Skip to main content

കുല്‍ദീപ് നയ്യാറും പീര്‍സാഹബും

Attari – Wagah Border

2018 ആഗസ്ത് 23ന് ദിവംഗതനായ പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാറിനോടൊപ്പമുള്ള ഗുല്‍സാറിന്റെ ഓര്‍മ്മകളില്‍ പൊയ്‌പോയ ഒരു സമ്മിശ്രസംസ്‌ക്കാരത്തിന്റെ അലയടികള്‍ കേള്‍ക്കാം…

ഒരു വെള്ളിയാഴ്ചയാണെന്നാണ് ഓര്‍മ്മ. 1998 ആഗസ്റ്റ് 14ലെ സായാഹ്നം. കുല്‍ദീപ് നയ്യാറും ഞാനും വാഗാ അതിര്‍ത്തിയിലേക്ക് കാറോടിച്ച് പോകുന്നു.

വര്‍ഷങ്ങളായി നയ്യാര്‍സാബിന് ഇത് പതിവാണ്. ഓരോ ആഗസ്റ്റ് 14നും കവികള്‍, കലാകാരന്മാര്‍, ബുദ്ധിജീവികള്‍ എന്നിവരടങ്ങുന്ന തന്റെ സുഹൃദ്‌വലയവുമായി ചേയ്ഞ്ച് ഓഫ് ഗാര്‍ഡിന് മുമ്പേതന്നെ അതിര്‍ത്തിയിലെത്തുന്നു. ഇരുരാജ്യങ്ങളുടേയും പതാകകള്‍ താഴ്ത്തിക്കെട്ടുമ്പോള്‍ ഇന്‍ഡോ-പാക്ക് മൈത്രിയുടെ മുദ്രാവാക്യങ്ങള്‍കൊണ്ട് അന്തരീക്ഷം മുഖരിതമാകുന്നു. അര്‍ദ്ധരാത്രികഴിഞ്ഞ് ഘടികാരം പുതുപുലരിയുടെ ആഗമനം വിളിച്ചറിയിക്കുന്നത് വരെ മെഴുകുതിരികള്‍ കത്തിച്ച് ജാഗരണം. ഇങ്ങനെയാണ് അദ്ദേഹം സുഹൃത്തുക്കളോടൊപ്പം ഒരു രാത്രിയുടെ വ്യത്യാസത്തില്‍ ഇരട്ടപെറ്റ രണ്ടു സ്വതന്ത്രരാജ്യങ്ങളുടെ പിറവി ആഘോഷിക്കുന്നത്.

വാഗായിലേക്കുള്ളത് വളവും തിരിവും അശേഷമില്ലാത്ത ഋജുവായ നിരത്ത്. അസ്തമനം കഴിഞ്ഞ് ഇരുട്ടിന് കനം കൂടിവരുന്നു.

നയ്യാര്‍സാബ് പറയുകയായിരുന്നു, ”ചെക്ക്‌പോസ്റ്റ് പോലുള്ള പ്രതിബന്ധങ്ങളൊന്നുമില്ലായിരുന്നുവെങ്കില്‍ ഇതേ റോഡിലൂടെ നേരേ പാക്കിസ്താനിലേക്ക് വിട്ടേനെ. അത് കൊണ്ട് ആര്‍ക്കെന്ത് ചേതം? ഞാന്‍ കക്കാനോ കൊള്ളയടിക്കാനോ അല്ല പോകുന്നത്. കൊള്ളയടിക്കണമെങ്കില്‍ അതിവിടെയും ആകാമല്ലോ… കൊള്ളയടിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും ബാഹ്യശക്തികളുടെ ആവശ്യമേ ഇല്ല.”

ഞങ്ങളുടെയിടയില്‍ മൗനത്തിന്റെ കവചം.
ദീര്‍ഘവിരാമത്തിന് ശേഷം നയ്യാര്‍സാബ് തുടര്‍ന്നു, ”അത് എന്റെയും ജന്മനാടാണ്! എന്റെ ജീവിതത്തിന്റെ ഒരു വലിയ അംശം ഇന്നും അവിടെ ജീവിക്കുന്നു.”

എന്റെ കണ്ണുകളില്‍ ചോദ്യചിഹ്നം പുരികക്കൊടിയുയര്‍ത്തുന്നത് നിരീക്ഷിച്ചതിന് ശേഷം അദ്ദേഹം വിശദീകരിച്ചു: ”എന്റെ സ്‌കൂള്‍, മദ്രസ്സ എല്ലാം അവിടെ. ആദ്യത്തെ ഗുരു മാസ്റ്റര്‍ ദീനാനാഥ്. പിന്നെ മൗലവി ഇസ്മായീല്‍. ഞാന്‍ കൂട്ടിവായിക്കാന്‍ പഠിച്ച അക്ഷരമാല, സ്‌കൂള്‍സഞ്ചി എല്ലാം അതൃത്തിക്കപ്പുറം. വേരുകളെല്ലാം ആ മണ്ണില്‍. മുറിച്ച ചില്ലകള്‍മാത്രം കൂടെ പോണു.”

നയ്യാര്‍ സാബിന്റെ സ്വരത്തില്‍ ഒരുകാലത്ത് തന്റെ വീട് നിന്നിരുന്ന ആ മണ്ണിനെക്കുറിച്ചുള്ള ആദരവ് കലരുന്നു. ചിന്തകള്‍ മുഴുവന്‍ സിയാല്‍ക്കോട്ടിനെ ചുറ്റിപ്പറ്റിയായി: ”അമ്മാവന്മാര്‍, വലിയച്ഛന്‍, ചിറ്റപ്പന്‍ എല്ലാവരുടേയും വീടുകള്‍ നിരയായി ഒരേ തെരുവില്‍. വീടുകളുടെ തൊട്ട്മുന്നില്‍ അതിര്‍വരമ്പുകളൊന്നുമില്ലാത്ത തുറന്ന സ്ഥലം. എല്ലാവര്‍ക്കും യഥേഷ്ടം വിഹരിക്കാന്‍ പറ്റിയ ഇടം. തുറന്നസ്ഥലത്തിന്റെ അങ്ങേയറ്റത്ത് വലിയ ഇലകളുള്ള കൂറ്റന്‍ ആല്‍മരം. മരത്തിന്റെ ഏറ്റവും അടുത്തത് ഞങ്ങളുടെ വീട്. നിബിഢമായ വൃക്ഷത്തിന്റെ താഴെ അടയാളമിടാത്ത ഒരു പഴയ ശവകുടീരം. ആ മണ്‍കൂനക്കുള്ളില്‍ ആരുടെ ഭൗതികാവശിഷ്ടമാണ് അടക്കം ചെയ്തിരിക്കുന്നതെന്ന് ആര്‍ക്കും കൃത്യമായി അറിയില്ല. അമ്മ മാത്രം പറയും, പീര്‍ബാബ അന്ത്യനിദ്രകൊള്ളുകയാണെന്ന്.

ആലിന്റെ തായ് മരത്തില്‍ സിന്ദൂരം തൊട്ടതിന് ശേഷം അമ്മ ശവക്കല്ലറയില്‍ മണ്‍ചിരാത് കൊളുത്തിവെക്കും. ആല്‍മരത്തിനുള്ള വഴിപാട് കഴിഞ്ഞിട്ട് പീര്‍ബാബക്കും ഒരു വഴിപാട്. വീട്ടിലെന്തെങ്കിലും അപരിഹാര്യമായ പ്രശ്‌നമുണ്ടെങ്കില്‍ ആല്‍മരത്തില്‍ പീര്‍ബാബക്കഭിമുഖമായി ചാരിനിന്ന് അമ്മ മണിക്കൂറുകളോളം സംസാരിക്കും. ചിലനേരങ്ങളില്‍ പൊട്ടിക്കരഞ്ഞ് അശ്രുവിലൂടെ മനസ്സിലെ ഭാരം മുഴുവന്‍ ഇറക്കിക്കഴിഞ്ഞതിന് ശേഷം ഹൃദയത്തില്‍ പീര്‍ബാബായേയും ആവാഹിച്ച് വീട്ടിലേക്ക് മടങ്ങും. പാവം പീര്‍ബാബാ! അദ്ദേഹത്തിന് ഒരിക്കലും വിശ്രമമില്ല. ഏത് നേരത്തും അമ്മയുടെ വിളിയെത്താം.

പരീക്ഷക്കാലത്ത് അമ്മ പറയും, ”പീര്‍സാഹബിനെ വന്ദിച്ച് അനുഗ്രഹം വാങ്ങിയിട്ടേ പോകാവൂ.” പരീക്ഷയായാലും ഉത്സവമായാലും വിയോഗമായാലും പീര്‍സാഹബിന്റെ നിറഞ്ഞുനില്‍ക്കുന്ന സാന്നിധ്യം.

തനി നാടന്‍ പഞ്ചാബിയിലായി നയ്യാര്‍സാബിന്റെ കഥനം. ക്ലേശകരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍, പ്രയാസമുള്ള തീരുമാനങ്ങളെടുക്കാന്‍, എന്തിനും അമ്മക്ക് പീര്‍ബാബയുടെ ഉപദേശം വേണം. ഞങ്ങള്‍ക്ക് ഉത്തരങ്ങളൊന്നും കിട്ടിയിരുന്നില്ലെന്കിലും അമ്മക്ക് കൃത്യമായ സൂചനകള്‍ ലഭിച്ചിരുന്നു. പീര്‍സാഹബ് സ്വപ്നത്തില്‍ വന്ന് എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് കൊടുക്കും.

വാഗാ അതിര്‍ത്തിയെത്തി. സൂര്യന്‍ ചക്രവാളത്തില്‍ മറയാന്‍ പോകുന്നു. പിന്‍വാങ്ങല്‍ ചടങ്ങിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടേയും ദേശീയ ധ്വജങ്ങള്‍ താഴ്ത്തിക്കെട്ടിക്കഴിഞ്ഞിരിക്കുന്നു. പാക്കിസ്താന്‍ ഭാഗത്ത് ഏതാനും പേരുണ്ട്. ഇവിടേയും വിരലിലെണ്ണാവുന്നവര്‍. അഭിനേതാവ് രാജ് ബബ്ബറും എത്തിക്കഴിഞ്ഞു. പ്രശസ്ത അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അസ്മാ ജഹാംഗീര്‍ എത്തേണ്ടതായിരുന്നു. പാക്കിസ്ഥാന്‍ ഭരണകൂടം അവരെ തടഞ്ഞുവെന്നാണറിഞ്ഞത്. മണി പന്ത്രണ്ടടിച്ചപ്പോള്‍ ഞങ്ങള്‍ അതിര്‍ത്തിയില്‍ നിരയായി മെഴുകുതിരികള്‍ കത്തിച്ചു. ആരൊക്കെയോ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. അന്തരീക്ഷത്തില്‍ മൈത്രിയുടെ ഏതാനും മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ട് നിരുദ്ധകണ്ഠരായി ഞങ്ങള്‍ മടങ്ങി.

അടുത്തദിവസം ഡെല്‍ഹിയിലേക്കുള്ള മടക്കയാത്രയില്‍ സിയാല്‍ക്കോട്ടിലേക്കുള്ള ഇഴകള്‍ കൂട്ടിയോജിപ്പിക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തി, ”നയ്യാര്‍സാബ്, താങ്കളുടെ അമ്മ പീര്‍ബാബയെ സ്വപ്നത്തില്‍ കണ്ടിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ രൂപം എങ്ങനെ എന്ന് താങ്കള്‍ ചോദിച്ചിട്ടുണ്ടോ?”

ഒരു പ്രത്യേക മാനസിക അവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി പരന്നു. ‘ഇന്‍വെസ്റ്റിഗേറ്റിവ് ജര്‍ണലിസ്റ്റായിട്ടാണ് ഞാന്‍ ജീവിതവൃത്തി തുടങ്ങിയത്. ചോദ്യങ്ങള്‍ ചോദിക്കുക എന്നത് സഹജം. ഞാന്‍ ചോദിക്കുകയും ചെയ്തു. അത്ഭുതമെന്ന് പറയട്ടെ, അമ്മ പറഞ്ഞ അതേ പടി ഞാന്‍ പീര്‍സാഹബിനെ കാണുകയും ചെയ്തു.”

”കണ്ടെന്നോ …… അതായത് ……… നിങ്ങള്‍…. ശരിക്കും അദ്ദേഹത്തെ കണ്ടുവോ?”

ആ മുഖത്തെ പുഞ്ചിരി മായാതെ തന്നെ നിന്നു. ‘1975ല്‍ ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ബന്ധനസ്ഥരായവരില്‍ ഒരാള്‍ ഞാനായിരുന്നു. അതും ഒരു വെള്ളിയാഴ്ച്ച. ഇന്നും നല്ല ഓര്‍മ്മയുണ്ട്. ജൂലായ് 24. എന്നെ തിഹാര്‍ ജയിലിലാണ് അടച്ചത്. എന്റെ കാരാഗൃഹവാസം ചുരുങ്ങിയ കാലാവധിക്കുള്ളില്‍ തീരുമെന്നും ഉടനെ സ്വതന്ത്രനാകുമെന്നും ജയിലര്‍ എന്നോട് പറഞ്ഞു. ആരാണ് ഉത്തരവ് പുറപ്പെടുവിച്ചത് എന്ന ചോദ്യത്തിന് അയാള്‍ ഒറ്റ വാക്കില്‍ പറഞ്ഞു, ”മാഡം’. മോചനത്തിന്റെ ഒരു സൂചനയുമില്ലാതെ ദിനങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു. ഞാന്‍ ജയിലറോട് പത്രങ്ങളും മാസികകളും ആവശ്യപ്പെട്ടു. അയാള്‍ മാന്യനായിരുന്നു. ഒരു മേശയും ടേബിള്‍ ലാമ്പും കൂടി ഒരുക്കിത്തന്നു.

‘തടവുകാലം ഒച്ചിന്റെ വേഗതയില്‍ നീങ്ങുന്നു. സഹികെട്ട് ഞാനൊരു ദിവസം ചോദിച്ചു, എന്നെ എന്നാണ് മോചിപ്പിക്കുന്നതെന്ന്.”

ഞാന്‍ മൗനിയായി കേട്ടുകൊണ്ടിരുന്നു. നയ്യാര്‍ സാബ് നിശബ്ദനായി എന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ അമൃത്സര്‍ വിമാനത്താവളത്തിലെ ലോഞ്ചില്‍ ഇരിക്കുകയാണ്. പെട്ടെന്ന് എന്റെ നാവില്‍നിന്നും വാക്കുകള്‍ പുറത്തേക്ക് വന്നു, ”ആരോട് ചോദിച്ചു?”

”പീര്‍സാഹബിനോട് തന്നെ.”

”അദ്ദേഹം എന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. കണ്ണങ്കാലുവരെയെത്തുന്ന പച്ചക്കുപ്പായവും വെളുത്ത് നീണ്ട താടിയും. അമ്മ പറഞ്ഞ അതേ രൂപത്തില്‍. ശിരസ്സ് മറച്ചിരുന്നുവോയെന്ന് ഓര്‍മ്മയില്ല.”

”അദ്ദേഹം എന്താണു പറഞ്ഞത്?”

”വ്യാഴാഴ്ച്ച ഞാന്‍ പുറംലോകം കാണുമെന്ന്.”

”പീര്‍സാഹബ് വേറേ എന്തെങ്കിലും പറഞ്ഞോ?”

”പറഞ്ഞു. ‘കുഞ്ഞേ നല്ലോണം തണുപ്പുണ്ട്. നിന്റെ ഷാള്‍ എനിക്കു തരൂ’ എന്ന്.”

”അങ്ങനെ നിങ്ങളെ വ്യാഴാഴ്ച്ച സ്വതന്ത്രനാക്കി…?”

”അങ്ങനെയല്ല സംഭവിച്ചത്. വ്യാഴാഴ്ച്ച വന്നു. രാവിലെ മുതല്‍ എന്നെ ഒരു തരം അസ്വസ്ഥത കാര്‍ന്ന് തിന്നുന്നു. കാരാഗൃഹവാസത്തിന്റേതായിരുന്നില്ല ഈ അസ്വസ്ഥത. പീര്‍സാഹബ് സ്വപ്നത്തില്‍ വന്നുപറഞ്ഞ കാര്യം നടക്കുമോയെന്ന ഉത്കണ്ഠ. ഒരു പക്ഷേ അദ്ദേഹത്തിലുള്ള ദൃഢമായ വിശ്വാസം എന്റെ ഉപബോധമനസ്സില്‍ മറഞ്ഞുകിടക്കുന്നുണ്ടാകാം. ആ വിശ്വാസം തെറ്റരുത് എന്ന അദമ്യമായ ആഗ്രഹം. പതിവുപോലെ ഞാന്‍ രാത്രിയുടെ അന്ത്യയാമം വരെ എഴുതിക്കൊണ്ടിരുന്നു. അടുത്തെ ദിവസം രാവിലെ വൈകി ഉണര്‍ന്നപ്പോള്‍ നേരേ മുമ്പില്‍ മോചനത്തിന്റെ ഉത്തരവുമായി ജയിലര്‍. 1975 സെപ്‌റ്റെംബര്‍ 11 വെള്ളിയാഴ്ച. വിസ്മയസ്തബ്ധനായ ഞാന്‍ ആ കടലാസ്സ് കൈപ്പറ്റിയിട്ട് ജയിലറോട് ചോദിച്ചു, ”ഉത്തരവ് എന്നാണ് എത്തിയത്?”

”ഇന്നലെ രാത്രി വളരെ വൈകിയിട്ട്. ഞാന്‍ വന്നുനോക്കുമ്പോള്‍ താങ്കള്‍ തിരക്കിലാണ്. ശല്യപ്പെടുത്തരുതെന്ന് നേരത്തേ പറഞ്ഞിരുന്നതാണല്ലോ!”

ഞാന്‍ അയാളെ ഉറ്റുനോക്കി. വീണ്ടും ദൃഢമാക്കപ്പെട്ട വിശ്വാസത്തിന്റെ ശബ്ദത്തില്‍ ഞാന്‍ ചോദിച്ചു, ”ഇന്നലെത്തന്നെയോ? അതായത് വ്യാഴാഴ്ച്ച രാത്രി തന്നെ ഉത്തരവ് എത്തിയെന്നോ?”

ജയിലര്‍ ഒരു നിമിഷം സന്ദേഹത്തിലായത് പോലെ, ”താന്കള്‍ക്കു മുന്‍കൂട്ടി അറിയാമായിരുന്നോ?”

ഞാന്‍ സന്തോഷപൂര്‍വം ശരിവെച്ചു, ”അതെ.”

ശേഷഭാഗം കൂടി നയ്യാര്‍സാബ് പറഞ്ഞു തീര്‍ത്തു: സംഭവം അറിഞ്ഞപ്പോള്‍ അമ്മ അദ്ദേഹത്തോട് പറഞ്ഞു, ‘ മോനേ, നീ തീര്‍ച്ചയായിട്ടും സിയാല്‍കോട്ടില്‍ പോകണം. പീര്‍ബാബായുടെ മസാറില്‍ ഷാള്‍ വെച്ചിട്ടേ വരാവൂ. അദ്ദേഹത്തിനു ശരിക്കും തണുക്കുന്നുണ്ടാകും.”

”അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു,”
നയ്യാര്‍സാബ് ഓര്‍മ്മിച്ചു. ”എനിക്ക് ഇടനെ സിയാല്‍കോട്ടിലെക്ക് പോകാന്‍ കഴിഞ്ഞില്ല. അക്കാലത്ത് വിസ കിട്ടുക എളുപ്പമുള്ള കാര്യമല്ല. അമ്മ 1990ല്‍ മരണമടഞ്ഞു. ഈ കടം ഉടന്‍ തീര്‍ക്കണം എന്ന കലശലായ ആഗ്രഹം എന്നെ പിടികൂടി. അങ്ങനെ സിയാല്‍കോട്ടിലെത്തിയപ്പോള്‍ ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലം പാടേ മാറിക്കഴിഞ്ഞിരുന്നു. വീടിനരികെയുള്ള തുറന്ന സ്ഥലത്ത് കടകളുടെ നിര. ശവകുടീരത്തിന്റെ അവശിഷ്ടം പോലും കാണാനില്ല. ഞാന്‍ കാണുന്നവരോടെല്ലാം ചോദിച്ചു. ആര്‍ക്കും ഒന്നും അറിയാത്തത്‌പോലെ. അവരുടെ സ്മൃതിമണ്ഡലത്തില്‍ മസാറിനും ആല്‍മരത്തിനു ഒരു ഇടവും കിട്ടാത്തത്‌പോലെ.

ആല്‍മരവും മസാറും നിന്നിരുന്ന സ്ഥലത്ത് ഒരു കട. ഞാന്‍ കടയുടമസ്ഥനെ സന്ദര്‍ശിച്ചു. അയാള്‍ ഒന്നും വിട്ടു പറയാന്‍ തയ്യാറല്ല എന്ന് തോന്നി. മടങ്ങേണ്ട ദിവസം അടുത്തപ്പോള്‍ കമ്പോളത്തില്‍ വെച്ച് വീണ്ടും കടയുടമസ്ഥനെ കണ്ടു.

അയാള്‍ ചോദിച്ചു, ”ആരുടെ ശവകുടിരമാണ് താങ്കള്‍ അന്വേഷിക്കുന്നത്?

”പീര്‍ബാബായുടെ. എന്റെ അമ്മക്ക് അദ്ദേഹത്തില്‍ വളരെ വിശ്വാസമായിരുന്നു.”

ആ മുഖത്ത് ഒരുതരം അസ്വസ്ഥത പരന്നു. പിന്നെ വൈമനസ്യത്തോടെ സമ്മതിച്ചു, ”ഇവിടെ ഒരു ശവകുടീരമുണ്ടായിരുന്നു എന്നത് ശരി തന്നെ. ഞങ്ങള്‍ അഭയാര്‍ത്ഥികളായിട്ടാണ് ഇവിടെ എത്തുന്നത്. എട്ട് പത്ത് പേരടങ്ങുന്ന വലിയ കുടുംബം പുതിയ ജീവിതം തുടങ്ങിയത് ഒരു ചെറിയ കൂരയില്‍. സ്ഥലം പോരാതെ വന്നപ്പോള്‍ മരിച്ചവരുടെ അന്ത്യവിശ്രമസ്ഥാനം പോലും കവര്‍ന്നേടുക്കേണ്ടിവന്നു.”

ഞാന്‍ മടങ്ങി. ഒരു ദിവസം ഡെല്‍ഹിയില്‍ നിസാമുദ്ദീന്‍ ഔലിയയുടെ ദര്‍ഗയില്‍ പോയി അതേ ഷാള്‍ തന്നെ കാണിക്കയായി വെച്ചു.

”പിന്നെ എന്നെങ്കിലും പീര്‍ബാബാ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ?” ഞാന്‍ ചോദിച്ചു.

”ഞാന്‍ പലപ്പോഴും ആഗ്രഹിച്ചു, വിഷമസന്ധികളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വേണമെന്ന്, കീറാമുട്ടി പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കിട്ടുമെന്ന്. അത് പിന്നീട് ഒരിക്കലും സംഭവിച്ചില്ല. അമ്മയെപോലെ പീര്‍സാഹബും എന്നെന്നേക്കുമായി അപ്രത്യക്ഷനായി. അദ്ദേഹത്തിന്റെ ആത്മാവിന് മോക്ഷപ്രാപ്തിയുണ്ടായിക്കാണണം,” നയ്യാര്‍ സാബ് പറഞ്ഞുനിര്‍ത്തി.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.