Skip to main content

ചോരയുടെ നിറം

പ്രഭാതം പൊട്ടിവിടരുന്നത്ര മൃദുവായാണ് നഗരത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. മേഘപാളികളില്‍ ചോരച്ചുവപ്പ് വീണു പടരുന്നത്ര വേഗത്തിലാണ് തെരുവുകൾ ചോര വീണു ചുവന്നത്. ഒരു സ്വപ്നത്തിൽ മയങ്ങിക്കിടക്കുകയായിരുന്നു പതിനഞ്ച് വയസ്സുകാരൻ ബല്ലു എന്ന ബൽവന്ത്. അത് അവൻ കാണുന്ന സ്വപ്നമായിരുന്നോ, അതോ മറ്റൊരാളുടെ സ്വപ്നത്തിലൂടെ അവൻ നടന്നുപോവുകയായിരുന്നോയെന്ന് അവനു തീർച്ചയില്ല. അതൊരു സ്വപ്നമാണ് എന്നതു മാത്രമായിരുന്നു അവനെ സംബന്ധിച്ചിടത്തോളമുള്ള സത്യം.

സുന്ദരിയായ ഒരു പെൺകുട്ടി. തട്ടമിട്ട അനേകം സ്ത്രീകൾക്കൊപ്പം അവൾ നടന്നുപോയിക്കൊണ്ടിരിക്കുന്നു. അവർ നടന്നുപോകുമ്പോൾ തെരുവാകെ കറുത്ത നിറത്തിൽ മൂടുന്നു. കലാപമൊഴിഞ്ഞ തെരുവിലൂടെ കയ്യിൽ രക്തക്കറയുമായി നടന്നുവരുകയായിരുന്നു ബല്ലു. തെരുവിലൂടെ ഒരു കറുത്ത മേഘപടലം പാറിപ്പോകുന്നത് പോലെയാണ് അവനു തോന്നിയത്. അതിനുള്ളിൽ നിന്നും ചന്ദ്രക്കല പോലെ ഒരു സുന്ദരമുഖം അവനെ തിരിഞ്ഞുനോക്കി. മാനത്തെ അമ്പിളി മാമനെ നോക്കിക്കിടന്ന കുഞ്ഞുകാലം അവനോർത്തു. വല്ലാത്തൊരു ആവേശത്തോടെ അവൻ അവരെ പിന്തുടർന്നു. തെരുവോരത്ത് മനുഷ്യർ മനുഷ്യരെ വെട്ടിക്കൊന്ന് കൊലവിളി നടത്തുന്നതിനുമപ്പുറത്തേക്ക് അവർ പറന്നുപോയി. അവർക്കു പിന്നാലെ കുതിക്കുവാൻ കൊതിച്ച് അവൻ പാഞ്ഞു.
ഒരു തിരിവിൽ അവർ അപ്രത്യക്ഷരായി. എത്രനേരം തിരഞ്ഞിട്ടും അവന് അവരെ കണ്ടെത്താനായില്ല. നിരാശനായി, അവൻ തിരിഞ്ഞു നടന്നു. കുളക്കരയിൽ ചെന്നിരിക്കുമ്പോഴും അവന് അവളുടെ മുഖം മറക്കുവാനായില്ല. കാല് കഴുകുവാനായി കുളത്തിലേക്ക് കാലിറക്കി വെച്ചതും, ആരോ അവനെ പേരെടുത്ത് വിളിച്ചു:

“ബല്ലൂ, എട ചെക്കാ…”

അവൻ തിരിഞ്ഞുനോക്കി. ആരുമില്ല. അപ്പോൾ കുളത്തിൽ നിന്നും ജലകന്യകയായി അവൾ ഉയർന്നുവന്നു. കുളക്കടവിലേക്ക് അവൾ കയറിവന്നു. അവളുടെ കൈക്കുടന്ന നിറയെ മീനുകൾ തത്തിക്കളിച്ചു.

“നീ മീനുകളെ കാണാൻ വന്നതാണോ?”

അവൻ ചോദിച്ചു.

കുളത്തിൽ പെട്ടെന്ന് വലിയ ഓളങ്ങളുണ്ടാകുവാൻ തുടങ്ങി. അവൾ അതിലേക്ക് കാൽ വഴുതി വീഴാൻ പോയി. അവനിലേക്ക് അവൾ കൈകൾ നീട്ടി. അവൻ എത്തിച്ച് അവളുടെ കയ്യിൽ പിടിക്കുവാനാഞ്ഞു. അവൾ പക്ഷെ, അവന്റെ കയ്യിൽ നിന്നും വഴുതി… മെല്ലെ… മെല്ലെ… ഓളങ്ങളുടെ ആഴങ്ങളിലേക്ക് പതിച്ചു.
അപ്പോഴാണ് ആരോ അവനെ വിളിച്ചുണർത്തിയത്. പിന്നെ എഴുന്നേറ്റ്, തലയിലൂടെ വെള്ളം കോരിയൊഴിച്ച് കുളിച്ച്, പ്രാർത്ഥിച്ച്, വാരിവലിച്ച് തിന്ന്, സ്വപ്നം വിട്ടെറിഞ്ഞ് അവൻ കലാപത്തിലേക്ക് ഓടിപ്പോയി. ഗ്രാമത്തിൽ നിന്നും കലാപത്തിനു കൊണ്ടുപോകാറുള്ള കുട്ടിസംഘത്തിന്റെ നേതാവായിരുന്നു ബല്ലു. അവന്റെ അച്ഛൻ മുനിറാം അന്നേരം കഞ്ചാവും പുകച്ച് കടത്തിണ്ണയിൽ ചടഞ്ഞിരിക്കുകയായിരുന്നു.

“സർക്കാർ രേഖകള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ അവറ്റകള്‍ കിഴവിത്തള്ളകളുടെ രേഖാരാജ്യമായി നമ്മളെ വേട്ടയാടിയേനെ,”

എന്നാര്‍ക്കും മനസ്സിലാകാത്തൊരു തമാശയും പറഞ്ഞ് അയാൾ സ്വയം ചിരിച്ചുകൊണ്ടിരുന്നു. കലാപത്തിൽ പങ്കെടുത്ത കുട്ടികളുടെ അക്രമിസംഘം ഗ്രാമത്തിലേക്ക് തിരിച്ചെത്തിച്ചേരുന്നത് വരെ അയാൾ അവിടെ ഓരോന്നും പിച്ചുംപേയും പറഞ്ഞു കൊണ്ട് കുത്തിയിരുന്നു. കലാപക്കലി അടങ്ങാതെ തിരിച്ചെത്തിയ കുട്ടികളിൽ മരണത്തിന്റെ ഗന്ധം തളംകെട്ടി നിന്നു. ഉത്സവം കണ്ടു തിരിച്ചെത്തിയത് പോലെ അവർ ഉല്ലാസവാന്മാരായിരുന്നു. അവരുടെ വസ്ത്രങ്ങളാകെ ചോരയിലും പൊടിയിലും മുങ്ങിക്കുളിച്ച് ഇരുണ്ടിരുന്നു. വന്നെത്തിയതും അവർ നാലും കൂടിയ വഴിയിൽ വട്ടംകൂടി നിന്ന് കൈകൾ കോർത്ത് ചോര കൊണ്ട് തൊട്ടു പരസ്പരം തലോടി.

“നമ്മൾ ഒരേ ചോര. നമ്മുടെ നിറം ചോരയുടെ നിറം. നമ്മളൊറ്റക്കെട്ട്.”

ചോര തൊട്ട് നെറ്റിയിലത് കുങ്കുമമായി അണിഞ്ഞ് അവർ ഒത്തൊരുമിച്ച് ആർത്തു. അതിനുശേഷം എല്ലാവരും ഒട്ടിച്ചേർന്ന് കടത്തിണ്ണയിൽ നിരന്നിരുന്നു. വിശന്നുപൊരിഞ്ഞതിനാലാവണം അവരില്‍ പലരും വിരലുകളില്‍ കട്ടപിടിച്ചു കിടന്ന ചോരച്ചാലുകള്‍ നക്കിത്തുവര്‍ത്തിക്കൊണ്ടിരുന്നു. ഉപ്പുരസമാര്‍ന്ന അതിന്‍റെ രുചിയില്‍ മതിമറന്ന് അവരതിൽ ലയിച്ചിരുന്നു.

ഈ ബഹളമെല്ലാം നടക്കുമ്പോൾ കടത്തിണ്ണയിൽ കഞ്ചാവിന്റെ ലഹരിയിൽ മയങ്ങിക്കിടക്കുകയായിരുന്നു മുനിറാം.

“ബല്ലൂ, നിന്റച്ഛന്‍ ദാ കിടക്കുന്നൂ. നല്ല കഞ്ചാവാ…”

അക്ഷയ് പറഞ്ഞു.

അതുകേട്ടിട്ടും കേട്ടിട്ടില്ലെന്ന ഭാവത്തില്‍ ബല്ലു ഇരുന്നു. മുനിറാം ഒന്നു തിരിഞ്ഞുകിടന്നു. ബല്ലുവിനെ കണ്ടിട്ടോ എന്തോ മുനിറാം അവിടെ നിന്നും എഴുന്നേറ്റ് വേച്ചുവേച്ച് എങ്ങോട്ടോ നടന്നുപോയി. ബസന്തി മുത്തശ്ശി പറഞ്ഞുവിട്ട പെണ്ണുങ്ങള്‍ അപ്പോഴേക്കും അവര്‍ക്കുള്ള റൊട്ടിയും പരിപ്പുകറിയും, മസാല ചേര്‍ത്ത് എണ്ണയിലിട്ട് മൊരിച്ചെടുത്ത വെണ്ടക്കയും ഉള്ളി പൊളിച്ചതും എരിവ് കുറഞ്ഞ നീണ്ട പച്ചമുളകുമൊക്കെയായെത്തി. കലാപസ്ഥലത്ത് വെട്ടിക്കൂട്ടിയിട്ട മനുഷ്യവിരലുകളുടെ അവശേഷിപ്പുകള്‍ പോലെ വറുത്ത വെണ്ടക്കാ കഷണങ്ങള്‍ അവര്‍ക്കു മുന്നില്‍ കൂട്ടംകൂടിക്കിടന്നു. കറുകറുത്ത് പൊറ്റകെട്ടിയ ചോരക്കറ ഉരുകിയൊലിച്ചതു പോലെ അതില്‍ കടുകെണ്ണ കനച്ചു. റൊട്ടി കീറിയെടുത്തത് അതിലൊന്ന് മുക്കിത്തോണ്ടിയെടുത്ത് അവരത് ആർത്തിയോടെ കഴിച്ചു.
വിശപ്പന്നൊടങ്ങിയപ്പോൾ അവര്‍ വട്ടം കൂടിയിരുന്ന് അന്നത്തെ കണക്കെടുപ്പ് തുടങ്ങി.

“നീ ഇന്നെത്ര പേരെ തല്ലിക്കൊന്നു?”

വിരാട് ചോദിച്ചു.

“അഞ്ച്. ആറാമന്‍ ആ അടഞ്ഞു കിടക്കണ ഫാക്ടറിക്ക് പിന്നിലൂടെ ഓടി രക്ഷപ്പെട്ടു!”

ബല്ലുവിന്‍റെ ശബ്ദത്തില്‍ നിരാശ പുകഞ്ഞു.

അവര്‍ കലാപം നടന്ന നഗരപ്രദേശത്തുള്ള ആരാധനാലയത്തിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞതിന്‍റെയും, മിനാരത്തില്‍ പടച്ചുകയറി കോളാമ്പി സ്പീക്കര്‍ പറിച്ചെറിഞ്ഞ് തല്ലിത്തകര്‍ത്തതിന്‍റെയും, ആ സ്ഥാനത്ത് കൊടി കെട്ടിപ്പൊക്കിയതിന്റേയുമൊക്കെ വീമ്പുപറഞ്ഞ് കുത്തിയിരുന്നു. ചിലര്‍ അപ്പുറത്തെ തെരുവിലെ വീടുകളിലേക്ക് ഇരച്ചുകയറി, അവിടെയുള്ള സുന്ദരികളായ പെണ്ണുങ്ങളെ എന്തു ചെയ്യണം എന്നതിനെ കുറിച്ച് ഉറക്കെ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. അവിടുത്തെ ആണുങ്ങളെല്ലാം ആക്രമണം ഭയന്ന് മാറിനില്‍ക്കുകയാണെന്ന് അവര്‍ മണത്തറിഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളും മാത്രമുള്ള അവിടേക്ക് ഇരച്ചുകയറാന്‍ ഗ്രാമത്തിലെ ആണുങ്ങള്‍ ഉള്ളില്‍ തിടുക്കം കൂട്ടി തക്കം പാര്‍ത്തിരിക്കുകയാണെന്ന് കുട്ടികളുടെ ആ സംഘത്തിനു അറിയാമായിരുന്നു.
കലാപത്തിന് ഒരുങ്ങിയിറങ്ങുന്ന വ്യത്യസ്ത സംഘങ്ങള്‍ തമ്മില്‍ത്തമ്മില്‍ ആരാണു കൂടുതല്‍ അക്രമം നടത്തിയത് എന്നതിനെപ്പറ്റി ഒരു തര്‍ക്കം പതിവാണ്. അതുപോലെ സംഘങ്ങള്‍ക്കുള്ളിലും നടക്കും. കുട്ടിസംഘങ്ങള്‍ മുതിര്‍ന്നവരുടെ ചെയ്തികള്‍ കണ്ടാണ് പഠിക്കുന്നത്. വലിയ ആണുങ്ങളാകാന്‍ കൊതിപൂണ്ട് നടക്കുന്ന കൊച്ചുകൊച്ചു ആണുങ്ങളുടെ കുട്ടിസംഘങ്ങള്‍ ആയിരുന്നു അവരുടേത്.

ഗ്രാമത്തിലെ ആണുങ്ങള്‍ കുറേനാളായി പണിക്കൊന്നും പോകാതെ ആര്‍ത്തിപൂണ്ട കഴുകന്‍ കണ്ണുകളുമായി കവലയില്‍ കുത്തിയിരുന്ന്, അതിലൂടെ വരികയും പോവുകയും ചെയ്യുന്ന പെണ്ണുങ്ങളുടെയും പരദേശികളുടെയും കണക്ക് എടുത്തുകൊണ്ടിരുന്നു. അടുത്തിടെ പൂട്ടിപ്പോയ ഫാക്ടറികളിലായിരുന്നു അവരില്‍ പലരും പണിയെടുത്തിരുന്നത്. പണിയില്ലാതായതിനു ശേഷം അവര്‍ മുഴുക്കുടിയന്മാരും എല്ലാത്തരം കൊള്ളരുതായ്മകളുടെയും ആശാന്‍മാരും ആയിത്തീര്‍ന്നു.

എന്നും പ്രാകിക്കൊണ്ടിരിക്കുന്ന വീട്ടുകാരി പെണ്ണുങ്ങളെ മനസാ വെറുത്തുകൊണ്ട് അവര്‍ തെരുവിലേക്കിറങ്ങി. അവര്‍ക്ക് ഒരിക്കലും കണികാണാന്‍ പോലും കിട്ടാത്ത വിധം മൂടിവെച്ച പെണ്‍ദേഹങ്ങളെ കുറിച്ച് വൃത്തികേടുകള്‍ പറഞ്ഞും അശ്ലീലച്ചിരി ചിരിച്ചും അങ്ങിങ്ങായി കൂട്ടംകൂടിയിരുന്നു. പണത്തിനു ആവശ്യം വരുമ്പോള്‍ അവര്‍ എന്തിനും തയ്യാറായി സര്‍പഞ്ചിനെയോ മൊഹല്ലയിലെ പാര്‍ട്ടി നേതാവിനെയോ സമീപിച്ചു. ചെറുതും വലുതുമായ ചില ജോലികള്‍ അവര്‍ക്കപ്പോള്‍ കിട്ടി. അതില്‍ പലതും അവരെല്ലാം ചേര്‍ന്ന് കെട്ടിപ്പടുക്കിയ സ്വപ്നസാമ്രാജ്യത്തിലെ ഒട്ടും പുതുമയില്ലാത്ത ബോറന്‍ പണികള്‍ ആയിരുന്നു.

ഒരിക്കല്‍ മുനിറാമിനു കിട്ടിയ പണി, സെക്ടര്‍ പത്ത് സരിത വിഹാറിലുളള 12A നമ്പര്‍ വീട്ടില്‍ നിന്നും വാടകക്കാരെ ഒഴിപ്പിക്കുക എന്നതായിരുന്നു. മലയാളികളായ അവര്‍ അഡ്വാന്‍സ് കൊടുത്ത തുക തിരികെ ചോദിക്കുന്നുണ്ടായിരുന്നു. മുനിറാം തന്‍റെ കൂട്ടാളികളുമായി ചെന്ന് അവരോട് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു. “നീ പോടാ പട്ടീ,” എന്ന് ആ വീട്ടിലെ സ്ത്രീ മുനിറാമിനെ ചീത്ത വിളിച്ചു. അതെന്താണെന്ന് അയാള്‍ക്ക് മനസ്സിലായില്ല.
കയ്യില്‍കിട്ടിയ പട്ടികയെടുത്ത് അയാള്‍ അവരുടെ തലക്കടിച്ചു. പെട്ടെന്ന് ആരൊക്കെയൊ ചേര്‍ന്ന് മുനിറാമിനെ പുറകില്‍ നിന്നും പിടിച്ച് അടുത്തുള്ള മരത്തില്‍ കെട്ടിയിട്ടു. അടിവയറ്റില്‍ നല്ല ചവിട്ടും ചെകിട്ടത്ത് ചോര പൊടിയുംവരെ അടിയും കിട്ടി. ഒപ്പം വന്നവരെല്ലാം തലങ്ങുംവിലങ്ങും ചിതറിയോടി.

വൈകീട്ട് പൊലീസ്സ്റ്റേഷനില്‍ നിന്നും കേസൊന്നും കൂടാതെ ഇറങ്ങിപ്പോരാന്‍ പ്രഥാൻജീയെക്കൊണ്ട് വിളിച്ചു പറയിപ്പിച്ചതും പോരാഞ്ഞ് രൂപ പതിനായിരം എണ്ണിക്കൊടുക്കേണ്ടിയും വന്നു. അതും കൂടാതെ ഏമാന് ദമയന്തി ജാനിന്റെ റിക്കാര്‍ഡ് ഡാന്‍സ് കാണാനും കൂടെ കിടക്കാനും പ്രത്യേകം ഒരുക്കങ്ങള്‍ ചെയ്തു കൊടുക്കേണ്ടിയും വന്നു.
അതിന്‍റെ കേടുതീര്‍ക്കാന്‍ അയാള്‍ ഒരു മാസം ഭജനമഠത്തില്‍ സേവനം ചെയ്തു. രാവിലെ നാലു മണിക്ക് എണീറ്റ് രാത്രി ഒമ്പത് മണി വരെ പണി. മുഴുവന്‍ സ്ഥലവും വൃത്തിയാക്കണം, പൂജക്കുള്ള പൂക്കള്‍ പറിച്ചു കൊണ്ടു വരണം, മണിയടിക്കണം, അതിരാവിലെ ഭജനയ്ക്കു വരുന്നവര്‍ക്കുളള വെള്ളവും ലഘുഭക്ഷണവും ഒരുക്കണം, എല്ലാം കഴിഞ്ഞ് നട അടച്ചാല്‍ ചുറ്റിലും അടിച്ചു തുടച്ച് ഭസ്മം വിതറണം.

ദു:ഖം വരുമ്പോള്‍ മുനിറാം എപ്പോഴും ദമയന്തിയെയാണോര്‍ക്കുക. അവള്‍ അയാളുടെ കൌമാരകാല കാമുകി ആയിരുന്നു. അപ്പുറത്തെ ഗ്രാമത്തിൽ നിന്നുള്ള അന്യമതസ്ഥനായ ചെറുപ്പക്കാരനെ പ്രണയിച്ച് ഒളിച്ചോടി കല്യാണം കഴിച്ച് നാടുവിട്ട് പോയിട്ടും അവളെ മറക്കാന്‍ അയാള്‍ക്കായില്ല. തന്റെ ആദ്യ രതിയനുഭവം അവള്‍ക്കൊപ്പം പങ്കിട്ടതിന്‍റെ ഓര്‍മ്മയില്‍ നിന്നും അയാളൊരിക്കലും മുക്തനായിരുന്നില്ല.

മുനിറാമിന്‍റെ ചെറുപ്പകാലത്ത് അയാളെ മാത്രമെ വിവാഹം കഴിക്കൂ എന്നു ശാഠ്യം പിടിച്ചു കരഞ്ഞുവിളിച്ചു നടന്ന പെണ്ണാണ് ദമയന്തി. പെണ്ണുങ്ങളെ കുറിച്ച് പൊതുവെ പറഞ്ഞു കേള്‍ക്കുന്ന എല്ലാ കൊള്ളരുതായ്മകളും അവളെ കുറിച്ചും നാട്ടുകാര്‍ പറഞ്ഞു പരത്തി. ഛിങ്കാരി എന്നാണു നാട്ടുകവലയിലെ പൂവാലന്മാര്‍ അവളെ വിളിച്ചിരുന്നത്. മുനിറാമിന്‍റെ മുഖത്തു വിരിഞ്ഞിരുന്ന നുണക്കുഴിയായിരുന്നു ദമയന്തിയുടെ മനം കീഴടക്കിയത്. മഞ്ഞുകാലം കഴിഞ്ഞ് മാര്‍ച്ചു മാസത്തിലെ വേനലിലേക്ക്, സൂര്യന്‍ അസ്തമിച്ചിട്ടും ചുട്ടുപൊള്ളി ഉറക്കം വരാതെ കിടന്ന ഒരു ഹോളി ഉത്സവരാത്രിയില്‍, ഭാംഗ് കുടിച്ച് കിറുങ്ങിക്കിടന്ന മുനിറാമിനെ ടെറസ്സിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയാണ് ദമയന്തി തന്‍റെ കന്യകാത്വത്തില്‍ നിന്നും വിടുതല്‍ നേടി ഒത്ത പെണ്ണായത്.

പാതിബോധത്തില്‍ ആയിരുന്നെങ്കിലും തന്റെ ആദ്യ കാമപൂര്‍ത്തിക്ക് ശരീരമായ മുനിറാമിനെ ദമയന്തി ഒരിക്കലും മറന്നില്ല. ഇരുവരും മുതിര്‍ന്നവര്‍ ആയതിനു ശേഷം അവളുടെ റിക്കാര്‍ഡ് ഡാന്‍സ് ഫ്രീ ആയി കാണാന്‍ അനുവദിച്ചും, ചില രാത്രികളില്‍ മൊഹല്ലയിലെ പണക്കൊഴുപ്പുള്ള യുവാക്കളുടെ കാമവെറി തീര്‍ത്തു കൊടുക്കുന്നത് ഒളിഞ്ഞുനിന്നു കണ്ട് തൃപ്തിയടയാനും അവള്‍ അയാളെ അനുവദിച്ചു.

വലുതായപ്പോള്‍ മുനിറാം കിഴക്കുള്ള ഗ്രാമത്തില്‍ നിന്നും ഗുണവന്തിയെ കെട്ടിക്കൊണ്ടു വന്നു. അതിനും മുമ്പ്, പേരും മതവും മാറി മെഹറുന്നീസ ജാനായി തന്റെ ശൊഹറിനൊപ്പം മുസഫര്‍ നഗറിലുള്ള അയാളുടെ ബന്ധുക്കളുടെ അടുത്തേക്ക് ദമയന്തി ഓടിപ്പോയിരുന്നു. പിന്നൊരിക്കല്‍ അവിടെ നടന്ന വര്‍ഗീയ കലാപത്തില്‍ അക്രമികള്‍ അയാളെ തച്ചുകൊന്നു കളഞ്ഞു. അവര്‍ അയാളുടെ ശരീരം തുണ്ടംതുണ്ടമായി വെട്ടി നായ്ക്കൾക്കിട്ടു കൊടുത്തു. വീടിനു മുകളിൽ സ്ഥാപിച്ചിരുന്ന വലിയ ടാങ്കിനുള്ളില്‍ കഴുത്തറ്റം വെള്ളത്തില്‍ ഇറങ്ങിക്കിടന്നാണ് അവള്‍ രക്ഷപ്പെട്ടത്.

ഒരു അന്യമതസ്ഥന് സമര്‍പ്പിച്ച തന്‍റെ ശരീരം കൊണ്ട് സ്വസമുദായത്തെ അപമാനിച്ച അവള്‍, അതിനുശേഷം അതേ ശരീരം കൊണ്ട് നൃത്തം ചെയ്ത് നാടിനെ ആഹ്ലാദിപ്പിച്ചു. ഇരുസമുദായവും അവളെ വെറുത്തു. തന്റെ നടനജീവിതത്തിന് ദമയന്തി ജാന്‍ എന്നു പേരിട്ട് അവര്‍ക്കെല്ലാം മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് അവള്‍ നടന്നു. ആ പേരില്‍ അവളുടെ രണ്ട് സമുദായങ്ങളും ഒരുമിച്ചു. ഗ്രാമഗ്രാമാന്തരങ്ങള്‍ തോറും നോട്ടീസുകളായും പോസ്റ്ററുകളായും ആ പേര് പതിഞ്ഞു കിടന്നു.

ഗ്രാമത്തിലെ കലാപമൊഴിഞ്ഞ മണ്ണില്‍ ഒരു നര്‍ത്തകിയായി ലോകരെ ആഹ്ലാദിപ്പിച്ചു ജീവിക്കാന്‍ തുടങ്ങിയ ദമയന്തി ജാനിലേക്കാണ് മുനിറാമിന്‍റെ മടക്കയാത്ര തുടങ്ങുന്നത്. റിക്കാര്‍ഡ് ഡാന്‍സ് ചെയ്യുന്ന അവളുടെ ശരീരത്തിലേക്ക് ആര്‍ത്തിയോടെ കണ്ണെറിഞ്ഞവര്‍ക്കൊപ്പം, കഞ്ചാവും പുകച്ച് ഒരു ആണിന്‍റെ കാമാസക്തിയോടെ മുനിറാമും കൂടി. ആദ്യ രതിവേഴ്ചയില്‍, ഭാംഗിന്റെ ലഹരിയില്‍ പാതിബോധമായി കിടന്ന തന്നെ പ്രാപിച്ച ദമയന്തിയെ ഓര്‍ത്തുകൊണ്ട് അയാള്‍ അവളുടെ അംഗലാവണ്യത്തിന്‍റെ നടനവേദിക്കു ചുറ്റും ഒരു തെരുവ് നായയെപ്പോലെ മണപ്പിച്ചു നടന്നു.

ചിലപ്പോഴൊക്കെ പണമില്ലെങ്കിലും അയാള്‍ക്കൊപ്പം അവള്‍ കിടന്നു. പഴയ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് പ്രായം കീഴടക്കിയ സ്വന്തം ശരീരങ്ങളെ അവര്‍ പുതുതായി അറിഞ്ഞു. അയാളുടെ ബാല്യവും കൌമാരവും കണ്ടിട്ടുള്ള ദമയന്തി വല്ലാത്ത വാത്സല്യത്തോടെയാണ് മുനിറാമിനെ സ്നേഹിച്ചത്. തിരിച്ച് വീട്ടിലെത്തുന്ന അയാള്‍ക്ക് ഭാര്യ ഗുണവന്തിയോട് വലിയ താല്‍പ്പര്യം ഒന്നും തോന്നിയില്ല.

എരുമകളെയും പശുക്കളേയും ചവിട്ടിക്കാൻ കൊണ്ടുപോകുന്നവരുടെ സംഘത്തിനൊപ്പമാണ് ഗുണവന്തി കളിച്ചുവളര്‍ന്നത്. ഹരിയാണ്വി കലര്‍ന്ന ഹിന്ദിയാണ് അവള്‍ സംസാരിച്ചിരുന്നത്. മദ്യപാന സദസ്സുകളില്‍ ആണുങ്ങള്‍ അശ്ലീലം പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും, അതൊന്നും അയാള്‍ വിശ്വസിച്ചില്ലെങ്കിലും, ഗുണവന്തിയെ കെട്ടിയതിനു ശേഷമാണ് ഹിംസാത്മകരതിയുടെ പെണ്‍സ്വരൂപം അയാള്‍ നേരില്‍ കണ്ടത്. ആണശ്ലീലം കലർന്നൊരു കിടപ്പറരഹസ്യമായി അയാളത് മനസ്സിൽ സൂക്ഷിച്ചുവെച്ചു.

സ്വസമുദായത്തിലെ പെണ്ണുങ്ങളെപ്പോലെ അടക്കവും ലജ്ജയുമൊന്നും ഗുണവന്തി കിടപ്പറയില്‍ കാണിച്ചില്ല. കാടിറങ്ങി വന്നൊരു രാക്ഷസിയുടെ ഭീകരരൂപമാര്‍ജ്ജിച്ച് മുനിറാമിനു മുകളില്‍ അവളൊരു അഗ്നിസ്ഫുലിംഗമായി കത്തിപ്പിടിച്ചു. അതില്‍ വെന്തുരുകി മുനിറാം പിടഞ്ഞു. “പെണ്ണുങ്ങളെ തല്ലാനറിയില്ലേടാ നാറീ,” എന്നു കാമാര്‍ത്തയായി വിളിച്ചാര്‍ത്ത് അവള്‍ അയാളെക്കൊണ്ട് തന്‍റെ ശരീരമാസകലം ശക്തിയായി അടിക്കാനും ഇടിക്കാനും നിര്‍ബന്ധിച്ചു. അയാളുടെ ശരീരമാകെ അവള്‍ കടിച്ചുകീറി മാന്തിപ്പൊളിച്ചു.

ഒരു വേഴ്ച കഴിയുമ്പോഴേക്കും കലാപമൊഴിഞ്ഞ ശരീരമായി മുനിറാം ക്ഷീണിച്ചുതളർന്നു വീണുകിടന്നു. പകല്‍സമയം ഗുണവന്തി പതിവ്രതയായ ഭാര്യയായി, സാരിത്തലപ്പു കൊണ്ടു തല മറച്ച് ഒന്നും മിണ്ടുരിയാടാതെ അയാള്‍ക്കുള്ള ഭക്ഷണവും ഉണ്ടാക്കി, അയാളുടെ മാതാപിതാക്കളെ സേവിച്ച്, അയാളുടെ മക്കളെ പെറ്റുവളര്‍ത്തി ഒതുങ്ങി ജീവിച്ചു; ഭജനസൂക്തങ്ങള്‍ ഉരുവിട്ട് മനസ്സ് കരുപ്പിടിപ്പിച്ചു. രാത്രികാലങ്ങളില്‍, തളര്‍ന്നു വീണുകിടക്കുന്ന മുനിറാമിന്‍റെ ശരീരത്തെ ഉഴുതുമറിച്ച് വിളഭൂമിയാക്കി.

തരിശിട്ട അശാന്തമായ അനേകം ആണ്‍പെണ്‍ ശരീരങ്ങള്‍ ഓരോ വീടുകളിലും കലാപക്കലി ഉള്ളില്‍ സൂക്ഷിക്കുന്ന വിളഭൂമികളായി മാറിക്കൊണ്ടിരുന്നു. കലാപം പൊട്ടിപ്പടരുമ്പോള്‍ ഈ വിളഭൂമികളില്‍ നിന്നും ജ്വലിച്ച പുരുഷത്വമാര്‍ജ്ജിച്ച് ആയുധങ്ങളും ആക്രോശങ്ങളുമായി ആണുങ്ങള്‍ ഇറങ്ങിത്തിരിച്ചു. ചിലപ്പോഴൊക്കെ അവര്‍ക്കൊപ്പം അവരുടെ പെണ്ണുങ്ങളും കൂടി. കലാപം നടക്കുന്നതിനു മുമ്പ് ഗ്രാമത്തില്‍ വല്ലാത്ത ഒരാഹ്ലാദം അലയടിക്കുക പതിവാണ്. എങ്ങുമില്ലാത്തൊരു ഉത്സവപ്രതീതി. ആര്‍പ്പുവിളിച്ചാര്‍ത്തുള്ള ആഹ്ലാദനൃത്തങ്ങളും നടക്കും. വീട്ടിലെ പെണ്ണുങ്ങള്‍ യുദ്ധത്തിനു പറഞ്ഞയക്കുന്ന യോദ്ധാക്കളെപ്പോലെ ആണുങ്ങളെ പൂജിക്കും; ചുടുരക്തം കൊണ്ട് തിലകം ചാര്‍ത്തും. അവരുടെ സിന്ദൂരമണിഞ്ഞ തിരുനെറ്റിയില്‍ ആണുങ്ങള്‍ കൈവച്ച് അനുഗ്രഹിക്കും.

ദലിതരുടെ ഒരു ഗ്രാമത്തെ ആക്രമിക്കാന്‍ ഒരിക്കല്‍ അവരുടെ ജാതിസഭ തീരുമാനമെടുത്തു. അവിടത്തെ ഒരു ദലിത് യുവാവിനൊപ്പം ഗ്രാമത്തിലെ യുവതി ഒളിച്ചോടിയതിനുള്ള ശിക്ഷയായിട്ടാണ് തലമൂത്ത കാരണവന്മാരുള്ള ജാതിസഭയില്‍ അത്തരമൊരു തീരുമാനമുണ്ടായത്. തോട്ടിപ്പണി ചെയ്യുന്നവരുടെ ആ കുടുംബത്തെ ഒറ്റപ്പെടുത്താനുള്ള സഭയുടെ തീരുമാനം അനുസരിക്കാത്തതിനും ജാതി നിയമങ്ങള്‍ തെറ്റിച്ചതിനുമുള്ള മുന്നറിയിപ്പ് എന്ന നിലയിലായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. അതിനായി തെരഞ്ഞെടുക്കപ്പെട്ട ആണുങ്ങളെയെല്ലാം തലേദിവസം തന്നെ ചട്ടം കെട്ടി, പൂജിച്ചു നിര്‍ത്തി. പിറ്റേന്ന് ആണുങ്ങളുടെ സംഘത്തിനൊപ്പം വീട്ടില്‍ അടങ്ങിയൊതുങ്ങിയിരുന്ന പെണ്ണുങ്ങളും കൂടെപ്പോയി. പ്രായം ചെന്ന പെണ്ണുങ്ങള്‍ക്കായിരുന്നു കൂടുതലും ആവേശം.

“ചെല്ലടാ പോയി ചെയ്യടാ,”

എന്നു പറഞ്ഞ് അവര്‍ മടിപിടിച്ചിരുന്ന ആണുങ്ങളെക്കൂടി ഇളക്കി വിട്ടു.
ജാതിക്കൂട്ടത്തിനൊപ്പം ഇറങ്ങുമ്പോള്‍ മുനിറാം തന്റെ ഇടതു കയ്യില്‍ ഒരു നനുത്ത സ്പര്‍ശം അറിഞ്ഞു. അത് അയാളുടെ ഇളയമകന്‍ ബല്ലു ആയിരുന്നു.

“ഞാനും വരട്ടേ?”

മുനിറാമിനോട് ബല്ലു ചോദിച്ചു.

“എങ്ങോട്ട്?”

ബല്ലുവിനു ഉത്തരം ഉണ്ടായില്ല. മുനിറാം നോക്കിയപ്പോള്‍ സാരിത്തലപ്പു കൊണ്ട് മുഖം മറച്ചു നിന്ന ഗുണവന്തി അയാളോട് തെല്ല് പുച്ഛത്തോടെ പറഞ്ഞു:

“അവനെക്കൂടി കൊണ്ടു പോ… എല്ലാം കണ്ടു പഠിക്കട്ടെ!”

അന്നു മുനിറാമിന്‍റെ തോളത്ത് കയറിയിരുന്ന് ഉത്സവം കാണാന്‍ പോകുന്ന പോലെയാണ് ബല്ലു ആദ്യമായി വംശഹത്യയില്‍ പങ്കെടുക്കാനൊരുങ്ങി പുറപ്പെട്ടത്. കൂടെ വന്ന മുത്തശ്ശിത്തള്ളമാര്‍ക്കൊപ്പം കുടുംബക്കാരടങ്ങുന്ന സമൂഹഘോഷയാത്രയായി അവര്‍ നീങ്ങി.

ദലിതുകളുടെ ഗ്രാമത്തില്‍ കടന്നതും അതൊരു ആക്രോശിക്കുന്ന ആള്‍ക്കൂട്ടമായി മാറി. അവര്‍ അസഭ്യം വിളിച്ചുപറഞ്ഞു കൊണ്ട് കണ്ണില്‍ക്കണ്ടവരെയെല്ലാം ആക്രമിക്കാനും വീടുകള്‍ക്ക് തീവയ്ക്കാനും തുടങ്ങി. മുതിര്‍ന്ന ഒരുകൂട്ടംപേര്‍ ആള്‍ക്കൂട്ടത്തെ പ്രതീക്ഷിച്ചതു പോലെ അവര്‍ക്കു മുന്നില്‍ സാഷ്ടാംഗം വീണു നമിച്ചു കിടന്നു. അവരെ ചവുട്ടിക്കടന്നു പോയ ആള്‍ക്കൂട്ടം വീട്ടിലേക്കു പാഞ്ഞു കയറിച്ചെന്ന് അവിടെ കരഞ്ഞു വിളിച്ചിരുന്നിരുന്ന രണ്ടു പെണ്ണുങ്ങളെയും ഒരു മധ്യവയസ്കനെയും വയസ്സിത്തള്ളയെയും പുറത്തേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു.

“അവരിവിടില്ല… ഞങ്ങള്‍ പറഞ്ഞിട്ടവര് കേട്ടില്ല. ഞങ്ങളെ ഒന്നും ചെയ്യരുത്…”

ആള്‍ക്കൂട്ടത്തിനു മുമ്പില്‍ കൈകൂപ്പി ആ വീട്ടുകാര്‍ അപേക്ഷിച്ചു.

“തല്ലിക്കൊല്ലെടാ…”

ബസന്തി മുത്തശ്ശിയുടെ വായില്‍ നിന്നും തെറിയുടെ തോക്കിന്‍കുഴല്‍ പൊട്ടിയതും ആള്‍ക്കൂട്ടം വീട്ടുകാരെ രക്തം തുപ്പും വരെ തല്ലാനും ചവിട്ടാനും തുടങ്ങി. അവശരായി വീണുകിടന്ന അവരെ വിവസ്ത്രരാക്കി കൂക്കി വിളിച്ച് ആക്ഷേപിച്ച ശേഷം ചെരുപ്പുമാല അണിയിച്ച് ആ പ്രദേശമാകെ നഗ്നരായി പരേഡ് ചെയ്യിച്ചു. ആ സമയത്തിനകം ആരോ അവരുടെ വീടിനു തീയിട്ടു. അതിനു ശേഷമാണ് പ്രധാന ശിക്ഷയിലേക്കു കടന്നത്. ഗൃഹനാഥന്‍ അപ്പോഴേക്കും കുഴഞ്ഞു വീണുകഴിഞ്ഞിരുന്നു. അയാള്‍ക്കു ചുറ്റും രക്തം ഒരു തടാകം തീര്‍ത്തു. ബസന്തി മുത്തശ്ശിയുടെ നിര്‍ദ്ദേശമനുസരിച്ച് ആണുങ്ങള്‍ ഓരോരുത്തരായി പൈജാമ അഴിച്ച് നഗ്നരായി തളര്‍ന്നു കിടന്ന പെണ്ണുങ്ങളെ പരസ്യമായി പ്രാപിക്കാന്‍ തുടങ്ങി. മുനിറാം ആദ്യത്തെയൊരു നടുക്കത്തോടെ പിന്നോട്ടാഞ്ഞ് ബല്ലുവിന്‍റെ കണ്ണു പൊത്തി.

“പ്ഫാ.. കണ്ണുപൊത്തുന്നോടാ ഭീരൂ…ചെക്കന്‍ കാണട്ടെടാ… അവനും കണ്ടു പഠിക്കട്ടെ,”

ബസന്തി മുത്തശ്ശി മുനിറാമിനെ ശാസിച്ചു.

മരണവേദനയില്‍ കിടന്നു പിടഞ്ഞുകൊണ്ടിരുന്ന വീട്ടുകാരന്‍റെ ചിതറിയ ശരീരത്തില്‍ നിന്നും ചീറ്റിക്കൊണ്ടിരുന്ന ചോരച്ചാലില്‍ വിരല്‍മുക്കി ബല്ലുവിന്‍റെ നെറ്റിയില്‍ ബസന്തി മുത്തശ്ശി തിലകക്കുറി ചാര്‍ത്തി. വംശീയ കലാപത്തിലേക്കുള്ള അവന്‍റെ ആദ്യത്തെ കാല്‍വെപ്പായിരുന്നു അത്. ആള്‍ക്കൂട്ടം ഒന്നൊന്നായി കയറിയിറങ്ങി ശരീരങ്ങള്‍ നിശ്ചലമായപ്പോള്‍ ഒരു വയസ്സിത്തള്ളയെ മാത്രം ഒന്നും ചെയ്യാതെ ആണുങ്ങള്‍ വെറുതെവിട്ടു. എല്ലാം കണ്ട് മരവിച്ച ശരീരമായി മരിക്കാതെ അവര്‍ ഒരിടത്ത് മാറിക്കിടന്നു. കരുണാര്‍ദ്രമായ അവരുടെ കണ്ണുകളില്‍ ഒരു പരിചയം പാതി തെളിഞ്ഞു കിടന്നു. ഒരുപക്ഷെ ബസന്തി മുത്തശ്ശിയെ അവര്‍ക്ക് പരിചയമുണ്ടായിരുന്നിരിക്കാം. ജാതി തീര്‍ത്ത വേലിക്കെട്ടുകള്‍ക്കുള്ളില്‍ അതിനുള്ള സാധ്യത വിരളമാണെങ്കിലും കൂടി. എന്നാല്‍ ബസന്തി മുത്തശ്ശിയില്‍ കരുണയൊട്ടും പൊടിഞ്ഞില്ല.

“എന്തു നോക്കി നില്‍ക്കാണ്ടാ? ആ തള്ളയെ നിങ്ങളെന്താ വെറുതെ വിട്ടേ? നിനക്കൊന്നും… ഇല്ലേടാ? ചെന്നു ചെയ്യടാ…”

ബസന്തി മുത്തശ്ശിയുടെ ആട്ടും തള്ളുമേറ്റ് മുനിറാം മുന്നോട്ടാഞ്ഞു വീണു. അപ്പോഴേക്കും വീട്ടിലെ പെണ്ണുങ്ങളെല്ലാം അവിടെ എത്തിച്ചേര്‍ന്നു. അവരിലെല്ലാം ഒരു കാര്‍ണിവല്‍ കാണാനെത്തിയ ആഹ്ലാദം തിരതല്ലി. മുനിറാം ബസന്തി മുത്തശ്ശിയുടെ പ്രായമുള്ള വയസ്സിത്തള്ളയെ പ്രാപിക്കാന്‍ തുടങ്ങിയപ്പോള്‍ ആര്‍പ്പു വിളിച്ചാര്‍ക്കുന്നൊരു ഭ്രാന്തിപ്പെണ്‍കൂട്ടമായി അവര്‍ മാറി. അവര്‍ ചുറ്റിലും നടന്ന് തങ്ങള്‍ പൂജിച്ചു പറഞ്ഞുവിട്ട ആണുങ്ങള്‍ ചെയ്ത വീരകൃത്യങ്ങള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞ് തര്‍ക്കിക്കാന്‍ തുടങ്ങി.

“തള്ളേടെ പുറത്ത് ആഞ്ഞിടിച്ചു ചെയ്ത് തല്ലിക്കൊല്ലെന്‍റെ ബല്ലുവിന്‍റെ അച്ഛാ…”

ഗുണവന്തി വിളിച്ചു പറഞ്ഞപ്പോള്‍ പെണ്ണുങ്ങള്‍ ആര്‍ത്തു ചിരിച്ചു.

“അവള്‍ക്ക് ചവിട്ടും കുത്തും വേണം!”

അവര്‍ അടക്കം പറഞ്ഞു.

അന്നത്തെ സംഭവത്തിനു ശേഷം ബല്ലു ആകെ മാറിപ്പോയി. അവന് അവന്‍റെ ബാല്യം തന്നെ നഷ്ടമായി. കുട്ടികളുടെ കൂട്ടത്തില്‍ പോലും അവന്‍ മുതിര്‍ന്നവരെപ്പോലെ അലറിക്കൊണ്ട് സംസാരിക്കാന്‍ തുടങ്ങി. കൌമാരത്തിലേക്ക് കടന്നതോടെ അവന്‍ നഗരത്തിലും അടുത്തുള്ള പ്രദേശങ്ങളിലും ആസൂത്രണം ചെയ്യുന്ന കലാപങ്ങളിലെ മുഖ്യ കുട്ടിപ്പങ്കാളി ആയിത്തീര്‍ന്നു.

നഗരത്തില്‍ നടന്ന വലിയ കലാപത്തിനു ശേഷം ചെറുതും വലുതുമായി സമീപപ്രദേശങ്ങളില്‍ പടര്‍ന്ന വംശീയ കലാപങ്ങളില്‍ ബല്ലു വരുത്തിവെച്ച നാശനഷ്ടങ്ങളും രക്തച്ചൊരിച്ചിലും ഗ്രാമത്തില്‍ സംസാരമായി. അവന്‍ കലാപഭൂമിയിലെ താരം തന്നെയാണെന്ന് എല്ലാവരും തമ്മില്‍ത്തമ്മില്‍ പറഞ്ഞു. മുനിറാമിനെപ്പോലെ ബല്ലുവിനും ഒരു രഹസ്യപ്രണയം ഉണ്ടായിരുന്നു. അവനത് അടുത്ത കൂട്ടുകാരോട് പോലും പറഞ്ഞിട്ടില്ല. ഒരാളോടു മാത്രമാണ് അവനതു പങ്കു വെച്ചത്. അത് ദമയന്തി ജാന്‍ ആയിരുന്നു. മുനിറാമിന് തന്‍റെ ആദ്യ രതിവേഴ്ച സമ്മാനിച്ച ദമയന്തിയില്‍ തന്നെയാണ് ബല്ലുവും അതു തേടിയത്.

ഒരിക്കല്‍, അറോറ കുടുംബത്തിലെ കല്യാണത്തലേന്നുള്ള കുമാരന്മാരുടെ പാര്‍ട്ടിയില്‍ റിക്കാര്‍ഡ് ഡാന്‍സ് കളിക്കുകയായിരുന്ന ദമയന്തിയെ തേടി ബല്ലു ചെന്നു. ചെറിയ വിറയലോടെ പിന്‍പോക്കറ്റില്‍ നിന്നും നോട്ടുകെട്ടുകള്‍ എടുത്ത് വീശി അവന്‍ അവളോട് തന്റെ മോഹം പറഞ്ഞു. ഒരു കുഞ്ഞിനു മുല കൊടുക്കുന്ന ലാഘവത്തോടെ അവള്‍ അവനെ മടിയില്‍ കിടത്തി. പതുക്കെ നെറ്റിയില്‍ തലോടി അവന്‍റെ കിതപ്പകറ്റി. നനുത്ത ചുംബനമായി അവള്‍ അവനില്‍ പൊഴിഞ്ഞുവീഴുകയും അതില്‍ അവന്‍ സ്വയം മറന്നു രമിക്കുകയും ചെയ്തു.

വസ്ത്രം മാറി വരാന്‍ പോലും നില്‍ക്കാതെ, അവനെ അടുത്തു പിടിച്ചിരുത്തി അവള്‍ ചോദിച്ചു:

“നിനക്കാരേലും ഇഷ്ടാണോ?”

ഒരു പുഞ്ചിരി പോലും വിടരാത്ത അവന്‍റെ കവിളിണയില്‍ നാണം പൊടിഞ്ഞു.

“ആരാദ്?”

തെല്ല് കൌതുകത്തോടെ അവള്‍ അവന്‍റെ താടി പിടിച്ചു കുലുക്കി.

“ഇസ്ര… ഇസ്രത്!”

അവന്‍ വിക്കിവിക്കി നാണിച്ച് പറഞ്ഞു.

“ഹമ്പട കള്ളാ… ആരാ അവള്? പ്രേമിക്കാൻ പറ്റിയ കാലമല്ല ചെക്കാ ഇത്… എന്റെ പ്രണയത്തിനു ചോരയുടെ നിറമായിരുന്നു… അത് നിന്നെയും വെറുതെ വിടില്ല…,”

ദമയന്തിയുടെ ശബ്ദമിടറി.

അവൾക്കു മുന്നില്‍ ബല്‍ദേവ് വെള്ളിത്തിരയിലെ പ്രണയകഥയായി. അവന്റെ കൌമാരപ്രണയം കേള്‍ക്കാന്‍ അവള്‍ കാതുകൂര്‍പ്പിച്ചിരുന്നു.

ഇസ്ര എന്ന് എല്ലാവരും വിളിക്കുന്ന ഇസ്രത് അടുത്ത മൊഹല്ലയിലെ സുന്ദരിപ്പെണ്ണാണ്. അവളാണ് എന്നും രാവിലെ ബല്ലുവിന്റെ കനവിൽ വന്നിരുന്നത്. അവളെയാണ് ഗ്രാമത്തിലെ കൌമാരപ്രായത്തിലുള്ള എല്ലാ പിള്ളേരും രഹസ്യമായി പ്രണയിച്ചിരുന്നത്. മുഖാവരണത്തിനുള്ളിലൂടെ കാണാന്‍ പറ്റുന്ന അവളുടെ നീണ്ടകണ്ണുകളുടെ ഇമവെട്ടലില്‍ പെട്ട് ഹൃത്തടത്തിലൊരു ഇടിവെട്ടേല്‍ക്കാത്ത ഒരൊറ്റ പയ്യനും ആ ഗ്രാമത്തിലെങ്ങും ഉണ്ടായിരുന്നില്ല.
കരിങ്കല്ലു പോലെ കനത്ത ബല്ലുവിന്റെ ഹൃദയത്തിലേക്ക് അവള്‍ കടന്നുവന്നതോടെ എന്തെല്ലാമോ മാറ്റങ്ങള്‍ തന്നിൽ സംഭവിക്കുന്നതായി അവനു തോന്നി. അത് ദമയന്തിയെ കുറിച്ച് ഓര്‍ക്കുന്നത് പോലെയല്ല എന്നും അവൻ തിരിച്ചറിഞ്ഞു. എന്നും പുലര്‍കാലത്ത് സ്വപ്നത്തിലൊരു ഹൂറിയായി വന്ന്, അവനരികിലിരുന്ന് കുളത്തിലെ പിടയ്ക്കുന്ന നീലമത്സ്യങ്ങളെ കൈകളിൽ കോരിയെടുത്ത് അവനു സമ്മാനിക്കുന്നതും, ഇടയ്ക്ക് അവനെ കളിപ്പിക്കാനായി, കുളത്തില്‍ ഒളിച്ചുപാര്‍ക്കുന്ന രക്തരക്ഷസായി മാറി മുഖത്തേക്ക് മുടി നീട്ടിയിട്ട് പേടിപ്പിക്കാന്‍ നോക്കുന്നതും ഓര്‍ത്ത് അവന്‍ പ്രണയാതുരനായി കിടന്നു.

ലഹള വന്നാല്‍ അവളെ നമുക്ക് പൊക്കാമെന്ന് അശ്ലീലച്ചിരിയോടെ വീമ്പു പറഞ്ഞ രോഹിതുമായി അവൻ വഴക്കിട്ടു. കൂട്ടുകാർ അവളെപ്പറ്റി സംസാരിക്കുന്നത് പോലും അവൻ സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു. അതിന്‍റെ പേരില്‍, ചെളിനിറഞ്ഞ മണ്ണുറോഡില്‍ കുത്തിമറിഞ്ഞ് അവൻ അവരുമായി കലഹിച്ചു.
സ്കൂളില്‍ പോകാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന അവര്‍ക്ക് ആരും പുല്ലു വില പോലും കല്‍പ്പിച്ചില്ല. അവരില്‍ ചിലര്‍ കുറച്ചുകാലം ഏകാദ്ധ്യാപക വിദ്യാലയങ്ങളില്‍ പോയി നോക്കി. കുറച്ച് അക്ഷരം പഠിച്ചപ്പോഴേക്കും അവര്‍ക്ക് മടുത്തു. പലരും പഠിത്തം നിര്‍ത്തി പണിക്കു പോയി. പണിയൊന്നും ഇല്ലാത്തപ്പോള്‍ ശരീരം പുഷ്ടിപ്പെടുത്താനായി ഗുസ്തി പരിശീലിക്കുകയോ, കുറച്ചു കാലത്തേക്ക് ദൂരെ പട്ടണത്തിലുള്ള ജിമ്മില്‍ പോയി മസില്‍ പെരുപ്പിച്ച് നടക്കുകയോ ചെയ്തു.

ബല്ലു അതിനൊന്നും തുനിഞ്ഞില്ല. അവന്‍ ഇസ്രത് താമസിക്കുന്ന മൊഹല്ലയില്‍ പണിയന്വേഷിച്ചു പോയി. ഗുജ്ജറുകളുടെയും രാംനാമികളുടെയും ബസ്തികളേക്കാള്‍ ഭംഗിയും വൃത്തിയും വെടുപ്പും ഉള്ളതായിരുന്നു ഇസ്രത് താമസിച്ചിരുന്ന മൊഹല്ല. എന്നാല്‍ അവിടെത്തന്നെ സമ്പന്നരും അല്ലാത്തരും ജാതിയില്‍ താണവരും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു. കീഴാളരായ പസ്മണ്ടകള്‍ താമസിച്ചിരുന്ന ചേരികള്‍ ഒട്ടും പുരോഗമനമില്ലാതെ ഇടുങ്ങിക്കിടന്നു. അവിടേക്ക് വെള്ളമോ വെളിച്ചമോ സര്‍ക്കാരിന്‍റെ പദ്ധതികളോ ചെന്നെത്തിയില്ല. തെരഞ്ഞെടുപ്പ് കാലത്തു മാത്രം അവരുടെ ബസ്തികളിലേക്ക് വെളുത്ത് മിന്നുന്ന വസ്ത്രം ധരിച്ചവര്‍ ചെറുസംഘങ്ങളായി കടന്നുചെന്നു.

എന്നാല്‍ ഇസ്രത്തിന്‍റെ മൊഹല്ലയിലെ വീടുകളെല്ലാം കൊച്ചുകൊട്ടാരം പോലെ തോന്നിച്ചു. അറബിക്കഥയിലെ രാജകുമാരനായി അവിടേയ്ക്ക് സ്വപ്നച്ചിറകേറി ബല്ലു പറന്നു ചെന്നു.

“നീ എവിടത്തെയാ? ഇവിടെ നിനക്ക് പണിയില്ല.”

ഊശാന്‍ താടിക്കാരനായൊരു വയസ്സൻ അവന്‍റെ മുഖത്തു പോലും നോക്കാതെ പറഞ്ഞു.

“ഈ ഭാഗത്തിനി കണ്ടു പോകരുത്… കള്ളക്കൂട്ടങ്ങള്‍…,”

അയാള്‍ പിറുപിറുത്തു.

ഗ്രാമത്തില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം, അയാളുടെ മുടിക്ക് പിടിച്ചു വലിച്ചിഴച്ച് തച്ചുകൊന്നാണ് ബല്ലു പക വീട്ടിയത്. രാജ്യദ്രോഹികള്‍ രാജ്യം പിടിച്ചടക്കുവാന്‍ നോക്കുകയാണെന്നും തങ്ങളുടെ സമുദായം അപകടത്തിലാണെന്നുമൊക്കെയാണ് വാട്സ് ആപ്പിലൂടെ സന്ദേശങ്ങള്‍ പരന്നത്. തെരഞ്ഞെടുപ്പിനു മുമ്പുള്ള ഇടവേളയായിരുന്നു. ഒരു കലാപത്തിനു ഏതുനിമിഷവും തയ്യാറായിരിക്കണമെന്ന് മുതിര്‍ന്നവര്‍ പറയുന്നതു കേട്ടിരുന്നു.

തീപൊള്ളി മുനിറാം കൊല്ലപ്പെട്ടതാണ് പെട്ടെന്ന് കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്. മദ്യപിച്ച് ലക്കുകെട്ട് വഴിവക്കില്‍ കുത്തിയിരിക്കുകയായിരുന്നു മുനിറാമും സംഘവും. ഉള്ള പണിയും പോയി, കിടപ്പറയില്‍ ഷണ്ഡത്തവും അനുഭവിച്ച് അപമാനിതരായ ആണ്‍ശരീരങ്ങളിലെല്ലാം കോപം തപിച്ചു കിടന്നിരുന്നു.
ദുരിതപൂര്‍ണ്ണമായ സ്വന്തം ജീവിതത്തെ കുറിച്ചോര്‍ത്ത് മുനിറാം ഉറക്കെയുറക്കെ അലറിക്കരയാന്‍ തുടങ്ങി. അന്നേരം അതിലൂടെ അന്യമതസ്ഥനായ ഒരു യുവാവ് കടന്നുപോയി. ഒരു നിമിഷം എന്തുപറ്റിയെന്നറിയാനായി അയാള്‍ മുനിറാമിലേക്കൊന്ന് തുറിച്ചു നോക്കിപ്പോയി.

“നീയെന്നെ തുറിച്ചു നോക്കുമോടാ?”

എന്നലറിക്കൊണ്ട് മുനിറാം അയാള്‍ക്കു നേരെ ചീറി.

അയാള്‍ക്കൊപ്പമുള്ള സംഘം അപ്പോഴേക്കും യുവാവിനെ പിടികൂടി ചോദ്യം ചെയ്യാനും അടിക്കാനും തുടങ്ങി. യുവാവിന്‍റെ വസ്ത്രങ്ങളെല്ലാം ഓരോന്നായി ഊരിയെറിഞ്ഞ് ഒരു ബലിമൃഗത്തെപ്പോലെ അവര്‍ അയാള്‍ക്ക് ചുറ്റും അട്ടഹസിച്ചാര്‍ത്തു. ആരോ അപ്പോഴേക്കും ഒരു ക്യാനില്‍ മണ്ണെണ്ണ കൊണ്ടുവന്ന് അത് യുവാവിന്‍റെ തലക്ക് മുകളിലൂടെ ഒഴിച്ചു. യുവാവ് അര്‍ദ്ധനഗ്നനായി നിലത്ത് പടിഞ്ഞിരുന്ന്, കൈകളുയര്‍ത്തി വിറപൂണ്ട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അതുകണ്ട് കലികയറിയ മുനിറാം അയാള്‍ക്കരികിലെത്തി തീപ്പെട്ടിക്കൊള്ളി ഉരച്ചുകൊണ്ട് ആടിയാടി നിന്നു.

വളരെ പെട്ടെന്നാണ് യുവാവിന്റെ ശരീരത്തില്‍ തീ പടര്‍ന്നു പിടിച്ചത്. മുനിറാമിന് തിരിഞ്ഞോടാന്‍ സാധിക്കും മുമ്പ് അയാളുടെ കാലില്‍ ബലമായി ആ യുവാവ് കയറിപ്പിടിച്ചു. വെന്തുരുകി നീറിപ്പിടയുമ്പോള്‍ അയാള്‍ക്കൊപ്പം മുനിറാമും തീയിന്റെ പൊള്ളലറിഞ്ഞു. നിമിഷങ്ങള്‍ക്കകം ഇരുവരും ഒരു മെയ്യായി കരിഞ്ഞു മണ്ണടിഞ്ഞു.
അതിന്‍റെ കനലൊളി വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഗ്രാമാന്തരങ്ങളിലേക്ക് സഞ്ചരിച്ചു. അന്യമതസ്ഥനായ യുവാവിന്‍റെ കരങ്ങളാല്‍ ക്രൂശിതനായ മുനിറാം അങ്ങനെ അടുത്ത കലാപത്തിനുള്ള അവതാരസ്വരൂപമായി.

അതു കണ്ട് രക്തം തിളച്ചാണ് എല്ലാവരെയും പോലെ ബല്ലുവും കലി കയറി ഇറങ്ങിപ്പുറപ്പെട്ടത്. പുകഞ്ഞുകത്തിവന്ന ദേഷ്യമെല്ലാം വയസ്സനു മേല്‍ തന്നെ ആദ്യം അവന്‍ തീര്‍ത്തു. എന്നിട്ട് അയാളുടെ ചതഞ്ഞരഞ്ഞ മൃതദേഹം ഇസ്രത്തിന്‍റെ വീടിനു മുന്നില്‍ കൊണ്ടിട്ട് അവിടെ കാവലിരുന്നു. അവിടേയ്ക്ക് വടിവാളും കമ്പും കല്ലുമായി വന്ന കൂട്ടങ്ങളെ

“ഇവിടാരും ഇല്ല,” എന്നു പറഞ്ഞ് അവന്‍ വഴിതിരിച്ചു വിട്ടു.

അപ്പോഴാണ് വിരാട് അവിടേയ്ക്ക് വന്നത്.

“ബല്ലൂ നീ അങ്ങോട്ട് പോണില്ലേ? ആണുങ്ങള്‍ നഗരത്തിലേക്ക് മാര്‍ച്ച് ചെയ്യാണ്. നീ എവിടേന്ന് കുവർജി ചോയ്ച്ച്…,”

വിരാട് അവനോട് പറഞ്ഞു.

അതിലൊരു ആജ്ഞ ഒളിഞ്ഞിരുന്നു. കുവർജി പറഞ്ഞാല്‍ അതിനപ്പുറമൊരു വാക്കില്ല ഗ്രാമത്തിലെ ആണുങ്ങള്‍ക്ക്. അനുസരണശീലവും അച്ചടക്കവും രക്തത്തില്‍ അലിഞ്ഞു ചേരാത്ത ഒരുത്തന് രാജ്യത്തേയും സമുദായത്തേയും സംരക്ഷിക്കാനാവില്ല. സമര്‍പ്പണം ചെയ്ത ജീവിതങ്ങളാണ്. ദേശത്തിനു വേണ്ടി കൊല്ലാനും ചാകാനും മടിക്കില്ലെന്ന് സ്വന്തം രക്തത്തില്‍ തൊട്ട് സത്യം ചെയ്തിട്ടുള്ളതാണ്.

“നീ പൊക്കോ, ഞാന്‍ വേണേല്‍ ഇവിടെ നിന്നോളാം…”

ബല്ലുവിന്‍റെ പരുങ്ങല്‍ കണ്ട് വിരാട് അവനു വാക്കു കൊടുത്തു.

“ഞാന്‍ പോയി വരാം. നീ ഇവിടെ നില്‍ക്ക്. പിന്നെ…”

“എന്താടാ…?”

“നീ ആരോടും പറയില്ലെന്ന് സത്യം ചെയ്യണം.”

ബല്ലുവില്‍ ഒരു രഹസ്യം ഒളിഞ്ഞുകിടക്കുന്നതായി വിരാടിനു മനസ്സിലായി. അവന്‍ കയ്യിലടിച്ച് സത്യം ചെയ്തു.
ഒരു വലിയ രഹസ്യം വെളിപ്പെടുത്തുമാറ്, ഉള്ളില്‍ നിന്നും വല്ലാത്തൊരു നിശ്ശബ്ദത ആവാഹിച്ചെടുത്ത് വിരാടിന്‍റെ കാതില്‍ ബല്ലു അതു മന്ത്രിച്ചു. അന്നേരം ദമയന്തിക്കു മുന്നില്‍ വിരിഞ്ഞ നാണം അവനില്‍ വീണ്ടും പൊട്ടിമുളച്ചില്ല.

“നീ ഇവിടേക്ക് ആണുങ്ങള്‍ വരാതെ നോക്കണം.”

ഒരു വിതുമ്പല്‍ ബല്ലുവില്‍ ഒട്ടും ചേരാതെ തങ്ങി നില്‍ക്കുന്നതായി വിരാടിനു തോന്നി. അവന്‍ വെറുതെ തലയാട്ടി.
ഒരു വിശ്വാസത്തിന്‍റെ പുറത്താണ് അവന്‍ പുറപ്പെട്ടു പോയത്. പിന്നെ പകല്‍ മുഴുവനും ആക്രോശവും കൊല്ലും കൊലയും ആയിരുന്നു. അവസാനം തളര്‍ന്നൊടിഞ്ഞു തിരിച്ചു വന്നപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. ആദ്യം തന്നെ ഇസ്രത്തിനെയാണ് അവന്‍ അന്വേഷിച്ചത്. അവളുടെ വീട്ടിലേക്ക് പരവശം കടന്നു ചെന്ന അവന്‍ തകര്‍ന്നു കിടന്ന വീട്ടില്‍ ചോരയില്‍ കുതിര്‍ന്നു മരിച്ചു കിടന്ന മൃതദേഹങ്ങള്‍ക്കിടയില്‍ ഇസ്രത്തിനെ തെരഞ്ഞുകൊണ്ടിരുന്നു.

ആല്‍ത്തറയില്‍ കൂട്ടംകൂടിയിരുന്ന പിള്ളേര്‍,

“ബല്ലു എവിടെ?”

എന്നു തിരക്കി. അവന്‍ അന്നു നടത്തിയ വീരകൃത്യങ്ങള്‍ പറഞ്ഞു കേള്‍ക്കാന്‍ അവര്‍ക്ക് വല്ലാത്ത പൂതിയായി.

“ആണുങ്ങള്‍ ഇല്ലാത്ത വീട്ടില്‍ ഇന്ന് കയറിയ പോലെ നമുക്ക് ഇനിയും കയറണം. എന്നാലേ വല്ലതും നടക്കൂ… അല്ലെടാ വീരൂ?”

കൌമാരത്തില്‍ അനുഭവിച്ച ആദ്യ രതിമൂര്‍ച്ഛ അപ്പോഴും വറ്റാതെ അവരില്‍ പറ്റിക്കിടന്നു. കാമം മണക്കുന്ന അവരുടെ വാക്കുകളില്‍ നിന്നും ഒളിച്ചോടി, എന്താണ് പറയേണ്ടത് എന്നറിയാത്ത ഭാവത്തില്‍ വിരാട് മരത്തിന്റെ മറ പറ്റി പതുങ്ങി മാറിയിരുന്നു.

പൊടിക്കാറ്റിൽ മുങ്ങിക്കുളിച്ച് എവിടെ നിന്നോ ബല്ലു അവിടെ വിയര്‍ത്തുകുളിച്ചെത്തിച്ചേർന്നു. അവന്റെ കയ്യിലിരുന്ന രക്തത്തില്‍ കുതിര്‍ന്ന തുണിസഞ്ചിയില്‍ എന്തോ കനത്തില്‍ തൂങ്ങിക്കിടന്നു.

“ദാ ബല്ലു വന്നു. പറ നീ ഇന്ന് എത്ര പേരെ കൊന്നു?”

രോഹിത് ആവേശംപൂണ്ട് ചോദിച്ചു.

അവന് അന്നത്തെ കലാപത്തിലെ കൊലപാതക കണക്കില്‍ ബല്ലുവിനേക്കാള്‍ മുന്നിലെത്തണം എന്നു വാശിയുള്ളതു പോലെയുണ്ടായിരുന്നു.

ഒന്നും മിണ്ടാതെ കുറച്ചുനേരം അവരെ തുറിച്ചു നോക്കിക്കൊണ്ട് ബല്ലു നിന്നു. പിന്നെ കയ്യിലിരുന്ന തുണിസഞ്ചി അവർക്കു നേരെ വലിച്ചെറിഞ്ഞു. അതിൽ നിന്നും ഇസ്രത്തിന്‍റെ വെട്ടിയെടുത്ത തല നിലത്തു വീണ് അവര്‍ക്കു മുന്നില്‍ കിടന്നുരുണ്ടു പിടഞ്ഞു. മണ്ണിൽ വീണുപരന്ന് ചോര കട്ടപിടിച്ചു. അതിൽ മനുഷ്യമാംസം അലിഞ്ഞുചേർന്നു. അതിൽ ചവിട്ടി ഒരു പുലർകാലസ്വപ്നത്തിലെന്ന പോലെ ബല്ലു മുന്നോട്ട് നടന്നു.

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.