Skip to main content

മാപ്പിളമാരുടെയും കമ്മ്യൂണിസ്റ്റുകാരുടെയും രാഷ്ട്രീയചരിത്രം

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ എന്‍.പി. ചെക്കുട്ടി രചിച്ച് കോഴിക്കോട്ടെ അദര്‍ ബുക്ക്സ് പ്രസിദ്ധീകരിച്ച മാപ്പിള ആന്‍ഡ് കോമ്രേഡ്സ് (Mappila & Comrades) ഒരു നൂറ്റാണ്ട് കാലത്തെ മലബാറിന്റെ രാഷ്ട്രീയചരിത്രമാണ്. ഒരേ സമയം വിജ്ഞാനകരവും രസകരവുമായ നിരീക്ഷണങ്ങളാല്‍ സമ്പന്നമായ ഈ കൃതി പരിശോധിക്കുന്നത് മാപ്പിളമാരും കമ്മ്യൂണിസ്റ്റുകാരും തമ്മില്‍ ഉണ്ടായിട്ടുള്ള ആദാന പ്രദാനങ്ങളെക്കുറിച്ചാണ്.

1921ലെ മലബാര്‍ കലാപത്തിന്റെ കലുഷിതമായ ജീവിതാവസ്ഥയ്ക്കുശേഷം ഏറനാട്‌, വള്ളുവനാട് താലൂക്കുകളിലെ രാഷ്ട്രീയ അനുഭവങ്ങളെ നിര്‍ണയിച്ച മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും 1937ന് ശേഷമുള്ള അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ഈ കൃതി സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളെയും ചര്‍ച്ചാവിഷയമാക്കുന്നുണ്ട്. സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് നിയന്ത്രണമുണ്ടായിരുന്ന ആദ്യകാല കോണ്‍ഗ്രസ് നേതൃത്വത്തെ ഇടതുപക്ഷാനുകൂലികളാക്കി മാറ്റുന്നതില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും ഇ.എം.എസ്. നമ്പൂതിരിപ്പാടും ഇ.കണ്ണനുമടങ്ങുന്ന മഴവില്‍ സഖ്യം നിര്‍വഹിച്ച ചരിത്രപരമായ പങ്കിനെ കുറിച്ച് വിശദമായി ഈ കൃതി പരിശോധിക്കുന്നുണ്ട്. മഹാത്മാഗാന്ധി നേതൃത്വം നല്‍കിയിരുന്ന ദേശീയപ്രസ്ഥാനത്തില്‍ നിന്ന് തെക്കേമലബാറിലെ മുസ്ലിംകള്‍ പൊതുവില്‍ മാറിനില്‍ക്കുകയും മുസ്ലിംലീഗിന്റെ കൊടിക്കീഴില്‍ സംഘടിക്കുകയും ചെയ്തതിന്റെ കാരണങ്ങള്‍ ഗ്രന്ഥകാരന്‍ വിശദമാക്കുന്നുണ്ട്. ദേശീയപ്രസ്ഥാനത്തില്‍ നിന്ന് മാറിനിന്ന മാപ്പിളമാരെ തങ്ങളുടെ സ്വാധീനവലയത്തിലാക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരാജയപ്പെട്ടത് എന്തുകൊണ്ട് എന്ന അന്വേഷണം മാപ്പിളമാരുടെയും കമ്മ്യൂണിസ്റ്റുകാരുടെയും രാഷ്ട്രീയ നിലപാടുകളുടെയും പ്രയോഗരീതികളുടെയും പരിമിതിയെ വിശദീകരിക്കുന്നുണ്ട്.

1830 മുതല്‍ ഏറനാട്‌ വള്ളുവനാട്‌, കോഴിക്കോട് താലൂക്കുകളുടെ ഭാഗമായുള്ള പ്രദേശങ്ങളില്‍ മാപ്പിളമാര്‍ നടത്തിയ ജന്മിത്തവിരുദ്ധ പ്രക്ഷോഭങ്ങളെക്കുറിച്ച് നിറംപിടിപ്പിച്ച കഥകളാണ് ഇന്ത്യയിലെങ്ങും ഹിന്ദുത്വവാദികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വം തന്നെ തള്ളിക്കളഞ്ഞ മലബാര്‍ പ്രക്ഷോഭത്തിന്റെ ഉള്ളടക്കത്തെ ശരിയായി തിരിച്ചറിയാന്‍ ശ്രമിച്ചത് ഇ.എം.എസ്. ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്നു. അവര്‍ ‘മാപ്പിള ലഹള’യെ ‘മലബാര്‍ കലാപം’ എന്ന് ശരിയായി നിരീക്ഷിച്ചു. അക്കാലത്തെ മലബാറിലെ സജീവമായിരുന്ന സാമൂഹ്യ ചലനങ്ങളെ വില്യം ലോഗനെപ്പോലുള്ള ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ പോലും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്‌. ഇതില്‍ ഏറ്റവും പ്രധാനം ജന്മിത്വത്തിന്റെ ക്രൂരതകള്‍ നേരിടേണ്ടി വന്ന കീഴ്ജാതി സമൂഹം കൂട്ടമായി ഇസ്ലാമിലേക്ക് കുടിയേറുന്ന പ്രതിഭാസമായിരുന്നു. ഇക്കാരണത്താല്‍ തന്നെ 1921ലെ കലാപത്തിന്റെ പീഡനങ്ങള്‍ നേരിടേണ്ടി വന്നതില്‍ മാപ്പിളമാര്‍ക്കൊപ്പം തന്നെ ദലിത് വിഭാഗങ്ങളും ഉള്‍പ്പെട്ടു. മലബാര്‍ കലാപത്തിന്റെ ഭാഗമായുള്ള പഠനങ്ങളില്‍ വിട്ടുപോയ ഈ കണ്ണി വിശദീകരിക്കുന്നതിന് എന്‍ പി ചെക്കുട്ടി നടത്തുന്ന ശ്രമം സ്വാഗതാര്‍ഹമാണ്. ഏറനാട്ടിലെയും വള്ളുവനാട്ടിലെയും തിയ്യരും ചെറുമരും ഈ കലാപത്തിന്റെ ഭാഗമായി മാറിയതിനെ കുറിച്ച് എ.കെ. കോഡൂരിനെ പോലുള്ളവര്‍ നടത്തിയ പഠനങ്ങള്‍ ചെക്കുട്ടിയുടെ നിരീക്ഷണത്തെ പിന്തുണയ്ക്കുന്നുണ്ട്. പന്താവൂര്‍ താമിയെ പോലുള്ള തിയ്യയുവാക്കളുടെ കലാപത്തിലെ പങ്കാളിത്തം ഇതിന് ദൃഷ്ടാന്തമായി ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നുണ്ട്.

ബ്രിട്ടീഷുകാര്‍ക്കെതിരേ സായുധമായ ചെറുത്തുനില്‍പ്പിനു വേണ്ടി പരിശീലനം നല്‍കാന്‍ വെള്ളിനേഴിയില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ആയിരത്തോളം ഹിന്ദു യുവാക്കള്‍ പങ്കാളികളായി എന്ന പി സുരേന്ദ്രന്റെ കണ്ടെത്തലും മലബാര്‍ കലാപത്തെ കുറിച്ചുള്ള സാമ്പ്രദായിക ധാരണകളെ തിരുത്തുന്നതാണ്. മലബാര്‍ കലാപത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സേനയ്ക്ക് നേതൃത്വം നല്‍കിയ ഹിച്ച്കോക്കിന്റെ വിവരണങ്ങളില്‍ത്തന്നെ ഈ കലാപങ്ങളില്‍ പങ്കെടുത്ത ഹിന്ദുക്കളെ കുറിച്ചുള്ളപരാമര്‍ശമുണ്ട്. ഭാഗികമായി മാത്രമേ ഈ കലാപത്തെ മാപ്പിള കലാപം എന്ന് വിളിക്കാനാവൂ എന്നും പങ്കെടുത്ത ഹിന്ദുക്കള്‍ നിരവധിയാണെന്നും ബ്രിട്ടീഷ് സര്‍ക്കാരിനയിച്ച സന്ദേശങ്ങളില്‍ ഹിച്ച്കോക്ക് വ്യക്തമാക്കിയിട്ടുണ്ട്. കലാപത്തില്‍ നിന്ന് ഒഴിഞ്ഞുനിന്ന മാപ്പിളമാരും നിരവധിയാണെന്ന് റിപോര്‍ട്ടുകളിലുണ്ട്. മലബാര്‍ കലാപത്തെ കുറിച്ചുള്ള ഹിന്ദുത്വവാദികളുടെ പ്രചാരണങ്ങളുടെ അടിത്തറ തകര്‍ക്കുന്ന രേഖകളാണിതെല്ലാം.

മലബാര്‍ കലാപത്തോടും മുസ്ലിംലീഗ് നേതാക്കള്‍ ഉയര്‍ത്തിയ പാകിസ്താന്‍ വാദത്തോടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുലര്‍ത്തിയ അനുഭാവപൂര്‍ണ്ണമായ സമീപനം മാപ്പിളമാര്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റുകാരോട് അനുഭാവം വളര്‍ത്താന്‍ സഹായകമായില്ല. വടക്കേ മലബാറില്‍ പിന്നീട് ശക്തിപ്പെട്ട കമ്മ്യൂണിസ്റ്റ് പിന്തുണയുള്ള കര്‍ഷക പ്രസ്ഥാനം തെക്കേ മലബാറില്‍ ദുര്‍ബലമായിരുന്നു. ചരിത്രപരമായി തന്നെ മാപ്പിളമാരും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള അകല്‍ച്ചയുടെ കാരണങ്ങളിലേക്ക് ഗ്രന്ഥകാരന്റെ അന്വേഷണം നീളുന്നുണ്ട്. ആദ്യഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ നിരീശ്വരവാദികളാണ് എന്ന് പ്രേരിപ്പിച്ച മാപ്പിളമാരെ സ്വന്തം രാഷ്ട്രീയ ചട്ടക്കൂട്ടില്‍ ഒതുക്കി നിര്‍ത്തിയ മുസ്ലിം ലീഗ് നേതൃത്വം പല ഘട്ടങ്ങളിലും പാര്‍ലമെന്ററി താല്‍പര്യങ്ങളുടെ പേരില്‍ കമ്മ്യൂണിസ്റ്റുകാരുമായി സഹകരിക്കുകയും ചെയ്തു. പക്ഷേ, അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രതിനിധികളായ ഈ രണ്ടു പ്രസ്ഥാനങ്ങളെയും ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് 1930കള്‍ മുതല്‍ക്കേ തടയുന്ന ചില ഘടകങ്ങളുണ്ട്. മുസ്ലിം സമൂഹത്തിലെ മതനേതൃത്വത്തിന്റെയും സമ്പന്ന വിഭാഗങ്ങളുടെയും താല്പര്യങ്ങള്‍ ഇതില്‍ ഒരു നിര്‍ണായക ഘടകമാണ്. മുസ്ലിം വര്‍ഗീയതയെ കുറിച്ച് കാലാകാലങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചിട്ടുള്ള ധാരണകള്‍ മറ്റൊരു പ്രധാന പ്രശ്നമാണ്. ഇവയെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ വിശകലനങ്ങള്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ രൂപപ്പെട്ട നേതൃനിരയില്‍ നായര്‍ സമുദായത്തില്‍ നിന്നുള്ളവരുടെ നിര്‍ണായക സ്വാധീനം മലബാറിലെ മാപ്പിളമാരുടെ രാഷ്ട്രീയ സംഘാടനത്തെ സമചിത്തതയോടെ കാണുന്നതില്‍ പല ഘട്ടങ്ങളിലും തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മുസ്ലിംലീഗിലെ പ്രമാണിമാരാകട്ടെ എക്കാലത്തും ഒരുതരം വിലപേശല്‍ രാഷ്ട്രീയത്തിന്റെ വക്താക്കളുമായിരുന്നു. 1940കളിലും 50കളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പം പുലര്‍ത്തിയ മുസ്ലിംലീഗ് സമുദായത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഈ അടുപ്പത്തെ ഉപയോഗപ്പെടുത്തി. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സഹായിച്ച മുസ്ലിംലീഗ് നേതൃത്വം തങ്ങള്‍ക്ക് വിശേഷിച്ച് യാതൊരു താല്‍പര്യവും ഇല്ലാതിരുന്ന 1959ലെ വിമോചന സമരത്തില്‍ കേരളത്തിലെ നായര്‍ കത്തോലിക്ക സമുദായ വിഭാഗങ്ങളുമായി ഐക്യം ഉണ്ടാക്കി പങ്കാളികളായി. 1957ല്‍ മുണ്ടശ്ശേരി മാസ്റ്റര്‍ സ്‌കൂള്‍ പാഠപുസ്തകമായി വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റെപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു’ തിരഞ്ഞെടുത്തപ്പോള്‍ നിയമസഭയില്‍ അതിനെതിരേ ശക്തമായി രംഗത്തു വന്നവരില്‍ മുസ്ലിം ലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയയും ഉണ്ടായിരുന്നു. 1960കളില്‍ കോണ്‍ഗ്രസുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ഐക്യം മാറി മാറി ഉണ്ടാക്കാന്‍ മുസ്ലിം ലീഗ് മടിച്ചില്ല. കോണ്‍ഗ്രസ് നേതൃത്വം സ്പീക്കറായി കെ എം സീതി സാഹിബിനെയും സി.എച്ച്. മുഹമ്മദ് കോയയെയും അംഗീകരിക്കണമെങ്കില്‍ മുസ്ലിം ലീഗില്‍ നിന്ന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യാതൊരു വിയോജിപ്പും പ്രകടിപ്പിക്കാതെ അത് അംഗീകരിച്ച മുസ്ലിം ലീഗ് 1967ല്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയില്‍ ചേര്‍ന്ന് ഭരണത്തിലെത്തി.

കാലിക്കറ്റ് സര്‍വകലാശാലയും മലപ്പുറം ജില്ലയുമൊക്കെ രൂപപ്പെട്ടത് ഈ ഭരണകാലത്താണ്. മലപ്പുറം ജില്ല രൂപീകരണത്തെ കെ.കേളപ്പനെ പോലുള്ള വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിനൊപ്പം കെ.പി.ആര്‍. ഗോപാലനെയും എ.എസ്.എന്‍. നമ്പീശനെയും പോലുള്ള കമ്മ്യൂണിസ്റ്റ് എംഎല്‍എമാരും എതിര്‍ത്തു. എന്നാല്‍ ജില്ലാ രൂപീകരണം സാധ്യമാക്കിയ ഇ.എം. എസ് മന്ത്രിസഭയെ അട്ടിമറിച്ച് കോണ്‍ഗ്രസിനൊപ്പം ചേരാന്‍ മുസ്ലിംലീഗിന് യാതൊരു തടസ്സവും ഉണ്ടായില്ല.

1975ലെ അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പുണ്ടായ മുസ്ലിംലീഗിലെ പിളര്‍പ്പില്‍ സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ സി കെ പി ചെറിയ മമ്മുക്കേയി, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ മുസ്ലിം ലീഗിനെ ഒപ്പം ചേര്‍ക്കാന്‍ സിപിഎമ്മിന് സാധിച്ചു. എന്നാല്‍ 80കളുടെ പകുതിയില്‍ ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയെപ്പോലെ അപകടകരമാണ് എന്ന നിഗമനത്തില്‍ എത്തി അഖിലേന്ത്യാ മുസ്ലിംലീഗിനെ സിപിഎം നേതൃത്വം പുറത്താക്കി. ഇതിനോട് വിയോജിച്ച എം വി രാഘവന്‍ അടക്കമുള്ള വലിയൊരു വിഭാഗത്തെ സിപിഐഎമ്മിന് പുറത്താക്കേണ്ടി വന്നു. 1987ല്‍ ഹിന്ദു വോട്ട് ബാങ്കില്‍ വലിയൊരു കുതിച്ചു കയറ്റമുണ്ടാക്കുംവിധം സിപിഐഎം നേതൃത്വം നല്‍കിയ ശരിയത്ത് വിരുദ്ധ ക്യാമ്പയിന്‍ കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച അപകടകരമായ ധ്രുവീകരണത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

1985ല്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് 1990കളുടെ തുടക്കത്തില്‍ത്തന്നെ പിന്നോട്ട് പോകാന്‍ ഇ.എം.എസ് നടത്തിയ ശ്രമങ്ങളും ശ്രദ്ധേയമായിരുന്നു. അമേരിക്ക ഇറാഖിനെ ആക്രമിച്ചതും ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതും ഒക്കെ ഇതിനുള്ള പശ്ചാത്തലം സൃഷ്ടിച്ചു. എന്നാല്‍ സിപിഎമ്മിനകത്ത് രൂപപ്പെട്ട ഇ.കെ.നായനാര്‍, വി.എസ്. അച്യുതാനന്ദന്‍ ഗ്രൂപ്പുകളുടെ ഏറ്റുമുട്ടല്‍ ഈ നീക്കങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ ഇ.എം.എസിനെ സഹായിച്ചില്ല. മഅദനിയുടെ രാഷ്ട്രീയ സംഘടനയെയും (പി.ഡി.പി) ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ഐഎന്‍എല്ലിനെയും ഇടതുമുന്നണിക്കൊപ്പം ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ഇ.എം.എസ് എഴുതിയ ലേഖനത്തെ അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് പരസ്യമായി തള്ളിപ്പറഞ്ഞു. 199 ലെ ചണ്ഡിഗഡ് പാര്‍ട്ടി കോണ്‍ഗ്രസ് ഇത്തരം സംഘടനകളുമായി ഒരുബന്ധവും വേണ്ടെന്ന് അന്തിമ തീരുമാനമെടുത്തു.

1990കളുടെ തുടക്കം മുതല്‍ക്ക് മുസ്ലിം സമൂഹത്തില്‍ അനുഭവപ്പെട്ട സങ്കീര്‍ണമായ രാഷ്ട്രീയചലനങ്ങള്‍ പുതിയ ആശയങ്ങള്‍ക്കും പുതിയ പ്രസ്ഥാനങ്ങള്‍ക്കും പിറവി നല്‍കി. പി.ഡി.പി, ഐ.എന്‍.എല്‍, എന്‍.ഡി.എഫ് തുടങ്ങിയ സംഘടനകള്‍ പിറന്നു. എന്‍.ഡി.എഫ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയായി വികസിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ മുന്‍കൈയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും പോപ്പുലര്‍ഫ്രണ്ട് നേതൃത്വത്തില്‍ എസ്.ഡി.പി.ഐ.യും രൂപപ്പെട്ടു. സ്വത്വരാഷ്ട്രീയത്തിന്റെ രൂപങ്ങളായി വിലയിരുത്തപ്പെടുന്ന ഇത്തരം ന്യൂജെന്‍ പാര്‍ട്ടികള്‍ മുസ്ലിം സമൂഹത്തിലും പുറത്തും സൃഷ്ടിക്കുന്ന ചലനങ്ങളെക്കുറിച്ചും വിശദമായ പരിശോധന ഈ പുസ്തകത്തിലുണ്ട്.

ഇതേ കാലത്തുതന്നെ സിപിഎമ്മില്‍ രൂപപ്പെട്ട പരിവര്‍ത്തനങ്ങളും ഗ്രന്ഥകാരന്‍ വിശകലന വിധേയമാക്കുന്നുണ്ട്. ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ക്ക് പിന്നാലെയാണ് ആഗോളവല്‍ക്കരണത്തോടു സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച ഏറ്റുമുട്ടല്‍ സി.പി.ഐഎമ്മിനെ പിടിച്ചു കുലുക്കിയത്. സാംസ്‌കാരിക രംഗത്ത് എം.എന്‍.വിജയന്‍ മാസ്റ്റര്‍ തുടക്കമിട്ടതും രാഷ്ട്രീയ നേതൃത്വത്തില്‍ വി.എസ്. അച്യുതാനന്ദനും ഇ.ബാലാനന്ദനും ഏറ്റെടുത്തതുമായ ലോകബാങ്ക് നിയന്ത്രണ സാമ്പത്തിക നയങ്ങളും ജനകീയാസൂത്രണത്തിലെ വിദേശ ഇടപെടലും സംബന്ധിച്ച സംവാദങ്ങള്‍ പിണറായി-വി.എസ്. ഗ്രൂപ്പുകളുടെ ഏറ്റുമുട്ടലായി വികസിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വികസന വാദികളും വി.എസ്. അച്യുതാനന്ദന്‍ നയിച്ച യാഥാസ്ഥിതികരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അന്തിമവിജയം പിണറായിക്കാവും എന്ന് ജോണ്‍ ബ്രിട്ടാസിനെ ഉദ്ധരിച്ചുകൊണ്ട് അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വാഷിങ്ടണിലേക്ക് അയച്ച കേബിള്‍ സന്ദേശം ഉള്‍പ്പെടെ ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നുണ്ട്. കേരളമെന്ന ചെറിയ സംസ്ഥാനത്തെ രാഷ്ട്രീയ പ്രശ്നങ്ങളെ എങ്ങനെയാണ് അമേരിക്ക നിരീക്ഷിക്കുന്നതെന്നത് കൗതുകം സൃഷ്ടിക്കുന്ന കാര്യമാണ്.

എണ്‍പതുകളുടെ പകുതി മുതല്‍ക്ക് സിപിഐഎമ്മിന്റെ രാഷ്ട്രീയ നിലപാടില്‍ വന്ന പ്രധാനപ്പെട്ട ഒരു പരിവര്‍ത്തനത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നുണ്ട്. വര്‍ഗപരമായ പ്രശ്നങ്ങളെ ഗൗരവമായി കണ്ടിരുന്ന രീതിയില്‍ നിന്ന് മാറി മതനിരപേക്ഷതയുടെ പ്രശ്നങ്ങളെ മുഖ്യമാക്കി അവതരിപ്പിക്കുന്ന സമീപനമാണിത്. വര്‍ഗപരമായ പ്രശ്നങ്ങളുടെ അടിത്തറയില്‍ മതനിരപേക്ഷതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉള്‍ച്ചേരുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിലെ വോട്ട്സമാഹരണം ലക്ഷ്യമിട്ട് ന്യൂനപക്ഷ-ഭൂരിപക്ഷ സമൂഹങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് നിരന്തരം പ്രചാരണം നടത്തുന്നതിലേക്ക് സിപിഎം ചുവടുമാറ്റി. ഇതേപോലെ ഗള്‍ഫ് കുടിയേറ്റത്തിനു പിന്നാലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മേധാവിത്വം ഇന്ത്യയില്‍ വര്‍ദ്ധിച്ചു വന്നതോടെ മുസ്ലിംകള്‍ക്കിടയില്‍ ദൃശ്യമായ വര്‍ദ്ധിച്ച മതപരത സാമൂഹ്യമായ ഉള്‍വലിയലിന്റെ ലക്ഷണമായിരുന്നു. വേഷങ്ങളിലും ആചാരങ്ങളിലും ഒക്കെ ദൃശ്യമാകുന്ന ഈ പ്രവണത സങ്കീര്‍ണമായ സാമൂഹ്യപ്രതിഭാസങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. മുസ്ലിംകള്‍ക്കിടയില്‍ ഒറ്റപ്പെടലും രോഷവും ശക്തിപ്പെട്ടുവന്ന ഈ ഘട്ടത്തില്‍ മതപുരോഹിതരുടെ സ്വാധീനം സമുദായത്തില്‍ ശക്തിപ്പെടുകയാണ് ഉണ്ടായത്. എണ്‍പതുകളില്‍ സ്ത്രീകളുടെ സ്വത്തവകാശം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ അതിശക്തമായ പ്രചാരണം നടത്തിയ സിപിഎം പില്‍ക്കാലത്ത് കടുത്ത സ്ത്രീവിരുദ്ധ നിലപാടുകളുള്ള സുന്നി നേതാവ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തെ ഒപ്പം ചേര്‍ത്തു. ഏറ്റവും ഒടുവില്‍ മുസ്ലിം ലീഗുമായി ബന്ധമുള്ള സമസ്തയിലെ ചില പുരോഹിതരും സിപിഎമ്മിന്റെ സഹയാത്രികരായി. സ്ത്രീകളുടെ സ്വത്തവകാശം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ മുന്‍കാലത്ത് ഉയര്‍ത്തിയിരുന്ന നിലപാടുകള്‍ ഉന്നയിക്കാതിരിക്കാന്‍ സിപിഎം ശ്രമിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ ദൈവനിഷേധികളാണെന്ന ആക്ഷേപത്തില്‍ നിശ്ശബ്ദത പാലിക്കാന്‍ മതമേധാവികളും ജാഗ്രത പുലര്‍ത്തി. തിരഞ്ഞെടുപ്പ് വിജയത്തിന് ഇത്തരമൊരു നിലപാട് ആവശ്യമാണെന്ന് സിപിഎം തിരിച്ചറിഞ്ഞത് എണ്‍പതുകളുടെ പകുതി മുതല്‍ക്ക് പാര്‍ട്ടിയുടെ സമീപനത്തില്‍ പ്രകടമായി.

എന്നാല്‍ 1971ലെ തലശ്ശേരി കലാപവും 80കളില്‍ നാദാപുരം പ്രദേശത്തുണ്ടായ മുസ്ലിം ലീഗ്-സിപിഎം ഏറ്റുമുട്ടലുകളും മാറാട്, വിഴിഞ്ഞം, പൂവ്വാര്‍, മട്ടാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളും കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തില്‍ ഇടര്‍ച്ചകള്‍ സൃഷ്ടിച്ചു. ഇസ്ലാമോഫോബിയ ഒരു രാഷ്ട്രീയപ്രശ്നമായി 21 നൂറ്റാണ്ടില്‍ ശക്തിപ്പെട്ടതിന്റെ അനുരണനങ്ങള്‍ കേരളത്തിലെ ഭൂരിപക്ഷ-ന്യൂനപക്ഷ സമൂഹങ്ങളില്‍ പ്രകടമായതിന്റെ ഉദാഹരണങ്ങളും ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നുണ്ട്.

മാപ്പിളമാരും കമ്മ്യൂണിസ്റ്റുകാരും തമ്മില്‍ കഴിഞ്ഞ 90 വര്‍ഷക്കാലം കേരളത്തില്‍ നിലനില്‍ക്കുന്ന സവിശേഷമായ ബന്ധത്തെ കുറിച്ചുള്ള ഈ പഠനത്തിന്റെ അവസാനഭാഗം ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന പുതിയ രാഷ്ട്രീയ വീക്ഷണങ്ങളെ കുറിച്ച് സൂക്ഷ്മ പരിശോധന നടത്തുന്നുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും പോലുള്ള രാഷ്ട്രീയ സംഘടനകള്‍ മുസ്ലിം ലീഗിനെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളും അതിനു കിട്ടുന്ന യുവാക്കള്‍ അടക്കമുള്ളവരുടെ പിന്തുണയും പരിശോധനാ വിധേയമാക്കുന്നുണ്ട്. മുതലാളിത്ത താല്‍പര്യങ്ങള്‍ക്ക് നിര്‍ണായകമായ സ്വാധീനമുള്ള ഒന്നായി സിപിഎം, പിണറായി വിജയന്റെ നേതൃത്വത്തില്‍ മാറിത്തീര്‍ന്നതിനെക്കുറിച്ചുള്ള വിശകലനം ഈ കൃതിയുടെ സവിശേഷതയാണ്. സിപിഎമ്മിന് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നഷ്ടമാകുന്നതും ടി പി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ സിപിഎം നേതൃത്വം ജനങ്ങള്‍ക്കുമുമ്പില്‍ തുറന്നുകാട്ടപ്പെട്ടതും ഗ്രന്ഥകാരന്‍ പരാമര്‍ശിക്കുന്നുണ്ട്. ക്രിമിനല്‍ മാഫിയാബന്ധമുള്ള ജീര്‍ണിച്ച സിപിഎം നേതൃത്വത്തിന്റെ പ്രവൃത്തികള്‍ സിപിഎമ്മിനെ മാത്രമല്ല, ഇടതുപക്ഷ രാഷ്ട്രീയത്തെയാകെ പ്രതിസന്ധിയിലാക്കുന്നുണ്ട് എന്നും കൃതിയില്‍ നിരീക്ഷിക്കുന്നുണ്ട്. മുസ്ലിം സമൂഹത്തിലെ സ്വത്വരാഷ്ട്രീയ സംഘടനകളുടെയും അംബേദ്കറൈറ്റ് രാഷ്ട്രീയം അടിസ്ഥാനമാക്കി ഉയര്‍ന്നുവരുന്ന ദലിത് സംഘടനകളുടെയും ബുദ്ധിജീവികളുടെയും ഇടപെടലുകളും ഭാവികേരളത്തില്‍ സൃഷ്ടിക്കാന്‍ ഇടയുള്ള സ്വാധീനത്തെ കുറിച്ചും ഗ്രന്ഥകാരന്‍ ചില നിഗമനങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും ചരിത്രാനുഭവങ്ങളെ സൂക്ഷ്മമായി വിശകലന വിധേയമാക്കുന്ന ഈ കൃതി ഗൗരവപൂര്‍വ്വം വായനയെ സമീപിക്കുന്നവര്‍ക്ക് വിലപ്പെട്ട അനുഭവമാണ് നല്‍കുന്നത്.

(മറുവാക്ക്‌)

 


 

മാപ്പിള ആന്റ് കോമ്രേഡ്‌സ്
എ സെഞ്ച്വറി ഓഫ് കമ്മ്യൂണിസ്റ്റ്-മുസ്ലിം റിലേഷന്‍സ് ഇന്‍ കേരള
എന്‍.പി. ചെക്കുട്ടി
അദര്‍ ബുക്‌സ്, കോഴിക്കോട്
പേജ് : 271
വില : 430 രൂപ

No Comments yet!

Your Email address will not be published.