Skip to main content

കഥാശരീരമാകെ ഉരുണ്ടുകൂടുന്നത്

കഥയും ജീവിതവും പരസ്പരം കിടന്ന് ഒരെത്തും പിടിയുമില്ലാതെ കറങ്ങിത്തിരിയുന്ന കഥാകഥനസാധ്യതയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന കെ. വി. പ്രവീണിന്റെ ‘ലിബര്‍ട്ടി ലൈബ്രറിയില്‍ ഒരു ശനിയാഴ്ച’ (103:21) എന്ന ചെറുകഥയുടേത്. ആഴമേറിയൊരു പ്രാണസങ്കടം അതീവജാഗ്രതയേറിയ കയ്യൊതുക്കത്തോടെ അവതരിപ്പിക്കാന്‍ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. എവിടേയ്ക്ക് പോകണമെന്നറിയാതാവുകയെന്ന സന്നിഗ്ധതയില്‍പ്പെടുമ്പോള്‍ ശൂന്യത വന്ന് ചുറ്റും മൂടുമല്ലോ. കഥകളുടെ ഇരിപ്പിടമായ ലൈബ്രറിയില്‍ പുതിയൊരു കഥാപുസ്തകം പോലെ കടന്നുവന്നയാള്‍ അയാളെത്തന്നെ തുറന്നുവെയ്ക്കുകയാണ്. ഈ ചെറുകഥയില്‍ പേര് പറയാതെ വരുന്ന കഥാപാത്രം കഥയ്ക്കുള്ളില്‍ മറ്റൊരു കഥാപ്രപഞ്ചം സൃഷ്ടിക്കുകതന്നെയാവുന്നു. താനുള്‍പ്പെടുന്ന സങ്കീര്‍ണാനുഭവങ്ങളുടേതായ ആവിഷ്‌കാരരൂപം ലൈബ്രറിയില്‍ എവിടെയെങ്കിലും കാണ്മാനാവുമോയെന്ന ചിന്ത മാത്രമാണ് അയാളില്‍ അവശേഷിക്കുന്ന ഒരേയൊരു അഭയനിര്‍ഭര ചോദ്യം. തെരുവില്‍ നടന്ന റെയ്ഡ് കഥാസൂചനയുടെ പരിമിതവൃത്തത്തില്‍നിന്നും ധ്വനിതീവ്രതയോടെ വളര്‍ന്ന് വലുതാവുന്നുണ്ട്.

എല്ലാ വീടും സീലുവെയ്ക്കുമ്പോഴും പിറന്നുവീണ തന്റെ കുട്ടിയെ ഉപേക്ഷിച്ച് ഓടിപ്പോരേണ്ടിവരുമ്പോഴും സംഭവിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് മുന്നില്‍ ലൈബ്രറിയനു സ്വന്തമായുള്ള സമാധാനത്തെരുവ് അതിസൂക്ഷ്മം വിചാരണചെയ്യപ്പെടുന്നുവെന്നതാണ് ഈ കഥയുടെ രാഷ്ട്രീയാന്തര്‍ഗതമെന്ന് കാണാം. പ്രകടമായൊന്നും പറയാതെ കഥാകഥനത്തിന്റെ ആന്തരികതയിലാണിത് സംഭവിക്കുന്നത്. കഥാന്ത്യത്തില്‍ ലൈബ്രേറിയന്‍ അശാന്തമായ മനസുമായി ലൈബ്രറിക്കുള്ളിലേക്ക് എത്തുമ്പോള്‍ അകത്താരുമില്ലാതാവുന്നു..

ഇവിടെ അതിയാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുംവിധമുള്ള ആഖ്യാനവൃത്തിയെയും ഭാഷാസ്വരൂപത്തെയും ഒഴിവാക്കിനിര്‍ത്താന്‍ കഥാകാരന്റെ ബോധപൂര്‍വ്വമായ പരിശ്രമമുണ്ട്. കഥാന്തരീക്ഷം സ്വപ്നാത്മകതയിലേക്ക് പടര്‍ന്നുപോകാതിരിക്കാനുള്ള സവിശേഷശ്രദ്ധതന്നെയാണിത് . റസ്റ്റ്‌റൂമിലേക്ക് വന്നയാളുടെ അലര്‍ച്ചയും അയാള്‍ അകപ്പെട്ടുപോയിട്ടുള്ള അനുഭവശേഖരമായ കഥാപുസ്തകവും മാത്രമാണ് ലൈബ്രേറിയന്റെ ഉള്ളൊഴുക്കായുള്ളത്. ഇതിനൊപ്പം വീടും നാടും ഇല്ലാതാവുന്നവര്‍ക്ക് ഒരു കഥയ്ക്കകത്തെങ്കിലും പാര്‍പ്പുറപ്പിക്കാനാവുമോയെന്ന നിസഹായഖേദമാണ് പ്രവീണിന്റെ കഥാശരീരമാകെ ഉരുണ്ടുകൂടുന്നത്.


കഥ : ലിബര്‍ട്ടി ലൈബ്രറിയില്‍ ഒരു ശനിയാഴ്ച
മാതൃഭൂമി ആഴ്ചപ്പതിപ്പ്
ലക്കം :2025 ഓഗസ്റ്റ് 10-16
ചിത്രീകരണം : കെ. ഷെരീഫ്.
ചിത്രങ്ങള്‍ക്ക് കടപ്പാട് : മാതൃഭൂമി ആഴ്ചപ്പതിപ്പ്‌

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.