നാല്
ഉച്ചനേരത്ത് ഊണ് കഴിഞ്ഞാൽ കുറച്ചുനേരം കിടക്കണം. അന്ന് കിടക്കുമ്പോൾ കഥകൾ പറയാനാവശ്യപ്പെട്ട് മകളും മകനും ഭാര്യയെ തള്ളി മാറ്റി ഇരുവശങ്ങളും പിടിച്ചടക്കി. പറയാനപ്പോൾ കഥകളൊന്നും ഉണ്ടായിരുന്നില്ല. കുട്ടികളെ അടക്കി നിർത്താൻ ഒരടവ് പ്രയോഗിച്ചു. അലമാരയുടെ മുകളിലേക്ക് നോക്കി ഒരു സലാം.
”എന്താ” – മോൾടെ ചോദ്യം.
മരിച്ചുപോയ വല്ല്യുപ്പമാർ അവിടെ വന്നിരിപ്പുണ്ട്- അത് കേട്ട് മൂന്നുപേരും ഞെട്ടി. അവർകുറച്ചുകൂടി ചേർന്നുകിടന്നു.
ഇവനും ആത്മാക്കൾക്കുമിടയിൽ എന്തോ ഇടപാടുണ്ടെന്ന് വീട്ടിലെ മുതിർന്നവർ പോലും ഈയിടെയായി സംശയിക്കുന്നുണ്ട്. അതിരുവിട്ട തമാശകൾതന്നെയാണ് അതിന് കാരണം. സ്ഫോടനങ്ങളെ കുറിച്ചൊക്കെ എങ്ങനെയാണ് ഇങ്ങനെ എഴുതാൻ കഴിയുന്നതെന്ന് ഒരിക്കൽ അനുജത്തി ചോദിച്ചു. മരിച്ചുപോയവരുടെ ആത്മാക്കൾ പറഞ്ഞുതരുമെന്നായിരുന്നു കുസൃതിയോടെയുള്ള മറുപടി. അവളും, അന്നേരം അടുക്കളയിൽ ഉണ്ടായിരുന്നവരും ഒന്നു ഞെട്ടി. അവരത് പാതിവിശ്വാസത്തിലെടുത്തിട്ടുണ്ട്.
ആത്മാവുകളുമായി ഇടപാടുകളുണ്ടെന്ന് സംശയിക്കുന്നവരെയൊക്കെ പറ്റിക്കാൻ ചില കുസൃതികൾ ഒപ്പിച്ചുകൊണ്ടേയിരുന്നു. പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധപിടിച്ചുകൊണ്ട് ശൂന്യതയിലേക്കോ ചുമരിലേക്കോ നോക്കി സലാം പറയുക, വായുവിൽ ഒറ്റയ്ക്ക് ആർക്കോ എന്നപോലെ കൈ കൊടുക്കുക, അങ്ങിനെ ചില വികൃതികൾ.
ആത്മാവുകളുമായുള്ള ബന്ധം അങ്ങിനെ നീണ്ടു പോകവേ ഒരു ദിവസം പെട്ടെന്ന് തോന്നിയ കുസൃതിക്ക് ഒരു വിരുതൊപ്പിച്ചു. അന്ന് അത്താഴം കഴിഞ്ഞ് എല്ലാവരും കിടക്കാനുള്ള പുറപ്പാടിലായിരുന്നു. കിടക്കും മുമ്പ് ബാത്റൂമിലേക്ക് പോകാൻ മുറിയിൽ നിന്നും ഇടനാഴിയിലേക്ക് കടന്നപ്പോൾ അനുജത്തി അവളുടെ മുറിയിൽ നിന്നും ഇറങ്ങുന്നത് വലത് കൺകോണിലൂടെ അറിഞ്ഞു. നേരെ മുമ്പിലെ ചുമരിലേക്ക് നോക്കി ഉച്ചത്തിലൊരു സലാം, ചുമരിന് കൈകൊടുപ്പും. ഒരു നിലവിളിയായി അനുജത്തി മുറിയിലേക്ക് തന്നെ ചാടിക്കയറി.
ഈ സംഭവങ്ങളൊക്കെ പേടിപ്പെടുത്തുന്നുണ്ടെങ്കിലും അവർക്ക് എപ്പോഴും കേൾക്കേണ്ടത് ആത്മാവുകളെ കുറിച്ചാണ്. ആത്മാവുകളുടെ കഥകളാണ്.
ആ ഉച്ചനേരത്ത് അലമാരക്കു മുകളിൽ വന്നിരിക്കുന്ന വല്യുപ്പമാരുടെ സാന്നിധ്യം അവർ സംശയിച്ചു. ദേ ഒരാൾ കൂടി വന്നിരിക്കുന്നു. ഞാൻ പറഞ്ഞു.
”അതാര്” – ഇത്തവണ മകനാണ് ചോദിച്ചത്.
”നിന്റെ മൂത്താപ്പ”- ഞാൻ പറഞ്ഞു.
അർബുദ വേദനയിൽ പൊലിഞ്ഞുപോയ എന്റെ കസിൻ ബ്രദറാണതെന്ന് അവർക്കറിയാം. അവർ ഒന്നുകൂടി എന്നിലേക്ക് ചേർന്നമർന്നു.
നിങ്ങൾ പേടിക്കേണ്ടവരല്ലല്ലോ അവർ – ഞാൻ സമാധാനിപ്പിക്കാനായി പറഞ്ഞു. അപ്പോഴാണ് കരണ്ട് പോയത്. പതിയെ പതിയെ നിൽക്കുകയായിരുന്ന ഫാനിലെ വൃത്തത്തെ നോക്കി ഞങ്ങൾ കിടന്നു. ഫാൻ നിന്നതോടെ മുറിയിലാകെ ചൂടായി.
അല്ല. ങ്ങളെ ആത്മാക്കളെ കൊണ്ട് ഫാൻ കറക്കിച്ചൂടെ – ഭാര്യയുടേതാണ് പരിഹാസ ചോദ്യം.
ചൂണ്ടുവിരൽ ഫാനിലെ വൃത്തത്തിലേക്ക് ചൂണ്ടി കുറച്ചുനേരം നിന്നു. വിരൽ അനക്കലും ഫാൻ ടപ് എന്നൊരൊച്ചയോടെ കറങ്ങി. അയ്യോ എന്നൊരു അലർച്ചയോടെ അവർ മുറിവിട്ട് പുറത്തേക്ക് ഓടി. പേടി കുരുക്കിട്ട് കൈകാലുകൾ തളർന്ന് കിടക്കയിൽ ഞാൻ മാത്രം …..
***
(അവസാനിച്ചു)







No Comments yet!