Skip to main content

വരൂ, നമുക്ക് നടക്കാം ഗാന്ധിയോടൊപ്പം…

സ്വന്തം ഊന്നു വടിക്കു പുറകെ, ഒരു ജനതയെ ഒന്നാകെ രാജ്യത്താകമാനം പടര്‍ന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലേക്ക് വഴി നടത്തിയ ഒരേയൊരു ഗാന്ധി.
ലോകമെമ്പാടും മര്‍ദ്ദക ഭരണകൂടങ്ങള്‍ക്ക് എതിരെ, മര്‍ദ്ദിത ജനതയോടൊപ്പം നിന്ന്, ആറ്റംബോംബിനെക്കാള്‍ മൂര്‍ച്ചയുള്ള രണ്ട് സമരായുധങ്ങളാണ് ഗാന്ധിജി പ്രയോഗിച്ചത്.

അഹിംസയിലൂന്നിയ സത്യാഗ്രഹവും, നിസ്സഹകരണവും. ഭരണകൂട ഭീകരതയുടെ ഉത്തുംഗ രൂപമായിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തെ, നിരായുധരാക്കിയതും, അവരുടെ സായുധശക്തിയുടെ വീര്യം കെടുത്തിയതും ഗാന്ധിജി ഉയര്‍ത്തിക്കൊണ്ടുവന്ന അതുവരെ ലോകത്തിന് അപരിചിതമായിരുന്ന മുകളില്‍ കുറിച്ച സമരരൂപങ്ങള്‍ ആയിരുന്നു.

ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ പരീക്ഷിച്ചു വിജയം കണ്ട, ശക്തമായ ആ സമരരൂപമായിരുന്നു, പില്‍ക്കാലത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നെടുനായകത്വം ഏറ്റെടുത്തപ്പോള്‍ ഗാന്ധി പരീക്ഷിച്ച് വിജയിച്ചത്. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ നെല്‍സണ്‍ മണ്ടേല നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന അഹിംസയിലൂടെ, സമരമുറയുടെ പ്രഭവ കേന്ദ്രം ഗാന്ധിജി തന്നെയായിരുന്നു.

2018ല്‍ ഞാനും എന്റെ സുഹൃത്തും ചേര്‍ന്ന് ആഫ്രിക്ക സന്ദര്‍ശിച്ചപ്പോള്‍, നൈല്‍ നദിയുടെ പ്രഭവകേന്ദ്രമായ ഉഗാണ്ടയിലെ വിക്ടോറിയ തടാകത്തില്‍ പോയി, നൈലിന്റെ ആ പ്രഭവകേന്ദ്രത്തില്‍, ഒരുക്കിയ ഉദ്യാനത്തില്‍ ഗാന്ധിജിയുടെ പ്രതിമയുണ്ട്. അവിടെ ദിനംപ്രതി വരുന്ന ഇന്ത്യക്കാരല്ലാത്ത ആയിരക്കണക്കിന് സന്ദര്‍ശകര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ തൊഴുകൈയോടെ നില്‍ക്കുന്നത്, ഉള്‍പ്പളകത്തോടെയാണ് ഞങ്ങള്‍ നോക്കിനിന്നത്.

ഗാന്ധി കൂടുതല്‍ പ്രസക്തനാകുന്ന ചരിത്രമുഹൂര്‍ത്തത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ജാതി-മത സങ്കല്‍പങ്ങള്‍ക്കതീതമായി മതേതരത്വം എന്ന സങ്കല്പനം, ഉയര്‍ത്തിക്കൊണ്ടുവരികയും ഇന്ത്യയിലാകമാനം അത് തലയടിക്കുകയും ചെയ്തതുകൊണ്ടാണ്, ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത എന്ന മനോഹരമായ പരികല്പനയിലേക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ചുവടുവെച്ചത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആത്മസത്ത തന്നെ മതേതരത്വത്തിലൂ ന്നി യ മാനവികതയായിരുന്നു, ആ മാനവികതയുടെ പ്രവാചകനായിരുന്നു ഗാന്ധി. ഇന്ത്യയുടെ മതേതര ജീവിതം ആല്‍ക്കരമായ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന വര്‍ത്തമാനകാലത്ത്, ഗാന്ധി കൂടുതല്‍ പ്രസക്തനാകുന്നു.

കൂടുതല്‍ എഴുതുന്നില്ല, വാക്കുകളേക്കാള്‍ അര്‍ത്ഥപൂര്‍ണ്ണമായ കാഴ്ചകളാണ്, ഓഗസ്റ്റ് 9 മുതല്‍ 18 വരെ നീളുന്ന പ്രദര്‍ശനങ്ങളില്‍ ഒരുക്കപ്പെട്ടിട്ടുള്ളത്. എല്ലാ മനുഷ്യസ്‌നേഹികളും ജനാധിപത്യ വിശ്വാസികളും തൃശ്ശൂരില്‍ ലളിത കലാ അക്കാദമിയിലേക്ക് കടന്നുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വരൂ, നമുക്ക് ഗാന്ധിയോടൊപ്പം നടക്കാം…

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.