Skip to main content

കഥ ഒരു അംബേദ്ക്കറൈറ്റ് രൂപകം – പ്രിന്‍സ് അയ്മനം രചിച്ച ‘ചാരുമാനം’ എന്ന കഥ

പ്രിന്‍സ് അയ്മനം രചിച്ച മൂന്നുകഥകളെ എന്റെ ശ്രദ്ധയില്‍ വന്നിട്ടുള്ളൂ. നല്ല കഥകള്‍. അവയില്‍ രണ്ടു കഥകള്‍ മലയാളത്തിലെ ഏതു മികച്ച കഥയോടുമൊപ്പം നില്‍ക്കുന്നതാണ്. ആദ്യം പുറത്തു വന്ന ‘പൊതിച്ചോറ് നേര്‍ച്ച’ അന്നത്തോടു മേലാളിത്തബോധം കാണിക്കുന്ന മഹാപാതകത്തിന്റെ കഥയാണ്. ഏറ്റവും നികൃഷ്ടമായ ഒരു വിവേചനത്തിന്റെ കഥ. വംശശുദ്ധിയെ കുറിച്ചുള്ള വിചാരങ്ങള്‍ ഏതു നീചമായ പ്രവൃത്തിയും ചെയ്യാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നതിന്റെ നാട്ടനുഭവം. ഇത്തരം എത്രയോ അനുഭവങ്ങള്‍ ചരിത്രത്തിലുണ്ട്.

അകലത്തില്‍ നിര്‍ത്തേണ്ടവര്‍. ഒരുമിച്ചിരിക്കാത്തവര്‍. ഒരുമിച്ചുണ്ണാത്തവര്‍. ബ്രാഹ്‌മണ്യം. ഹിറ്റ്ലര്‍. ദളിതരുണ്ടാക്കിയ ചോറിനെ എറിഞ്ഞുകളഞ്ഞ് തങ്ങളുടെ ശുദ്ധി പരിപാലിക്കുന്നവരെ പ്രിന്‍സ് എഴുതുന്നു. അനുഭവത്തിന്റെ ചൂടും ചൂരും പ്രമേയപരിചരണത്തിലെ മികവും ഈ കഥയെ ഉയര്‍ത്തി നിര്‍ത്തുന്നു. പാഠാന്തരസമൃദ്ധമാണത്. പൗരോഹിത്യത്തിന്റെ അധികാരം, വംശശുദ്ധി, തീണ്ടിക്കൂടായ്മ, വിവേചനങ്ങള്‍, ചരിത്രനിര്‍മ്മിതിയിലെ താല്‍പ്പര്യങ്ങള്‍… ഇതില്‍ നിരവധി പാഠങ്ങള്‍ നിറഞ്ഞിരിക്കുന്നു. പ്രിന്‍സിന്റെ ‘ചാരുമാനം’ എന്ന കഥയും അതീവ ശ്രദ്ധേയമാണ്. അതിനെ കുറിച്ചെഴുതാനാണ് ഇവിടെ ശ്രമിക്കുന്നത്.

പ്രിന്‍സ് അയ്മനം

ബാഹ്യലോകത്തേക്കു നീളുന്ന പരാമര്‍ശങ്ങള്‍ ഈ കഥയില്‍ നിന്നു കണ്ടെടുക്കുക എളുപ്പമല്ല. സവിശേഷമായി പറയാനുള്ള കഥയ്ക്കാവശ്യമുള്ള ലോകമാണ് ഈ കഥയില്‍ വരുന്നത്. കഥയ്ക്കു ബാഹ്യമായ പരാമര്‍ശങ്ങളിലൂടെ പാഠാന്തരത്വങ്ങളെ സൃഷ്ടിക്കുകയെന്ന നിലയില്‍ പലരും സ്വീകരിക്കുന്ന രീതി പ്രിന്‍സ് അയ്മനം സ്വീകരിക്കുന്നില്ല. കഥയുടെ സവിശേഷമായ ശൈലി വ്യത്യസ്തതയെ കൊണ്ടുവരുന്നു. ഈ കഥയ്ക്കു മാത്രം യോജിക്കുന്ന ശൈലിയെന്നു തോന്നുന്നിടത്തോളം കഥാരചനയെ തനിമയുള്ളതാക്കാന്‍ പ്രിന്‍സ് ശ്രമിക്കുന്നു.

കഥയുടെ പറച്ചില്‍ രീതി ഏറെ പ്രധാനമെന്ന് പ്രിന്‍സിനുറപ്പുണ്ട്. കഥയ്ക്കുള്ളിലാണ് കഥാകാരന്‍ നില്‍ക്കേണ്ടതെന്നും കഥ എഴുതുന്ന ഭാഷ തന്നെയാണ് കഥയെന്നും കൂടി അറിയുന്നുണ്ട്. ഒരു രാജ്യത്തിന്റെ മനസ്സ് വിഷമയമാക്കണമെങ്കില്‍ അതിന്റെ കഥകളില്‍ വിഷം കലര്‍ത്തിയാല്‍ മതിയെന്ന് ബെന്‍ ഓക്രി പറയുന്നുണ്ട്. അധിനിവേശം നടത്തിയ വിഷപ്രചരണങ്ങള്‍ക്കെതിരെ, കഥകളില്‍ വിഷം കലര്‍ത്തുന്നതിനെതിരെയുള്ള പ്രതിരോധമായാണ് ബെന്‍ ഓക്രി ഇങ്ങനെ പറയുന്നത്. എന്നാല്‍, ഇന്ത്യയിലെ ബ്രാഹ്‌മണ്യാധീശത്വം കഥകളില്‍ വിഷം നിറയ്ക്കുന്നത് പദ്ധതീകൃതമെന്നോണം നടപ്പിലാക്കിയിരുന്നു. ഇപ്പോഴും നടപ്പിലാക്കുന്നുണ്ട്. തങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിന് മനസ്സുകളെ വിഷമയമാക്കണമെന്ന് ബ്രാഹ്‌മണ്യം ഉറപ്പിച്ചിരുന്നു. ഈ ഉപഭൂഖണ്ഡത്തിന്റെ കഥകളില്‍ അതു വിഷം കലര്‍ത്തി. നിഷ്‌കാമകര്‍മ്മം എന്ന മധുരം പുരട്ടിയ സന്ദേശം പറയാനെന്നോണം സ്വന്തം സഹോദരരെയും പിതൃസമാനരെയും ഗുരുജനങ്ങളെയും കൊല്ലുന്നത് സ്വധര്‍മമാണെന്നു ഘോഷിക്കുകയും അവരെ കൊല്ലണമെന്ന് ഒരു യോദ്ധാവിനോട് ഉപദേശിക്കുകയും ചെയ്യുന്ന ദൈവാവതാരത്തെ ഇന്ത്യയുടെ മഹാപുസ്തകങ്ങളിലൊന്നിലാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഇത് വര്‍ണ്ണ, ജാതിവ്യവസ്ഥകളുടെ ന്യായീകരണവുമായി സാഹിതീയമോ ധൈഷണികമോ ആയ പ്രവൃത്തികളെ കണ്ണിചേര്‍ക്കുന്ന പ്രവര്‍ത്തനമായിരുന്നു. ബ്രാഹ്‌മണ്യത്തെ വാഴ്ത്തുന്ന, അതിന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന കഥകളും പാട്ടുകളും നാട്ടുചൊല്ലുകളും കൊണ്ട് ഇന്ത്യയുടെ സംസ്‌കാരം എപ്പോഴും വിഷമയവും മലിനവുമായിരുന്നു. അവിടെ പണിയെടുക്കുന്നവരൂം കീഴാളരും നിരാലംബരും വിധിയുടെ കൈകളിലെ കളിപ്പാട്ടങ്ങളെന്ന നിലയ്‌ക്കോ പൂര്‍വ്വജന്മത്തിലെ പാപികളെന്ന നിലയ്‌ക്കോ കര്‍മ്മഫലം അനുഭവിക്കുന്നവരെന്ന നിലയ്‌ക്കോ മാറ്റി നിര്‍ത്തപ്പെട്ടു.

അവരുടെ കഥകള്‍ – വേദനകള്‍, യാതനകള്‍, ദുഃഖങ്ങള്‍- എഴുതപ്പെട്ടതേയില്ല. ബ്രാഹ്‌മണ്യത്തിന്റെ മൂല്യവ്യവസ്ഥ വരേണ്യമായ ധര്‍മ്മ, കര്‍മ്മചിന്തകളുടെ മറവില്‍ സംരക്ഷിക്കപ്പെട്ടു. ശ്രേഷ്ഠബ്രാഹ്‌മണ്യം നടപ്പിലാക്കിയ എല്ലാ ക്രൗര്യങ്ങളും അനീതികളും ന്യായീകരിക്കപ്പെട്ടു. ഏറെ വിഭാഗീയവും നീചവുമായ കൃഷ്ണനീതിയാണ് നടപ്പിലാക്കപ്പെട്ടത്. വിഷമയമായ കഥകളിലൂടെ ബ്രാഹ്‌മണ്യത്തിന്റെയും സവര്‍ണ്ണതയുടെയും മഹത്വം വിളംബരം ചെയ്യപ്പെട്ടു കൊണ്ടേയിരുന്നു. അത് ജാതിവ്യവസ്ഥയെ ഊട്ടിയുറപ്പിക്കുന്ന കഥാസംസ്‌കാരത്തെയാണ് വളര്‍ത്തിയെടുത്തത്. കീഴാളന്റെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ശബ്ദം എവിടെയെങ്കിലും ഉയര്‍ന്നുവെങ്കില്‍ അവ നിരന്തരം തമസ്‌കരിക്കപ്പെട്ടു. ചൊല്‍ക്കഥകളിലും പാഠപുസ്തകങ്ങളിലും ബ്രാഹ്‌മണ്യത്തിന്റെയും സവര്‍ണ്ണതയുടെയും പ്രത്യയശാസ്ത്രം നിറഞ്ഞതിങ്ങനെയാണ്. ഇത് സാഹിത്യം വിശുദ്ധമല്ലെന്നതിന്റെയും വിമര്‍ശനങ്ങളിലൂടെ കടന്നുപോകണമെന്നതിന്റെയും തെളിവു കൂടിയായിരുന്നു. കീഴാളകലാരൂപങ്ങളും കീഴാളരുടെ ചൊല്‍ക്കഥാപാരമ്പര്യവും ഇതിനെ ചെറുത്തുനിന്നു. കീഴാളരുടെ ഈ പാരമ്പര്യത്തെ കഥയെന്ന സാഹിത്യരൂപത്തിലേക്ക് ആനയിച്ചുകൊണ്ട് എഴുതപ്പെട്ട ആഖ്യാനമാണ് ‘ചാരുമാനം’.

കഥയുടെ ഉള്ളിനെ കുറിച്ച് സംഗ്രഹീതരൂപത്തില്‍ പറയാവുന്നത് ഇതാണ് :
ഒരു സവിശേഷകാലഘട്ടത്തില്‍, മീനച്ചിലാറിന്റെ പരിസരങ്ങളിലെ ജീവിതസാഹചര്യങ്ങളെ, പുഴയിലൂടെ നടക്കുന്ന മലഞ്ചരക്കുവ്യാപാരത്തെ ‘ ചാരുമാനം’ ആലേഖനം ചെയ്യുന്നു. പ്രത്യക്ഷക്കാഴ്ചയിലുണ്ടായിരുന്ന മനുഷ്യബന്ധങ്ങള്‍ക്കുപരി അതിന്നുള്ളിലെ കഠിനയാഥാര്‍ത്ഥ്യങ്ങളെ വെളിപ്പെടുത്തുന്നു. പുരോഗമനനാട്യങ്ങള്‍ക്കപ്പുറം കേരളീയമദ്ധ്യവര്‍ഗ്ഗമനസ്സുകളില്‍ കാലങ്ങളായി കൂടു കെട്ടിയിരിക്കുന്ന സവര്‍ണ്ണതയുടെ മൂല്യങ്ങളെയും ഈ കഥ പുറത്തുകൊണ്ടുവരുന്നു.

കഥയിലെ കേശുപിള്ളക്ക് വായ്പകളും വിശ്വാസവും ലഭിച്ചതിനും അതിലൂടെ വിജയിച്ചതിനുമുള്ള കാരണം അയാളുടെ ഉയര്‍ന്ന ജാതിപദവിയാണെന്നും അതേസമയം തന്നെപ്പോലുള്ള താഴ്ന്ന ജാതിക്കാര്‍ക്ക് അതേ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നും കുഞ്ഞാപ്പി പറയുന്നുണ്ട്. സവര്‍ണ്ണജാതി സാമൂഹികമൂലധനമായി പ്രവര്‍ത്തിക്കുന്നുവെന്നും ലോകത്തിന്റ ചലനാത്മകതയെ നിര്‍ണ്ണയിക്കുന്നുവെന്നുമാണ് കുഞ്ഞാപ്പിയുടെ വാദങ്ങളുടെ ചുരുക്കം. കുഞ്ഞാപ്പിയുടെ തെളിവുകളോടെയുള്ള യുക്തിപരമായ വാദങ്ങള്‍ക്കു മുന്നില്‍ നിശബ്ദമായി ഒഴിഞ്ഞുമാറാനേ കേശുപിള്ളയ്ക്കു കഴിയുന്നുള്ളൂ.

കുഞ്ഞാപ്പിയുടെ അദ്ധ്വാനം കൊണ്ടാണ് കേശുപിള്ളയുടെ ബിസിനസ്സ് അഭിവൃദ്ധി പ്രാപിക്കുന്നത്. തന്റെ പണക്കൊതിക്കും അത്യാഗ്രഹത്തിനും തടസ്സമാകുമ്പോള്‍ കുഞ്ഞാപ്പിയെ ഇല്ലാതാക്കുന്നതില്‍ അദ്ദേഹത്തിന് ഒരു മനഃസാക്ഷിക്കുത്തും ഉണ്ടാകുന്നില്ല.പണം മോഷ്ടിക്കാന്‍ കുഞ്ഞാപ്പി വിസമ്മതിക്കുന്നത് ധാര്‍മ്മികമായ സത്യസന്ധതയെ എടുത്തുകാണിക്കുന്നതാണ്. പക്ഷേ, ഇത് കുഞ്ഞാപ്പിയെ മരണത്തിലേക്കു നയിക്കുന്നു. ഭേദചിന്തയും അന്യായവും പുലരുന്ന ഒരു സമൂഹത്തില്‍, ധാര്‍മ്മികമായ പെരുമാറ്റം പോലും അധഃകൃതര്‍ക്ക് അതിജീവനം ഉറപ്പുനല്‍കുന്നില്ലെന്ന് ഇതു സൂചിപ്പിക്കുന്നു. കേശുപിള്ളയുടെ മോഷണവും കൊലപാതകവും വെറും വ്യക്തിഗതമായ ദുഷ്ടപ്രവൃത്തികളല്ല. മറിച്ച്, ജാതിപദവികള്‍ നല്‍കുന്ന സാമൂഹികമൂലധനം കൊണ്ട് തന്നെ ന്യായീകരിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുമെന്ന കേശുപിള്ളയുടെ വിശ്വാസം കൂടി ഇതിനു ത്വരകമാണ്. കുഞ്ഞാപ്പിയുടെ ഭാര്യയോട് കള്ളം പറയാനും അവളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്ന അയാള്‍ മനുഷ്യബന്ധങ്ങള്‍ക്ക് ഒരു മൂല്യവും കല്‍പ്പിക്കുന്നില്ല. അയാളുടെ വാക്ക് സമൂഹം അംഗീകരിക്കുമെന്ന സ്ഥിതി ജാതി മേല്‍ക്കോയ്മയെ അടിസ്ഥാനമാക്കുന്ന ജ്ഞാനശാസ്ത്രപരമായ അനീതിയെ കാണിക്കുന്നതാണ്.

കേശുപിള്ളയുടെ വിജയം അദ്ധ്വാനത്തിന്റെയോ ധിഷണയുടെയോ ശുദ്ധമായ യോഗ്യതകളേക്കാളും സവര്‍ണ്ണതയുടെ സാമൂഹികമൂലധനത്തില്‍ കെട്ടിപ്പടുത്തിരിക്കുന്നതാണെന്ന് ആഖ്യാനം പല സന്ദര്‍ഭങ്ങളില്‍ എടുത്തുകാണിക്കുന്നുണ്ട്. മനുഷ്യത്വത്തേക്കാള്‍ ധനത്തിന് മുന്‍ഗണന നല്‍കുന്നവരുടെ ധാര്‍മ്മികതകര്‍ച്ചയെയും പ്രിന്‍സിന്റെ ആഖ്യാനം എടുത്തുകാണിക്കുന്നു. കുഞ്ഞാപ്പിയുടെ ശരീരത്തില്‍ കല്ലുകെട്ടി കയത്തില്‍ താഴ്ത്തി കൊല്ലുന്ന രീതി താഴ്ന്നജാതിക്കാര്‍ക്കെതിരെ ചരിത്രത്തിലുടനീളം നടന്നിട്ടുള്ള അതിക്രമങ്ങളുടെ ഓര്‍മ്മകളെ ഉണര്‍ത്തുന്നതാണ്. അവരുടെ മരണങ്ങള്‍ മിക്കപ്പോഴും മറച്ചുവെക്കപ്പെടുകയും പലപ്പോഴും ഇതരരൂപങ്ങളില്‍ ന്യായീകരിക്കപ്പെടുകയും ചെയ്തു.

 

ജാതി സാമ്പത്തികവും ധാര്‍മ്മികവുമായ അഴിമതി എങ്ങനെ നിലനിര്‍ത്തുന്നു എന്നു വിശദീകരിക്കുന്ന ഒരു കുറ്റപത്രമായി ഈ കഥ മാറിത്തീരുന്നുണ്ട്. കേശുപിള്ളയുടെ പ്രവര്‍ത്തനങ്ങള്‍ മൂല്യങ്ങളില്‍ നിന്നുള്ള വ്യതിയാനമോ യാദൃച്ഛികമായ പിഴവോ അല്ല. മറിച്ച് സവിശേഷാധികാരമുള്ളവരെന്ന് ജാതിസമൂഹം സ്വയം കരുതുന്നവര്‍ക്കു പ്രതിഫലം നല്‍കുകയും ലോകത്തെ അതിന്റെ സാകല്യത്തില്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥയുടെ ഉല്‍പ്പന്നമാണ്. അത്തരമൊരു ഘടനയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ധാര്‍മ്മികമായ അതിജീവനം അസാധ്യമാണെന്ന് കുഞ്ഞാപ്പിയുടെ ദാരുണമായ അന്ത്യം അടിവരയിടുന്നു.

കഥ കേശുപിള്ളയുടെ വ്യക്തിതലത്തിലുള്ള അത്യാഗ്രഹത്തെക്കുറിച്ചല്ല. മറിച്ച്, വര്‍ഗ്ഗഘടനകളും ജാതിയും ചൂഷണത്തെ എങ്ങനെ പ്രാപ്തമാക്കുകയും സാധാരണവല്‍ക്കരിക്കുകയും ചെയ്യുന്നുവെന്നാണ് പറയുന്നത്. കേശുപിള്ളയുടെ വിജയം യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ യോഗ്യതയുടെയോ ധാര്‍മ്മികതയുടെയോ അല്ലെന്നും ജനനത്തെ അടിസ്ഥാനമാക്കുന്ന ജാതിപദവിക്കു കീഴ്‌പ്പെട്ടുനില്‍ക്കുന്ന ഒരു അടിച്ചമര്‍ത്തല്‍വ്യവസ്ഥയുടെ ഉപോല്‍പ്പന്നമാണെന്നും ഈ കഥ കാണുന്നു. കുഞ്ഞാപ്പി കൊല്ലപ്പെടുന്നു. അയാളുടെ ഭാര്യക്കു നിശബ്ദമാകാനുള്ള ശേഷിയേയുള്ളു. കേശുപിള്ള യാതൊരു അനന്തരഫലങ്ങളും നേരിടുന്നില്ല. അയാള്‍ സുഖിച്ചു ജീവിക്കുന്നുവെന്നു വേണം നിരൂപിക്കാന്‍.

കേശുപിള്ളയുടെ ശബ്ദം: ‘ഞാന്‍ എന്റെ പൂര്‍വ്വിക ഭവനം ഉപേക്ഷിച്ചു, ജാതി മാനദണ്ഡങ്ങള്‍ ലംഘിച്ചു സഹവാസങ്ങള്‍ നടത്തി. ഞാന്‍ സ്വയം നിര്‍മ്മിച്ചവനാണ്!’

ഒരു ആധുനിക സംരംഭകനായി കേശുപിള്ള സ്വയം കാണുന്നു. എന്നാല്‍ അയാളുടെ അവകാശവാദം ഉപരിപ്ലവമാണ് – ജാതിപദവിയുടെ സാമൂഹിക മൂലധനം ഉപയോഗപ്പെടുത്തുകയാണ് അയാള്‍ ചെയ്തത്. അയാള്‍ ഉള്ളില്‍ മോഷണത്തെയും കൊലപാതകത്തെയും ന്യായീകരിക്കുന്നുണ്ട്. കുഞ്ഞാപ്പിയുടെ ഭാര്യയോട് അയാള്‍ കള്ളം പറയുന്നു.

കുഞ്ഞാപ്പിയുടെ ശബ്ദം: ”സത്യം കാണുന്ന കീഴാളന്‍ അടിച്ചമര്‍ത്തപ്പെടുന്നു. അയാളെ കൊല്ലുന്നു. അയാളുടെ ശബ്ദം നിശബ്ദമാക്കപ്പെടുന്നു.” കുഞ്ഞാപ്പിയുടേത് വെറും കൊലപാതകമല്ല. മറിച്ച്, ചില സത്യങ്ങളെ എന്നന്നേക്കുമായി മായ്ക്കലാണ്. കായല്‍ മാത്രം ജാത്യക്രമത്തിന് നിശബ്ദസാക്ഷിയാകുന്നു. അതിനെ ആഴങ്ങളില്‍ മറയ്ക്കുന്നു.

കുഞ്ഞാപ്പിയെ കൊലപ്പെടുത്തിയതിനു ശേഷവും കേശുപിള്ളയ്ക്ക് കുറ്റബോധമില്ല. പശ്ചാത്തപിക്കുകയല്ല, തന്റെ കുറ്റത്തെ ഒഴിവാക്കാനും സ്വയം ന്യായീകരിക്കാനും വഴികള്‍ തേടുകയാണ് അയാള്‍ ചെയ്യുന്നത്. സവര്‍ണ്ണജാതികള്‍ക്ക് ധാര്‍മ്മികത തന്റെ ശ്രേഷ്ഠജാതിബോധവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു. താഴ്ന്ന ജാതിക്കാരനെ ഉപദ്രവിക്കുന്നതോ കൊല്ലുന്നതോ പോലും കുറ്റബോധത്തിനു കാരണമാകുന്നില്ല.

ചരിത്രപരമായി ദലിതര്‍ക്കെതിരായ അക്രമം സ്വാഭാവികക്രമമായി സവര്‍ണ്ണജാതിക്കാര്‍ ന്യായീകരിക്കുന്നു. ജനാധിപത്യവല്‍കൃതമായ സമൂഹമനസ്സ് സവര്‍ണ്ണമനോഭാവം പുലര്‍ത്തുന്നവര്‍ക്കില്ല. ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ പശ്ചാത്താപമില്ലാതെ അടിയാളരെ കൊല്ലുന്നു. അതേ മനസ്സു തന്നെയാണ് കേശുപിള്ളയിലും പ്രവര്‍ത്തിക്കുന്നത്. യാഥാര്‍ത്ഥ്യത്തെയും കുറ്റകൃത്യത്തിന്റെ ഭീകരതയെയും മറയ്ക്കാന്‍ കുഞ്ഞാപ്പി മറ്റൊരു സ്ത്രീയോടൊപ്പമാണെന്ന ആഖ്യാനം നിര്‍മ്മിക്കുകയും അത് കുഞ്ഞാപ്പിയുടെ നിസ്സഹായയായ ഭാര്യയോടു പറയുകയും ചെയ്യുന്നു.

കുഞ്ഞാപ്പിയുടെ സത്യസന്ധതയും മോഷണത്തിനുള്ള വിസമ്മതവും ഒരു അഹംബോധഭീഷണി എന്ന നിലയില്‍ കേശുപിള്ളയുടെ സ്വയം നിര്‍മ്മിത മനുഷ്യന്‍ എന്ന അവകാശവാദത്തെയും ആത്മവിശ്വാസത്തെയും വെല്ലുവിളിക്കുന്നതാണ്. കേശുപിള്ളയുടെ അഹങ്കാരത്തിന് കുഞ്ഞാപ്പിയുടെ ധാര്‍മ്മികശ്രേഷ്ഠത അസഹനീയമാണ്. കുഞ്ഞാപ്പിയുടെ സാകല്യബോധം കേശുപിള്ളയുടെ അധികാരത്തെ തകര്‍ക്കുന്നതാണ്. കുഞ്ഞാപ്പി ഒരിക്കലും കേശുപിള്ളക്ക് ഒരു മനുഷ്യവ്യക്തി ആയിരുന്നില്ല. അയാള്‍ക്ക് കുഞ്ഞാപ്പി ഒരു ഉപകരണം മാത്രമായിരുന്നു.

അയാള്‍ തറവാടിനെ ഉപേക്ഷിച്ച പുരോഗമനകാരിയായി സ്വയം അവതരിപ്പിക്കുമ്പോഴും സവര്‍ണ്ണജാതിബോധമാണ് കേശുപിള്ളയുടെ മനസ്സിനെ രൂപപ്പെടുത്തിയിരിക്കുന്നതെന്നു പറഞ്ഞല്ലോ? അത് മാനസികവൈകല്യമായി മാറിത്തീര്‍ന്നിരിക്കുന്നു. ജാതി കൊണ്ട് കോളനിവല്‍ക്കരിക്കപ്പെട്ട ഒരു മനസ്സ്. ഈ കഥ കൊലപാതകത്തെക്കുറിച്ചു മാത്രമല്ല; പീഡകനായ കേശുപിള്ളയുടെ ആത്മാവിനെ ജാതി എങ്ങനെ മലിനീകരിക്കുന്നു എന്നതു കൂടി കഥ വ്യംഗ്യമായി പറയുന്നുണ്ട്. ആന്തരികവല്‍ക്കരിക്കപ്പെട്ട കൊളോണിയലിസമായി സവര്‍ണ്ണജാതിബോധത്തെ മനസ്സിലാക്കുന്നുവെങ്കില്‍ കൊളോണിയലിസം അടിച്ചമര്‍ത്തുന്നവരുടെ മനസ്സിനെയും വളച്ചൊടിക്കുന്നുവെന്ന ഫ്രാന്‍സ് ഫാനന്റെ വാദം ഇവിടെ പ്രസക്തമാകും. ‘കറുത്ത തൊലി, വെളുത്ത മൂടുപടങ്ങള്‍’ എന്ന പുസ്തകത്തില്‍ ഫാനന്‍ എഴുതുന്ന കൊളോണിയല്‍ഘടനയെ കുറിച്ചുള്ള വാദങ്ങള്‍ ജാതിശ്രേണികള്‍ക്കു കൂടി വളരെ നന്നായി ബാധകമാകുന്നതാണ്. കേശുപിള്ളയുടെ സവര്‍ണ്ണജാതി അയാളെ അധിനിവേശരുടെ ഗണത്തില്‍ പെടുത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അയാളുടെ ഉയര്‍ന്ന ജാതിസ്വത്വം ഒരു വെളുത്ത മുഖംമൂടി പോലെ പ്രവര്‍ത്തിക്കുന്നു. അന്തര്‍ലീനമായ ശ്രേഷ്ഠതയുടെ പ്രതീകം. കൊളോണിയല്‍ വരേണ്യവര്‍ഗം സ്വാതന്ത്ര്യാനന്തരം പ്രത്യേകാവകാശം നിലനിര്‍ത്തുന്നതുപോലെ തറവാടിനെ ഉപേക്ഷിച്ചതിനുശേഷവും അയാള്‍ ജാതിയുടെ സാമൂഹികമൂലധനം നിലനിര്‍ത്തുന്നു.

Frantz Fanon

അധിനിവേശിതരുടെ സ്ഥാനത്തുള്ള കുഞ്ഞാപ്പി കൊളോണിയലിസത്തിന് കീഴിലുള്ള സ്വദേശി പോലെ സാമ്പത്തികമായി ആശ്രയത്വത്തിനു നിര്‍ബന്ധിതനാകുന്നു. കുഞ്ഞാപ്പിയുടെ സത്യസന്ധത ഒരു ധാര്‍മ്മികപ്രതിരോധം കൂടിയാണ്. തദ്ദേശിയരെ മൃഗങ്ങളായി കാണുന്ന അധിനിവേശശക്തികള്‍ അവരോട് മൃഗങ്ങളോടെന്ന പോലെ പെരുമാറാന്‍ ശീലിക്കുന്നു. കുഞ്ഞാപ്പിയുടെ കൊലപാതകം അധിനിവേശിതരുടെ ഉന്മൂലനത്തിനു സദൃശമാകുന്നു. അധിനിവേശം ഒരു ചിന്തായന്ത്രമോ യുക്തിസഹമായ കഴിവുകളുള്ള ഒരു ശരീരമോ അല്ലെന്നും അതിന്റെ സ്വാഭാവികാവസ്ഥയില്‍ തന്നെ അക്രമമാണെന്നും ഫാനന്‍ പറയുന്നുണ്ട്.

കേശുപിള്ള നടത്തുന്ന കൊലപാതകം അധിനിവേശത്തിന്റെ ഉന്മൂലനത്തിനു സദൃശമാണെന്നു പറഞ്ഞല്ലോ? കുഞ്ഞാപ്പിയുടെ ഭാര്യയോടു നുണ പറയുന്ന കേശുപിള്ള ചരിത്രം തിരുത്തിയെഴുതുന്ന അധിനിവേശചരിത്രകാരന്മാര്‍ക്കു സദൃശമാണ്. ആധിപത്യം നിലനിര്‍ത്താന്‍ കേശുപിള്ള യാഥാര്‍ത്ഥ്യത്തെ അട്ടിമറിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തിന്റെ ആന്തരികതയെ കീഴ്‌പ്പെടുത്തിയിരിക്കുന്ന ജാതിയുടെ അധിനിവേശത്തെ ഫാനന്റെ ചട്ടക്കൂടിനൂ വെളിപ്പെടുത്താന്‍ കഴിയുന്നതായിരുന്നു. കേശുപിള്ള സ്വതന്ത്രനല്ല, അയാള്‍ സവര്‍ണജാതിബോധത്തിന്റെ തടവുകാരനാണ്. അദ്ദേഹത്തിന്റെ മനസ്സ് ജാതിമേധാവിത്വബോധത്താല്‍ അഴുകിയിരിക്കുന്നു. കുഞ്ഞാപ്പിയുടെ കൊലപാതകം ഒരു വ്യതിചലനമല്ല, മറിച്ച് ഒരു മാനസികരോഗാവസ്ഥ എന്ന നിലയില്‍ ജാതിയുടെ യുക്തിസഹമായ അന്തിമബിന്ദുവാണ്. വിമോചനത്തിന് എല്ലാ പരിഷ്‌കരണങ്ങള്‍ക്കുമപ്പുറം ജാതിമനസ്സിനെ പൊളിച്ചുമാറ്റേണ്ടതുണ്ട്.

ഒരു അംബേദ്കറൈറ്റ് ഉപമയായി പ്രിന്‍സ് അയ്മനത്തിന്റെ ചാരുമാനം എന്ന കഥയെ വായിക്കാം. വള്ളം = ജാതിസമ്പദ്വ്യവസ്ഥ: കേശുപിള്ള വള്ളത്തിന്റെ ഉടമ. അദ്ദേഹത്തിന്റെ ഉടമസ്ഥാവകാശം സവര്‍ണ്ണജാതി നല്‍കുന്ന സാമൂഹികമൂലധനമാണ്. കുഞ്ഞാപ്പിയാണ് വള്ളം ചലിപ്പിക്കുന്നത്.
പണം = മെറിറ്റിന്റെ മിഥ്യാധാരണ. പണത്തിന്റെ ചാക്ക് ആകസ്മിക സമ്പത്താണ്. അത് ഉയര്‍ന്ന ജാതിവിജയം ആകസ്മികമായ ജന്മാവകാശമാണെന്ന പോലെ തനിക്കു മാത്രം അവകാശപ്പെട്ടതാണെന്ന് കേശുപിള്ളയ്ക്ക് ഉറപ്പുണ്ട്. കായല്‍ക്കയം = ചരിത്രത്തെ മറയ്ക്കുന്ന ആഴം, ഒഴുക്ക്. ഓര്‍മ്മാരാഹിത്യം. ഹിന്ദു പുരാണകഥകളെ പോലെ സവര്‍ണ്ണജാതിയുടെ തിന്മയെ ആഴങ്ങളില്‍ ഒളിപ്പിക്കുന്നു.

B.R. Ambedkar

അപകോളനീകരണത്തില്‍ അക്രമം അനിവാര്യമാണെന്ന് ഫാനന്‍ വാദിക്കുന്നു. അംബേദ്കറുടെ പരിഹാരവും ഓര്‍ക്കുക. ‘ജാതിയുടെ അടിത്തറയില്‍ നിങ്ങള്‍ക്ക് ഒന്നും നിര്‍മ്മിക്കാന്‍ കഴിയില്ല. നിങ്ങള്‍ അത് നശിപ്പിക്കണം.’

 


 

ചാരുമാനം
രചന : പ്രിന്‍സ് അയ്മനം
ചിത്രങ്ങള്‍ക്ക് കടപ്പാട് : സമകാലിക മലയാളം വാരിക (ലക്കം : 2020 ആഗസ്റ്റ് 03)
ചിത്രീകരണം : സചീന്ദ്രന്‍ കാറഡുക്ക

No Comments yet!

Your Email address will not be published.