Skip to main content

ആരും ദളിതരെ കൊലപ്പെടുത്തിയില്ല

ഏതാനും ദിവസം മുമ്പ് ഫരീദാബാദിൽ നടന്ന ഒരു സംഭവത്തിന്റെ പേരിൽ നാമെല്ലാം അസ്വസ്ഥരും രോഷാകുലരുമാണിന്ന്. രണ്ടു പിഞ്ചുകുട്ടികൾ – രണ്ടര വയസ്സുള്ള വൈഭവും പതിനൊന്നു മാസം മാത്രം പ്രായമുള്ള ദിവ്യയും – അവിടെ ചുട്ടുകൊല്ലപ്പെട്ടു.1 ജാതീയതയുടെ ഹിംസക്കിരകളായവരുടെ നീണ്ട പട്ടികയിലെ ഏറ്റവും ഒടുവിലത്തെ ഇരകളാണവർ.

അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും ക്രൂരവുമായ ഈ കുറ്റകൃത്യം നമ്മുടെ കണ്ണു നനക്കുകയും നമ്മെ രോഷാകുലരാക്കുകയും ചെയ്യുമ്പോൾ ഒരു കാര്യം നാം ഓർക്കേുണ്ടതുണ്ട്. ജാതിഹിന്ദുക്കൾ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നത് ആദ്യമായിട്ടല്ലെന്ന കാര്യം നാം ഒരിക്കലും മറന്നുകൂടാത്തതാണ്. റുഷ്ദിയുടെ വാക്കുകൾ കടമെടുത്തുകൊണ്ട് നമുക്കിങ്ങനെ പറയാം: ”കുഞ്ഞുങ്ങളെ കൊല്ലുക എന്നത് ജാതിഹിന്ദുക്കളുടെ ഒരു സവിശേഷരീതി തന്നെയാണ്”2

ഹിന്ദു ആൾക്കൂട്ടങ്ങൾ ആയിരക്കണക്കിനു മുസ്ലീങ്ങളെ കൊന്നൊടുക്കിയ 2002 ലെ ഗുജറാത്ത് വംശഹത്യയെപ്പറ്റി നമുക്കുള്ള ഏറ്റവും തെളിഞ്ഞ ഓർമ്മകൾ ഏതാണ്? 3 അടുത്തടുത്തായി നിരത്തിക്കിടത്തിയ കുഞ്ഞുമൃതദേഹങ്ങളുടെ നീണ്ട നിര നമുക്ക് എന്നെങ്കിലും മറക്കാനാവുമോ? മതസംഘട്ടനങ്ങളെ തുടർന്ന് പ്രത്യക്ഷപ്പെടുന്ന ഒരു കാര്യം മാത്രമല്ല അത്. ജാതീയസ്വന്തമായി സിനിമയുണ്ടാക്കുന്നതിനെ പറ്റി താങ്കള്‍ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ?മായ മനോഭാവത്തിന്റെ, ഹിന്ദു മനോഭാവത്തിന്റെ ഉള്ളടക്കങ്ങളിലൊന്ന് ഇതു കൂടിയാണെന്ന് നാം മനസ്സിലാക്കണം. കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതിന്റെ നിഷേധിക്കാനാവാത്ത വിധം ദീർഘമായ ഒരു ചരിത്രമുണ്ട്; പ്രത്യേകിച്ചും ദളിത് കുട്ടികളെ കൊലപ്പെടുത്തിയതിന്റെ ചരിത്രം. – അതിനുവേണ്ടി മാത്രം ഒരു പ്രബന്ധമോ പുസ്തകമോ എഴുതാം.

ഇക്കാര്യത്തിൽ നമുക്ക് കീഴ് വെണ്മെണിയെ ഓർമ്മിക്കാം. 1968 ലെ ക്രിസ്മസ് ദിവസം പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 44 പേരെയാണ് തീയിൽ ചുട്ടുകൊന്നത്. എല്ലാവരും ദളിതരും ഭൂരഹിതരുമായിരുന്നു. കീഴ് വെണ്മണി ഗ്രാമത്തിൽ നിന്നുള്ളവർ. കൂലിക്കൂടുതലിനും കൊച്ചു കൊച്ചു അടിയന്തിരാവശ്യങ്ങൾക്കും വേണ്ടി സമരം ചെയ്തിരുന്നവർ. കീഴ്വെണ്മണിയിൽ തീയിൽ വെന്തുമരിച്ചവരിൽ 23 പേർ ശിശുക്കളും കുട്ടികളുമായിരുന്നു. ഈ അതിക്രമത്തെക്കുറിച്ചു സംസാരിക്കുമ്പോൾ, പലരും പലവട്ടം ആവർത്തിച്ചു പറയാറുള്ള ഒരു കഥ ഒരു പ്രാവശ്യം കൂടി നിങ്ങളോടു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കീഴ്വെണ്മണിയിലെ കൂട്ടക്കൊലയിൽ നിന്നും രക്ഷപ്പെട്ടവരും അവരുടെ സന്തതികളും ഈ കഥ പലവട്ടം പറഞ്ഞിട്ടുണ്ട്. ഗ്രാമത്തിലുണ്ടായിരുന്നവരിൽ ഏറെക്കുറെ എല്ലാവരും പണ്ടാരി രാമയ്യയുടെ കുടിലിലാണ് അഭയം തേടിയത്. അക്രമികളായ ഭൂപ്രഭു സംഘം അവരെ തീയിട്ടു കൊല്ലാൻ തുടങ്ങിയപ്പോൾ ചെറുപ്പക്കാരിയായ ഒരു അമ്മ ഒരു വയസ്സു മാത്രം പ്രായമുള്ള സ്വന്തം മകനെ കുടിലിനു പുറത്തേക്കെറിഞ്ഞു രക്ഷപ്പെടുത്താൻ ശ്രമിച്ചു. അന്തിമ വിനാശത്തിന്റേതും സമ്പൂർണ്ണ നിരാശതയുടേതുമായ ആ നിമിഷത്തിൽ, അക്രമികളുടെ ആൾക്കൂട്ടത്തിലെ ആർക്കെങ്കിലും ആ കുഞ്ഞിനോടു ദയ തോന്നി അതിനെ കൊല്ലാതെ വിട്ടെങ്കിലോ എന്ന് ആ അമ്മ പ്രതീക്ഷിച്ചു. അങ്ങനെ സംഭവിച്ചില്ല. ആൾക്കൂട്ടം ആ കുഞ്ഞിനെ പലതായി വെട്ടിനുറുക്കി കത്തിയെരിയുന്ന കുടിലിലേക്കു തന്നെ വലിച്ചെറിഞ്ഞു.

ദളിത് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്ന ഇന്ത്യയുടെ മഹനീയമായ ചരിത്രത്തിൽ ഇത് പിന്നെയും പിന്നെയും സംഭവിച്ചുകൊണ്ടിരിക്കുന്നു. വില്ലുപുരത്ത്4 അതു സംഭവിച്ചു. ബഥാനി ഥോല5യിലും അതു സംഭവിച്ചു. ലക്ഷ്മൺപൂർ ബാഥേ6യിലും അതു സംഭവിച്ചു.

ബഥാനി ഥോലയിൽ (മർദ്ദകരും ഭൂപ്രഭുക്കളുമായ) ഭൂമിഹാർമാരുടെ സ്വകാര്യ സൈന്യമായ രൺവീർസേന നടത്തിയ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട ഇരുപതു പേരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും സ്ത്രീകളും കുട്ടികളുമായിരുന്നു. ലക്ഷ്മൺപൂർ ബാഥേയിൽ കൊല്ലപ്പെട്ട 58 ദളിതരിൽ7 16 കുട്ടികളും 27 സ്ത്രീകളും ഉൾപ്പെട്ടിരുന്നു. ഈ സ്ത്രീകളിൽ 8 പേർ ഗർഭിണികളായിരുന്നു അഞ്ചു സ്ത്രീകളുടെ മാറിടം ഛേദിച്ചുകളഞ്ഞു.8 ഭൂപ്രഭുക്കളുടെ നികൃഷ്ടസ്വഭാവമുള്ള ഈ ജാതിസേനയുടെ തലവനും ഈ കൂട്ടക്കൊലകളുടെ ബുദ്ധികേന്ദ്രവുമായ ബ്രഹ്‌മേശ്വർ സിംഗ് പത്രങ്ങൾക്ക് അഭിമുഖങ്ങൾ നല്കിയ നഗരത്തിൽ സസുഖം ചുറ്റിനടക്കുകയായിരുന്നു.9 ‘രാവണനെതിരായ പോരാട്ടത്തിൽ ഹനുമാൻ ലങ്ക മുച്ചൂടും തീയിട്ടു. രാക്ഷസന്മാർക്കെതിരെയാണു യുദ്ധമെങ്കിൽ അവരുടെ സ്ത്രീകളുടെ ഗർഭപാത്രം നശിപ്പിക്കുന്നത് ശരിയായ കാര്യം തന്നെയാണ്”10 കുട്ടികളെ കൊല്ലുന്നത് ന്യായീകരിക്കാൻ അയാൾ ഉപയോഗിച്ചത് രാമായണത്തിന്റെ ഭാഷയാണ്. ഗർഭിണികളെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാൻ എളുപ്പം ലഭിക്കുന്ന ഒരു ന്യായമാണ് അയാൾ നിരത്തിയത്. ‘നാളെ ഈ കുട്ടികൾ നക്സലുകൾക്ക് അഭയം കൊടുക്കും.”

അതുകൊണ്ട്, ഇന്ന് ഈ അതിക്രമങ്ങളെപ്പറ്റി നാം ദുഃഖിക്കുമ്പോൾ, കുട്ടികളെ ജീവനോടെ ദഹിപ്പിക്കുന്ന ക്രൂരതയോർത്ത് നാം ഞെട്ടിത്തരിക്കുമ്പോൾ, ഒരു കാര്യം നാം ഓർക്കണം. ജാതീയ അതിക്രമങ്ങളിലെങ്ങും സൂക്ഷിച്ചു നോക്കിയാൽ കാണാവുന്ന ഒരു ജലമുദ്ര പോലെ ശിശുഹത്യ ഉള്ളടങ്ങിയിട്ടുണ്ട്.”11

ജാതീയ അതിക്രമങ്ങളെ നിർവചിക്കുന്ന വേറെയും ചില കാര്യങ്ങളുണ്ട്. കീഴ് വെണ്മെണിയെപ്പറ്റി ഞാൻ വിശദമായി പഠിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ജാതീയമായ കൂട്ടക്കൊലകൾക്കൊപ്പം തന്നെ, അതിനോടു കൈകോർത്തു പിടിച്ചുകൊണ്ട് ഭരണകൂടയന്ത്രത്തിന്റെ ക്രൂരത കൂടി പ്രവർത്തനക്ഷമമാവുന്നു.12 ഭരണയന്ത്രം ദളിതർക്ക് നീതി നല്കുന്നതിനു പകരം അവരെ വഞ്ചിക്കുകയും ഒറ്റുകൊടുക്കുകയും ചെയ്യുന്നു. ഇന്നത്തെ എന്റെ പ്രസംഗത്തിന്റെ പ്രധാനവിഷയം ഇതാകുന്നു.

കീഴ് വെണ്മണിയിൽ എന്താണു സംഭവിച്ചതെന്നു നോക്കുമ്പോൾ, അതൊരു കൂട്ടക്കൊലയാണ്. സ്ത്രീകളേയും കുട്ടികളേയും വൃദ്ധജനങ്ങളേയും രക്തമുറയുന്ന ക്രൂരതയോടെ കൊന്നൊടുക്കിയ നിഷ്ഠൂരത. ദളിതർക്കെതിരായ ജാതിവൈരത്തിന്റെ കരാളനൃത്തം. ഭൂരഹിതന്റെ രോഷത്തെ ഭൂപ്രഭുക്കൾ കീഴ്പ്പെടുത്തിയത്. ഈ നാടുവാഴിത്ത പാതകത്തിനു തൊട്ടുപിന്നാലെ പോലീസ് സൈന്യമെത്തി. പോലീസ് ഭൂപ്രഭുക്കളെ സഹായിച്ചു; കുറ്റകൃത്യത്തെ കാണാൻ വിസമ്മതിച്ചു മുഖം തിരിച്ചു; ദുർബ്ബലമായ കേസുകൾ മാത്രം ഫയൽ ചെയ്തു; സാക്ഷിമൊഴികളിലും തെളിവുകളിലും വെള്ളം ചേർത്തു; എല്ലാ കുറ്റവാളികൾക്കും രക്ഷപ്പെടാനുള്ള വഴിയൊരുക്കിക്കൊടുത്തു. പിന്നീട് രാഷ്ട്രീയക്കാർ വന്നു. കീഴ് വെണ്മണിയെ ചുട്ടുചാമ്പലാക്കുമെന്ന ഭീഷണിയെ അവരൊരിക്കലും ഗൗരവമായെടുത്തിരുന്നില്ല. കൂട്ടക്കൊല നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് ഗോപാലകൃഷ്ണനായിഡു ഒരു പൊതുയോഗം നടത്തി, കീഴ് വെണ്മണി ഗ്രാമത്തിൽ തന്നെ. കൂലി കൂടുതൽ വേണമെന്ന ആവശ്യം ഉപേക്ഷിക്കാൻ ആളുകൾ തയ്യാറായില്ലെങ്കിൽ ഗ്രാമം ചുട്ടുചാമ്പലാക്കുമെന്ന് അയാൾ താക്കീത് ചെയ്തു. – ഇവിടെ കൂലി കൂടുതൽ എന്നത് അരയിടങ്ങഴി നെല്ലാണ്; ഏതാണ്ട് മൂന്നോ നാലോ പിടി നെല്ല് അതിൽ കൂടുതൽ ഒന്നുമായിരുന്നില്ല. കമ്യൂണിസത്തിന്റെ ചെങ്കൊടിക്കു കീഴിൽ സംഘടിക്കുന്നതു നിർത്തണമെന്നായിരുന്നു അയാളുടെ ആവശ്യം. സമരം ഉപേക്ഷിക്കുകയും ജന്മി ഭൂപ്രഭുക്കൾ നടത്തുന്ന നെല്ലുല്പാദനസംഘത്തിൽ ചേരുകയും വേണമെന്നായിരുന്നു അയാളുടെ ആവശ്യം. ആ പ്രദേശത്തെ കമ്യൂണിസ്റ്റ് നേതാവ് മുഖ്യമന്ത്രിക്കു കത്തെഴുതി. ഗ്രാമത്തിനു സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു കത്ത്. ആ കത്ത് മുഖ്യമന്ത്രിയുടെ അടുത്തെത്തിയില്ലെന്നോ, അഥവാ എത്തിയെങ്കിൽ തന്നെ കൂട്ടക്കൊല കഴിഞ്ഞ് പിന്നെയും ഒരു മാസം കഴിഞ്ഞ് ജനുവരിയിലാണ് അതെത്തിയതെന്നോ ഒക്കെയാണു പറയപ്പെടുന്നത്. നാഗപട്ടണത്തേയും കിഴക്കൻ തഞ്ചാവൂരിലേയും കോൺഗ്രസ്സ്പാർട്ടി – സ്വാതന്ത്ര്യസമരസേനാനികളുടെ പാർട്ടിയെന്ന് അവകാശപ്പെടുന്ന അതേ പഴയ പാർട്ടി – ഗോപാലകൃഷ്ണ നായിഡുവിന്റെ നിയന്ത്രണത്തിലുള്ള ഒരു മുന്നണി മാത്രമായിരുന്നു. ആ പ്രദേശത്തെ കോൺഗ്രസ്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരുന്നു അയാൾ; അയാളുടെ വാക്കുകൾ പാർട്ടി ക്കുള്ള ആജ്ഞയും. ഈ രീതിയിൽ പെരുമാറിക്കൊണ്ടിരുന്നത് ജന്മിമാരുടെ പാർട്ടിയായ കോൺഗ്രസ്സ് മാത്രമായിരുന്നില്ല. ദ്രാവിഡപ്രസ്ഥാനം എങ്ങനെയാണ് വ്യത്യസ്തമായിരുന്നത്? കൂട്ടക്കൊല കഴിഞ്ഞ ശേഷം, അണ്ണാദുരൈ, തമിഴ്നാട്ടിൽ ആദ്യത്തെ കോൺഗ്രസ്സിതര സർക്കാരുണ്ടാക്കിയ നേതാവ്, ഇങ്ങനെ പറഞ്ഞു: ‘ആളുകൾ ഇതു മറക്കണം, ജ്വരബാധിതന്റെ പേക്കിനാവു മറന്നു കളയുന്നതു പോലെ, അല്ലെങ്കിൽ ഒരു ഇടിമിന്നലിനെ മറക്കുന്നതു പോലെ ഇതു മറന്നു കളയണം.” ഈ കൂട്ടക്കൊലക്കു പരിഹാരമായി അദ്ദേഹം നിർദ്ദേശിച്ച ചികിത്സ മറവിയുടേതായിരുന്നു. പെരിയാർ, സ്വാഭിമാനത്തിന്റെ പ്രത്യയശാസ്ത്രകാരൻ – സ്ത്രീകളുടെ വിമോചനത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ താൻ അതിയായി ബഹുമാനിക്കുന്നു – എന്താണു പറഞ്ഞത്? പെരിയാർ കൂലിയെപ്പറ്റി പറയുകയും – കൂലിയെന്നത് തൊഴിലാളി ആവശ്യപ്പെടുന്നതല്ല; വിപണി നിശ്ചയിക്കുന്നതാണ് – കൂട്ടക്കൊലക്ക് ഉത്തരവാദികൾ കമ്യൂണിസ്റ്റുകാരാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു.13 അന്നത്തെ സ്ഥാപിത രാഷ്ട്രീയം അപ്പാടെ പ്രവർത്തിച്ചത് ഇങ്ങനെയായിരുന്നു. ഒരു ജനാധിപത്യവ്യവസ്ഥക്കു ചെയ്യാനായത്, ഒരു ഭരണകൂടത്തിനു ചെയ്യാനായത് ഇത്രമാത്രം.

എങ്കിലും ഏറ്റവും വലിയ ചതി മദ്രാസ് ഹൈക്കോടതിയുടെ വിധിയായിരുന്നു. കൂട്ടക്കൊല പോലെ നിർദ്ദയമായിരുന്നു ആ വിധിപ്രഖ്യാപനം.

കീഴ് വെണ്മണി കൂട്ടക്കൊലക്കു തൊട്ടുപിന്നാലെ തന്നെ അവിഭക്ത കിഴക്കൻ തഞ്ചാവൂർ ജില്ല നമുക്കൊന്നു സന്ദർശിക്കാൻ സാധിച്ചെങ്കിൽ, നെല്ലുല്പാദക സംഘമെന്ന പേരിൽ സംഘടിതരായിരുന്ന ഭൂപ്രഭുക്കന്മാർ എഴുതിയ ഒട്ടേറെ ലേഖനങ്ങളും നല്കിയ നിവേദനങ്ങളും നമുക്കൊന്നു വായിക്കാൻ കഴിഞ്ഞുവെങ്കിൽ, കമ്യൂണിസ്റ്റുകാർ ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത വിവരങ്ങളും രേഖകളും നമുക്കു കാണാൻ സാധിച്ചുവെങ്കിൽ, നമുക്കൊരു പുതിയ ഉൾക്കാഴ്ച ലഭിക്കുമായിരുന്നു. 1969 ആയിരുന്നു വർഷം. ഭൂപ്രഭുക്കന്മാർ വിജയം ആഘോഷിച്ചുകൊണ്ട് ഘോഷയാത്രകൾ നടത്തി. തങ്ങൾ കെട്ടഴിച്ചുവിട്ട ഭീകരതയെച്ചൊല്ലി അവർ ആഹ്ലാദിക്കുകയായിരുന്നു. തങ്ങൾ നേടിയ ജാതീയവിജയത്തിൽ, രക്തരൂക്ഷിതമായ നാടുവാഴിത്ത വിജയത്തിൽ അവർ പ്രകടിപ്പിച്ച ക്രൂരമായ സന്തോഷം മുഴുവൻ അവരെഴുതിയ നിവേദനങ്ങളിലും കത്തുകളിലും ലഘുലേഖകളിലും നിറഞ്ഞു നിന്നിരുന്നു. ഇന്നും പൊതുജനങ്ങളുടെ ഓർമ്മകളിൽ അതുണ്ട്. ജനമനസ്സുകളിൽ ഇന്നും മായാതെ കിടക്കുന്ന ഒരു കാര്യം ഇങ്ങനെയാണ്: ‘ഗോപാലകൃഷ്ണ നായിഡുവിനെപ്പോലെ ഒരു നൂറാണുങ്ങൾ ഇനിയും ജനിക്കും. ഒരു നൂറു കീഴ്വെണ്മണികൾ കൂടി ചുട്ടെരിക്കപ്പെടും. ഒരു നൂറു പ്രഭുക്കന്മാർ കൂടി തൂക്കുമരത്തെ കെട്ടിപ്പുണരാൻ തയ്യാറെടുക്കും.”

കൂട്ടക്കൊല നടത്തിയ പാതകികളുടെ മാനസികാവസ്ഥ അതായിരുന്നു. തങ്ങളുടെ കുറ്റകൃത്യങ്ങൾക്ക് അനിവാര്യമായ നിയമനടികളെ നേരിടേണ്ടി വരുമെന്ന ഭയം അവർക്കുണ്ടായിരുന്നു. എന്നാൽ ജുഡീഷ്യറി അഥവാ നീതിന്യായ സംവിധാനം ഇടപെട്ടപ്പോഴാകട്ടെ, ഒരു ഭൂപ്രഭുവിനും തൂക്കുമരത്തെ നേരിടേണ്ടി വന്നില്ല; ആർക്കും ജീവപര്യന്തം തടവനുഭവിക്കേണ്ടി വന്നില്ല; നേരെമറിച്ച് എല്ലാവരും വെറുതെ വിട്ടയക്കപ്പെട്ടു. കൊലയാളികളും ദുർവൃത്തരും ക്രൂരരും ജാതിവാദികളും ജന്മിമാരുമൊക്കെയായിരുന്നിട്ടും, വെറും വാചകമടിയുടെ ഭാഷയിലാണെങ്കിൽ പോലും, തങ്ങളുടെ ചെയ്തികൾക്ക് ഭീകരമായ ഒരു വിധിയെ നേരിടേണ്ടി വന്നേക്കുമെന്ന ഭീതി അവർ പ്രകടിപ്പിച്ചിരുന്നു. കുറ്റം ചെയ്താൽ ശിക്ഷ കിട്ടുമെന്ന ഒരു ബോധം അവർ ഉപയോഗിച്ച ഭാഷയിൽ പ്രതിഫലിച്ചിരുന്നു. തൂക്കുമരത്തെ നേരിടാൻ ഭയമില്ലെന്ന മട്ടിലുള്ള ആണത്തഭാവത്തിലും കപട ധീരതയിലുമൊക്കെ ഈ ആശയം പ്രകടമാണ്. അത്തരം പൊള്ളയായ വീമ്പുപറച്ചിൽ അവരുടെ അധികാരവും ആണത്തവും ആവർത്തിച്ചുറപ്പിക്കാനുള്ള ഉപകരണമല്ലാതെ മറ്റൊന്നുമല്ലെന്നു നമുക്കറിയാമെങ്കിലും, നിയമ സംവിധാനത്തിനു മുന്നിൽനിന്നും എതിരായ വിധികളൊന്നും നേരിടാതെ കൈയുംവീശി നടന്നുപോകാമെന്ന് അവരെല്ലാം പ്രതീക്ഷിച്ചിരുന്നു എന്ന വീരസ്യം പറച്ചിലിനെ വിശ്വാസത്തിലെടുക്കാൻ കാര്യമൊന്നും തന്നെയില്ല.

ഇവിടെയാണ്, കീഴ്വെണ്മണി കൂട്ടക്കൊലകേസിലെ വിധി പ്രസ്താവന ഒരു സുപ്രധാന വഴിത്തിരിവിനെ അടയാളപ്പെടുത്തുകയാണെന്ന് ഞാൻ വിചാരിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമായിരുന്നു അത്. എന്തുകൊണ്ടെന്നാൽ, ആപത്ക്കരമായ ഒരു കീഴ്വഴക്കമാണ് മദ്രാസ് ഹൈക്കോടതി സൃഷ്ടിച്ചത്. എല്ലാ ഭൂപ്രഭുക്കളേയും ഒരു ശിക്ഷയും ചുമത്താതെ വെറുതെ വിട്ടയച്ചപ്പോൾ, നിലവിലുള്ള ഭരണകൂടഘടനക്ക് കീഴിൽ, ഒരു ദളിത് ഗ്രാമത്തെയപ്പാടെ കൂട്ടക്കൊലക്കിരയാക്കുന്നതിൽ ക്രമവിരുദ്ധമായി യാതൊന്നുമില്ലെന്നു വ്യക്തമാക്കുകയായിരുന്നു കോടതി. കിരാതമായ ഒരു കുറ്റകൃത്യത്തെ തികച്ചും സാധാരണമോ ക്രമപ്രകാരമോ ആയ ഒരു നടപടിയായി ചിത്രീകരിച്ചത് ജാതിയുടെ മർദ്ദക ഭീകരതയെ ഉയർത്തിപ്പിടിക്കുന്ന ഭരണകൂടവ്യവസ്ഥയെ സംബന്ധിച്ചേടത്തോളം ഒരു നേട്ടം തന്നെയായിരുന്നു. ഇന്ന് സമാനമായ ഒരു കൂട്ടക്കൊല നടക്കുകയാണെങ്കിൽ, ജാതീയതയുടേയും നാടുവാഴിത്തത്തിന്റേയും ശക്തികൾക്ക്, ഞങ്ങൾ ഇനിയുമൊരു നൂറു ഗ്രാമങ്ങൾ ചുട്ടെരിക്കുമെന്നും ഞങ്ങൾ ഇനിയും ശക്തിയാർജ്ജിക്കുമെന്നും ഈ കോടതികൾ ഞങ്ങളെ വെറുതെ വിടുമെന്നും പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് നഗരങ്ങളിൽ ആർത്തുവിളിക്കാനാവും.

കൂട്ടക്കൊലകൾ നടത്തുന്ന ജാതി ഹിന്ദുക്കൾക്ക് ധൈര്യം പകരുക മാത്രമല്ല കീഴ് വെണ്മണി ചെയ്തത്; ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ കോടതികൾക്ക് ചില മാതൃകകൾ സമ്മാനിക്കുക കൂടി ചെയ്തു അത്. ഇത്തരത്തിലുള്ള, ചുരുങ്ങിയത് ഒരു ഡസൻ സംഭവങ്ങളിലെങ്കിലും മറ്റു കോടതികൾ സമാനമായ വിധിവാക്യങ്ങൾ ആവർത്തിച്ചു. ഇന്നത്തെ എന്റെ പ്രസംഗം അവയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ളതാണ്.

ഈ രാജ്യത്ത് ജാതീയ ഹിംസയെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ശാശ്വതീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിൽ ഇന്ത്യൻ ജുഡീഷ്യറിക്കുള്ള പങ്കിനെപ്പറ്റി എന്നെപ്പോലെ ഒരാൾ സംസാരിക്കുന്നത് ഒരർത്ഥത്തിൽ അങ്ങേയറ്റം അതിക്രമവും മറ്റൊരർത്ഥത്തിൽ തീർത്തും വിവരമില്ലായ്മയുമാണ്. എനിക്ക് നിയമത്തിൽ ഔപചാരികമായ പരിശീലനമോ ജ്ഞാനമോ ഇല്ല – എങ്കിലും എനിക്ക് ഒരു നാടോടിയുടെ കണ്ണുകളുണ്ട്; നീതിബോധവും വായിക്കാനുള്ള ശേഷിയുമുണ്ട്. ഈ രാജ്യത്തിന്റെ ഭരണഘടന എഴുതിയ ഡോ. അംബേദ്കറുടെ ശക്തമായ വാക്കുകൾ എനിക്കു മുകളിലുണ്ട്. പൗരന്മാരിൽ, പ്രത്യേകിച്ചും ദളിത് പൗരന്മാരിൽ എത്തിച്ചേരാനിരിക്കുന്ന നീതിയുടെ സ്വഭാവം എന്തായിരിക്കുമെന്ന് അറിയാനുള്ള സാമർഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ എനിക്കു വഴി കാട്ടും.

ഈ പ്രഭാഷണത്തിനു ഞാൻ മുതിരുമ്പോൾ, വിശാലമായ അത്തരമൊരു വിഷയത്തോട് എനിക്ക് ശരിയായ വിധത്തിൽ നീതി പുലർത്തുവാനാവുമോ എന്ന് എനിക്കറിയില്ല. കീഴ്വെണ്മണിയുടെ കഥ പഠിക്കാനും ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആളുകൾക്കു ലഭ്യമാകുന്ന ഒരു നോവലിന്റെ രൂപത്തിൽ ആ കഥ പറയാനും ഞാൻ ആഗ്രഹിച്ചപ്പോൾ, ആ കഥയും അതിലെ വാക്കുകളും ആ ഗ്രാമവും അവിടത്തെ ആളുകളേയുമൊക്കെ ശരിയായി ഉൾക്കൊള്ളാൻ ആറു വർഷമമാണു ഞാനെടുത്തത്. തഞ്ചാവൂരിലേക്കും നാഗപട്ടണത്തേക്കും കീഴ്വെണ്മണി ഗ്രാമത്തിലേക്കു തന്നെയും ഒരു ഡസൻ പ്രാവശ്യം എനിക്കു സഞ്ചരിക്കേണ്ടിവന്നു. അതിന്റെ അവസാനത്തിൽ എനിക്കു പറയാൻ കഴിഞ്ഞു: ‘നോക്കൂ, ഞാൻ കണ്ടെത്തിയത് ഇതാണ്, ഇതുവായിക്കൂ; രോഷം കൊണ്ടു ജ്വലിക്കൂ; ലജ്ജകൊണ്ട് വെന്തു വെണ്ണീറാവൂ; ഈ കാൽച്ചങ്ങലകൾ പൊട്ടിച്ചെറിയാനുള്ള അദമ്യമായ ഉൾപ്രേരണകൊണ്ട് കത്തിയെരിയൂ.”

ഇന്ന്, നേരെമറിച്ച്, ഈ പ്രസംഗത്തിനു തയ്യാറെടുക്കാൻ വേണ്ട സമയത്തിന്റെ സവിശേഷ സൗജന്യം എനിക്കു ലഭിക്കുകയുണ്ടായില്ല. ഒരൊറ്റ കൂട്ടക്കൊലയെ പറ്റിയല്ല ഞാൻ സംസാരിക്കാൻ പോകുന്നത്; നിരവധി കൂട്ടക്കൊലകളെ പറ്റിയാണ്. എനിക്ക് സൗകര്യപ്രദമായ ഒരു ആശയ പ്രകാശനത്തിന്റെ രൂപമല്ല ഇവിടെയുള്ളത്. ഇത് കവിതയോ, കല്പിതകഥയോ, ഇതു രണ്ടും ഒരുമിച്ചുചേരുന്ന ഒരു അർദ്ധതാര്യമായ-മിശ്രിതമോ അല്ല. ഇത് തയ്യാറാക്കപ്പെട്ട ഒരു പ്രസംഗമാണ് – ശരിയായ വാക്കുകൾ കണ്ടെത്താൻ ഞാൻ തപ്പിത്തടയുന്നുണ്ട്. എല്ലാറ്റിനുമുപരി എന്റെ രോഷം കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് എനിക്കു കൃത്യമായ രൂപവുമില്ല.

വിശാലാടിസ്ഥാനത്തിൽ പറഞ്ഞാൽ, ഞാൻ വിശദീകരിക്കാൻ തുടങ്ങും മുമ്പ്, എന്റെ വാദങ്ങളെ സ്ഥാപിക്കാനായി ഉദാഹരണങ്ങളും മാതൃകകളും നിരത്തുന്നതിനു മുമ്പ്, ഈ കൂട്ടക്കൊലക്കേസുകളിലൊക്കെ പ്രഖ്യാപിക്കപ്പെട്ട കോടതിവിധികളുടെ ഉള്ളിൽ പൊതുവായ ഒരു അന്തർധാര പോലെ പ്രവർത്തിക്കുന്ന ഒരു ഘടകമുണ്ടെന്ന് ഞാൻ നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരട്ടെ. അതിക്രമങ്ങൾക്ക് ഇരയായവരെ കുറ്റപ്പെടുത്തുകയും എല്ലാം ദളിതരുടെ കുറ്റമാണെന്നു ആക്ഷേപിക്കുകുയും ഒന്നല്ലെങ്കിൽ മറ്റൊരു കാര്യം പറഞ്ഞ് സാക്ഷികൾ നിരത്തുന്ന തെളിവുകൾ തള്ളിക്കളയുകയും കേസിന്റെ ഭാവിയെപ്പറ്റി പൂർണ്ണമായ നിർമ്മമത്വം പുലർത്തുകയും കൊലയാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതിനെപ്പറ്റി യാതൊരു ഉത്ക്കണ്ഠയും പ്രകടിപ്പിക്കാതിരിക്കുകയും എല്ലാ സാക്ഷികളും കൂറുമാറുമ്പോഴും അതിൽ തെല്ലും ഖേദമില്ലാതിരിക്കുകയും സാക്ഷികളുടെ സുരക്ഷക്കുവേണ്ടി നടപടികളൊന്നും സ്വീകരിക്കാതിരിക്കുകയും ഈ കൊലപാതകങ്ങൾക്കു പിന്നിൽ ജാതിയുടെ ഒരു പശ്ചാത്തലമുണ്ടെന്ന വസ്തുതയെ നിരാകരിക്കുകയും ഈ കൂട്ടക്കൊലകൾ ജാതീയമായ അതിക്രമങ്ങളാണെന്ന് അംഗീകരിക്കാൻ വിസമ്മതിക്കുകയും കൂലിക്കുവേണ്ടിയുള്ള സമരങ്ങളും വർഗ്ഗപരമായ വിഷയങ്ങളും അതിന്റെ പശ്ചാത്തലത്തിലുണ്ടെന്നു നിഷേധിക്കുകയും ദളിതർക്ക് നഷ്ടപരിഹാരം നല്കുന്ന ഒരു ചടങ്ങിലേക്ക് കാര്യങ്ങളെ ലഘൂകരിക്കുകയും ദളിതരുടെ ജീവിതങ്ങൾക്ക് അവർക്കു കിട്ടുന്ന കൂലിയുടെ മൂല്യം മാത്രമേയുള്ളൂ എന്നു വിശ്വസിക്കുകയും യഥാർത്ഥത്തിൽ എന്താണു സംഭവിക്കേണ്ടിയിരുന്നത് എന്നതിനെപ്പറ്റി അനുമാനങ്ങൾ വച്ചുപുലർത്തുകയും എന്താണ് ‘സ്വാഭാവിക”മെന്ന് തികച്ചും വളച്ചൊടിക്കപ്പെട്ട രീതിയിൽ തീരുമാനിക്കുകയും ഭരണകൂടയന്ത്രം നടപ്പാക്കിക്കൊണ്ടിരിക്കുന്ന അനീതികൾക്ക് അതിക്രമങ്ങൾക്കിരയാക്കപ്പെട്ടവരെ ബലിമൃഗങ്ങളായി ഉപയോഗപ്പെടുത്തുകയുമൊക്കെ ചെയ്യുന്നത് ഈ പൊതുഘടകങ്ങളിൽ ഉൾപ്പെടുന്നു. ഇതു കോടതികളുടെ മാത്രം പെരുമാറ്റങ്ങളോ സ്വഭാവമോ അല്ല; ജുഡീഷ്യൽ കമ്മീഷനുകൾ പോലും ഇതേ തരം നീതി തന്നെയാണ് അവരുടെ നടപടികളിൽ ഉടനീളം ആവർത്തിച്ചിട്ടുള്ളത്.

ഒരു പട്ടികയിലെന്നപോലെ ഞാൻ ചൂണ്ടിക്കാട്ടിയ ഈ കാര്യങ്ങൾ അവ്യക്തമാണെന്നോ കൃത്യതയില്ലാത്ത പൊതു പ്രസ്താവങ്ങളാണെന്നോ തോന്നാം. പറഞ്ഞുവരുമ്പോൾ ഞാൻ അവ ഓരോന്നിനേയും കുറിച്ചു വിശദമാക്കാം. ഈ രാജ്യത്തു നിലനിൽക്കുന്ന നീതിന്യായസംവിധാനത്തിന്റെ ഒത്തുതീർപ്പുസ്വഭാവത്തെ ഉദാഹരണങ്ങൾസഹിതം വിശദീകരിക്കാം. വിപ്ലവപരമായ ഒരു സമൂഹസൃഷ്ടിക്കുവേണ്ടി നാം നടത്തുന്ന സമരം, ആഴത്തിൽ വേരുറച്ചുകഴിഞ്ഞ ജാതിവ്യവസ്ഥക്കോ മുതലാളിത്തത്തിന്റെ ചൂഷക സ്വഭാവത്തിനോ എതിരായ കടന്നാക്രമണത്തിലൂടെ മാത്രമല്ല ആരംഭിക്കേണ്ടതെന്നും മറിച്ച് അവയുടെ കുറ്റകൃത്യങ്ങൾക്ക് അരു നിൽക്കുന്ന ഭരണകൂടത്തിന്റേയും അതിന്റെ വിവിധ ഉപകരണങ്ങളുടേയും ഉത്തരവാദിത്തങ്ങളെ കേന്ദ്രസ്ഥാനത്തു നിർത്തിക്കൊണ്ടു കൂടി വേണമെന്നുമുള്ള കാര്യം ഞാൻ എടുത്തു പറയുന്നുണ്ട്.

ഇക്കാര്യത്തിൽ, ജുഡീഷ്യറി അഥവാ നീതിന്യായവ്യവസ്ഥ ബൂർഷ്വാ ജനാധിപത്യഭരണകൂടത്തിന്റെ സവിശേഷ പ്രാധാന്യമുള്ള ഒരു ഘടകമാണ്. ഭരണവർഗ്ഗങ്ങളുടെ താല്പര്യസംരക്ഷണത്തെ സേവിക്കുമ്പോഴും സ്വന്തം സ്വയം ഭരണാധികാരത്തേയും നിഷ്പക്ഷതയേയും പറ്റി അത് സ്വയമേവ അഭിമാനിക്കുകയും ചെയ്യുന്നു. ഇന്ത്യൻ സാഹചര്യത്തിൽ ഭരണവർഗ്ഗങ്ങളെന്നാൽ അധീശത്വം പുലർത്തുന്ന മർദ്ദകജാതികളെന്നാണ് അർത്ഥം. ഈ ജുഡീഷ്യറി ഇടക്കിടക്ക് ശരിയായ ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും സർക്കാരിനെ അലോസരപ്പെടുത്തുകയും ചില സന്ദർഭങ്ങളിൽ കൈയേറ്റക്കാരനെപ്പോലെ പെരുമാറുകയും ചെയ്യുന്നുണ്ട്.14 പക്ഷേ, കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിച്ചാൽ അതിന്റെ യഥാർഥ മുഖം തുറന്നുകിട്ടും.

ഈ സന്ദർഭത്തിൽ ഫൂക്കോയെ (Foucault) ഓർമ്മിക്കുന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് എനിക്കു തോന്നുന്നു.

‘നമ്മുടേതു പോലുള്ള ഒരു സമൂഹത്തിലെ യഥാർത്ഥ രാഷ്ട്രീയ കടമ നിഷ്പക്ഷമെന്നും സ്വതന്ത്രമെന്നും തോന്നിപ്പിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ വിമർശിക്കുക എന്നതാണ്; അവയിലൂടെ എപ്പോഴും നിർവഹിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഹിംസയുടെ മുഖംമൂടി അഴിഞ്ഞു വീഴാവുന്ന വിധത്തിൽ അവയെ വിമർശിക്കുകയും ആക്രമിക്കുകയും ചെയ്യുക; അപ്പോഴാണ് അവക്കെതിരെ പോരാടാൻ മറ്റുള്ളവർ പ്രാപ്തരാകൂ”15.

ജുഡീഷ്യറിക്കു മേൽ വെളിച്ചം വീഴാവുന്ന വിധത്തിൽ വിളക്ക് തിരിച്ചു വക്കേണ്ടിവരുന്നതിന്റെ കാരണം ഇതാണ്. നീതിന്യായ വ്യവസ്ഥയുടെ ജാതിഹിന്ദു ക്രൂരതയുടെ മുഖംമൂടി അഴിച്ചുമാറ്റാനും അതിനെ ശരിയായി മനസ്സിലാക്കാനും കീഴ് വെണ്മണിയിൽ കൊലചെയ്യപ്പെട്ട 44 പേരോട് അതു സ്വീകരിച്ച മനോഭാവം തന്നെയാണ് ഏറ്റവും നല്ല സന്ദർഭം.

നമുക്കു കീഴ്വെണ്മണിയിൽ നിന്നുതന്നെ തുടങ്ങാം. രണ്ടാം ലോക യുദ്ധകാലത്ത് (നാസികളുടെ അർദ്ധ സൈനിക വിഭാഗമായിരുന്ന) എസ് എസ് തുടച്ചു നീക്കിയ (ചെക്ക് റിപ്പബ്ലിക്കിലെ ഗ്രാമമായ) ലിഡിസ് (Lidice)16 പോലെ, അല്ലെങ്കിൽ സ്പാനിഷ്/ബാസ്‌ക് നഗരമായ ഗ്വെർണിഡക്ക17 പോലെ, വലിയ ക്രൂരകൃത്യങ്ങൾക്കും ഭീകരതക്കും സാക്ഷിയാവേണ്ടിവന്ന ഗ്രാമമാണ് കീഴ് വെണ്മണി. അതോടൊപ്പം തന്നെ, അതിന് ചെറുത്തുനില്പിന്റെ ഒരു ഹൃദയം കൂടി ഉള്ളിലുണ്ടായിരുന്നു. ഭൂപടങ്ങൾക്കു പുറത്തുള്ള വിദൂരവും ഒറ്റപ്പെട്ടതുമായ സ്ഥലങ്ങളിൽ വച്ച് ഈ ചെറുത്തുനില്പിന്റെ ഹൃദയം ചിലപ്പോൾ പ്രത്യക്ഷമാവാം. ഇന്ത്യൻ ഭൂപടത്തിന്റെ മറ്റേതെങ്കിലും സ്ഥലത്ത് പുനരവതരിക്കുന്നത് കീഴ് വെണ്മണിയിലെ അതിക്രമങ്ങൾ മാത്രമല്ല; നീതിയുടെ ഗർഭഛിദ്രവും അതുപോലെ തന്നെ പലയിടത്തും പുനരവതരിക്കുകയാണ്.

ഈ കൂട്ടക്കൊലക്കേസിലെ മുഴുവൻ പ്രതികളേയും തെളിവില്ലെന്ന കാരണം പറഞ്ഞ് മദ്രാസ് ഹൈക്കോടതി വിട്ടയക്കുകയായിരുന്നു; 1973-ൽ. 2012-ൽ ബഥാനി ഥോല കൂട്ടക്കൊലക്കേസിലെ പ്രതികളെ ഇതേ രീതിയിൽ തന്നെ പാറ്റ്ന ഹൈക്കോടതി വെറുതെ വിട്ടു. (1996-ൽ 21 ദളിതർ കൂട്ടക്കൊല ചെയ്യപ്പെട്ടതു സംബന്ധിച്ച കേസായിരുന്നു അത്. എല്ലാവരും വിട്ടയക്കപ്പെട്ടു.) ഒരു വർഷം കഴിഞ്ഞ് ലക്ഷ്മൺപൂർ ബാത്തേ കേസിലും ഇതു തന്നെ സംഭവിച്ചു. (1997-ൽ 58 ദളിതരാണ് അവിടെ കൊലചെയ്യപ്പെട്ടത്. എല്ലാ പ്രതികളേയും വെറുതെ വിട്ടു. 1991 ലെ സുണ്ടൂർ18 കൂട്ടക്കൊല കേസിലെ പ്രതികളെ 2012 ഏപ്രിലിൽ ഡിവിഷൻ ബഞ്ച് വിട്ടയച്ചപ്പോൾ ആന്ധ്രാപ്രദേശ് ഹൈക്കോടതിയും നാണംകെട്ടവരുടെ ഈ സദസ്സിൽ അംഗമായിത്തീർന്നു.

കമ്പലപള്ളി19യിലേയും ശങ്കർബിഘ20യിലേയും ദളിത് കൂട്ടക്കൊലക്കേസുകളുടെ വിധിയും ഇതുതന്നെയായിരുന്നു. എല്ലാ സാക്ഷികളും കൂറുമാറി. കേസുകളെ തകർച്ചയിൽ നിന്നും വീണ്ടെടുക്കാൻ കോടതികൾ യാതൊന്നും ചെയ്തില്ല.

ഇത്തരം ചിലത് വീണ്ടും വീണ്ടും സംഭവിക്കുന്നതു കാണുമ്പോൾ, ഇന്ത്യയിൽ കീഴ് വെണ്മണികൾക്ക് അറുതി വന്നിട്ടില്ലെന്ന് നിങ്ങൾക്കു മനസ്സിലാവും. കൂട്ടക്കൊലകൾ അവസാനിച്ചിട്ടില്ല; നീതി അലസിപ്പോവുന്നത് തുടരുക തന്നെയാണ്. നിയമത്തിന്റെ കാവലാളുകൾക്ക്, ഈ ദുരന്തങ്ങളെ മനസ്സിലാക്കിയവരെന്ന നിലക്ക് എന്താണു പറയാനുള്ളതെന്നു കേൾക്കാം:

‘രാമയ്യയുടെ കുടിലിൽ അഭയം തേടിയ നാല്പത്തിരണ്ട് കർഷകതൊഴിലാളികൾക്ക്, വീടിനു തീ വച്ചതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു എന്നത് സത്യമായും ഖേദകരമാണ്. അവരെ ചുട്ടുകൊല്ലാൻ പ്രതികൾക്ക് ഉദ്ദേശമില്ലായിരുന്നു എന്നറിയുന്നത് പ്രത്യേകിച്ച് യാതൊരു ആശ്വാസവും നൽകുന്നില്ല. ഞങ്ങളുടെ അഭിപ്രായത്തിൽ, 1968 ഡിസംബർ 25 നു രാത്രിയിൽ നടന്ന ദുരന്തസംഭവത്തിന്റെ ഉത്തരവാദിത്തം പ്രതികൾക്കാണ്, അവർ പഴി കേട്ടേ പറ്റൂ. എന്നാൽ, ഈ സംഭവത്തിൽ പ്രതിയായിട്ടുള്ളവരെ കുറ്റക്കാരെന്നു വിധിക്കാൻ വേണ്ടത്രയും തെളിവുകൾ രേഖപ്പെടുത്തിയതായി കാണാൻ കഴിഞ്ഞില്ലെന്നതിൽ ഞങ്ങൾക്കു ഖേദമുണ്ട്. നെല്ലും പതിരും വേർപെടുത്താനും പ്രതികളിൽ ഏതാനും ചിലരുടെയെങ്കിലും ശിക്ഷയുടെ കാലയളവ് വർദ്ധിപ്പിക്കാനും അതേസമയംതന്നെ സാക്ഷികൾ തികഞ്ഞ സ്വാഭാവികതയോടെ മൊഴി നല്കുന്നു എന്നുറപ്പു വരുത്താനും ഞങ്ങൾ പരമാവധി ശ്രമിച്ചതാണ്. എന്നാൽ, പ്രോസിക്യൂഷൻ സാക്ഷികളുടെ സഹജമായ പോരായ്മകൾ നിരപരാധികളെന്ന് ഞങ്ങൾ കരുതുന്ന വ്യക്തികളെ ശിക്ഷിക്കുന്നതിൽ നിന്നും ഞങ്ങളെ തടഞ്ഞു.”

ഇവിടെ നമ്മുടെ ജഡ്ജിമാർക്ക് അല്പം ‘ആശ്വാസം” ലഭിക്കുന്നുണ്ട് – പ്രതികൾക്ക് ആളുകളെ തീയിട്ടുകൊല്ലാൻ യാതൊരുദ്ദേശവുമുണ്ടായിരുന്നില്ലേ? പിന്നെ എന്താണ്, ഒരു പീഡാനുഭവ പ്രദർശനമെന്ന നിലയിലാണോ തീയിട്ടത്? ഒരു കലാപ്രകടനമെന്ന നിലയിലാണോ തീയിട്ടത്? ഒരു കുസൃതിയോ വികൃതിയോ ആയിരുന്നോ അത്? കോടതി ഈ കൊലപാതകങ്ങളെ പരിഹാസ കൃത്യങ്ങളായിട്ടാണു കാണുന്നത്. അയിത്തത്തിനും അസ്പൃശ്യതക്കുമെതിരെ കമ്യൂണിസ്റ്റ്പാർട്ടികൾ നടത്തിയ സമരങ്ങളുടെ ചരിത്രം കോടതിക്ക് അറിയില്ലായിരുന്നുവോ? കൂലി കൂടുതലിനു വേണ്ടി നടന്ന സുദീർഘ സമരങ്ങളെപ്പറ്റി, ആറുനാഴി നെല്ല് കൂലി ആവശ്യപ്പെട്ടുകൊണ്ട് പഴയ അവിഭക്ത തഞ്ചാവൂർ ജില്ലയിൽ നടന്ന നിരവധി സമരങ്ങളെപ്പറ്റി അവർക്ക് അറിയില്ലായിരുന്നുവോ?

കീഴ് വെണ്മണിക്കാർ ആവർത്തിച്ചാവർത്തിച്ച് ഭീഷണിപ്പെടുത്തപ്പെട്ടിരുന്നില്ലേ? 1968 ഡിസംബർ 15ന് ഗോപാലകൃഷ്ണ നായിഡു കീഴ് വെണ്മണി ഗ്രാമത്തിൽ വന്ന് ഒരു പൊതുയോഗം നടത്തിയിരുന്നു. ആവശ്യങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ ഗ്രാമത്തിനു തീയിടുമെന്ന് അയാൾ മുന്നറിയിപ്പു നൽകിയ. പത്തു ദിവസം കഴിഞ്ഞപ്പോൾ ഗ്രാമം വെന്തു വെണ്ണീറായി. പക്ഷേ, ജഡ്ജിമാർ പറയുന്നത് ആളുകളെ തീയിട്ടുകൊല്ലാൻ അവർക്ക് ഉദ്ദേശമില്ലായിരുന്നു എന്നാണ്.

കൂട്ടക്കൊലയിലെ ഗോപാലകൃഷ്ണ നായിഡുവിന്റെ നേരിട്ടുള്ള പങ്കാളിത്തത്തിലേക്ക് വിരൽ ചൂണ്ടുന്ന എല്ലാ തെളിവുകളുടെ മുന്നിലും അയാളേയും കൂട്ടക്കൊലയിൽ എന്തെങ്കിലും പങ്കുവഹിച്ച മറ്റെല്ലാ പ്രഭുക്കളേയും രക്ഷപ്പെടുത്തുന്നതിൽ അതിതാല്പര്യം കാണിക്കുന്ന ഒരു ഹൈക്കോടതി ബെഞ്ചിനെയാണ് നാം മുഖാമുഖം കാണുന്നത്. ഗോപാലകൃഷ്ണ നായിഡു മുഖ്യമന്ത്രിക്കെഴുതിയ കത്തുകളിൽ – ‘നടക്കുന്ന ‘ശവശരീര’മെന്നു തന്നെത്തന്നെ വിശേഷിപ്പിക്കുകയും കൂലിക്കൂടുതലിനു വേണ്ടി താനുമായി വഴക്കിടുകയായിരുന്നുവെന്നു അവകാശപ്പെടുകയും ചെയ്യുന്ന കത്തുകളിൽ നിന്നും മദ്രാസ് ഹൈക്കോടതി വിധി പദാനുപദം തന്നെ ഉദ്ധരിക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാരുടെ ശത്രുവായിരുന്നതുകൊണ്ടു മാത്രമാണ് ഈ കൂട്ടക്കൊലക്കേസിൽ അയാളെ പ്രതി ചേർത്തതെന്നു തെളിയിക്കാൻ വേണ്ടിയായിരുന്നു ഈ ഉദ്ധരണികൾ. കുറ്റകൃത്യം നടന്ന സ്ഥലത്ത് ഗോപാലകൃഷ്ണ നായിഡുവിനെ കണ്ട ഒട്ടേറെ സാക്ഷികളുടെ മൊഴികളും ഗ്രാമത്തിനു പോലീസ് സംരക്ഷണം അഭ്യർത്ഥിച്ചുകൊണ്ട് അവിടത്തെ കമ്യൂണിസ്റ്റ് നേതാവ് നല്കിയ കത്തും ഗ്രാമത്തിനു നേരിടേണ്ടിവന്ന നിരവധി ഭീഷണികളും സാമ്പത്തിക ബഹിഷ്‌ക്കരണവും സംബന്ധിച്ച തെളിവുകളുമൊക്കെ ഈ ജഡ്ജിമാരുടെ കണ്ണുകളിൽ അസംബന്ധം മാത്രമായിരുന്നു. സത്യമെന്തെന്നു അന്വേഷിച്ചു കണ്ടെത്തുന്നതിനു പകരം ജഡ്ജിമാർ മുന്നോട്ടു വച്ചത് സ്വന്തം കുടുംബത്തിൽ വളർത്തി യെടുത്ത സിദ്ധാന്തങ്ങളായിരുന്നു. ‘ഗോപാലകൃഷ്ണ നായിഡുവിനെ കഥയിലെ വില്ലനായി അവതരിപ്പിക്കാനുള്ള ഉൾപ്രേരണയെ അടക്കാൻ ഇരകളും സാക്ഷികളും പ്രയാസപ്പെട്ടു” വെന്നായിരുന്നു അവരുടെ സിദ്ധാന്തം.

നമ്മുടെ കോടതികളിൽ നിന്നും ഇതിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും നാം പ്രതീക്ഷിക്കേണ്ടതുണ്ടോ? ജാതിഹിന്ദുക്കളുടെ സ്ഥാപനമാകാൻ വേണ്ടിയല്ലേ അവയുടെ ആന്തരഘടന തയ്യാറാക്കപ്പെട്ടിരിക്കുന്നത്? അസ്പൃശ്യരായവർക്ക് പോലീസിൽ നിന്നും സംരക്ഷണം ലഭിക്കുന്നതും കോടതികളിൽ നിന്നും നീതി ലഭിക്കുന്നതും എത്രകണ്ട് അസാധ്യമാണെന്ന് വിപ്ലവകാരിയായ ഡോ. അംബേദ്ക്കർ21 പറയുന്നുണ്ട്.

‘പോലീസുകാർ ജാതിഹിന്ദുക്കളുടെ അണികളിൽ നിന്നും നിയമിക്കപ്പെട്ടവരാണ്. ന്യായാധിപന്മാരും നിയമിക്കപ്പെടുന്നത് ജാതി ഹിന്ദുക്കളിൽ നിന്നാണ്. പോലീസുകാരും ന്യായാധിപന്മാരും ജാതിഹിന്ദുക്കളുടെ മക്കളും ബന്ധുക്കളുമാണ്. തൊട്ടുകൂടാത്തവർക്കെതിരെ ജാതിഹിന്ദുക്കൾ വച്ചുപുലർത്തുന്ന മനോഭാവങ്ങളും മുൻവിധികളും അവരും പങ്കുവക്കുന്നുണ്ട്. തൊട്ടുകൂടാത്ത ഏതൊരാൾക്കും അനുഭവപ്പെട്ടിട്ടുള്ളതുപോലെ, ഒരു ജാതിഹിന്ദുവിനെതിരായ പരാതിയുമായി ഒരു തൊട്ടുകൂടാത്തയാൾ ഒരു പോലീസ് ഉദ്യോഗസ്ഥനെ സമീപിച്ചാൽ എന്തെങ്കിലും സംരക്ഷണം ലഭിക്കുന്നതിനു പകരം ശകാരവും അവഹേളനവുമായിരിക്കും അയാൾക്കു നേരിടേണ്ടി വരിക. ഒന്നുകിൽ അയാളുടെ പരാതി രജിസ്റ്റർ ചെയ്യാതെ തന്നെ അയാളെ ഓടിച്ചുവിട്ടേക്കാം. അഥവാ, പരാതി രേഖപ്പെടുത്തിയാൽ തന്നെ, അക്രമികളായ ജാതിഹിന്ദുക്കള്ക്ക്‌ല രക്ഷപ്പെടാൻ വഴികൾ ഒരുക്കിക്കൊടുക്കുന്ന വിധത്തിൽ കാപട്യപൂർണ്ണമായിട്ടായിരിക്കും അതു രജിസ്റ്റർ ചെയ്യുന്നത്. ഒരു മജിസ്ട്രേറ്റിനു മുമ്പിൽ അക്രമികളെ പോസിക്യൂഷൻ നടപടികൾക്കു വിധേയമാക്കുകയാണെങ്കിൽ അതിന്റെ വിധി എന്തായിരിക്കുമെന്ന് മുൻകൂട്ടി പറയാവുന്നതാണ്. അസ്പൃശ്യരുടെ കേസുകൾ എത്രമാത്രം നീതിപൂർണമാണെങ്കിൽ കൂടി അവരെ പിന്തുണക്കാൻ പാടില്ലെന്ന തരത്തിലുള്ള ഗ്രാമീണരുടെ ഗൂഢാലോചനയുടെ ഫലമായി ഹിന്ദുക്കളെയാരെയും തൊട്ടുകൂടാത്തവർക്ക് സാക്ഷികളായി കിട്ടുകയില്ല. തൊട്ടുകൂടാത്തവരിൽ നിന്നും ആരെയെങ്കിലും സാക്ഷിയായി ഹാജരാക്കിയാൽ അവരുടെ മൊഴിയോ അവർ ഹാജരാക്കുന്ന തെളിവുകളോ സ്വീകരിക്കാൻ കോടതി തയ്യാറാവില്ല. അസ്പൃശ്യ വിഭാഗത്തിൽ നിന്നുള്ള സാക്ഷിയെയാണ് ഹാജരാക്കുന്നതെങ്കിൽ, അവരുടെ തെളിവ് മജിസ്ട്രേട്ടിനു അസ്വീകാര്യമായി തോന്നും. ആ സാക്ഷി ഒരു സ്വതന്ത്രസാക്ഷിയല്ലെന്നും നേരെ മറിച്ച്, ഒരു തല്പരകക്ഷിയാണെന്നും എളുപ്പത്തിൽ തന്നെ അദ്ദേഹത്തിനു പറയാൻ സാധിക്കും. സാക്ഷി സ്വതന്ത്രസാക്ഷിയാണെങ്കിൽ തന്നെ, തൊട്ടുകൂടാത്തവന്റെ പരാതിയിൽ സത്യസന്ധനായ ഒരു സാക്ഷിയെ ഹാജരാക്കിയില്ലെന്നാരോപിച്ച് പ്രതിയെ വിട്ടയക്കാനുള്ള ഒരു എളുപ്പമാർഗ്ഗം മജിസ്ട്രേറ്റിന്റെ മുൻപിലുണ്ട്. ഉയർന്ന തലത്തിലുള്ള ട്രൈബ്യൂണൽ തന്റെ കണ്ടെത്തലുകൾ തിരുത്തുകയില്ലെന്ന് പൂർണ്ണമായും അറിഞ്ഞുകൊണ്ട് നിർഭയനായി വേണ്ടതു ചെയ്യാൻ അദ്ദേഹത്തിനു സാധിക്കും.22

1973-ൽ മദ്രാസ് ഹൈക്കോടതിയിൽ കീഴ് വെണ്മണി കേസ് പരിഗണിച്ചപ്പോൾ യഥാർത്ഥത്തിൽ സംഭവിച്ചത് ഇതു തന്നെയായിരുന്നു. ഗ്രാമീണരുടെ എല്ലാ സാക്ഷിമൊഴികളും തള്ളിക്കളയപ്പെട്ടു. – ജഡ്ജിമാരുടെ അഥവാ സ്ഥാനക്കയറ്റം ലഭിച്ച മജിസ്ട്രേറ്റുമാരുടെ വാക്കുകളിൽ ഈ സാക്ഷിമൊഴികളെല്ലാം തെറ്റായതോ, അവിശ്വസനീയമോ, പരസ്പരവിരുദ്ധമോ, കളവാണെന്നു തോന്നിക്കുന്നതോ, വിശ്വാസ്യത നഷ്ടപ്പെട്ടതോ, മനഃപൂർവ്വം ആലോചിച്ചുണ്ടാക്കിയതോ ആയിരുന്നു. നാൽപതു വർഷങ്ങൾക്കുശേഷം ബഥാനി ഥോല കേസ് വിധിയിലും പ്രോസിക്യൂഷൻ ഭാഗത്തു നിന്നുമുള്ള ദൃക്സാക്ഷികളുടെ മൊഴികളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു കാരണം പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. ലക്ഷ്മൺപൂർ ബാഥേ വിധിയിൽ ജഡ്ജിയായിരുന്ന സിൻഹ പറഞ്ഞത് ഇങ്ങനെയാണ്. ‘എന്റെ അഭിപ്രായത്തിൽ പ്രോസിക്യൂഷൻ സാക്ഷികളൊന്നും വിശ്വസിക്കാൻ കൊള്ളുന്നവരല്ല; അതുകൊണ്ട് അപ്പീൽ നൽകിയവർ സംശയത്തിന്റെ ആനുകൂല്യം അർഹിക്കുന്നവരാണ്, അതുകൊണ്ട് ആ ആനുകൂല്യം അനുവദിക്കുന്നു.”23 ഓ… ല… ല… ഷാംപെയ്ൻ കുപ്പികൾ തുറക്കട്ടെ, ഒരു കൂട്ടക്കൊല കേസിൽ നിന്നും കുറ്റവിമുക്തരാക്കപ്പെട്ട ജാതിഹിന്ദുക്കൾ ആഘോഷിക്കട്ടെ!

ഒരു ദളിത് ഗ്രാമത്തെ അപ്പാടെ വകവരുത്തിയ കുറ്റവാളികൾക്ക് സ്വതന്ത്രരായി നടന്നുപോകാൻ ഈ കോടതികൾ വഴിയൊരുക്കുമ്പോൾ തന്നെ. അവരെ കൂട്ടത്തോടെ വിട്ടയക്കാൻ ബഹുമാനപ്പെട്ട ജഡ്ജിമാർ കണ്ടുപിടിച്ച ഒഴികഴിവുകൾ എന്താണെന്നു കേൾക്കാം.

‘ഈ കേസിൽ പ്രതി ചേർക്കപ്പെട്ട 23 പേരിൽ എല്ലാവരും തന്നെ മിറാസ്ദാർ (ഭൂവുടമ) മാരാണെന്നത് അതിശയകരമാണ്. അവരിൽ ഭൂരിപക്ഷവും സമ്പന്നരായ ആളുകളാണ്; വിശാലമായ ഭൂസ്വത്തിന് ഉടമകളാണ്. ഒന്നാം പ്രതിയായ ഗോപാലകൃഷ്ണ നായിഡുവിന് ഒരു കാർ സ്വന്തമായുണ്ട്. അത്തരം മിറാസ്ദാര്മാനര്ക്ക് കമ്യൂണിസ്റ്റുകാരായ കർഷക തൊഴിലാളികളോട് പകവീട്ടണമെന്നതു പോലുള്ള ഭീരുത്വം നിറഞ്ഞ ചിന്തകൾ ഉണ്ടായിരിക്കാം. എന്നാൽ, കർഷകർക്കു നേരെ പകവീട്ടണമെന്ന അവരുടെ താൽപര്യം എത്രകണ്ട് തീവ്രതരമായിരുന്നാൽ പോലും അത്തരമൊരു സ്ഥലത്തേക്ക് സ്വയം നടന്നുചെന്ന് ഒരു വേലക്കാരന്റെ പോലും സഹായമില്ലാതെ വീടുകൾക്കു തീ വക്കുമെന്നു വിശ്വസിക്കാൻ പ്രയാസമാണ്. വിശാലമായ ഭൂസ്വത്തിനുടമകളായ ഈ മിറാസ്ദാർമാർ, നിരാശാബാധിതരും പട്ടിണിക്കാരുമായ തൊഴിലാളികളിൽ നിന്നും വ്യത്യസ്തമായി, സുരക്ഷിതമായ കളികൾക്കോ നില്ക്കാറുള്ളു. പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച്, മിറാസ്ദാർമാർ നേരിട്ടു നടത്തിയ ഈ പാതകകൃത്യങ്ങൾ, സ്വയം പിന്നോട്ടു മാറിനിന്നുകൊണ്ട് തങ്ങളുടെ വേലക്കാരേയും ആജ്ഞാനുവർത്തികളേയും കൊണ്ട് മിറാസ്ദാർമാർ ചെയ്യിപ്പിച്ചതാകാമെന്നേ ഏതൊരാളും വിശ്വസിക്കുകയുള്ളു.”

കീഴ്വെണ്മണി കേസിന്റെ വിധി പ്രസ്താവത്തിൽ നിന്നുള്ള വാക്കുകളാണിത്. മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാരായിരുന്ന ജസ്റ്റിസ് വെങ്കട്ടരാമനും ജസ്റ്റിസ് മഹാരാജനും കുറ്റാരോപിതരായവർ ഭൂപ്രഭുക്കളാണെന്ന (മിറാസ്ദാർമാർ) സത്യമറിഞ്ഞ് അത്ഭുതപ്പെടാൻ തീരുമാനിച്ചത് അവിടെയാണ്. നാടുവാഴിപ്രഭുക്കൾക്ക് ഒരിക്കലും കുറ്റം ചെയ്യാനാവില്ല എന്നതുപോലെ. മദ്രാസ് ഹൈക്കോടതി നടത്തിയ വർഗ്ഗവിശകലനമാണിത്. അവർ കണ്ടെത്തിയ സമവാക്യമനുസരിച്ച് ഒരാൾ ഭൂപ്രഭുവാകുന്നതോടെ അവരുടെ സ്വഭാവം കരുണാനിർഭരവും ഹിംസാവിമുക്തവുമാകുന്നു. വർഗ്ഗയുദ്ധം ചുരുൾ നിവർന്നു വരുമ്പോഴും ഇതാണു കോടതിയുടെ വിലയിരുത്തൽ. എന്നാൽ ഇന്ത്യയിൽ വർഗ്ഗമെന്നത് ഒരിക്കലും വർഗ്ഗം മാത്രമായിരുന്നിട്ടില്ല എന്ന് ദയവായി മനസ്സിലാക്കിയാലും. ഭൂവുടമയായ മിറാസ്ദാർമാർക്ക് സമ്പന്നന്റെ അധികാര ചിഹ്നങ്ങൾ മാത്രമല്ല ഉള്ളത്; അയാൾ അധീശ ജാതിക്കാരൻ കൂടിയാണ്; സുരക്ഷിതമായി കളിക്കാനറിയുന്നയാൾ. മർദ്ദിതവർഗ്ഗക്കാരന്റെ നിരാശത അയാളെ എന്തും ചെയ്യാൻ പ്രേരിപ്പിക്കും. കീഴ്വെണ്മണിയിലെ പണിയെടുക്കുന്നവർ വെറും ഭൂരഹിതർ മാത്രമായിരുന്നില്ല; മറിച്ച്, അവർ തൊടാൻ പാടില്ലാത്ത കീഴ്ജാതിക്കാർ കൂടിയായിരുന്നു. അപ്പോൾ മരണത്തിന്റെ മുഹൂര്ത്ത്ത്തിൽപോലും അവരെ രാക്ഷസന്മാരായി ചിത്രീകരിക്കുന്നത് എളുപ്പമാണ്. നിരാശ ബാധിച്ചവരും പട്ടിണിക്കാരും ഒരു പിടി അരിക്കു വേണ്ടി പോരടിക്കുന്നവരുമായ ആളുകളാണ് അത്തരം കുറ്റകൃത്യങ്ങൾ ചെയ്യുക. സത്യം നേരെ മറിച്ചായിരുന്നാലും കൊല്ലപ്പെട്ടത് ഈ ദരിദ്രജനങ്ങളായിരുന്നുവെങ്കിലും അതു ശ്രദ്ധിക്കാൻ ജഡ്ജിമാർക്ക് കഴിയുമായിരുന്നില്ല. ജാതീയതയുടെ നീതിബോധത്തെ സേവിക്കാൻ സത്യത്തേയും വസ്തുതകളേയും ഏതു രൂപത്തിലും വളച്ചൊടിക്കാം.

വിവർത്തനം : പികെവേണുഗോപാലൻ

———

 

No Comments yet!

Your Email address will not be published.