Skip to main content

ഹലീല്‍ റഹ്‌മാന്‍ – കവിതയിലെ മധുരപതിനേഴുകാരന്‍

ഹലീല്‍ റഹ്‌മാന്റെ മലയാള സാഹിത്യ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പ്രസിദ്ധീകരിച്ച, കവിതാ സമാഹാരത്തിന്റെ പേര് ‘മധുരപനിയേഴുകാരന്‍’ എന്നാണ്. കൗമാരത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ശരീരത്തിന്റെ ആഴങ്ങളില്‍ നിന്നും പുറപ്പെട്ട് വരുന്ന മോഹങ്ങളുടെ ലാവയില്‍ ശരീരം മുഴുവന്‍ കത്തിയെരിയുമ്പോള്‍ ‘പ്രിയെ, നീ പകരാത്ത ചൂടിന്ന് പനി പകരുന്നു’ എന്ന് കവി എഴുതുമ്പോള്‍ അടക്കിവെച്ച, അടക്കിവയ്ക്കാന്‍ നാം നിര്‍ബന്ധിതര്‍ ആകുന്ന വൈകാരികതകള്‍ പനികളായി പുനരവതരിക്കുമ്പോള്‍ സുലൈമാനിയില്‍ അലിഞ്ഞ് അപ്രത്യക്ഷമാകുന്ന കല്‍ക്കണ്ടത്തുണ്ട് മാത്രമായി ജീവിക്കേണ്ടിവരുന്ന മനുഷ്യ നിസ്സഹായത വായനക്കാരിലേക്ക് പകരാന്‍ ഹലീലിന്റെ കവിതകള്‍ക്ക് കഴിയുന്നുണ്ട്. ഹലീലിന്റെ കവിതകള്‍ വലുപ്പം കൊണ്ട് ചെറുത് ആണെങ്കിലും വായനക്കാര്‍ക്ക്, അര്‍ത്ഥങ്ങളുടെ, വ്യാഖ്യാനങ്ങളുടെ വലിയൊരു ലോകം കണ്ടെത്താന്‍ മാത്രം ആഴങ്ങള്‍ ഉള്ളവയാണ്. അതുകൊണ്ടുതന്നെ ഓരോ വായനയും അനുവാചകരെ പുതിയൊരു ലോകത്തിലേക്ക് നയിക്കാനുള്ള ശേഷി അദ്ദേഹത്തിന്റെ കവിതകള്‍ക്ക് ഉണ്ട്. ജീവിതത്തെ താത്വികമായി വിശകലനം ചെയ്യുന്ന ഒരു ചിന്തകന്റെ നിശബ്ദമായ സാന്നിധ്യം അദ്ദേഹത്തിന്റെ കവിതകളില്‍ കാണാവുന്നതാണ്. അതുകൊണ്ടുതന്നെ ഒറ്റ വായനയില്‍ ഒരു തമാശ പോലെ തോന്നുന്നവ പോലും മറ്റൊരു സമയത്ത് നമ്മുടെ ചിന്തകളെ കുത്തി മുറിക്കുന്ന പുതിയൊരു വാസ്തവികതയിലേക്ക് നമ്മളെ നയിക്കും. നമ്മള്‍ പോലും അറിയാതെ നമ്മുടെയുള്ളില്‍ നടക്കുന്ന ഈ പരിവര്‍ത്തനത്തെ സൃഷ്ടിക്കാനുള്ള ഹലീല്‍ കവിതകളുടെ ശേഷിയാണ് ഈ കവിതകളേയും കവിയേയും വ്യത്യസ്തന്‍ ആക്കുന്നത്.

സമാഹാരത്തിലെ ആദ്യ കവിതയുടെ പേര് ‘കല്ലുരുട്ടിപ്രാന്തന്‍’ എന്നാണ്. മലയാളിയുടെ നാടോടിക്കഥാപാരമ്പര്യത്തിലെ സൂപ്പര്‍ ഹീറോകളില്‍ ഒരാളായ നാറാണത്ത് ഭ്രാന്തനെ കവിതയിലെ ആദ്യ വരികൊണ്ട് തന്നെ ഹലീല്‍ ഏറ്റവും ആധുനികന്‍ ആക്കി മാറ്റുകയാണ്.

ദീര്‍ഘനാള്‍ കല്ലുരുട്ടിയപ്പോള്‍
നാറാണത്തിന് മടുപ്പുതോന്നി

എന്ന വരികളിലെ ‘മടുപ്പുതോന്നി’ എന്ന വാക്കിലൂടെ എല്ലാ ആധുനിക മനുഷ്യരിലുമുള്ള നാറാണത്ത് ഭ്രാന്തനെ കവി വലിച്ചു പുറത്തിടുകയാണ്. സ്വന്തം തൊഴിലിടത്തില്‍, ജീവിതത്തില്‍, സൗഹൃദങ്ങളില്‍, രതിയില്‍ എല്ലാം മനുഷ്യര്‍ നേരിട്ട് കൊണ്ടിരിക്കുന്ന വിരസതയുടെ പാരമ്യത്തെ

ഇടതുകാലിലെ മന്ത്
വലതുകാലിലെത്തിയ പോലെ
ഇടത്തെച്ചെരുവിലെ കല്ല്
വലത്തെച്ചെരിവിലെത്തുന്നു

എന്ന വരികളിലേക്ക് എത്തുമ്പോള്‍ തൊഴിലിടം മാറിയും സുഹൃത്തുക്കളെ മാറ്റിയും, ഇണകളെ മാറ്റിയും പുതിയ അനുഭവങ്ങള്‍ തേടിയും വിരസതയുടെ കയങ്ങള്‍ നീന്തിക്കടക്കാന്‍ ശ്രമിച്ചിട്ടും വിരസതയുടെ നുകങ്ങളെ ഭേദിക്കാന്‍ കഴിയുന്നില്ലെന്ന തിരിച്ചറിവില്‍ ആവര്‍ത്തന വിരസതയുടെ വ്യൂഹങ്ങളെ തകര്‍ത്തു കൊണ്ട് ഒരുന്മാദിയാകാന്‍ കൊതിക്കുന്ന, സ്വന്തം ശരീരം തന്നെ ഒരു കല്ലാക്കിയുരുട്ടണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യരിലേക്ക് കവിത പരിണമിക്കുമ്പോള്‍ ‘നാമായിരിക്കാന്‍ നമ്മളെത്ര മോഹിക്കുന്നു’വെന്ന് കവിത നമ്മളോട് പറയുന്നു. കോര്‍പ്പറേറ്റ് തൊഴിലിടങ്ങളിലെ കമ്പ്യൂട്ടറുകള്‍ക്ക് മുന്‍പിലിരിക്കുന്ന മനുഷ്യരുടെ കീ ബോര്‍ഡുകള്‍ ഒരു നിമിഷം പോലും വിശ്രമിക്കാതെ ചലിച്ചു കൊണ്ടിരിക്കണമെന്നും അതിലെ ഓരോ ചലനങ്ങളും അകലങ്ങളില്‍ ഇരുന്നുകൊണ്ട് സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ജര്‍മി ബന്താം പറഞ്ഞതുപോലുള്ള പനോപ്ടിക്കോണ്‍ നിരീക്ഷണ റഡാറുകളിലെ ഒരു ലാറ്റിട്യൂട് ലോഞ്ചിട്യൂട് പോയിന്റില്‍ കുടുങ്ങിക്കിടക്കുന്ന മനുഷ്യര്‍ വാരാന്ത്യത്തില്‍ ‘സ്വന്തം ശരീരം തന്നെ കല്ലാക്കി’ ഉരുട്ടുമ്പോള്‍ അവര്‍ ജീവിതത്തിനും ആത്മഹത്യക്കും ഇടയിലുള്ള നൂല്‍പ്പാലം കടന്നു നീങ്ങുകയാണ്.
ആ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്

‘പടുകൂറ്റനായ ഈ ഭൂമി
ശൂന്യാകാശത്തിലൂടെ
ആരോ ഉരുട്ടി വിട്ട ശിലയാണ്’

നമ്മുടെ തന്നെ ജീവിതത്തില്‍ നമുക്കെത്രമാത്രം സ്വയം നിര്‍ണ്ണയ ശേഷികള്‍ ഉണ്ടെന്ന മൌലീകമായ ഒരു രാഷ്ട്രീയ ചോദ്യമാണ് കവിത വായനക്കാരോട് ചോദിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയിലൂടെ കടന്നുപോകുമ്പോള്‍ അതിന്റെ ഓരോ മുക്കിലും മൂലയിലും നിന്നും ഉയരുന്ന ആര്‍പ്പ് വിളികള്‍ സ്വതന്ത്ര പൌരന്മാരുടേത് ആണ്. ഭരണഘടനയുടെ ഓരോ പേജിലും ആര്‍ഷഭാരത ദേശഭാവനയെ എങ്ങനെ സ്ഥാപനപരമായി ഇല്ലാതാക്കി തല്‍സ്ഥാനത്ത് ഭരണഘടനാ മൂല്യബോധത്തോട് കൂടിയ ഒരു രാഷ്ട്രത്തെ (State) കെട്ടിപ്പടുക്കാം എന്ന അന്വേഷണമാണ് നമുക്ക് കാണാന്‍ കഴിയുക. അംബേദ്കര്‍ വിഭാവനം ചെയ്ത സ്വതന്ത്ര പരമാധികാര ജനാധിപത്യ മതേതര റിപ്പബ്ലിക്കിനെ അതിനകത്ത് ഇരുന്നുകൊണ്ട് കാര്‍ന്നു തിന്നുമ്പോള്‍ ആര്‍ഷഭാരത ദേശിയതയുടെ സ്വപ്നത്തിനകത്ത് ‘ആരോ’ ഉരുട്ടിവിട്ട ഒരു കല്ലായി നമ്മുടെ രാജ്യം തന്നെ മാറിപ്പോകുന്നു എന്ന തലത്തിലേക്കുള്ള വായനകള്‍ക്കും ഹലീലിന്റെ കവിത ഇടം നല്‍കുന്നു.

കീറ ജീന്‍സ് എന്നൊരു കവിതയുടെ അവസാനവരികള്‍ ഇങ്ങനെയാണ് :

‘രണ്ടു കീറ ജീന്‍സുകളിട്ട്
നാം അടുത്തടുത്തിരുന്നു.
കൂടുതല്‍ ചേര്‍ന്നിരിക്കുമ്പോള്‍
മുറിവുകള്‍
പരസ്പരം തുന്നപ്പെടുമോ’

കിഴക്കിന്റെ ചരിത്രത്തെ വിശകലനം ചെയ്ത ജര്‍മ്മന്‍ തത്വചിന്തകന്‍ ഹെഗല്‍ ഭാരതത്തിന് ചരിത്രമില്ലെന്നും നമ്മള്‍ ജാതിയുടെ കൊട്ടിയടച്ച തടവറകളില്‍ പരസ്പര വിനിമയങ്ങള്‍ ഇല്ലാതെ, ദേശീയത ഇല്ലാതെ ജീവിച്ച പ്രാകൃത ഗുഹാമാനുഷ്യര്‍ക്ക് തുല്യരായി ജീവിച്ചവര്‍ ആണെന്നാണ് കരുതിയത്. എന്നാല്‍ സ്വന്തം ജീവിതത്തില്‍ നമ്മുടെ കഷ്ടപ്പാടുകള്‍ക്ക് കാരണക്കാര്‍ ആരാണെന്ന തിരിച്ചറിവില്‍, ജാതിക്കും മതത്തിനും വര്‍ഗ്ഗത്തിനും ലിംഗത്തിനും അപ്പുറം മനുഷ്യര്‍ ഒന്നിച്ചു ചേരുമെന്ന സ്വപ്നമാണ് മാര്‍ക്‌സ് പങ്കുവെച്ചത്. വര്‍ഗ്ഗ ബോധത്തില്‍ നിന്നും ഉണ്ടാകുന്ന മഹത്തായ സാഹോദാര്യത്തെയാണ് മാര്‍ക്‌സ് മഹത്വവല്‍ക്കരിച്ചത്. കമ്യൂണിസം ആദ്യം സംഭവിക്കേണ്ടത് മനുഷ്യരുടെ മനസ്സുകളില്‍ ആണെന്ന തിരിച്ചറിവില്‍ ആകാം ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ‘സഹോദാര്യം’ എന്ന പദം കടന്നുവന്നത്. ബാസ്റ്റയില്‍ ജയിലിന്റെ പടുകൂറ്റന്‍ വാതായനങ്ങള്‍ തകര്‍ത്തുകൊണ്ട് ആയിരങ്ങള്‍ വന്ന ഫ്രെഞ്ച് വിപ്ലവകാരികള്‍ ജയിലിനുള്ളിലേക്ക് തള്ളിക്കയറിയപ്പോള്‍ ‘വിയര്‍പ്പിലും ചോരയിലും’ മുങ്ങിയ അവരുടെ കീറ ജീന്‍സുകള്‍ പറഞ്ഞിരുന്നു ‘അടുത്തിരുന്നാല്‍ നമ്മുടെ മുറിവുകള്‍ കൂടിച്ചേരുക തന്നെ ചെയ്യും.’ ഭരണകൂട വെടിയേറ്റ് തെരുവില്‍ മരിച്ച ഓരോ മനുഷ്യനും ധരിച്ചിരുന്നത് ഒരു കീറ ജീന്‍സ് ആയിരുന്നു. ഒറ്റ വാക്ക് കൊണ്ട് കവിതയുടെ ലോകത്തെ ലോകത്തോളം വലുതാക്കാനുള്ള അസാമാന്യ ശേഷി ഹലീലിന്റെ പേനയ്ക്കുണ്ട്.

‘സൂര്യനും താമരയും അഥവാ ചട്ടിയും കലവും’ എന്നൊരു കവിതയിലെ രണ്ടു വരികള്‍ വായനക്കാരെ ചിന്തകളുടെ മറ്റൊരു ലോകത്തിലേക്ക് നയിക്കാന്‍ ശക്തിയുള്ളവ ആണ്.

രാത്രികളേയില്ലാത്ത
സൂര്യനെങ്ങനെ
ആദ്യരാത്രിയും നിലാവുമറിയും…

രാത്രികള്‍ ഇല്ലാത്ത സൂര്യന് ആദ്യരാത്രിയുടെ സുഖവും നിലാവുള്ള രാത്രിയുടെ ശാന്തയും അന്യമാകുമ്പോള്‍ ആവര്‍ത്തനവിരസമായ ജീവിതങ്ങളുടെ മരുപ്പറമ്പുകളില്‍ സ്വന്തം ശരീരം തന്നെ കല്ലാക്കി ഉരുട്ടാന്‍ ആഗ്രഹിക്കുന്ന നാറാണത്ത് ഭ്രാന്തനനും സൂര്യനും തമ്മില്‍ കണ്ടു മുട്ടുന്ന നിമിഷമാണത്. ഈ തിരിച്ചറിവില്‍ നിന്നാണ് ഭ്രാന്തനും സൂര്യനും ഇടയില്‍ സാഹോദാര്യം ഉടലെടുക്കുന്നത്. ആ സാഹോദാര്യത്തില്‍ നിന്നാണ് വിപ്ലവങ്ങള്‍ പിറവി കൊള്ളുന്നത്. ഇരുട്ടില്ലാത്ത നിലാവില്ലാത്ത സൂര്യന് ഇരുട്ടും നിലാവും അനുഭവിക്കാന്‍ കഴിയണമെന്ന വലിയ സ്വപ്നമാണ് ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പറഞ്ഞപ്പോള്‍ അതില്‍ അന്തര്‍ലീനമായി കിടന്നത്. സൂര്യന് പ്രകാശിക്കാന്‍ മാത്രമേ കഴിയൂ.അതിന് ഒരിക്കലും ഇരുളും നിലാവും അനുഭവിക്കാന്‍ കഴിയില്ലെന്ന വരട്ടുവാദമാണ് പടിഞ്ഞാറന്‍ വംശീയവാദികളും ഇന്ത്യന്‍ ജാതിവാദികളും പറഞ്ഞത്. വംശീയ യൂജെനിക്‌സിന്റെ (Eugenics) തടവറകളെ ഭേദിച്ചവരാണ് അംബേദ്കറും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും മുഹമ്മദ് അലിയും ടൈസനും മാല്‍ക്കം എക്‌സും, ഫ്രാന്‍സ് ഫാനനും ഒക്കെ. ആവര്‍ത്തന വിരസമായ ജാതി ജീവിതത്തില്‍ കഴിഞ്ഞ സൂര്യന്മാരുടെ ജീവിതത്തിലേക്ക് ആദ്യ രാത്രികളും നിലാവും കൊണ്ടുവരാന്‍ ആണ് അംബേദ്കര്‍ ഭരണഘടനയിലൂടെ ശ്രമിച്ചത്. ഹലീല്‍ കവിതയുടെ ശക്തി ഇതാണ്. ആദ്യരാത്രിയും നിലാവും വായനക്കാരില്‍ ഉണ്ടാക്കുന്ന കുളിരുള്ള സുഖങ്ങളുടെ പുറകിലുള്ള വേദനിപ്പിക്കുന്ന നൂറ്റാണ്ടുകളിലൂടെ തുടരുന്ന ജാതിയുടെ വംശീയതയുടെ ജീവിതാനുഭവങ്ങള്‍ ഒളിപ്പിച്ചു വയ്ക്കാന്‍ കവിക്ക് കഴിയുന്നു എന്നതാണ് ഹലീലിനെ വേറിട്ട് നിര്‍ത്തുന്നത്.

ഈ കവിതാ സമാഹാരത്തിലെ മറ്റൊരു കവിതയാണ് ‘കാറോട്ടം’ എന്നത്. ജനാധിപത്യ സംവിധാനത്തിനകത്ത് എങ്ങനെയാണ് സാമൂഹ്യ നിയന്ത്രണം പ്രവര്‍ത്തിക്കേണ്ടത് എന്നതിന്റെ പ്രാധാന്യവും സാമൂഹ്യ നിയന്ത്രണത്തിനകത്ത് വ്യക്തികളുടെ കടമകള്‍ എന്തൊക്കെയാണ് എന്നതിലേക്ക് വായനക്കാരുടെ ചിന്തകളെ നയിക്കുന്ന കവിതയാണിത്.

സ്റ്റിയറിംഗ് കൈയിലേന്തുമ്പോള്‍
ഉള്ളിലൊരു കൊലപതകിയുണരും

വാഹനത്തെ ഒരമ്പാക്കിമാറ്റി
കാര്‍ക്കൂട്ടബഹളത്തിലൂടെ പറത്തി വിട്ടു
ബ്രേക്കിന്റെ സദാചാരത്തെ
ഗൌനിച്ചതെയില്ല.

സാമൂഹ്യ നിയന്ത്രണത്തില്‍ വ്യക്തിയുടെ പങ്കിനെ പറ്റി വാചാലര്‍ ആയവരാണ് തോമസ് ഹോബ്‌സ്, ജോണ്‍ ലോക്ക്, റൂസോ, എമിലി ഡര്‍ക്കൈം, മിഷേല്‍ ഫൂക്കോ, നാന്‍സി ഫ്രേസര്‍, അമര്‍ത്യ സെന്‍ ഒക്കെ. സാമൂഹ്യ നിയന്ത്രണത്തിലൂടെ സമൂഹത്തിലെ അധീശവര്‍ഗ്ഗങ്ങള്‍ മാത്രം സുഖിക്കുന്ന സംവിധാനമായിരുന്നു പടിഞ്ഞാറന്‍ വംശീയ സമൂഹങ്ങളും ഭാരതീയ ജാതി സമൂഹങ്ങളും. എന്നാല്‍ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് പോകാന്‍ കഴിയുന്ന പരമാവധിയിലേക്ക് പോകാന്‍ കഴിയുന്ന തരത്തില്‍ സാമൂഹ്യ നിയന്ത്രണത്തെ രൂപപ്പെടുത്തി എടുക്കാനാണ് ലിബറല്‍ ജനാധിപത്യം ശ്രമിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ സ്വപ്നം അതാണ്. ബ്രേക്കിന്റെ സദാചാരം എന്നത് വ്യക്തിയും സമൂഹവും അവരുടെ സ്ഥാപനപരമായ സംവിധാനങ്ങളും ഒരുപോലെ പ്രയോഗിക്കേണ്ട ഒന്നാണെന്ന ഉദാത്തമായ ചിന്തയാണ് ഹലീല്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നത്. മനുസ്മൃതിക്ക് അകത്ത് സാമൂഹ്യ നിയന്ത്രണത്തിന്റെ മാതൃകകള്‍ നമുക്ക് കാണാം.

Sundown Towns നെ നിലനിര്‍ത്തിയ ജിം ക്രോ നിയമങ്ങളില്‍ സാമൂഹ്യ നിയന്ത്രണങ്ങളുടെ മറ്റൊരു മാതൃക കാണാം. ഇന്ത്യന്‍ ഭരണഘടനയ്ക്ക് അകത്തും സാമൂഹ്യ നിയന്ത്രണത്തിന്റെ ഒരു മാതൃക നമുക്ക് കാണാം. ജാതിയും വംശവും കീഴാള മനുഷ്യരെ മൃഗതുല്യര്‍ ആക്കി മാറ്റി അവരുടെ മനുഷ്യരെന്ന സ്വത്വത്തെ പോലും നിഷേധിച്ചപ്പോള്‍ അത് തിരികെ കൊടുക്കാന്‍ ആണ് ഇന്ത്യന്‍ ഭരണഘടന ശ്രമിച്ചത്. അധികാര കേന്ദ്രങ്ങള്‍ പരസ്പരവും അവരുടെ പൌരന്മാരും തമ്മിലുള്ള ബന്ധത്തില്‍ എങ്ങനെയാണ് സാമൂഹ്യ നിയന്ത്രണം പ്രയോഗിക്കേണ്ടത് എന്നതിന്റെ ഉദാത്ത മാതൃകയാണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് അകത്തെ അധികാരവിഭജനം. പരസ്പരം അതിലംഘിക്കാതെ അവരവരുടെ അധികാരങ്ങള്‍ സമ്പൂര്‍ണ്ണമായി പ്രയോഗിക്കുമ്പോള്‍ സാമൂഹ്യ നിയന്ത്രണം സമൂഹത്തിന്റെ ക്ഷേമത്തെ പരമാവധിയാക്കി ഉയര്‍ത്തും എന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ തത്വം. ഇവിടെയാണ് ‘ബ്രേക്കിന്റെ സദാചാരം’ എന്ന ഹലീലിയന്‍ പ്രയോഗം വര്‍ത്തമാന ഇന്ത്യയുടെ ടാഗ് ലൈന്‍ ആയി മാറുന്നത്. അധികാര കേന്ദ്രങ്ങള്‍ പരസ്പര നിയന്ത്രണത്തില്‍ ഏര്‍പ്പെടാതെ അവരൊരു കാര്‍ട്ടല്‍ പോലെ പ്രവര്‍ത്തിക്കും എന്ന തിരിച്ചറിവില്‍ ആണ് ”ഞങ്ങള്‍ കള്ളവോട്ട് ചേര്‍ക്കും, ഇനിയും ചേര്‍ക്കും,വേണമെങ്കില്‍ കോടതിയില്‍ വാ, അവിടെ കാണാം ” എന്ന് ആളുകള്‍ പരസ്യമായി വെല്ലുവിളിക്കുന്നത്. ഭരണഘടന എത്ര മികച്ചത് ആണെങ്കിലും അത് കൈകാര്യം ചെയ്യുന്നവര്‍ക്ക് ധാര്‍മ്മികത ഇല്ലെങ്കില്‍ ജനാധിപത്യബോധം ഇല്ലെങ്കില്‍ മതേതര ബോധം ഇല്ലെങ്കില്‍ ഭരണഘടന വെറുമൊരു പുസ്തകം മാത്രമായി നില്‍ക്കും എന്ന് അംബേദ്കര്‍ പറഞ്ഞതിന്റെ തുടര്‍ച്ചയാണ് ‘ബ്രേക്കിന്റെ സദാചാരം’ എന്ന് ഹലീല്‍ പറയുന്നത്. അധികാരം ബ്രെക്കിനകത്ത് വേണം പ്രയോഗിക്കാന്‍. ബ്രേക്ക് സ്വയം അമരില്ല എന്നാണ് അംബേദ്കര്‍ പറഞ്ഞത്. ബ്രേക്കിന്റെ സദാചാരം എന്നത് എക്കാലത്തേക്കുമുള്ള മനുഷ്യ ജീവിതത്തെ മൂര്‍ത്തവല്‍ക്കരിക്കുന്ന ഒരു പ്രയോഗമാണ്.

ഈ കവിതാ സമാഹാരത്തില്‍ ഏതാണ്ട് എഴുപതോളം കവിതകള്‍ ഉണ്ട്. ഓരോ കവിതയും രാഷ്ട്രീയമായി വായിക്കാനുള്ള ഇടമൊരുക്കുന്ന കവിതകള്‍ ആണ്. രസിച്ചു വായിക്കാനും ചിന്തിച്ചു വായിക്കാനും വായനക്കാര്‍ക്ക് അവസരം കൊടുക്കുന്ന കവിതകളാണ് ഹലീലിന്റെ കവിതകള്‍. മനുഷ്യ ജീവിതത്തെ, അതിന്റെ മധുര്യങ്ങളെ, വേദനകളെ, മനുഷ്യരുടെ സൌഹൃദങ്ങളെ, ഏകാന്തതകളെ, അവരുടെ രാഷ്ട്രീയ കൂട്ടായ്മകളെ, ജീവിതം കൊണ്ട് പൊരുതുന്നതിനെ, മരണം കൊണ്ട് വിജയിക്കുന്നവരെ ഒക്കെ ഹലീല്‍ വരച്ചു വെക്കുന്നു. നിശബ്ദതകള്‍ എത്രമേല്‍ ശബ്ദമുഖരിതം ആണെന്ന് അദ്ധേഹത്തിന്റെ ചില കവിതകള്‍ സാക്ഷ്യം പറയുന്നു. മിക്ക കവിതകളിലും അന്തര്‍ലീനമായി വ്യഥ അനുഭവിക്കുന്ന മനുഷ്യരെ ആണ് നമുക്ക് കാണാന്‍ കഴിയുക. സൌഖ്യത്തില്‍ ഇരിക്കുമ്പോള്‍ പോലും നമുക്കുള്ളില്‍ വളര്‍ന്നു പന്തലിച്ചു കിടക്കുന്ന അന്യതാബോധത്തിന്റെ ഭാരം ഹലീലിന്റെ മിക്ക കവിതകളിലും മറഞ്ഞു കിടക്കുന്നതായി കാണാം. അദ്ധേഹത്തിന്റെ തന്നെ വരികള്‍ ഉദ്ധരിച്ച് ഞാനീ കുറിപ്പ് അവസാനിപ്പിക്കട്ടെ.

ആദ്യമായി രുചിച്ച മുലപ്പാല്‍മധുരങ്ങള്‍
എത്രയോ അകലെയായിരിക്കുന്നു
മടക്കമില്ലാത്ത വിധം.

നമ്മുടെയൊക്കെ ലോകത്തിലെ സന്തോഷങ്ങള്‍ മടക്കമില്ലാത്ത ഒരിടത്തേക്ക് വേഗത്തില്‍ മറയുന്ന കാലത്ത് മനോഹരമായ കവിതകള്‍ കൊണ്ട് നമ്മുടെ വേദനകളെ കുറയ്ക്കാന്‍ മുറിവുകള്‍ ഉണക്കാന്‍ ഹലീല്‍ പുതു കവിതകളുമായി വരട്ടെ എന്നാശംസിക്കുന്നു.

 


 

മധുരപ്പനിയേഴുകാരന്‍
ഹലീല്‍ റഹ്‌മാന്‍
പ്രസാധകര്‍ : മലയാള സാഹിത്യ അക്കാദമി & റിസര്‍ച്ച് സെന്റര്‍
വില : 210 രൂപ

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.