ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയരായ ‘ആധുനിക’ ചിത്രകാരന്മാരില്‍ പ്രമുഖനാണ് പാബ്ലോ പിക്കാസോ (Pablo Picasso). 1881 -ല്‍ സ്പെയിനില്‍ ജനിച്ച്, തന്റെ സുദീര്‍ഘമായ ജീവിതകാലം കൂടുതലും പാരീസില്‍ ചിലവഴിച്ച അദ്ദേഹം ഇരുപതാം നൂറ്റാണ്ടിലെ പല കലാപ്രസ്ഥാനങ്ങളോടും ബന്ധപ്പെട്ടുനില്‍ക്കുന്ന ഒരാളാണ്.
പിക്കാസോയുടെ പിതാവ് ജോസ് റൂയിസ് ബ്ലാസ്‌കോ (José Ruiz Blasco ) ഒരു ചിത്രകാരനും ചിത്രകലാ അദ്ധ്യാപകനുമായിരുന്നു. പിതാവിന്റെ ശിക്ഷണത്തിലാണ് ബാലനായ പിക്കാസോ ചിത്രകലയുടെ ആദ്യപാഠങ്ങള്‍ മനസ്സിലാക്കിയത്. നന്നേ ചെറുപ്പത്തില്‍ത്തന്നെ അദ്ദേഹം നാച്വറലിസ്റ്റ് രീതിയില്‍ വൈദഗ്ധ്യമുള്ള ഒരു ചിത്രകാരനായിത്തീര്‍ന്നു. ആ പക്വത 15 -16 വയസ്സുള്ളപ്പോള്‍ അദ്ദേഹം വരച്ച ആദ്യകാല ചിത്രങ്ങളില്‍തന്നെ കാണാനുണ്ട്.
1900 -ല്‍ പിക്കാസോ പാരീസിലെത്തി. അതിനുമുമ്പുതന്നെ അദ്ദേഹം തുടങ്ങിയിരുന്ന ചിത്രകലയിലെ പരീക്ഷണങ്ങള്‍ക്ക് പാരീസ് അനുകൂലമായ സാഹചര്യമൊരുക്കി. മത്തീസിനെപ്പോലെയുള്ള (Henri Matisse) ചിത്രകാരന്മാര്‍ പാരീസില്‍ തുടങ്ങിവച്ച ആധുനിക പ്രവണതകളുടെ ധാരയില്‍ പിക്കാസ്സോയും ഒരു പ്രമുഖ അംഗമായി. പാരീസിലെ ചിത്രകാരന്മാരും എഴുത്തുകാരും ബുദ്ധിജീവികളും ഉള്‍പ്പെട്ട വൃത്തങ്ങളില്‍ പിക്കാസോ ധാരാളം പുതിയ സുഹൃത്തുക്കളെ കണ്ടെത്തി.
കലാപണ്ഡിതന്‍മാര്‍ Blue Period എന്നും Rose Period എന്നും വിളിക്കാറുള്ള പിക്കാസ്സോയുടെ കലാജീവിതത്തിലെ ആദ്യത്തെ രണ്ടു ഘട്ടങ്ങള്‍ 1901 മുതല്‍ 1906 വരെയുള്ള കാലഘട്ടമാണ്. ആ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ രചനകളുടെ പൊതുവായ പ്രത്യേകതകളാണ് ഈ വിളിപ്പേരുകള്‍ക്ക് അടിസ്ഥാനം. പ്രധാനമായും പാരീസിലെ തെരുവുജീവിതത്തില്‍നിന്നും കണ്ടെടുത്ത മനുഷ്യാകാര രൂപങ്ങളും പോര്‍ട്രെയ്റ്റുകളും മറ്റുമാണ് ഈ കാലഘട്ടത്തിലെ രചനകളില്‍ കാണാന്‍ കഴിയുന്നത്. ഈ സമയം മുതല്‍തന്നെ പിക്കാസോ പ്രശസ്തനായിത്തീരുകയും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വിലയ്ക്കുവാങ്ങാന്‍ ആവശ്യക്കാരുണ്ടാകുകയും ചെയ്യുന്നുണ്ട്.

1907 മുതല്‍ പിക്കാസോയുടെ പെയിന്റിങ്ങുകളില്‍ African Art ന്റെ, സ്വാധീനം കടന്നുവരുന്നുണ്ട്. ഇതിനെത്തുടര്‍ന്നാണ് പ്രസിദ്ധമായ ‘ക്യൂബിസ്റ്റ്’കാലഘട്ടം തുടങ്ങുന്നത്. നവോത്ഥാനകാലം മുതല്‍ തുടങ്ങുന്നതെന്ന് പറയാവുന്ന യൂറോപ്യന്‍ ചിത്രകലയുടെ നാച്വറലിസ്റ്റ് പാരമ്പര്യത്തെ തീര്‍ത്തും ഉപേക്ഷിച്ചുകൊണ്ടുള്ള രൂപപരമായ പരീക്ഷണങ്ങളുടെ കാലഘട്ടമാണിത്. ‘കൊളാഷ്’ എന്നറിയപ്പെടുന്ന പുതിയ രീതി ഇതിന്റെ തുടര്‍ച്ചയാണ്.
ഒന്നാം ലോകമഹായുദ്ധാനന്തരം പിക്കാസോ വീണ്ടും ഒരുതരം റിയലിസ്റ്റു ശൈലിയിലേക്ക് തിരിച്ചുപോകുന്നുണ്ട്. പിന്നീട് 1925 -നുശേഷം അദ്ദേഹം സര്‍റിയലിസ്റ്റ് – സിംബലിസ്റ്റ് രീതികള്‍ പരീക്ഷിക്കുന്നുണ്ട്. മാനസിക ആകുലതകളും അക്രമണോത്സുകതയും ലൈംഗിക ബിംബങ്ങളും ഈ കാലഘട്ടത്തിലെ ചിത്രങ്ങളില്‍ പ്രതിഫലിച്ചു കാണാനുണ്ട്.
പിക്കാസോയുടെ ഒരുപക്ഷേ ഏറ്റവും പ്രശസ്തമായ ചിത്രം എന്ന് പറയാവുന്നത് 1937 -ല്‍ വരച്ച ഗോര്‍ണിക്ക (Guernica) ആണ്. സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ യാഥാസ്ഥിതിക പക്ഷത്തോടൊപ്പം ചേര്‍ന്ന ജര്‍മ്മന്‍ നാസികള്‍ സ്പെയിനിലെ ഗോര്‍ണിക്ക പട്ടണത്തില്‍ ബോംബാക്രമണം നടത്തുകയും ആയിരങ്ങള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവമാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. എക്കാലത്തെയും ഏറ്റവും പ്രശസ്തമായ യുദ്ധവിരുദ്ധ ചിത്രങ്ങളില്‍ ഒന്നാണിത്.
സ്പെയിനിന്റെ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഒരു റിപ്പബ്ലിക്കന്‍ പക്ഷക്കാരനായിരുന്നു പിക്കാസോ. അത്തരമൊരു പൊതുവായ പക്ഷപാതത്തിലുപരി രാഷ്ട്രീയത്തില്‍ പിക്കാസോ അത്ര തല്പരനായിരുന്നില്ല. കലാപ്രവര്‍ത്തനത്തെ തന്റെ രാഷ്ട്രീയവിശ്വാസങ്ങളുമായി അദ്ദേഹം ബന്ധിപ്പിച്ചിരുന്നതുമില്ല. ഫ്രഞ്ച് ഫോട്ടോഗ്രാഫറും ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകയും ഫാസിസ്റ്റ് വിരുദ്ധ പോരാളിയുമായ ഡോറ മാറുമായുള്ള (Dora Maar) അടുത്ത സൗഹൃദമാണ് തന്റെ പതിവുരീതികളില്‍നിന്നു മാറി കൂടുതല്‍ രാഷ്ട്രീയോന്മുഖമായ ഒരു വിഷയവും ശൈലിയും സ്വീകരിക്കാന്‍ പിക്കാസോയെ പ്രേരിപ്പിച്ചത്. വാസ്തവത്തില്‍ സ്പാനിഷ് റിപ്പബ്ലിക്കന്‍ ഗവണ്മെന്റിന്റെ ആവശ്യപ്രകാരം ചെയ്ത ഒരു കരാര്‍ ജോലികൂടിയായിരുന്നു ഗോര്‍ണിക്ക. ഒന്നരലക്ഷം ഫ്രാങ്ക് ആയിരുന്നു പ്രതിഫലം.
ഗോര്‍ണിക്ക 1937 -ല്‍ പാരീസില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചു. അതിനുശേഷം യൂറോപ്പിലെ പല സ്ഥലങ്ങളിലും.1939 – 40 കാലഘട്ടത്തില്‍ ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ഗോര്‍ണിക്ക ഉള്‍പ്പെടെ പിക്കാസോ ചിത്രങ്ങളുടെ ഒരു വലിയ പ്രദര്‍ശനം നടന്നു. ലോകവ്യാപകമായി കലാനിരൂപകര്‍ക്കും പണ്ഡിതര്‍ക്കുമിടയില്‍ പിക്കാസോയുടെ കല, പ്രത്യേകിച്ചും ഗോര്‍ണിക്ക, ഇത്രയേറെ പ്രാമുഖ്യം നേടുന്നത് ഒരുപക്ഷേ ആ പ്രദര്‍ശനത്തോടുകൂടിയാണ്. കാഴ്ചക്കാര്‍ എല്ലാവരും പിക്കാസ്സോയുടെ കലയെ ഒരുപോലെ പ്രശംസിച്ചു എന്ന് ഇവിടെ അര്‍ഥമില്ല. അദ്ദേഹത്തെ നിശിതമായി വിമര്‍ശിച്ചിരുന്ന നിരൂപകന്മാരും ഉണ്ടായിരുന്നു.
ഏകദേശം ഏഴര മീറ്റര്‍ നീളവും മൂന്നര മീറ്റര്‍ പൊക്കവുമുള്ള വലിയ ക്യാന്‍വാസിലാണ് ഗോര്‍ണിക്ക വരച്ചിരിക്കുന്നത്. ചിത്രം പൂര്‍ത്തിയാകാന്‍ പിക്കാസോ മുപ്പത്തഞ്ചു ദിവസത്തോളം എടുത്തു. പ്രധാനമായും കറുപ്പ്, വെളുപ്പ്, ഗ്രേ എന്നീ നിറങ്ങള്‍ മാത്രം ഉപയോഗിച്ച് വരച്ചിട്ടുള്ള ഈ ചിത്രത്തില്‍ പിക്കാസോ ഉപയോഗിച്ചിരിക്കുന്ന സിംബലുകളുടെ അഥവാ ബിംബങ്ങളുടെ അര്‍ഥത്തെപ്പറ്റി കലാപണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്.
ഗോര്‍ണിക്കയിലെ ചില രൂപങ്ങളില്‍ രൂപപരമായി ക്യൂബിസത്തിന്റെ സ്വാധീനം കാണാനുണ്ട്. ശിശുസഹജമായ ഒരുതരം ലാളിത്യമാണ് മറ്റുചില രൂപങ്ങളില്‍ ഉള്ളത്. സ്പെയിനിന്റെ പ്രതീകമായി നില്‍ക്കുന്ന കാളത്തല, അലറിക്കരയുന്ന കുതിര, കത്തുന്നതോ തകര്‍ന്നതോ ആയ കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ , മരിച്ച കുട്ടിയെ കയ്യിലേന്തി വിലപിക്കുന്ന സ്ത്രീരൂപം, അംഗവിച്ഛേദം സംഭവിച്ച വീണുകിടക്കുന്ന സൈനികന്‍, അയാളുടെ രക്തസാക്ഷിത്വത്തിന്റെ പ്രതീകമായി ഒടിഞ്ഞുപോയ വാള്‍ പിടിച്ചിരിക്കുന്ന കയ്യിലെ വിടര്‍ന്ന പൂവ്, പ്രതിരോധത്തിന്റെയും ഉയിര്‍ത്തെഴുന്നേല്പിന്റെയും ഭാവം ഉള്‍ക്കൊണ്ട മറ്റൊരു മനുഷ്യരൂപം, കയ്യില്‍ എടുത്തുപിടിച്ചിരിക്കുന്ന കത്തുന്ന വിളക്ക്, അവ്യക്തമായി വരച്ചിരിക്കുന്ന പറക്കുന്ന പ്രാവിന്റെ രൂപം, ആകമാനമുള്ള ഇരുണ്ട പശ്ചാത്തലം… ആകെക്കൂടി നോക്കുമ്പോള്‍ യുദ്ധത്തിന്റെ ഭീകരതയെ തീവ്രമായി, വൈകാരികമായി അവതരിപ്പിക്കുന്ന ബിംബങ്ങള്‍കൊണ്ട് സമൃദ്ധമാണ് ഗോര്‍ണിക്ക. ഭീകരതയെ ചിത്രീകരിക്കുന്ന ആ ബിംബങ്ങള്‍ക്കിടയിലും പ്രതിരോധത്തെയും പ്രതീക്ഷയേയും സൂചിപ്പിക്കുന്ന ചില അടയാളങ്ങള്‍ അവതരിപ്പിക്കാന്‍ പിക്കാസോ മറന്നുപോകുന്നില്ല.
1981 ല്‍ ന്യൂയോര്‍ക്കില്‍നിന്നും ഗോര്‍ണിക്ക പിക്കാസോയുടെ ജന്മദേശമായ സ്പെയിനില്‍ കൊണ്ടുവന്നു. സ്പെയിനില്‍ മാഡ്രിഡിലെ മ്യൂസിയോ റെയ്ന സോഫിയയിലാണ് ഇപ്പോള്‍ ഗോര്‍ണിക്ക ഉള്ളത്.
പാബ്ലോ പിക്കാസോ
ജനനം: 1881
മരണം: 1973
No Comments yet!