Skip to main content

മാന്ത്രികപ്പൂച്ചയും സമസൃഷ്ടിസ്‌നേഹവും

മനുഷ്യസ്‌നേഹത്തിന് ആദ്യന്തം കാവലിരുന്ന മഹനായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍’. അദ്ദേഹം ജീവിച്ചതും കഥകള്‍ എഴുതിയതും അത്യന്തം ആര്‍ദ്രമായ മനുഷ്യസാഹോദര്യം പ്രകാശിപ്പിക്കാന്‍ വേണ്ടിയാണ്. അങ്ങനെ മാത്രം പറഞ്ഞാല്‍ അതു പൂര്‍ണ്ണമാകില്ല. സഹൃദയരില്‍ സമസൃഷ്ടിസ്‌നേഹത്തെ ഉണര്‍ത്താന്‍ വേണ്ടിയാണ് എന്നു തന്നെ ഉറപ്പിച്ചുപറയണം. പ്രത്യേകിച്ച് മാന്ത്രികപ്പൂച്ച എന്ന നോവലിനെ അപഗ്രഥിക്കാന്‍ ശ്രമിക്കുമ്പോള്‍. എന്നാല്‍ ബഷീറിനെപ്പറ്റി രചിച്ച നിരൂപണപഠനകൃതികളില്‍ മിക്കതിലും മാന്ത്രികപ്പൂച്ച നോവലിനെപ്പറ്റി വേണ്ടതുപോലുള്ള അന്വേഷണങ്ങളോ അപഗ്രഥനങ്ങളോ നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ജീവചരിത്രകാരനും അതില്‍ ശ്രദ്ധ പതിപ്പിച്ചില്ലല്ലോ?

മാന്ത്രികപ്പൂച്ച വാസ്തവത്തില്‍ പൂച്ചക്കഥയാണോ? കൈസുക്കുട്ടി എന്നും, പിന്നീട് ലിംഗപരമായ തിരിച്ചറിവിന്റെ ഭാഗമായി നീലാണ്ടന്‍ എന്നും വിളിക്കുന്ന കുഞ്ഞുമാര്‍ജാരന്‍ ഇക്കഥയില്‍ ശക്തമായ കഥാപാത്രമായി കഥാഗതിയെ സ്വാധീനിക്കുന്നുണ്ടോ? ഇതിഹാസ കഥാപാത്രമെന്ന നിലയില്‍ കൈസുക്കുട്ടിയെ വളര്‍ത്താന്‍ എന്തുകൊണ്ട് ബഷീറിനു കഴിഞ്ഞില്ല? ബഷീറിന്റെ ദാര്‍ശനിക ഭാവഗരിമയുടെ ഒരു പ്രത്യക്ഷീകരണം മാത്രമല്ലേ പൂച്ചക്കുട്ടി? എങ്കിലും മതപരമായ വേര്‍തിരിവുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഈ പൂച്ചക്കഥ ധ്വന്യാത്മകമായി അവതരിപ്പിക്കുന്നുണ്ട്.

മാന്ത്രികപ്പൂച്ച എന്ന നോവലിന്റെ ആരംഭത്തില്‍ തന്നെ, ബഷീര്‍ ഉത്തരേന്ത്യയിലും മറ്റും ഹിന്ദു സന്യാസിയായും സൂഫി സന്യാസിയായും ‘ ജീവിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലുകളുണ്ട്. എല്ലാം ഞാന്‍ തന്നെ / അനല്‍ഹഖ് എന്നു ചിന്തിച്ചിരുന്ന കാലം.തനിക്കന്യമായി ഒന്നുമില്ല. പ്രപഞ്ചരഹസ്യങ്ങളുടെ പര്യവേക്ഷകനാണ് ബഷീര്‍. പ്രപഞ്ചങ്ങളായ സര്‍വപ്രപഞ്ചങ്ങളും എല്ലാം താന്‍ തന്നെ എന്നു ചിന്തിച്ചു ശീലിച്ച കാലം. ഒപ്പം ബഷീറിലെ ചരിത്രകാരന്‍ ഉണരുന്നുണ്ട്. അദ്ദേഹത്തിലെ എഴുത്തുകാരന്‍ ‘വിശ്വസാഹിത്യം’ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്.

തന്റെ വീട്ടില്‍ ഒരു സന്യാസി വന്നപ്പോള്‍ ബഷീര്‍ തന്റെ യൗവനദശയുടെ ഓര്‍മ്മകളിലേക്ക് ഭാവനകളെ തുറന്നുവെക്കുന്നു. സന്യാസിയെ കുറിച്ചും വെളിപ്പെടുത്തുന്നു. അദ്ദേഹം റെയില്‍വേ പാലത്തിന്റെ അടിയില്‍ താമസിക്കുന്ന മനുഷ്യനാണ്. അവര്‍ തമ്മില്‍ നടത്തുന്ന സംഭാഷണങ്ങളില്‍, ജീവോല്പത്തി മുതല്‍ മനുഷ്യപരിണാമം വരെ ചര്‍ച്ച ചെയ്യുന്നുണ്ട്. എല്ലാതരം മതങ്ങളെയും അവര്‍ ചര്‍ച്ചാവിഷയമാക്കുന്നു. 1960 കളിലെ കേരളം അങ്ങനെയൊക്കെയാണ്. മതപരവും ദാര്‍ശനികവുമായ സമന്വയത്തെ അന്വേഷിക്കുന്ന കാലമാണ്. ഇന്നത്തേതു പോലെ വിദ്വേഷം വിതയ്ക്കുന്ന മതഭാവനയുടെ കാലമല്ല. സര്‍വമത സമഭാവനയ്ക്ക് പൗരസമൂഹവും സര്‍ക്കാരുകളും വലിയ സ്ഥാനം നല്‍കിയിരുന്നു. ആ ദരിദ്ര സാന്യാസിക്ക് നാലു ദശകത്തില്‍ പരമുള്ള സന്യസ്ത ജീവിതമുണ്ട് .

കഥാഗതിയില്‍ ,ബഷീര്‍ ഭൂമിയുടെ അവകാശികളെ പറ്റി പറയുന്നുണ്ട്. ഭൂമിയുടെ അവകാശികള്‍ എന്ന ചെറുകഥയ്ക്കു മുമ്പ് എഴുതിയ രചനയാണിത്.ഇവിടെ ബഷീര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് വലിയ മാനമുണ്ട്. രോഗാണുവിനും പുല്ലിനും പശുവിനും പട്ടിക്കും മത്സ്യത്തിനും പാമ്പിനും എല്ലാം ആത്മാവുണ്ട് എന്നാണ് സന്യാസി പറഞ്ഞത്.

അപ്പോള്‍ ബഷീര്‍ ചോദിക്കുന്നു: ‘ ഒരാത്മാവ് മറ്റൊരാത്മാവിനെ തിന്നുന്നത് ശരിയാണോ?”

ഹിംസ കൂടാതെ എല്ലാ ജീവികളും സഹവര്‍ത്തിക്കണമെന്നാണ് ബഷീറിന്റെ താല്‍പര്യം. ദൈവചിന്തയേക്കാള്‍ വലിയ മാനുഷികത ബഷീറില്‍ പ്രവര്‍ത്തിക്കുന്നതിന്റെ നിദര്‍ശനമാണിത്. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമെല്ലാം ബഷീറിന്റെ വീട്ടില്‍ ഇടമുണ്ട്. മത സമ്പ്രദായങ്ങളുടെ സങ്കുചിത്വത്തെപറ്റി വളരെ ശക്തമായ ആക്ഷേപഹാസ്യം അദ്ദേഹം ഇവിടെ ആവിഷ്‌കരിച്ചിട്ടുണ്ട്. രോമമതങ്ങള്‍ എന്ന വിശേഷണം ശ്രദ്ധേയമാണ്. ഈ രോമങ്ങളുടെ പിടിയില്‍ നിന്ന് മനുഷ്യസമൂഹം വിമുക്തമായി വരുന്നുണ്ട് എന്നാണ് കഥയിലെ പരാമര്‍ശം.

1963 ജൂണില്‍ ആണ് ഈ പുസ്തകം പ്രസിദ്ധികരിച്ചത്. അക്കാലം സ്വാതന്ത്ര്യാനന്തരമുള്ള കേരള സമൂഹത്തിലെ മതനിരപേക്ഷ ജനാധിപത്യജാഗരണകാലമാണ്. മതപരമായ സ്വത്വങ്ങള്‍ ഉപേക്ഷിക്കാന്‍ അന്നത്തെ പുതിയ തലുമുറ തയ്യാറായ കാലമാണിത്. അതിന്റെ പ്രതിഫലനമാണ് ഈ വാചകം. ‘വസ്ത്രധാരണത്തില്‍ മാറ്റം വന്നു കൊണ്ടിരിക്കുന്നു. ഹിന്ദുവിനെയോ ക്രിസ്ത്യാനിയെയോ, മുസല്‍മാനെയോ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയുക വിഷമം.” അന്ന് കേരളത്തില്‍ സ്വത്വരാഷ്ട്രീയം എന്ന പ്രതിലോമ രാഷ്ട്രീയം രൂപപ്പെട്ടിട്ടില്ല. ജാതിയമോ മതപരമോ ആയ മടങ്ങിപ്പോകല്‍ ആയിരുന്നത് എന്ന് ഇന്ന് വ്യക്തമാണ്.

ഈ കഥാസന്ദര്‍ഭത്തില്‍ ബഷീര്‍ വിശ്വസാഹിത്യ രചനയിലാണു പോലും. ഇതിനിടയില്‍ അദ്ദേഹം ചരിത്രത്തിന്റെ അടരുകള്‍ ചികയുന്നുണ്ട്. തന്റെ വീടിരിക്കുന്ന സ്ഥലം പണ്ട് ടിപ്പു സുല്‍ത്താന്റെ പട്ടാളത്താവളമായിരുന്നത്രേ. ഇങ്ങനെ ചരിത്രത്തിലേക്ക് ചുഴിഞ്ഞ് ഇറങ്ങുകയും വിശ്വസാഹിത്യരചനയില്‍ മുഴുകുകയും ചെയ്ത സന്ദര്‍ഭത്തിലാണ് മകള്‍ക്ക് കളിക്കൂട്ടുകാരിയായി കൊണ്ടുവന്ന പൂച്ചക്കുട്ടിക്ക് പേരിടുന്ന പ്രശ്‌നം ഉല്‍ഭവിച്ചത്. ഭാര്യയുടെ കൂട്ടുകാരികളാണ് സൗമിനിദേവിയും, രാജലയും, ഖദിജാബീബിയും .

കൂട്ടുകാരികളെ പറ്റി പറയുമ്പോള്‍ ബഷീറിലെ പുരുഷ ഭാവത്തിന്റെ പരിമിതികള്‍ നിസ്സഹായതകള്‍ എന്നിവ അദ്ദേഹം ദൃശ്യമാക്കുന്നുണ്ട്. ഭാര്യ – ഭര്‍തൃസംവാദത്തിന്റെ പലതലങ്ങളും ഇവിടെ സൃഷ്ടിക്കപ്പെടുന്നുണ്ട്.

ബഷീര്‍ പറയുന്നു : ” ഭാര്യയോടുള്ള വാക്കുതര്‍ക്കത്തേക്കാള്‍ ശുദ്ധസുന്ദരമായ മൗനമത്രേ ശ്രേഷ്ഠം.”

മാന്ത്രികപൂച്ച എന്ന നോവല്‍ ഐക്യകേരളത്തില്‍ ആവിര്‍ഭവിച്ച ആധുനികവിചാരങ്ങളും ഭാവിഭാവനകളുമുള്ള സ്ത്രീലോകത്തിന്റെ ഒരിടമായിരുന്നു. എതിര്‍വാക്കുകള്‍ ഓരോരോ സന്ദര്‍ഭത്തിലും ഉയരുന്നതു ശ്രദ്ധേയം. ബഷീറിന്റെ ചരിത്രബോധത്തെയും ചിലപ്പോള്‍ ഇവര്‍ നിലം പരിശാക്കുന്നുണ്ട്. ഭര്‍തൃധര്‍മ്മങ്ങള്‍ യഥാസമയം നിറവേറ്റാനാകാതെ കഥാകാരന്‍ പഴി കേള്‍ക്കുന്നവനായി തന്നെത്തന്നെ രൂപാന്തരപ്പെടുന്നുണ്ട് ഇവിടെ.

പൂച്ചക്കുട്ടിക്ക് സൗമിനിദേവി രാജല എന്ന പേര് നിര്‍ദ്ദേശിച്ചപ്പോള്‍ ഖദിജാബിബി പറഞ്ഞു:

‘ ഹിന്ദു പേരിടാന്‍ ഞാന്‍ സമ്മതിക്കുകേല.”

ഇസ്ലാമിന്റെ പേരിടണം എന്നായി നിര്‍ബന്ധം. അങ്ങനെ കൈസു എന്ന പേരിട്ടു. ഖദിജബീബിയുടെ ഗ്രാമ്യശബ്ദത്തിന്റെ ആവിഷ്‌കാരമാണല്ലോ കൈസുക്കുട്ടി .ഇതിനിടയില്‍ നിത്യജീവിതവ്യവഹാരങ്ങളില്‍ പെട്ട് വിശ്വസാഹിത്യരചന അവതാളത്തിലായി. എഴുതിയതെല്ലാം വലിച്ചുകീറി കളഞ്ഞു.

മനുഷ്യജീവിതത്തെ ഓരോരോ സന്ദര്‍ഭങ്ങളിലും കഥാകാരന്‍ നിര്‍വചിക്കുന്നുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ”നടക്കുന്ന കക്കൂസാണ് മനുഷ്യന്‍” മറ്റൊരു വേളയില്‍ പറയുന്നു; ‘പ്രാര്‍ത്ഥനയും തീറ്റയും കുടിയും സന്താനങ്ങളെ ഉണ്ടാക്കലും – ഇതാകുന്നു ജീവിതം.” ഇനിയുമുണ്ട് ഇത്തരം ഭാഷണം. ”മനുഷ്യനെ പറ്റി എന്താണ് അഭിപ്രായം?

നേരേ ചൊവ്വേയുള്ളതാണു പറയേണ്ടതെങ്കില്‍ , പുതിയ ഏതു മനുഷ്യനെ കണ്ടാലും സംശയിക്കണം. ചിലപ്പോള്‍ നാരദമുനിയാവാം. അല്ലെങ്കില്‍ അറബിക്കഥകളില്‍ ഡബിള്‍ റോള്‍ അഭിനയിക്കുന്ന ഉമറയ്യറാകാം. ചിലപ്പോള്‍ വിക്രമാദിത്യന്‍ വേഷം മാറി വന്നതായിരിക്കാം. അതുമല്ലെങ്കില്‍ ഭട്ടിയോ വേതാളമോ ആവാം. ഇതാണ് ശരിയായ ഉത്തരം. എന്നാല്‍ ഓര്‍ക്കാതെ ഞാന്‍ പറഞ്ഞു. നിത്യവും അനേകം ഹിംസകള്‍ ചെയ്തു ജീവിക്കുന്ന ഒരു മെനക്കെട്ട മൃഗമാകുന്നു മനുഷ്യന്‍.

മനുഷ്യനു മഹത്വങ്ങളൊന്നുമില്ലേ? ഒരുപാട് മഹത്വങ്ങളുണ്ട്. ബുദ്ധി, ഭാവന, ചിന്ത നന്മയെ പറ്റിയുള്ള ബോധം. സഹാനുഭൂതി ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളുണ്ട്.”
ഭക്തിപ്രസ്ഥാനത്തിന്റെയും കബീറിന്റെയും , ഗാന്ധിയുടെയും പാരമ്പര്യം ബഷീറില്‍ പ്രവര്‍ത്തിക്കുന്നതു കാണാം.

തന്റെ പുതിയ മീശ നാലാളെ കാണിക്കാന്‍ പോയിട്ട് എത്തിപ്പെട്ടത് വലിയ സാഹിത്യകാരന്മാരുടെ സദസ്സിലാണ്. അവിടെ കെ.ടി. മുഹമ്മദും , ഉറൂബും ഉണ്ട്. അദ്ദേഹം ബഷീറിനെ സദസിനു പരിചയപ്പെടുത്തി. ”അറിയില്ലേ? വൈക്കം മുഹമ്മദ് ബഷീര്‍. ഞങ്ങളുടെ ഔലിയാ (സിദ്ധന്‍ ). ഒന്നു മരിച്ചു കിട്ടിയാല്‍ മതി. പിന്നെ ഖബറായി ,ജാറമായി, ബയിത്തായി ചന്ദനക്കുടം’. കൊടികുത്ത് , വെട്ടും കുത്തും, റാതീബ് . പിന്നെ പണപ്പിരിവിന്റെ ബഹളമാണ്” .

അപ്പോള്‍ ബഷീര്‍ ചോദിക്കുന്നുണ്ട്; ”എന്റെ ശവകുടീരത്തിന്റെ അടുത്താണല്ലോ ഇതൊക്കെ നടത്താന്‍ പോകുന്നത്? പണപ്പെട്ടിയുടെ അടുത്ത് എന്റെ മോളുടമ്മച്ചിയേയും മോളെയും ഇരുത്താന്‍ സൗകര്യപ്പെടുമോ ?”
അപ്പോള്‍ ഹിന്ദുക്കള്‍ എതിര്‍ക്കുമത്രേ. കാരണം ഹിന്ദുക്കളുടെ ദൈവമാണ് ബഷീറത്രേ.

ഒരു സന്ദര്‍ഭത്തില്‍ സ്വാമിയോട് ബഷീര്‍ ചോദിക്കുന്നുണ്ട്

”മനുഷ്യനെ ദൈവമാക്കുന്നതിനെ പറ്റി എന്താണ് സ്വാമിജിയുടെ അഭിപ്രായം ?”

മറുപടി രസകരമാണ് ‘; ”പുതിയ ആശയമല്ല. രാജാവ് കാണപ്പെട്ട ദൈവമായിരുന്നു. ചരിക്കുന്ന ആ കക്കൂസിനെ ദൈവമാക്കിയതില്‍ അത്ഭുതമില്ല”

തുടര്‍ന്ന് ബഷീര്‍ ചോദിക്കുന്നു ; ”ഒരു കാളക്കൂറ്റനെ ദൈവമാക്കിയതു സ്വാമിജി കേട്ടിട്ടുണ്ടോ? ‘ നാഗരികതയുടെ പുരാതീന കളിത്തൊട്ടിലായ ഈജിപ്തില്‍ ഫറവോമാരുടെ കാലത്ത്. അന്ന് സിംഹാസനത്തിലിരിക്കുന്ന രാജാവ് തനി ദൈവം. മോശ എന്നു യഹുദന്മാരും , മോസസ് എന്നു ക്രിസ്ത്യാനികളും , മൂസാനബി എന്നു മുസല്‍മാന്‍മാരും പറയുന്ന പ്രവാചകന്റെ കാലത്ത്, കണ്ണുകള്‍ രത്‌നങ്ങളാലും ബാക്കി സ്വര്‍ണത്താലും നിര്‍മിച്ച ഒരു കാളയെ ആരാധിച്ചിരുന്നു. ദൈവമായി”
”പിന്നെന്തുകൊണ്ടു പാടില്ല, മനുഷ്യന് ?

വളരെ നേരത്തേ മൗനത്തിനു ശേഷം സന്യാസി പറഞ്ഞു. ‘ മഹത്തായ അത്ഭുതകരങ്ങളായ അനന്തമായ കഴിവുകളുള്ള ഒരു മൃഗമാകുന്നു മനുഷ്യന്‍ ‘ ഇങ്ങനെയുള്ള സംഭാഷണങ്ങള്‍ മുറുകിത്തുടരവേ കൈസുക്കുട്ടി ആണ്‍പൂച്ച ആണെന്ന് അറിഞ്ഞു. എങ്ങനെയിതു സംഭവിച്ചു.

കൈസുക്കുട്ടി സ്ത്രീലോകത്തെ ഒരു സെലിബ്രിറ്റിമായി ആഘോഷപൂര്‍വം നടക്കുന്ന സന്ദര്‍ഭത്തിലാണ് ലിംഗമാറ്റം ശ്രദ്ധയില്‍ പെട്ടത്. ഇത് കൈസു വിന്റെ കാതുകുത്ത് വലിയ ആഘോഷമാക്കാന്‍ ഒരുക്കൂട്ടി നടന്നവരില്‍ വലിയ ആഘാതമുണ്ടാക്ക . കൈസുക്കുട്ടി ആണ് ആണെന്നു അറിഞ്ഞതോടെ എല്ലാവരും നിരാശയിലായി. ഈ തിരിച്ചറിവു വന്നതോടെ സ്ത്രീജനങ്ങള്‍ അതിനെ ഉപേക്ഷിച്ച മട്ടായി. ദ്രോഹിക്കാന്‍ തന്നെ തുടങ്ങി. രാജല എന്നു പേരിടാന്‍ സമ്മതിക്കാത്തവര്‍ ഇപ്പോള്‍ എന്തുകൊണ്ട് നീലാണ്ടന്‍ എന്ന പേരു വിളിച്ചു? നീലാണ്ടന്‍ സാക്ഷാല്‍ പരമശിവന്‍ ആണല്ലോ. പാലാഴി മഥനകാലത്ത് ലോകരക്ഷയ്ക്കായി കാളകൂടം കഴിച്ചതു കഴുത്തില്‍ തങ്ങി എന്നതാണല്ലോ പുരാണകഥ. എന്നാല്‍ ബഷീറിന്റെ മകള്‍ക്ക് നീലാണ്ടന്‍ എന്ന പേരുവിളി ഇഷ്ടമായില്ല. അപ്പോഴും മോളുടെ അമ്മച്ചി ചോദിക്കുന്നു ‘ ഇതിനെ പെണ്ണാക്കാന്‍ പാടില്ലേ?”

സ്ത്രീകള്‍ പൂച്ചയെ ഉപേക്ഷിച്ചപ്പോഴും ബഷീര്‍ അതിനെ സ്‌നേഹിക്കുന്നുണ്ട്. ബഷീര്‍ കുടിക്കുന്ന ചായയില്‍ നിന്ന് ശകലം കടും ചായ നീലാണ്ടനു കുടിക്കാന്‍വേണ്ടി തിണ്ണയില്‍ ഒഴിക്കുന്നുണ്ട്. അതു കുടിച്ചു. നീലാണ്ടന്‍ അന്നേരം ഹിന്ദു പൂച്ചയായി കഴിഞ്ഞിരുന്നു. നിലണ്ടാനും ബഷീറും തമ്മില്‍ വളരെ വലിയ സാഹോദര്യം ദൃശ്യമാകുന്നു. കൈസുക്കുട്ടിയെ നീലാണ്ടനാക്കിയത് ബഷീറിന്റെ മാന്ത്രിക വിദ്യയാണെന്നാണ് അവിടത്തെ സൗഭാഗ്യവതികളെല്ലാം ചിന്തിക്കുന്നത്.

ബഷീര്‍ ഇവിടെ ദൈവചിന്തയേയും / നിരീശ്വര ചിന്തയേയും പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. വിസ്താരഭയം മൂലം ചുരുക്കുകയാണ്. സമസൃഷ്ടി സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മതനിരപേക്ഷ വിചാരത്തിന്റെയും ഒരു ഗാഥയാണ് മാന്ത്രികപ്പൂച്ച എന്ന ബഷീറിയന്‍ രചന.


മാന്ത്രികപ്പൂച്ച
രചന : വൈക്കം മുഹമ്മദ് ബഷീര്‍
പ്രസാധനം : ഡി.സി. ബുക്‌സ്, കോട്ടയം
വില : 160 രൂപ

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.

No related posts found.