Skip to main content

ചരിത്രത്തിലേക്ക് ഒരു പെണ്‍നോട്ടം

യമയുടെ കഥ വായിക്കുമ്പോള്‍ ഈ വാക്യത്തില്‍ പെട്ടെന്ന് തടഞ്ഞു നിന്നു. ”മലയിറങ്ങി വരുന്ന ഒരു കാറ്റില്‍ പറന്നു പോകാനുള്ള വിഷാദമേ മനുഷ്യരാശിയെ ബാധിച്ചിട്ടുള്ളൂവെന്നു തോന്നുന്നു.” നഗരത്തിലെ ഏതോ കോര്‍പ്പറേറ്റ് ഓഫീസില്‍ ജോലിയെടുക്കുന്ന അമുദ കോട പറക്കുന്ന ഒരു കാടിന്റെ വശത്തുള്ള എസ്റ്റേറ്റില്‍ സുഹൃത്തുക്കളോടൊപ്പം എത്തിച്ചേര്‍ന്നതായിരുന്നു. അത് കുറച്ചു ദിവസത്തേക്കു കിട്ടിയ സ്വര്‍ഗ്ഗസന്ദര്‍ശനമായി അവള്‍ക്കു തോന്നുന്നുണ്ട്. ഇപ്പോള്‍, നഗരത്തിലെ തിരക്കുകളില്‍ നിന്ന്, നഗരജീവിതത്തിന്റെ ഭാരങ്ങളില്‍ നിന്നു മാറിനില്‍ക്കുന്നവള്‍ക്കു മലയിറങ്ങി വരുന്നൊരു കാറ്റില്‍ പറന്നുപോകാനുള്ള വിഷാദമേ മനുഷ്യരാശിയെ ബാധിച്ചിട്ടുള്ളുവെന്നു തോന്നുന്നു. പിന്നെ, കഥയുടെ അന്ത്യത്തില്‍ ഒരു മുളപ്പാലം കടന്ന് അമുദ കാട്ടിലേക്കിറങ്ങി പോകുന്നുണ്ട്. അവിടെ വച്ച് അവള്‍ക്ക് ഒരു തായ നായയുടെ കടിയേല്‍ക്കുന്നു. കഥാന്ത്യത്തില്‍, തിരിച്ചുപോരേണ്ടതില്ല എന്ന വിചാരത്തോടെ അവള്‍ കാട്ടിലേക്കു പ്രവേശിക്കുകയാണെന്നു നമുക്കു തോന്നുന്നു. അമുദയുടെ അനുഭവങ്ങളും വിചാരങ്ങളും മനുഷ്യരാശിയുടെ ചരിത്രത്തെക്കുറിച്ച് വിചാരപ്പെടാന്‍ നമ്മെ പ്രേരിപ്പിക്കുന്നിടത്തോളം ആഴമുള്ളതാണെന്ന് കഥയുടെ ആഖ്യാനം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

മനുഷ്യന്‍ എവിടെ നിന്നു തുടങ്ങിയതാണ്? മറ്റു ജീവജാലങ്ങളെപ്പോലെ പണ്ടെങ്ങോ കാടിന്റെ ഭാഗമായിരുന്നു, മനുഷ്യനും. അന്ന് കാടേ ഉണ്ടായിരുന്നുള്ളൂ. ഭൂമി കാടായിരുന്നു.
എത്ര കാലം കഴിച്ചു, എത്ര പഥങ്ങള്‍ താണ്ടി ഇന്നത്തെ നാഗരികമനുഷ്യനാകാന്‍? നാഗരികജീവിതം – മനുഷ്യന്‍ തന്നെ കെട്ടിപ്പെടുത്ത നാഗരികത എന്താണ് സമ്മാനിച്ചത്? വിഷാദങ്ങളും അസംതൃപ്തികളും അസ്വസ്ഥതകളും… ? അല്ലെന്നു തീര്‍ച്ച! പക്ഷേ, ഒരിക്കലെങ്കിലും തിരികെ കാട്ടിലേക്കു ചെല്ലുമ്പോള്‍ അതു സ്വര്‍ഗ്ഗത്തിലേക്കുള്ള സന്ദര്‍ശനമാകുന്നു. മലയിറങ്ങിവരുന്ന ഒരു കാറ്റിന് നാഗരികജീവിതത്തിന്റെ മുഴുവന്‍ വിഷാദത്തെയും പറത്തിക്കളയാന്‍ കഴിയുമെന്ന് അമുദയ്ക്കു തോന്നുന്നു.”സത്യം അങ്ങനെയല്ലെങ്കില്‍ കൂടി.” സത്യം എന്താണ്? പ്രകൃതിയിലേക്കുള്ള മടക്കം – പഴയ മനുഷ്യനിലേക്കുള്ള മടക്കം – എന്നത് കേവലമായ അര്‍ത്ഥത്തില്‍ അസാദ്ധ്യമാണ്. മറിച്ച്, മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ്. മാനുഷികത അതിന്റെ എല്ലാ അര്‍ത്ഥത്തിലും പ്രകൃതിയോട് എങ്ങനെയൊക്കെയോ ബന്ധപ്പെട്ടിരിക്കുന്നു. കഥയുടെ തുടക്കത്തില്‍ തന്നെ വായനക്കാരന്‍ തടഞ്ഞുനില്‍ക്കുന്ന വാക്യം കഥയിലേക്കു പ്രവേശിക്കാന്‍ സഹായകമായ താക്കോല്‍വാക്യം തന്നെയാണ്. ഈ കഥയില്‍ മനുഷ്യചരിത്രം രേഖിതമാകുന്നുണ്ടെന്ന് ഈ വാക്യം മുന്നേ പറഞ്ഞുവെയ്ക്കുന്നു. അത് ചരിത്രത്തിന്റെ പെണ്‍നോട്ടമാണ്. പ്രകൃതിയിലേക്കുള്ള മടക്കത്തെയല്ല, ചരിത്രത്തിന്റെ പെണ്‍നോട്ടത്തെയാണ് ഈ കഥ ഫോക്കസ് ചെയ്യുന്നത്.

യമ

അമുദ സുഹൃത്തുക്കളോടൊപ്പം കാടിന്നടുത്തുള്ള എസ്റ്റേറ്റില്‍ ജീവിക്കുന്നത് നാഗരികജീവിതം തന്നെ. ക്രിസ്തുമസ് ആഘോഷങ്ങള്‍, പകല്‍രാത്രിഭേദമില്ലാതെ മദ്യലഹരി, ആട്ടം, ജോണ്‍ ലെനന്റെ പാട്ട്. ഇണ മാറി സംഗമങ്ങള്‍, അഗമ്യഗമനങ്ങള്‍, ശരീരങ്ങളുടെയും മനസ്സിന്റെയും അതിര്‍ത്തികള്‍ മുങ്ങിപ്പോകുന്നു. രേതസ്സും യോനീദ്രവവും ഉണങ്ങിപ്പിടിച്ച വസ്ത്രങ്ങള്‍ മാറാതെ അവര്‍ നടന്നു. കൂട്ടുകാരിയായ ലീനയോടൊപ്പം ജീവിക്കുന്ന നെബിനോടൊപ്പം അമുദ. ലീന വിളറി നില്‍ക്കുന്നു. അമുദയുടെ കൂട്ടുകാരനായ പ്രകാശ് രണ്ടുദിവസത്തെ ശീതസമരത്തിനു ശേഷം അവളെ വിട്ടുപോകുന്നു.

നാഗരികതയേയും വനത്തേയും വേര്‍തിരിക്കുന്ന പുഴയ്ക്കു മേലെ അവയെ ബന്ധിപ്പിക്കുന്ന രൂപകമായി കഥയിലെ മുളപ്പാലം പ്രത്യക്ഷപ്പെടുന്നു. നാഗരികതയുടെ വശത്തുനിന്നും കാട്ടിലേക്ക് അമുദ കയറിയിറങ്ങുന്നത് ഈ മുളപ്പാലമാണ്. പുല്ലുകെട്ടിന്റെ ചുമടുമായി കാടിന്റെ വശത്തേക്കു പോകുന്ന ആദിവാസിസ്ത്രീക്ക് മുളപ്പാലം വേഗം കടക്കാന്‍ കഴിയും. കാട്ടില്‍ വസിക്കുന്ന പയ്യനും മുളപ്പാലം വേഗം കടക്കുന്നു. എന്നാല്‍, അമുദയ്ക്ക്, നാഗരികസ്ത്രീക്ക് അത് അത്ര എളുപ്പമല്ല. ഏറെ സംശയത്തോടെ, സന്ദിഗ്ദ്ധതകളോടെ, ഭയത്തോടെയാണ് അമുദ പാലം കടക്കാന്‍ ശ്രമിക്കുന്നത്.
പയ്യന്‍ ഇങ്ങോട്ടു കടക്കാനായി പാലത്തില്‍ കയറുമ്പോള്‍ അമുദ പാലത്തിലൂടെ നടക്കാനുള്ള ശ്രമം ഉപേക്ഷിച്ച് പിന്നിലേക്കു മാറുന്നുണ്ട്. താഴേക്കു വീണുപോകുമോ എന്ന സന്ദേഹം അവളില്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നു.

മരിച്ചു ജീവിച്ചവളെ പോലെയാണ് അമുദ പാലത്തിന്റെ മറ്റേയറ്റത്ത് എത്തിച്ചേരുന്നത്. കടന്നത് പുഴയോ അതോ പാലമോ എന്ന് അവള്‍ സന്ദേഹിക്കുന്നുണ്ട്. അവള്‍ കടന്നത് നാഗരികതയെ കാടിനോടു ബന്ധിപ്പിക്കുന്ന മുളപ്പാലമെന്ന് നമുക്കു കാണണം. അമുദ വിഷമിച്ചു പാലം കടന്നുചെല്ലുന്നയുടനെ തന്റെ കുഞ്ഞുങ്ങളെ ഉപദ്രവിക്കാന്‍ വന്നവളാണെന്നു കരുതി ഒരു അമ്മനായ ഓടിവന്ന് അവളെ കടിക്കുന്നു. കാട്ടിലേക്കു ചെല്ലുന്ന നാഗരികര്‍ കാടിനെ തകര്‍ക്കുമോയെന്ന ഭയം ചെറിയ ജീവികള്‍ക്കു പോലുമുണ്ടോ?

യഥാര്‍ത്ഥത്തില്‍ അവള്‍ കടക്കുന്നതെന്തെന്നറിയാന്‍ മുളപ്പാലത്തിന്റെ ഇപ്പുറത്തും അപ്പുറത്തും അമുദയുടെ അനുഭവങ്ങള്‍ താരതമ്യം ചെയ്താല്‍ മതി. അമുദയുടെ ഇണക്കൂട്ടായ പ്രകാശ് ജ്ഞാനിയെപ്പോലെ പറയുന്ന ചില വാക്യങ്ങള്‍ അവള്‍ ഓര്‍ക്കുന്നുണ്ട്. ജാതിവിവേചനത്തെ വിമര്‍ശിക്കുമ്പോഴും പുലഭ്യം പറയുന്നതു പോലെയാണ് അയാള്‍ സംസാരിക്കുന്നത്. അത് ആത്മാര്‍ത്ഥമായ സ്വരമല്ലെന്ന് അയാളുടെ ഭാഷ തെളിയിക്കുന്നുണ്ട്. ഉള്‍ക്കാഴ്ചയോടെ എന്ന ഭാവത്തില്‍ അയാള്‍ സംസാരിക്കുന്നു. വളരെ ഉദാരവാനാണെന്ന തോന്നല്‍ ഉണ്ടാക്കുന്നവിധം അയാള്‍ സംസാരിക്കുന്നു. എന്നാല്‍, മറ്റുള്ളവരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന വിധം അഭിപ്രായങ്ങളെ മുഖവിലയ്‌ക്കെടുക്കാതെ മോശമായി സംസാരിക്കുന്ന അനുഭവവും പ്രകാശില്‍ നിന്നും അമുദയ്ക്കുണ്ട്. ഷെഫിനെ കുറിച്ചു പ്രകാശ് പറയുന്നത് മേത്തന്മാരെ സൂക്ഷിക്കണമെന്ന് പണ്ടേ തന്റെ അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നാണ്. അമുദയ്ക്കു പ്രകാശിനോട് വെറപ്പു തോന്നുന്നുണ്ട്. എന്നാല്‍, ഇതേ പ്രകാശിനെയാണ് തന്റെ ഇണയായി അമുദ കരുതുന്നത്. ഇപ്പോള്‍ രണ്ടുദിവസത്തെ ശീതയുദ്ധത്തിനുശേഷം അവളോട് യാത്ര പറയാതെ പോകുന്നതും ഇതേ പ്രകാശ് തന്നെ. അമുദ കടക്കുന്ന മുളപ്പാലത്തിനിപ്പുറം പ്രകാശിനെ പോലുള്ളവര്‍ക്ക് ആധിപത്യമുള്ള ലോകമാണ്. കാപട്യത്തിന്റെയും ക്രമീകരണത്തിന്റെയും പാരതന്ത്ര്യത്തിന്റെയും സദാചാരവാദത്തിന്റെയും ഒക്കെ ലോകമാണത്. ദമിതമായി പ്രവര്‍ത്തിക്കുന്ന പുരുഷാധികാരത്തിന്റെയും സങ്കുചിതത്വത്തിന്റെയും ലോകമാണത്. പുരോഗാമിയെന്ന് പുറമേ നടിക്കുകയും ഉള്ളില്‍ മതവിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ക്രൗര്യത്തിന്റെയും ദുഷ്ടമൂലകങ്ങളെ താലോലിക്കുകയും ചെയ്യുന്ന സവര്‍ണ്ണ, പുരുഷാധീശത്വലോകമാണത്.

മുളപ്പാലം കടന്ന് കാട്ടിലെത്തുന്ന അമുദ മാതൃസ്‌നേഹത്തിന്റെ കരുതലിനെയാണ് ആദ്യം അഭിമുഖീകരിക്കുന്നത്. പിന്നെ, യാതൊരു ഭേദചിന്തകളുമില്ലാതെ, അമുദ ആവശ്യപ്പെടാതെ തന്നെ തനിക്കേറ്റ മുറിവിനെ ശുശ്രൂഷിക്കുന്ന ആദിവാസിസ്ത്രീ അവളുടെ അനുഭവത്തിന്റെ ഭാഗമാകുന്നു. ഒരു വശത്ത് ഗര്‍വ്വിന്റെയും ഈഗോപ്രദര്‍ശനത്തിന്റെയും ആധിപത്യത്തിന്റെയും മൂല്യങ്ങളോട് പ്രതികരിക്കേണ്ടി വരുന്നവള്‍ മറുവശത്ത് സ്‌നേഹത്തിന്റെയും അനുതാപത്തിന്റെയും മൂലകങ്ങളെ കാണുന്നു. ‘പാലം കടക്കുമ്പോള്‍ പെണ്ണുങ്ങള്‍ മാത്രം കാണുന്നത്’ എന്ന കഥാശീര്‍ഷകം ഈ കാഴ്ച പെണ്ണുങ്ങളുടേതു മാത്രമാണെന്ന് വായനക്കാരോട് പറയുന്നുണ്ട്.

സ്‌ത്രൈണമൂല്യങ്ങളും സ്ത്രീയുടെ സ്വയം നിര്‍വാഹകത്വവും നല്‍കുന്ന സ്വാതന്ത്ര്യത്തെ മുളപ്പാലം കടന്ന് കാട്ടില്‍ എത്തിച്ചേരുന്ന അമുദ അനുഭവിക്കുന്നുണ്ട്. കാട് പഴയ മാതൃദായക്രമത്തിന്റെ സൂചനകളെ ഉള്‍ക്കൊള്ളുന്നു. മുളപ്പാലത്തിന്റെ ഇങ്ങേവശത്തെ നാഗരികത പുരുഷാധിപത്യ മൂല്യങ്ങളിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ട സമൂഹത്തെയാണ് കാണിക്കുന്നത്.

പിതാവിന് ആധിപത്യമുള്ള കുടുംബത്തിന്റെ ആവിര്‍ഭാവത്തോടെയാണ് മനുഷ്യചരിത്രം ലിഖിതരൂപത്തില്‍ ലഭ്യമാകുന്നതെന്ന് എംഗല്‍സ് നിരീക്ഷിക്കുന്നുണ്ട്. ഗോത്രകാലത്തെയോ നാടോടി ജീവിതകാലത്തെയോ കുടുംബരൂപങ്ങള്‍ ഇന്നത്തെ കുടുംബസങ്കല്‍പ്പനവുമായി യോജിക്കുന്നതായിരിക്കില്ലെങ്കിലും പില്‍ക്കാലത്ത് സമൂഹത്തിലേക്കും അതിന്റെ ഭരണകൂടരുപങ്ങളിലേക്കും വ്യാപിക്കുന്ന കുടുംബത്തിലെ വൈരുദ്ധ്യങ്ങളെ
ലഘുരൂപത്തിലെങ്കിലും ഇവയില്‍ കണ്ടുമുട്ടാന്‍ കഴിയും. കുടുംബത്തിനകത്ത് അടിയായ്മ അതിന്റെ ബീജരൂപത്തിലുണ്ടായിരുന്നുവെന്ന് കാള്‍ മാര്‍ക്‌സ് നിരീക്ഷിക്കുന്നുണ്ട്. കുടുംബത്തിലെ സ്വകാര്യസ്വത്തിന്റെ വര്‍ദ്ധന പുരുഷാധിപത്യത്തെ ശക്തമാക്കുന്നു. തായ്അവകാശം നിലനിന്ന ഗോത്രസമൂഹങ്ങള്‍ വലിയ മാറ്റത്തിന് വിധേയമാകുന്നു. തായ് അവകാശങ്ങള്‍ നഷ്ടപ്പെട്ടത് സ്ത്രീകള്‍ക്ക് ചരിത്രത്തില്‍ സംഭവിച്ച വലിയ പരാജയമായിരുന്നുവെന്ന്, സ്ത്രീ തരംതാഴ്ത്തപ്പെടുകയും ദാസ്യവൃത്തിയിലേക്ക് ചുരുക്കപ്പെടുകയും പുരുഷന്റെ കാമവെറിയുടെ ഇരകളായി മാറ്റപ്പെടുകയും ചെയ്തുവെന്ന് എംഗല്‍സ് കാണുന്നു. ഇന്ന്,
സ്വതന്ത്രലൈംഗികതയെയും പുരോഗമനപരമായ സ്ത്രീ-പുരുഷബന്ധങ്ങളെയും കുറിച്ചു സംസാരിക്കുന്നവര്‍ക്കിടയില്‍ പോലും പുരുഷാധിപത്യമൂല്യങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. മുളപ്പാലത്തിന്നപ്പുറത്തെ നാഗരികതയെ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന അമുദ ഇതു മനസ്സിലാക്കുന്നുണ്ട്. കഥയില്‍ മുളപ്പാലം കൊണ്ട് വേര്‍തിരിക്കുന്നത് രണ്ടു ലോകങ്ങളെയാണ്. തായ് അവകാശങ്ങളുടെയും മൂല്യങ്ങളുടെയും ലോകത്തെ പുരുഷാധികാരത്തിന്റെ ലോകത്തില്‍ നിന്നും വേര്‍തിരിക്കുന്ന പാലമാണത്. യഥാര്‍ത്ഥവും സാക്ഷാത്കൃതവുമായ രണ്ടു ലോകങ്ങള്‍ എന്നതിന്നപ്പുറത്ത് സംവാദസാദ്ധ്യതകളെ തുറക്കുന്ന സൈദ്ധാന്തികലോകങ്ങളാണത്. തായ് ലോകത്തേക്കു കടക്കുകയെന്നത് ആധുനികനാഗരികതയ്ക്ക് വലിയൊരു കടമ്പയാകുമ്പോള്‍, നാഗരികതയിലേക്കുള്ള ആദിവാസികളുടെ പ്രവേശം ദ്രുതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നും അവരുടെ തായ്മൂല്യങ്ങള്‍ നഷ്ടപ്രായത്തിലാണെന്നും കഥാസന്ദര്‍ഭങ്ങള്‍ പറയുന്നുണ്ടാകണം !

കഥയില്‍ എഴുതപ്പെടുന്ന ഈ വാക്യങ്ങള്‍ ശ്രദ്ധിക്കുകഃ

”ദുരന്തം ക്ഷണിച്ചു വരുത്താനുള്ള മനുഷ്യന്റെ ത്വര എല്ലാത്തരം സമരസപ്പെടലുകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും മേലെയാണ്. ”

”തെറ്റിപ്പോകുന്ന ഓരോ ചുവടും ഒറ്റപ്പെടലിനെതിരെയുള്ള പോരാട്ടമാണ്.”

”സകല അഹങ്കാരങ്ങള്‍ക്കും ഒടുവില്‍ എന്തെങ്കിലും ഒന്നിനോട് വിധേയപ്പെടുക എന്നതല്ലാതെ മനുഷ്യനു മറ്റെന്താണ് ചെയ്യാനുള്ളത്?”

”ഭൂമിയിലെ ഏതൊരു വഴിയും പൊളിയാറായ പാലങ്ങളുടെ ഇങ്ങേയറ്റമാണ്.”

വായനക്കാരനെ സംവാദത്തിനു സന്നദ്ധമാക്കുന്ന ധൈഷണികതയുടെയും സൗന്ദര്യാത്മകതയുടെയും മൂലകങ്ങള്‍ ഈ കഥയില്‍ ധാരാളിത്തത്തോടെ പ്രത്യക്ഷപ്പെടുന്നു. മലയാളത്തിലെ സ്ത്രീരചനകളില്‍ അധികമൊന്നും പരിചയപ്പെടാന്‍ കഴിയാത്ത ഒരു അനുഭവലോകത്തിലേക്കു വായനക്കാരന്‍ നയിക്കപ്പെടുന്നു. മുളപ്പാലം കടക്കുമ്പോള്‍ പെണ്ണുങ്ങള്‍ മാത്രം കാണുന്നത് പുരുഷാധിപത്യലോകത്തിന്റെയും പെണ്‍ലോകത്തിന്റെയും ഇടയിലെ വിഭിന്നതകളെയാണ്. നാഗരികജീവിയുടെ ആദ്യത്തെ തോന്നലുകള്‍ക്കപ്പുറം
മലയിറങ്ങിവരുന്ന ഒരു കാറ്റില്‍ പറന്നുപോകാനുള്ള വിഷാദമല്ല മനുഷ്യരാശിയെ ബാധിച്ചിരിക്കുന്നതെന്ന് യമ എഴുതിയ ഈ കഥ പറയുന്നില്ലേ? ഒരു സന്ദിഗ്ദ്ധനിലയെ കാണുന്നുവെന്ന് പറഞ്ഞുകൊണ്ട് പിന്മാറാനേ കഴിയുന്നുള്ളൂ.

സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലിന്റെയോ അവര്‍ ആഗ്രഹിക്കുന്ന വിമോചനത്തിന്റെയോ ലോകങ്ങളെ കേവലമായി ആഖ്യാനത്തിനു വിധേയമാക്കുകയല്ല യമ ഈ കഥയില്‍ ചെയ്യുന്നത്. മറ്റു സത്രീരചനകളില്‍ നിന്നും വ്യത്യസ്തമായി അസ്തിത്വത്തെ തന്നെ പ്രഹേളികയുടെയും അസ്വാസ്ഥ്യത്തിന്റെയും ഇടമായി യമ രൂപപ്പെടുത്തുന്നു. അസ്തിത്വത്തെ അന്വേഷണത്തിനു വിധേയമാക്കുന്ന ഒരു കാഴ്ചയിലൂടെ കഥയെ മുന്നോട്ടു നയിക്കുന്നു. അമുദ ജീവിതത്തിന്റെ പടിവാതില്‍ക്കലാണോ ശൂന്യതയുടെ മുന്നിലാണോ എത്തിപ്പെട്ടിരിക്കുന്നതെന്ന് നമുക്ക് വ്യവച്ഛേദിച്ചറിയാന്‍ കഴിയാതായിരിക്കുന്നു. ചരിത്രത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ വളരെ സാമാന്യമായി കാണിച്ചുതരുകയാണെന്ന് ചിലര്‍ക്ക് പറയാന്‍ കഴിഞ്ഞേക്കും. ഈ കഥ നിഹിലിസത്തിലേക്ക് വഴുതിവീഴുന്നില്ല. യമയുടെ ആഖ്യാനകല സംവൃതരൂപത്തെ നിരാകരിക്കുന്നു. വായനക്കാരനെ അവ്യക്തതയില്‍ നിര്‍ത്തുകയും അര്‍ത്ഥത്തിന്റെ അസ്ഥിരതയെ നേരിടാന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്യുന്നു. സാഹിത്യം യാഥാര്‍ത്ഥ്യത്തിന്റെ കണ്ണാടിയല്ല എന്ന തിരിച്ചറിവില്‍ യാഥാര്‍ത്ഥ്യം വിഘടിപ്പിക്കപ്പെടുകയും എങ്ങനെയോ സംഭവിക്കുന്ന അപവര്‍ത്തനത്തിലൂടെ പുനര്‍സങ്കല്‍പ്പിക്കപ്പെടുകയും ചെയ്യുന്നു.


പാലം കടക്കുമ്പോള്‍ പെണ്ണുങ്ങള്‍ മാത്രം കാണുന്നത്
രചന : യമ
പ്രസാധനം : ഡി.സി ബുക്‌സ്, കോട്ടയം
വില : 190 രൂപ

One Reply to “ചരിത്രത്തിലേക്ക് ഒരു പെണ്‍നോട്ടം”

  1. പുതിയ പാത വെട്ടി തെളിക്കേണ്ടതുണ്ട്. ലോകത്ത് അനേകം പാതകൾ ഉള്ളപ്പോഴും അമേരിക്കയും ചൈനയും ലോകാധിപത്യ ശക്തികൾ പുതിയ പാതകൾ അണ്ണാറക്കണ്ണനും തന്നാലായത് എന്നപോലെ തുരങ്ക പാതകൾ വെട്ടുകയാണ്. ഇതെല്ലാം ആൺ കാഴ്ചകൾ വെട്ടുന്ന പാതകളാണ്. ഭൂമിയിൽ ഇന്നോളം വെട്ടിയ പാതകളെല്ലാം പൊളിയാറായ മുളം പാലത്തിന്റെ ഇങ്ങേയറ്റമാണ് എന്ന് യമ എഴുതുന്നത് ആണുങ്ങൾ വഴി വെട്ട് വിട്ടോ എന്നാണ്. ഗ്രേറ്റ തൻ ബർഗ്ഗ ഒറ്റക്കല്ല അതാണ് പുതിയ Gen ze…

Your Email address will not be published.