
ചിത്രകാരന്മാർ സ്വയം ജീവിതം അവസാനിപ്പിക്കുന്നത് അതിഭ്രമമുണ്ടാക്കിയ സൃഷ്‌ടികളുടെ പാരമ്യതകളിലെവിടെയോ ആണ്. ഈ അകാല നഷ്ടങ്ങൾക്ക് ചരിത്രത്തിലെഴുതപ്പെട്ടിട്ടുള്ള വിശദീകരണങ്ങ
ൾക്കും വ്യാഖ്യാനങ്ങൾക്കുമൊന്നും നമ്മുടെ സങ്കടങ്ങളുടെ തീവ്രത കുറക്കാനാവുകയില്ല.
അത്ര കഠിനമായി ചിത്രങ്ങളിലൂടെയും ചരിത്രങ്ങളിലൂടെയും അവർ ഇന്നും നമുക്ക് പ്രിയപ്പെട്ടവരായി നിലനിൽക്കുന്നു.

വാൻ ഗോഗ്, ഫ്രിദാ കേഹലോ, മാർക്ക് റോത്കൊ തുടങ്ങി ഒരു വലിയ നിരയുടെ ജീവിതനിരാസങ്ങളുടെ സങ്കടങ്ങൾ നമ്മുടേതുകൂടിയാകുന്നത് അങ്ങിനെയാണ്. സ്വന്തം സൃഷ്ടികളോട് സമൂഹത്തിന്റെ അല്ലെങ്കിൽ നിരൂപകരുടെ സമീപനങ്ങൾ ദുർബലമാവുകയോ വിപണനരംഗത്തുണ്ടാകുന്ന നിശ്ചലതകൾ പട്ടിണിയിലേക്ക് വഴിമാറുകയോ അവസാനമില്ലാത്ത ശരീരവേദനകൾ സഹിക്കാനാവാതിരിക്കുകയോ ആണ് ഈ നഷ്ടങ്ങൾക്ക് പൊതു കാരണങ്ങളായി നമുക്ക് മുന്നിലുള്ളത്. എന്നാൽ എക്സ്പ്രഷനിസത്തിന് ശേഷമുണ്ടായിട്ടുള്ള എല്ലാ കലാരൂപങ്ങളിലെയും തീവ്ര നിലപാടുകളുടെ പ്രായോഗികതകളിൽ വീഴുന്ന സംശയങ്ങളാൽ പ്രേരിപ്പിക്കപ്പെടുനആത്മഹത്യകളിൽ എടുത്തുപറയേണ്ട ഒരു നഷ്ടമാണ് ഏണസ്റ്റ് ലുഡ് വിഗ് കിർച്ചണറിന്റേത്.

വാൻ ഗോഗ് ചിത്രങ്ങൾ കിർച്ചണറിലുണ്ടാക്കിയ ചലനം ചരിത്രത്തിൽ ഒരു യഥാർത്ഥ സ്വാധീനമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആത്മഹത്യാ രീതികളിൽ ഇവർ പുലർത്തിയ സാമ്യതകളും നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. പോസ്റ്റ് ഇമ്പ്രെഷനിസത്തിൽ നിന്നും എക്സ്പ്രഷനിസത്തിലേക്കുള്ള വഴി നമ്മൾ സാങ്കേതികമായി പഠിക്കുന്നത്, കട്ടിയുള്ള നിറങ്ങളുടെ പ്രകടമായ ബ്രഷടയാളങ്ങൾ
ക്രമേണ ഘനം കുറഞ്ഞു വന്ന് അവക്കിടയിൽ രൂപങ്ങളെ വേർതിരിക്കുന്ന നിമ്ന്നോന്നതരേഖകൾ പ്രത്യക്ഷപെടാൻ തുടങ്ങിയിടത്തു നിന്നാണ്.
എന്നാൽ എഡ്വേർഡ് മങ്കിനെ പോലെയോ മാറ്റിസ്സേ യെ പോലെയോ ആയിരുന്നില്ല കിർച്ചണർ കൈകാര്യം ചെയ്ത എക്സ്പ്രഷനിസം. അത് സാങ്കേതികതകൾക്കപ്പുറം തെരുവുകളിലെ ജീവിതവും വേശ്യകളും നിസ്സഹായരായ സ്ത്രീകളും എല്ലാം ഇടകലർന്ന ഒരു ഭ്രമലോകമാണ് സൃഷ്ടിച്ചെടുത്തത്.

1905 ൽ കിർച്ചണറിന്റെ നേതൃത്വത്തിൽ എഴുപേരടങ്ങുന്ന ‘ദ ബ്രിഡ്ജ്‘എന്ന സംഘടനയുടെ രൂപീകരണം ജർമൻ കലാ സാഹചര്യങ്ങളിലെ അതിഗംഭീര വിപ്ലവമായാണ് അറിയപ്പെടുന്നത് . എക്സ്പ്രഷനിസത്തിന് പുതിയ ചിത്രഭാഷയുടെ മാനിഫെസ്റ്റോ ആയിരുന്നു അത്. ഭൂതകാലത്തിൽ നിന്ന് വാർത്തമാനകാലം വരെ മാത്രം ചിന്തിക്കുകയും ഭാവി എന്നത് പൂർണമായും പ്രതിപാദിക്കാതെയുമിരുന്ന വ്യത്യസ്തമായ ചലനം.
ഒന്നാം ലോകയുദ്ധത്തിൽ നിർബന്ധിത മിലിറ്ററി സേവനമനുഷ്ടിച്ച് കിർച്ചണർ അനുഭവിച്ച പീഡനങ്ങൾ അദ്ദേഹത്തെ വളരെയേറെകാലം മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് എത്തിച്ചത്. മനസ്സിന്റെ സമനില പൂർണമായും തിരിച്ചുകിട്ടാതിരുന്ന കിർച്ചണർ പിന്നീട് സ്വിറ്റ്സർ ലൻഡ് ലെ സ്ഥിരതാമസത്തിനിടയിൽ വരച്ചത് അധികവും പ്രകൃതിദൃശ്യങ്ങളായിരുന്നു. നാസി പട്ടാളവും ബുദ്ധിജീവികളും അപ്പോഴേക്കും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ജർമനിയുടെ സാംസ്കാരിക മുന്നേറ്റത്തിന് എതിരായി നിൽക്കുന്നവയാണെന്നും അതിലെ രാഷ്ട്രീയം അപകടകരമാണെന്നും സ്ഥാപിച്ചെടുത്തു., തുടർന്ന് അദ്ദേഹത്തിന്റെ അറുനൂറോളം ചിത്രങ്ങളാണ് ഭരണകൂടം നശിപ്പിച്ചുകളഞ്ഞത്.
അതിലുണ്ടായ പ്രതിഷേധവും മാനസിക സംഘർഷവും കിർച്ചണറിന്റെ സ്വകാര്യശേഖരങ്ങളിലെ നിരവധി ചിത്രങ്ങൾ അദ്ദേഹം തന്നെ സ്വയം നശിപ്പിച്ചു കളഞ്ഞു. പിന്നീടദ്ദേഹം 1938 ൽ സ്വയം നെഞ്ചിലേക്ക് വെടിവെച്ചു ഭരണകൂടത്തിന് സന്തോഷവും നമുക്ക് തീരാനഷ്ടവുമുണ്ടാക്കി. അമ്പത്തെട്ട് വർഷങ്ങൾ നിലപാടുകൾ പറഞ്ഞു ജീവിക്കുകയും നാസി ഭരണകൂടത്തെ ഭയപ്പെടുത്തുകയും ചെയ്ത കിർച്ചണറിനെ പോലെയുള്ള ചിത്രകാരന്മാർ ഇനിയുമനേകം പേരെ ചരിത്രങ്ങളിൽ നമുക്ക് കണ്ടെത്താനാകും. സ്വത്വങ്ങളിൽ ഉറച്ചുനിന്ന് ആത്മഹത്യ ചെയ്യുന്ന കലാകാരൻ ഭീരുവല്ലെന്നും ശേഷിക്കുന്ന കലാകാഴ്ചപാടുകൾ ഭരണകൂടങ്ങളെ വല്ലാതെ ആസ്വസ്ഥമാക്കുന്നുണ്ടെന്നും ഒരു വലിയ സമൂഹത്തെ ഇത് പാകപ്പെടുത്തുന്നുണ്ടെന്നും ചില ആത്മഹത്യകൾ നമ്മളെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

Ernst Ludwig Kirchner | 1880-1938
German Painter and Graphic Designer







No Comments yet!