Skip to main content

പൂവും പൂക്കാലവും പേറുന്ന മനുഷ്യര്‍

പുരുഷന്റെ ജീവിതം ചരിത്രപരമായി അവനിലേക്ക് വന്നുചേര്‍ന്ന അധികാരത്തിന്റെ പ്രകാശനങ്ങള്‍ കൂടിയാണ്. ഉപയോഗിച്ചും ദുരുപയോഗിച്ചും നിരാകരിച്ചും ഒരുവന്‍ നടത്തുന്ന യാത്ര… പവറിന്റെ സ്വീകരണവും പ്രയോഗവും അയാളെ സംഘര്‍ഷം കുറഞ്ഞ ഒരാളാക്കിത്തീര്‍ക്കുകയാണ് ചെയ്യുക. എന്നാല്‍ അപരരെ – വിശിഷ്യാ, സ്ത്രീയെ അറിയാന്‍ ശ്രമിക്കുന്നതിലൂടെ അയാള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പുരുഷനാകാമെങ്കിലും നിത്യസംഘര്‍ഷത്തിലേക്ക് കൂപ്പുകുത്തേണ്ടി വരുന്നു. മറ്റൊരു രീതിയില്‍ അയാള്‍ക്ക് പുരുഷന്‍ എന്ന അധികാരനിലയില്‍നിന്ന് ചലിക്കേണ്ടി വരുന്നു. പുരുഷന്‍, സ്ത്രീ എന്നിങ്ങനെയുള്ള വ്യതിരിക്തത ശാരീരികം മാത്രമല്ല എന്നര്‍ഥം. അഭിമുഖമുള്ളയാളെക്കൂടി അറിഞ്ഞും കരുതിയും ജീവിച്ച അമ്പതുകാരന്റെ കഥയാണ് മഞ്ജുളന്‍ അഭിനയിച്ച, ഛായാഗ്രാഹകന്‍ അനിഷ് ബാബു അബാസ്, ബിനോയ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ പൂവ് എന്ന മലയാളചിത്രം.

പൂവ് ഒരു മികച്ച സിനിമയാണ് എന്ന് പറയാനാവില്ല. സംഭാഷണങ്ങളിലെ കൃത്രിമത്വം, അഭിനയത്തിലെ അതിനാടകീയത തുടങ്ങി പ്രമേയത്തിന്റെ സ്ഥൂലത്തിലെങ്കിലുമുള്ള ആവര്‍ത്തനം എന്നിങ്ങനെ പരിമിതികള്‍ ധാരാളമുണ്ട്. എങ്കിലും ഒറ്റയടിക്ക് എഴുതിത്തള്ളാനാവാത്ത ഒന്ന് സിനിമയില്‍ ഉണ്ട്. സംഭവിച്ചതോ സംഭവിക്കാത്തതോ ആയ ഒരു യാത്രയാണ് സിനിമയുടെ കേന്ദ്രത്തിലുള്ളത്. അമ്പതുകാരനായ പുരുഷനാണ് ഡ്രൈവിങ്ങ് സീറ്റിലുള്ളത്. യഥാക്രമം അമ്മയും ഭാര്യയും കാമുകിയും അയാളോടൊപ്പമുള്ള യാത്രയില്‍ പങ്കുചേരുന്നു. യാത്ര അവസാനിക്കുന്നതാകട്ടെ മകളോടൊപ്പം ചേതനയറ്റുള്ള അന്ത്യ യാത്രയായാണ്.

വ്യത്യസ്തവും സുന്ദരവുമായ ഭൂപ്രകൃതികളിലൂടെ ഒരു പുരുഷനും മൂന്ന് സ്ത്രീകളും യാത്ര ചെയ്യുന്നതാണ് സിനിമയുടെ ആദ്യഭാഗം. ചെറിയ മുറുക്കാന്‍കടയില്‍നിന്ന് സൂപ്പര്‍ മാര്‍ക്കറ്റായി മാറി സഖാവ് എന്ന സ്ഥാപനത്തിന്റെ മാര്‍ക്കറ്റിങ് മാനേജറാണ് പുരുഷന്‍. അവന്‍ വന്നവഴികള്‍ മറക്കുന്നത് അമ്മ തിരുത്തുന്നു. നാട്ടിലെ ചെറുകിടക്കാരുടെ, വീട്ടമ്മമാരുടെ ഉല്പന്നങ്ങള്‍ വില്പനയ്ക്ക് വെക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പേരും അതിന്റെ ‘പുരോഗതി’യും രാഷ്ട്രീയസൂചനയുള്ളതാണെങ്കിലും സിനിമ ആ വഴിയ്ക്കല്ല നീങ്ങുന്നത്. അമ്മയും ഭാര്യയും, പിന്നീട് രുചിയുള്ള ഭക്ഷണവുമായി വണ്ടിയില്‍ കയറുന്ന കാമുകിയും വ്യത്യസ്ത കാലങ്ങളുടെയും ഭാവങ്ങളുടെയും പ്രതിനിധികളാണ്. കൂടുതല്‍ ശ്രദ്ധേയ പ്രാതിനിധ്യം കാമുകിയുടേതാണ്. അവളുടെ കാമുകിത്തമാവട്ടെ പ്രത്യക്ഷത്തില്‍ നാമമാത്രമാണ്. നാലഞ്ചുദിവസങ്ങളിലെ പരിചയമാണ് അവര്‍ക്കിടയിലുള്ളത്. കുറഞ്ഞ സമയംകൊണ്ട് കൗമാരക്കാരനായ പുരുഷന്റെ സിഗരറ്റ് വലി എക്കാലത്തെയ്ക്കും നിര്‍ത്തിക്കാന്‍ അവള്‍ക്ക് കഴിയുന്നു. അവളുടെ കസിന്‍സ് വന്ന് വിരട്ടുന്നതോടെ സകുടുംബം പേടിച്ച് നാടുവിട്ട് പോന്നയാളാണ് ഇപ്പോള്‍ അവളെ യാത്രയില്‍ ഒപ്പം കൂട്ടിയിരിക്കുന്നത്. അത് ഭാര്യയില്‍ അസ്വസ്ഥതയുണ്ടാക്കുന്നു. അവള്‍ കാമുകി കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നില്ല. വണ്ടിയില്‍നിന്ന് ഇറങ്ങണമെന്ന് വാശിപിടിക്കുന്നു. എന്നാല്‍ യാത്രികര്‍ക്കെല്ലാം അവരുടെ ഏതെങ്കിലുമൊരു ആഗ്രഹനിവൃത്തിയാണ് യാത്രയിലെ കൗതുകകരമായ സാധ്യത. അതുപ്രകാരം അമ്മ ഒറ്റയ്ക്കിരുന്ന് കടലും അസ്തമയവും കാണുന്നു. ഭാര്യ ക്രിസ്റ്റ്യാനിയല്ലാതിരുന്നിട്ടും പള്ളീലച്ചനുമുമ്പില്‍ കുമ്പസരിക്കുന്നു. അയാള്‍ക്ക് കാമുകിയെ യാത്രയില്‍ ചേര്‍ക്കുന്നതാണ് ആഗ്രഹം. ഒടുവില്‍ കയറുന്ന കാമുകിയ്ക്കും ഒരാഗ്രഹമുണ്ട്. അവളത് ഭാര്യയോടാണ് പറയുന്നത്. അയാളെ ഒരു തവണ കെട്ടിപ്പിടിക്കണം. ഒരുമ്മ കൊടുക്കണം. ഭാര്യയത് നിരാകരിക്കുന്നു.

സങ്കല്പസമാനമായ യാത്ര അപ്രകാരമാണ് അവസാനിക്കുന്നത്. അതൊരു കിനാവാകാനും മതി. ശരിയ്ക്കുള്ള യാത്ര ആംബുലന്‍സില്‍ ജീവനില്ലാതെയുള്ളതാണ്. അയാളുടെ ജീവിതത്തിലെ നാലാമത് സ്ത്രീ – മകള്‍ – ആണ് ആ യാത്രയില്‍ കൂടെയുള്ളത്. അവള്‍ പക്വതയോടെ പെരുമാറുന്നു. അവസാനമായി അയാളുടെ മൃതശരീരം കാണാനെത്തുന്ന കാമുകിയെ മകള്‍ സ്വീകരിക്കുന്നു. അച്ഛന്റെ അവസാനത്തെ ആഗ്രഹം കാമുകിയുടെ ആഗ്രഹം (ഒരു മുത്തം) സാധിപ്പിച്ചുകൊടുക്കുക എന്നതാണ്. അയാളത് മകളോട് പറഞ്ഞിരുന്നതാണ്. മൃതശരീരത്തിലാണെങ്കിലും കാമുകിയ്ക്കത് കൊടുക്കാനുള്ള അനുവാദമാണ് മകളിപ്പോള്‍ കൊടുക്കുന്നത്. ചേതനയറ്റ അച്ഛന്റെ ശരീരത്തിനുമുമ്പില്‍, ഇപ്പോഴും കാമുകിയെ ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ലാത്ത അമ്മയ്ക്ക് മുമ്പില്‍വച്ച് മകളത് പറയുന്നു. കാമുകി പക്ഷെ ആ മുത്തം മകള്‍ക്ക് കൊടുത്ത് തിരിച്ചുപോകുകയാണ്.

ഒരുപക്ഷെ അല്പം ക്രിഞ്ചടിക്കുന്ന പ്രമേയമായിട്ടും സിനിമ അതിന്റെ താളവും പരിചരണവും ഏകാഗ്രതയുംകൊണ്ട് ശരാശരിക്കുമുകളില്‍ നില്ക്കുന്ന അനുഭവമാകുന്നുണ്ട്. യാത്രയുടെ സാങ്കല്പികകതാസാധ്യത നിലനിര്‍ത്താനായാവണം ആ ഭാഗങ്ങള്‍ അല്പം മെലോഡ്രാമയിലേക്ക് നീങ്ങിയവിധം ചിത്രീകരിക്കാന്‍ സംവിധായകനെ പ്രേരിപ്പിച്ചത്. അതുപക്ഷെ ഉചിതമായി എന്ന് പറയാനാവില്ല. ഇമോഷന്‍സ് സംവദിക്കുന്നതിന് ഇത് തടസ്സമായി എന്നുവേണം കരുതാന്‍. എങ്കിലും ഒരു പരീക്ഷണസിനിമ എന്ന നിലയില്‍ പൂവിനെ സ്വീകരിക്കാവുന്നതാണ്. മനോഹരമായ പശ്ചാത്തലങ്ങളും യാത്രയും സിനിമയ്ക്ക് രൂപപരമായ സൗന്ദര്യം നല്കുന്നു. അമ്മയും ഭാര്യയും കാമുകിയും എന്നിങ്ങനെ മൂന്നുപേരെയും ഒരു പുരുഷന്‍ എങ്ങനെ കാണുന്നു എന്നതുമാത്രമല്ല സിനിമയുടെ രൂപം അനുഭവിപ്പിക്കുന്നത്. സ്ത്രീകള്‍ക്ക് അവരുടെ ചില ഒറ്റയ്ക്കുള്ള ദൃശ്യങ്ങളിലൂടെ സവിശേഷമായ ചരിത്രവും വ്യക്തിത്വവും നല്കാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്. പ്രകൃതിയെ പകര്‍ത്താന്‍ ഫോണുമായി നില്ക്കുന്ന അമ്മ, ഒറ്റയ്ക്ക് കടലു കണ്ടിരിക്കുന്ന അമ്മ, കൗതുകകരമായ ആഗ്രഹം പറയുന്ന അമ്മ, രാഷ്ട്രീയമുള്ള അമ്മ എന്നിങ്ങനെ വ്യത്യസ്തമായ ചെറുശകലങ്ങള്‍കൊണ്ട് ആ കഥാപാത്രത്തിന്റെ അകം വിശദമായി വ്യാഖ്യാനിക്കാന്‍ കഴിയുംവിധം ആവിഷ്‌കരിച്ചിരിക്കുന്നു.

മലയാളസിനിമയുടെ വലിയ പരിമിതികളിലൊന്ന് വലിയ പരീക്ഷണസ്വഭാവമുള്ള, എന്നാല്‍ ഭാവുകത്വത്തെ പുതുക്കുവാന്‍ കഴിവുള്ള ചെറുസിനിമകളെ യൂട്യൂബിലും മറ്റുമായി അരികുവത്കരിക്കുന്നു എന്നതാണ്. വലിയ സ്‌ക്രീനുകളില്‍തന്നെ അവയില്‍ ചിലതെങ്കിലും പ്രദര്‍ശിപ്പിക്കപ്പെടേണ്ടതുണ്ട്. സ്ഥിരമായി ഓരോ നഗരത്തിലും ഒരു തീയറ്റര്‍ സൗകര്യം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നിര്‍മ്മിക്കേണ്ടതുമുണ്ട്. സ്ഥിരം നാടകവേദിപോലും ഇപ്പോഴും വിഭാവനത്തിലില്ലാത്ത ഭരണകൂടങ്ങളോടും അവയെ പോറ്റുന്ന സമൂഹത്തോടും എന്തു പറയാനാണ്. സംവിധായകനും സിനിമട്ടോഗ്രാഫറുമായ പ്രതാപ് ജോസഫിന്റെ നേതൃത്വത്തില്‍ കുറച്ചുമനുഷ്യര്‍ സംഘടിപ്പിച്ചുവരുന്ന IEFEK പോലുള്ള ഫെസ്റ്റിവലുകളാണ് നിലവില്‍ പുതിയ പ്രതിഭാധനന്മാരായ സംവിധായകര്‍ക്കും പ്രേക്ഷകര്‍ക്കും ആകെ ആശ്രയം. IEFFK യുടെ ഏഴാംപതിപ്പിലാണ് പൂവ് കാണാന്‍ സാധിച്ചത്. സിനിമയ്ക്കും ഫെസ്റ്റിവലിനും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍.

No Comments yet!

Your Email address will not be published.