Skip to main content

ജൂലൈ 16: മുന്‍ മുഖ്യമന്ത്രിയും യുക്തിവാദിയും ധീരനുമായ അച്ഛന്റെ, അതിലും പ്രശസ്തനായ മകന്‍ കെ. ബാലകൃഷ്ണന്‍ ഓര്‍മ്മദിനം

മുന്‍ മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമരസേനാനിയും യുക്തിവാദിയും ആദര്‍ശധീരനുമായ രാഷ്ട്രീയനേതാവ് സി.കേശവന്റെ യുക്തിവാദിയായ മകന്‍, ഉജ്ജ്വല വാഗ്മി, ബുദ്ധികൂര്‍മതയുള്ള ഊര്‍ജസ്വലനായ പാര്‍ലമെന്റേറിയന്‍, കേരളം കണ്ട പ്രഗത്ഭനായ പത്രപ്രവര്‍ത്തകന്‍, സരസനായ സാഹിത്യകാരന്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങളുള്ള വ്യക്തിയാണ് കെ.ബാലകൃഷ്ണന്‍ (1924 – 1984).

മലയാള പത്രപ്രവര്‍ത്തനരംഗത്ത് പൊതുവേയും, വാരികാശാഖയില്‍ പ്രത്യേകിച്ചും പുതിയൊരു വഴിത്തിരിവായ ‘കൗമുദി’ വാരിക 1949ല്‍ പ്രസിദ്ധീകരിച്ചു. സത്യം തുറന്നുപറഞ്ഞ് സ്വതന്ത്രരാകാന്‍ തന്റെ തലമുറയോട് ഈ പത്രാധിപര്‍ ആവശ്യപ്പെട്ടു. അങ്ങനെ, കാലം ആവശ്യപ്പെടുന്നത് ചെയ്യാനുള്ള വേദിയായി കൗമുദിയെ മാറ്റി. യഥാര്‍ത്ഥ പത്രധര്‍മ്മം നിറവേറ്റാന്‍ അദ്ദേഹം തയ്യാറായി. കെ.ബാലകൃഷ്ണന്‍ എഴുതിയ മുഖപ്രസംഗങ്ങള്‍ കൗമുദിയുടെ മൂല്യവും അന്തസും ഉയര്‍ത്തി. കൗമുദിക്കുറിപ്പുകള്‍ എന്ന ശീര്‍ഷകത്തില്‍ എഴുതിയ മുഖപ്രസംഗങ്ങള്‍ അന്ന് ചിന്തിക്കുന്നവരെയെല്ലാം വശീകരിച്ചു. പലതും രാഷ്ടീയവേദികളില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചു.

ഗൗരവമേറിയ ഒരു സിനിമ ഇറങ്ങിയാല്‍ നാടകം ഉണ്ടായാല്‍ അതിനെക്കുറിച്ച് കെ.ബാലകൃഷ്ണന്‍ എന്തു പറയുന്നു, കൗമുദി എന്തു പറയുന്നു എന്ന് ആസ്വാദകന്‍ അന്വേഷിക്കുമായിരുന്നു. ആരേയും പ്രീതിപ്പെടുത്താതെ വെട്ടിത്തുറന്നുള്ള നിഷ്പക്ഷമായ അഭിപ്രായങ്ങള്‍ക്ക് വലിയ അഗീകാരവും ആദരവുമാണ് ലഭിച്ചത്. എഴുതിത്തുടങ്ങുന്ന പുതിയ പ്രതിഭകളെ പത്രാധിപര്‍ പ്രത്യേകം ശ്രദ്ധിക്കുകയും വലിയ പ്രോത്സാഹനം കൊടുക്കുകയും ചെയ്തു. കേസരിയും കുട്ടികൃഷ്ണമാരാരും മുണ്ടശ്ശേരിയും അഴീക്കൊടും ബഷീറും ദേവും തകഴിയും ലളിതാംബിക അന്തര്‍ജനവും എം.ടിയും ജീയും വയലാറും ഒ.എന്‍.വിയും പട്ടത്തവിളയും കെ.പി. അപ്പനും തുടങ്ങി മലയാളത്തിലെ എഴുത്തുകാരെല്ലാം കൗമുദിക്കുവേണ്ടി എഴുതി.

കൗമുദി തുടക്കം മുതല്‍ തന്നെ പുറത്തിറക്കിയ ഓണം വിശേഷാല്‍ പതിപ്പുകള്‍ വലിയ ശ്രദ്ധ നേടി. എഴുത്തുകാരോട് യാതൊരു വിവേചനവും ഈ പത്രാധിപര്‍ കാട്ടിയില്ല. ചൂടപ്പംപോലെ വിറ്റഴിഞ്ഞ 1964ലെ ഓണം വിശേഷാല്‍ പതിപ്പിന് രണ്ടാം പതിപ്പ് പോലും ഇറക്കേണ്ടി വന്നു. ആരേയും പ്രീതിപ്പെടുത്താതെ വെട്ടിത്തുറന്നുള്ള നിഷ്പക്ഷമായ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് വലിയ അഗീകാരവും ആദരവുമാണ് ലഭിച്ചത്.

മലയാളത്തില്‍ ‘പത്രാധിപരോടു ചോദിക്കുക’ എന്ന പംക്തിക്ക് തുടക്കമിട്ടത് ബാലകൃഷ്ണനാണ്. ആ പംക്തിയില്‍ നിറഞ്ഞു നിന്ന രാഷ്ട്രീയപ്രവര്‍ത്തകനും ചിന്തകനും ധിക്കാരിയും ഏകാകിയും യുക്തിവാദിയും കവിയുമൊക്കെയായ ബാലകൃഷ്ണന്‍ ഒരു കാലഘട്ടത്തിന്റെയാകെ ആരാധനാ വിഗ്രഹമായിരുന്നു.

ഇന്നത്തെ ‘ബ്രേക്കിങ് ന്യൂസ്’ ആദ്യം അവതരിപ്പിച്ചതും ബാലകൃഷ്ണനാണ്. ആലപ്പുഴ ടിബിയില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പരമരഹസ്യമായി ഒരുയോഗം ചേര്‍ന്നപ്പോള്‍, അവിടെ കാവലിനായി പ്രത്യേകം വിശ്വസ്തരായ പോലീസുകാരെ കണ്ടെത്തി നിര്‍ത്തിയിട്ടും പിറ്റേ ദിവസത്തെ കേരളകൗമുദിയില്‍ വര്‍ക്കിങ് കമ്മറ്റിയില്‍ നടന്നതെല്ലാം വള്ളിപുള്ളി വിടാതെ ബാലകൃഷ്ണന്‍ എഴുതിയ സംഭവം അതില്‍ ഒരു ഉദാഹരണമാണ്. 1957-ലെ ഇ.എം.എസ്. മന്ത്രിസഭയുടെ ആദ്യ ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുംമുമ്പ് ‘കൗമുദി പത്രത്തില്‍ പ്രസിദ്ധീകരിച്ചത് വന്‍ വിവാദമായിരുന്നു.

 

സി.പി.രാമസ്വാമി അയ്യരുടെ കിരാതഭരണത്തിന് എതിരെ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴും പിന്നീടും ധീരവും സാഹസികവുമായ നിരവധി സമരങ്ങള്‍ അദ്ദേഹം നയിച്ചിട്ടുണ്ട്. 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരം മുതല്‍ ജീവിതത്തിലുടനീളം പല സമരങ്ങളില്‍ പങ്കെടുത്ത് നിരവധിതവണ ജയിലിലായിട്ടുണ്ട്. അച്ഛനും മകനും ഒരേസമയം തന്നെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോഴും കെ ബാലകൃഷ്ണന്‍ ജയിലില്‍ ആയിരുന്നു. 1954ല്‍ തിരു-കൊച്ചി സംസ്ഥാനത്ത് തിരുവനന്തപുരം ഒന്നാം നിയോജകമണ്ഡലത്തില്‍ നിന്ന് ആര്‍.എസ്.പി. സ്ഥാനാര്‍ത്ഥിയായി വിജയിച്ച അദ്ദേഹം എം.എല്‍.എ ആയി. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന പേരും സ്വന്തമാക്കിയിരുന്നു. 1971-ല്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്നു സുശീലാ ഗോപാലനെ പരാജയപ്പെടുത്തി ലോക് സഭാംഗമായി.

കൗമുദി കുടുംബത്തില്‍ പിറന്നതിനാല്‍ കുട്ടിക്കാലം മുതല്‍ അച്ചടിയും പത്രങ്ങളും കണ്ടാണ് ബാലകൃഷ്ണന്‍ വളര്‍ന്നത്. മുത്തച്ഛന്‍ സി.വി കുഞ്ഞുരാമന്‍, അച്ഛന്‍ സി.കേശവന്‍ അമ്മാവന്‍ കെ.സുകുമാരന്‍ എന്നിവരെല്ലാം പത്രം നടത്തിയവരായിരുന്നു. തലമുറയായി വലിയ പത്രാധിപന്മാരായിരുന്നു. അതില്‍നിന്നെല്ലാം വ്യത്യസ്തമായി ചെറുപ്പമാണെങ്കിലും പക്വമായ അറിവും ഉന്നതമായ ഭാവനാശേഷിയും ദൃഢബോദ്ധ്യങ്ങളുമുണ്ടായിരുന്ന കെ ബാലകൃഷ്ണന്‍ എന്ന പത്രാധിപരുടെ ഭാവനയും കരവിരുതും ഓരോ പേജിലും ഉണ്ടായിരുന്നു. സ്വതന്ത്രവും ധീരവുമായ അഭിപ്രായങ്ങളിലൂടെ കൗമുദി പതുക്കെപ്പതുക്കെ മലയാളക്കരയിലെ വായനക്കാരെ രസിപ്പിച്ചും ചിന്തിപ്പിച്ചും പ്രകോപിപ്പിച്ചും കീഴടക്കി. ഒറ്റയാള്‍ പട്ടാളം പോലെ എഡിറ്റര്‍ ആഴ്ചപ്പതിപ്പില്‍ നിറഞ്ഞു നിന്നു.

1924 ഓഗസ്റ്റ് 12-ന് സി.കേശവന്റെയും ശ്രീമതി വാസന്തിയുടെയും മകനായി തിരുവനന്തപുരത്ത് ജനനം. പഠിക്കാന്‍ സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു. തിരുവനന്തപുരത്ത ആര്‍ട്സ് കോളേജില്‍ ഇന്റര്‍മീഡിയറ്റിനും മധുര അമേരിക്കന്‍ കോളെജില്‍ ധനതത്ത്വശാസ്ത്രവും പഠിച്ചു. 1947-ല്‍ തിരുവനന്തപുരം ലോ കോളേജില്‍ ചേര്‍ന്നു. തിരുവനന്തപുരത്തു പൊന്നറ ശ്രീധറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഒരു യോഗത്തില്‍ ”നെഹ്‌റുവിന്റെ ചോരത്തുള്ളികളില്‍നിന്നും ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ ബ്രിട്ടീഷുകാരെ താങ്ങി നിര്‍ത്തുന്ന നാട്ടുരാജ്യങ്ങളിലെ കിരീടംവച്ച തലകള്‍ പറന്നുപോകും” എന്നു പ്രസംഗിച്ചതിന്റെ പേരില്‍ ലോ കോളേജില്‍നിന്നു പുറത്താക്കപ്പെട്ടു.

പന്ത്രണ്ടാം വയസില്‍ പൊതുയോഗത്തില്‍ പ്രസംഗിച്ചു തുടങ്ങിയ ആളാണ് ബാലകൃഷണന്‍. ഇന്‍ഡ്യന്‍ പാര്‍ലമെന്റില്‍ വരെ എത്തിയ ആ പ്രസംഗങ്ങളില്‍ അധികവും അച്ഛന്റെ പ്രസംഗങ്ങളെപ്പോലെ തന്നെ വിവാദങ്ങളുമായിരുന്നു. രണ്ടുപേരും രാഷ്ട്രീയമായി എതിര്‍ ചേരിയില്‍ ആയിരുന്നെന്ന് മാത്രം.

പുന്നപ്ര-വയലാര്‍ കേസിലെ പ്രതികളെ മോചിപ്പിക്കാനായി നടത്തിയ ജയില്‍ വിമോചനസമരത്തെ മുന്നില്‍ നിന്ന് നയിക്കാനും ബാലകൃഷണനുണ്ടായിരുന്നു. കുറച്ചുകാലം കെ.എസ്.പി.യുടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. രാഷ്ട്രീയത്തില്‍ എന്നും അദ്ദേഹം എന്‍.ശ്രീകണ്ഠന്‍ നായരുടെ അനുയായി ആയിരുന്നു. 1949-ല്‍ കേരളത്തില്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ടിയുടെ രൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ചു.

രാഷ്ട്രീയക്കാരനായ ബാലകൃഷ്ണനെ പിതാവ് സി കേശവന്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ബാലകൃഷ്ണന്റെ പ്രാഗത്ഭ്യങ്ങള്‍ക്കുള്ള സി.കേശവന്റെ അംഗീകാരമാണ് അദ്ദേഹത്തിന്റെ ‘ജിവിതസമരം‘ എന്ന ആത്മകഥയുടെ അവതാരിക ബാലകൃഷ്ണനെ കൊണ്ട് എഴുതിച്ചത്.

അനിയന്ത്രിതമായ മദ്യപാന ശീലം അദ്ദേഹത്തിന്റെ ആരോഗ്യം തകര്‍ത്തു. 1984 ജൂലായ് 16-ന് മസ്തിഷ്‌കജ്വരം ബാധിച്ച് കെ.ബാലകൃഷ്ണന്‍ അന്തരിച്ചു.

പ്രധാന കൃതികള്‍ : കാലയളവ് ഒരു വര്‍ഷം, മധുവിധു പ്രേമം, നിറമില്ലാത്ത മാരിവില്ല്, വിടരാത്ത പൂമൊട്ട്, ധൂമരശ്മി, സഹ്യാദ്രിസാനുക്കളില്‍, നനഞ്ഞുപോയി, എങ്കിലും ജ്വാല (ആത്മകഥ).

No Comments yet!

Your Email address will not be published.