Skip to main content

സീതയല്ലിവള്‍

സീതയല്ലിവള്‍, തീര്‍ച്ച.
അവളെത്തേടി
ഒരു രാമനും,
അലഞ്ഞിട്ടില്ലിന്നേവരെ.

കാട്ടുപാതകളില്‍
പൂവിരിച്ചാനയിച്ചിട്ടില്ല,
പുഴയോരത്താശ്രമത്തില്‍
അവള്‍തന്‍, പദപൂജ
ചെയ്തിട്ടുമില്ല.

കാട്ടുമാനിനെ തേടി
പോയാന്‍ ‘ഇവന്‍, രാമന്‍’
ഏറുകണ്ണാല്‍
ദശമുഖന്മാര്‍ക്ക്
സൂചന നല്‍കിയും,

കാടിന്നോരത്തലഞ്ഞ
ആ ‘മാനിനെ’,
കൊന്നെന്ന പോല്‍
തിരികെ വന്നവളെ
കാണാതെ ‘ദുഃഖിച്ചിരുന്നതും?’

സാക്ഷി ചൊല്ലുവാന്‍
ഉള്ളവര്‍ പലരെയും,
കാടുനീളെ തെളിവുമായി
വഴിയില്‍ നിര്‍ത്തിച്ചതും,

കാടിളക്കി
തിരക്കി അലഞ്ഞെന്ന്
നാടുനീളെ പറയാന്‍
അയച്ചതും,

സേതുബന്ധനം
എന്നപേര്‍ ചൊല്ലിയാ
വീണ മുത്തു പോലുള്ള
നാടേറിയും,

തീക്കനല്‍ വര്‍ഷം
പെയിച്ചു പെയ്യിച്ചാ-
നാട് ചുട്ട് നശിപ്പിച്ച
രാവണന്‍

സീതയെത്തേടി
അല്ലിവയൊക്കെയും
ആര്യവംശ-
ത്തിളപ്പാണതൊക്കെയും
കാലമെത്ര കഴിഞ്ഞാലും
ഇപ്പോഴും പോര്‍വിളിതന്നെ
ആര്യവംശക്കൊതി!

കണ്ടതില്ലവള്‍
വാലുള്ള ദൂതനെ
ചൊന്നതില്ലാരും
രാമന്‍ വരുന്നെന്ന്
ആദരിച്ചങ്ങ്
ശിoശപാ വൃക്ഷത്തിന്‍-
ചോട്ടില്‍ ആനയിച്ചിട്ടില്ല
രാവണന്‍.

പകരമോ?

മാംസദാഹികളായ
നക്തഞ്ചരര്‍
ചൂണ്ടയിട്ടു പിടിച്ച
മീനെന്നപോല്‍
ഊഴം വെച്ചു പങ്കിട്ടവള്‍
അന്നത്തെ സീതയല്ലിവള്‍,
സത്യം! ഒരിക്കലും.

ബാക്കിയൊക്കെയും
സീതയോടെന്ന പോല്‍, അഗ്‌നിശുദ്ധിയും
കാട്ടില്‍ കളയലും,
തീയവള്‍ക്കെന്തു! അവള്‍,
തീയില്‍ കുരുത്ത തീപ്പക്ഷി
ഉരുകിയുരുകി ഉറച്ച ശില
തീ, അണഞ്ഞുപോം

കാട്ടിലെങ്ങോ
കളഞ്ഞപ്പോള്‍
അവളെയാ
കാട് കാത്തു.
ഭയക്കണം നാടിനെ,
കൂടെ നിന്ന്
ചതിക്കുന്ന രാമന്മാര്‍
കൂട്ടിനില്ലാതിരിയ്ക്കുമിടം ഭദ്രം.

ഇവള്‍ കരഞ്ഞാലു-
മലറിവിളിച്ചാലും,
ധരണി പിളരില്ല തീര്‍ച്ച,
പെണ്ണറിയുന്ന സത്യം.
കരുതി ജീവിക്കുവാന്‍,
പക ഊറിഊറിടും
വിഷസഞ്ചി കാത്തവള്‍
നെഞ്ചിലങ്ങെവിടെയോ.

തീയിലിട്ട് കടഞ്ഞ
ലോഹം പോലെ
കൂടംകൊണ്ടേറ്റ
ഓരോ പ്രഹരവും
നോക്കും വാക്കും
ഉറപ്പിച്ചവള്‍ ‘സീത’
സീതതന്നിവള്‍
‘ഇന്നത്തെ സീത’

ഒടുവിലങ്ങാ
നിയമ വരാന്തയില്‍
പലരെ ബോധിപ്പി-
ച്ചെത്തുന്ന രാമന്നു,
പണയം വയ്ക്കാത്ത
മാനാഭിമാനത്തോടെ
തല ഉയര്‍ത്തി
നടന്നുപോയവള്‍ സീത!

തടവതെന്തിന്നു?
ചാപ്പ കുത്തും മൃഗം?
കഴുത്തിലെന്നോ
ഇറുക്കിമുറുക്കിയ
നുകമാ ചങ്ങല-
ത്തുണ്ടായ ലോഹത്തെ,
പറിച്ചെറിഞ്ഞവള്‍
ഇന്നിന്റെ സീത.

സീതയല്ലിവള്‍
‘രാമന്റെ സീത’
സീതയല്ലിവള്‍
‘സഹനത്തിന്‍’ സീത
സീതയാണ്, തന്‍
മാനവും ജീവനും
രാമനേക്കാള്‍
വിലവച്ച സീത.

 

***

 

No Comments yet!

Your Email address will not be published.