
1989 മാര്‍ച്ച് 23 ന് പ്രശസ്ത പബാബി കവി പാശ് ഖാലിസ്ഥാനി ഭീകരരാല്‍ വധിക്കപ്പെട്ടിട്ട് ഒരു വര്‍ഷം തികയുന്നു. മാര്‍ച്ച് 23, അന്യഥാ ആധുനികേന്ത്യയിലെ ഏറ്റവും ഉജ്ജ്വലമായ രക്തസാക്ഷിത്വത്തിന്റെ ദിനമാണ്. അമ്പത്തെട്ട് വര്‍ഷം മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്വം ഭഗത്‌സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ കഴുവിലേറ്റി യതും ഇതേ ദിവസമായിരുന്നു.
പാശിനോടൊപ്പം അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് ഹന്‍സ് രാജും കൊലചെയ്യപ്പെടുകയുണ്ടായി. ജലന്ധര്‍ ജില്ലയിലെ സ്വന്തം ജന്മഗ്രാമമായ തല്‍വണ്ടി സലേമിലെ കൃഷിയിടത്തില്‍ കളിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് ഇരുവര്‍ക്കും വെടിയേറ്റത്. പാശ് രണ്ടുദിവസത്തിനകം അമേരിക്കയിലേയ്ക്ക് പോകാനിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം അവിടെയായിരുന്നു. ഈ ബാല്യകാലസുഹൃത്ത് ഹന്‍സ്‌രാജിനായിരുന്നു തന്റെ അവസാന കവിതാസമാഹാരം സമിയാന്‍ വിക് (നമ്മുടെ കാലഘട്ടത്തില്‍) സമപ്പിച്ചിട്ടുള്ളത്. പാശ് എന്തുകൊണ്ടാണു വധിക്കപ്പെട്ടത്? (തന്റെ കാവ്യജീവിതത്തിന്റെ പതിനേഴ് വര്‍ഷവും പീഡിപ്പിക്കപ്പെടുന്ന കൃഷിക്കാരനേയും തൊഴിലാളിയേയുമാണ് തന്റെ കവിതയ്ക്ക് വിഷയമാക്കിയത്.) ഉത്തരം ഒന്നേയുള്ളൂ… ഖലിസ്ഥാന്‍ ഭീകരര്‍ക്ക് പഞ്ചാബി ഭാഷയോടോ സംസ്‌കാരത്തോടോ സാഹിത്യത്തോടോ കാര്യമായ മമതയൊന്നുമില്ല.
ഇക്കാലത്തിനിടയ്ക്ക് ഖലിസ്ഥാന്‍ പ്രസ്ഥാനത്തിനു തങ്ങള്‍ക്കിടയില്‍ നിന്നു ഒരെഴുത്തുകാരനെയെങ്കിലും സൃഷ്ടിച്ചെടുക്കാന്‍ കഴിയാതിരുന്നതിന് കാരണവും മറെറാന്നുമല്ല. വൈപരീത്യമെന്ന് പറയട്ടെ, ജന്ത്‌വത് സിങ്ങ് ശേഖോന്‍നേയും സന്ത്‌സിങ്ങ് ശേഖോന്‍നേയും പോലുള്ള നേരത്തെ തന്നെ പ്രതിഷ്ഠ ലഭിച്ച ഇടതു പക്ഷി കവികളും സര്‍വ്വകലാശാല, ബുദ്ധിജീവികളുമാണ് വളരെയേറെ പ്രശസ്തി ലഭിക്കുകയും എന്നാല്‍ വളരെക്കുറച്ചുമാത്രം മനസ്സിലാക്കപ്പെടുകയും ചെയ്തിട്ടുള്ള ഖാലിസ്ഥാന്‍ പ്രസ്ഥാനത്തോട് പ്രത്യക്ഷമായോ പരോക്ഷമായോ തെല്ലെങ്കിലും അനുഭാവം പുലര്‍ത്തുന്നത്. ഇതേ എഴുത്തുകാരും ബുദ്ധിജീവികളും പാശിനെ പബാബിലെ സമകാലീന കവികളില്‍ പ്രഥമഗണനീയനായിത്തന്നെ കരുതിയിരുന്നു. ഗുരുനാനാക്ക് യൂണിവേഴ്‌സിറ്റിയിലേയും ദല്‍ഹി യൂനിവേഴ്‌സിറ്റിയിലേയും പഞ്ചാബി ബിരുദാനന്തര ബിരുദ പാഠ്യപദ്ധതിയില്‍ പാശിന്റെ കവിതകള്‍ ഉള്‍പ്പെടുത്തുക വഴി ഉയര്‍ന്ന സാഹിത്യവൃത്തങ്ങളില്‍ കൂടി അദ്ദേഹം അംഗീകരിക്കപ്പെട്ടിരുന്നു. പക്ഷേ, പഞ്ചാബി ദേശീയതയുടെ വക്താക്കള്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇവര്‍ പാശിന്റെ കൊലയെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയാണ് ചെയ്തത്. പാശ്, ഇവരെപ്പോലെ, സുഖദമായ തന്റെ മുറിക്കുള്ളിലിരുന്ന് സാഹിത്യം രചിക്കുന്ന വെറുമൊരു കവിയായിരുന്നില്ല എ ന്നതാവാം കാരണം. മാനുഷികമൂല്യങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ ഒരു ആക്ടിവിസ്‌റ് ആയിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെയാണ് ഖലിസ്ഥാനികളേയും, മറ്റ് വര്‍ഗ്ഗീയവാദികളേയും തുറന്നുകാട്ടിക്കൊണ്ട് അമേരിക്കയില്‍നിന്ന് പഞ്ചാബി ഭാഷയില്‍ തന്നെ പാശ് ഒരു പത്രം പ്രസിദ്ധീകരിച്ചത്. പാശിന്റെ കൊലയുടെ ഉത്തവാദിത്വമേറ്റെടുത്തുകൊണ്ട് ഖലിസ്ഥാന്‍ കമാന്റോ ഫോഴ്‌സ് കുറ്റാരോപണം നടത്തി; പാശ് ഖലിസ്ഥാന്റെ ശത്രുവാണ്.
1984 നവംബറില്‍ സിക്കുകാര്‍ക്കെതിരെ നടന്ന ലഹളയില്‍ പ്രതിഷേധിച്ചുകൊണ്ട് തിരിച്ചടിയ്ക്കാനൊരാഹ്വാനം’എന്ന അതിശക്തമായ കവിതയെഴുതിയത് ഇതേ പാശം തന്നെയായിരുന്നു. പക്ഷേ, ഭിന്ദ്രന്‍വാലയുടെ മതമൗലിക വാദത്തിനുകീഴില്‍ പീഡനമനുഭവിക്കേണ്ടിവരുന്ന പഞ്ചാബി സ്ത്രീകളുടെ യാതനകളെക്കുറിച്ച് ”ജ്ഞാനസ്‌നാനത്തിനൊരാഹ്വാനം” എന്ന കവിത തുല്യതീവ്രതയോടെ പ്രതികരിച്ചു.
പാശിന്റെ കൊലയിലൂടെ മുപ്പതുകളിലെ നാസിസംഘങ്ങളുടെ വഴിയിലാണ് തങ്ങളും നീങ്ങുന്നതെന്ന് ഖലിസ്ഥാനികള്‍ തെളിയിക്കുകയായിരുന്നു. ഇതുവരെ രാഷ്ട്രീയ വികാരത്തിനു പുറത്താണ് എന്നതുകൊണ്ട് അവര്‍ സ്വതന്ത്രചിന്താഗതി യുള്ള പഞ്ചാബിലെ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും ആത്മപ്രകാശനത്തിന്റേതായൊരു പ്രതിസന്ധി – സൃഷ്ടിക്കുകയുണ്ടായിട്ടുണ്ട്. രാജീവിഗാന്ധിയുമായുള്ള ഒരൊത്തുതീര്‍പ്പിലൂടെയോ മറ്റു വിധത്തിലോ ഈ ശക്തികള്‍ അധികാരത്തിലെത്തുകയാണെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്നൂഹിക്കാവുന്നതേയുള്ളൂ.
1950 സെപ്റ്റംബര്‍ 9 ന് തല്‍വണ്ടി സലേം എന്ന ഗ്രാമത്തില്‍ പാശ് ജനിച്ചു. അച്ഛന്‍ മേജര്‍ സോഹന്‍സിങ്ങ് സന്ധു. ഔചാരിക വിദ്യാഭ്യാസം ഹയര്‍ സെക്കണ്ടറിക്കപ്പുറമില്ല. പക്ഷേ ജീവിതത്തില്‍ നിന്ന് നേരിട്ടാണ് പാശ് തന്റെ യഥാര്‍ത്ഥ വിദ്യാഭ്യാസം നടത്തിയത്. കവി എന്ന നിലയില്‍ പാശ് അതിപ്രശസ്തനായി; അവതാര്‍ സിങ്ങ് സന്ധു എന്ന യഥാര്‍ത്ഥ പേര് മറന്നേപോയി.
എഴുപതുകളുടെ തുടക്കത്തില്‍തന്നെ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ആ കൃഷ്ടനായ പാശ് രണ്ടുവര്‍ഷം തടവറയിലായിരുന്നു. അന്ന് ഇരുപത്തൊന്ന് വയസ്സ് വയസ്സ് തികഞ്ഞിട്ടില്ല. ജയിലിലായിരിക്കുമ്പോഴേ കവിയെന്ന നിലയില്‍ പ്രശസ്തനായിരുന്നു. ആദ്യ സമാഹാരം ലൌഹ് കഥ (ഇരുമ്പിന്റെ കഥ) 1970ല്‍ പുറത്തുവന്നിരുന്നു. രണ്ടാമത്തെ സമാഹാരം ‘ഉദാദെ ബാസന്‍ മഗര്‍ (പറക്കുന്ന പരുന്തുകള്‍ക്കു പിറകെ) 1974-ല്‍ പുറത്തുവന്നു. ഒടുവിലത്തേത് – സദേ സമിയാന്‍ വിച് (നമ്മുടെ കാലഘട്ടത്തില്‍) 1978 ലും. 1978നും 87നും ഇടയ്ക്ക് പാശ് നിരവധി കവിതകളെഴുതിയെങ്കിലും അധികമൊന്നും പ്രസിദ്ധീകരിക്കുകയുണ്ടായില്ല. നേരത്തെ പരാമര്‍ശിക്കപ്പെട്ട രണ്ടു കവിതകള്‍ സമതയുടെ 1985 ജനുവരി ലക്കത്തില്‍ പ്രകാശിതമായി. ഖലിസ്ഥാനി പ്രസ്ഥാനത്തെക്കുറിച്ച് പാശ് അസ്വസ്ഥനായിരുന്നു. തന്റെ കവിതകളിലൂടേയും പ്രവര്‍ത്തനത്തിലൂടെയും അതിന്റെ ജനവിരുദ്ധത തുറന്നുകാട്ടാന്‍ അദ്ദേഹം ശ്രമിച്ചു. (1988 ഏപ്രിലില്‍ മരണാനന്തരം പാശിന്റെ ഒരു കാവ്യസമാഹാരം പ്രകാശിതമായി: സഖാക്കളേ, നമുക്ക് യുദ്ധം ചെയ്യാം)
പാശിന്റെ ജീവിതത്തിന്റെ അടിസ്ഥാന ത്വര എന്തായിരുന്നു എന്ന് തന്റെ – ഞാനിപ്പോ വിടപറയുന്നു എന്ന കവിതയുടെ അവസാന ഖണ്ഡം വെളിപ്പെടുത്തുന്നു.
സുഹൃത്തേ,
താങ്കളെല്ലാം മറന്നോളൂ,
ഒന്നൊഴിച്ച്;
ജീവിക്കാന്‍ എനിക്കെന്തൊരു ത്വരയായിരുന്നു എന്ന്.
കഴുത്തോളം ജീവിതത്തില്‍ ആഴ്ന്നു മുങ്ങാന്‍
ഞാനാഗ്രഹിച്ചിരുന്നു
എന്ന്…
***
കടപ്പാട് : സാംസ്‌കാരിക മാസിക, 1988 ഡിസംബര്‍
***







No Comments yet!