ഞാനും പൂച്ചകളും തമ്മിലുണ്ടായ അടുപ്പം എന്നുമുതലാണെന്ന് കൃത്യമായ ഓര്‍മ്മയില്ല ഓര്‍മ്മവച്ച കാലം മുതല്‍ പൂച്ചകളും വീടിന്റെ ഭാഗമായിരുന്നു. കുറഞ്ഞത് മൂന്ന് പൂച്ചയെങ്കിലും വീട്ടിലുണ്ടാകും. എവിടുന്നൊക്കെയോ വീട്ടിലേക്ക് വന്നുകേറും. കരഞ്ഞു നടന്നു അവര്‍ പിന്നീട് വീടിന്റെ ഉടമസ്ഥര്‍ എന്ന ഭാവത്തില്‍ കസേര വരെ പിടിച്ചെടുക്കും. വീട്ടിലെ ഏറ്റവും ഇളയ കുഞ്ഞ് എന്ന പരിഗണന ആയിരിക്കും അവര്‍ക്ക് നമ്മള്‍ കൊടുക്കുന്നത്. ചില പൂച്ചകള്‍ നമുക്ക് വളരെ അല്‍ഭുതം തോന്നുന്ന വിധത്തില്‍ പെരുമാറാറുണ്ട്. മുന്‍പ് വീട്ടില്‍ മൂന്നു പൂച്ചകള്‍ ഉണ്ടായിരുന്നു ഒരു അമ്മയും രണ്ടു മക്കളും, പീലി, ഷിന്റോ എന്നാണ് അവര്‍ക്കു പേര് നല്‍കിയിരുന്നത്.പീലിക്ക് നമ്മള്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കുറച്ചൊക്കെ കഴിയുമായിരുന്നു ഒരു ദിവസം പീലിയോട് ഞാന്‍ പറഞ്ഞു ‘അമ്മയുടെ പേഴ്‌സ് നോക്കണേ ആരും പൈസ എടുത്തുകൊണ്ട് പോവാതെ’ അവനോട് എനിക്ക് നല്ല ഇഷ്ടമായിരുന്നു. മോന്‍ അവനെ പറ്റിക്കാന്‍ പേഴ്‌സില്‍ നിന്നും പൈസ എടുത്തു ഇത് കണ്ട പീലി അവന്റെ കയ്യില്‍ നിന്നും പൈസ കടിച്ചെടുത്തോണ്ട് അടുക്കളയില്‍ നിന്ന എന്റെ അടുത്തേക്ക് ഓടി വരികയായിരുന്നു. എനിക്ക് വളരെ അത്ഭുതം തോന്നി.
ഞാന്‍ പറഞ്ഞ കാര്യം അവന്‍ എങ്ങനെ മനസ്സിലായി എന്നോര്‍ത്ത് അവന്‍ വളരെ ബുദ്ധിയുള്ള പൂച്ചയായി എനിക്ക് തോന്നി. അവന്റെ സഹോദരന്‍ ഷിന്റോ ഒരു ഒരു ഇന്‍ട്രോവെട്ട് പൂച്ചയായിരുന്നു അവനു ഡിപ്രഷന്‍ ഉള്ളതായി തോന്നിയിരുന്നു ചെറുപ്പം മുതല്‍ പുറത്തേക്കൊന്നും ഷിന്റോ ഇറങ്ങിയിരുന്നില്ല ഇപ്പോഴും അവന്റെ മുഖത്ത് ആലോചനയും ദുഃഖവും എന്തുകൊണ്ടാണെന്ന് അറിയില്ല. പുറത്തുനിന്നും ഒരു കണ്ടന്‍ പൂച്ച ഇവനെ ആക്രമിക്കാന്‍ ലക്ഷ്യം വെച്ച് വരുമായിരുന്നു വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഷിന്റോയെ ആ കണ്ടന്‍ പൂച്ച കടിച്ചു കീറുമായിരുന്നു ദിനംപ്രതി അവന് പുറത്തിറങ്ങാന്‍ വളരെ പേടിയായിരുന്നു മറ്റുള്ള പൂച്ചകളെ ഉപദ്രവിക്കാതെ ഇവനെ തന്നെ ഇവനോട് എന്തോ വൈരാഗ്യം ഉള്ളതുപോലെയാണ് ആ പൂച്ചയുടെ പെരുമാറ്റം ഷിന്റോയ്ക്ക് ഡിപ്രഷന്‍ ഉണ്ടെന്ന് തോന്നി. ജീവികള്‍ക്കും ഡിപ്രഷന്‍ ഉണ്ടാകാമെന്ന് ന്യൂസിലന്‍ഡിലെ എന്റെ ഒരു സുഹൃത്ത് പറഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന മീന്‍ കുറച്ചുദിവസമായി ആഹാരം എടുക്കാതെ വന്നപ്പോള്‍ ഡോക്ടര്‍ അടുത്ത് ചെന്നു. മീനിന് ഡിപ്രഷന്‍ ഉണ്ടായിരിക്കുന്നു ഡോക്ടര്‍ പറയുകയും ചെയ്തു. ആരോടും കളിക്കാന്‍ പോകാതെ വീടിന്റെ ബെര്‍ത്തില്‍ ഏത് സമയവും അവനിരിക്കും. കഴിക്കാന്‍ മാത്രം ഇറങ്ങിവരും. മുറ്റത്ത് പോലും പോവില്ല.
അങ്ങനെയിരിക്കെ ഇവരുടെ അമ്മ വീണ്ടും പ്രസവിച്ചു. അതില്‍ രണ്ട് കുട്ടികളാണ് ഉണ്ടായിരുന്നത്. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ അമ്മ പൂച്ച എവിടെയോ പോയി. പൂച്ചക്കുട്ടികള്‍ ഭയങ്കര കരച്ചില്‍. വളരെ സമാധാനപരമായി ബെര്‍ത്തില്‍ കഴിഞ്ഞിരുന്ന ഷിന്റോ കരച്ചില്‍ കേട്ട് അസ്വസ്ഥനായി അവിടെനിന്നും താഴേക്ക് ഇറങ്ങി വരാന്‍ നിര്‍ബന്ധിതനായി. ഈ പൂച്ചക്കുട്ടികളെ നോക്കേണ്ട ബാധ്യത ഒരു ചേട്ടന്‍ എങ്ങനെ യാണോ അങ്ങനെ അവന്‍ ചെയ്യാന്‍ ബാധ്യസ്ഥനായി. എപ്പോഴും ഡെയിഞ്ചര്‍ സോണില്‍ ആയിരുന്നു അവന്‍. പുറത്തേക്കിറങ്ങാന്‍ നിര്‍ബന്ധിതനായി കാരണം പൂച്ചക്കുട്ടികള്‍ക്ക് തീറ്റ കൊടുക്കേണ്ട ബാധ്യത അവനു വന്നു. കാരണം, അവന് സമാധാനപരമായി ബെര്‍ത്തിന്റെ മുകളില്‍ ഇരിക്കാന്‍ പൂച്ചക്കുട്ടികളുടെ കരച്ചില്‍ സമ്മതിചില്ല. ഇങ്ങനെയുള്ള സാഹചര്യത്തിലും പൂച്ചക്കുട്ടികളുടെ കരച്ചില്‍ അവനെ വേദനിപ്പിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ അവന്‍ ഞങ്ങളോടൊക്കെ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, മനസിലാകുമായിരുന്നില്ല. പൂച്ചക്കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുക എന്നുള്ളത് അവന്റെ കടമ പോലെ അവന്‍ ഏറ്റെടുത്തു. വീടിന്റെ പുറകുവശത്ത് ഒരു ഹോട്ടല്‍ ഉണ്ട്. അവിടെ കോഴികളെ വെട്ടുമ്പോള്‍ അതിന്റെ കഴുത്ത് ഭാഗം കടിച്ചുകൊണ്ടുവരും. അങ്ങോട്ടുള്ള പോക്ക് അവന്റെ ജീവന് തന്നെ ഭീഷണി ആണ്. എങ്കിലും അവനത് ഏറ്റെടുത്ത് ആദ്യം ഒരു കഷണം കൊണ്ടുവന്നു കൊടുക്കും. വീണ്ടും പോകും… രണ്ടു പൂച്ചക്കുട്ടികള്‍ ഉണ്ടല്ലോ, ഒരാള്‍ക്ക് കൂടി വേണമെന്ന് ഉള്ളതുകൊണ്ട് വീണ്ടും അവന്‍ പോയി ഒരു കഴുത്തുകൂടി കടിച്ചുപിടിച്ച് കൊണ്ട് ചെന്ന് കൊടുക്കും.

ചിലപ്പോള്‍ ഇങ്ങനെ പോകുന്ന സമയത്ത് കണ്ടന്‍ പൂച്ച അവനെ കടിച്ചുകീറാറുണ്ട്. വടി എടുത്ത് ഓടിച്ചാലും ആ പൂച്ച അവനെ കടി വിടില്ല. ഇങ്ങനെ കൊടുത്ത ശേഷം അവന്‍ ബര്‍ത്തില്‍ കേറും. പൂച്ചക്കുട്ടികള്‍ക്ക് വേണ്ടി തന്റെ ജീവന്‍ പണയം വെച്ചു റിസ്‌ക് എടുക്കാന്‍ ഷിന്റോ ഒരുക്കമായിരുന്നു അമ്മ നഷ്ടപ്പെട്ടപ്പോള്‍ ഒരു ചേട്ടന്റെ ഉത്തരവാദിത്വം അവനില്‍ കാണാന്‍ പറ്റുമായിരുന്നു. പൂച്ചകളെ നമ്മള്‍ എത്ര താലോലിച്ചാലും ഒരു സമയം ആകുമ്പോള്‍ വീട് വിട്ടു പോകും. നമ്മള്‍ അതിനെ എല്ലായിടത്തും അന്വേഷിക്കും. അതിന്റെ പൊടിപോലും കാണില്ല. നമ്മള്‍ അറിയാത്ത ഏതോ ഒരു ദിക്കിലേക്ക് പെട്ടെന്നവ പോകും. അവരെ കാണാതാകുന്നതിന് മുമ്പ് ചില ലക്ഷണങ്ങള്‍ കാണിക്കും. ഒരു അകല്‍ച്ച കാണിക്കും. വേറെ ചില പൂച്ചകള്‍ ഒക്കെ വീടിന്റെ പരിസരത്ത് കൂടി കറങ്ങിനടക്കും. ആ പൂച്ചകളുമായി എന്തൊക്കെയോ ആശയവിനിമയം നടത്തുന്നത് കാണാം. പിന്നെ ഒരു ദിവസം മുഴുവന്‍ നമ്മുടെ പൂച്ചയെ കാണില്ല. പിറ്റേദിവസം മുതല്‍ അതിനെ എന്നെന്നേക്കുമായി കാണാതാകുന്നു. ഈ പൂച്ചകള്‍ എങ്ങോട്ടാണ് പോകുന്നത്..? എന്തിനായിരിക്കും പോകുന്നത്..? ഇത്ര സുരക്ഷിതമായ സ്ഥലം വിട്ടു പോകാന്‍ അവരെ പ്രേരിപ്പിക്കുന്ന എന്തായിരിക്കും ഉള്ളത്..? പൂച്ചകളുടെ ഇറങ്ങിപ്പോക്ക് ഒരു സമസ്യയാണ്.
No Comments yet!