Skip to main content

അവിഹിതം – സിനിമയെ പിന്നിലോട്ടു വലിക്കുന്ന പടപ്പും ചടപ്പും

മലയാള സിനിമയില്‍ ആവര്‍ത്തന വിരസതയോടുകൂടി കണ്ടുമടുത്ത ഒരു പരിപാടിയാണ് പണിയെടുക്കാതെ കള്ള് കുടിച്ച് നടക്കുന്നവന്റെ ഒളിഞ്ഞുനോട്ടം. അവിഹിതം എന്ന സിനിമ ആരംഭിക്കുന്നത് തന്നെ ഗ്രാമത്തിന്റെ പുറത്ത് നിന്നുള്ള കള്ളുകുടിയില്‍ നിന്നുള്ള പരദൂഷണം എന്ന പരിപാടിയിലാണ്. ഈ സിനിമയിലെ ഒരു ‘അവിഹിതം’ കണ്ടുപിടിക്കുന്ന കള്ള് കുടിച്ച് നടക്കുന്ന ആ മനുഷ്യന്റെ ഇടം തന്നെ ഗ്രാമം/കുടുംബം/വീട് എന്നിവിടങ്ങളില്‍ നിന്നുമൊക്കെ പുറത്താണ്. അയാള്‍ ആ ടെയിലറുടെ വീട്ടില്‍ പോകുമ്പോള്‍ ആ ടെയിലര്‍ തന്നെ തന്റെ ഭാര്യയോട് ”പൊയ്‌ക്കോളീ” എന്ന തരത്തില്‍ ആംഗ്യം കാണിക്കുന്നു. പണിയെടുക്കാത്തവര്‍, പണിയെടുക്കാതെ കള്ള് കുടിച്ച് നടക്കുന്നവര്‍ എന്നിവരെ മലയാളിയും പൊതുബോധവും കണ്ടുവെച്ചിരിക്കുന്ന, രൂപപ്പെടുത്തിയിരിക്കുന്ന, കാലാകാലങ്ങളിലെ ആവര്‍ത്തന വിരസമായ ടിപ്പിക്കല്‍ രീതിയിലാണ് അവിഹിതം എന്ന സിനിമയും പ്ലേസ് ചെയ്തിരിക്കുന്നത്. അയാളുടെ ഇടം എന്നത് ടാങ്കിന്റെ  മുകളിലും, ഒളിഞ്ഞു നോട്ടത്തിലുമാണ് കുറ്റിക്കാട്ടിലും ടെയിലര്‍ ഷോപ്പിലെ പരദൂഷണ സ്ഥലത്തും ഗ്രാമത്തിനു പുറത്തുമാണ്. മദ്യപാനികളെ കുറ്റവാളികള്‍ ആക്കി പുറത്തു നിര്‍ത്തുന്ന ഈ പരിപാടി എന്നാണ് മലയാള സിനിമ നിര്‍ത്തുക?

രണ്ടാമത്തെ ബോറടിപ്പിക്കുന്ന ആവര്‍ത്തനമാണ് ടെയിലറിങ് എന്ന തൊഴിലിനോടുള്ള നോട്ടങ്ങള്‍. ഇത്തരത്തിലുള്ള ടെയിലര്‍മാര്‍ നാട്ടിലുണ്ടോ എന്നതല്ല; ഇതൊക്കെ മലയാള സിനിമയില്‍ എണ്‍പതുകള്‍ മുതലുള്ള സിനിമകളിലും കൊച്ചു പുസ്തകങ്ങളിലും കണ്ടും വായിച്ചും പഴകിയ ടെയിലര്‍മാരെ കുറിച്ചുള്ള ആയിരാമത്തെ ആവര്‍ത്തനമാകുമ്പോള്‍ കണ്ടിരിക്കുന്നത് തന്നെ എന്തൊരു അരോചകമാണ്. സ്ത്രീകളുടെ മാറിടത്തിന്റെ വലിപ്പം ഇരുട്ടിലെ നോട്ടത്തില്‍ പറയുക, അതിന്റെ ശാസ്ത്രീയ വിശദീകരണം നടത്തുക, അതിന്റെ മേലില്‍ കോമഡി ഉണ്ടാക്കുക – അശ്ലീലതയില്‍ നിന്ന് കോമഡി ഉണ്ടാക്കുക എന്നത് ലോക സിനിമയിലൊക്കെ സംഭവിക്കുന്നതാണ്. അത് ഗംഭീരമായി ചെയ്ത സിനിമകളുമുണ്ട്. പക്ഷെ ഇത് ഇവിടെ മലയാള സമൂഹത്തില്‍ എണ്‍പതുകള്‍ മുതല്‍ രൂപപ്പെട്ട നാലാംതരം കോമഡിയുടെ ആയിരാമത്തെ ആവര്‍ത്തനമാകുമ്പോള്‍ എന്തൊരു ബോറാണ്. ടെയിലര്‍മാരുടെ പണി ഇപ്പോഴും നാട്ടിലെ അവിഹിതങ്ങള്‍ കണ്ടു പിടിച്ചു കുടുംബം സംരക്ഷിക്കുക എന്ന പരിപാടിയില്‍ നിന്ന് ഈ രണ്ടായിരത്തി ഇരുപത്തിയഞ്ചിലെങ്കിലും മാറുന്നില്ലല്ലോ എന്നത് എന്തൊരു ദാരിദ്ര്യമാണ്. സിനിമക്കാര്‍ക്കു ബോറടിക്കില്ലെങ്കിലും കണ്ടിരിക്കുന്ന കാണികള്‍ക്ക് ബോറടിക്കും.

പിന്നെ സ്ത്രീകളുടെ അവിഹിതത്തിന് ഉണ്ടാക്കിയെടുക്കുന്ന ഒരു കാരണമാണ് മുറ്റു കോമഡി. പുതിയ നൂറ്റാണ്ടിലെ മൊബൈല്‍ ഫോണിന്റെയും ഡിജിറ്റല്‍ വിപ്ലവത്തിന്റെയും ശേഷം മനുഷ്യരുടെ ഏറ്റവും വലിയ ആഹ്ലാദരൂപീകരണത്തില്‍ പല തരത്തിലുള്ള കുതിച്ചുചാട്ടങ്ങളും ഉണ്ടായിരുന്നു. അവര്‍ വിവാഹേതരമായ പല തരത്തിലുള്ള ബന്ധങ്ങളിലേക്കും ലൈംഗിക ആഹ്ലാദങ്ങളിലേക്കും പല രീതികളിലും കടന്നുകയറിയിരുന്നു. അതില്‍ പുരുഷന്മാരുടെ സ്‌നേഹമില്ലായ്മ മാത്രമായിരുന്നില്ല കാരണം. ഡിജിറ്റല്‍ ടെക്നോളജിയിലെ അല്ലാതെയും ലൈംഗികതയിലുള്ളതല്ലാതെയും ഉള്ള ആഹ്ലാദങ്ങള്‍ മനുഷ്യര്‍ സ്വയം നിര്‍ണയിച്ചിരുന്നു. തങ്ങളുടെ ആഹ്ലാദങ്ങള്‍ക്കുവേണ്ടി തന്നെ അവിഹിതങ്ങളിലേക്കും മറ്റു ലൈംഗിക-ലൈംഗികേതര ബന്ധങ്ങളിലേക്കും കടക്കുന്ന മനുഷ്യര്‍ ഇവിടെ രൂപപ്പെടുക കൂടെ ചെയ്തിരുന്നു. പുതിയ തലമുറ അതിന്റെ പല പടികളും റിലേഷന്‍ഷിപ്പുകളുടെ പല അവസ്ഥാന്തരങ്ങളിലേക്കും എത്തിയിട്ടുണ്ട്. എന്നിട്ടും ഭര്‍ത്താവായ പുരുഷന്റെ ഒരിറ്റു സ്‌നേഹത്തിന്റെ അഭാവമാണ് ”താന്‍ വേലി ചാടിയത്” എന്ന് പറയുന്ന സ്ത്രീയെ കാണുമ്പോള്‍ എണ്‍പതുകളിലെ സീരിയലുകളെയാണ് ഓര്‍മ്മവരുന്നത്. തൊണ്ണൂറുകളില്‍ ഇറങ്ങിയ സോഫ്റ്റ് പോണ്‍ സിനിമകള്‍ (അവയെയും സീരിയലുകളെയും കുറ്റം പറയുകയല്ല) പറഞ്ഞുതഴമ്പിച്ച വിഷയം എടുത്ത് വീണ്ടും പുഴുങ്ങിവെച്ചിരിക്കുകയാണ് ഈ സിനിമയില്‍. മനുഷ്യരുടെ ലൈംഗീകഥയുടെയും ബന്ധങ്ങളുടെയും അവിഹിത്യങ്ങളുടെയും ഒക്കെ കാരക്ടര്‍ പലതരത്തിലും മാറിയെന്ന് അപ് ഡേറ്റഡ് ആയെന്നും ഇവരക്കൊക്കെ എപ്പോഴാണ് നേരം വെളുക്കുക?

മലയാള സിനിമയില്‍ ഗ്രാമങ്ങളെ കുറിച്ചുള്ള ആര്‍കിടൈപ്പുകള്‍ രൂപപ്പെടുത്തിയ സംവിധായകരില്‍ ഒരാളായിരുന്നു സത്യന്‍ അന്തിക്കാട്. അത് പാലപ്പോഹും മലയാളിയുടെ ആര്‍കിടൈപ്പ് ആയി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. അതിന്റെ അടിയിലെ ഗ്രാമീണതയുടെ പല കാര്യങ്ങളും പുതിയ തലമുറയിലെ പഠിതാക്കള്‍ ഡീ-കണ്‍സ്ട്രക്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. അത് വിചാരണ ചെയ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. അവിഹിതം പോലുള്ള സിനിമകളും പുതിയ ഗ്രാമങ്ങളെ സത്യന്‍ അന്തിക്കാടിന്റെ പരുവത്തില്‍ (വേറെ തരത്തില്‍) രൂപപ്പെടുത്താനുള്ള ഒരു ശ്രമവും നടത്തുന്നുണ്ട്. കാരിക്കേചര്‍ സ്വഭാവം എന്നൊക്കെ രൂപപ്പെടുത്തി ടെയിലറിംഗ്, മില്‍ തൊഴിലാളി, മദ്യപാനി, ഗ്രാമവാസികള്‍ എന്നിവയെ കുറിച്ച് ഉണ്ടാക്കുന്ന ചില വാര്‍പ്പ് മാതൃകകള്‍ അത്യന്തം അരോചകവുമാണ്. ഗ്ലോബലൈസേഷനും കഴിഞ്ഞു പോസ്റ്റ്-ഡിജിറ്റല്‍ യുഗത്തില്‍ എത്തിയ കേരളീയ ഗ്രാമത്തിലെ ഈ സിനിമയില്‍ കാണുന്ന ആകെയുള്ള ടെക്‌നോളജിക്കല്‍ വികസനം തന്നെ മൊബൈല്‍ ഫോണ്‍, അതിനൊപ്പം ടി.വി. സീരിയല്‍ എന്നിവയാണ്. കേരളത്തിലെ ഉള്‍നാടന്‍ നാട്ടിന്‍ പുറം ഒക്കെ കണ്ടിരിക്കുന്നതിനൊക്കെ ഒരു പരിധി ഇല്ലേ ?

അവിഹിതം എന്ന സിനിമ അത്യന്തം ബോറായ ഒരു മുപ്പതു കൊല്ലം പിന്നോട്ട് നമ്മളെ വലിച്ച് കൊണ്ട് പോകുന്ന ഒരു ബോറന്‍ പടപ്പും ചടപ്പും ആണ് എന്നല്ലാതെ വേറെ ഒന്നും പറയാന്‍ കഴിയില്ല.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.