Skip to main content

എഡ്വെര്‍ഡ് ഹോപ്പര്‍ – ഏകാന്തതയില്‍ പ്രകാശം പടരുമ്പോള്‍

നമ്മളിലൊരാള്‍ കൂട്ടിനിരുന്നാല്‍ ലഘുകരിക്കാനാവുന്നതായിരിക്കുകയില്ല. ഒരുപക്ഷെ നമുക്കിടയിലാരെങ്കിലും അനുഭവിക്കുന്ന ഏകാന്തതയുടെ വ്യാപ്തി., എണ്ണമറ്റ അനുഭൂതികള്‍ പോലെ നിര്‍വചനങ്ങള്‍ പോലും അപര്യാപ്തമാകുന്ന അനേകം ഒറ്റപ്പെടലുകളാണ് നമുക്ക് ചുറ്റിലുമുള്ളത്.
ബെര്‍ഗ് മാന്റെ പല സിനിമകളിലും മാര്‍ക്വസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലും
എം.ടി.യുടെ പല നോവലുകളിലും അടുത്തിടെ രേഖ എഴുതിയ ഒരുവിധം കഥകളില്‍ പോലും ഞാന്‍ വായിച്ചെടുത്തിട്ടുള്ള ഏകാന്തതയുടെ വിഭിന്നഭാവങ്ങള്‍ എന്നെ അത്ഭുതപെടുത്തുന്നത് ഈ അവസരങ്ങളിലാണ്.

 

എം.ടി. വാസുദേവന്‍ നായര്‍

ഞാനിത്രയും പറഞ്ഞത് അമേരിക്കന്‍ ചിത്രകാരനായ എഡ്വെര്‍ഡ് ഹോപ്പര്‍ തന്റെ ചിത്രങ്ങളിലൂടെ പറഞ്ഞ നാഗരികമായ ഒറ്റപ്പെടലുകള്‍ സാഹിത്യത്തിനും സിനിമകള്‍ക്കുമപ്പുറത്ത് നമുക്കുണ്ടാക്കുന്ന അസ്വസ്ഥതകളുടെ വ്യാപ്തി എത്രയാണെന്ന് പറയാനാണ്. തമ്മില്‍ തൊടുകയോ സംസാരിക്കുകയോ ചെയ്യാത്ത കഥാപാത്രങ്ങള്‍ ആശങ്കകളും സങ്കടങ്ങളും നിറഞ്ഞ ശരീരങ്ങളായി, നമ്മുടെ ലളിതമായ ആസ്വാദനങ്ങള്‍ക്ക് വശംവദമാകാതെ അകന്നുപോകുന്നത് ഹോപ്പറിന്റെ കാന്‍വാസുകള്‍ നമ്മളുമായി സംവദിക്കുന്നതിന്റെ ആഴങ്ങളിലൂടെയാണ്.

നിറങ്ങളും വിഷയങ്ങളും രീതികളും ആലേഖനങ്ങളും ഇത്രയും വൃത്തിയായി പ്രയോഗിക്കുന്ന അപൂര്‍വം കലാകാരന്മാരിലൊരാളാണ് ഹോപ്പര്‍. ജനലുകള്‍ക്കകത്തേക്കുള്ള വീക്ഷണകോണുകള്‍ക്ക് പ്രാധാന്യമേറെയുള്ള വിസ്മയിപ്പിക്കുന്ന കമ്പൊസിഷനുകള്‍ അനേകം കാണാവുന്ന ചിത്രങ്ങളാണ് ഹോപ്പറിന്റേത്, എന്നാല്‍ അദ്ദേഹം സ്വാംശീകരിക്കുന്ന സൂര്യപ്രകാശമാകട്ടെ ജനാലകള്‍ക്കകത്ത് ഏകരൂപങ്ങളുണ്ടാക്കുന്ന അലസഭാവങ്ങളെ കൂടുതല്‍ ഉദ്ധീപിപ്പിക്കുന്ന മായിക നിറങ്ങളായാണ് കാന്‍വാസുകളിലേക്ക് പരിണമിക്കുന്നത്.
വളരെയേറെ ചര്‍ച്ചകള്‍ക്കും നിരൂപണങ്ങള്‍ക്കും പാത്രീഭവിച്ച ഹോപ്പറിന്റെ പ്രധാനപ്പെട്ട ഒരു ചിത്രമാണ് ‘നൈറ്റ് ഹാവ്ക്‌സ്’.

Nighthawks by Edvard Hopper

1941 ല്‍ ജപ്പാനിന്റെ വിഖ്യാതമായ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് ശേഷമുള്ള അമേരിക്കയിലെ ഒരു തെരുവോര ഭക്ഷണശാലയാണ് അതെന്നും രണ്ടായിരത്തിയഞ്ഞൂറ് പേരോളം മരണമടഞ്ഞ ആ യുദ്ധാനന്തര നിശബ്ദതയാണ് ഈ ചിത്രം വരക്കുമ്പോള്‍ അദ്ദേഹത്തെ അലട്ടിയിരുന്നത് എന്നുമുള്ള കലാലോകത്തിന്റെ അവലോകനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹത്തിന്റെ ഭാര്യ ജോസഫൈന്‍ പറഞ്ഞത്, പുറത്തുണ്ടായിരുന്ന യുദ്ധകോലാഹലങ്ങളൊന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ലെന്നും വീടുകളിലെ വെളിച്ചം ജനലിലൂടെ പുറത്തുകാണാന്‍ പാടില്ലെന്ന യുദ്ധകാലത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ പോലും വകവെക്കാതെ ആറുമാസത്തോളം തുടര്‍ച്ചയായി വരച്ചുതീര്‍ത്ത ചിത്രമാണ് നൈറ്റ് ഹാവ്ക്‌സ് എന്നുമായിരുന്നു.

Office at Night (1940)

ഇങ്ങനെയൊരു ഭക്ഷണശാല എവിടെയുമുണ്ടായിരുന്നില്ലെന്നും അത് അദ്ദേഹത്തിന്റെ സാങ്കല്‍പ്പിക സൃഷ്ടിയാണെന്നുമുള്ള അറിവ് കലാസ്വാദകര്‍ക്കും നിരൂപകര്‍ക്കും അത്ഭുതമുണ്ടാക്കുന്നതായിരുന്നു. ഹോപ്പറിന്റെ എല്ലാ ചിത്രങ്ങളും സ്വന്തം സ്റ്റുഡിയോയിലാണ് തുടങ്ങിയിരുന്നതും അവസാനിച്ചിരുന്നതും. പുറത്തുപോയി ചിത്രം വരയ്ക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നില്ല. വര്‍ഷത്തില്‍ രണ്ടു ചിത്രങ്ങള്‍ മാത്രം വരച്ചിരുന്ന ഹോപ്പറിന്റെ വിഷയ, രേഖാവ്യായാമങ്ങള്‍ വിസ്മയാവഹമാണ്., വളരെയേറെ ഗൗരവതരമായാണ് പെയിന്റിംഗിന് മുന്‍മ്പ് രൂപങ്ങളും കമ്പൊസിഷനും അദ്ദേഹം വിവിധങ്ങളായ സ്‌കെച്ചുകളിലൂടെ പഠനവിധേയമാക്കിയിരുന്നത്. ജാക്‌സണ്‍ പൊള്ളൊക്, മാര്‍ക്ക് റോത്‌കൊ, വില്യം ഡ്യൂണിങ്, ബാര്‍നെറ്റ് ന്യൂമാന്‍ തുടങ്ങിയ സമകാലികര്‍ അമേരിക്കയില്‍ അബ്‌സ്ട്രാക്ട് എക്‌സ്പ്രഷനിസത്തില്‍ ഗംഭീര പരീക്ഷണങ്ങള്‍ നടത്തിയിരുന്ന കാലത്ത് സൂര്യപ്രകാശത്തിന്റെ മായാജാലങ്ങളും ജനവാതിലുകളിലൂടെ കാണുന്ന ഏകാകികളുടെ വിഷാദങ്ങളും നിശബ്ദമായി പങ്കുവെച്ച് വ്യത്യസ്തങ്ങളായ പാതകളിലൂടെ മടങ്ങിപ്പോയ ചിത്രകാരനാണ് എഡ്വെര്‍ഡ് ഹോപ്പര്‍.

EDWARD HOPPER (American Painter)
1882 – 1967

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.