Skip to main content

പ്രത്യാശ എന്ന പെണ്‍കുട്ടി

ടി.പത്മനാഭന്‍ എന്ന എഴുത്തുകാരന്റെ രചനാജീവിതമെന്ന ആ ഭാസുരരഥ്യയുടെ ഏറ്റവും അങ്ങേയറ്റത്ത്, ഇന്നും വെളിച്ചം ചൊരിഞ്ഞുകൊണ്ടു നില്‍ക്കുന്ന കഥയാണ് ‘പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി’. പത്മനാഭന്റെ പ്രധാന രചനകളിലൊന്നായും, എക്കാലത്തെയും മികച്ച മലയാള ചെറുകഥകളിലൊന്നായും ആ കഥ എണ്ണപ്പെടുന്നു. എന്താണ് ഈ ചിരന്തനമായ ആകര്‍ഷണത്തിന്റെ ഹേതുക്കള്‍? ഇത്തരമൊരന്വേഷണത്തെ സംഗതമാക്കുന്നത് ആ കഥ എഴുതപ്പെട്ടിട്ട് ഇപ്പോള്‍ എഴുപതു വര്‍ഷമാകുന്നു എന്ന വസ്തുതയാണ്.

2019 ലായിരുന്നു കഥാകാരന്റെ എഴുത്തുജീവിതത്തിന് എഴുപതാണ്ടു തികഞ്ഞത്. ആ അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ആദ്യകാല കഥകളിലൊന്നാണിത്. ഒരാദ്യകാലരചന, കഥാകൃത്തിന്റെ യൗവനത്തിലോ യൗവനാരംഭത്തിലോ എഴുതപ്പെട്ടത്, എഴുത്തുകാരനോടും കാലത്തോടുമൊപ്പം വളരുകയും പരിണമിക്കുകയും ചെയ്യുകയും അതെഴുതപ്പെട്ട ഭാഷയിലെ മികച്ച ഉപലബ്ധികളിലൊന്നായി സ്ഥാനപ്പെടുകയും ചെയ്തതിന്റെ സുദീര്‍ഘചരിത്രമാണ് ഈ ചെറുകഥയുടേത്. അതിനിടെ മാറിമാറി വന്ന എഴുത്തിന്റെയും വായനയുടെയും അഭിരുചിവ്യത്യാസങ്ങളെയെല്ലാം പത്മനാഭന്റെ പെണ്‍കുട്ടിയുടെ പുഞ്ചിരി വശീകരിച്ചു എന്നതിനാലാണ് അതിന്റെ സൗന്ദര്യരഹസ്യങ്ങളേക്കുറിച്ചുള്ള ഒരു പുനരാലോചന അനിവാര്യമാകുന്നത്.

വിഷാദത്തിനും പ്രസാദത്തിനും ഇടയിലുള്ള ഒരു നിരന്തരദോലനമാണല്ലോ മനുഷ്യാവസ്ഥയും മനുഷ്യജീവിതവും.

കുമാരനാശാന്‍

‘ഇരുപക്ഷം പെടുമിന്ദുവെന്നപോല്‍’

എന്ന് ആശാന്റെ സീത അതിനെ വിവരിച്ചു.

‘മിനുങ്ങി മങ്ങും ചൊടിയാര്‍ന്ന മിന്നാ -/
മിനുങ്ങുമുള്‍പ്പൂവുമുടപ്പിറപ്പോ?’

എന്ന്, അതേ മഹാകവി തന്നെ, ‘മിന്നാമിനുങ്ങ്’ എന്ന കവിതയില്‍. ഈ കല്പനകളിലെല്ലാം ഹ്‌ളാദ – വിഷാദങ്ങള്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സന്തുലനത്തിന്റേതായ ഒരു ചിത്രമുണ്ട്. പക്ഷേ ആ സന്തുലനം പലപ്പോഴും സ്ഥിരമോ ശാശ്വതമോ അല്ല. ദുഃഖത്തിന്റെ അമാവാസി ചിലപ്പോള്‍ അനന്തമായി നീണ്ടു പോയേക്കാം. മനസ്സ്, ഒരു ചത്ത മിന്നാമിനുങ്ങു പോലെ, വെളിച്ചമറ്റ് വീണടിയുകയും ചെയ്‌തേക്കാം. ഈ പതനത്തെയാണ് കാല്പനികകവിയായ ജോണ്‍ കീറ്റ്‌സ്, രാപ്പാടിയോടുള്ള തന്റെ ഗീതത്തില്‍, പാതാളനദിയിലേയ്ക്കുളള ആണ്ടുപോക
(Lethe-wards had sunk…) ലായി വിവരിച്ചത്. വിഷാദമഗ്‌നതയുടെ ആ ഇരുണ്ട മുഹൂര്‍ത്തത്തിലാണ് കവി , രാപ്പാടിയുടെ പ്രസാദഭരിതമായ ഗാനം കേട്ട് അതിനു നേര്‍ക്ക് ലഹരിയുടെയും ഭാവനയുടെയും ചിറകുവിരിക്കാന്‍ ശ്രമിക്കുന്നത്. അപ്പോഴും അത് മരണവിചാരങ്ങളുടെ ഇരുള്‍ച്ചതുപ്പിലേയ്ക്കു തന്നെ നിലയറ്റു വീണുപോകുന്നു. എങ്കിലും ജീവിതാസക്തിയുടെ മധുരപാനീയമായി ആ ഗാനം, അയാളുടെ ജഡസിരകളില്‍ ശേഷിച്ചു കാണും. അതിന്റെ ഉന്മേഷദായകമായ ഊര്‍ജ്ജപ്രസരത്താല്‍ അയാള്‍ മരണാനുരാഗത്തിന്റെ മാരകമായ മൗഢ്യം നിറഞ്ഞ വിനാഴികകളെ മറികടന്നും കാണും.

ഇത്തരത്തിലുളള ഒരു മറികടക്കലിന്റെയും ഉയിര്‍ത്തെഴുന്നേല്ക്കലിന്റെയും കഥയാണ് പത്മനാഭന്റെ ‘പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി’ക്കും പറയാനുള്ളത്. ആത്മഹത്യാതീരുമാനമെടുത്തു കഴിഞ്ഞ ഒരു ചെറുപ്പക്കാരനെ അവള്‍ ജീവിതത്തിലേയ്ക്കു മടക്കി വിളിക്കുന്നു. അവള്‍ എന്നു പറഞ്ഞാല്‍ ആറാം ക്ലാസിലോ മറ്റോ പഠിക്കുന്ന ഉല്ലാസവതിയായ ഒരു പെണ്‍കുട്ടി. കഥയില്‍ അവള്‍ക്കോ ആ ചെറുപ്പക്കാരനോ പേരില്ല. അങ്ങനെ ഒരു പേരിനാല്‍ പരിമിതപ്പെടേണ്ടവരുമല്ല അവര്‍. കാരണം രണ്ട് ജീവിതസമീപനങ്ങളുടെ മൂര്‍ത്തരൂപങ്ങള്‍ മാത്രമാണ് ആ കഥാപാത്രങ്ങള്‍; ജീവിതത്തിന്റെ പാനപാത്രത്തില്‍ നിന്ന് , അതില്‍ നിറയെ കയ്പാണെന്നു തിരിച്ചറിഞ്ഞ്, മുഖം തിരിക്കുന്നതിന്റെയും അതില്‍ സന്തോഷത്തിന്റെ നുരകള്‍ മാത്രമേയുള്ളൂ എന്നതു പോലെ അത് മുത്തിക്കുടിക്കുന്നതിന്റെയും. വെളിച്ചത്തോടുള്ള സഹജാകര്‍ഷണത്താല്‍ ഒരു ചെടി അതിനു നേര്‍ക്കു ചായുന്നതു പോലെ, വിഷാദം മുരടിപ്പിച്ച ഒരു മനുഷ്യാത്മാവിന്റെ ചില്ലകള്‍ വീണ്ടും വിടര്‍ന്ന് ഉന്മിഷത്താകുന്നതിന്റെ ചിത്രം കഥയിലുണ്ട്. ഇതു പകരുന്ന ജീവിതരതിയുടെ ദൃഢീകരണമാണ് ഈ കഥയോടു തോന്നുന്ന ആകര്‍ഷണഹേതുക്കളില്‍ പ്രധാനം എന്ന് ഞാന്‍ കരുതുന്നു. കഥയിലെ ചെറുപ്പക്കാരന്‍ എന്ന പോലെ അതിന്റെ വായനക്കാരും, ഒരു ചൈതന്യപ്രസരമേറ്റതുപോലെ, ജീവിതം എന്ന സങ്കീര്‍ണ്ണ ലഹരിയിലേയ്ക്ക് ഉണര്‍ത്തപ്പെടുകയോ ഉയര്‍ത്തപ്പെടുകയോ ചെയ്യുന്നു. ദുഃഖ:വെള്ളിയില്‍ നിന്ന് ഈസ്റ്ററിലേയ്ക്കുള്ള ഈ സംക്രമണം അത്രമേല്‍ അനായാസമായും സൗന്ദര്യഭദ്രമായും സാക്ഷാല്‍ക്കരിക്കുന്ന ചെറുകഥയാണിത്.

വൈലോപ്പിള്ളി ശ്രീധര മേനോന്‍

ഇതിനു സമാനമായ ഒരു സന്ദര്‍ഭം വൈലോപ്പിള്ളിയുടെ ‘ആശുപത്രിയില്‍’ എന്ന കവിതയില്‍ കാണാം. കഠിനവും രോഗാതുരവുമായ ജീവിതവൈരാഗ്യം ബാധിച്ച് ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന ഒരു യുവാവ്.

‘ഹാ, വെറുത്തീലേ ഞാനീ –
യാശുപത്രിയെ ,ജ്ജീര്‍ണ്ണ –
ജീവിതഗന്ധം ചിന്തു –
മുലകാമാസ്പത്രിയെ?’

എന്ന മട്ടില്‍ കഠിനവും തിക്തവുമാണയാളുടെ ജീവിതപരാങ്മുഖത്വം.

‘ജീവിതച്ചെറുചൂടും പനിയാലാകാം, ഇതില്‍
കേവലം ഭിഷഗ്വരനൊരുവന്‍, മൃതി മാത്രം !’

എന്നു കരുതുന്ന ഒരാള്‍. ആശുപത്രി മുറ്റത്തു നിന്നിരുന്ന ഒരു മരത്തിന്റെ പച്ചപ്പും ആതുരശുശ്രൂഷാനിരതയായ ഒരു യുവതിയുടെ പാവനനൈര്‍മല്യവും കണ്ട് അയാള്‍ ജീവിതത്തിലേയ്ക്കു തന്നെ മടങ്ങുന്നതിന്റെ കഥയാണത്. ഈ വൈലോപ്പിള്ളിക്കവിത പകരുന്ന അരോഗതയുടെ ദര്‍ശനം പോലൊന്ന് പത്മനാഭന്റെ കഥയിലും നിക്ഷിപ്തമായിരിക്കുന്നു. മനുഷ്യരോടുള്ള സംശയവും വെറുപ്പും ‘ഒരു പന്തം പോലെ’ ഹൃദയത്തില്‍ കൊണ്ടു നടന്നിരുന്ന ഒരാളാണ് ആ ചെറുപ്പക്കാരന്‍ എന്ന് കഥയില്‍ നമ്മള്‍ വായിക്കുന്നു. ഇരുട്ടിന്റെ ഈ തീപ്പന്തമാണ് അയാള്‍ക്ക് മരണത്തിലേയ്ക്കുള്ള വഴി തെളിച്ചത്. അതിനെയാണ് പെണ്‍കുട്ടി തന്റെ അകൈതവമായ ആത്മപ്രകാശത്താല്‍ ഊതിക്കെടുത്തുകയും അയാള്‍ക്ക് തിരികെ, ജീവിതത്തിലേയ്ക്കുളള വഴികാട്ടിക്കൊടുക്കുകയും ചെയ്യുന്നത്. ഋണാത്മകതയില്‍ നിന്ന് ധനാത്മകതയിലേയ്ക്കും ആത്മാവിലെ ഇരുട്ടില്‍ നിന്ന് ജീവിതപ്രകാശത്തിലേയ്ക്കുമുളള ഈ ചടുലസംക്രമണമാണ് പത്മനാഭന്റെ കഥയെ അരോഗമായ ഒരു ജീവിതപാഠപുസ്തകമാക്കി മാറ്റുന്നത്. ജീവിതത്തില്‍ ‘ഇരുട്ടു മൂടി, മുള്ളു നിറഞ്ഞു കിടക്കുന്ന മൂല’കള്‍ മാത്രമല്ല, ‘സൂര്യപ്രകാശവും പനിനീര്‍പ്പൂക്കളു’മുള്ള ഇടങ്ങളുമുണ്ടെന്ന് അത് കാട്ടിത്തരുന്നു.

എന്നും പ്രത്യാശയുടെ ജീവിതപക്ഷത്തായിരുന്നു പത്മനാഭന്‍.

ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

‘ഇതേതിരുള്‍ക്കുഴി മേലുരുളട്ടെ/ വിടില്ല ഞാനീ രശ്മികളെ !’

എന്ന ഇടശ്ശേരിയുടെ ബലിഷ്ഠമായ പ്രത്യാശാദര്‍ശനത്തെ തന്റെ, 2002ല്‍ പ്രസിദ്ധീകരിച്ച, സമ്പൂര്‍ണ്ണകഥകള്‍ക്കുള്ള മുഖവുരയില്‍ എഴുതിച്ചേര്‍ത്ത കഥാകാരന്‍.

സുഗതകുമാരി

സുഗതകുമാരിയുടെ ‘പാവം മാനവഹൃദയം’ എന്ന കവിതയിലെ , വിഷാദസ്പര്‍ശമുള്ള തെങ്കിലും, ‘ഒരു താരകയെക്കണ്ട് രാവു മറക്കുന്ന’ മനുഷ്യവാസനയെക്കുറിച്ചുള്ള വരികള്‍ ‘ഗൗരി’ എന്ന തന്റെ പില്ക്കാലകഥയിലെ നായകനെക്കൊണ്ട് ഉരുവിടുവിക്കുന്നുമുണ്ട് ഈ എഴുത്തുകാരന്‍. വെളിച്ചത്തിലേയ്ക്കുള്ള കാഥികഭാവനയുടെ ഈ ചായ് വ് ഉജ്ജ്വലമായ ഒരു കഥനശില്പമായി വാര്‍ന്നു വീണപ്പോള്‍ അത് ‘ പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി’ എന്ന കഥയായി മാറി.

Dante

ഡാന്റെയുടെ ബിയാട്രീസിനെപ്പോലൊരുവളാണ് കഥയിലെ പെണ്‍കുട്ടി.’With eyes of light more bright than any star’ എന്നാണ് ബിയാട്രീസ് വിവരിക്കപ്പെട്ടിരിക്കുന്നത് ‘ഡിവൈന്‍ കോമഡി’യിലെ നരകകാണ്ഡത്തിന്റെ തുടക്കത്തില്‍. ആ മിഴിവെളിച്ചത്താലാണ് അവള്‍ , ആത്മീയസന്ദേഹങ്ങളുടെ ഇരുട്ടിലുഴന്നിരുന്ന ഡാന്റേയുടെ വഴികാട്ടിയായി മാറുന്നത്.’

പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി’യിലെ ഈ വിവരണം നോക്കൂ –

‘ഞാന്‍ അവളുടെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി. അവളുടെ മൂക്കുത്തിയിലെ വൈരം പോലെ തന്നെ അവളുടെ മുഖവും തിളങ്ങുന്നു!’.

ബിയാട്രീസിന്റെ കണ്ണുകളുടെ നക്ഷത്രപ്രകാശം പോലെയാണിത്.’ താരാ കാന്തിതിരസ്‌കാരി/ നാസാഭരണഭാസുരാ’ എന്നതു പോലെ അവളുടെ മുഖവും തിളങ്ങുന്നു. ഈ വൈരക്കല്‍ത്തിളക്കമാണ്, കഥ വായിച്ചു കഴിഞ്ഞാലും, ആ പെണ്‍കുട്ടിയുടെ അഭിജ്ഞാനമായി വായനക്കാരുടെ ഉള്ളില്‍ ശേഷിക്കുക. അവളുടെ ആന്തരചൈതന്യത്തിന്റെ ബാഹ്യപ്രകാശനമാണത്. ജീവിതാനുരാഗത്തിന്റെയും ജീവിതാനന്ദത്തിന്റെയും വറ്റാത്ത ഒരുറവിടമായി ആ വൈരക്കല്‍മൂക്കുത്തി പ്രഭ ചൊരിയുന്നു. ആ പ്രഭ, അവളിലാകെ വ്യാപിച്ച് അവളെത്തന്നെ പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയാക്കി മാറ്റുന്നു. ഈ കഥാപാത്രകല്പനയുടെ ഉള്ളടരുകളിലെവിടെയോ ഡാന്റെയ്ക്ക് ബിയാട്രീസിനോടു തോന്നിയ വിശുദ്ധാനുരാഗത്തിന്റെ പരാഗങ്ങള്‍ പാറിവീണു കിടപ്പുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഡാന്റെ, ബിയാട്രീസിനെ തന്റെ ആത്മീയയാത്രയിലെ വഴികാട്ടിയാക്കി മാറ്റി; പത്മനാഭന്റെ കഥാപാത്രം മരണത്തില്‍ നിന്ന് ജീവിതത്തിലേയ്ക്കുളള തന്റെ പിന്‍നടപ്പിന്റെയും. ഒരേ സമയം മൂര്‍ത്തവും അമൂര്‍ത്തവുമാണ് അവളുടെ സത്തയും അസ്തിത്വവും.

‘അവളെ ഞാന്‍ എപ്പോഴും എവിടെയും പ്രതീക്ഷിക്കാറുണ്ട്’

എന്ന വാക്യത്തില്‍ അതുണ്ട്.

ഒപ്പം കഥയുടെ ചേതോഹരമായ ഈ പര്യവസാനത്തിലും –
‘പ്രകാശം പരത്തുന്ന ആ പെണ്‍കുട്ടിയെ വീണ്ടും കണ്ടുമുട്ടാതിരിക്കില്ല. ഒരു പക്ഷേ, നാനൂറോ അഞ്ഞൂറോ കൊല്ലങ്ങള്‍ക്കു ശേഷമായിരിക്കാം. ഞാനടക്കമുളള എല്ലാ മനുഷ്യരും ഒരു വഴിത്തിരിവില്‍ സംശയിച്ചു നില്‍ക്കുകയായിരിക്കും. അപ്പോഴാണ്…. നീ പൊയ്ക്കളയരുതേ!’. ഈ പര്യവസാനമാണ്,’ പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി’ എന്ന കഥയെ വേറൊരു വിതാനത്തിലേയ്ക്കുയര്‍ത്തുകയും അതിനെ മനുഷ്യാവസ്ഥയിലെ ഇരുള്‍ – വെളിച്ചങ്ങളുടെയും ആശ – നിരാശകളുടെയും കേളിയെക്കുറിച്ചുളള ഒരു ദാര്‍ശനികധ്യാനമാക്കി മാറ്റുകയും ചെയ്യുന്നത്. ഫ്രോയ്ഡിയന്‍ ഭാഷയില്‍പ്പറഞ്ഞാല്‍, ‘താനത്തോസ്’
(Thanathos) എന്ന മരണാനുരാഗത്തിനു മേല്‍ ‘ഇറോസ്'(Eros) എന്ന ജീവിതരതിയുടെ വിജയം കുറിക്കുന്ന കാവ്യാത്മകമായ ആഖ്യാനമാണത്. അതിന്റെ ചിരന്തനമായ ആകര്‍ഷണീയതയുടെ നിദാനവും അതു തന്നെ.


പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി
രചന : ടി. പത്മനാഭന്‍
പ്രസാധകര്‍ : ഡി.സി. ബുക്‌സ്
വില : 180 രൂപ

No Comments yet!

Your Email address will not be published.