ സഹായിക്കുന്ന കഥകള്‍ വീണ്ടെടുക്കാനുള്ള ക്ഷമയും വിവേചനബുദ്ധിയും നമുക്ക് വേണം. അനുദിന ജീവിതത്തിലെ പറയപ്പെടാത്ത നായകകൃത്യങ്ങളിലും നമ്മള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് വെളിവാക്കുന്ന കഥകള്‍ നമുക്ക് വേണം.

C. കഥകളുടെയും കഥ

6. കഥകളുടെയും കഥയാണ് തിരുവചനം. നമുക്ക് മുന്നില്‍ അത് നിരത്തുന്നത് എത്രയോ എത്രയോ സംഭവങ്ങളും ആളുകളെയും വ്യക്തികളെയുമാണ്. ഒരേസമയം കഥാകാരനും സ്രഷ്ടാവുമായ ദൈവത്തെയാണ് ആരംഭം മുതല്‍ അത് കാണിച്ചുതരുന്നത്. ഒരു കഥാകാരന്‍ എന്ന നിലയില്‍, തന്നോടൊപ്പം ചരിത്രം രചിക്കുന്ന പുരുഷനെയും സ്ത്രീയെയും സ്വതന്ത്ര സംഭാഷണ പങ്കാളികളായി സൃഷ്ടിച്ചുകൊണ്ട് കാര്യങ്ങള്‍ക്ക് ദൈവം ജീവന്‍ വയ്പ്പിക്കുന്നു. സങ്കീര്‍ത്തനങ്ങളില്‍ ഒന്നില്‍ സൃഷ്ടി സൃഷ്ടാവിനോട് പറയുകയാണ്: ‘അവിടുന്ന് എന്റെ ആന്തരാവയവങ്ങള്‍ക്ക് രൂപം നല്‍കി; എന്റെ അമ്മയുടെ ഗര്‍ഭത്തില്‍ അവിടുന്ന് എന്നെ തുന്നിച്ചേര്‍ത്തു. അത്ഭുതകരമായും ഭയസമ്പൂര്‍ണനായും എന്നെ സൃഷ്ടിച്ചതിന് അങ്ങയെ ഞാന്‍ സ്തുതിക്കുന്നു.. ഭൂമിയുടെ ആഴങ്ങളില്‍ സൂക്ഷ്മമായി നെയ്‌തെടുത്തപ്പോഴും, രഹസ്യമായി എന്നെ സൃഷ്ടിച്ചപ്പോഴും എന്റെ രൂപം അങ്ങില്‍ നിന്ന് മറച്ചുവയ്ക്കപ്പെട്ടിട്ടില്ല’ (139:1315). നാം സമ്പൂര്‍ണ്ണരായി ജനിക്കുന്നില്ല, പക്ഷേ നിരന്തരമായി ‘നെയ്തെടുക്കപ്പെടുക’യും ‘തുന്നിച്ചേര്‍ക്കപ്പെടുക’യും ആണ് ചെയ്യുന്നത്. നാമായിരിക്കുന്ന ‘അത്ഭുതകരമായ’ രഹസ്യം എന്ന നിലയില്‍ തുടര്‍ന്നും നെയ്തെടുക്കപ്പെടാനുള്ള ഒരു ക്ഷണമായാണ് ജീവന്‍ നമുക്ക് നല്‍കപ്പെട്ടിരിക്കുന്നത.്

7. ആയതിനാല്‍ ബൈബിള്‍, ദൈവവും മാനവരാശിയും തമ്മിലുള്ള മഹത്തായ ഒരു പ്രേമകഥയാണ്. ഒരേസമയം ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിന്റെയും നമുക്ക് ദൈവത്തോടുള്ള സ്നേഹത്തിന്റെയും നിറവേറ്റലിന്റെ സ്വന്തം കഥയുമായി യേശു അതിന്റെ കേന്ദ്ര സ്ഥാനത്ത് നില്‍ക്കുന്നു. അപ്പോള്‍ മുതല്‍ ഓരോ തലമുറയിലെയും സ്ത്രീപുരുഷന്മാര്‍ അതിന്റെ അര്‍ത്ഥം പൂര്‍ണമായി പ്രകാശിപ്പിക്കുന്ന ഈ കഥകളുടെ കഥയിലെ ഏറ്റവും നിര്‍ണായകമായ സംഭവഗതിയുടെ ഓര്‍മ്മപുതുക്കുവാനും ഓര്‍ത്തു പറയുവാനും വിളിക്കപ്പെട്ടിരിക്കുന്നു.

8. തന്റെ ജനതയുടെ ചരിത്രത്തില്‍ ഇടപെടുന്ന ദൈവത്തിന്റെ ആദിമ ബൈബിള്‍ കഥയായ ഉല്‍പ്പത്തി പുസ്തകത്തില്‍ നിന്നാണ് ഈ വര്‍ഷത്തെ സന്ദേശത്തിന്റെ ശീര്‍ഷകം എടുത്തിരിക്കുന്നത.് അടിമകളാക്കപ്പെട്ട ഇസ്രയേലിന്റെ മക്കള്‍ കരഞ്ഞു വിളിച്ചപ്പോള്‍ ദൈവം ശ്രദ്ധിക്കുകയും ഓര്‍ക്കുകയും ചെയ്തു; ‘അബ്രഹാമുമായുള്ള തന്റെ ഉടമ്പടി ദൈവം ഓര്‍ത്തു. ഇസഹാക്കും യാക്കോബുമായുള്ള ഉടമ്പടിയും ദൈവം ഓര്‍ത്തു. ഇസ്രയേല്‍ ജനതയെ ദൈവം കണ്ടു. ദൈവത്തിന് അറിയാമായിരുന്നു’ (ഉല്‍പ്പത്തി 2: 24-25). അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ഒരു പരമ്പരയിലൂടെ അടിച്ചമര്‍ത്തലില്‍ നിന്ന് മോചനം ദൈവത്തിന്റെ ഓര്‍മ്മ കൊണ്ടുവന്നു. ഈ എല്ലാ അടയാളങ്ങളുടേയും അര്‍ത്ഥം മോശയ്ക്ക് ദൈവം അപ്പോള്‍ വെളിവാക്കുന്നു: ‘നിന്റെ മക്കളും ചെറുമക്കളും കേള്‍ക്കുന്നതിനായി ആയതിനാല്‍ നീ അവരോട് പറയുക.. ഞാന്‍ ദൈവമാണെന്ന് അറിയേണ്ടതിലേക്കായി അവര്‍ക്കിടയില്‍ എന്തെല്ലാം അടയാളങ്ങളാണ് ഞാന്‍ കാണിച്ചത് എന്ന് പറയുക’ ഉല്‍പ്പത്തി 10: 2) തന്റെ സാന്നിധ്യം നിരന്തരമായി ഉണ്ടാകുന്നതെങ്ങനെ എന്ന കഥ പറഞ്ഞുകൊണ്ടാണ് പ്രധാനമായും ദൈവത്തിന്റെ അറിവ് തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകരുന്നത് എന്ന് ഉല്‍പ്പത്തി അനുഭവം നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തിന്റെ കഥയിലൂടെ ജീവന്റെ ദൈവം നമ്മുടെ ആശയവിനിമയം നടത്തുന്നു.

9. അനുദിന ജീവിതത്തില്‍ നിന്നെടുത്ത ഉപമകളിലും ചെറുകഥകളിലും കൂടെയാണ്, അല്ലാതെ അമൂര്‍ത്തമായ സങ്കല്പങ്ങളിലൂടെയല്ല യേശു നമ്മോട് ദൈവത്തെക്കുറിച്ച് പറഞ്ഞത്. ഈ സന്ദര്‍ഭത്തില്‍ ജീവിതം കഥയായി മാറുന്നു. അപ്പോള്‍ കേള്‍വിക്കാരനെസംബന്ധിച്ചിടത്തോളം കഥ ജീവിതമായി മാറുന്നു. അത് ശ്രദ്ധിക്കുന്നവരുടെ ജീവിതത്തിന്റെ ഭാഗമായി കഥ മാറുകയും അതവരെ മാറ്റുകയും ചെയ്യുന്നു.

10. യാദൃച്ഛികമായല്ല തിരുവചനങ്ങളും കഥകള്‍ ആയിരിക്കുന്നത്. യേശുവിനെക്കുറിച്ച് അവ നമ്മോട് പറയുമ്പോള്‍ തന്നെ അവ നാടകീയമാണ്; അവ യേശുവിലേക്ക് നമ്മെ ഉറപ്പിക്കുന്നു. അതേ ജീവിതത്തില്‍ പങ്കുപറ്റാനായി അതേ വിശ്വാസം പങ്കുവയ്ക്കാന്‍ സുവിശേഷം വായനക്കാരോട് ആവശ്യപ്പെടുന്നു. പരമമായ കഥ പറച്ചിലുകാരനായ വചനം തന്നെ കഥയായി മാറുന്നത് യോഹന്നാന്റെ സുവിശേഷം നമ്മോട് പറയുന്നുണ്ട്. ‘പിതാവിന്റെ അരികിലുള്ള ദൈവത്തിന്റെ ഏകജാതന്‍ തന്നെ സ്വയം വെളിപ്പെടുത്തുന്നു’. (യോഹന്നാന്‍ 1: 18) ഈ യഥാര്‍ത്ഥ ക്രിയാപദം (ലഃലഴലമെീേ) ഒരേസമയം തന്നെ ‘വെളിപ്പെടുത്തി’ എന്നും ‘ഓര്‍ത്തുപറഞ്ഞു’ എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. ദൈവം മാനവരാശിയിലേക്ക് സ്വയം തുന്നിച്ചേര്‍ത്തുകൊണ്ട് നമ്മുടെ കഥകള്‍ മെനയുവാനുള്ള ഒരു പുതിയ മാര്‍ഗം നമുക്ക് നല്‍കി.

D. എക്കാലവും നവീകരിക്കപ്പെടുന്ന ഒരു കഥ

11. ഭൂതകാലത്തില്‍ നിന്നുള്ള ഒരു പൈതൃകം അല്ല ക്രിസ്തുവിന്റെ ചരിത്രം. എല്ലായ്പ്പോഴും കാലികമായ നമ്മുടെ കഥയാണത.് അവിടുന്ന് മാംസവും ചരിത്രവും ഉള്ള മനുഷ്യനായി മാറുന്നിടത്തോളം മാനവരാശിയെ കുറിച്ചും നമ്മുടെ ദേഹത്തെ കുറിച്ചും നമ്മുടെ ചരിത്രത്തെ കുറിച്ചും അതീവ ശ്രദ്ധാലുവായിരുന്നു ദൈവം എന്ന് അത് നമ്മെ കാണിച്ചുതരുന്നു. ഒരു മനുഷ്യകഥയും അവഗണിക്കാവുന്നതോ നിസ്സാരമോ അല്ലെന്നും അത് നമ്മോട് പറയുന്നു. ദൈവം കഥയായി മാറിയത് മുതല്‍ ഓരോ മനുഷ്യ കഥയും ഒരു നിശ്ചിത അര്‍ത്ഥത്തില്‍ ദൈവികമായ കഥയാണ്. ഭൂമിയിലേക്ക് ഇറങ്ങിവന്ന തന്റെ പുത്രന്റെ കഥ പിതാവ് വീണ്ടും കാണുകയാണ്. ഓരോ വ്യക്തിയുടെ ചരിത്രത്തിലും അമര്‍ത്തി വയ്ക്കാനാവാത്ത അന്തസ്സുറ്റതാണ് ഓരോ മനുഷ്യകഥയും. ഇതിന്റെ ഫലമായി മാനവരാശി അതിന് മൂല്യമുള്ള കഥകള്‍ അര്‍ഹിക്കുന്നു. യേശു അതിനെ ഉയര്‍ത്തിയ ഉദ്വോഗജനകവും വിസ്മയാവഹവുമായ ഉയരം അത് അര്‍ഹിക്കുന്നു.

12. വിശുദ്ധ പൗലോസ് ഇങ്ങനെ എഴുതുകയുണ്ടായി: ‘ഞങ്ങള്‍ കൈമാറുന്ന ക്രിസ്തുവിന്റെ ഒരു കത്താണ് നിങ്ങള്‍, മഷി കൊണ്ട് എഴുതപ്പെട്ടതല്ല. മറിച്ച് ജീവിക്കുന്ന ദൈവത്തിന്റെ ചൈതന്യത്തില്‍ എഴുതപ്പെട്ടതാണത്. ശിലാഫലകങ്ങളിലല്ല, മനുഷ്യഹൃദയങ്ങളിലാണ് അത് എഴുതപ്പെട്ടിരിക്കുന്നത്. (കൊറീന്ത്യര്‍ 3: 3).

ദൈവത്തിന്റെ സ്നേഹമായ പരിശുദ്ധാത്മാവ് നമുക്കുള്ളില്‍ നിന്ന് എഴുതുന്നു. നമുക്കുള്ളില്‍ നിന്ന് എഴുതുമ്പോള്‍ അവിടുന്ന് നമ്മിലുള്ള നന്മയെ ഊട്ടിയുറപ്പിക്കുകയും അതേക്കുറിച്ച് നമ്മെ നിരന്തരം ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ഓര്‍മ്മിപ്പിക്കുക എന്നാല്‍ തീര്‍ച്ചയായും അര്‍ത്ഥമാക്കുന്നത് ഹൃദയത്തില്‍ എഴുതുവാനായി മനസ്സിലേക്ക് കൊണ്ടുവരിക എന്നതാണ്. ഓരോ കഥയും ഏറ്റവും വിസ്മൃതരായവ പോലും, എന്തിന് ഏറ്റവും വികൃതമായ വരികളാല്‍ എഴുതപ്പെട്ടവ പോലും പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ പ്രചോദിതമാവുകയും ഒരു വിദഗ്ധ സൃഷ്ടിയായി പുനര്‍രചിക്കപ്പെടുകയും സുവിശേഷത്തിന്റെ ഒരു അനുബന്ധമായി മാറ്റപ്പെടുകയും ചെയ്യുന്നു. അഗസ്റ്റിനോസിന്റെ ‘കുറ്റസമ്മതങ്ങള്‍’ പോലെ, ഇഗ്നേഷ്യസിന്റെ ‘തീര്‍ത്ഥാടകയാത്ര’ പോലെ ഉണ്ണിയേശുവിനെക്കുറിച്ചുള്ള വിശുദ്ധ തെരേസയുടെ ‘ഒരു ആത്മാവിന്റെ കഥ’ പോലെ, ‘വിവാഹ ഉടമ്പടിയില്‍ ആയവര്‍’ പോലെ, ‘കാരമാസോവ് സഹോദരന്മാര്‍’ പോലെ അവ ആയിത്തീരുന്നു. ദൈവത്തിന്റെയും മനുഷ്യന്റെയും ഇടയിലുള്ള സ്വാതന്ത്ര്യത്തിന്റെ കണ്ടുമുട്ടലായ എണ്ണമറ്റ മറ്റു കഥകളും അനുമോദനാര്‍ഹമാം വിധം രചിക്കപ്പെട്ടവയാണ്. ജീവിതത്തെ പരിവര്‍ത്തനം ചെയ്ത സ്നേഹത്തിന്റെ സാക്ഷ്യം വഹിക്കുവാന്‍ സുവിശേഷത്തിന്റെ സൗരഭ്യമുള്ള വ്യത്യസ്ത കഥകള്‍ നമുക്ക് ഓരോരുത്തര്‍ക്കും അറിയാം. ഓരോ യുഗത്തിലും, ഓരോ ഭാഷയിലും, ഓരോ മാധ്യമത്തിലും ജീവന്‍ വയ്ക്കുവാനും ഓര്‍ത്തു പറയുവാനും പങ്കുവയ്ക്കപ്പെടാനുമായി ഈ കഥകള്‍ മുറവിളി കൂട്ടുകയാണ്.

E. നമ്മെ നവീകരിക്കുന്ന ഒരു കഥ

13. ഒരു മഹത്തായ കഥയുടെ ഭാഗമായിത്തീരുന്നു നമ്മുടെ സ്വന്തം കഥയും. വചനം നാം വായിക്കുമ്പോള്‍ മാനവഹൃദയത്തിലും അതിന്റെ സൗന്ദര്യത്തിലും വെളിച്ചം വീശുന്ന ആ ഗ്രന്ഥഭാഗങ്ങളും വിശുദ്ധന്മാരുടെ കഥകളും ദൈവത്തിന്റെ കണ്ണുകളില്‍ നാം ആരാണെന്ന് ഓര്‍മ്മയെ വീണ്ടെടുക്കാന്‍ പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ സ്വതന്ത്രമായി എഴുതുന്നു. നമ്മെ സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്ത സ്നേഹത്തെ നാം ഓര്‍ക്കുമ്പോള്‍ നമ്മുടെ അനുദിനകഥകളുടെ ഭാഗമായി സ്നേഹത്തെ നാം മാറ്റുമ്പോള്‍, നമ്മുടെ ദിനങ്ങളുടെ ശീലയില്‍ കാരുണ്യം നാം നേടിയെടുക്കുമ്പോള്‍, നാം മറ്റൊരു താള്‍ മറിക്കുകയാണ് ചെയ്യുന്നത്. നാം ഇനി ഒരിക്കലും ഖേദങ്ങളിലും ദുഃഖങ്ങളിലും ബന്ധിതരല്ല, നമ്മുടെ ഹൃദയങ്ങളില്‍ ഭാരം ഏറ്റുന്ന അനാരോഗ്യകരമായ ഓര്‍മ്മകളില്‍ കെട്ടപ്പട്ടവരല്ല; മറിച്ച് മഹാനായ കഥാകാരന്റെ അതേ ദര്‍ശനത്തിന് നാം സ്വയം തുറന്നു കൊടുക്കുമ്പോള്‍ മറ്റുള്ളവര്‍ക്കായി സ്വയം തുറന്നു കൊടുക്കുകയാണ്. ദൈവത്തോട് നമ്മുടെ കഥ പറയുന്നത് ഒരിക്കലും അര്‍ത്ഥശൂന്യമല്ല; സംഭവങ്ങള്‍ രേഖപ്പെടുത്തുന്നത് ഒരേപോലെ തുടരുകയാണെങ്കില്‍ പോലും അര്‍ത്ഥങ്ങളും വീക്ഷണകോണും എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കും. നമ്മോട് മറ്റുള്ളവരോടുമുള്ള ഗാഢമായ സ്നേഹത്തിന്റെ കണ്‍വെട്ടത്ത് പ്രവേശിക്കുകയാണ് നാം ദൈവത്തോട് കഥ പറയുമ്പോള്‍ ചെയ്യുന്നത്. നമ്മുടെ ജീവിതം നിറയ്ക്കുന്ന ആളുകളേയും സാഹചര്യങ്ങളെയും അവിടുത്തെ മുന്നില്‍ കൊണ്ടുവരാന്‍ നാം ജീവിക്കുന്ന കഥകള്‍ ഓര്‍ത്തു പറയുമ്പോള്‍ കഴിയും. അതിന്റെ കീറലുകളും ഓട്ടകളും അടച്ചുകൊണ്ട് ജീവിതത്തിന്റെ ശീലയെ വീണ്ടും നെയ്തെടുക്കാന്‍ അവിടുത്തോടൊപ്പം നമുക്ക് കഴിയും. നാം എല്ലാവരും എന്തുമാത്രം ഇത് കൃത്യമായി ചെയ്യേണ്ട ആവശ്യമുണ്ടെന്നോ!

14. ആത്യന്തികമായ വീക്ഷണകോണുള്ള ഒരേയൊരു കഥാകാരനായ ആ മഹാത്മാവിന്റെ കടാക്ഷത്താല്‍ ഇന്നത്തെ കഥയില്‍ നമ്മോടൊപ്പം അഭിനേതാക്കളായ, നമ്മുടെ സഹോദരി സഹോദരന്മാരായ മറ്റു കഥാപാത്രങ്ങളെ സമീപിക്കുവാന്‍ നമുക്ക് കഴിയും. ലോക അരങ്ങില്‍ ആരും പകരക്കാരനോ ഉപനടനോ അല്ലാത്തതിനാല്‍ ഓരോരുത്തരുടെ കഥയും മാറുവാനുള്ള സാധ്യത അപാരമാണ്. തിന്മയെ കുറിച്ച് നാം പറയുമ്പോള്‍ പോലും, അത് തിരുത്താനുള്ള ഇടം വിട്ടുകൊടുക്കാന്‍ നാം പഠിക്കും. തിന്മയുടെ നടുവിലും നന്മ പ്രവര്‍ത്തിക്കാമെന്ന് അംഗീകരിക്കാനും അതിന് ഇടം നല്‍കാനും നമുക്ക് കഴിയും.

15. കഥകള്‍ അതേപോലെതന്നെ പറയുന്ന കാര്യമോ അല്ലെങ്കില്‍ നമ്മള്‍ സ്വയം പരസ്യപ്പെടുത്തുന്ന കാര്യമോ അല്ല ഇത്, മറിച്ച് ദൈവത്തിന്റെ ദൃഷ്ടിയില്‍ നാം ആരാണെന്നും എന്താണെന്നും ഓര്‍ക്കുന്നതാണിത്. നമ്മുടെ ഹൃദയങ്ങളില്‍ പരിശുദ്ധാത്മാവ് എഴുതിയതിന് സാക്ഷ്യം വഹിക്കുകയും, അവന്റെയോ അവളുടെയോ കഥയില്‍ അത്ഭുതകരമായ കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ഓരോരുത്തര്‍ക്കും വെളിവാക്കുന്ന ചുമതലയാണിത്. ഇത് നിര്‍വഹിക്കുന്നതിനായി ദൈവത്തിന്റെ മാനവികതയെ സ്വന്തം ഗര്‍ഭത്തില്‍ നെയ്തെടുത്ത ഒരു സ്ത്രീയുടെ സവിധത്തില്‍ നമ്മെത്തന്നെ സമര്‍പ്പിക്കേണ്ടിയിരിക്കുന്നു. അവളുടെ ജീവിത സംഭവങ്ങള്‍ ഒരുമിപ്പിച്ച് നെയ്തെടുക്കാനാണ് സുവിശേഷം നമ്മോട് പറയുന്നത്. കന്യാമറിയം ഇക്കാര്യങ്ങളെല്ലാം ഒരു നിധി പോലെ തന്റെ ഹൃദയത്തില്‍ സൂക്ഷിക്കുകയും വിചിന്തനം ചെയ്യുകയുമാണ് ഉണ്ടായത്. (ലൂക്കാ 2: 19) സ്നേഹത്തിന്റെ സൗമ്യമായ ശക്തികൊണ്ട് ജീവിതത്തിന്റെ കെട്ടുകളെ എങ്ങനെ അഴിക്കാമെന്ന് അറിയുന്ന അവളുടെ സഹായത്തിനായി നമുക്ക് അഭ്യര്‍ത്ഥിക്കാം.

16. ഓ, മറിയമേ, അമ്മയും സ്ത്രീയുമായവളെ, അങ്ങയുടെ ഉദരത്തില്‍ ദൈവിക വചനത്തെ നീ നെയ്തു. ദൈവത്തിന്റെ അത്ഭുത പ്രവൃത്തികളെ, അങ്ങേ ജീവിതം കൊണ്ട് നീ ഓര്‍ത്തുപറഞ്ഞു. ഞങ്ങളുടെ കഥകളെ ശ്രവിക്കേണമേ, അങ്ങയുടെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് ആര്‍ക്കും കേള്‍ക്കാന്‍ ആഗ്രഹമില്ലാത്ത ഈ കഥകളെ അങ്ങയുടേതാക്കി തീര്‍ക്കേണമേ. ചരിത്രത്തിലൂടെ പാകിയ നല്ല ഇഴകളെ തിരിച്ചറിയാന്‍ ഞങ്ങളെ പഠിപ്പിക്കേണമേ. ഞങ്ങളുടെ ഓര്‍മകളെ തളര്‍ത്തുന്ന ജീവിതത്തിന്റെ അഴിയാക്കുരുക്കുകളെ കാണണമേ, എല്ലാ കെട്ടുകളും ഒരുമിക്കുവാന്‍ അങ്ങയുടെ സൗമ്യമായ കരങ്ങള്‍ക്ക് കഴിയും. അരൂപിയുള്ള സ്ത്രീയെ, വിശ്വാസത്തിന്റെ മാതാവേ, ഞങ്ങളെയും പ്രചോദിപ്പിക്കേണമേ, സമാധാനത്തിന്റെ കഥകളെയും ഭാവിയിലേക്ക് വിരല്‍ ചൂണ്ടുന്ന കഥകളെയും മെനഞ്ഞെടുക്കാന്‍ ഞങ്ങളെ സഹായിക്കണമേ, അവയോട് ഒരുമിച്ച് ജീവിക്കാനുള്ള മാര്‍ഗം ഞങ്ങള്‍ക്ക് കാട്ടിത്തരേണമേ…

വിവ : ജോബ് നെല്ലിക്കല്‍

No Comments yet!

Your Email address will not be published.