Skip to main content

ജൂലൈ 19 സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍ ഓര്‍മ്മദിനം

നാരായണഗുരു സന്യാസിസംഘമായ ശ്രീനാരായണ ധര്‍മ്മ സംഘം സ്ഥാപിച്ചപ്പോള്‍ അതിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി നിയോഗിച്ചത് തന്റെ പ്രിയ ശിഷ്യന്‍ ധര്‍മ്മതീര്‍ത്ഥ സ്വാമിയെയായിരുന്നു. സംഘത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയുടെ സമാധി സ്ഥാനം ഒരു ക്രിസ്ത്യന്‍ പള്ളി സെമിത്തേരിയിലാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഗുരുദര്‍ശനത്തിന്റെ ഉത്തമ മാതൃകയെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.

നാമിന്ന് ചെമ്പഴന്തിയില്‍ കാണുന്ന ഗുരുവിന്റെ ജന്മഗ്രഹം പഴയ അതേ അവസ്ഥയില്‍ തന്നെ സ്ഥിതിചെയ്യുന്നതിനും ആ ഭൂമി വീണ്ടെടുത്തതിനും കാരണക്കാരന്‍ ജോണ്‍ ധര്‍മ്മ തീര്‍ത്ഥരാണ്. വയല്‍വാരം തറവാടിന്റെ പല ഭാഗങ്ങളും അവകാശികള്‍ വീതം വച്ച് കൊണ്ടു പോയപ്പോള്‍ പൂര്‍വാശ്രമത്തില്‍ പരമേശ്വരമേനോന്‍ ആയിരുന്ന സ്വാമികള്‍ സ്വന്തം ഓഹരിയായിരുന്ന തറവാട് ഗ്രഹം വിറ്റ് കിട്ടിയ പണം ഗുരുദേവന്റെ പൂര്‍വാശ്രമ ബന്ധുക്കള്‍ക്ക് കൊടുത്താണ് വയല്‍വാരം വീട് വാങ്ങി ശിവഗിരി മഠത്തിന്റെ ബ്രാഞ്ച് ആക്കിയത്.

ഗുരുവായൂരിനടുത്ത് വടക്കാഞ്ചേരിയിലെ ചാത്തനാട്ട് എന്ന കുടുംബത്തില്‍ 1893 ലാണ് ധര്‍മ്മതീര്‍ത്ഥര്‍ ജനിച്ചത്. പൂര്‍വ്വാശ്രമത്തിലെ പേര് അഡ്വക്കേറ്റ് സി പരമേശ്വരമേനോന്‍ ബി.എ.,എല്‍.എല്‍.ബി ശ്രീനാരായണഗുരുവില്‍നിന്ന് 1926 ല്‍ സന്യാസം സ്വീകരിച്ച് സ്വാമി ധര്‍മ്മതീര്‍ത്ഥരും 1949 ല്‍ ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടര്‍ന്ന് സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥരുമായിത്തീര്‍ന്നു.

തൊട്ടുകൂടായ്മയ്ക്കും മറ്റ് അനാചാരങ്ങള്‍ക്കും എതിരായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ ജനപ്രിയനാക്കി. ബോധാനന്ദ സ്വാമിയിലൂടെയാണ് ഗുരുവിനെ കാണാനുള്ള അവസരം ലഭിച്ചത്. ബോധാനന്ദ സ്വാമികള്‍ക്കൊപ്പം അരുവിപ്പുറവും ശിവഗിരിയും സന്ദര്‍ശിക്കാറുണ്ടായിരുന്നു.ബിരുദം നേടിയ ഗുരുവിന്റെ ആദ്യത്തെ സന്യാസി ശിഷ്യനായിരുന്നു അദ്ദേഹം.വിവിധ ഭാഷകളിലും നിയമത്തിലും ഉള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം ഗുരുവിന്റെ യാത്രകളില്‍ ഒരു പരിഭാഷകനായി ഗുരുവിനെ സഹായിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. ശ്രീനാരായണ ധര്‍മ്മ സംഘം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ഗുരു അദ്ദേഹത്തിന്റെ നിയമോപദേശം തേടി.ഗുരുവിന്റെ പ്രബോധനങ്ങളുടെ ആഴവും മഹത്വവും അറിഞ്ഞ് അദ്ദേഹത്തിന്റെ സാഹിത്യകൃതികള്‍ ശേഖരിച്ച് പ്രസിദ്ധീകരിച്ചതിന് പുറമെ,ഗുരുവിന്റെ മഹത്തായ വാക്കുകളിലേക്ക് വെളിച്ചം വീശുന്ന നിരവധി ഗ്രന്ഥങ്ങള്‍ ഗുരുവിനെക്കുറിച്ച് എഴുതി. അദ്ദേഹത്തിന്റെ ”സമാധാനത്തിന്റെ പ്രവാചകന്‍” എന്ന കൃതിയാണ് ഗുരുവിനെക്കുറിച്ചുള്ള ആദ്യത്തെ ഇംഗ്ലീഷ് പുസ്തകം.

ഗുരുവിന്റെ സന്യാസപരമ്പര നിലനിറുത്തുന്നതിനുവേണ്ടി രൂപീകരിച്ച ധര്‍മ്മസംഘത്തിന്റെ നിയമാവലി എഴുതിയുണ്ടാക്കുന്നതിലും ശ്രീനാരായണ ധര്‍മ്മസംഘം എന്ന പേരില്‍ അത് രജിസ്റ്റര്‍ ചെയ്യുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. ശ്രീനാരായണ ധര്‍മ്മസംഘത്തിന്റെ മുഖപത്രമായി ‘ധര്‍മ്മം’ എന്ന പേരില്‍ ഒരു പ്രതിവാരപത്രിക ശിവഗിരിയില്‍നിന്ന് സ്വാമിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. പലയിടത്തായി ചിതറിക്കിടന്നിരുന്ന ഗുരുദേവകൃതികള്‍ കണ്ടെടുത്ത് സമാഹരിച്ചത് സ്വാമിയാണ്. ഇതുകൂടാതെ പലയിടങ്ങളിലായി സ്ഥിതിചെയ്തിരുന്ന ഗുരുവിന്റെ പേരിലുള്ള ഭൗതികസ്വത്തുക്കള്‍ എല്ലാം വേണ്ടവിധത്തില്‍ പരിപാലിക്കുന്നതിനാവശ്യമായ വ്യവസ്ഥകളും മഠത്തിന്റെ മാനേജര്‍ എന്ന നിലയില്‍ അദ്ദേഹം ഏര്‍പ്പെടുത്തുകയുണ്ടായി. വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന സ്വത്തുകേസ് രാജിയാക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു.

1936 ഓടെ അദ്ദേഹം ശിവഗിരി വിട്ടിറങ്ങുകയും ഭാരതമൊട്ടാകെ ചുറ്റിസഞ്ചരിക്കുകയും ചെയ്തു. ഇതിനിടയില്‍ അദ്ദേഹം കറാച്ചിയിലെ ജത്പത് തോടക്ക് മണ്ഡല്‍(ജാതി നശീകരണപ്രസ്ഥാനം) എന്ന പ്രസ്ഥാനവുമായി സമ്പര്‍ക്കത്തില്‍ വരികയും അവര്‍ അദ്ദേഹമെഴുതിയ History of Hindu Imperialism തുടങ്ങിയ ചില ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.1947 ഓടെ കേരളത്തില്‍ മടങ്ങിയെത്തിയ അദ്ദേഹം ശ്രീനാരായണ ധര്‍മ്മസംഘത്തില്‍നിന്ന് രാജിവെയ്ക്കുകയും 1949 ല്‍ സി എം എസ് സഭയില്‍നിന്ന് ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു.തുടര്‍ന്ന് അദ്ദേഹം സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍ എന്ന പേര് സ്വീകരിക്കുകയും ആ പേരില്‍ പ്രശസ്തനായിത്തീരുകയും ശിഷ്ടകാലം ക്രിസ്തുമതപ്രചരണവേലയുമായി കഴിയുകയുമാണുണ്ടായത്.

ഗുരുദേവനോടൊപ്പം ഏറ്റവുമധികം സ്ഥലങ്ങളില്‍ സന്ദര്‍ശിക്കാനുള്ള സന്ദര്‍ഭം ലഭിച്ചത് ധര്‍മ്മതീര്‍ത്ഥര്‍ക്കാണ്. അദ്ദേഹം എഴുതിയ History of hindu Imperialism (ഹൈന്ദവദുഷ്പ്രഭുത്വ ചരിത്രം) പുസ്തകത്തിന് ഡോ ബി ആര്‍ അംബേദ്കര്‍ റിവ്യു എഴുതിയിട്ടുണ്ട്. ഡോ കെ എസ് ഭഗവാന്‍ ഈ കൃതി കന്നട ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു.

പുസ്തകത്തെക്കുറിച്ച് ഡോ അംബേദ്ക്കറുടെ വാക്കുകള്‍ – ‘എനിക്ക് വളരെയധികം മതിപ്പുതോന്നുന്ന ഒരു വീക്ഷണകോണില്‍ നിന്നുകൊണ്ടാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്.ഇതില്‍ വിവരിക്കുന്ന പല കാര്യങ്ങളും ഞാനിപ്പോള്‍ രചിച്ചുകൊണ്ടിരിക്കുന്ന ഗ്രന്ഥത്തില്‍ സ്പര്‍ശിക്കുന്നവയാണ്.ആ അര്‍ത്ഥത്തില്‍ ഈ ഗ്രന്ഥം വളരെ സ്വാഗതാര്‍ഹമായി എനിക്ക് അനുഭവപ്പെടുന്നു”

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുദേവ സന്ദേശമാണ് ധര്‍മ്മതീര്‍ത്ഥര്‍ക്ക് ജ്ഞാനസ്‌നാനം ചെയ്യാന്‍ ധൈര്യം നല്‍കിയതെന്ന് സ്വാമി പറഞ്ഞിട്ടുണ്ട്. മരിക്കുന്നതുവരെ ഗുരുദേവന്റെ ചിത്രം കൊല്ലം പട്ടത്താനത്തെ സി എസ് ഐ പള്ളിയിലെ അദ്ദേഹത്തിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്നു. കേരളകൗസ്തുഭത്തിനു വേണ്ടി ഇന്റര്‍വ്യൂ ചെയ്യാന്‍ വന്ന പത്രാധിപരോട് ചുമരിലെ ഗുരുദേവ ചിത്രം ചുണ്ടിക്കാട്ടിക്കൊണ്ട് സ്വാമി ജോണ്‍ധര്‍മ്മതീര്‍ത്ഥ പറഞ്ഞു: ”സംശയിക്കേണ്ട, ഇപ്പോഴും ഇത് തന്നെയാണെന്റെ ഗുരു.”

താന്‍ മതം മാത്രമേ മാറിയുള്ളു, ഗുരുവിനെ മാറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.1976 ജൂലൈ 19 ന് തിരുവനന്തപുരത്ത് അദ്ദേഹം സമാധിയായി. ക്രിസ്തുമതപ്രകാരമുള്ള സംസ്‌കാരച്ചടങ്ങുകളോടെ ഭൗതികശരീരം തിരുവനന്തപുരത്ത് പാളയം സി എസ് ഐ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കുകയാണ് ചെയ്തത്.

ശ്രീനാരായണമതം, ഹൈന്ദവ ദുഷ്പ്രഭുത്വചരിത്രം, ശ്രീനാരായണഗുരുദേവ മാഹാത്മ്യം അഥവാ ഗുരുദേവന്‍ ആരാകുന്നു, ഹിന്ദുമതവും ക്രിസ്തുമതവും, ആത്മകഥ, ജനാധിപത്യത്തിന്റെ ഭാവി, മാതൃഹൃദയം, History of Hindu Imperialism, A Prophet of Peace or Sree Narayana Gurudev of Malabar, Prophet of New Order, Hinduism and Christiantiy, Are all Religions Same?, Yoga of Christ, Yoga for All, The Secret of Happy Home Life, The True Way, Hints on Presentation of Gospels, Sarvodaya Democracy etc… തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ ഇതില്‍ ഹൈന്ദവ ദുഷ്പ്രഭുത്വചരിത്രം എന്ന ഒറ്റ ഗ്രന്ഥം മതി സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥരെ അറിയാന്‍.

No Comments yet!

Your Email address will not be published.