Skip to main content

ഉറുമ്പുകളാലൊരു മഹാമാരി

സ്പാനിഷ് പുരോഹിതനും, എഴുത്തുകാരനും, കരീബിയില്‍ ദ്വീപുകളിലെ സ്പാനിഷ് അധിനിവേശത്തേയും അവിടത്തെ പ്രാദേശികര്‍ക്കെതിരെ സ്പാനിഷ് കോളനി അധികാരികള്‍ നടത്തുന്ന ദുഷ്‌ചെയ്തികളേയും ശക്തമായി എതിര്‍ക്കുകയും ചെയ്ത വ്യക്തിയാണ് 1484ല്‍ ജനിച്ച് 1566ല്‍ അന്തരിച്ച ബര്‍തലോമെ ദെ ലാസ് കസാസ്. അദ്ദേഹത്തിന്റെ ”ഷോര്‍ട്ട് അക്കൗണ്ട് ഓഫ് ദ ഡിസ്ട്രക്ഷന്‍ ഓഫ് ദ ഇന്തീസ്” എന്ന പുസ്തകം പ്രസിദ്ധമാണ്. സ്പാനിഷ് ഭരണകൂടം അദ്ദേഹത്തെ ഔദ്യോഗികമായി `ഇന്ത്യക്കാരുടെ സംരക്ഷകന്‍` എന്ന സ്ഥാനത്ത് അവരോധിക്കുകയുണ്ടായി. ആ സ്ഥാനത്തിരുന്ന ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം.

Bartelomeo de Las Casas

ഇക്കാലത്ത്, 1518ലോ 1519ലോ, ദ്വീപില്‍ മറ്റൊന്നുകൂടി സംഭവിച്ചു. ദൈവേച്ഛയാല്‍ അല്ലെങ്കില്‍ ദൈവത്തിന്റെ അനുമതിയോടെ ഒരു മഹാമാരിയുണ്ടായി. എല്ലാവിധ കഠിനമായ തൊഴിലുകളും നിര്‍ബന്ധപൂര്‍വ്വം ചെയ്യിപ്പിച്ച് പീഢിപ്പിക്കപ്പെട്ടിരുന്നവര്‍ക്ക് ഒരു ആശ്വാസമെത്തിക്കാനാണതു വന്നതെന്നു തോന്നി. അവരുടെ ഈ കഠിന പീഢകള്‍ അധികവും ഖനികളിലായിരുന്നു. അതുപോലെ, അവരെ അടിച്ചമര്‍ത്തിയിരുന്നവര്‍ക്ക് അവരില്ലാത്തതിനാല്‍ എന്തു സംഭവിക്കുന്നു എന്നു മനസിലാക്കി ശിക്ഷിക്കാനും കൂടി വേണ്ടിയാണിതെന്നും തോന്നി. ആ മഹാമാരിയില്‍ മിക്കവാറും എല്ലാ ഇന്ത്യക്കാരും ഇല്ലാതായി. വളരെ തുച്ഛമാളുകള്‍ മാത്രം ബാക്കിയായി. വസൂരി രോഗത്തിന്റെ രൂപത്തിലാണാ മഹാമാരിയെത്തിയത്. കാസൈലില്‍ നിന്നാരോ കൊണ്ടുവന്നതായിരുന്നു അത്. ദരിദ്രരായ ഇന്ത്യക്കാരെയാണത് ബാധിച്ചത്. അഗ്‌നിപോലെ കത്തിയാളുന്ന വസൂരി മണ്ണിന്റെ ചൂടില്‍ വളര്‍ന്നു. ഇന്ത്യക്കാര്‍ മനോവേദനയിലായി. ലഭ്യമായ അവസരത്തിലൊക്കെ പുഴയില്‍ മുങ്ങിക്കുളിക്കുന്ന സ്വഭാവക്കാരായിരുന്നു ഈ ഇന്ത്യക്കാര്‍. ഈ തീവ്രവേദന കൂടിയായപ്പോള്‍ അവര്‍ കുളിയുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. അതിനാല്‍ വസൂരിരോഗം പുറത്തേക്ക് കുറേക്കാലം പ്രത്യക്ഷപ്പെടാതെ അവരുടെ ശരീരങ്ങളില്‍ ഒളിച്ചിരുന്നു. പുറത്തെത്തിയതും അവര്‍ ഒന്നൊന്നായി മരിക്കാനാരംഭിച്ചു. ഇതുമാത്രമല്ല രോഗം വ്യാപിച്ചതിനും മരണം അധികമായതിനു കാരണം. ഭക്ഷണമില്ലായ്മ, വസ്ത്രമില്ലായ്മ, നിലത്തു കിടന്നുറങ്ങുക, അതികഠിനമായ ശാരീരികാദ്ധ്വാനം, അവരാരെ സേവിച്ചുകൊണ്ടിരുന്നോ ആ യജമാനന്മാര്‍ തങ്ങളുടെ തൊഴിലാളികളുടെ ആരോഗ്യ കാര്യത്തിലൊട്ടും ശ്രദ്ധിക്കാതിരിക്കുക എന്നിവ മൂലം, ആ മെലിഞ്ഞ ശരീരങ്ങള്‍ക്ക് രോഗാണുക്കളെ ചെറുക്കാനായില്ല. ഇന്ത്യക്കാര്‍ മരിച്ചുകൊണ്ടിരിക്കുന്നു എന്നു കണ്ട സ്പാനിഷുകാര്‍ക്ക് അവസാനം അവര്‍ ജീവനോടെ നിലനില്‍ക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടാന്‍ തുടങ്ങി. അതിനാല്‍ അവരുടെ രോഗശമനത്തിനായി ചില നീക്കങ്ങളുണ്ടായി. പക്ഷേ ഇത് മിക്കവരേയും സഹായിച്ചില്ല. വര്‍ഷങ്ങള്‍ വൈകിപ്പോയിരുന്നു അങ്ങനെയൊരു നീക്കമാരംഭിക്കാന്‍. ഈ ദുരന്തത്തില്‍ നിന്ന് ആയിരമാളുകള്‍ പോലും രക്ഷപ്പെട്ടിട്ടുണ്ടാകും എന്നെനിക്ക് തോന്നുന്നില്ല. അനേകായിരം ഈ ദ്വീപില്‍ ജീവിച്ചിരുന്നത് ഞങ്ങള്‍ നേരിട്ടു കണ്ടിട്ടുള്ളതാണ്. അത് ഈ പുസ്തകത്തില്‍ വിവരിച്ചിട്ടുമുണ്ട്. ഇവരില്‍ ഇത്തരത്തില്‍ മനുഷ്യത്വമില്ലാത്ത വിധത്തില്‍ ക്‌ളേശങ്ങള്‍ വരുത്തുന്നതിനു ദൈവം തന്റെ രഹസ്യ നിര്‍ണ്ണയത്താല്‍ അനുമതി നല്‍കിയിട്ടുണ്ടാകാമെങ്കിലും, അവരുടെ മരണത്തിനു അനുമതി നല്‍കിയിട്ടുണ്ടാകാമെങ്കിലും, അന്തിമ വിധി നാളില്‍, ഇതിന്റെ യഥാര്‍ത്ഥ കാരണക്കാര്‍ക്ക്, ഇത്രയും ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായവര്‍ക്ക്, അവന്‍ കനത്ത ശിക്ഷ തന്നെ നല്‍കും എന്ന് വിശ്വസിക്കാതിരിക്കാന്‍ ഒരു ക്രിസ്ത്യാനിക്കുമാകില്ല. ജീവിച്ചിരിക്കുമ്പോഴേ പശ്ചാത്തപിക്കുന്നില്ലെങ്കില്‍ അവരുടെ അത്യാര്‍ത്തിയ്ക്കും ക്രൂരതയ്ക്കും അവര്‍ വലിയ വില നല്‍കേണ്ടി വരും. കലമെത്താത്ത ജീവനെടുത്തതിനും, ഇത്രയധികം മരണത്തിനും അവര്‍ വില നല്‍കേണ്ടി വരും. അവരുടെ പരിവര്‍ത്തനത്തിനു മുമ്പേ അവര്‍ക്കവരുടെ ജീവന്‍ നഷ്ടപ്പെട്ടതിനു വില നല്‍കേണ്ടി വരും. (എന്റെ അറിവും വിശ്വാസവും അനുസരിച്ച് ഈ ദ്വീപിലുള്ള ബാക്കിയാളുകളെല്ലാം അവരുടെ വിഗ്രഹാരാധനാ കാലങ്ങളിലാണു മരിച്ചിട്ടുള്ളത്. വിശ്വാസത്തെ പ്രാപിക്കാതെ, ദിവ്യ കര്‍മ്മങ്ങളിലൂടെ കടന്നുപോകാതെയാണു മരിച്ചിരിക്കുന്നത്.) ഇക്കാര്യത്തില്‍ ഒരു ക്രിസ്ത്യാനിക്കും സംശയമുണ്ടാകില്ല.

ഇന്ത്യക്കാര്‍ മരിച്ചുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായപ്പോള്‍ അവര്‍ കൂടുതല്‍ അലസരായി, ഖനികള്‍ ഉപേക്ഷിച്ചു. അവിടേക്കു ചെന്ന് മരിക്കാനോ അവിടെ ചെന്ന് കൊല്ലാനോ അവര്‍ക്കാരുമില്ലാതായിരുന്നു. അതിനാല്‍ അവര്‍ കൂടുതല്‍ ധനം ലഭിക്കുന്ന, കൂടുതല്‍ ലാഭം ലഭിക്കുന്ന ഇതരമാര്‍ഗ്ഗങ്ങള്‍ തിരഞ്ഞു. ചിലര്‍ കൊന്നമരങ്ങള്‍ നട്ടു. കര്‍ണ്ണികാരങ്ങള്‍ നട്ടു. അവ പെട്ടെന്നു വളരുന്നവയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ മണ്ണെല്ലാം ഇത്തരം വൃക്ഷങ്ങള്‍ക്ക് മാത്രമായി നിര്‍മ്മിക്കപ്പെട്ടവയാണെന്ന തോന്നലുണ്ടായി. ഈ വൃക്ഷങ്ങള്‍ ഈ മണ്ണിനായി മാത്രം നിര്‍മ്മിക്കപ്പെട്ടവയാണെന്നും തോന്നി. പ്രകൃതിയും ദൈവേച്ഛയും അതിനെ അനുകൂലിക്കുന്നു, അതിനുത്തരവിട്ടിരിക്കുന്നു എന്നു തോന്നി. ഒട്ടും കാലവിളംബമില്ലാതെ ഇത്തരം കൊന്നമരങ്ങളുടെ വലിയ എസ്റ്റേറ്റുകള്‍ നിര്‍മ്മിക്കപ്പെട്ടു. അവിടെ നിന്ന് ലോകത്തിനു മുഴുക്കെ ആവശ്യമുള്ളയത്ര ഉത്പാദനം നടത്താമെന്നായി. നല്ല കനമുള്ള തണ്ടും ശിഖരങ്ങളും അവയ്ക്കുണ്ടായിരുന്നു. അതില്‍ നല്ല ദശയുമുണ്ടായിരുന്നു. അവരുടെ വിവേകം അലക്‌സാണ്ട്രിയയിലുള്ളവരുടേതിനേക്കാള്‍ കുറവോ കൂടുതലോ ആയിരുന്നോ എന്ന് നിങ്ങള്‍ ഡോക്ടര്‍മാരോടും ഫാര്‍മസിസ്റ്റുകളോടും ചോദിച്ചു നോക്കുക. ഈ ദ്വീപിലെ പൗരന്മാര്‍ക്ക്, അതായത് സ്‌പെയിനില്‍ നിന്നുള്ളവര്‍ക്ക്, പിന്നെ ഇന്ത്യക്കാരോട് മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാനുണ്ടായിരുന്നില്ല. അവര്‍ സ്വയം അഭിമാനികളായി. പ്രാദേശികര്‍ക്ക് ഈ കൊന്നമരങ്ങളില്‍ നിന്ന് ധാരാളം സമ്പത്തുണ്ടാകുമെന്നും വിശ്വസിപ്പിച്ചു. അവരുടെ അഭിവൃദ്ധിക്കു കാരണക്കാരനായ ദൈവത്തിനതിന്റെ ഒരു ഭാഗം നല്‍കുന്നതു നല്ലതാകും എന്നു പറഞ്ഞു. അങ്ങനെ അവര്‍ അവരുടെ അദ്ധ്വാനത്തിന്റെ ഫലം ആസ്വദിക്കാന്‍ തുടങ്ങിയപ്പോഴാണ്, അവരുടെ തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ഫലം ആസ്വദിക്കാനൊരുങ്ങിയിരിക്കുമ്പോഴാണ്, ദൈവം ഈ ദ്വീപില്‍ മുഴുക്കെയും സെയ്ന്റ് ജോണ്‍ ദ്വീപിലും മറ്റൊരു മഹാമാരിയെത്തിച്ചത്. അതങ്ങനെ വളര്‍ന്നുകൊണ്ടിരുന്നു. ആ ദ്വീപില്‍ ജനവാസം ദുസ്സഹമാക്കും വിധം വളര്‍ന്നുകൊണ്ടിരുന്നു.

ഇത്തവണ മഹാമാരിയെത്തിയത് ഉറുമ്പുകളുടെ രൂപത്തിലായിരുന്നു. ഈ ദ്വീപിലും അടുത്തതിലും അവ പെരുകി. മനുഷ്യനാലാകുന്ന ഒരു മാര്‍ഗ്ഗത്തിലൂടേയും ആ പെരുകല്‍ അവസാനിപ്പിക്കാനായില്ല. അതിനു മുഖ്യ കാരണം അവ അത്രയധികമായിട്ടുണ്ടായിരുന്നു എന്നതു തന്നെയാണ്. ഈ ദ്വീപില്‍ വളര്‍ന്ന ഉറുമ്പുകള്‍ക്ക് സെയ്ന്റ് ജോണിലുള്ളവയെ അപേക്ഷിച്ച് ചില പ്രത്യേക ആനുകൂല്യങ്ങളുണ്ടായിരുന്നു. അവയ്ക്ക് വൃക്ഷങ്ങളെപ്പോലും നശിപ്പിക്കാനാകുമായിരുന്നു എന്നതാണത്. ഇവയുടെ ക്രൗര്യത്തിനു മുന്നില്‍ മറ്റു ദ്വീപുകളിലെ ഉറുമ്പുകള്‍ പരാജയപ്പെട്ടു. മനുഷ്യരെ ഉപദ്രവിക്കുന്ന കടന്നലുകളേക്കാള്‍ കൂടുതല്‍ വേദന ഈ ഉറുമ്പുകള്‍ കടിക്കുമ്പോഴുണ്ടായി. മനുഷ്യര്‍ക്ക് രാത്രിയില്‍ ഉറങ്ങാനാകാതായി. മെത്തയില്‍ ഇവയെ പ്രതിരോധിക്കാനാകതായി. ഉറങ്ങണമെങ്കില്‍ കട്ടില്‍ കാലുകള്‍ വെള്ളം നിറച്ച പാത്രങ്ങളില്‍ വയ്ക്കണമെന്നുമായി. ദ്വീപിലെ ഉറുമ്പുകള്‍ വൃക്ഷങ്ങള്‍ കടിച്ചു തിന്നാനാരംഭിച്ചു. വേരുമുതല്‍ മുകളിലേക്ക് കടിച്ചു തിന്നാന്‍. വൃക്ഷങ്ങളെല്ലാം തീപിടിച്ചതുപോലെ ഉണങ്ങിപ്പോയി. ആകാശത്തുനിന്ന് അവയ്ക്ക് മുകളിലേക്ക് തീ വീണതുപോലെ. അവ മാതളനാരക വൃക്ഷങ്ങളേയും ഓറഞ്ച് വൃക്ഷങ്ങളേയും ആക്രമിച്ചു. അവയുടെ അനേകം തോട്ടങ്ങള്‍ ദ്വീപിലുണ്ടായിരുന്നു. അങ്ങനെ ഉറുമ്പുകളാല്‍ നശിപ്പിക്കാത്തതായി ഒന്നുമില്ലെന്നായി. അതു കാണുമ്പോള്‍ തന്നെ ദയതോന്നുമായിരുന്നു. സാന്റൊ ഡോമിന്‍ഗൊ നഗരത്തില്‍ പല തോട്ടങ്ങളും ഇങ്ങനെ നശിച്ചു. അതില്‍ ഡൊമിനീഷ്യന്‍ സന്യാസ സമൂഹത്തിന്റേതായ, വളരെ പ്രാധാന്യമുള്ള ഒന്നുമുണ്ടായിരുന്നു. മാതളനാരകങ്ങളും നല്ല മധുരമുള്ള ഓറഞ്ചുകളും ആ തോട്ടത്തിലുണ്ടായിരുന്നു. ലാ വേഗ എന്നു വിളിക്കുന്നിടത്ത് ഇതുപോലെ ഫ്രാന്‍സിസ്‌കന്‍ സഭയുടെ ഒരു തോട്ടവും നശിച്ചു. ഈ വൃക്ഷങ്ങളെല്ലാം കൊന്നമരങ്ങള്‍ക്ക് പുറകിലായിരുന്നു. നല്ല മധുരമുള്ളവയായിരുന്നു. അവയെല്ലാം വളരെ പെട്ടെന്ന് കത്തിക്കരിഞ്ഞതുപോലെയായി. ലാഭത്തിനയി നട്ടുപിടിപ്പിക്കപ്പെട്ട ഒന്നര ദശലക്ഷത്തോളം വൃക്ഷങ്ങളെ അവ ബാധിച്ചു എന്നാണു ഞാന്‍ മനസിലാക്കുന്നത്. ഇത്രയധികം വസ്തുവകകള്‍ ഇങ്ങനെയൊരു ആക്രമണത്തിനു പാത്രീഭവിച്ചിരിക്കുന്നതു കാണുന്നതു തന്നെ ലജ്ജാകരമായി. ലാ വേഗയിലെ സെയിന്റ് ഫ്രാന്‍സീസിന്റെ തോട്ടത്തില്‍ നിറയെ ഓറഞ്ചുകളായിരുന്നു. അതുകൂടാതെ അവിടെ ഞാന്‍ മാതളനാരകവും കൊന്നകളും കണ്ടിട്ടുണ്ട്. അവയെല്ലാം വളരെ പെട്ടെന്ന് കരിഞ്ഞുപോയി. ആ പ്രദേശത്തുള്ള പല കര്‍ണ്ണികാരതോട്ടങ്ങള്‍ക്കും അതേ വിധിയുണ്ടായതും ഞാന്‍ കണ്ടു. അവിടെ നട്ടുപിടിപ്പിച്ച കൊന്നമരങ്ങളുണ്ടെങ്കില്‍ യൂറോപ്പിലും ഏഷ്യയിലും അവയെക്കൊണ്ടുള്ള ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാനാകുമായിരുന്നു. അവയെ റൊട്ടിക്കു പകരം മനുഷ്യര്‍ തിന്നുകയായിരുന്നു എങ്കില്‍ പോലും മതിയാകുമായിരുന്നു. കടല്‍ മുതല്‍ കടല്‍ വരെ ഏകദേശം 80 ലീഗ് നീളത്തില്‍ അവ പരന്ന് കിടന്നു. അവയ്ക്കിടയില്‍ നദികളും അതിനൊത്ത സാന്തോഷങ്ങളും നിറഞ്ഞു കിടപ്പുണ്ടായിരുന്നു. ഇതിനെക്കുറിച്ച് നമ്മുടെ? അപോലോജേറ്റീക ഹിസ്റ്റോറിയ? എന്ന പുസ്തകത്തില്‍ നമ്മള്‍ വിശദമായി സംസാരിച്ചിട്ടുണ്ട്.

ഉറുമ്പുകള്‍ എന്ന ഈ മഹാമാരിയ്ക്ക് പരിഹാരം കണ്ടെത്താന്‍ ചിലര്‍ ശ്രമിച്ചു. ഉറുമ്പുകളെ ഉന്മൂലനം ചെയ്യാന്‍. അവര്‍ വൃക്ഷങ്ങള്‍ക്ക് ചുറ്റിലും കിടങ്ങുകള്‍ കുഴിച്ച് ഉറുമ്പുകളെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു. ചിലപ്പോള്‍ തീ കത്തിച്ചു കൊല്ലാന്‍ ശ്രമിച്ചു. മണ്ണില്‍ മൂന്നോ നാലോ അടി ആഴത്തില്‍ അവയുടെ മുട്ടകള്‍ കണ്ടെത്തി, മഞ്ഞുപോലെ വെളുത്ത മുട്ടകള്‍. അവ കണ്ടെത്തിയാല്‍ അതു കത്തിച്ചുകളഞ്ഞു. പക്ഷേ, ഒരു പകലും രാവും പിന്നിട്ട് പ്രഭാതമാകുമ്പോഴേക്കും അതിന്റെയിരട്ടി ജീവനുള്ള ഉറുമ്പുകളെ കാണും. ലാ വെഗയിലെ സെയ്ന്റ് ഫ്രാന്‍സിസിന്റെ ആശ്രമത്തിലെ പുരോഹിതര്‍ മെര്‍ക്കുറി ക്‌ളോറൈഡിന്റെ കല്ലുകളുണ്ടാക്കി. അതിന് മൂന്നോ നാലോ റാത്തല്‍ ഭാരമുണ്ടാകുമായിരുന്നു. അത് വീടിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചു. ഉറുമ്പുകള്‍ അവിടേക്ക് കുതിച്ചു. ആ കല്ലില്‍ നിന്ന് ലഭിക്കുന്നതു കടിച്ചു തിന്നാന്‍ ശ്രമിച്ചു. ചത്തുവീണു. ഒന്നര ലീഗ് ചുറ്റളവിലുള്ള ഉറുമ്പുകളെയെല്ലാം അവ മെര്‍ക്കുറി ക്‌ളോറൈഡിന്റെ വിരുന്നുണ്ണാന്‍ ക്ഷണിച്ചിരുന്നു എന്നു തോന്നി. ആ ക്ഷണം ഒരൊറ്റയുറുമ്പുപോലും നിരസിച്ചില്ല എന്നും. അങ്ങനെ വഴി നീളെ സന്യാസാശ്രമത്തിലേക്ക് വരിവച്ച ഉറുമ്പുകളാല്‍ നിറഞ്ഞു. അവ മുകളിലേക്ക് കയറി. മെര്‍ക്കുറി ക്‌ളോറൈഡ് തിന്നു. ചത്തുവീണു. അങ്ങനെ മേല്‍ക്കൂരായാകെ കരിപ്പൊടി വിതറിയതുപോലെ ചത്ത ഉറുമ്പുകളാല്‍ നിറഞ്ഞു. മെര്‍ക്കുറി ക്‌ളോറൈഡിന്റെ കല്ലു തീരുവോളം ഇതു തുടര്‍ന്നു. ആ കല്ലിനു ഒരു പന്തിന്റെ ആകൃതിയായിരുന്നു. രണ്ട് മുഷ്ടികള്‍ കൂട്ടിച്ചേര്‍ത്ത വലിപ്പമുണ്ടായിരുന്നു. ആദ്യം അവരതു സ്ഥാപിച്ചപ്പോള്‍ അതിനത്രയും വലിപ്പമുണ്ടെന്ന് ഞാന്‍ കണ്ടതാണ്. പക്ഷേ പിന്നെ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അതിനൊരു കോഴിമുട്ടയുടെ വലിപ്പം മാത്രമായി.

മെര്‍ക്കുറി ക്‌ളോറൈഡ് കല്ലുകള്‍ അവരുടെ വാസസ്ഥലത്തിനെ അഴുക്കാക്കുക എന്നതിലുപരി അധികം ഉപകാരമൊന്നും ചെയ്യുന്നില്ല എന്ന് പുരോഹിതര്‍ പിന്നെ കണ്ടു. അവരതു നീക്കം ചെയ്യാന്‍ തീരുമാനിച്ചു. എന്നാലും രണ്ടു കാര്യങ്ങളില്‍ അവര്‍ അത്ഭുതപ്പെട്ടു. അവ സത്യമായും പ്രകീര്‍ത്തനമര്‍ഹിക്കുന്നവയുമായിരുന്നു. അതിലാദ്യത്തേത് ഒട്ടും വികാരമില്ലാത്തവയും വികാരമുള്ളവയുമായ ജീവജാലങ്ങളിലെ സ്വാഭാവികമായ സഹജവാസനയും കരുത്തുമാണ്. ഇവിടെ വളരെ ദൂരെയുള്ള ഉറുമ്പുകള്‍ക്ക് പോലും മെര്‍ക്കുറി ക്‌ളോറൈഡിന്റെ സാന്നിദ്ധ്യം തിരിച്ചറിയാനായി. വളരെ പെട്ടെന്നു തന്നെ ഈ സഹജവാസന അവയെ ആ കല്ലിനരികിലേക്കെത്തിക്കുകയും ചെയ്തു. രണ്ടാമത്തേത് ഉറുമ്പുകളെപ്പോലെ ചെറിയ ആകാരമുള്ള പ്രാണികള്‍ക്കെങ്ങനെ മെര്‍ക്കുറി ക്‌ളോറൈഡിന്റെ ഈ കല്ലില്‍ കടിക്കാനായി എന്നതാണ്. കടിച്ചുകടിച്ച് അതില്ലാതാക്കാനായി എന്നതാണ്. ആ കല്ലിന് സത്യമായും ഒരു പാറയുടെ ഉറപ്പുണ്ടായിരുന്നു.

ഈ മഹാമാരി വര്‍ദ്ധിച്ചുവരുന്നതു കണ്ട, അത് അവര്‍ക്ക് വലിയ ഹാനി വരുത്തുന്നതു കണ്ട സാന്റൊ ഡൊമിന്‍ഗൊയിലെ ജനങ്ങള്‍, മാനുഷികമായ പ്രയത്‌നങ്ങളിലൂടെ അതിനൊരു പരിഹാരം കണ്ടെത്താനാകാതെ വന്നപ്പോള്‍ ഏറ്റവും ഉന്നതനായ സര്‍വ്വേശ്വരനില്‍ നിന്ന് സഹായമഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. ഏറ്റവും ഉന്നതമായ കോടതിയുടെ സഹായം തേടാന്‍. തങ്ങളുടെ ലൗകിക വസ്തുക്കള്‍ക്കെല്ലാം ഇത്രയും ഹാനിവരുത്തുന്ന ഈ മഹാമാരിയില്‍ നിന്നു തങ്ങളെ മോചിപ്പിക്കണം എന്ന് സര്‍വ്വശക്തനായ പിതാവിനോടഭ്യര്‍ത്ഥിച്ച് അവര്‍ പ്രദക്ഷിണങ്ങള്‍ നടത്തി. ദൈവത്തിന്റെ അനുഗ്രഹം കുറച്ചു പെട്ടെന്നു ലഭിക്കാനായി ഒരു സന്യാസിവര്യനെ അവരുടെ വക്കീലാക്കിയാലോ എന്നു തീരുമാനിച്ചു. സര്‍വ്വശക്തനായ പ്രഭു അതിനാരെയാണോ തിരഞ്ഞെടുക്കുന്നത് അയാളെ അങ്ങനെ നിയമിക്കാമെന്ന് കരുതി. ഒരു ദിവസം പ്രദക്ഷിണമവസാനിച്ചപ്പോള്‍, ബിഷപ്പും, പുരോഹിതരും നഗരമൊന്നാകെയും ഇങ്ങനെ വക്കീലാകാന്‍ യോഗ്യനാകുന്ന ദൈവ ഭക്തന്‍ ആരായിരിക്കും എന്നു നിര്‍ണ്ണയിക്കാനൊരുങ്ങി. ഒരു തിരഞ്ഞെടുപ്പു നടത്താനൊരുങ്ങി. ഭാഗ്യം ചെന്നു വീണത് സെയിന്റ് സാറ്റൂര്‍ണിനിലായിരുന്നു. അയാളെ അവരെല്ലാം വളരെ സന്തോഷത്തോടെ സ്വീകരിച്ചു. നല്ലൊരു വിരുന്നു നല്‍കി അതൊരു ആഘോഷമാക്കി. അന്നു മുതല്‍ എല്ലാ വര്‍ഷവും ആ ആഘോഷം തുടരുന്നു എന്നാണെന്റെ അറിവ്. തലേന്ന് സായാഹ്നത്തില്‍ അവര്‍ ഉപവസിക്കാറുണ്ടോ എന്നെനിക്കറിയില്ല. അന്നുമുതല്‍ ഈ മഹാമാരി കുറഞ്ഞുവരുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. എല്ലാം പെട്ടെന്നൊടുങ്ങാതിരുന്നത് അവര്‍ ചെയ്ത പാപങ്ങളുടെ ഫലമായിട്ടാണ്. ഇപ്പോള്‍ ആ പാപങ്ങളും ഇല്ലാതായിരിക്കുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു. അവര്‍ ചില കൊന്ന മരങ്ങളും, മാതളനാരകവും ഓറഞ്ചുമെല്ലാം വീണ്ടും നട്ടുപിടിപ്പിച്ചിരിക്കുന്നു. ഉറുമ്പുകള്‍ മൂലം ഉണങ്ങിപ്പോയവ വീണ്ടും പുനരുജ്ജിവിപ്പിക്കപ്പെട്ടു എന്നല്ല പറയുന്നത്, പുതിയ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു എന്നാണ്. ചിലര്‍ പറയുന്നത് വാഴകള്‍ ഇറക്കുമതി ചെയ്ത് അവയുടെ കൃഷിയാരംഭിച്ചതിനൊപ്പമെത്തിയവയാണ് ഈ ഉറുമ്പുകള്‍ എന്നാണ്. പെട്രാര്‍ക്കിന്റെ ട്രിയോന്‍ഫിയില്‍ ഇതിനു സമാനമായ ഒരു സംഭവം വിവരിച്ചിട്ടുണ്ട്. പിസയുടെ കാലഘട്ടത്തില്‍ ഒരു നഗരം തന്നെ ഇതുപോലെ ഉറുമ്പുകള്‍ നിറഞ്ഞതിനാല്‍ ജനവാസ്യയോഗ്യമല്ലാതായ കഥ പറയുന്നുണ്ട്. അതുപോലെ നികോളസ് ലിയോനികസിന്റെ വാരിയ ഹിസ്റ്റോറിയ, പുസ്തകം രണ്ട്, അദ്ധ്യായം എഴുപത്തിയൊന്നില്‍ മിയൂണ്ടെ, അറ്റാര്‍നെന്‍സെ എന്നിങ്ങനെ രണ്ടു വന്‍ നഗരങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ആ രണ്ടു നഗരങ്ങള്‍ ജനവാസ്യയോഗ്യമല്ലാതായത് കൊതുകള്‍ പെരുകിയതിനാലായിരുന്നു. അതിനാല്‍ മനുഷ്യരുടെ പാപങ്ങള്‍ക്ക് അവരെ ശിക്ഷിക്കാന്‍ ചിലപ്പോള്‍ ദൈവമൊരുങ്ങാറുണ്ട്. അവനതിനു മാര്‍ഗ്ഗങ്ങള്‍ക്ക് കുറവില്ല. അതിനായവനു ചിലപ്പോള്‍ ഏറ്റവും ചെറിയ ജീവകള്‍ മതിയാകും. ഈജിപ്തിലെ പ്‌ളേഗുപോലെ തന്നെ.

*****

വിവ : സുരേഷ് എം.ജി

No Comments yet!

Your Email address will not be published.