കടലിന്റെ സംഘര്‍ഷാത്മകതയും കായലിന്റെ അതിശാന്തതയും സങ്കരപ്പെട്ട മനോഭാവനിര്‍മ്മിതിയാണ് ആലപ്പുഴ നഗരജീവിതത്തിനുള്ളത്. ഒരതിരില്‍ കടലും മറുവതിരില്‍ കായലും അവിടെയുണ്ട്. ഫ്രാന്‍സിസ് നൊറോണയുടെ ‘കക്കുകളി’ എന്ന കഥയുടെ സ്ഥലരാശി ഈ നഗരാതിര്‍ത്തിയാവുന്നു. നടാലിയ എന്ന പെണ്‍കുട്ടി പങ്കുപറ്റുന്ന ക്രിയകളിലൂടെയും അവളുടെ ആത്മഗതങ്ങളിലൂടെയുമാണ് കഥ മുന്നേറുന്നത്. സമകാല ജീവിതമുഹൂര്‍ത്തങ്ങളിലെ സംഘര്‍ഷങ്ങളും ആത്മഗതങ്ങളില്‍ തെളിഞ്ഞുവരുന്ന ഭൂതകാലാനന്ദങ്ങളും ഒരേസമയം അവള്‍ക്ക് അനുഭവവേദ്യമാവുന്നുമുണ്ട്. കഥാരംഭത്തില്‍ തന്നെ കഥയ്ക്കുള്ളിലെ ജീവിതവൈരുധ്യങ്ങളുടെ ആഴം പ്രകടമാവുന്നു. മല്‍സ്യജീവിതത്തെ സൂചിപ്പിച്ചുകൊണ്ടാണ് ‘കക്കുകളി’കളിയരങ്ങുതുറക്കുന്നത്. ആഹാരത്തിനു പിന്നിലൊളിപ്പിച്ച അപകടം ചൂണ്ടക്കൊളുത്തിലുണ്ടല്ലോ. ഈ മറഞ്ഞുനിന്നുള്ള അപായപ്പെടുത്തലറിയാതെയാണ് മല്‍സ്യങ്ങള്‍ ചൂണ്ടയോടടുക്കുക. വെള്ളത്തിനകത്തുകിടന്നുള്ള ഏങ്ങലടി കേള്‍ക്കാന്‍ ആരുമുണ്ടാവില്ല. ഇത്തരമൊരു നിസ്സഹായദൃശ്വത്തിന്റെ അവതരണം കഥയില്‍ വരാനിരിക്കുന്ന പലതിന്റേയും സൂചന തന്നെയാവുന്നുണ്ട്. നടാലിയയുടെ കാലില്‍ത്തറച്ച മുള്ളില്‍നിന്നും അമ്മയുടെ നീട്ടിപ്പിടിച്ച കൂവലില്‍നിന്നുമാണ് കഥാകഥനത്തിന്റെ വെള്ളം ഒഴുകിത്തുടങ്ങുന്നത്. വെള്ളപ്പാച്ചിലില്‍ തൊട്ടും തഴുകിയും വന്ന കൂവലിലുണ്ടായിരുന്നത് കന്യാസ്ത്രീമഠത്തിലെ മദേഴ്‌സ് എത്തുന്നുവെന്ന പ്രഖ്യാപനമായിരുന്നു. അക്കരേലെ കൂവല്‍ ഇക്കരേലെ കക്കുകളിക്കളത്തിലേക്കാണ്. ഈ സന്ദര്‍ഭത്തില്‍ ‘വന്നേക്കണ് ‘എന്ന ഒരൊറ്റ ക്രിയാരൂപംമാത്രം മതിയാവും തീരദേശാനുഭവത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാനുള്ള ഭാഷാകരുവെന്ന് കാണാം. കന്യാസ്ത്രീകളുടെ വരവില്‍ നടാലിയയുടെ മുന്നോട്ടുകുന്തിയ കക്കുകളിക്കാലാണ് ഇടറിത്തുടങ്ങുക. ആടുന്ന കണ്ണ് കാട്ടിയാണ് കൂട്ടുകാരിയെ ഒഴിവാക്കുന്നത്. വാക്കിനുപോലും കാത്തുനില്‍ക്കാത്ത ഒരുതരം വേഗത. കമ്പോടും പുളിങ്കുരുവും കൈകളിലെടുത്തുകൊണ്ടാണ് നടാലിയയുടെ വെള്ളത്തിലുള്ള തിമിര്‍ക്കല്‍. കക്കുകളിയെ ചേര്‍ത്തുപിടിക്കുകയും തെളിവെള്ളത്തെ സ്വത്വത്തോട് ഇണക്കിനിര്‍ത്തുകയും ചെയ്യുന്നു. തീരദേശ ജീവിതാനന്ദം തന്നെയാണിത്. പലപ്പോഴും മുഖ്യധാര നിശബ്ദമാക്കാന്‍ നോക്കുന്ന നീരറിവുകളുടെ തുഴഞ്ഞുവരലാണിത്. ആവാസവ്യവസ്ഥയെയാകെ ആഗിരണം ചെയ്യുന്ന തീരദേശത്തിന്റെ പദകോശം അനുഭവത്തെ തീക്ഷ്ണതരമാക്കുന്നുണ്ട്. സന്ധ്യാനേരം ‘കരിക്കലാ’വുന്നതും നല്ലതല്ലാത്ത നോട്ടം ‘നത്തുനോട്ട’മാവുന്നതും എതിര്‍ക്കുക ‘മറുതലിക്കുക’യാവുന്നതുമെല്ലാം ആലപ്പുഴയുടെ തീരദേശത്തിന്റെ കരയില്‍നിന്നും വെള്ളത്തില്‍നിന്നും കയറിവന്ന പ്രയോഗങ്ങളാണ്. ഒരു ചുറ്റളവിനകത്തുള്ള ജീവിതാവേഗങ്ങളിലേക്ക് കത്തിപ്പിടിക്കാന്‍ ഈ കരുത്തേറിയ വെള്ള ഭാഷാഖ്യാനം പ്രാപ്തംതന്നെ. ‘വെറഞ്ഞ’ അമ്മയെപ്പോലെ ദേഷ്യപ്പെടാന്‍ പറ്റുന്നൊരമ്മയില്ലെന്നുതന്നെ തോന്നും. ‘മെന്തണണത്‌പോലെ’ എന്ന ക്രിയാരൂപത്തിനകത്ത് ജലബ ന്ധിതജീവനം ജ്വലിക്കും. ശവത്തീന്ന് പുഴുവരിക്കുമ്പോലെയുള്ള വാല്‍മാക്രികളെപ്പറ്റിയാണിങ്ങനെ പറഞ്ഞത്. എന്തായാലും ഈ വാക്കുകളുടെ പട ദേശാനുഭവത്തെ അരികിലേക്ക് ഒഴുക്കിവിടുന്നു. കന്യാസ്ത്രീകള്‍ വന്നുവെന്നറിയുമ്പോഴും വെള്ളത്തില്‍നിന്ന് കയറാന്‍ കൂട്ടാക്കാത്ത നടാലിയയില്‍ പഞ്ചഭൂതങ്ങളിലൊന്നായ ജലം എത്രമാത്രം അള്ളിപ്പിടിച്ചിട്ടുണ്ടെന്നും മനസിലാക്കാവുന്നതാണ്.
നടാലിയയെന്നത് കക്കുകളവും വെള്ളവും ചേര്‍ന്നൊരു ചേര്‍ത്തുപിടിത്തമാണ്. ദേശവിനോദവും ദേശാനുഭവവും ദേശപ്രകൃതിയുമൊക്കെ ചേര്‍ന്നൊരു ഇഴുകിച്ചേരല്‍. ഭാരപ്പെട്ടുപോയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമ്മ അദ്ധ്വാനഭാരത്തിലകപ്പെട്ടുപോയതു തന്നെയാണ്. തഴപ്പായവിറ്റ് ജീവിതം തള്ളി നീക്കുന്ന ദരിദ്രകുടുംബമാണത്. കന്യാസ്ത്രീകളുടെ വരവ് നടാലിയയെ ദാരിദ്ര്യത്തില്‍നിന്നും രക്ഷിച്ച് മഠത്തിലേക്ക് കൂട്ടിക്കൊണ്ടുപോവാനാണ്. കക്കുകളത്തില്‍നിന്നും തന്നെ മാറ്റിപ്പാര്‍പ്പിക്കുമോയെന്ന സംഘര്‍ഷം കഥാരംഭം മുതലേ അവള്‍ക്കുണ്ട്. കഥയില്‍ കടന്നുവരുന്ന സംഭവങ്ങളുടെ വിന്യാസവും ഇതിന് ഉപോല്‍ബലകമാണ്. സിസ്റ്റര്‍മാരുടെ കുപ്പായത്തിന്റെ നിറം വെള്ളിമീനിന്റെ പള്ളപോലെയാണത്രേ. എന്തും ജലജീവിതഗന്ധിയാക്കി അനുഭവിക്കുന്ന മനസാണിവിടെ തെളിയുന്നത്. കന്യാസ്ത്രീമഠത്തില്‍ ഇതിനുമുന്‍പ് പോയ അച്ഛന്‍പെങ്ങളുടെ ഓര്‍മ്മ അത്ര സുഖകരവുമല്ല. നടാലിയയുടെ അപ്പന്‍കമ്യൂണിസ്റ്റിനെ ധിക്കരിച്ചുകൊണ്ടാണ് അവര്‍ മഠത്തിലേക്ക് പോയത്. മഠത്തില്‍നിന്നും വന്ന ഒരു സിസ്റ്ററുമൊത്ത് നടാലിയ പൊഴിയോരത്ത് നില്‍ക്കുന്ന നേരം പഴയ ചൂണ്ടക്കൊളുത്തുകഥ തിരിച്ചുവരുന്നതും കാണാം. ചെകിളേന്ന് ചോരയൊഴുകുന്ന വരാലില്‍ വരാനിരിക്കുന്ന ഭീതിപടര്‍ത്തുന്ന ജീവിതം മിടിച്ചുനില്‍പ്പുണ്ട്. ചന്തക്കടവില്‍ തൂങ്ങിമരിച്ച പെണ്ണിനോട് വരാലിനെ ഉപമിക്കുന്നിടത്ത് പ്രതിസന്ധിയുടെ ആഴം പതിന്‍മടങ്ങേറുകയും ചെയ്യുന്നു. കായലിലെറിയുന്ന വലപോലെ കഥാശരീരം കിടന്ന് സ്വയം പെരുകുകയാണ്. വലക്കണ്ണികള്‍ക്കുള്ളില്‍നിന്നും തെറ്റിത്തെന്നി നടക്കുന്ന ഓര്‍മ്മകളുടെയും സംഘര്‍ഷങ്ങളുടെയും ക്യാന്‍വാസ് ഒരുങ്ങുന്നു. കമ്യൂണിസ്റ്റായ അപ്പന്റെ ഫോട്ടോയിലെ ചുവപ്പുമാല ഉള്ളില്‍ തിളങ്ങിയപ്പോള്‍ മഠത്തില്‍ പോവാന്‍ വയ്യെന്നനിലയിലുമായി അവള്‍. തീരദേശത്തെ മണലിലൂടെ അവള്‍ ഓടുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ പാഞ്ഞുപോവലാണത്. അവസാനയോട്ടമെന്ന നിലയിലാണ് അവള്‍ ഓടുന്നത്. ചൂണ്ടക്കൊളുത്തില്‍പ്പെട്ട് ചെകിളയാകെ രക്തം പൊടിയുന്ന വരാല്‍മത്സ്യത്തിന്റെ മല്‍സ്യക്കളിയും ഒപ്പം കക്കുകളിയുടെ അസ്തമയവും കൈകോര്‍ക്കുന്നു. മഠത്തിന്റെ, മതത്തിന്റെ കൃത്യചതുരത്തിലേക്കൊതുങ്ങാനുള്ള തയ്യാറെടുപ്പിലാണവള്‍.
പഴയ കാലത്തിന്റെ ഓര്‍മ്മകളായല്ല, മാഞ്ഞുപോയവരെക്കുറിച്ചുള്ള ചില വികാരാവേഗങ്ങളായാണ് കഥയില്‍ ഭൂതകാലം പ്രത്യക്ഷപ്പെടുന്നത്. മഠത്തിലേക്കു തിരിച്ചുപോവാതെ വീട്ടില്‍ത്തന്നെനിന്ന അച്ഛന്‍പെങ്ങളും നടാലിയ ജനിച്ച കാലത്ത് പൊക്കാളിപ്പാടത്ത് ചെങ്കൊടി ഉയര്‍ത്തിയ അപ്പനും ആദര്‍ശധീരതയുടെ പ്രതീകമായ വാസുപിള്ള സഖാവുമെല്ലാം വന്നുപോവുന്നതങ്ങനെയാണ്. നടാലിയ തീരദേശത്തിലൂടെ അവസാനമായി ഓടിയപോലെ അവസാനകക്കുകളിക്കും തയ്യാറാവുന്നു. ശരിക്കും കക്കുകളിവിനോദക്കോപ്പുകളുമായാണ് മഠത്തിലേക്ക് അവള്‍ പോവുന്നത്. കക്കുകളിയുടെ നഷ്ടം കേവലം കുട്ടിക്കൗതുകത്തിന്റെ അവസാനിക്കലല്ല, സ്വത്വത്തിന്റെ അടിവേരിളക്കലായിട്ടാണ് അനുഭവപ്പെടുക. പ്രദേശമാകമാനം കക്കുകളംപോലെ നടാലിയയുടെ കണ്ണിലും കരളിലും ബലിഷ്ഠമായി നില നില്‍ക്കുന്നുമുണ്ട്. പാര്‍ട്ടിയാപ്പീസു മുതല്‍ ചായക്കട വരെയുള്ള നിരവധി കക്കുകളങ്ങളാണുള്ളത്. അതായത് മഠത്തിലേക്കുള്ള വഴിമാറിച്ചവിട്ടല്‍ ഒരു പ്രദേശജീവിതത്തില്‍നിന്നുമുള്ള പിന്തിരിയലാവുന്നു. വലക്കണ്ണികള്‍ പോലെ മിന്നിയും മാഞ്ഞും ഇടകലര്‍ന്നു ജീവിച്ച തീരദേശയിടങ്ങളില്‍നിന്നും കന്യാ സ്ത്രീമഠത്തിന്റെ ഏകതാനമായ ചതുരവിരിപ്പുകളിലേക്കുള്ള പ്രയാണമാണിത്. ആജ്ഞയും അനുസരണവും നിറഞ്ഞ കന്യാസ്ത്രീമഠജീവിതം തഴസഞ്ചിയെന്ന ഭൂതകാലത്തേയും നടാലിയ എന്ന റഷ്യന്‍ പേരിനേയും ആദ്യം തന്നെ വെട്ടിമൂടി. പ്രദേശപരവും പ്രത്യയശാസ്ത്രപരവുമായ സ്വത്വാധാരങ്ങളെയാണ് അറുത്തുമാറ്റുന്നത്. പള്ളിക്കാരുടെ മുന്നില്‍ എരക്കാന്‍ പോവരുതെന്ന് പറഞ്ഞോണ്ടിരുന്ന അപ്പന്‍ ഭൂതകാലത്തില്‍നിന്നും അവളെ തിരിഞ്ഞുനോക്കുന്നുണ്ട്. മഠത്തിലെ ആദ്യരാത്രിയില്‍ത്തന്നെ കേട്ട പരുക്കനൊച്ചയുടെ ഭയപ്പാടും അവളെ പൊതിയുന്നുണ്ട്. സംഘര്‍ഷവും ഭയവും ആശങ്കകളുമെല്ലാം കൂട്ടിക്കൊഴച്ചൊരു മട്ട്. അമേരിക്കന്‍മാവുതന്ന് പറ്റിച്ചകാലത്തിന്റെ സ്മരണകള്‍. സെമിറ്റിക്മതങ്ങളുടെ ഏകപക്ഷീയതകളും ചൂഷണവും ക്രൂരമായുള്ള ഇടപെടലുകളും കഥയില്‍ തെളിഞ്ഞുവരികയാണ്. തന്റെ നേരെ താന്‍ തന്നെ തൊടുത്തുവിടുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി നടാലിയ അവളുടെതന്നെ ആത്മഗതങ്ങളിലേക്കാണ് പോവുന്നത്. പതിച്ചുകിട്ടിയ മൂന്നുസെന്റിന്റെ അയവിറക്കലില്‍ വാസുപിള്ള സഖാവ് ജ്വലിക്കുന്നു. ഈ ജ്വലനത്തിനൊപ്പം തന്നെയാണ് മേഫ്‌ളവര്‍ എന്ന വെള്ളക്കുപ്പായക്കാരിയുടെ ജനനവും. പാകമാവാത്ത വെള്ളയുടുപ്പിനുള്ളില്‍ പരിഭ്രമവും പൊരുത്തപ്പെടലില്ലായ്മകളും തളംകെട്ടികിടപ്പുണ്ട്. കൂറപ്പായയും പശുവിനെ കറക്കലും അലക്കുമെല്ലാമായി കന്യാസ്ത്രീമഠം നടാലിയക്ക് ഭീതിദമായിമാറുന്നു. ഇതേസമയം തന്നെ ‘ആരാണിനി നമുക്കു വേണ്ടി പറയാന്‍’ എന്ന് വാസുപിള്ളസഖാവ് മരിച്ചനേരം അമ്മ പറഞ്ഞ വാക്കുകള്‍ മഠത്തിന്റെ കുടുസ്സുമുറിയിലേക്ക് പറന്നിറങ്ങിവരുന്നു. പല കാലങ്ങളിലൂടെ ഒരു അത്യുഗ്രന്‍ കക്കുകളി സംജാതമാവുകയാണ്. മഠത്തിന് കുറുകെ അവള്‍ പാര്‍ട്ടിയാപ്പീസിനെ പ്രതിഷ്ഠിക്കുന്നു. ജാഥയ്ക്കുപോവുന്ന ലോറികളും മരിച്ചുകിടന്ന അപ്പന്റെ കീശയിലെ പുളിങ്കുരുവും അവളുടെ മനസിലേക്ക് ഇരമ്പിവരികയാണ്. വീട്ടില്‍ കണ്ട കറുത്ത രൂപത്തെ നിഷേധിക്കുന്നിടത്തും ഈ കലാപാവേഗമുണ്ട്. മഠത്തില്‍ വന്നപ്പോള്‍ കുഴിച്ചിട്ട സഞ്ചി അവള്‍ തിരിച്ചെടുക്കുന്നു. മേഫ്‌ളവര്‍ എന്ന പേര് ‘മുള്ളാ ഇലയാ’ കളിയില്‍ പിഞ്ഞിപ്പറിഞ്ഞുപോവുന്നു. അസഹ്യമാവുന്ന എന്തിനോടും പ്രതികരണസന്നദ്ധയാവാന്‍ പ്രചോദനമാവുന്നത് അപ്പന്‍കമ്യൂണിസ്റ്റും തീരദേശജീവിതവും സര്‍വ്വോപരി കക്കുകളിക്കളവുമാണ്. ചുണ്ടിലെ മുറിവു കണ്ട് അമ്മ പൊട്ടിത്തെറിക്കുന്നുണ്ട്. പീഡനങ്ങളുടെ പെരുമ്പറ മുഴങ്ങുന്ന സന്ദര്‍ഭമാണിത്. തഴപ്പായ പൊളക്കണപോലെയുള്ള അമ്മയുടെ പൊട്ടിത്തെറിക്കലില്‍ അമ്മ അപ്പനായി മാറുന്ന തീവ്രക്കാഴ്ചയാണുള്ളത്. കക്കുകളിക്കളം നിറയാന്‍ വെമ്പുന്ന അമ്മയിലും കളത്തിലേക്ക് ഓടിവരാവുന്ന കുട്ടുകാരിയിലും ഉരുമ്മിനിന്നാണ് കഥാകഥനത്തിന്റെ അവസാനിക്കല്‍. കടലിന്റെ സംഘര്‍ഷാത്മകത തിരശീലയുടെ പിന്നിലേക്കു മാറുകയും സാഹസികത അരങ്ങു പിടിച്ചെടുക്കുകയുംചെയ്തു. ഒടുങ്ങാത്ത കടല്‍ത്തിരയേറ്റങ്ങള്‍പോലെ ആഖ്യാനം ചടുലവും സാഹസികവുമായിമാറി. കേവലമൊരു കഥാപാത്രത്തിന്റെ അനുഭവവൃത്താന്തമെന്നതിനുമപ്പുറം അധികാരകേന്ദ്രങ്ങളുടെ അടിച്ചമര്‍ത്തലില്‍പ്പെട്ട് അരഞ്ഞുപോവുന്ന മുഴുവന്‍ മനുഷ്യജീവിതങ്ങളുടെയും ആവിഷ്‌കാരമായി ഫ്രാന്‍സിസ് നൊറോണയുടെ ‘കക്കുകളി’ മാറുന്നു.
No Comments yet!