Skip to main content

സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍ സത്യന്‍ അന്തിക്കാടന്‍ ഗ്രാമീണതയെ എടുത്തു തോട്ടില്‍ എറിയുന്ന സിനിമ

ഒരു മാസം മുമ്പ്, ഒരു ബസ്സില്‍ പാട്ടു കേട്ട് കൊണ്ട് ഇങ്ങനെ യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് അവള്‍ എന്റെ സീറ്റിന്റെ തൊട്ടുമുന്‍പില്‍ വന്ന് ഇരുന്നത്. കുറെ നേരം ആലോചിച്ച് നോക്കി. അവളെ എവിടെയോ കണ്ടിട്ടുണ്ട്. അവസാനം, ആ യാത്രയുടെ അവസാനത്തിലാണ് മനസ്സിലായത് – രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉള്ളിലെ പ്രണയം വിത്ത് മുളപ്പിച്ച ഒരു പഴയ പെണ്‍കുട്ടിയെയാണ്, ഏകദേശം നാല്‍പത് വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ കാണുന്നത്. അവളോടൊപ്പം പരിചയം പുതുക്കാതെ, ഒരക്ഷരവും മിണ്ടാതെ, അന്നയും റസൂലിലെയും ഫഹദ് ഫാസിലായി ബസ്സിലെ ബാക്കി യാത്രയില്‍ ‘ഒട്ടകത്തെ കട്ടിക്കൊ’ എന്ന പാട്ട് കേട്ട് അവളുടെ പിന്‍ സീറ്റില്‍ ഞാനിരുന്നു.

വേറൊരു എല്‍.പി. സ്‌കൂളില്‍ പഠിച്ച കാലം. സ്‌കൂളില്‍ ഭാരതനാട്യം, പാട്ട്, നൃത്തം എന്നിവ അവധി ദിവസങ്ങളില്‍ പഠിപ്പിച്ചിരുന്നെങ്കിലും, ഞങ്ങള്‍ക്ക് അതിലൊന്നിലും താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷേ, ഞങ്ങള്‍ നന്നായി ക്രിക്കറ്റ് കളിച്ചിരുന്നു. അന്നു കപില്‍ ദേവ് ലോകകപ്പ് വാങ്ങിയതിനു ശേഷം ഉള്ള ഒരു കാലം. ടി.വി യില്‍ അത്യാവശ്യം ക്രിക്കറ്റ് കണ്ട ആ കാലത്ത് വിവിയന്‍ റിച്ചാര്‍ഡസ് ഒക്കെ ആയിരുന്നു എന്റെ ഹീറോ. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ തന്നെ നടന്ന ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഞങ്ങള്‍ കളിച്ചു. റണ്‍ ഓടുമ്പോള്‍ എതിര്‍വശത്തുള്ള ബാറ്റ്‌സ്മാന്റെ ബാറ്റ് എന്റെ വയറ്റില്‍ തട്ടി ഞാന്‍ തെറിച്ചുവീണു, ബോധം പോയി. കുട്ടികളും അധ്യാപകരും ഓടിക്കൂടി.

അപ്പോഴാണ് ഒരു അധ്യാപകന്റെ വാക്കുകള്‍ ആ ബോധക്കേടിനു ശേഷം ഞാന്‍ കേട്ടത്: ”പൊലയ പിള്ളേരെല്ലാം പഠിക്കാന്‍ വരുന്നതും പോര, അതിനൊപ്പം ക്രിക്കറ്റും…”

ആ വാക്കുകള്‍, ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഞാന്‍ മറന്നിട്ടില്ല.

ഒരു പട്ടികജാതിക്കാരനായ ദളിതനായ ഒരു മനുഷ്യന്റെ – അവന്റെ എല്‍പി. സ്‌കൂള്‍ ഓര്‍മ്മകളാണ് ഇവ. ആ ബസ് യാത്രയ്ക്ക് ശേഷം ഞാന്‍ പല കാര്യങ്ങളും ചിന്തിച്ചു. ആ പെണ്‍കുട്ടിയോട് ഒരിക്കലും സ്‌കൂളില്‍ വെച്ച് സംസാരിക്കാതിരുന്നതില്‍ എന്തെങ്കിലും കാരണവുമുണ്ടാവാമെന്ന് തോന്നി. സ്‌കൂളില്‍ അന്നു ഒന്നാം റാങ്ക് എനിക്കും അവള്‍ക്ക് രണ്ടാം റാങ്കും ആയിരുന്നു. മിണ്ടാത്തതിന്റെ കാരണം പിന്നെ ഞാന്‍ ആലോചിച്ചില്ല. കാരണം ഞാന്‍ ഫഹദ് ഫാസില്‍ ആയിരുന്നു.

സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന, (പേരില്‍ പോലും അക്ഷരത്തെറ്റുള്ള) സിനിമ എനിക്ക് വ്യക്തിപരമായി അത്യന്തം മനോഹരമായ ഒരു സിനിമയായി അനുഭവപ്പെട്ടു. കാരണം, എന്റെ പഴയ സ്‌കൂളിലെ വേദനിപ്പിക്കുന്നതും ആഘോഷങ്ങളുടേതുമായ ഓര്‍മ്മകളെ തിരിച്ചുപിടിച്ചതു കൊണ്ടായിരിക്കാം. അത് ഒരു പട്ടികജാതിക്കാരന്റെ സ്‌കൂള്‍ ഓര്‍മ്മകള്‍ ആണ് എന്നു അടിവര ഇട്ടു പറയേണ്ടിവരും. അടിവര ഇട്ട് പറയണം. ജാതിവ്യവസ്ഥയെ നേരിട്ട് അഭിസംബോധന ചെയ്യുന്ന പൊളിറ്റിക്കല്‍ സിനിമകള്‍ പലപ്പോഴും അതിന്റെ ക്രൂരതയെ ഡെപിക്ട് ചെയ്തു കൊണ്ടും, മുദ്രാവാക്യ സിനിമകളായും പ്രസംഗങ്ങള്‍ നടത്തിക്കൊണ്ടും മുന്നോട്ട് പോകാറുണ്ട്. എന്നാല്‍, ‘സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍’ അത്തരം ദലിത് സിനിമ – അത്തരം നിയമങ്ങള്‍ക്കെല്ലാം എതിരായി, അതീവ സുന്ദരമായ ഒരു ഫീല്‍ഗുഡ് മൂഡില്‍ തന്നെയാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അതാണ് ഈ സിനിമയെ മനോഹരമാക്കുന്നത്.

ദളിതര്‍ക്കും ആദിവാസികള്‍ക്കും കീഴാളര്‍ക്കും അപരവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഫീല്‍ഗുഡ് ആയ ആഘോഷങ്ങളുടെയും സൗഹൃദങ്ങളുടെയും തമാശകളുടെയും കളിയാക്കലുകളുടെയും പ്രണയങ്ങളുടെയും അപാര ലോകങ്ങള്‍ ഉണ്ടാകാം. അവര്‍ക്ക് മറ്റു സമുദായങ്ങളിലെ മനുഷ്യരുമായി അതിമനോഹരമായ ബന്ധങ്ങള്‍ ഉണ്ടാകാം. അവര്‍ ജാതീയതയെ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ – ട്രോളുകളും കളിയാക്കലുകളും വഴിയാക്കി അതിനെ മറികടക്കാനും, അതിനപ്പുറം ചേര്‍ത്ത് പിടിക്കാവുന്നൊരു ഫീല്‍ഗുഡ് ജീവിതവുമുണ്ടാകാം. സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍ നരച്ച ആക്റ്റിവിസ്റ്റ് മോഡില്‍നിന്നു ഇത്തരം ഒരു തിങ്കിങ്ങിലേക്ക് വഴിമാറുന്നു രസകരമായ ഒരു ടെക്സ്റ്റ് ആണ്.രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ‘അപരന്മാരായ’ മനുഷ്യര്‍ അവകാശങ്ങളെക്കുറിച്ച് സംസാരിക്കണം, പഴയ നരച്ച രാഷ്ട്രീയഭാഷയില്‍ ആക്റ്റിവിസം ചര്‍ച്ചിക്കണം എന്ന രീതി പൊളിച്ചു കീഴാളരായ കുട്ടികളുടെ ആഘോഷങ്ങളിലേക്ക് ഈ സിനിമ പൊളിക്കുന്നിടത്താന് ഈ സിനിമ കിടു ആകുന്നത്. കീഴാളജീവിതത്തിന്റെ ഒരു അപ്പര്‍ പ്രൈമറി സ്‌കൂള്‍, ആഘോഷം പോലെ, അതിമനോഹരമായ ഫീല്‍ഗുഡ് രീതിയില്‍ ഈ സിനിമ ആ വേറെ ഒരു ലോകത്തെ അവതരിപ്പിക്കുന്നു.

തിരുവനന്തപുരം ഭാഗത്തെ കെ.ആര്‍. നാരായണന്റെ പേരിലുള്ള ഒരു അപ്പര്‍ പ്രൈമറി സ്‌കൂളിലെ കുട്ടികളുടെ അതിമനോഹരമായ ജീവിതവും തമാശയും പ്രണയവും, ഊണ് കഴിഞ്ഞു ഷര്‍ട്ടില്‍ മുഖം തുടക്കലും, കൂട്ടുകെട്ടും ക്രിക്കറ്റ് കളിയും സംഘര്‍ഷങ്ങളും സ്‌കൂള്‍ ലീഡര്‍ഷിപ്പിനായി നടക്കുന്ന തെരഞ്ഞെടുപ്പു മത്സരവും ചേര്‍ത്ത് കൊണ്ടുള്ള ആഘോഷിക്കാവുന്ന ഒരു അടിപൊളി പടം ആണ് സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍. ക്ലാസ്‌റൂമിലെ ഇരിപ്പിടങ്ങളിലൂടെയും, ഗ്രാന്‍ഡ് വാങ്ങാന്‍ വരുന്നവരായും ‘തൊട്ടി പിള്ളേര്‍’ എന്ന അധിക്ഷേപങ്ങളുടെ ഭാഷയിലൂടെയും കുട്ടികളെ തന്നെ വംശീയമായി വര്‍ഗ്ഗീകരിക്കുന്ന അധ്യാപകന്‍ ഈ സിനിമയില്‍ ഉണ്ട്. അതേ സമയം, വിവിധ സമുദായങ്ങളില്‍പ്പെട്ട ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്ന്, അതേ അധ്യാപകരെ തന്നെ ‘നല്ല ഭേഷ’യായി പണികൊടുത്ത് പഠിപ്പിച്ചുവിടുന്നത് ആണ് ഈ സിനിമയുടെ ഒരു രസം. അജു വര്‍ഗീസ് ഒക്കെ അപാര ടാലന്റ് ഉള്ള ഒരു അഭിനേതാവായി ഈ സിനിമ തെളിയിക്കുന്നു.

ഈ സിനിമയുടെ പ്ലോട്ടില്‍, ഓട്ടോറിക്ഷ തൊഴിലാളിയായ ദളിത്/കീഴാള ഐഡന്റിറ്റിയുള്ള പിതാവിന്റെ മകനും, അവന്റെ കൂട്ടുകാരും മറ്റു സമുദായങ്ങളിലെ കുട്ടികളും അവരുടെ പ്രണയവും സൗഹൃദവും ചേര്‍ത്ത് ഒരു ആഘോഷ ലോകം സൃഷ്ടിക്കുന്നതിലൂടെ, മലയാള സിനിമയില്‍ ഇതുവരെ കണ്ടില്ലാത്ത രീതിയില്‍ ഒരു നാട്ടിന്‍പുറത്തിന്റെ പുതിയ ഭാഷ ഈ സിനിമ രൂപപ്പെടുത്തുന്നു. സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍ കാണുമ്പോഴാണ്, പഴയ സത്യന്‍ അന്തിക്കാട് സിനിമകളിലെ ‘നായര്‍ ഗ്രാമീണ നിഷ്‌കളങ്കത’യെ തോട്ടില്‍ എറിയാന്‍ തോന്നുന്നത്.

കേരളത്തില്‍ ഡിജിറ്റല്‍ തലത്തില്‍ സംഭവിച്ച എക്‌സ്‌പോഷറുകളും പുതിയ തലമുറകളുടെ സ്‌കൂളിങ്ങിന് പുറത്തുള്ള വിദ്യാഭ്യാസവും ദളിത് തലമുറയിലെ മാതാപിതാക്കളായ മനുഷ്യരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ ഗ്രാമീണ ജീവിതങ്ങളെ നാട്ടിന്‍ പുറങ്ങളെ ഇത്തരം ജീവിതങ്ങള്‍ മാറ്റി മറിച്ചിട്ടുണ്ട്. അവരുടെ കോന്‍ഫീഡന്‍സ് ലെവല്‍, വംശീയതക്കെതിരെ ഉള്ള ബോധ്യങ്ങള്‍, സാമൂഹിക പരിധികള്‍ക്ക് പുറത്തുള്ള സഹോദര്യങ്ങളും, ആഹ്ലാദങ്ങളും, ആഘോഷങ്ങളും, അവര്‍ ആസ്വദിക്കുന്ന സിനിമകളും ഹിപ്-ഹോപ്പുകളും പാട്ടുകളും – എല്ലാത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ വിവിധതരത്തിലുള്ള മെറ്റാമോര്‍ഫോസിസുകള്‍ രൂപേപ്പെടുന്നുമുണ്ട്. ദളിത് ജീവിതങ്ങളില്‍ അഭിമാനബോധങ്ങള്‍ പ്രത്യക്ഷമായി. ചെറിയ രീതിയിലുള്ള ഓണ്‍ലൈന്‍ ബിസിനസുകള്‍ അവര്‍ ആരംഭിച്ചു. സാധാരണക്കാര്‍ സാമൂഹിക മാധ്യമങ്ങളിലെങ്കിലും എഴുത്തുകാരായി. ഡിജിറ്റല്‍ മീഡിയയിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും അവര്‍ പുതിയ ലോകങ്ങളിലേക്ക് കടന്നു.

അത്തരം ഒരു കാലഘട്ടത്തില്‍, പുതിയ ആല്‍ഫ ജനറേഷന്റെ സാമൂഹിക രൂപീകരണം, സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന സിനിമ അതിമനോഹരമായി അവതരിപ്പിക്കുന്നു. ഈ സിനിമയില്‍, ഈ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍, അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങള്‍, കൂട്ടുകൂടലുകള്‍, കുട്ടികളുടേതായ നിഗൂഢമായ ഫിലോസഫികള്‍ – ഒക്കെ രൂപപ്പെടുന്നു.ഈ രൂപങ്ങള്‍, ഗോളാന്തര വാര്‍ത്തകള്‍ പോലുള്ള, സത്യന്‍ അന്തിക്കാടന്‍ നായര്‍ ഗ്രാമീണ ചപ്പടാച്ചി സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇവയില്‍ ജാതിയും സമൂഹപരിഷ്‌കാരവും കോമഡിയും ആഘോഷങ്ങളും ഒന്നിച്ചു ചേര്‍ത്ത് പുതിയൊരു പുതിയ ഒരു മാനവീകഥയുടെ ലെവലിലേക്ക് പോകുന്നു.

ഒരു ക്ലാസ്‌റൂമില്‍ നിന്നെ പൊങ്ങിപ്പറന്നു പോയ നീല ചിത്രശലഭം കെ.ആര്‍. നാരായണന്റെ പ്രതിമയ്ക്ക് മുന്നിലേക്ക് പറക്കുന്ന ആ ഷോട്ട്. ആ ബസ്സിലേക്ക് കയറിയ ആ രണ്ടാം ക്ലാസുകാരിയുടെ ഒരു ഓര്‍മ്മയിലേക്ക് വീണ്ടും പിടിച്ചുകൊണ്ടുപോയത്. അടുത്ത കാലത്തൊന്നും ഒരു സിനിമ കാണുമ്പോള്‍ ഇങ്ങനെ കണ്ണീരോടെ ചിരിച്ചിട്ടില്ല. അത്രക്കും ഉള്ളില്‍ കൊളളുന്ന രസമുള്ള ആഘോഷത്തിന്റേതായ, കമിങ് ഓഫ് ഏജ് സിനിമയാണ് സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍.

No Comments yet!

Your Email address will not be published.