സമകാലിക കേരളത്തിന്റെ രാഷ്ട്രീയയും ബൗദ്ധികവുമായ ജീവിതത്തില്‍ ധൈഷണികവും മൗലികമായ സംഭാവനകള്‍ നല്‍കിയ ചിന്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു കെ.എം. സലിംകുമാര്‍. ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ വെള്ളിയാമറ്റം പഞ്ചായത്തില്‍ കുന്നത്ത് മാണിക്കന്റെയും കോതയുടെയും മകനായി 1949ലാണ് ജനനം. പുത്തന്‍പുരയ്ക്കല്‍ കൊലുമ്പന്‍ വളര്‍ത്തച്ഛനായിരുന്നു. നാളിയാനി ട്രൈബല്‍ എല്‍.പി.സ്‌കൂള്‍, പൂച്ചപ്ര, അറക്കുളം യു.പി.സ്‌കൂള്‍, മൂലമറ്റം ഗവ.ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1969ല്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എം.എല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. രണ്ടുപതിറ്റാണ്ടു കാലം സി.ആര്‍.സി. സി.പി.ഐ.(എം.എല്‍) പ്രസ്ഥാനത്തിന്റെ സംഘാടകനായും സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.1975ല്‍ അടിയന്തിരാവസ്ഥക്കാലത്ത് പതിനാഴ് മാസം ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്. 87ല്‍ സി.ആര്‍.സി.സി.പി.ഐ. (എം എല്‍) പിളര്‍ന്നപ്പോള്‍ കെ. വേണു നേതൃത്വം കൊടുത്ത ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചു. (അന്ന് ഇന്ത്യയില്‍ 24 എം.എല്‍ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്) 87ന് ന്‌ശേഷം രൂപീകരിക്കപ്പെട്ട അധ:സ്ഥിത നവോത്ഥാന മുന്നണിയുടെ നേതൃത്വത്തില്‍ 89ല്‍ വൈക്കത്ത് മനുസ്മൃതി ചുട്ടെരിച്ചുകൊണ്ടുള്ള സമരം നടക്കുകയുണ്ടായി. ഇത് വലിയ പോലീസ് മര്‍ദ്ദനത്തിനും അറസ്റ്റിനും ഇടയാക്കിയിരുന്നു. തൊണ്ണൂറ്റിയൊന്നില്‍ കെ. വേണു തന്റെ ഗ്രൂപ്പ് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ദലിത് പ്രവര്‍ത്തനങ്ങളിലും പ്രഭാഷണങ്ങളിലും പുസ്തക രചനകളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.
കെ.വേണുവിനെപ്പോലുള്ളവര്‍ മാര്‍ക്‌സിസത്തെ തള്ളി കളഞ്ഞപ്പോള്‍ അംബേദ്കര്‍ചിന്ത ആഴത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ടും മാര്‍ക്‌സിസം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ദളിത് മുന്നേറ്റത്തിനു പാതയൊരുക്കാനാണ് കെ.എം.സലിംകുമാര്‍ യത്‌നിച്ചത്. അംബേദ്ക്കറുടെ ചിന്തയും മാര്‍ക്‌സിസവും സമാന്തരമായി പോകേണ്ടതല്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. സ്വത്വങ്ങളെ അംഗീകരിക്കുകയും സ്വത്വങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി പോരടിക്കുകയും ചെയ്യുമ്പോള്‍ തന്നെ സ്വത്വവാദ രാഷ്ട്രീയത്തോടദ്ദേഹം വിയോജിച്ചു. സ്വത്വവാദ രാഷ്ട്രീയം ഒരു തരത്തിലുള്ള ഫണ്ടമെന്റലിസമാണെന്നും അത് സങ്കുചിതമാണെന്നുമായിരുന്നു കെ.എം.സലിംകുമാറിന്റെ നിലപാട്. ശ്രീ കുഞ്ഞാമന്‍, സണ്ണി കപിക്കാട്, സി.കെ. ജാനു തുടങ്ങിയവ പലരുടേയും പല നിലപാടുകളോടും വിയോജിപ്പ് പ്രകടിപ്പിച്ച ഒരാളായിരുന്നു കെ.എം.സലിംകുമാര്‍. അദ്ദേഹത്തിന്റെ പഴയ എം.എല്‍ പശ്ചാത്തലവും മാര്‍ക്‌സിസത്തോടുള്ള ആഭിമുഖ്യവും മൂലം സലിംകുമാറിന്റെ നിലപാടുകളെ തമസ്‌ക്കരിക്കാന്‍ പലരും ഉദ്യമിക്കുകയുണ്ടായിട്ടുണ്ട്. അധഃസ്ഥിത നവേത്ഥാനമുന്നണി, ദലിത് ഐക്യ സമിതി, കേരള ദലിത് മഹാസഭ എന്നീ സംഘടനകളുടെ മുന്‍നിര പ്രവര്‍ത്തകനായിരുന്നിട്ടുണ്ട്. രക്തപതാക, അധഃസ്ഥിതനവോത്ഥാന മുന്നണി (ബുള്ളറ്റിന്‍), ദലിത് ഐക്യശബ്ദം (ബുള്ളറ്റിന്‍), ദലിത് പ്രൈമാസിക ഇവയുടെ എഡിറ്ററായിരുന്നു. ഇതാണ് ഹിന്ദു ഫാസിസം, ദലിത് പ്രത്യയശാസ്ത്രവും സമുദായവത്കരണവും, നെഗ്രിറ്റിയൂഡ്, ദലിത് ജനാധിപത്യ ചിന്ത, സംവരണം ദലിത് വീക്ഷണത്തില്‍ എന്നിവ കൃതികളാണ്. ഭൂമിയുടെ ജാതിയും രാഷ്ട്രീയവും എന്ന പുസ്തകം എഡിറ്റ് ചെയ്തിരുന്നു.
2016ല്‍ ജനാധിപത്യ സംഘടനകളുടേയും പ്രവര്‍ത്തകരുടേയും ദിശയുടെയും നേതൃത്വത്തില്‍ ജിഗ്‌നേഷ് മേവനിയെ പങ്കെടുപ്പിച്ചുകൊണ്ട് ബ്രാഹ്‌മണിസമാണ് ഇന്ത്യന്‍ ഫാസിസമെന്ന മുദ്രാവാക്യമുന്നയിച്ചുകൊണ്ട് തൃശൂരില്‍ നടത്തിയ ദലിത് സംഘമത്തിന്റെ സംഘാടക സമിതി ചെയര്‍മാര്‍ കെ.എം.സലിംകുമാറായിരുന്നു. കൂടാതെ ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് 2019ല്‍ ടീസ്റ്റാസ്റ്റെല്‍ വാദിനെയടക്കം പങ്കെടുപ്പിച്ചുകൊണ്ട് തൃശൂരില്‍ തന്നെ നടന്ന നവോത്ഥാന സംഘമത്തിന്റെ സംഘാടകസമിതിയുടെ ചെയര്‍മാനും സലിംകുമാറായിരുന്നു. അര്‍ബ്ബുദ ബാധിതനാവുകയും അത് സംഭാഷണത്തെ ബാധിക്കുകയും ദീര്‍ഘകാലമായി ലിക്യുഡ് ഫോമിലുള്ള ആഹാരം മാത്രം കഴിച്ചുകൊണ്ടും തന്റെ ആരോഗ്യപ്രശ്‌നത്തെ ഒട്ടും വകവെക്കാതെയും ദലിത് ആദിവാസി പ്രശ്‌നങ്ങളിലും ജനാധിപത്യ പ്രശ്‌നങ്ങളിലും അദ്ദേഹം നിരന്തരം പങ്കെടുക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
പൊതുവില്‍ 80കളില്‍ ഉയര്‍ന്ന് വന്ന മതപുനരുജ്ജീവന ശക്തികള്‍ക്കെതിരെ ഉത്കണ്ഠ പുലര്‍ത്തിയ ആളായിരുന്നു കെ.എം.സലിം കുമാര്‍. ഇന്ത്യയിലെ മുഖ്യ അപകടം എന്ന നിലയില്‍ ഹൈന്ദവ പുനരുജ്ജീവനവാദത്തെ അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളിലൂടെയും എഴുത്തുകളിലൂടെയും ശക്തമായി എതിര്‍ക്കുകയുണ്ടായി. പിന്നീട് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ശക്തരാകുകയും അത്തരം ശക്തികള്‍ വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ വ്യാപകമായി ഉയര്‍ന്ന് വരികയും ചെയ്തപ്പോള്‍ എതിര്‍പ്പിന്റെ കുന്തമുന അതിനെതിരായി കൂടി ഉയര്‍ത്തിവിടുകയുണ്ടായി. ഹിന്ദുത്വ ഫാസിസത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണങ്ങള്‍ തന്നെ അദ്ദേഹം നടത്തി. ഹിന്ദുത്വശക്തികളുടെ ഭരണകാലത്തെ ചില നിരീക്ഷണങ്ങള്‍ അദ്ദേഹത്തിന്റെ രചനകളിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ബ്രാഹ്‌മണ്യശക്തികള്‍ നഷ്ടപ്രതാപം വീണ്ടടുത്ത് ‘സര്‍വ്വവ്യാപിയായ ദൈവത്തെ’പ്പോലെ രാഷ്ട്രശരീരത്തില്‍ പിടിമുറുക്കുന്ന കാലത്ത് ദലിതര്‍ക്കിടയില്‍ നിന്ന് ഉണ്ടാകേണ്ട ജാഗ്രതയെക്കുറിച്ച് ഏറ്റവും ഗഹനമായി കേരളത്തോട് സംവദിച്ചവരില്‍ ഒരാള്‍ കെ.എം.സലിം കുമാറായിരുന്നു.
നരേന്ദ്രമോദി സര്‍ക്കാരിനെ ഭരണച്ചുമതല ഏല്‍പ്പിച്ച ഹിന്ദുത്വശക്തികള്‍ തങ്ങളുടെ ഹൈന്ദവദേശീയ രാഷ്ട്ര സങ്കല്‍പത്തിലേക്ക് ഇന്ത്യന്‍ റിപ്പബ്ലിക്കിനെ മാറ്റാന്‍ നടത്തുന്ന ഹിംസാത്മകമായ ഇടപെടലുകളുടെ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പല രചനകളും എഴുതപ്പെട്ടത്. ഇത്തരം ലേഖനങ്ങളില്‍ ചില ലേഖനങ്ങള്‍ അദ്ദേഹം നിരന്തരം എഴുതിക്കൊണ്ടിരുന്ന മാതൃഭൂമി ആഴ്ചപതിപ്പ് പ്രസദ്ധീകരിക്കാന്‍ വൈമുഖ്യം പ്രകടിപ്പിച്ചതിനെക്കുറിച്ചും അദ്ദേഹം തുറന്ന് എഴുതുകയുണ്ടായി. അതില്‍ ചില രചനകള്‍ ഹിന്ദുത്വഫാസിസ്റ്റ് പ്രവണതകളെയും ആവിഷ്‌കാരങ്ങളെയും എടുത്ത് കാട്ടിയപ്പോള്‍ മറ്റ് രചനകള്‍ ജാത്യാധിപത്യത്തിന്റെ ദൃശ്യവും അദൃശ്യവുമായ സൂക്ഷ്മവായനകളായിരുന്നു . ജാത്യാധിഷ്ഠിതമായ സാമൂഹ്യനിര്‍മ്മിതിയെ ഒഴിവാക്കിക്കൊണ്ട് ആര്‍ക്കും ഹിന്ദുത്വ ഫാസിസത്തെ നോക്കി കാണാനാവില്ലെന്നും അദ്ദേഹം എഴുതി. കാരണം ജാതികളുടെ നിര്‍മ്മിതിക്കും അതിന്റെ ആധിപത്യവ്യവഹാരങ്ങള്‍ക്കും ഉള്ളിലാണ് ഹിന്ദുത്വഫാസിസത്തിന്റെ വേരുകള്‍ വ്യാപിച്ചുകിടക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ അപിപ്രായം.
ജനാധിപത്യ ഇന്ത്യ ഹൈന്ദവ മേധാവിത്വ ശക്തികളെ ദുര്‍ബലപ്പെടുത്തുമെന്നാണ് ഒരു കാലത്ത് നമ്മുടെ രാഷ്ട്ര നിര്‍മ്മാതാക്കള്‍ കരുതിയിരുന്നതെന്നും എന്നാല്‍ ഇന്നു നാം കാണുന്നത് ഹൈന്ദവ മേധാവിത്വ സമുദായങ്ങളുടെ ആധിപത്യത്തിന് കീഴ്‌പ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയെയണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യ ഭരണക്രമത്തെ ഹൈന്ദവ മതാധികാരവുമായി കൂട്ടിയിണക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതില്‍ ഹിന്ദുത്വശക്തികള്‍ താല്‍ക്കാലിക വിജയം നേടിയിരിക്കന്നതായും അദ്ദേഹം തന്റെ രചനകളില്‍ ഊന്നിപ്പറഞ്ഞിരുന്നു. ഹിന്ദുത്വശക്തികളുടെ നിയന്ത്രണമില്ലാത്ത ജനാധിപത്യസ്ഥാപനങ്ങളുടെ എണ്ണം ഇന്ന് രാജ്യത്ത് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഭരണഘടനയെ തമസ്‌കരിച്ചുകൊണ്ട് ഹിന്ദുത്വവാദികള്‍ ജനാധിപത്യ സ്ഥാപനങ്ങളെ ഭരണഘടനാ ധാര്‍മ്മികതയില്‍ നിന്ന് വേര്‍പെടുത്തുകയും ഹൈന്ദവ ധാര്‍മ്മീകതയ്ക്ക് കീഴിലാക്കുകയും അങ്ങനെ
മതാധിഷ്ഠിതമായൊരു ഭരണഘടനയാക്കി നമ്മുടെ ഭരണഘടനയെ തിരുത്തി എഴുതുവാനുള്ള ശ്രമങ്ങളിലാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ജാതിസംവരണത്തോടൊപ്പം സാമ്പത്തിക സംവരണവും എഴുതിച്ചേര്‍ത്ത ഭരണഘടനാഭേദഗതി രൂപം കൊള്ളുന്നതും ന്യൂനപക്ഷ സംരക്ഷണം അജണ്ടയല്ലാതായി മാറുന്നതും ദലിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ പെരുകുന്നതുമൊക്കെ തന്നെ അസ്വസ്ഥപ്പെടുത്തുന്നതായി അദ്ദേഹം തന്റെ പ്രഭാഷണങ്ങളില്‍ നിരന്തരം ചൂണ്ടികാട്ടിയിരുന്നു. എല്ലാം സഹിച്ചു ജീവിക്കുവാന്‍ ശീലിക്കുന്ന മനുഷ്യാവസ്ഥ രൂപം കൊള്ളുന്നത് അത്യന്തം ഭീതിജനകമാണെന്ന് കൂടി അദ്ദേഹം പറഞ്ഞു. അസാധാരണമായ രാഷ്ട്രീയ ധാര്‍മ്മീക പ്രതിസന്ധിയുടെ കാലമാണിതെന്നും ഇവിടെ മൗനം ഇരുണ്ട നരകത്തിലേക്കുള്ള വഴിയാണ് തുറക്കുന്നതെന്നും അതിനെ മറികടക്കാനുള്ള വലിയ കുതിപ്പാണ് നടത്തേണ്ടതെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു.
നീതിനിഷേധത്തിന്റെ തീക്ഷ്ണതയില്‍ ഉരുവംകൊണ്ടതാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളുമെല്ലാം. മനുഷ്യ വ്യക്തിത്വവും അന്തസ്സും സ്വാതന്ത്ര്യവും തുല്യതയും സാഹോദര്യവുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നൊരു കാലത്ത് അതിനുവേണ്ടി നിലകൊള്ളുന്നവരോടൊപ്പമായിരുന്നു കെ.എം.സലിം കുമാര്‍. പല ദലിത് നേതാക്കളില്‍നിന്നും ബുദ്ധിജീവികളില്‍ നിന്നും വ്യത്യസ്തമായി ദലിത് ആദിവാസി എന്ന് വേണ്ട; ഏതൊരു ജനവിഭാഗത്തിനും ആശ്രയിക്കാവുന്ന ഒട്ടും ജാഡയില്ലാത്ത അഹന്തയുടെ സ്പര്‍ശമില്ലാത്ത വിനീതനായ വ്യക്തിത്വത്തിനുടമയായിരുന്നു കെ.എം. സലിംകുമാര്‍.
No Comments yet!