അപ്രസക്തമായേക്കാവുന്ന നിരവധി കഥാപാത്രങ്ങളെ തന്റെ അഭിനയമികവ് കൊണ്ടും, സ്വാഭാവിക ഹാസ്യ ശൈലികൊണ്ടും മലയാളിയുടെ ഓര്‍മയില്‍ വേരുറപ്പിച്ച നടനായിരുന്നു കെ ടി എസ് പടന്നയില്‍ (1935 – 2022). തൃപ്പൂണിത്തുറയില്‍ ജനനം. ശരിയായ പേര് സുബ്രഹ്‌മണ്യന്‍. ക്‌ളാസില്‍ അഞ്ച് സുബ്രഹ്‌മണ്യന്‍മാര്‍ വേറെ ഉണ്ടായിരുന്നതിനാല്‍ അധ്യാപകന്‍ കുര്യന്‍ മാഷാണ് കെ.ടി.എസ് പടന്നയില്‍ എന്നു പേരിട്ടത്.
1947-ല്‍ ദാരിദ്ര്യം മൂലം ഏഴാം ക്ലാസോടെ പഠനം അവസാനിച്ചു. ചെറുപ്പത്തില്‍ തന്നെ, കോല്‍കളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളില്‍ സജീവമായി. ചെറുപ്പം മുതല്‍ നാടകങ്ങളുടെ ആരാധകനായിരുന്നു. നാടകത്തില്‍ അഭിനയിക്കാന്‍ നിരവിധി പേരെ താല്‍പര്യമറിയിച്ചെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങള്‍ നിഷേധിച്ചു. തുടര്‍ന്ന്, നാടകം പഠിക്കുവാന്‍ തീരുമാനിച്ചു.
1956-ല്‍, സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാള്‍ എന്ന നാടകത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്പ്. 1957-ല്‍ സ്വയം എഴുതി തൃപ്പൂണിത്തുറയില്‍ ‘കേരളപ്പിറവി’ എന്ന നാടകം അവതരിപ്പിച്ചു. തുടര്‍ന്ന് ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ, വൈക്കം മാളവിക, ആറ്റിങ്ങല്‍ ഐശ്വര്യ, കൊല്ലം ട്യൂണ തുടങ്ങി കേരളത്തിലെ പ്രമുഖ നാടക ട്രൂപ്പുകളിലെല്ലാം സജീവമായി.
1995-ല്‍, രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ബാവ ചേട്ടന്‍ബാവ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി. നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. സന്മനസുള്ളവര്‍ക്ക് സമാധാനം, പകിട പകിട പമ്പരം തുടങ്ങിയ സീരിയലുകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം, വൃദ്ധന്മാരെ സൂക്ഷിക്കുക, ത്രീമെന്‍ ആര്‍മി, കളമശ്ശേരിയില്‍ കല്ല്യാണയോഗം, കാക്കക്കും പൂച്ചയ്ക്കും കല്ല്യാണം, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, ദില്ലിവാല രാജകുമാരന്‍, ന്യൂസ്‌പേപ്പര്‍ ബോയ്, കോട്ടപുറത്തെ കൂട്ടുകുടുംബം, കഥാനായകന്‍, അമ്മ അമ്മായിയമ്മ, സന്മനസ്സുള്ളവന്‍ അപ്പുക്കുട്ടന്‍, അണ്ണാരക്കണ്ണനും തന്നാലായത് തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍.
അഭിനയത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും നിരവധി ഫൈന്‍ആര്‍ട്സ് സൊസൈറ്റി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. നാടകത്തിലും സിനിമയിലും സീരിയലിലുമൊക്കെ എത്തിയിട്ടും പണ്ട് 300 രൂപകൊടുത്തു വാങ്ങിയ പെട്ടിക്കടയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാര്‍ഗം.
No Comments yet!