Skip to main content

രാമനെ ഞങ്ങള്‍ക്ക് വേണ്ടെന്ന് ഇന്‍ഡ്യയില്‍ ആദ്യമായി ഒരു സദസ്സ് ഒരുമിച്ചു വിളിച്ചു പറഞ്ഞു; അവര്‍ രാവണന് ജയ് വിളിച്ചു

രാമനെ ഞങ്ങള്‍ക്ക് വേണ്ടെന്ന് ഇന്‍ഡ്യയില്‍ ആദ്യമായി ഒരു സദസ്സ് ഒരുമിച്ചു വിളിച്ചു പറഞ്ഞുകൊണ്ട് ”രാവണ കീ ജയ്” വിളിച്ച സംഭവം സി. കേശവന്‍ ‘ജീവിത സമരത്തില്‍ വിവരിക്കുന്നത് ചുവടെ ചേര്‍ക്കുന്നു. ഇതില്‍ അന്നത്തെ ഈഴവ സമുദായത്തിന്റെയും നേതാക്കളുടെയും ഒരു ചിത്രം വ്യക്തമാണ്.-

”ടി.കെ. മാധവന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ കോട്ടയത്തുവച്ച് എസ്.എന്‍.ഡി.പി.യുടെ ഒരു വാര്‍ഷികം നടന്നു. പണ്ഡിത മദനമോഹന മാളവ്യ ഈ സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. മാളവ്യ സനാതനഹിന്ദുമതത്തിന്റെ പ്രവാചകനായി ബനാറീസ് സര്‍വ്വകലാശാലയ്ക്കു പണപ്പിരിവിനായി തെക്കേ ഇന്‍ഡ്യയില്‍ പര്യടനം നടത്തുകയാണ്. ടി.കെ. മാധവന്‍ ആകട്ടെ സനാതനത്വത്തില്‍ ചാഞ്ഞു നില്ക്കുകയുമാണ്. സ്വതന്ത്രസമുദായവാദം, ബുദ്ധമതവാദം. ശ്രീനാരയണ മാതവാദം മുതലായ വാദങ്ങളെല്ലാം ഈഴവരുടെ ഇടയില്‍ അന്നു നടക്കുന്നുണ്ട്. കെ അയ്യപ്പന്റെ നേതൃത്വത്തില്‍ നിര്‍ജ്ജാതിത്വം, നിര്‍മ്മതത്വം, നിര്‍ദൈവത്വം എന്ന മുദ്രാവാക്യങ്ങളും ഉത്പതിഷ്ണുക്കളും യുക്തിവാദികളും ആയ ഈഴവര്‍ മുഴക്കിത്തുടങ്ങിയിട്ടുണ്ട്. ഇതിന്റെയൊക്കെ നടുവിലാണ് ടികെ മാധവന്റെ ക്ഷണം സ്വീകരിച്ച് ഇന്‍ഡ്യയിലെ ഒരു വലിയ ഹൈന്ദവ നേതാവായ മാളവ്യ വന്നുചാടിയത്. അദ്ദേഹം തന്റെ പ്രസംഗത്തില്‍ ‘ഹിന്ദുമതം സനാതനമാണ്, പുരാതനമാണ്, പരമപാവനമാണ് എന്നിങ്ങനെ പഴയ രാമരാജ്യം അല്ലാതെ ഇന്‍ഡ്യയ്ക്കു മോക്ഷമില്ലെന്നു’ സ്ഥാപിക്കുവാന്‍ ഉദ്യുക്തനായി. പെട്ടെന്നു സദസ്യരില്‍നിന്നും സഹോദരന്‍ അയ്യപ്പന്‍ വികാരാവേശനായി ചാടി എണീറ്റ്, ‘ശൂദ്രമുനിയെ വെട്ടിക്കൊന്ന രാമന്റെ രാമരാജ്യം ഞങ്ങള്‍ക്കു വേണ്ട, അതിലും എത്രയോ ഭേദമാണു രാവണരാജ്യം? എന്ന് ചോദിച്ചുകൊണ്ട് ”രാവണാ കി ജയ്” എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. സദസ്യര്‍ എഴുനേറ്റു നിന്ന് അത് ഏറ്റുവിളിച്ചു. ആ മഹായോഗത്തില്‍ വലിയ ഒരു കലാപം ഉണ്ടായി. മാളവ്യയുടെ പഴഞ്ചന്‍ ആശയങ്ങള്‍ ഈഴസവമുദായത്തിനു ദഹിക്കാന്‍ പോകുന്നില്ലെന്നു പിന്നീടുണ്ടായ കോലാഹലങ്ങള്‍ വിശദമാക്കി. മാളവ്യയ്ക്ക് അന്നുണ്ടായത് ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു.”

ഈഴവര്‍ രാമ നാമം ജപിക്കണമെന്ന് പറഞ്ഞുകൊണ്ട് മദന്‍ മോഹന്‍ മാളവ്യ ജയ് ശ്രീറാം വിളിച്ചപ്പോഴാണ് സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ സദസ്സ് എഴുന്നേറ്റ് നിന്ന് ”രാവണ കീ ജെയ്” എന്ന് വിളിച്ചത്. എസ് എന്‍ ഡി പി യോഗത്തിന്റെ 26 ആം വാര്‍ഷിക സമ്മേളനം കോട്ടയത്ത് നടന്നപ്പോഴാണ് ഇങ്ങനെ ഒരു മുദ്രാവാക്യം മുഴങ്ങിയത്. തുടര്‍ന്ന് മാളവ്യയുമായി സഹോദരനും സംഘവും രാമായണത്തെക്കുറിച്ച് നീണ്ട സംവാദത്തിലേര്‍പ്പെടുകയുണ്ടായി.

ഇതേക്കുറിച്ച് അടുത്തലക്കം സഹോദരന്‍ വാരികയില്‍ ‘മാളവ്യ വന്നു’ എന്നൊരു ലേഖനവും സഹോദരന്‍ അയ്യപ്പന്‍ എഴുതിയിരുന്നു. അതില്‍ അന്നത്തെയും ഇന്നത്തെയും ശ്ലോകാഭിമാനികളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് രാമരാജ്യം വന്നാല്‍ എങ്ങിനെയിരിക്കുമെന്നു മുന്നറിയിപ്പും നല്‍കുന്നുണ്ട്.

”യുക്തിയും ന്യായവും ഇല്ലാത്തത് പറഞ്ഞാല്‍ എത്ര ശ്ലോകം ചൊല്ലിയാലും എത്ര ഋഷികളുടെ പേര് പറഞ്ഞാലും ഇനി ആരും സമ്മതിക്കുകയില്ല. ജോര്‍ജ്ജ് രാജ്യത്തിന് പകരം രാമ രാജ്യം വന്നാല്‍ വീണ്ടും പണ്ഡിറ്റും മറ്റും നാക്കറുക്കലും ഈയം ഉരുക്കി ഒഴിക്കലും തുടങ്ങുവാന്‍ മടിക്കുകയില്ലെന്ന് തെളിയിക്കുവാന്‍ മാത്രമല്ലാതെ പണ്ഡിറ്റിന്റെ ഈവക അഭിപ്രായം കൊണ്ട് യാതൊരു പ്രയോജനവുമില്ല” എന്ന് സഹോദരന്‍ എഴുതി.

ഇതേക്കുറിച്ച് സംഘികള്‍ രാമായണ മാസാചരണം ആരംഭിക്കാനിടയായ ചരിത്രം വിശദീകരിച്ചുകൊണ്ട് 2016 ജൂലൈ 16-ന് ജന്മഭൂമി പത്രത്തില്‍ ഒരുലേഖനവും രമായണമാസാചരണം ആരംഭിക്കുന്നത് സംബന്ധിച്ച് പി പരമേശ്വരന്റെ ഒരു ഓര്‍മ്മക്കുറിപ്പും പ്രസിദ്ധീകരിച്ചിരുന്നു.

”തിരിമുറിയാതെ മഴ പെയ്യുന്ന കള്ളക്കര്‍ക്കിടകം ഇപ്പോള്‍ കലണ്ടറിലൊതുങ്ങി. മലയാളിയുടെ മനസില്‍ അത് രാമായണ മാസമായി മാറി. മലയാളിയുള്ളിടത്തെല്ലാം കര്‍ക്കിടകം രാമായണ മാസാചരണത്തിന് വഴിമാറി.ഇന്ന് ക്ഷേത്രസങ്കേതങ്ങള്‍ മുതല്‍ സര്‍വ്വകലാശാലകള്‍ വരെ രാമായണചര്‍ച്ചകള്‍ നടക്കുന്നു. മാധ്യമങ്ങളില്‍ രാമായണ മാസദിനാചരണങ്ങളുടെ വാര്‍ത്തകള്‍ കൊണ്ട് നിറയുന്നു. കള്ളക്കര്‍ക്കിടകം രാമായണമാസാചരണത്തിന് വഴിമാറിയത് സോദ്ദേശ്യ പൂര്‍ണ്ണമായ ഒരു പ്രയത്‌നത്തിന്റെ ഫലമായിരുന്നു. കേരളത്തെ പുന:സൃഷ്ടിക്കാനുള്ള മഹാപ്രയത്‌നത്തിലെ ചെറുതല്ലാത്ത ഒരു ചുവട്…’ എന്ന് പറഞ്ഞുതുടങ്ങുന്ന ലേഖനത്തില്‍ 1982 ജൂണ്‍ 6 ന് എറണാകുളം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ ഹാളില്‍ എ.ആര്‍.ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍. എസ്. എസ്. സര്‍കാര്യവാഹ് ശ്രീ. രജുഭയ്യ പങ്കെടുത്ത വിശാലഹിന്ദു സമ്മേളന നിര്‍വ്വാഹക സമിതി യോഗത്തിലാണ് കര്‍ക്കിടകമാസം രാമായണ മാസമായി ആചരിക്കാന്‍ തീരുമാനിച്ചത് എന്ന് വ്യക്തമായി പറയുന്നുണ്ട്.

ആരെയാണ് ടാര്‍ജറ്റ് ചെയ്തത് എന്നും അതില്‍ വ്യക്തമാക്കുന്നുണ്ട്. 1930 കള്‍ മുതല്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തിലാരംഭിച്ച് ഈഴവരാദി പിന്നാക്ക ജനതയെക്കൊണ്ട് പരസ്യമായി പൊതുവേദിയില്‍ എഴുനേറ്റ് നിന്ന് രാവണന് ജൈയ് വിളിക്കുന്നതുവരെ എത്തുകയും അതിന്റെ അലയൊലികള്‍ എന്നോണം 1980 കള്‍ വരെ അരനൂറ്റാണ്ടോളം കേരളത്തിലെ പിന്നാക്ക ജനതയ്ക്കിടയില്‍ നിലനിന്ന രാമായണ വിരുദ്ധ മനോഭാവത്തിനും എതിരെ സംഘപരിവാര്‍ നടത്തിയ സാംസ്‌കാരിക ഇടപെടലായിരുന്നു അത്.

ജന്മഭൂമി ലേഖനത്തില്‍ അത് ഇങ്ങനെ വിശദീകരിക്കുന്നു ‘1930കളില്‍ കേരളത്തില്‍ മുഴങ്ങിയ രാമായണം കത്തിക്കുക എന്ന ആഹ്വാനത്തില്‍ നിന്നും രാമായണമാസത്തിലേക്കുളള കേരള സമൂഹത്തിന്റെ സംക്രമണത്തിന് പിന്നില്‍ സോദ്ദേശ്യപൂര്‍വ്വം പരിശ്രമം നടത്തിയ ഒരു കൂട്ടം സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ തപസിന്റെ ബലമാണുള്ളത്. ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുദേവന്റെ മഹദ്ദര്‍ശനത്തിന് മുകളില്‍ കുതര്‍ക്കത്തിന്റെ കരിമ്പടം ചാര്‍ത്തിക്കൊണ്ട് ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന ആഹ്വാനം മുഴക്കിയവര്‍ക്കെതിരെ…..”

-സഹോദരന്‍ അയ്യപ്പന്‍ ആരംഭിച്ച രാമായണ വിരുദ്ധ മൂവ്‌മെന്റിന് എതിരേയായിരുന്നു ആ ഇടപെടലെന്ന് പി പരമേശ്വരന്‍ തന്നെ പറയുന്നു.

അതില്‍ അവര്‍ വിജയിച്ചു എന്നുതന്നെ പറയാം. ‘രാമായണ മാസാചരണം” എന്നപേരില്‍ സംഘപരിവാര്‍ ആരംഭിച്ച കലാപരിപാടി സഗാക്കള്‍ വരെ ഏറ്റെടുത്തു.

കേരളത്തിലും മഹരാഷ്ട്രയിലും ഇരുന്ന് ഒരേ പോലെ ചിന്തിച്ച മറ്റൊരാള്‍:

ബാബാസാഹിബ് അംബേദ്കര്‍ രചിച്ച Riddles of Hinduism എന്ന ഗ്രന്ഥത്തിലെ പ്രധാന ഭാഗമാണ് Riddles of Rama and Krishna. എന്ന പുസ്തകം. രാമനെ ശക്തമായി വിചാരണ ചെയ്യുന്ന ഈ പുസ്തകം ഇന്ത്യയിലെ സവര്‍ണരെ വിറപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ അംബേദ്കറുടെ സമ്പൂര്‍ണ കൃതികളില്‍ നിന്ന് ഈ ഭാഗം നീക്കം ചെയ്യുകയും സവര്‍ണ്ണര്‍ രാമന്റെ പേരില്‍ ദലിതര്‍ക്കെതിരെ അക്രമമഴിച്ചുവിടുകയു ചെയ്തു. തുടര്‍ന്ന് ഇന്ത്യയിലെ ദലിത് സംഘടനകള്‍, നീക്കം ചെയ്യപ്പെട്ട ഭാഗത്തിന്റെ ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിച്ചു. സഹോദരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതുപോലെ നാവ് പിഴുതുകളയാനോ ഈയം ഉരുക്കി ഒഴിക്കാനോ സാധിച്ചില്ല എന്നേയുള്ളൂ.

അത്തരത്തിലൊരു രാമരാജ്യത്തിനായി നമുക്ക് മുന്നേറാം
ജയ് ശ്രീറാം!
ജെയ് സുനാതനം!

 

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.