
യവനപുരാണത്തില്‍ സംഗീതദേവത മ്യൂസിന്റെ ശിക്ഷണം ഹംസങ്ങള്‍ക്കും കിട്ടിയിട്ടുണ്ട്. ഒച്ച ട്രംപറ്റാണെങ്കിലും ശ്രുതിയേക്കാള്‍ ലയമേറും. അവരുടെ ഗാനത്തില്‍ രണ്ടു സ്വരമേയുള്ളു. അപ്പോളോ ദേവന് അരയന്നപ്പുറത്തോ, അവ വലിക്കുന്ന രഥത്തിലോ സഞ്ചരിക്കും.

വേനല്മദ്ധ്യത്തില് അവ ഉത്തരധ്രുവത്തിലേക്ക് കൂടുകൂട്ടാന്‍ പോകും. ഹംസഗീതം അവയുടെ മരണഗീതമാണ്. ഇതേക്കുറിച്ച് യവനചരിത്രകാരന്‍ പൊസ്സേനിയാസ് (Pausanias) പറയുന്നത്, ‘അവര്‍ മരണത്തിനുമുമ്പ് ഗാനമാലപിക്കും. വിശുദ്ധ സംഗീതത്തിന്റെ ലോകത്ത് ലയിക്കാനായി’.

ആഷാഢത്തില്‍ (ജൂണ്‍ – ജൂലൈ) മാനസത്തിലേക്ക് പോകുന്ന രാജഹംസങ്ങള്‍ (Bar-headed geese) കൈലാസപര്‍വ്വതം വരെ യക്ഷനു മാര്ഗ്ഗദര്ശികളാണല്ലോ. ഹംസത്തെക്കൊണ്ട് ആവലാതി പറയിച്ചതിനാല് ഉണ്ണായിയുടെ കുലം അറുതിവന്നത് കഥ ഒരു ദുഖഖണ്ടാരകാവ്യം. മറാഠി വസ്ത്ര ശൈലിയിലാണ് രവിവര്‍മ്മയുടെ വൈദര്‍ഭി ഹംസത്തോട് ചങ്ങാത്തം ചൊല്ലിയത്. ശ്രീരാമന്റെ വേലക്കാരനാക്കണമെന്ന് ‘ഹംസനാദ’ത്തില്‍ ത്യാഗരാജ സ്വാമികള്‍ ബണ്ടുരീതിപാടുന്നു. പരമാര്‍ത്ഥമായ വാഗ്ദേവതയിലാണ് പിന്നീട് അദ്ദേഹം ലയിച്ചത്.

മദിരാശിയില്‍ നിന്നും ഷൊര്‍ണൂര്‍ വഴി തൃശ്ശൂര്‍ പടിഞ്ഞാറെച്ചിറ* വരെയാണ് കുഞ്ഞുക്കുട്ടന് തമ്പുരാന്റെ ഹംസം മന്ദാക്രാന്തയില്‍ പറന്നത്. അരയന്നവും പിന്നില്‍ ഓളങ്ങളും ചേര്‍ന്നതാണ് വൈലോപ്പിള്ളിയുടെ ഒപ്പ്. പോരാത്തതിന്, ‘നീന്തിവരുന്നു മരാളയുഗംപോല്
ശ്യോണദ്യുതിയാമോണത്തിയ്യതി’ എന്ന് അദ്ദേഹം ഓണക്കിനാവ് കാണുന്നുണ്ട്.

സിക്നോച്ചീസ് ( Cycnoches ) ഓര്‍ക്കിഡ് പൂക്കളില്‍ അരയന്നക്കഴുത്തുണ്ട്. മരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന ഇവയില്‍ ചിലര്‍ വെളിച്ചക്കൂടുതല്‍ ഉള്ളയിടത്ത് പെണ്‍പൂക്കളെ ഉണ്ടാക്കും. അവയില്‍ വിപണനമൂല്യമേറിയ ഒരു ഹൈബ്രിഡ് നാമം സിക്നോച്ചീസ് സൈഗ്നസ് അറ്റ്റേറ്റസ് (Cycnoches, Cygnus, Atratus), അര്‍ത്ഥം – ഹംസം-ഹംസം-(കറുത്ത) ഹംസം.

രാജഹംസ (flamingo) ത്തിന്റെ നാവ് ഒരു പ്രത്യേകതരത്തില്‍ വേവിച്ചാല്‍ സ്വാദിഷ്ടമത്രേ. ഇതിന്നായി വിവാഹസല്‍ക്കാരത്തിന് ആയിരക്കണക്കിന് കൊന്ന് നാവ് പിഴുതെടുത്തവര്‍** ലോകചരിത്രത്തിലെ മാപ്പര്‍ഹിക്കാത്ത ക്രൂരരാണ്.

ജീവികളില്‍ മേല്‍ത്താടി അനക്കാനാകുന്നത് ഫ്ലമിംഗോവിനു മാത്രമാണ്. അവ തല കീഴ്പോട്ടാക്കിയാണ് ഇര പിടിക്കുക. അപ്പോള്‍ മേല്‍ത്താടി താഴെയാകും. മറ്റെല്ലാതിനും, നമുക്കും, കീഴ്ത്താടിയെ അനക്കാനാകൂ.
*പാടത്തിന്റെ വക്കത്താണ് ചിറ; ഉറച്ച മണ്ണില്‍ കുഴിച്ചത് കുളം; ഓളം വെട്ടിയാല്‍ ‘കടലായി’.
**Stephan Jay Gould, Flamingo’s Smile എന്ന പുസ്തകത്തില്‍ ഈ ചരിത്രം പറയുന്നുണ്ട്.







അത്യന്ത ഹൃദ്യം, മാഷേ. ഫ്ലാമിംഗോ കളുടെ ഇരപിടിത്തം യൂട്യൂബിൽ കണ്ടിട്ടുണ്ട്. മേൽത്തടിയുടെ കാര്യം ഇപ്പോഴാണു ശ്രദ്ധിച്ചത്.